Sunday, October 02, 2022

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; ഓർമകളിൽ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’...

 

അറ്റ്ലസ് രാമചന്ദ്രനെ നേരിട്ടറിയും.  അദ്ദേഹത്തിന് അറിയുമോ ആവോ ?


സൗദിയിലുള്ള കാലംതൊട്ട് തന്നെ പല കാര്യങ്ങൾക്കും അദ്ദേഹത്തിൻറെ സഹായങ്ങൾ തേടി സമീപിച്ചിട്ടുണ്ട്.  ഒരുപാട് സംഘടനകൾക്ക്, ഒരുപാട് സാഹിത്യ പ്രവർത്തനങ്ങൾക്ക്, കൂട്ടായ്മകൾക്ക് അദ്ദേഹം അകമുണർന്ന് സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്നത്തെ പല ദൃശ്യമാധ്യമങ്ങളും അന്ന് നടന്നുപോന്നത് അറ്റ്ലസിന്റെ പരസ്യവരുമാനത്തിലായിരിന്നു.  വായന പ്രിയമുള്ളവൻ, കലാ-സാംസ്കാരിക മേഖലയിൽ അതീവ താല്പര്യം, അക്ഷരശ്ലോക നൈപുണ്യം - കൈരളിക്ക് പ്രിയമുള്ളവൻ ! 


പിന്നീട് പിന്നീട് ദുബൈയിലെ ജോലി കാര്യങ്ങളുമായി നേരിട്ടും ഇടപെട്ടിട്ടുണ്ട്.  മണിക്കൂറുകൾ കച്ചവടം സംസാരിച്ചിട്ടുണ്ട്.  ഒപ്പമുള്ളവരെ അമിതമായി വിശ്വസിക്കുകയും, വിശ്വാസത്തിൻറെ പുറത്ത് ജീവനക്കാരെ നിയമിക്കുകയും, സവിശേഷമായ വൈദഗ്ദ്ധ്യം വേണ്ട ഉത്തരവാദപ്പെട്ട ജോലികൾക്ക് പോലും സ്നേഹ-വിശ്വാസ അളവുകോലുകൾ വഴി കണ്ടെത്തിയവർ - അത്തരം ആൾക്കാരെ കൂട്ടിനിർത്തിയതും ഒരുപക്ഷേ കച്ചവടത്തിന് പോരായ്മകൾ വരുത്തിച്ചേർത്തിരിക്കാം എന്നുതോന്നി.  ശതകോടികളുടെ ആസ്തിയുണ്ടായിരുന്ന അദ്ദേഹം, അവസാന കാലത്ത് അഞ്ഞൂറ്റിഅമ്പതു ദശലക്ഷം കടകെണിയെ നേരിടേണ്ടിവന്നു.   


മനുഷ്യസഹജമായ ചില്ലറ മേൽക്കോയ്മകളുടെ ഉപദ്രവങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും, നമ്മുടെ മരുപ്രദേശത്തെ ജോലിയെടുക്കുന്നവരുടെ കാര്യത്തിൽ എന്നും അദ്ദേഹം ഒരു കണ്ണും കാതും ഇരുകൈയും നീട്ടിയിരുന്നു. സമ്പത്തും വിജയവും ഉള്ളപ്പോൾ ആളുകൾ കൂടെനടക്കാനും പിന്നീട് ഇവയൊക്കെ ഒന്നായി അകന്നകന്ന് പോകുമെന്ന യാഥാർത്ഥ്യം അദ്ദേഹത്തിൻറെ ജീവിതത്തിലും ഉണ്ടായി. 


സ്വന്തം പരിശ്രമം കൊണ്ട്, വിപണിയിലെ മാറ്റങ്ങളെ സ്വന്തം ഗുണത്തിനും കച്ചവടത്തിനും ഉപയുക്തമാക്കി, അതുകൊണ്ട് മുന്നേറിയ ഈ മലയാളി പുതിയ വിപണിലോകത്തിൻറെ കനത്തകുത്തൊഴുക്കിൽ  പരാജയപ്പെട്ടു. കാലം അങ്ങനെ ആണല്ലോ;  എല്ലാത്തിനെയും നിരത്തും, അടിച്ചുനിരത്തി ഒരുപോലെ ഒരുപോക്കാക്കും.


എന്നും മലയാളിയായി നിലകൊണ്ട അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലി. ബാഷ്പാഞ്ജലി.  

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive