കൃഷ്ണൻനായർ സ്റ്റുഡിയോവിലെ ജനാർദ്ദനൻ ചേട്ടൻ മരിച്ചു.
മൂന്നുനാലു ദിവസമായി.
കൊച്ചിക്കാർക്കും, ഏറിവന്നാൽ മധ്യകേരളം മാത്രം അറിയുന്ന ഒരു ഫോട്ടോഗ്രാഫർ ! എന്നാൽ അത് ഒട്ടുമൊരു കുറവല്ല..
നാ മുത്തുകുമാർ എഴുതിയ തമിഴ് പാട്ടിലും അങ്ങനെയാണല്ലോ; "അവൾ അപ്പടിയൊന്നും അഴകില്ലൈ .....അപ്പടിയൊന്നും കളർഇല്ലൈ...ആനാൽ അതൊരു കുറയില്ലൈ"
2017 ജൂലായ് മാസത്തോടെ തൊണ്ണൂറ് വർഷം നടന്നുപോന്ന കൃഷ്ണൻനായർ സ്റ്റുഡിയോ പൂട്ടി ! അതുമൊരു നിമിത്തമായോ എന്തോ ?
കണ്ടവരൊക്കെ കയ്യിലും സഞ്ചിയിലും, വേണ്ടപ്പോഴും പലപ്പോഴും വേണ്ടാത്തിടത്തുമൊക്കെ കൈപേശി [തമിഴിൽ മൊബൈൽ ഫോൺ] കൊണ്ട് ചിത്രങ്ങൾ എടുത്ത് കോപ്രായം കാട്ടുമ്പോൾ എന്ത് സ്റ്റുഡിയോ ? എന്ത് ഛായാഗ്രാഫി ? എന്ത് ഹാഫ് ടോൺ; എന്ത് മാറ്റ്, എന്ത് ഗ്ലോസി ? എല്ലാം ഗ്ലാമർജാലം. വിലോഭനാമായം.
പക്ഷെ കൊച്ചിയിലെയും പരിസരപ്രദേശത്തെയും ഫോട്ടോഗ്രാഫി ഭ്രാന്തർക്ക് കൃഷ്ണൻനായർ സ്റ്റുഡിയോവും അവിടെയുള്ളവരും ജനാർദനൻ ചേട്ടനും എന്തൊക്കെയോ ആയിരിന്നു. ബി.കോം പടിക്കുന്നകാലത്താണ് ഈ അസുഖം കാര്യമായി പിടിപെട്ടത്. വിദേശത്തുള്ള ചേട്ടന്റെ ഉറക്കം കളഞ്ഞു, നിറുത്താതെ കത്തുകൾ എഴുതി, വല്ലപ്പോഴുമൊക്കെ അയൽവാസിയുടെ ഫോണിൽ വിളിക്കുമ്പോൾ കരഞ്ഞു, അങ്ങനെ അദ്ദേഹം, നാട്ടിലേക്ക് വരുന്ന ഒരുകൂട്ടുകാരന്റെ കയ്യിൽ Olympus OM10 എന്ന SLR കാമെറയും, മറ്റൊരു ആൾക്ക് കൊടുക്കാനായി ഒരു വീഡിയോ കാമറയും കൊടുത്തയച്ചു. ആ വീഡിയോകാമറ കുറെ ഉപയോഗിച്ചാണ് കൊടുക്കേണ്ടയാൾക്കു കൊടുത്തത്, അതിനും കേട്ടു കുറെ ചീത്ത. കാമറയുടെ വിലയ്ക്കും കേട്ടു നല്ലചീത്ത. ഏറെക്കുറെ ഗൾഫിലെ ഒരുനല്ലശമ്പളക്കാരന്റെ ഒരുമാസത്തെ സാലറിവരും അതിൻ്റെ വില ! വീഡിയോ കാമറയും കുറെചുറ്റിതിരിച്ചിലുകൾക്ക് ശേഷം കയ്യിൽവന്ന് ചേർന്നു.
ഭ്രാന്ത് കൂട്ടിയതിൽ നല്ലൊരു പങ്ക് പ്രമോദ് ശങ്കരനാണ് ! ഭീകരൻ, മുഴുഭ്രാന്തൻ. ഓന്റെ അമ്മാവന് ഒരുചെറിയ സ്റ്റുഡിയോവും; പോരെ നശിച്ചു-നാറാണകല്ല് തോണ്ടാൻ. പിന്നെ ഒന്നാം ക്‌ളാസ്സ്‌മുതൽ സഹപാഠിയായ ശങ്കരനാരായണനും; പക്ഷെ ഓൻ കൈവിട്ടുകളിയൊന്നും ചെയ്യില്ല. ഇദ്ദേഹത്തിന്റെ ഒരുഅകന്ന ബന്ധു, വലിയൊരു ഫോട്ടോഗ്രാഫറായിരിന്നു. കൂടാതെ ഫിറോസ് ബാബുവും ! ഫിറോസ് മനോരമയുടെ ഉശിരൻ ഫോട്ടോഗ്രാഫറും ഇപ്പോൾ ഗൂഗിൾ 360 ഡിഗ്രി ഫോട്ടോഗ്രാഫർ അതിവിദഗ്‌ധനും. പിന്നെ അത്രനേരിട്ടു പരിചയമില്ലാത്ത ഒരുപാട് പടം പിടുത്തക്കാർ. എരിവും പുളിയും പകരാൻ എറണാകുളം പബ്ലിക് ലൈബ്രറിയിലെ Life, Illustrated Weekly, National Geographic മാസികകളും ! പടമെടുപ്പോ പടമെടുപ്പു; നെഗറ്റീവെമ്മേ പണിയോ പണി. പ്രിന്റോ പ്രിന്റുകൾ ! കാശു കാലി ! ബിരുദത്തിന് ഇടയിൽ ബാങ്കിൽ ജോലികിട്ടി നന്നാവും എന്നാണ് എല്ലാരും കരുതിയത്; പക്ഷെ പഴഞ്ചൊല്ല് പാതിരാവില്ലല്ലോ ! ഒരു കാർ, അല്ലെങ്കിൽ ഒരു കാമറ, അതുമല്ലെങ്കിൽ ഒരു പ്രണയം - ഒന്ന് മതി ഒരുത്തന്റെ മണിപേഴ്സ് സ്വാഹാ !!! കൂടുതൽ നശിക്കാൻ സംഘടനാ-സാംസ്കാരിക പ്രവർത്തനവും. കൂടെ പ്രണയവിവാഹവും; രണ്ടു വീട്ടുകാരുടെയും എതിർപ്പും. ഒറ്റക്ക് ലൈൻമുറി വാടകവീട്ടിലേക്ക്; ഋണം വലുതായിക്കൊണ്ടേയിരിന്നു. ഒന്നരവർഷത്തിനുള്ളിൽ ഒരുപെൺകൊടിയുടെ അച്ഛനുമായി; അവൾ വലുതാവുന്നതിനേക്കാൾ വേഗത്തിൽ, വലുപ്പത്തിൽ, കടമപകടത്തിലേക്ക് കൂപ്പുകുത്തി.
വിട്ടില്ല; കല്യാണ-പരിപാടി ഫോട്ടോഗ്രാഫർ ആയി. മറ്റുള്ളവരേക്കാൾ കുറഞ്ഞകാശിനു എടുത്തുകൊടുത്തു; ഒരുപാട് ചിത്രങ്ങൾ. കിട്ടിയ ചില്ലറ ലാഭമൊക്കെ വീണ്ടും പരീക്ഷണങ്ങൾക്കും പഠനത്തിനും ചിലവായി. കടവുമെടുത്തു. കല്യാണചിത്രങ്ങളിലും പുതുമകാട്ടി. അയൽവാസിയായ, സ്നേഹപ്രതീകമായ, സുഹൃത്തിന്റെ ചെറിയമ്മ - എന്റെയും - അവരുടെ മകളുടെ വിവാഹം, ഫ്ലാഷില്ലാതെ, വീഡിയോലൈറ്റിന്റെ പ്രഭാപൂരത്തിലെടുത്തു. എല്ലാ ചിത്രങ്ങൾക്കും ഒരു പോക്കുവെയിൽ കാഴ്ച ! മനോഹരം. ചെറിയമ്മക്കും മോൾക്കും വരനും ഇഷ്ടമായോ എന്തോ ? അവരൊക്കെ ഇന്നും അടുപ്പക്കാർ തന്നെ; മുഷിഞ്ഞൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഈ ചിത്രങ്ങളൊക്കെ ഡെവലപ്പ് ചെയ്യുന്നതും പ്രിന്റെടുക്കുന്നതും കൃഷ്ണൻനായർ സ്റ്റുഡിയോവിൽ. ചിലപ്പോൾ അവിടെയും കടംപറയും. വല്ലപ്പോഴും ചില സൂചനകൾ ജനാർദ്ദനൻ ചേട്ടൻ പറയും; വളരെ ദുർലഭമായി നല്ലവാക്കും. ഇന്നും മണിമണി പോലെ മുഴങ്ങുന്നു ആ നോട്ടവും വാക്കും.
കാമറക്കു വയസ്സ് ആയി തുടങ്ങിയിരുന്നു; അസ്ക്യതകളും. അറിഞ്ഞെങ്കിലും നന്നാക്കാനും, അല്ലെങ്കിൽ പുതിയത് വാങ്ങാനും കാശുവേണ്ടേ; അതുകൊണ്ടു ഒളിംപസ്സ് തന്നെ ശരണം, കൊണ്ടുനടന്നു. ചില ചിത്രങ്ങൾ അപൂർണവും, കിട്ടാതെയും ആയി. അങ്ങനെ ബാങ്കിലെ സഹപ്രവർത്തകന്റെ, ലയണൽ, വിവാഹ ചിത്രങ്ങൾ എടുക്കാൻ ധാരണയായി. വീഡിയോ സ്വയം. എന്തൊരു ഗമയായിരിന്നു ! എന്റമ്മോ ! ഇറുക്കമുള്ള കാലുറ, ഒരുപാട് പോക്കറ്റുകളുള്ള മേൽക്കുപ്പായം; ഒരുതോളിൽ വീഡിയോ കാമറ, മറുത്തോളിൽ സ്റ്റിൽ കാമറ, വന്നവരുടെയും സഹപ്രവർത്തകരുടെയും കൊതിനിറഞ്ഞ നോട്ടം. എവിടെയും കേറിച്ചെല്ലാം; ആരും തടുക്കില്ല. [ഇത് ഒരു വലിയ കാര്യമാണ് - ഒരിക്കൽ മറൈൻഡ്രൈവിൽ വി.പി. സിംഗ് വന്നപ്പോൾ ഏറ്റവുംഅടുത്ത് ചെന്ന് ഒരുപാട് ചിത്രങ്ങൾ എടുക്കാൻ സാധിച്ചു]. കല്യാണത്തിന് ശേഷം വിരുന്നു - അതിനും ചിത്രങ്ങളും വിഡിയോവും എടുത്തു. ഫിലിമെല്ലാം പതിവുപോലെ കൃഷ്‌ണൻനായർ സ്റ്റുഡിയോവിൽ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞു ഫിലിം ഡെവലപ്പ് ചെയ്തത് കണ്ട്, പ്രിന്റുകൾ എടുക്കാൻ ചെന്നു; പതിവുപോലെ അവിടുത്തെ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു; "പടമൊന്നും കിട്ടിയില്ലല്ലോ നാമേ" - അവർ ചില്ലറ തമാശകാരിയും സ്ഥിരമായി പറയുന്ന കാര്യവുമായതിനാൽ, പ്രത്യകിച്ച് സ്ഥിരമായി കാട്ടാറുള്ള ചിലപരീക്ഷണങ്ങളുടെ പ്രതികരണമായി കണക്കാക്കി. ഏതിനും ഫിലിം തന്നു, തുറന്നു നോക്കി; ഫിലിമിലും എന്റെ കണ്ണിലും ചിന്തയിലും ഇരുട്ട് നിറഞ്ഞു; ഒരൊറ്റ ചിത്രംപോലും വന്നിട്ടില്ല ! ചെറിയൊരു ചിരിയോടെ, അതിലേറെ വാത്സല്യത്തോടെ ജനാർദ്ദനൻചേട്ടൻ പറഞ്ഞു; "ക്യാമറയുടെ ഫ്ലാഷ് sync ആകുന്നില്ല; മാറ്റിക്കോളൂ" !
ലയണിലിനെ വിഡിയോവിൽ നിന്ന് ചില സ്റ്റിൽ ഒപ്പിച് സമാധാനപ്പെടുത്തി. കാശൊന്നും വാങ്ങിയില്ല; ചോദിച്ചാൽ കിട്ടിയേനെ !!! എന്തെന്ന് ചോദിക്കരുത്. ഏതിനും ഒളിംപസ്സ് പൂർണമായി മൃതപ്രായനായി, ഇനി അടക്കുക തന്നെ; മടക്കുക തന്നെ ! ഇപ്പോഴും കൂടെയുണ്ട്; ഒരുപാട് മോഹങ്ങളുടെയും ഓർമകളുടെയും ലോഹക്കൂടായി ! പിന്നീട് പതുകെപതുക്കെ, മെല്ലെമെല്ലെ, ഒരുപാട് കാമറകളും, മൊബൈൽ ഫോണുകളും നിറഞ്ഞു; എല്ലാവരും പടമെടുപ്പുകാരായി. പഴയപ്രാന്തന്മാർ പലരും പണിനിറുത്തി; മറ്റുപണികളിലേക്കു ചേക്കേറി. എങ്കിലും ഇന്നും, ഇപ്പോഴും ഈ അഭ്രപാളിയുടെ [ഇന്നതില്ലായെങ്കിലും, എല്ലാം ഡിജിറ്റിലും ഫോട്ടോഷോപ്പും] വശ്യത. മാസ്മരികത, പ്രലോഭനം - അപ്രതിരോധ്യം !
കൃഷ്ണൻനായർ സ്റ്റുഡിയോ, ജനാർദ്ദൻചേട്ടൻ എന്നിവരെ കുറിച്ച് പത്രമാധ്യമങ്ങൾ ഇങ്ങനെ എഴുതിവെച്ചു :-
*1930ല്‍ മാര്‍ക്കറ്റ്റോഡില്‍ പടിയാത്തുകുളത്തിനരികിലെ ഒറ്റമുറിയിലാണ് എട്ടുപതിറ്റാണ്ട് കൊച്ചിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കൃഷ്ണന്‍നായര്‍ ബ്രദേഴ്സ് സ്റ്റുഡിയോയുടെ തുടക്കം*. കോണ്‍വെന്റ് ജങ്ഷനിലെ കെട്ടിത്തിലേക്ക് സ്റ്റുഡിയോ എത്തിയത് 1950ലാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ‘മേത്തന്‍ മണിയുടെ ഉപജ്ഞാതാവ് മണിമേസ്തിരി എന്ന രാമന്‍പിള്ളയാണ് സ്റ്റുഡിയോ തുടങ്ങാന്‍ മൂത്ത അനന്തരവന്‍ കൃഷ്ണന്‍നായര്‍ക്ക് പ്രചോദനമായത്. കൊട്ടാരത്തിലെത്തിയ വിദേശ ഫോട്ടോഗ്രാഫറുടെ കീഴില്‍ പരിശീലനം കിട്ടിയ രാമന്‍പിള്ള പിന്നീട് കൊട്ടാരത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി. അനന്തരവനെയും ക്യാമറ കൈകാര്യംചെയ്യാന്‍ പഠിപ്പിച്ചു. കൃഷ്ണന്‍നായര്‍ സ്വന്തം പേരില്‍ തൃശൂരിലാണ് 1910ല്‍ ആദ്യമായി സ്റ്റുഡിയോ തുടങ്ങിയത്. പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോടും കോട്ടയത്തും കൊച്ചിയിലും ശാഖകള്‍ തുടങി.
കൃഷ്ണന്‍നായരുടെ സഹോദരന്‍ പത്മനാഭന്‍നായര്‍ക്കായിരുന്നു കൊച്ചി ശാഖയുടെ ചുമതല. സഹോദരീ ഭര്‍ത്താവ് എം പി കൃഷ്ണപിള്ളയും കൈപ്പിള്ളി വാസു, ജനാര്‍ദനന്‍ എന്നിവരുമാണ് സ്റ്റുഡിയോയ്ക്കുവേണ്ടി പുറത്തുപോയി ചിത്രങ്ങളെടുത്തിരുന്നത്. എം പി കൃഷ്ണപിള്ള പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പിന്നീട് സ്വന്തം പേരില്‍ എറണാകുളം പ്രസ്സ്ക്ളബ്ബിന് സമീപം എം പി സ്റ്റുഡിയോ തുടങ്ങുകയുംചെയ്തു. അദ്ദേഹത്തിന്റെ മകന്‍ അജിത്തും മറ്റു ചിലരും ചേര്‍ന്നാണ് അവസാനകാലത്ത് സ്റ്റുഡിയോ നടത്തിയിരുന്നത്. ഒരു ട്രസ്റ്റായി രൂപീകരിച്ചായിരുന്നു സ്റ്റുഡിയോയുടെ പ്രവര്‍ത്തനം.
സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലുള്ളവരുടെ സംഗമത്തിനുകൂടി വേദിയായിരുന്നു സ്റ്റുഡിയോ. സ്വാതന്ത്യ്രസമര സേനാനികളുടെ ഒളിവുകേന്ദ്രം കൂടിയായിരുന്നു ഇവിടം. വൈക്കം മുഹമ്മദ് ബഷീര്‍, സി എന്‍ ശ്രീകണ്ഠന്‍നായര്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള, തകഴി തുടങ്ങി ഒട്ടേറെപ്പേര്‍ വൈകുന്നേരങ്ങളില്‍ കൃഷ്ണന്‍നായര്‍സ്റ്റുഡിയോയിലെ നിത്യസന്ദര്‍ശകരായ കാലമുണ്ടായിരുന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രനിമിഷങ്ങള്‍ കേരളത്തിന്റെ സ്മരണയിലേക്ക് ഒപ്പിയെടുത്തത് കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയിലെ ക്യാമറാമാന്‍മാരാണ്. കൊച്ചിയിലെത്തിയ മഹാത്മാഗാന്ധി, ജയില്‍മോചിതനായശേഷം എ കെ ജിക്ക് കൊച്ചിയില്‍ നല്‍കിയ സ്വീകരണം, നിര്‍മാണം നടക്കുന്ന കൊച്ചി ഹാര്‍ബര്‍ പാലത്തിന്റെയും തുറമുഖത്തിന്റെയും ചിത്രം, ചരക്കുതോണികള്‍ വരിയായി കിടക്കുന്ന മാര്‍ക്കറ്റ് കനാല്‍ തുടങ്ങി ഒട്ടേറെ അപൂര്‍വചിത്രങ്ങളാണ് കൃഷ്ണന്‍നായര്‍ സ്റ്റുഡിയോ വരുംതലമുറയ്ക്കായി സൂക്ഷിച്ചുവച്ചത്.
കൊച്ചി: *കടവന്ത്ര ലക്ഷ്മിസദനിൽ പി.വി. ജനാർദ്ദനൻ നായർ (90 - കൃഷ്ണൻനായർ സ്റ്റുഡിയോ) നിര്യാതനായി*. കൊച്ചി നഗരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന നഗരമുഖങ്ങളെയും കാഴ്ചകളെയും കാമറയിലൂടെ പകർത്തുകയും പിന്നീട് അതെല്ലാം കൊച്ചിയുടെ ചരിത്രശേഖരങ്ങളായി മാറിത്തീരുകയും ചെയ്ത ഒത്തിരി ഫോട്ടോകൾക്ക് ജന്മം നൽകിയ എറണാകുളത്തെ ആദ്യകാല ഫോട്ടോഗ്രഫറായിരുന്നു. എറണാകുളത്തെ പ്രശസ്തമായ ആദ്യകാല സ്റ്റുഡിയോയായ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രഫറും പാർട്ണറുമായിരുന്നു. ഭാര്യ: പരേതയായ അംബുജാക്ഷിഅമ്മ. മക്കൾ: പരേതയായ മിനി വിജയൻ, വിജയാനന്ദ്, വിനോദ്, ലക്ഷ്മി ജയദേവൻ, വേണുഗോപാൽ. മരുമക്കൾ: സി.പി. വിജയൻ മേനോൻ, ജയന്തി വിജയാനന്ദ്, ജയദേവൻ, സന്ധ്യ വിനോദ്.
മായാത്ത, മറയാത്ത ദ്രുവഭൂമികിയിലേക്ക് മറഞ്ഞ സ്റ്റുഡിയോവിനും ജനാർദ്ദനൻ ചേട്ടനും ചിത്രാഞ്ജലി.
No comments:
Post a Comment