ജ്ഞാനവൃക്ഷത്തിന്റെ തണൽ ; സുനിൽ പി ഇളയിടത്തിന്റെ പംക്തി ആറാം ഭാഗം
രണ്ടുമണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പുറപ്പെട്ടുകാണണം. കാറിലിരുന്ന് പിജി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. വിജയൻ മാഷുമായി ഉണ്ടായ തർക്കങ്ങളെക്കുറിച്ചും പറഞ്ഞു. അതൊന്നും മാഷിനോടുള്ള ആദരവിന് തടസ്‌സമല്ലെന്നും പിജി പറഞ്ഞു.
ജീവിതത്തിലെ പ്രധാന അഭിമുഖങ്ങളിലൊന്നിൽ, തന്റെ സ്മൃതികുടീരത്തിൽ രേഖപ്പെടുത്തിവയ്ക്കേണ്ട ഒരു വാചകം പി ഗോവിന്ദപ്പിള്ള നിർദേശിക്കുന്നുണ്ട്:
''""Here lies the body of a humble Marxist political activist who tried in his own ways to grapple with the great political storms of the twentieth century and also the incessant attacks and attempted demolition of the humanist essence to Communism and Marxism.''മലയാളത്തിലെ എക്കാലത്തെയും വലിയ ധൈഷണികരിൽ ഒരാളായിരുന്നപ്പോഴും വിനീതനായ ഒരു മാർക്സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനായി ഓർമ്മിക്കപ്പെടാനാണ് പി ജി ആഗ്രഹിച്ചിരുന്നത്. ജീവിതത്തിലെന്നപോലെ മരണത്തിലും മാർക്സിസത്തിന്റെ പടയാളിയാകാൻ അദ്ദേഹം ആഗ്രഹിച്ചു. മാർക്സിസം ഒരു ധൈഷണികവൃത്തി മാത്രമല്ലെന്ന വലിയ വിവേകം അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. അതിന്റെ മാനുഷികഭാവത്തിനുവേണ്ടി എന്നും നിലകൊണ്ടു. ലോകം മാറ്റിപ്പണിയേണ്ട ഒന്നാണെന്നും അറിവ് അതിനുള്ള ഉപാധിയാണെന്നും പി ജിക്ക് ഉറപ്പുണ്ടായിരുന്നു. ആ പൊളിച്ചുപണിയലിന് മാർക്സിസത്തിന്റെ വെളിച്ചത്തെയാണ് അദ്ദേഹം ആശ്രയിച്ചത്. തന്റെ അറിവും ജീവിതവുമപ്പാടെ അതിനായി സമർപ്പിച്ചു. അത്രമേൽ വലിയ സമർപ്പണങ്ങൾ നമ്മുടെ കാലം ഏറെയൊന്നും കണ്ടിട്ടില്ല.
ഒന്ന്
പി ജിയോടൊപ്പം ഒടുവിൽ യാത്രചെയ്തത് വിജയൻ മാഷിന്റെ വീട്ടിലേക്കായിരുന്നു. ഇ എം എസ് പഠനകേന്ദ്രത്തിന്റെ പരിപാടിയിൽ സംബന്ധിക്കാൻ പറവൂരിൽ വന്നതായിരുന്നു പി ജി. തിരുവനന്തപുരത്തുനിന്നും ഉച്ചയോടെ അദ്ദേഹം പറവൂരിലെത്തി. ഉച്ചഭക്ഷണത്തിനുശേഷം പി ജിക്ക് വിശ്രമിക്കാൻ ഞങ്ങൾ മുറി ഏർപ്പാടാക്കിയിരുന്നു. പി ജി, പക്ഷേ വിശ്രമിക്കാനൊരുങ്ങിയില്ല. ‘വിജയൻ മാഷിനെ കാണണം’ എന്ന് പി ജി പറഞ്ഞു. അതിനു കുറച്ചു മുമ്പ് ഒരപകടത്തിൽപ്പെട്ട് പി ജി പ്രയാസത്തിൽ കഴിഞ്ഞിരുന്നപ്പോൾ വിജയൻ മാഷ് തുടർച്ചയായി വിളിക്കുമായിരുന്നു എന്നു കേട്ടിരുന്നത് ഞാനോർത്തു. വലിയ മനുഷ്യർ ചെറിയ അതിരുകളിൽ മതിമയങ്ങുന്നില്ല. തന്നേക്കാൾ പ്രായം കുറവാണെങ്കിലും ‘വിജയൻ മാഷ്’ എന്നേ പി ജി പറയുന്നുള്ളൂ എന്ന കാര്യം ഞാൻ ശ്രദ്ധിച്ചതും അപ്പോഴാണ്. വിജയൻ മാഷിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിൽ പലതവണ പോയിട്ടുള്ളതുകൊണ്ട് ഞാൻ പി ജിയ്ക്കൊപ്പം വഴികാട്ടിയായി കൂടി.
പി ജി
രണ്ടുമണി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ പുറപ്പെട്ടുകാണണം. കാറിലിരുന്ന് പി ജി പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. വിജയൻ മാഷുമായി ഉണ്ടായ തർക്കങ്ങളെക്കുറിച്ചും പറഞ്ഞു. അതൊന്നും മാഷിനോടുള്ള ആദരവിന് തടസ്സമല്ലെന്നും പി ജി പറഞ്ഞു. കാവ്യഭാവന മുതൽ സംസ്കാര ഘടനയെ വരെ ഫ്രോയ്ഡിയൻ അബോധത്തിൽ കൊണ്ടുചെന്നു കെട്ടുന്ന മാഷിന്റെ ആദ്യകാല സമീപനത്തോട് തനിക്ക് പൂർണ വിയോജിപ്പായിരുന്നു എന്ന കാര്യം പി ജി അതിനിടയിൽ ഓർമ്മിക്കുന്നുണ്ടായിരുന്നു. പുരോഗമനസാഹിത്യം അപ്രസക്തമായ ഒന്നാണെന്ന നിലപാടിൽ നിന്ന് മാറി വിജയൻ മാഷ് പുരോഗമനകലാ സാഹിത്യസംഘത്തിന്റെ അധ്യക്ഷനായി പ്രവർത്തിച്ചല്ലോ എന്ന കാര്യവും പറഞ്ഞു. അഭിപ്രായഭേദങ്ങളെ ശത്രുതാപരമായല്ലാതെ കാണേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അഭിപ്രായഭേദങ്ങളെയും പരിണാമങ്ങളെയും പോരായ്മയായല്ല കാണേണ്ടതെന്ന് പി ജി ഉറപ്പിച്ചുപറഞ്ഞു. ‘ലോകത്തിന്റെ മുഖത്തുനോക്കി കാണുന്ന സത്യങ്ങൾ വിളിച്ചുപറയുകയാണ്; അല്ലാതെ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയല്ല മുണ്ടശ്ശേരി ചെയ്തതെ’ന്ന് വിജയൻ മാഷ് പറഞ്ഞത് അപ്പോൾ ഞാനോർത്തു.
മൂന്ന് മണിക്കു മുമ്പായി ഞങ്ങൾ ‘കരുണ’യിലെത്തി. വീടിനും അൽപ്പം മുമ്പേ കാറിൽ നിന്നിറങ്ങി മുന്നിലേക്കു നടന്നു. വാതിലിനടുത്തെ കോളിങ് ബെൽ അമർത്തിയത് ഞാനാണ്. കുറച്ചു കഴിഞ്ഞ് മാഷ് വാതിൽ തുറന്നു. ചെറിയ മയക്കത്തിൽനിന്ന് ഉണർന്നപോലെയാണ് മാഷിനെ കണ്ടപ്പോൾ തോന്നിയത്. മാഷ് ആദ്യം കണ്ടത് എന്നെയാണ്. പതുക്കെ പുഞ്ചിരിച്ചു കഴിഞ്ഞപ്പോഴാണ് പിന്നിൽ നിൽക്കുന്ന പി ജിയെ വിജയൻ മാഷ് കണ്ടത്. “ആരാണിത്!” എന്ന് വിടർന്ന ചിരിയോടെ പുറത്തേക്ക് വന്ന് പി ജിയെ വരവേൽക്കുന്ന മാഷിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. ജീവിതത്തിന്റെ മറുകരയിലേക്ക് നീങ്ങുന്ന രണ്ടു വലിയ മനുഷ്യർ കാലുഷ്യമേതുമില്ലാതെ സ്നേഹത്തിന്റെ വലയത്തിലമരുന്നത് ഞാൻ നോക്കിനിന്നു.
ഒരു മണിക്കൂറിലധികം അവർ തമ്മിൽ സംസാരിച്ചുകാണണം. ഇടയ്ക്ക് ടീച്ചർ വന്നു. പി ജി എല്ലാവരുടെയും വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. വീണപൂവിന്റെ ശതാബ്ദികാലമായിരുന്നു അത്. വീണപൂവ് ആശാന്റെ ഉന്നതമായ രചനകളിലൊന്നല്ല എന്ന നിലയിൽ മാഷെന്തോ അഭിപ്രായം പറഞ്ഞു. പി ജി അതിനോട് വിയോജിക്കുകയാണ് ചെയ്തത്. ആശാന്റെ മഹിമയുറ്റ രചനകളിൽ ആദ്യത്തേതാണെങ്കിലും, ചെറിയ കൃതിയാണെങ്കിലും, വീണപൂവ് ആശാന്റെ മറ്റേതു ഖണ്ഡകാവ്യത്തെയുംപോലെ സമുന്നത രചനയാണെന്നായിരുന്നു പി ജിയുടെ അഭിപ്രായം. ക്ലാസിക് പദവി കൈവന്ന ആദ്യരചനകളുടെ ലോകചരിത്രത്തിലേക്ക് പി ജി കടന്നത് പെട്ടെന്നാണ്. വിശ്വസാഹിത്യത്തിലെ വലിയൊരു നിര പേരുകളും രചനകളും പി ജിയുടെ വാക്കുകൾക്കിടയിലൂടെ കടന്നുപോയി. വീണപൂവ് ആ ഗണത്തിൽ പെടുന്ന രചനയാണെന്ന് പി ജി പറഞ്ഞുനിർത്തി.
നാലുമണി കഴിഞ്ഞപ്പോൾ ഞങ്ങൾ മടങ്ങി. വീട്ടിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്ന പി ജിയെ യാത്രയാക്കാൻ മാഷ് കാറിനടുത്തുവരെ വന്നു. ഇരുവരും അൽപ്പനേരം കൂടി അവിടെനിന്ന് സംസാരിച്ചു. ‘ഇനിയും വന്നു കാണാം; ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ’ എന്നു പറഞ്ഞ് പി ജി കാറിൽ കയറി. പിന്നീട് ആ കൂടിക്കാഴ്ച നടന്നില്ല. അക്കൊല്ലം തന്നെ മാഷ് യാത്രയായി. ഏറെ വൈകാതെ പി ജിയും.
ഒട്ടും ആകസ്മികമായല്ല പി ജി വിടവാങ്ങിയത്. ജീവിതത്തിന്റെ ഗതിഭേദങ്ങളെല്ലാം പിന്നിട്ട പക്വമായ എൺപത്തിയാറാം വയസ്സിൽ, ലോകത്തോടും ജീവിതത്തോടും പ്രസാദമധുരമായി പുഞ്ചിരിചൊരിഞ്ഞ്, കാലുഷ്യമില്ലാത്ത ഹൃദയത്തോടെയാണ് അദ്ദേഹം യാത്രപറഞ്ഞത്. വായിക്കാനും എഴുതാനും ഇനിയുമെത്രയോ ബാക്കിയുണ്ട് എന്ന തോന്നലൊഴിച്ചാൽ, സംതൃപ്തമായ മനസ്സോടെയാവണം പി ജി അരങ്ങൊഴിഞ്ഞിരിക്കുക.
ഒരു എൺപത്തിയാറുകാരന്റെ സ്വാഭാവികമായ വിടവാങ്ങൽ ഉയർത്തുന്നതിനപ്പുറത്തുളള വിഷാദം പിജിയെക്കുറിച്ചുള്ള ഓർമ്മകളിൽ തങ്ങിനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗതമായ നന്മക്കും സുതാര്യശുഭ്രമായ ഹൃദയവിശുദ്ധിക്കും ചിലപ്പോഴൊക്കെ സാക്ഷിയാകേണ്ടിവന്നതിന്റെ ഫലമാണോ അത്?
എങ്കിലും ഒരു എൺപത്തിയാറുകാരന്റെ സ്വാഭാവികമായ വിടവാങ്ങൽ ഉയർത്തുന്നതിനപ്പുറത്തുളള വിഷാദം പി ജിയെക്കുറിച്ചുള്ള ഓർമ്മകളിൽ തങ്ങിനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിഗതമായ നന്മക്കും സുതാര്യശുഭ്രമായ ഹൃദയവിശുദ്ധിക്കും ചിലപ്പോഴൊക്കെ സാക്ഷിയാകേണ്ടിവന്നതിന്റെ ഫലമാണോ അത്? നിശ്ചയമായും അത്തരം വ്യക്തിഗതാനുഭവങ്ങൾ അതിനു പിന്നിലുണ്ട്. എന്നാൽ അതിനപ്പുറംപോകുന്ന ഒട്ടേറെ കാര്യങ്ങളും ഈ വിഷാദത്തിനു പിന്നിലുണ്ട്. പി ജി എന്ന മനീഷിയോട് കേരളീയസമൂഹം നീതിപുലർത്തിയോ എന്ന ചോദ്യം മുതൽ അനന്യവും അത്ഭുതകരവുമായ അദ്ദേഹത്തിന്റെ വൈജ്ഞാനിക വ്യാപ്തിക്ക് പൂർണസാക്ഷാത്കാരം കൈവരാതെ പോയതെന്തേ എന്ന അന്വേഷണങ്ങളിൽവരെ ഈ വിഷാദത്തിന്റെ വേരുകൾ പടർന്നുകിടക്കുന്നു. ഒരുപക്ഷേ, എല്ലാ വിഷാദങ്ങളിലും ചരിത്രം വേരോടിപ്പടർന്നിരിക്കുന്നു എന്ന് പി ജിതന്നെ ഇതിന് മറുപടി പറയുമായിരുന്നു.
ആരായിരുന്നു പി ഗോവിന്ദപ്പിള്ള? ഈ ചോദ്യത്തിന് ഒന്നുരണ്ട് പതിറ്റാണ്ടുകളായി നാം പതിവായി കേട്ടുവരുന്ന ഒരു ഉത്തരമുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് സൈദ്ധാന്തികരിൽ ഒരാൾ. നിശ്ചയമായും പി ജി അങ്ങനെ ഒരാളായിരുന്നു. മലയാളം ജന്മം നൽകിയ മാർക്സിസ്റ്റ് വൈജ്ഞാനികതയുടെ ഏറ്റവും ഉയർന്ന ശിരസ്സുകളിലൊന്ന് പി ജിയുടേതുതന്നെയാണ്. എന്നാൽ പി ജിയുടെ ജീവിതത്തെ ഈയൊരു വിശേഷണംകൊണ്ടുമാത്രം സംഗ്രഹിക്കാനാവില്ല. എല്ലാ വിശേഷണങ്ങളും യാഥാർഥ്യത്തെ ഏതെങ്കിലും നിലകളിൽ ചുരുക്കിയെഴുതുന്നതുപോലെ, ഈ വിശേഷണവും പി ജിയുടെ ജീവിതത്തെയും അതിലെ അനന്തസാധ്യതകളെയും നമുക്ക് പരിചിതമായ എളുപ്പവഴികളിൽ കൊണ്ടുചെന്ന് തളയ്ക്കുന്നു.
ദേശാഭിമാനിയിൽ പത്രപ്രവർത്തകനായി ചേർന്നതിനു ശേഷമുളള പരിശീലന ക്ലാസുകളിലൊന്നിൽവച്ചാണ് ഭൂപടവിജ്ഞാനീയത്തിന്റെ (cartography) രാഷ്ട്രീയത്തെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്. പി ജിയാണ് അന്ന് ക്ലാസെടുത്തിരുന്നത്. ഗോളാകാരമാർന്ന ഭൂമിയെ പരന്ന പ്രതലത്തിൽ പകർത്താൻ ചരിത്രത്തിൽ നടന്ന പലതരം ശ്രമങ്ങളെക്കുറിച്ചും മെർക്കേറ്റർ പ്രൊജക്‌ഷനെക്കുറിച്ചുമെല്ലാം പി ജി വിശദീകരിച്ചു. കോളനീകരണത്തിന്റെ രാഷ്ട്രീയയുക്തികളുടെ സാധൂകരണം കൂടിയാണ് നാം കണ്ടുവരുന്ന ഭൂപടങ്ങൾ എന്ന് പി ജി വിശദീകരിച്ചുകൊണ്ടിരുന്നു. എങ്ങനെയാണ് യൂറോപ്പ് ഭൂഖണ്ഡത്തിന്റെ പദവിയിലേക്ക് ഉയർന്നത്? എന്തുകൊണ്ടാണ് വടക്കുഭാഗം മുകളിലായി വേണം ഭൂപടം ചുമരിൽ തൂക്കിയിടാൻ എന്നു നിർദേശിക്കപ്പെട്ടത്? എങ്ങനെയാണ് ചെറിയ ഭൂപ്രദേശങ്ങൾ വലിയ രാഷ്ട്രങ്ങളായി ഭൂപടത്തിൽ തെളിയുന്നത്? ഓരോ ചോദ്യത്തിന്റെ ഉത്തരത്തിലും ചരിത്രവും ലോകരാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങളും കൈകോർത്തുനിന്നു. അറിവ് അതിൽത്തന്നെ ഒരു രാഷ്ട്രീയപ്രക്രിയയാണെന്ന് ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു.
1996 മാർച്ച് ‐ ഏപ്രിൽ കാലത്തായിരുന്നു ദേശാഭിമാനിയിലെ എന്റെ പത്രപ്രവർത്തന പരിശീലനം.
പി ജി, സുനിൽ പി ഇളയിടം, ഏഴാച്ചേരി രാമചന്ദ്രൻ, എസ് ശർമ്മ
പിന്നീടെപ്പോഴോ ഉള്ള വായനയിൽ ഭൂപടവിജ്ഞാനത്തിന്റെ കുലപതിയായിത്തീർന്ന ജെ ബി ഹാർലേയുടെ ഗ്രന്ഥങ്ങൾ ഞാൻ കാണാനിടയായി. ഭൂപടവിജ്ഞാനത്തിന്റെ ചരിത്രപരിണാമങ്ങളെക്കുറിച്ചും അതിലുൾച്ചേർന്നിരിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിവക്ഷകളെക്കുറിച്ചുമെല്ലാം അനവധി വാള്യങ്ങൾ എഴുതിയ ആളാണ് ഹാർലെ. ഭൂപടവിജ്ഞാനചിന്തയിൽ ഒരു വിചാരമാതൃകാ വ്യതിയാനത്തിനുതന്നെ വഴിവച്ച ആൾ. ഹാർലേയുടെ പുസ്തകങ്ങളുടെ പ്രസാധനവർഷം നോക്കുമ്പോഴാണ് പി ജിയുടെ ക്ലാസുകളുടെ കാലത്ത് അവയിൽ പലതും പുറത്തുവന്നിരുന്നില്ല എന്ന് ഒട്ടൊരു ആശ്ചര്യത്തോടെ മനസ്സിലാക്കിയത്. തനിക്ക് കൈവന്ന ചെറിയ സൂചനകളിൽനിന്നുപോലും വിജ്ഞാനത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിയാനും അതിനെ വികസിപ്പിച്ചെടുക്കാനും പി ജിക്ക് കഴിഞ്ഞിരുന്നു. ഏത് അറിവും പി ജിയിൽ രാഷ്ട്രീയമായി പരിണമിച്ചു. അറിവിൽ നിഷ്പക്ഷത ഒരു മൂല്യമായി നിലകൊള്ളുന്നില്ല എന്ന കാര്യം പി ജിക്ക് അറിയാമായിരുന്നു. വിജ്ഞാനം മൂല്യനിരപേക്ഷമല്ല (value neutral) എന്നും അതെപ്പോഴും മൂല്യനിർഭരമാണ് (value loaded) എന്നും പി ജി മനസ്സിലാക്കിയത് ഉത്തരാധുനികരിൽ നിന്നല്ല; മാർക്സിസത്തിൽ നിന്നാണ്. ഈ പാഠം ആദ്യമേ പഠിച്ചതുകൊണ്ട് പി ജി എപ്പോഴും പുതിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. പഴയ ഉത്തരങ്ങൾ അദ്ദേഹത്തെ ഒരിക്കലും തൃപ്തനാക്കിയില്ല.
രണ്ട്
ഇരുപതാം നൂറ്റാണ്ടിലെ കേരളീയ വൈജ്ഞാനിക ജീവിതത്തെയും മലയാളത്തിലെ മാർക്സിസ്റ്റ് ചിന്തയെയും മുൻനിർത്തി ആലോചിച്ചാൽ സവിശേഷമായ രണ്ട് സ്ഥാനങ്ങളിൽ പി ജിയെ നമുക്ക് പ്രതിഷ്ഠിക്കാനാവും. കേസരി ബാലകൃഷ്ണപ്പിള്ളയും എൻ വി കൃഷ്ണവാര്യരും പി ജിയും ഉൾപ്പെടുന്ന വൈജ്ഞാനികത്രയമാണൊന്ന്. ഇ എം എസ്, കെ ദാമോദരൻ, പി ഗോവിന്ദപ്പിള്ള എന്നിവരുൾപ്പെടുന്ന മാർക്സിസ്റ്റ് സൈദ്ധാന്തികത്രയം രണ്ടാമത്തേതും. ഈ ഇരുധാരകളിലും ഉൾപ്പെട്ടുനിൽക്കാൻ കഴിയുന്ന ഒരാളായിരുന്നു പി ജി. വൈജ്ഞാനികതയും രാഷ്ട്രീയവും പി ജിയിൽ ഒത്തിണങ്ങിയതുപോലെ, ഇരുപതാം നൂറ്റാണ്ടിലെ കേരളീയജീവിതത്തിൽ മറ്റധികം പേരിൽ ചേർന്നുനിന്നിട്ടില്ല. ചേർന്നുനിന്നപ്പോൾപോലും അത് ഇത്രമേൽ സമ്പന്നമായിട്ടുമില്ല.
വാസ്തവത്തിൽ പിജി ഒരു ബഹുജന സർവകലാശാലയായിരുന്നു. നമ്മുടെ സർവകലാശാലാ പ്രൊഫസർമാർ പലരും പഠിപ്പിക്കുന്ന വിഷയങ്ങൾ അവരേക്കാൾ എത്രയോ അധികം പിജിക്ക്അറിയാമായിരുന്നു. അവർ പഠിപ്പിച്ചതിന്റെ അനവധി മടങ്ങ്- ആളുകളോട് പി ജി അതേക്കുറിച്ചെല്ലാം പറയുകയും ചെയ്തു.
വാസ്തവത്തിൽ, പി ജിയുടെ വൈജ്ഞാനികജീവിതം ആദ്യം പറഞ്ഞ രണ്ടു പേരുടേതിൽനിന്നും പല നിലകളിൽ വ്യത്യസ്തമാണ്. താൻ പ്രാഥമികമായും ഒരു ചിന്തകനാണെന്ന് കരുതുകയും സംഘാടനത്തിന്റെ ലോകങ്ങളിൽനിന്ന് കഴിയുന്നത്ര അകന്നുനിൽക്കുകയുമാണ് കേസരി ചെയ്തത്. പി ജിയാകട്ടെ, ഇത്രമേൽ വ്യാപകമായ വൈജ്ഞാനികജീവിതത്തിനിടയിലും ഒരു ആക്ടിവിസ്റ്റായാണ് സ്വയം പരിഗണിച്ചത്. സൈദ്ധാന്തികതയെയും വൈജ്ഞാനികാന്വേഷണങ്ങളെയും ആക്ടിവിസത്തിന്റെ തുടർച്ചകളായാണ് അദ്ദേഹം വിലയിരുത്തിയത്. ലോകത്തെ വ്യാഖ്യാനിക്കുന്നതിനപ്പുറം അതിനെ മാറ്റിത്തീർക്കുന്നതാണ് പ്രധാനം എന്നുകരുതിയ മാർക്സിസ്റ്റ് ചിന്താപാരമ്പര്യത്തെയും പ്രസ്ഥാനത്തെയും തന്റെ ജീവിതത്തിന്റെ ആധാരതത്വമായി അദ്ദേഹം കണക്കാക്കി. അതുകൊണ്ട് കേസരിയുടെയും എൻ വിയുടെയും വൈജ്ഞാനികതക്കപ്പുറത്തേക്ക് അദ്ദേഹം നിരന്തരം കടന്നുപോവുകയും ചെയ്തു. ആ നിലയിൽ കേസരിയും എൻ വിയും പ്രതിനിധാനം ചെയ്യുന്ന വൈജ്ഞാനിക ലോകങ്ങൾക്കിടയിലാണ് പി ജി നിലകൊണ്ടതെന്ന് പറയാം. പാണ്ഡിത്യത്തിന്റെ ബലിഷ്ഠലോകങ്ങൾക്കും വൈജ്ഞാനികമായ വിധ്വംസകത്വത്തിനും മധ്യേ. രാഷ്ട്രീയപ്രയോഗത്തിന്റെ ഉപകരണവും ഉപാധിയുമായി വൈജ്ഞാനികതയെ അദ്ദേഹം ഉപയോഗപ്പെടുത്തി.
കേസരിയോടും എൻ വിയോടും ഒപ്പം നിൽക്കാൻപോന്ന വൈജ്ഞാനികവിസ്തൃതി പി ജിയുടെ ചിന്താലോകത്തിനുമുണ്ടായിരുന്നു. ചിത്രകലയിലും ക്ലാസിക്കൽ രംഗകലയിലും മറ്റും കേസരിക്കുണ്ടായിരുന്ന താത്പര്യവും വ്യാകരണത്തിലും സംസ്കൃതവിജ്ഞാനവ്യവസ്ഥകളിലും എൻ വിക്കുണ്ടായിരുന്ന അധൃഷ്യതയും അതേ അളവിൽ പിജിയിൽ കാണാനാവില്ല. എന്നാൽ അവരിരുവരും കയ്യൊഴിഞ്ഞ ഒരുപാട് വിഷയമേഖലകളിൽ പി ജി മുൻപും കൈയും നേടി. സാർവദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ മുതൽ സ്പോർട്സും സിനിമയും കുറ്റാന്വേഷണ സാഹിത്യവും വരെയുള്ള മേഖലകൾ പി ജിയിൽ ഭദ്രമായി ഒതുങ്ങിനിന്നു. അതുകൊണ്ടുതന്നെ വിജ്ഞാനമേഖലകളിലെ താത്പര്യഭേദങ്ങൾ എന്നതിനപ്പുറം ഇവർക്കിടയിലെ മൗലികമായ വ്യത്യാസങ്ങൾക്ക് കാരണമാകാൻ മേൽപ്പറഞ്ഞ വിഷയവ്യത്യാസത്തിന് കഴിയുമായിരുന്നില്ല.
അതിവിപുലമായ തന്റെ വിഷയധാരണയെ അന്തർവൈജ്ഞാനികമായ പരിപ്രേക്ഷ്യത്തിലേക്ക് ചേർത്തുവയ്ക്കാനുളള ശ്രമമാണ് പി ജിയെ കേസരിയുടെയും എൻ വിയുടെയും തുടർച്ചയെന്നതിനപ്പുറത്തേക്ക് കൊണ്ടുപോകുന്നത്.
വിജ്ഞാനവികാസത്തിന്റെ എല്ലാ തലങ്ങളോടും പി ജി നിരന്തരം സംവദിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങൾ മുതൽ പി ജിയുടെ അന്വേഷണത്തിന്റെയും പഠനങ്ങളുടെയും കേന്ദ്രത്തിൽ ഈ വിഷയാന്തരത്വം പ്രബലമായി തുടരുന്നുണ്ട്. സംസ്കാരപഠനം എന്ന നവീനപഠനശാഖയെ മലയാളത്തിൽ അവതരിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളിൽ അദ്ദേഹം വ്യാപൃതനായത് അതുകൊണ്ടാണ്. വിഷയാന്തരസമീപനത്തിന്റെ ഉൾക്കാഴ്ചകളെ തന്റെ പഠനഗവേഷണങ്ങളിൽ ആവശ്യമായത്ര ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞുവോ എന്ന ചോദ്യം ഒരാൾ ഉന്നയിച്ചേക്കാം. എന്നാൽ അതിന്റെ ആവശ്യകതയെ സംബന്ധിച്ച് പി ജിക്കുണ്ടായ തിരിച്ചറിവ് സംശയങ്ങൾക്കപ്പുറത്താണ്. ഒന്നാം വൈജ്ഞാനികവിപ്ലവത്തിന്റെ ചരിത്രമെഴുതുമ്പോൾ അതിന് ‘വൈജ്ഞാനികവിപ്ലവം: ഒരു സാംസ്കാരികചരിത്രം’ എന്ന് പേരിടാൻ തീരുമാനിക്കുന്നതുതന്നെ ഈ തിരിച്ചറിവിന്റെ ഫലമാണ്.
സംസ്കാരപഠനം, സംസ്കാരമെന്ന വിശേഷമേഖലയെക്കുറിച്ചുള്ള പഠനമല്ലെന്നും മറിച്ച് എന്തിനെയും സാംസ്കാരികമായി പഠിക്കുകയാണ് അതിന്റെ താത്പര്യമെന്നും പി ജി മനസ്സിലാക്കിയിരുന്നു. ആധുനികശാസ്ത്രത്തിന്റെ ചരിത്രത്തെ, മുഖ്യമായും അതിന്റെ പ്രാരംഭസന്ദർഭത്തെ മുൻനിർത്തി വിശകലനവിധേയമാക്കുകയാണ് പി ജി ചെയ്തത്. ശാസ്ത്രചരിത്രത്തെ സാംസ്കാരികചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കാനുള്ള ഇത്രമേൽ വിപുലമായ പരിശ്രമം മലയാളത്തിൽ മറ്റൊന്നുണ്ടായിട്ടില്ല. സംസ്കാര വിമർശനത്തിന്റെയും വിഷയാന്തര പഠനസമ്പ്രദായത്തിന്റെയും സന്ദർഭത്തെ അക്കാദമികജീവിതത്തിനുള്ളിൽ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ സാധ്യതയെ പൊതുവിജ്ഞാനത്തിന്റെയും പൊതുബോധത്തിന്റെയും മണ്ഡലത്തിലേക്ക് ആനയിക്കാനുളള ശ്രമമാണ് പി ജി നടത്തിയത്. അതിനുവേണ്ടി ഇതുപോലെ പണിപ്പെട്ട മറ്റൊരാളെയും നാം നമ്മുടെ കാലത്ത് കണ്ടുമുട്ടില്ല.
വാസ്തവത്തിൽ പി ജി ഒരു ബഹുജനസർവകലാശാലയായിരുന്നു. നമ്മുടെ സർവകലാശാലാ പ്രൊഫസർമാർ പലരും പഠിപ്പിക്കുന്ന വിഷയങ്ങൾ അവരേക്കാൾ എത്രയോ അധികം പി ജിക്ക് അറിയാമായിരുന്നു.
അവർ പഠിപ്പിച്ചതിന്റെ അനവധി മടങ്ങ് ആളുകളോട് പി ജി അതേക്കുറിച്ചെല്ലാം പറയുകയും ചെയ്തു. മാർക്സിസം മുതൽ ന്യൂട്ടോണിയൻ ഭൗതികത്തിന്റെ സാംസ്കാരികചരിത്രം വരെ, പൂന്താനത്തിന്റെ കവിത മുതൽ പൊളാൻസ്കിയുടെ സിനിമ വരെ... പി ജിക്ക് എല്ലാം വഴങ്ങി. അദ്ദേഹം നടത്തിയ അതിവിപുലമായ അന്വേഷണങ്ങളെയും വിജ്ഞാനപ്രസരണത്തെയും നമ്മുടെ വരേണ്യപണ്ഡിതവൃന്ദം കാര്യമായി മാനിച്ചതായി തോന്നുന്നില്ല. തെരുവോരങ്ങളിലെ മനുഷ്യരോട് അക്കാദമികവരേണ്യതക്ക് സഹജമായുള്ള നിന്ദാഭാവം അവർ പി ജിയോടും വച്ചുപുലർത്തി.
ഒരു സമൂഹത്തിലെ വിജ്ഞാനപ്രവർത്തനത്തിന് പരസ്പരബന്ധിതമെങ്കിലും വ്യത്യസ്തമായ മൂന്ന് തലങ്ങളുണ്ട്. വിജ്ഞാനവിതരണം (knowledge distribution), വിജ്ഞാനോൽപ്പാദനം (knowledge production), വിജ്ഞാനപ്രസരണം (dissmination of knowledge) എന്നിങ്ങനെ. ആദ്യത്തേത് രണ്ടും നടക്കുന്നത് ഏറിയ പങ്കും സ്ഥാപനകേന്ദ്രിതമായാണ്. കലാലയങ്ങൾ, സർവകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ എന്നിവയെല്ലാം മുൻനിർത്തി. വ്യവസ്ഥാപിതവും സ്ഥാപനബദ്ധവുമാണ് അതിന്റെ രീതികൾ. അതതു വിഷയങ്ങൾ പഠിക്കാനെത്തിയവരും തത്പരരായവരുമാണ് അതിലെ പങ്കാളികൾ. അവിടെ അധ്യാപകരും ഗവേഷകരും സംസാരിക്കുന്നത് അതതു വിഷയങ്ങളിൽ വിശേഷാവഗാഹം ഉള്ളവരോടാണ്. എന്നാൽ, വിജ്ഞാനപ്രസരണം അരങ്ങേറുന്നതാകട്ടെ പൊതുസമൂഹത്തിലാണ്. ജ്ഞാനവിഷയങ്ങളുടെ വിശേഷലോകത്തെ സാമാന്യജനങ്ങളിലെത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പുതിയൊരു ഭാഷയും അതിനുതകുന്ന പദാവലികളും കണ്ടെത്തിയാലേ ഈ പ്രവർത്തനം ഫലപ്രദമാകൂ. അക്കാദമിക വരേണ്യതയുടെ സുരക്ഷിതലോകങ്ങൾ അവിടെ ആരെയും കാത്തിരിക്കുന്നില്ല.
പി ജിയുടെ പ്രവർത്തനങ്ങൾ ഈ മൂന്ന് തലങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നതായിരുന്നു. അദ്ദേഹം വലിയൊരധ്യാപകനായിരുന്നു. ഔപചാരികവും അല്ലാത്തതുമായ എത്രയോ ക്ലാസ്മുറികളിൽ പതിനായിരക്കണക്കിനാളുകളെ പി ജി പഠിപ്പിച്ചു. വിഷയങ്ങളുടെ അതിരുകളിൽ പി ജി തന്നെ തളച്ചിട്ടതേയില്ല. കുറ്റാന്വേഷണനോവൽ മുതൽ ഭാഷയുടെ രാഷ്ട്രീയംവരെ എന്തും പി ജി തന്റെ ക്ലാസിന്റെ ഉപാധിയാക്കി. അറിവ് ഒരു സാമൂഹ്യബന്ധമാണെന്ന് പി ജിയോളം അറിഞ്ഞവർ മറ്റാരുമുണ്ടായിരുന്നില്ല; അതിൽനിന്ന് മനുഷ്യജീവിതത്തിലേക്ക് എണ്ണമറ്റ വാതിലുകൾ തുറന്നുകിടക്കുന്നുണ്ടെന്നും.
വിജ്ഞാനവിതരണത്തിന്റെ മേഖലയിലെന്നപോലെ അദ്ദേഹം ജ്ഞാനോത്പാദകനും ആയിരുന്നു. വൈജ്ഞാനികവിപ്ലവത്തെക്കുറിച്ചുള്ള പി ജിയുടെ ഗ്രന്ഥം ആ നിലയിൽ മലയാളത്തിലെ ആദ്യസംരംഭമാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഒറ്റതിരിഞ്ഞ ചരിത്രം എത്രയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ‘ശാസ്ത്രം ചരിത്രത്തിൽ’ (Science in History) എന്ന നിലയിൽ അതേക്കുറിച്ച് മലയാളത്തിൽ നടന്ന ഏറ്റവും മഹിമയുറ്റ ആലോചന പി ജിയുടെതാണ്. നമ്മുടെ സർവകലാശാലാ പണ്ഡിതരോ ചരിത്രാധ്യാപകരോ ശാസ്ത്രപഠിതാക്കളോ അത് ഏറെയൊന്നും വകവച്ചുകൊടുത്തതായി തോന്നിയിട്ടില്ല. പക്ഷേ, ഭാവിചരിത്രം ആ ഗ്രന്ഥത്തിന്റെ അതുല്യമായ പദവിക്കു മുന്നിൽ ശിരസ്സുനമിക്കുകതന്നെ ചെയ്യും. കേരളീയ നവോത്ഥാനചരിത്രം വെളിപ്പെടുത്തുന്ന നാല് വാക്യങ്ങൾ, പി ജി രചിച്ച ജീവചരിത്രപരമ്പര... ഇവയിലൂടെയൊക്കെ കടന്നുപോകുന്ന ഒരാൾക്ക് അദ്ദേഹം സൃഷ്ടിച്ച അറിവിന്റെ വിപുലലോകങ്ങൾക്ക് മുന്നിൽ അത്ഭുതംകൂറാതിരിക്കാനാവില്ല. പൗലോസ് മാർ ഗ്രിഗോറിയസിന്റെ ജീവചരിത്രത്തിൽ നിന്ന് ആദ്യകാല ക്രൈസ്തവദർശനത്തിന്റെ അനന്യതയിലേക്ക് പി ജി തുറന്നിടുന്ന വാതിലുകൾ സമാനതകളില്ലാത്തതാണ്. ദൈവശാസ്ത്രം സാമൂഹ്യശാസ്ത്രവുമായി കൈകോർക്കുന്നതിന്റെ അസാധാരണ മാതൃകയാണത്. നിർഭാഗ്യവശാൽ, അത്തരം ആലോചനകൾക്ക് നാം വേണ്ടപോലെ ചെവികൊടുത്തില്ല.
മൃണാൾ സെന്നും പി ജിയും ഫോട്ടോ: ജി പ്രമോദ്
ഇതിനെല്ലാമപ്പുറം, വിജ്ഞാനപ്രസരണമായിരുന്നു പി ജി സ്വന്തം രാഷ്ട്രീയദൗത്യമായി ഏറ്റെടുത്തത്. എഴുതിയും പ്രസംഗിച്ചും പി ജി ജീവിച്ച ജീവിതമത്രയും ഒരു ജനതയെ ജ്ഞാനബലിഷ്ഠമാക്കാൻ വേണ്ടിയുള്ളതായിരുന്നു. അറിവിന്റെ പടയാളിയായി ജനസഞ്ചയങ്ങൾക്കു നടുവിലൂടെ മിക്കവാറും ഒറ്റയ്ക്കു നടക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ അക്കാദമിക് പ്രഭുക്കൾ അവരുടെ സ്വസ്ഥലോകങ്ങളിൽ ജ്ഞാനവ്യാപാരങ്ങളിൽ മുഴുകിയപ്പോൾ പി ജി തെരുവിലൂടെയും സർവകലാശാലകളിലൂടെയും ഒരുപോലെ അലഞ്ഞു. കാലടി സംസ്കൃത സർവകലാശാലയിൽ സംസ്കാരപഠനശാഖയുടെ സ്ഥാപകരിലൊരാൾ പി ജിയായിരുന്നു. സർവകലാശാലയിലെ സെമിനാർ ഹാളിലെന്നപോലെ റോഡരികിലെ പൊതുയോഗങ്ങളിലും പി ജി സംസ്കാരപഠനത്തെക്കുറിച്ച് പറയുമായിരുന്നു. സംസ്കാരപഠനത്തെക്കുറിച്ചെന്നല്ല, എന്തിനെക്കുറിച്ച് പറയാനും പി ജിക്ക് അഭിജാതവേദികൾ വേണമായിരുന്നില്ല. അറിവ് ചരിത്രവും ജനങ്ങളുമാണെന്ന് മറ്റാരിലുമുപരിയായി പി ജി മനസ്സിലാക്കിയിരുന്നു.
ക്ലാസിക്കൽ മാർക്സിസത്തിന്റെ ആശയാവലികൾക്കും നവമാർക്സിസത്തിന്റെ ചിന്താലോകത്തിനുമിടയിലുളള ഒരു സംവാദസ്ഥാനമായി സ്വയം നിലയുറപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മാർക്സിസ്റ്റ് ചിന്താമണ്ഡലത്തെ നവീകരിക്കുകയെന്ന വലിയ ദൗത്യം പി ജി ഏറ്റെടുത്തിരുന്നു. അത് ആയാസരഹിതമോ തർക്കരഹിതമോ ആയ ദൗത്യമായിരുന്നില്ല. മാർക്സിസത്തിന്റെ ചിന്താചരിത്രത്തിൽ, ഈ ഇരുലോകങ്ങൾക്കുമിടയിൽ അരങ്ങേറിയ സംവാദങ്ങൾക്ക് വലിയ പങ്കുണ്ട്. ആ സംവാദങ്ങളൊന്നും കേവല തർക്കങ്ങൾ ആയിരുന്നില്ല താനും. ഗ്രാംഷി പറയുന്നതുപോലെ, സൈദ്ധാന്തികപ്രശ്നങ്ങളുടെ വേരുകൾ ചരിത്രത്തിനുള്ളിൽ തന്നെയാണ്. അതു നന്നായി തിരിച്ചറിഞ്ഞാണ് പി ജി ഇത്തരമൊരു സംവാദസ്ഥാനമായി സ്വയം നിലകൊണ്ടത്. അതുളവാക്കുന്ന സൈദ്ധാന്തിക സംഘർഷങ്ങളെ അഭിമുഖീകരിക്കാനും അതിന് വില നൽകാനും അദ്ദേഹം തയ്യാറാവുകയും ചെയ്തു.
മൂന്ന്
പാശ്ചാത്യനവോത്ഥാനം ജന്മംനൽകിയ മഹാപ്രതിഭകളെകുറിച്ച് എഴുതുമ്പോൾ എംഗൽസ് അവരുടെ അത്ഭുതകരമായ പൂർണതയെക്കുറിച്ചു പ്രത്യേകം എടുത്തുപറയുന്നുണ്ട്.
നാലോ അഞ്ചോ ഭാഷകൾ സംസാരിക്കാത്തവരായും വൻതോതിൽ യാത്രചെയ്യാത്തവരായും വിവിധ മണ്ഡലങ്ങളിൽ ഒരുപോലെ ശോഭിക്കാത്തവരായും അവരിൽ ആരുമുണ്ടായിരുന്നില്ല എന്ന് എംഗൽസ് അഭിപ്രായപ്പെടുന്നു. പിൽക്കാല തലമുറകളിൽ നാം പതിവായി കാണുന്നതുപോലുള്ള, വിഭാഗീയവീക്ഷണങ്ങൾക്ക് വഴിവയ്ക്കുന്നവിധത്തിലുള്ള, തൊഴിൽവിഭജനത്തിന് അവർ അടിപ്പെട്ടിരുന്നില്ല. സമകാലികസമരങ്ങളിലും പ്രസ്ഥാനങ്ങളിലും പങ്കുചേർന്നുകൊണ്ടാണ് അവർ ജീവിക്കുകയും തങ്ങളുടെ പ്രവൃത്തികളിൽ വ്യാപൃതരാവുകയും ചെയ്തത്. തങ്ങളെ പൂർണ മനുഷ്യരാക്കി തീർക്കുന്നത്ര നിറവും ശക്തിയും അവരുടെ സ്വഭാവത്തിന് കൈവന്നതും ഇതുകൊണ്ടാണ്. സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കുചേർന്ന് തങ്ങളുടെ കൈപൊള്ളിക്കാൻ മടിക്കുന്ന രണ്ടാംതരക്കാരോ മൂന്നാം തരക്കാരോ ആയ കേവലപണ്ഡിതന്മാർ അക്കാലത്ത് ഒരു അപവാദമായിരുന്നു. ബൂർഷ്വാസി ജന്മംനൽകിയവരാണെങ്കിലും ബൂർഷ്വാദൗർബല്യങ്ങളും പരിമിതികളും തൊട്ടുതീണ്ടിയിട്ടില്ലാത്തവരായിരുന്നു നവോത്ഥാനയുഗത്തിന്റെ സൃഷ്ടികളായ ആ അത്ഭുതപ്രതിഭകളെന്ന് ലിയനാർഡോ ഡാവിഞ്ചി മുതൽ ആൽബ്രെഷ്റ്റ് ഡ്യൂററും മാർട്ടിൻ ലൂഥറും വരെയുള്ളവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് എംഗൽസ് വിശദീകരിക്കുന്നു.
നവോത്ഥാനത്തിന്റെയും നവോത്ഥാനം വഴിതുറന്ന വൈജ്ഞാനിക വിപ്ലവത്തിന്റെയും ചരിത്രകാരനായിരിക്കുമ്പോൾത്തന്നെ, അതുല്യമായ നവോത്ഥാനജീവിതത്തിന്റെ ഉടമയുമായിരുന്നു പി ഗോവിന്ദപ്പിള്ള. ഒരുപക്ഷേ, കേരളീയ നവോത്ഥാനം എന്നു നാം വിവരിച്ചുപോരുന്ന ചരിത്രസന്ദർഭത്തിന്റെ ധൈഷണികമായ ആവേഗവും സമരവീര്യവും നൈതികപ്രേരണകളും സ്വാംശീകരിക്കാൻ ശ്രമിച്ച ഒരു തലമുറയിലെ അവസാനത്തെ കണ്ണിയാകാം അദ്ദേഹം. എംഗൽസ് പറഞ്ഞതുപോലെ, അദ്ദേഹം പല ഭാഷകളിൽ പ്രവീണനായിരുന്നു; പലപ്രകാരങ്ങളിൽ പ്രവർത്തിച്ച ആളായിരുന്നു; തന്റെ കാലത്തെ പ്രസ്ഥാനങ്ങളിലും പോരാട്ടങ്ങളിലും പങ്കുചേർന്ന ആളായിരുന്നു; തന്റെ ബോധ്യങ്ങൾ തുറന്നുപറയാൻ മടികാണിക്കാത്ത ഒരാളായിരുന്നു; ഒരു പൂർണമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടാൻ പാകത്തിൽ പ്രസന്നവും ഉദാരവും ശക്തവുമായ സ്വഭാവത്തിന്റെയും വ്യക്തിപ്രതിഭയുടെയും ഉടമയായിരുന്നു.
1978 ലെ സിപിഐ എം സംസ്ഥാന കമ്മിറ്റി ; വൃത്തത്തിൽ പിജി
1951ൽ തിരു‐കൊച്ചി നിയമസഭയിലേക്ക് പെരുമ്പാവൂർ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുമ്പോൾ പി ജിക്ക് ഇരുപത്തിയഞ്ച് വയസ്സേ ഉള്ളൂ. 1953ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാനസമിതിയിൽ അംഗമാകുമ്പോൾ ഇരുപത്തിയേഴ് വയസ്സും. 1946ൽ പി കൃഷ്ണപിള്ളയുടെ സ്വാധീനത്തിൽ പാർടി അംഗമായ അദ്ദേഹം ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനസമിതിയിലെത്തി. അതിനിടയിൽ മുംബൈ സെന്റ് സ്റ്റീഫൻസിലെ വിദ്യാഭ്യാസവും ജയിൽജീവിതവും മുതൽ നിയമസഭാംഗത്വംവരെ പലതിലൂടെയും പി ജി കടന്നുപോയി. 1946ൽ പാർടി അംഗമായതുമുതൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പമായിരുന്നു പി ജിയുടെ ജീവിതം.
സമാനതകളില്ലാത്തവിധം വിപുലമായ തന്റെ വൈജ്ഞാനിക ജീവിതത്തെ പ്രസ്ഥാനത്തിന്റെ ദൈനംദിനാവശ്യങ്ങളുമായി അദ്ദേഹം നിരന്തരം ചേർത്തുവച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ പിജി ക്ലാസ്സെടുക്കുന്നു
അതുകൊണ്ടുതന്നെ, തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിറ്റാണ്ടിലാണ് പി ജി ബൃഹദ്ഗ്രന്ഥങ്ങൾ എഴുതാൻ തുടങ്ങിയത്. അപ്പോഴും സമകാലികജീവിതത്തിലെ സമരമുഖങ്ങളിൽ നിന്നെല്ലാം സുരക്ഷിതമായി അകന്നുനിന്ന് സ്വന്തം കൈപൊള്ളിക്കാതെ കഴിഞ്ഞ രണ്ടാംതരമോ മൂന്നാംതരമോ ആയ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. താൻ നിർണായകമെന്ന് കരുതുന്ന പ്രമേയങ്ങളെക്കുറിച്ച് ഉറച്ച അഭിപ്രായങ്ങൾ അദ്ദേഹം പറഞ്ഞു. പ്രതിബദ്ധതയെന്നത് അദ്ദേഹത്തിന് വിമർശനാത്മകബോധം കൂടിയായിരുന്നു. തുടരുന്ന പോരാട്ടമാണ് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പി ജിക്ക് അറിയാമായിരുന്നു.
നാല്
ആരായിരുന്നു എനിക്ക് പി ഗോവിന്ദപ്പിള്ള? പുതിയ തലമുറയോടുള്ള തന്റെ അകമഴിഞ്ഞ വാത്സല്യം അദ്ദേഹം എപ്പോഴും എനിക്കും നൽകിയിരുന്നു. കാണുമ്പോഴെല്ലാം പുതിയ പുസ്തകങ്ങളുടെ കോപ്പികൾ തന്നു. വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ചോദിച്ചു. അറിവിന്റെ മഹാഗോപുരമായിരുന്നപ്പോഴും പി ജി വിനീതമായി ജീവിച്ചു. അറിവ് അദ്ദേഹത്തെ അല്പംപോലും ഉദ്ധൃതനാക്കിയില്ല. ആരെയും ഭരിക്കാൻ അദ്ദേഹമതിനെ ഉപയോഗപ്പെടുത്തിയില്ല. ഫലാഗമത്താൽ ചായുന്ന മരങ്ങളെപ്പോലെയായിരുന്നു പി ജി. അറിവിന്റെ ബലംകൊണ്ട് അദ്ദേഹം ലോകത്തെ സ്നേഹിക്കുകയാണ് ചെയ്തത്. അഭിപ്രായങ്ങളും അഭിപ്രായഭേദങ്ങളും ഉണ്ടായിരുന്നപ്പോഴും ആരോടും പി ജി ശത്രുത പുലർത്തിയില്ല. കാലുഷ്യമില്ലാതെ അദ്ദേഹം ലോകത്തോട് തുറന്നു ചിരിച്ചു. ഉദാരമായി സംസാരിച്ചു. സ്നേഹത്തോടെ വിടവാങ്ങി.
ഏറ്റവുമൊടുവിൽ വീട്ടിൽ ചെന്നു കാണുമ്പോൾ പി ജി മുകൾനിലയിലെ പുസ്തകങ്ങൾക്കിടയിലായിരുന്നു. അപ്പോഴേക്കും പിജിക്ക് കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. അടുക്കിവച്ച പുസ്തകങ്ങളുടെ പുറം താളുകൾ നോക്കി അദ്ദേഹം അവയ്‌ക്കിടയിൽ നിൽക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ വീട്ടിൽ ചെന്നു കാണുമ്പോൾ പി ജി മുകൾനിലയിലെ പുസ്തകങ്ങൾക്കിടയിലായിരുന്നു. അപ്പോഴേക്കും കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. അടുക്കിവച്ച പുസ്തകങ്ങളുടെ പുറം താളുകൾ നോക്കി അദ്ദേഹം അവയ്‌ക്കിടയിൽ നിൽക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ഞങ്ങളോടൊപ്പം താഴേക്കു വന്നു. കോളേജിൽനിന്ന് അപ്പോൾ മടങ്ങിയെത്തിയ ചെറുമകനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ‘ഇയാളുടെ മുത്തച്ഛനായാണ് ഇപ്പോൾ ഞാൻ അറിയപ്പെടുന്നത് ’ എന്ന് വാത്സല്യത്തോടെ കളിപറഞ്ഞു. അതേ സ്നേഹവായ്പോടെ ഞങ്ങളോട് തുടർന്നും സംസാരിച്ചു. മറ്റെന്തിലുമുപരി ലോകസ്നേഹമായിരുന്നു പി ജിയുടെ ഉൺമയുടെ പാർപ്പിടം. സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും തണൽമരമായിരുന്നു പി ജി.
എപ്പോഴാണ് പി ജിയെ വായിച്ചുതുടങ്ങിയത്? എന്നാണ് പി ജിയെ ആദ്യമായി കണ്ടത്? രണ്ടിനെക്കുറിച്ചും കൃത്യമായ ഓർമ്മകളില്ല. വായിച്ചുതുടങ്ങിയത് വിദ്യാർഥി ജീവിതകാലത്തെപ്പോഴോ ആവണം. എൺപതുകളുടെ തുടക്കത്തിലെവിടെയോ. പി ജിയെ ആദ്യമായി കണ്ടത് കുറെക്കൂടി കഴിഞ്ഞാണ്. വിദ്യാർഥി സംഘടനാപ്രവർത്തന കാലത്തെ പഠനക്യാമ്പുകളിലെവിടെയോ വച്ച്. പി ജി അന്നത്തെ ക്ലാസുകളിൽ സ്ഥിരം അധ്യാപകനായിരുന്നു. അതിൽ പിന്നെ, കഴിഞ്ഞ നാലുപതിറ്റാണ്ടായി പി ജി വായനയിലും ആലോചനയിലും എപ്പോഴും കൂടെയുണ്ട്. എത്രയോ പുതിയ വിഷയങ്ങളിലേക്ക് പി ജി വഴിതുറന്നുതന്നു. എത്രയോ വിഷയങ്ങളിലെ എണ്ണമറ്റ ഗ്രന്ഥങ്ങളും അവയിലെ അറിവും പി ജിയിലൂടെ പരിചിതമായി. തിരിഞ്ഞുനോക്കുമ്പോൾ പി ജി തുറന്നുവച്ച വിജ്ഞാനചക്രവാളത്തിന്റെ അരികിലെവിടെയോ ആണ് ഞങ്ങളിൽ പലരും കൂടേറിയതെന്ന് മനസ്സിലാവുന്നുണ്ട്. ആ ചക്രവാളപ്പരപ്പ് അതിവിസ്തൃതമായിരുന്നു.
മുപ്പതിലധികം ഗ്രന്ഥങ്ങളും നൂറുകണക്കിന് ലേഖനങ്ങളും പി ജി എഴുതിയിട്ടുണ്ട്. അവയിൽ കൈകാര്യം ചെയ്യപ്പെട്ട വിഷയങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്ന വിധത്തിൽ വലുതാണ്. സാർവദേശീയ രാഷ്ട്രീയത്തിന്റെ ഗതിഭേദങ്ങൾക്കിടയിലൂടെ എത്രയോ പതിറ്റാണ്ടുകൾ അദ്ദേഹം സൂക്ഷ്മമായി സഞ്ചരിച്ചു. ഓരോ രാഷ്ട്രീയസന്ദർഭത്തെയും ആ ജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള വിപുലമായ ആലോചനയാക്കി മാറ്റി. സാർവദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകളെ ഇതുപോലെ സർഗാത്മകവും വിജ്ഞാനസമൃദ്ധവുമാക്കിയ എഴുത്തുകൾ പി ജിക്ക് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇ എം എസിന്റെ സമ്പൂർണകൃതികൾക്ക് പി ജി എഴുതിയ അടിക്കുറിപ്പുകൾ തന്നെ അത് തെളിയിക്കും.
ഇ എം എസ്
ഒരു വിഷയമോ ഒരു ജീവിതസന്ദർഭമോ പലതിലേക്കും തുറന്നുകിടക്കുന്ന വാതിലുകളായി മാറുന്നതായിരുന്നു പി ജിയുടെ എഴുത്ത്. മനുഷ്യവംശത്തിന്റെ പല പ്രകാരങ്ങൾ അതിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പി ജിയുടെ രചനകൾ ചേർത്തുവച്ചാൽ അത് കഴിഞ്ഞ അരനൂറ്റാണ്ടിന്റെ ധൈഷണിക‐രാഷ്ട്രീയ ചരിത്രത്തിന്റെ രൂപരേഖ കൂടിയാവും. അത്രമേൽ സമ്പന്നവും സമകാലികവുമായിരുന്നു ആ സഞ്ചാരങ്ങൾ. അച്ചടിയിൽ പതിനായിരത്തിലധികം പുറങ്ങൾ വരാവുന്ന രചനാലോകമാണത്. പി ജി സംസ്കൃതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അവയപ്പാടെ സമാഹരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമം ഇപ്പോൾ നടന്നുവരുന്നുണ്ട്. നമ്മുടെ വിജ്ഞാനചരിത്രത്തിന് ലഭിക്കുന്ന ഏറ്റവും മഹിമയുറ്റ സംഭാവനകളിലൊന്നായിരിക്കും അത്. അറിവിനെ പ്രാണവായുവാക്കിയ ഒരാളോടുള്ള ഏറ്റവും വലിയ ആദരാർപ്പണവും.
‘അധിനിവേശവും ആധുനികതയും’ എന്ന എന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്തത് പി ജിയായിരുന്നു. 1999 അവസാനമാകണം അത്. ഉച്ചയോടെ പി ജി പറവൂരിലെത്തി. അന്ന് അദ്ദേഹം കെഎസ്എഫ്ഡിസി ചെയർമാൻ കൂടിയാണ്. പറവൂരിൽ കെഎസ്എഫ്ഡിസി തിയേറ്റർ പണിതീർന്നുവരുന്ന കാലം. അവിടെയെല്ലാം സന്ദർശിച്ച ശേഷമാണ് അദ്ദേഹം പുസ്തകപ്രകാശനത്തിനെത്തിയത്.
സ്കറിയാ മാഷ്
സ്കറിയാ മാഷാണ് പുസ്തകം ഏറ്റുവാങ്ങിയത്. മാഷിന്റെ ഉദയംപേരൂർ പഠനത്തെക്കുറിച്ച് പി ജി ആ യോഗത്തിൽ ആവേശപൂർവം സംസാരിച്ചത് എനിക്കോർമ്മയുണ്ട്. അറിവിന്റെ ലോകത്തെ പുതിയ കുതിപ്പുകൾ അദ്ദേഹത്തെ എപ്പോഴും ആഹ്ലാദഭരിതനാക്കി. യോഗം കഴിഞ്ഞപ്പോൾ പുസ്തക പ്രസാധനത്തിലെ പുതിയ സാങ്കേതിക ക്രമീകരണങ്ങളെക്കുറിച്ച് അവിടെയുണ്ടായിരുന്ന പ്രസാധകരിലൊരാളോട് പി ജി വിശദമായി സംസാരിക്കുന്നത് ഞാൻ കേട്ടുനിന്നു. ഏതൊരാളോടും അയാളുടെ ജീവിതമേഖലകളെ മുൻനിർത്തി സംസാരിക്കാനുള്ള തുറസ്സ് പി ജിക്കുണ്ടായിരുന്നു. അറിവിന്റെ ബലം പി ജിയെ എപ്പോഴും മനുഷ്യർക്കിടയിലെ ഒരാളാക്കി. വലിയൊരു ജ്ഞാനവൃക്ഷംപോലെ അവർക്കുമേൽ തണൽ വിരിച്ചുനിന്നു.
പുസ്തകപ്രകാശനം കഴിഞ്ഞ് ഞങ്ങൾ പറവൂരിലെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിലെത്തി. മീനയുടെ വീട്ടിൽനിന്നും തയ്യാറാക്കിക്കൊണ്ടുവന്ന രാത്രിഭക്ഷണം പി ജി സന്തോഷപൂർവം കഴിച്ചു. അതിന്റെ രുചിയെക്കുറിച്ച് മീനയോടും അമ്മയോടും ഹൃദ്യമായ അഭിനന്ദനങ്ങൾ പറഞ്ഞു. അപ്പോഴേക്കും പത്തുമണിയോളമായിരുന്നു. രാത്രി ഒരു മണി കഴിഞ്ഞാണ് ആലുവയിൽനിന്ന് പി ജിയുടെ ട്രെയിൻ. ‘ഇനിയല്പം കിടക്കാം’ എന്നു പറഞ്ഞ് പി ജി ആ ഓഫീസിലെ പഴയ മേശപ്പുറത്ത് കിടന്നു. വൈകാതെ മയങ്ങുകയും ചെയ്തു. രണ്ടുമണിക്കൂർ കഴിഞ്ഞ് പി ജിയോടൊപ്പം ഞങ്ങൾ ആലുവയിലേക്ക് പുറപ്പെട്ടു. കേരളത്തിലെ ഏക്കാലത്തെയും വലിയ ധൈഷണിക പ്രതിഭകളിലൊരാളാണ് പറവൂരിലെ ചെത്തുതൊഴിലാളിയൂണിയൻ ഓഫീസിലെ മരപ്പലകകൾ പാകിയ ആ മേശപ്പുറത്ത്, കടലാസ് വിരിയുടെ അകമ്പടിപോലുമില്ലാതെ, കിടന്നുറങ്ങുന്നതെന്ന് ഞങ്ങൾ അപ്പോൾ ഓർത്തതേയില്ല.
No comments:
Post a Comment