മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.
1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമു
Published: Mar 21, 2012, 03:30 AM IST
മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.
873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി (1891). സന്ന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.
പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജൂണ്‍ 4ന് ഡോ. പല്‍പ്പു, ശ്രീനാരായണഗുരു എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.
വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്. ഉച്ചനീചത്വങ്ങളില്ലാത്ത ബുദ്ധമതത്തോട് ആശാന് മമതയുണ്ടായിരുന്നു. പല കവിതകളിലും ബുദ്ധമതം കടന്നുവരുന്നുമുണ്ട്.
നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.
സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.
കുമാരു 'ആശാനാ'യത്
കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.
ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:
കാവ്യപരാഗങ്ങള്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം
(ഒരു ഉദ്‌ബോധനം)
എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)
ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)
സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)
ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)
വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)
ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)
വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)
ആശാന്‍കൃതികള്‍
വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925
No comments:
Post a Comment