'To give a short stick' എന്നു പറഞ്ഞാല് ഒരു ചെറുവടി എടുത്തു കൈയില് കൊടുക്കുക എന്നല്ല; എത്രയും വേഗം സ്ഥലം വിടണമെന്ന സൂചന നല്കലാണ്; അഥവാ അർഹമായ പരിഗണന നിഷേധിക്കലാണ്.
പണ്ട്, അതിഥികള്‍ വരുമ്പോള്‍ മെഴുകുതിരി കൊളുത്തി വെക്കുമായിരുന്നു ഇംഗ്ലണ്ടില്‍. മെഴുകുതിരിക്കാകട്ടെ, തീവിലയും. അതിഥി പ്രിയപ്പെട്ടയാളാണെങ്കില്‍ നീണ്ടമെഴുകുതിരി കൊളുത്തും. താല്‍പ്പര്യമില്ലാത്തയാളാണെങ്കിലോ? ചെറിയ ഒരു മെഴുകുതിരിത്തുണ്ടു കൊളുത്തി വെയ്ക്കും. മെഴുകുതിരി കത്തിതീരുന്നതിനുമുമ്പ് അതിഥി ഇറങ്ങുക എന്നതാണ് അന്നത്തെ രീതി. ചെറിയ മെഴുകുതിരിയാണു കൊളുത്തുന്നതെങ്കില്‍ കുറഞ്ഞ സമയമല്ലേ അതു കത്തി നില്‍ക്കൂ. അതു കെടും മുമ്പ് ഇറങ്ങണമല്ലോ.
ഇതില്‍ നിന്നുണ്ടായ പ്രയോഗമാണ് 'getting the short end of the stick' എന്നത്. Yesterday, a distant relative of mine turned up. I did not want him to stay for long. So, I gave him a 'short stick'! 'Giving a short stick' എന്നത് getting the short end of the stick എന്നതിന്റെ ഹ്രസ്വരൂപമാണ്. ഒരു പ്രത്യേക സാഹചര്യം കൊണ്ടുണ്ടാവുന്ന ദോഷം അനുഭവിക്കുന്നവരെ People who get the short end of the stick എന്നു പറയും. Those who pay income tax are not eligible to avail the P.D.S concession! What they get is the short end of the stick.
During the partition of the landed property, the youngest daughter got the short end.
'Burning the candle at both ends' എന്ന പ്രയോഗത്തിന് അര്‍ത്ഥം, അതികഠിനമായി ജോലി ചെയ്തു തളര്‍ന്നു പോവുക എന്നാണ്. ഒരു മെഴുകുതിരിയുടെ ഒരറ്റം മാത്രം കത്തിച്ചാല്‍ വെളിച്ചം കുറയും. എന്നാല്‍ കൂടുതല്‍ സമയം കത്തും. ഇരുവശവും കത്തിച്ചാലോ? വെളിച്ചം കൂടും; പക്ഷെ, പെട്ടെന്നു കത്തിത്തീരും. 'My friend came home in a run down condition. At the office, he must have been burning the candle at both ends'. ഓഫീസില്‍ കഠിന ജോലി ആയിരുന്നിരിക്കണം എന്നര്‍ത്ഥം.
'Not fit to hold a candle' എന്ന് ഒരു പ്രയോഗമുണ്ട്. ഒന്നിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തി ആദ്യത്തേതിനോളം വന്നിട്ടില്ല്ല എന്നു സൂചിപ്പിക്കലാണിത്. The movie was not bad, but it is not fit to hold a candle to the original novel on the basis of which the film was made!
Flea market എന്നൊന്നുണ്ട്. ഈച്ചയരിച്ചതോ ഈച്ചകളെ കിട്ടുന്നതോ ആയ ചന്തയല്ല ഇത്. ഉപയോഗിച്ചു കഴിഞ്ഞ സാധനങ്ങള്‍ (second hand goods) വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടമാണിത്. വര്‍ഷത്തിലെല്ലാദിനവുമുണ്ടാവില്ല. ചില മാസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കും flea market.
നെപ്പോളിയന്‍ മൂന്നാമന്റെ കാലത്ത് രാജശില്പിയായ ഹൗസ്‌മാന്‍, പ്രത്യേക തരത്തില്‍ നിര്‍മ്മിച്ച ഭവനങ്ങളുടെ നിരയുണ്ടായി പാരീസില്‍. ആ വീടുകളുടെ നിരകള്‍ക്കു നടുവിലെ ഇടനാഴികളിലൂടെ സൈന്യത്തിനു മാര്‍ച്ചു ചെയ്യാം; പ്രത്യേക മുഴക്കമുണ്ടാവും അവിടെ. ഇതുണ്ടാക്കാന്‍ വേണ്ടി ഒഴിപ്പിച്ചതു മുഴുവന്‍ സെക്കന്റ് ഹാന്റ് സാധനങ്ങളുടെ കച്ചവടക്കാരെയായിരുന്നു. അവര്‍ക്കു വില്പന തുടരാനായി പാരീസിന്റെ വടക്കന്‍ മേഖലയില്‍ നെപ്പോളിയന്‍ ഒരു തെരുവു വിട്ടുകൊടുത്തു. അതാണ് flea market ആയി അറിയപ്പെടുന്നത്. I sold my used suits at the flea market!
ബ്ലാക് മാര്‍ക്കറ്റ് എല്ലാവര്‍ക്കും അിറയാം. എന്നാല്‍ ആ പ്രയോഗം ഉണ്ടായതെങ്ങനെയെന്ന് അധികം പേര്‍ക്കറിയില്ല. മദ്ധ്യകാല ഇംഗ്ലണ്ടില്‍ നാടോടികളായ കൂലിപ്പട്ടാളക്കാരുണ്ടായിരുന്നു. ഉയര്‍ന്ന കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക് വേണ്ടി പൊരുതും. ഇവര്‍ പൊതുവേ ദരിദ്രരായിരുന്നു. പടച്ചട്ട പോളിഷ് ചെയ്‌തെടുക്കലൊന്നും അതുകൊണ്ടുതന്നെ നടക്കുമായിരുന്നില്ല. പടച്ചട്ട തുരുമ്പുവന്നു കറുത്തു. പ്രാദേശിക ഉത്സവങ്ങളില്‍ നടന്നിരുന്ന ആകര്‍ഷകമായ പരിപാടികളിലൊന്ന് തദ്ദേശീയരായ പോരാളികളും നാടോടികളായ പോരാളികളും തമ്മിലുള്ള യുദ്ധമായിരുന്നു. തോല്‍ക്കുന്നവരുടെ ആയുധവും പടച്ചട്ടയും ജയിക്കുന്നവര്‍ക്കു കിട്ടും.
നാടോടികളായി നടക്കുന്ന ഈ കരിംപടച്ചട്ടക്കാര്‍ ബ്ലാക് നൈറ്റ്‌സ് (black knights) എന്നറിയപ്പെട്ടു. മിക്കപ്പോഴും ജയം black knights നായിരുന്നു. ജയത്തിലൂടെ കിട്ടുന്ന പരാജിതരുടെ പടച്ചട്ടകള്‍ എടുത്തിട്ട് തങ്ങളുടെ കറുത്ത പടച്ചട്ടകള്‍ ഇവര്‍ അവര്‍ക്കുതന്നെ വില്‍ക്കുമായിരുന്നു. അതും തോന്നിയ വിലയ്ക്ക്. തോറ്റവര്‍ക്കാകട്ടെ പടച്ചട്ട വാങ്ങേണ്ടത് ആവശ്യവുമായിരുന്നു. Black knights-ന്റെ ഈ പടച്ചട്ട വില്പനയില്‍ നിന്നാണ് black market എന്ന പ്രയോഗമുണ്ടായത്. അതാണ് നമ്മുടെ കുപ്രസിദ്ധമായ കരിഞ്ചന്തയായി പിന്നീടു രൂപം മാറിയത്. 'Black marketing and profiteering will be severely dealt with' എന്നൊക്കെ നമുക്ക് പറയാം!
'He is son of a bitch, but he is our son of a bitch' എന്നൊരു പ്രയോഗമുണ്ട്. കൊള്ളില്ലാത്തവനെങ്കിലും നമുക്കു വേണ്ടപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണിതു പ്രയോഗിക്കാറ്. 'Son of a gun' എന്നു പറഞ്ഞാലോ? അറ്റ്‌ലാന്റിക് മുറിച്ച് കടന്നു വെസ്റ്റിന്‍ഡീസിലേക്കു പോയ സൈനികര്‍ കുറെ നാടന്‍ പെണ്ണുങ്ങളെ ബന്ദികളാക്കി കൂടെ കൂട്ടിയത്രെ. യുദ്ധഘട്ടത്തിലല്ലാത്ത വേളകളില്‍ സൈനികര്‍ ഇവരുമായി രമിച്ചു നേരം പോക്കി. ആ നേരംപോക്കിലുണ്ടായ ആണ്‍കുട്ടികളെയാണ് 'Son of a gun' എന്നു വിളിച്ചിരുന്നത്. 'Sons between the guns' എന്നും പറയും. ഇരു യുദ്ധങ്ങളുടെ ഇടവേളകളിലാണല്ലൊ ഇവരുടെ ജനനം!
'Getting tanked' എന്നത് കുടിച്ചു ബോധം കെട്ടു പോകലാണ്. പണ്ട് ബ്രിട്ടനില്‍ കുടിച്ചു ബോധം കെട്ടുകിടക്കുന്നവരെ മരിച്ചവരെന്നു കരുതി ജീവനോടെ കുഴിച്ചിട്ടിരുന്നുവത്രെ! Pulse നോക്കലൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്ത്. മരിച്ചോ എന്ന് സംശയം തോന്നിയാല്‍ കാലിന്റെ പെരുവിരലില്‍ ഒരു ചരടു കെട്ടും. എന്നിട്ടേ കുഴിച്ചിടൂ. ആ ചരടിന്റെ മറ്റേയറ്റം മരത്തില്‍ കെട്ടിയ മണിയിലായിരിക്കും. ശരിക്കും മരിച്ചിട്ടില്ലെങ്കില്‍ കുഴിക്കുളളില്‍ കിടന്നു കാലനക്കുമ്പോള്‍ മണിയടിച്ചുകൊള്ളുമല്ലോ; അപ്പോള്‍ പോയി കുഴിയില്‍ നിന്നു പുറത്തെടുക്കാം. ഇതായിരുന്നു ചിന്ത. ഇങ്ങനെ കുഴിയില്‍ നിന്നു മണിയടിച്ചു രക്ഷപ്പെടുന്നതിനെ 'saved by the bell' എന്നുപറയും. മണി ആരെയും രക്ഷിച്ചിട്ടില്ല എന്നതു ചരിത്രം!
'Saved by the bell' ഏതായാലും ഇംഗ്ലീഷ് ഭാഷയിലെ ഒരു idiom ആയി. പറയാന്‍ ഇഷ്ടമില്ലാത്തത്, പറയേണ്ടിവരുന്നതിനു തൊട്ടുമുമ്പ്, അഥവാ ചെയ്യാന്‍ ഇഷ്ടമില്ലാത്തത്, ചെയ്യേണ്ടിവരുന്നതിനു തൊട്ടുമുമ്പ് എന്തെങ്കിലും പെട്ടെന്ന് ഉണ്ടാവുകയും ആ പഴുതിലൂടെ ആ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്താല്‍ നിങ്ങള്‍ക്ക് 'saved by the bell' എന്നു പറയാം. Opposition pressurised the minister to announce an unpleasant action plan, but in the uproar, the speaker suddenly adjourned the house, and the minister was saved by the bell! അവസാന നിമിഷത്തിലെ ഇടപെടലിലൂടെ രക്ഷപ്പെടുന്ന ആരുടെ കാര്യത്തിലും ഉപയോഗിക്കാവുന്ന metaphor കൂടിയാണിത്.