Tuesday, April 27, 2021

വീടുകളുടെ ആഡംബര നികുതി മുൻകാല പ്രാബല്യത്തോടെ ഉയർത്തി


ആലപ്പുഴ∙ താമസാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ (റസിഡൻഷ്യൽ ബിൽഡിങ്) ആഡംബര നികുതി (ലക്ഷ്വറി ടാക്‌സ്) മുൻകാല പ്രാബല്യത്തോടെ കുത്തനെ ഉയർത്തി. വാർഷിക നികുതി നാലായിരം ആയിരുന്നത് അയ്യായിരമായിട്ടാണ് ഉയർത്തിയത്.

1975-ലെ കേരള ബിൽഡിങ് ടാക്‌സ് ആക്ട് അനുസരിച്ച് 1999 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ പൂർത്തിയാക്കിയിട്ടുള്ള 278.7 ചതുരശ്രമീറ്ററോ (ഏകദേശം 3,000 ചതുരശ്ര അടി) അതിൽക്കൂടുതലോ അടിത്തറ വിസ്തീർണം (പ്ലിന്ത് ഏരിയ) ഉള്ള റസിഡൻഷ്യൽ ബിൽഡിങ്ങുകൾക്കു തുടക്കത്തിൽ 2,000 രൂപയായിരുന്നു വാർഷിക മുൻകൂർ ലക്ഷ്വറി ടാക്‌സ് ഏർപ്പെടുത്തിയിരുന്നത്. എല്ലാ വർഷവും മാർച്ച് 31നു മുൻപ് അടുത്ത വർഷത്തേക്ക് അടയ്‌ക്കേണ്ട ലക്ഷ്വറി ടാക്‌സ് 2014ൽ ഇരട്ടിയാക്കി ഉയർത്തി 4,000 രൂപയാക്കിയിരുന്നു. അതാണിപ്പോൾ മുൻകാല പ്രാബല്യത്തോടെ 5,000 ആക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ വിസ്തൃതി വർധിക്കുന്നതിനനുസരിച്ച് 12,500 രൂപ വരെ ആഡംബര നികുതി നിരക്കുകളുണ്ട്.

യാതൊരു ആഡംബരവും ഇല്ലെങ്കിലും മുറികളുടെ എണ്ണം കൂടുതലുള്ളതു മൂലം 3000 ചതുരശ്ര അടിയിൽ കൂടുതലുള്ള കന്യാസ്ത്രീ മഠങ്ങൾക്കും അഗതി മന്ദിരങ്ങൾക്കു പോലും റവന്യൂ വകുപ്പ് ആഡംബര നികുതിയും സെസും ഈടാക്കുന്നുണ്ട്. മഠങ്ങൾക്കും ധർമ സ്ഥാപനങ്ങൾക്കും ആഡംബര നികുതി ഈടാക്കുന്നതു നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനമോ നടപടിയോ ഉണ്ടായിട്ടില്ല.

കോവിഡ്-19 മഹാമാരിക്കാലത്ത് എല്ലാത്തരത്തിലുള്ളവരുടെയും വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്തിരിക്കെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയ നികുതി വർധന അനീതിയാണെന്ന് അഭിപ്രായം പല ഭാഗത്തുനിന്നും ഉയർന്നു കഴിഞ്ഞു. ചില റസിഡന്റ്സ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ ഇടപെട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നിവേദനം നൽകിയിരുന്നു.


എല്ലാവിധ നികുതികളും ക്ഷേമനിധി വിഹിതങ്ങളും സർക്കാർ പ്രഖ്യാപിത നിരക്കിനേക്കാൾ ഉയർന്ന കൂലിയും അട്ടിമറി നല്കി നിർമ്മിക്കുന്ന വീടുകൾ ഉത്പാദനപരമോ ലാഭകരമോ അല്ലെന്നിരിക്കെ വലുപ്പം കൂടിയെന്നതിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നികുതി എല്ലാ വർഷവും കൂട്ടിക്കൂട്ടി ഈടാക്കുന്നത് അനീതിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പഴക്കം ചെല്ലുംതോറും വീടുകൾക്കും മറ്റ് ആസ്തികൾക്കുമുണ്ടാകുന്ന വിലയിടിവും വർധിച്ചുവരുന്ന അറ്റകുറ്റപ്പണിച്ചെലവുകളും പരിഗണിക്കാതെയുള്ള നികുതി ഈടാക്കലിനെയാണ് അവർ ചോദ്യം ചെയ്യുന്നത്.

വീടിനു പഴക്കം കൂടുമ്പോൾ നികുതി കുറയുന്ന രീതി വേണം

വീടുകൾ നിർമ്മിക്കുമ്പോൾ പൊതുവിപണിയിൽ നിന്നു വാങ്ങുന്ന എല്ലാ സാമഗ്രികൾക്കും അതതു കാലത്തെ നികുതിയും കൂലിയും കെട്ടിട ഉടമ നല്കുന്നുണ്ട്. അതുപോലെ തന്നെ നിർമാതാക്കൾ എല്ലാവിധ ക്ഷേമനിധി വിഹിതങ്ങളും മറ്റു ഫീസുകളും നല്‌കേണ്ടതുമുണ്ട്. വർഷങ്ങൾ ചെല്ലുന്തോറും നിരന്തര ഉപയോഗത്താൽ വീടുകൾക്കു ജീർണതയും വിലയിടിവും സംഭവിക്കും. അപ്പോൾ വീടുകളുടെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കും മെച്ചപ്പെടുത്തലുകൾക്കും കൂടുതൽ തുക മുടക്കേണ്ടിവരും. തുടക്കത്തിൽ ആഡംബരം എന്നു തോന്നിയ കാര്യങ്ങൾ കാലം കഴിയുന്തോറും അങ്ങനെയല്ലാതാകൂം. വീടിന്റെ നിർമാതാവിനു പ്രായം കൂടുകയും തൊഴിലിൽനിന്നുള്ള വരുമാനം കുറയുകയും നികുതി അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാതാകുകയും ചെയ്യും. വർഷം ചെല്ലുന്തോറും നിരക്കു കുറഞ്ഞു വന്നു കാലപ്പഴക്കത്തിൽ വീടിന്റെ ആഡംബര നികുതി ഇല്ലാതാകുന്ന തരത്തിലേക്ക് നികുതിനിരക്കു ഘടന മാറ്റേണ്ടതാണെന്ന് കോട്ടയത്തെ പ്രമുഖ നിർമാണ കരാറുകാർ അഭിപ്രായപ്പെട്ടു.

നികുതി ഘടന മാറ്റണമെന്ന ആവശ്യം സർക്കാർ തള്ളി

വീടുകൾക്കു പഴക്കം ചെല്ലുന്തോറും ആഡംബര നികുതി കുറച്ചുകൊണ്ടുവരുന്നതിനു പകരം അമിതമായി നികുതി കൂട്ടുന്നത് ഒഴിവാക്കണമെന്ന ആവശ്യം കേരള സർക്കാർ നേരത്തേ തള്ളിയിരുന്നു. 2017ൽ 2000ൽനിന്നു 4000 രൂപയായി ആഡംബര നികുതി ഉയർത്തിയപ്പോഴായിരുന്നു അത്. ആലപ്പുഴയിലെ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷനാണ് ഈ ആവശ്യമുന്നയിച്ച് അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനു നിവേദനം നൽകിയത്.

1975-ലെ കേരള കെട്ടിട നികുതി നിയമത്തിൽ പ്രതിപാദിക്കുന്ന നികുതിഘടനയാണ് കെട്ടിട, ആഡംബര നികുതികൾ ചുമത്തുന്നതിനു സ്വീകരിച്ചിട്ടുള്ളതെന്നും നിയമത്തിൽ മാറ്റം വരുത്താൻ വ്യവസ്ഥയില്ലെന്നുമാണ് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടർ സെക്രട്ടറി അന്നു മറുപടി നൽകിയത്.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive