Tuesday, October 06, 2020

തട്ടുപൊളിപ്പൻ; നൂറ്റാണ്ടുകള്‍ക്കുമുമ്പേ കേരളത്തെ തൊട്ട ഒരു കടല്‍നാടകവേദി

 


അറബിക്കടലിന്റെ കച്ചവടച്ചാലുകളി ലൂടെ നൂറ്റാണ്ടുകള്‍ക്കുമുമ്പേ കേരളത്തെ  തൊട്ട ഒരു കടല്‍നാടകവേദി. അത്‌ കാലഹരണപ്പെടാതെ കാലത്തോടും ദേശത്തോടും പൊരുതി ഇപ്പോഴും ചുവടുകൾ വയ്‌ക്കുന്നു. നിലയ്‌ക്കാത്ത, തളരാത്ത ചുവടുകളില്‍കാലം വീണ്ടും അത്‌ രേഖപ്പെടുത്തുന്നു. കുട്ടപ്പനാശാന്‍ മംഗളത്തിന്റെ ശീലുകള്‍ പാടാന്‍ തുടങ്ങുന്നു: ‘ഓമനപ്പുഴ ദേശത്ത് ശാരങ്കായ് വീട്ടിലെ റാഫേല്‍ ആശാന്‍ പാദം വണങ്ങി സ്‌തുതിക്കുന്നേന്‍... പാദം വണങ്ങി സ്‌തുതിക്കുന്നേന്‍... ആശാന്മാരുടെ ആശാനായ മിഖായേല്‍ ആശാന്‍... പാദം വണങ്ങി സ്‌തുതിക്കുന്നേന്‍...

 
പതിനാറാം നൂറ്റാണ്ടിലെ  കഥയാണ്‌‌. ആലപ്പുഴയിൽ ഒരു കപ്പിത്താന്റെ മദാമ്മയും രണ്ടു മക്കളും താമസിച്ചിരുന്നു. ഒരിക്കൽ തീരത്ത് നങ്കൂരമടിച്ച യുദ്ധക്കപ്പൽ കരയിലേക്ക് തുരുതുരാ വെടിയുതിർത്തു. കരയിലുള്ളവർ തിരിച്ച് പീരങ്കിവെടി വയ്‌ക്കുമ്പോൾ അവർ കപ്പൽ വെട്ടിച്ചു കളയും. കരയിൽനിന്ന്‌ വെടിയുതിർക്കുമ്പോൾ ഉണ്ടാകുന്ന തീയും പുകയും നോക്കിയാണ് കപ്പൽ വെട്ടിക്കുന്നതെന്ന് കപ്പിത്താന്റെ മക്കൾ മനസ്സിലാക്കി. പീരങ്കിക്ക് തീ കൊളുത്തുന്നിടത്ത്‌ അവർ വൈക്കോൽ വാരിയിട്ട് തീയും പുകയും കാണാതാക്കി. അടുത്ത പീരങ്കിയുണ്ട കൃത്യമായി യുദ്ധക്കപ്പലിൽ തറച്ചു. പകതീർക്കാൻ ശത്രുക്കൾ  കുട്ടികളെ പിടിച്ചുകൊണ്ടുപോയി. അങ്ങനെ മദാമ്മ വിഷമിച്ചിരിക്കുന്ന സമയത്താണ്‌ ചിന്നത്തമ്പി അണ്ണാവി എത്തുന്നത്‌. അദ്ദേഹം ബ്രിജീനാ ചരിതം എഴുതുന്ന കാലം. എഴുതിത്തീരുമ്പോഴേക്കും കുട്ടികൾ തിരിച്ചെത്തുമെന്ന്‌ അണ്ണാവി. പ്രവചനം ഫലിച്ചു. ബ്രിജീന ചരിതം അരങ്ങേറുംമുമ്പ് മക്കൾ തിരിച്ചെത്തി.
 
ഈ കടലോര ഗ്രാമത്തിന്റെ സാംസ്‌കാരിക ചരിത്രം ഇത്തരം കഥകളുമായും ദേവാസ്‌തവിളി എന്ന ആചാരവുമായും കെട്ടുപിണഞ്ഞുകിടക്കുന്നു. രാത്രി പന്ത്രണ്ടോടെ ഓട്ടുമണിയും മരക്കുരിശുമായി വിജനമായ സ്ഥലത്താണ്‌ പ്രാർഥന. താഴേക്ക്‌ സൂക്ഷിച്ചുനോക്കുന്ന നക്ഷത്രങ്ങളെയും ഇവിടെയെന്താണെന്ന്‌ തിരക്കിയെത്തി മടങ്ങിപ്പോകുന്ന കടൽത്തിരകളെയും സാക്ഷിനിർത്തി, ക്രിസ്‌തുവിന്റെ പീഡാനുഭവ വിവരണം. രണ്ടുമണിക്കൂറോളം നീളുന്ന പ്രാർഥനാഗാനം. ഓട്ടുമണിയൊച്ചയുടെ അകമ്പടിയോടെ ഉച്ചത്തിലുള്ള പ്രാർഥന മുഴങ്ങുമ്പോൾ പിശാചുക്കൾ ഒഴിഞ്ഞുപോകുമെന്നും ദൈവാനുഗ്രഹം കൈവരുമെന്നും വിശ്വാസം. 40 വരിയുണ്ട്‌ ചെന്തമിഴിലുള്ള ‌പ്രാർഥനാഗീതത്തിന്‌‌. പെസഹാദിനത്തിൽ തുടങ്ങി രണ്ടുനാൾ നീളുന്ന ആ പ്രാർഥന നയിച്ചത്‌ പൗരാണിക ക്രിസ്‌ത്യൻ കലകളിൽ പ്രാവീണ്യം നേടിയിരുന്ന കൊച്ചൗസേപ്പ്‌. ദേവാസ്‌തവിളിയുടെ പ്രചാരകനകായ കൊച്ചൗസേപ്പ് ‌‌ ഓമനപ്പുഴയിൽ ചവിട്ടുനാടകം എന്ന കലാരൂപം പരിപോഷിപ്പിച്ചെടുത്ത ആശാൻ എന്ന നിലയ്‌ക്കും പ്രസിദ്ധൻ. കൊച്ചൗസേപ്പിന്റെ മകൻ റാഫേൽ അതിലും കേമൻ. ഓലകൊണ്ടു മറച്ച കളരിയിൽ പതിമൂന്നാം വയസ്സിൽ അഭ്യസനം തുടങ്ങി. ‘ബ്രിജീനാ ചരിത’ത്തിൽ ബ്രിജീനാ രാജ്ഞിയെ അവതരിപ്പിച്ചതോടെ ബ്രിജീനാ റാഫേൽ എന്നറിയപ്പെട്ടു. സംഘത്തലവനായ റാഫേൽ പിന്നെ ബ്രിജീനാ റാഫേൽ അണ്ണാവിയായി. അണ്ണാവിയെന്നാൽ അധ്യാപകൻ.
 
ബ്രിജീനാ റാഫേലിന്റെ മകൻ സൈമൺ ഓമനപ്പുഴയാണ് ഇന്ന്‌ ഈ കലാരംഗത്തെ ആചാര്യന്മാരിൽ പ്രമുഖൻ‌. കുട്ടപ്പനാശാൻ എന്ന്‌ എല്ലാവരും വിളിക്കും. പതിനഞ്ചാം വയസ്സിൽ ചുവടുവച്ചുതുടങ്ങിയ ചാരങ്കാട്ട്‌ വീട്ടിൽ കുട്ടപ്പന്‌‌ ചവിട്ടുനാടകത്തെ കൈവെടിയാനാകില്ല. സാമ്പത്തികനേട്ടമൊന്നും നോക്കാതെ ജീവിതം  അരങ്ങിന്‌ സമർപ്പിച്ചു. 68–-ാം വയസ്സിൽ ഓർമയുടെ കടൽത്തീരത്ത്‌ നിൽക്കുമ്പോൾ തികഞ്ഞ സംതൃപ്‌തിയാണ്‌ ആശാന്‌.
 
തമിഴ്‌ കേരളത്തിന്‌ തെക്ക് വ്യവഹാര ഭാഷയായിരുന്ന പ്രാചീനകാലം. കടലിൽ വള്ളമിറക്കി കൂറ്റൻ തിരമാലകളെ കീറിമുറിച്ച് ജീവിക്കാനായി പുറംകടലിലേക്ക് തുഴഞ്ഞുകയറിയ മനുഷ്യരുടെ കാലം. ആയാസം മറക്കാൻ അവർ പാടിയിരുന്ന പാട്ടുകളുടെ നേർത്ത ശീലുകൾ ചേർത്തുവച്ചാൽ അതൊരു സംസ്‌കാരമായി. മീനുമായി തിരിച്ചുവന്നു കടലോരങ്ങളിലെ കുടിലുകളിൽ തീപുകയുമ്പോൾ പാട്ടും കളിയുമായി അവരിലൂടെ കടാപ്പുറത്തെ ചവിട്ടുനാടകത്തട്ടിൽ കിലുത്താൻ പ്രഭുവും നത്താൻ പ്രഭുവും എല്ലാം പുനർജനിച്ചു. ഒരു കാലത്തെയും കലയെയും ഓർത്തെടുക്കുന്നു കുട്ടപ്പനാശാൻ.


ഷാജി എൻ കരുൺ സംവിധാനം ചെയ്‌ത കുട്ടിസ്രാങ്ക്‌ എന്ന സിനിമയിലെ കാറൽസ്‌മാൻ നാടകാവതരണത്തിൽ മമ്മൂട്ടിക്കൊപ്പം കുട്ടപ്പനാശാൻ (ഇടത്തേ അറ്റം)



ഓർമയിലെ അരങ്ങ്‌

 

അച്ഛന് 10 വയസ്സുള്ളപ്പോഴാണ് ചവിട്ടുനാടകം പഠിപ്പിക്കാൻ മിഖായേൽ  ആശാൻ എത്തുന്നത്‌. ബ്രിജീന ചരിതമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. ചവിട്ടുനാടക പാട്ടുകൾ കേട്ട്, ചുവടുകൾ കണ്ട് വളർന്ന ഞാനും അങ്ങനെ വളരെ സ്വാഭാവികമായി ഒരു ചവിട്ടുനാടക കലാകാരനായി.
 

ചവിട്ടുനാടകത്തിലെ സൂഫിധാര

 

ആത്മീയതയും കലയും ഇഴചേർന്ന് നിൽക്കുന്ന ഒരു കലാ സംസ്‌കാരമാണ് ലത്തീൻ കത്തോലിക്കാ സമൂഹം കൈയാളുന്നത്. അതിലൊന്ന് ദേവാസ്‌തവിളിയാണ്. പിന്നെ പിച്ചപ്പാട്ടും (പെസഹപ്പാട്ട് ) അണ്ണാവിപ്പാട്ടും ചവിട്ടുനാടകവും. ദേവാസ്‌തവിളി ഒരു പ്രാഗ് സംഗീതത്തിന്റെ ഈണത്തിലാണ് ആലപിക്കുക. കടലിൽ പോകുന്നവർക്കുള്ള ‘ഒരു പോർ കടലിങ്കരതന്നീരിൽ’ എന്ന് തുടങ്ങുന്ന ദേവാസ്‌തവിളിക്ക് ഒരു മേൽസ്ഥായിയിൽ വിഹരിക്കുന്ന വിരുതത്തിന്റെ ഛായണ്. പിച്ചപ്പാട്ടിന്‌ ദുഃഖം കലർന്ന ഒരു ഈണമാണ്‌. ഇവിടെനിന്നാണ് സൂഫിസത്തിന്റെ ദർശനവുമായി ഈ തീരദേശ സംഗീതം ഘടനയിൽ വിദൂരമെങ്കിലും സന്ദേശത്തിൽ വളരെ അടുത്ത് നമുക്കൊരു ബന്ധം തോന്നുന്നത്. ഭൗതികതയെ നിഷേധിക്കാതെതന്നെ അതിനെ ഒരു സാധ്യതയാക്കിക്കൊണ്ട് ദൈവത്തെ തേടിയുള്ള യാത്രയാണല്ലോ സൂഫിസം. പാട്ട് തീരദേശ സംസ്‌കാരത്തിന്റെ ഭാഗമാണ്. പിച്ചപ്പാട്ടിലെ 
‘ക്രിസ്‌തു പരാത്പ്പരനെ മുത്തിക്കൊടുത്ത യൂദ
ശത്രു സമൂഹമതിൽ വിത്തത്തിനായി ചതിയൻ...’’ എന്നുതുടങ്ങുന്ന ഭാഗത്ത്‌ യേശുവിനെതിരായുള്ള കുറ്റാരോപണവും ശിക്ഷയും കുരിശാരോഹണവും മരണവും അതിൽ മനോഹരമായി പാടി അനുഭവിപ്പിക്കുന്നുണ്ട്. മനോഹരമായ ഒരു ഡോക്കുമെന്റേഷൻ. 27 മുള്ളുള്ള മുൾക്കിരീടം ശിരസ്സിൽ അടിച്ചിറക്കുമ്പോൾ ചോര തെറിക്കുന്ന കർത്താവിന്റെ മുഖം. ഉരിഞ്ഞെറിയുന്ന വസ്‌ത്രങ്ങൾ, മെലിഞ്ഞ ശരീരത്തിൽ തെളിഞ്ഞുകാണുന്ന നീല ഞരമ്പ്‌. വൈകിട്ട് കൃത്യം മൂന്നിന്‌ യേശുവിനെ കുരിശേറ്റുന്നു. ക്ഷീണിതമായ ആ ശിരസ്സ്‌ മെല്ലെ മെല്ലെ ചുമലിലേക്ക് ചായുന്നു. സത്യത്തിൽ ഇതൊക്കെ പിച്ചപ്പാട്ടിലെ സൂഫിസത്തിന്റെ സ്‌പന്ദനങ്ങളാണ്.
 

ബ്രിജീനാ ചരിതം

 
രണ്ട് തലമുറ പാടിക്കളിച്ചതുകൊണ്ടാകണം ഞങ്ങൾക്ക് ചിന്നത്തമ്പി അണ്ണാവി എഴുതിയ ആ കഥയോട് വല്ലാത്തൊരു ഹൃദയബന്ധം. തമിഴ്‌നാട്ടുകാരനായ ചിന്നത്തമ്പി അണ്ണാവിയിലൂടെയാണ്‌ ചവിട്ടുനാടകം കേരളത്തിലെത്തുന്നത്‌. 17 വർഷം കൊച്ചിയിലും കൊടുങ്ങല്ലൂരിലും അദ്ദേഹം താമസിച്ചിട്ടുണ്ടത്രേ. ആലപ്പുഴ കടപ്പുറത്ത്‌ വന്നപ്പോൾ മരിയൻ കപ്പിത്താന്റെ അതിഥിയായി താമസിച്ചാണ്‌ ‘ബ്രിജീനാചരിതം’ പൂർത്തിയാക്കിയതെന്നും കേൾക്കുന്നുണ്ട്‌. ചവിട്ടുനാടക ചരിത്രത്തിൽ ആദ്യം കേട്ടറിവുള്ള നാടകം കാറൽസ്‌മാൻ ചരിതമാണ്‌. യുദ്ധവും പിടിച്ചടക്കലുമാണ് പ്രമേയം, മതവും ആത്മീയതയുമല്ല. യൂറോപ്യൻ ഭരണാധികാരി കാറൽസ്‌മാന്റെയും 12 പടനായകരുടെയും കഥ‌. പക്ഷേ, ബ്രിജീന നാടകം മൂല്യബോധം സൃഷ്ടിച്ചെടുക്കാനുള്ള മാധ്യമംതന്നെയാണ്‌. ഏതു മതബോധനത്തെയുംപോലെ സ്‌ത്രീയുടെ സ്വഭാവശുദ്ധി കേന്ദ്രീകരിച്ചാണ് ബ്രിജീനയിലെ മൂല്യബോധവും വളരുന്നത്‌. ഹംഗറിയിലെ രാജകുമാരിയായ ബ്രിജീനയെ റോമാ ചക്രവർത്തി ലോതോന്യൻ വിവാഹം കഴിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ആൾവാൻ ബ്രിജീനയെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിക്കുന്നു. അവൾ വിസമ്മതിക്കുമ്പോൾ അവളിൽ സ്വഭാവദൂഷ്യം ആരോപിച്ച് കൊല്ലാൻ കൽപ്പിക്കുന്നു. അവൾ പരിശുദ്ധ മാതാവിനെ പ്രാർഥിക്കുന്നു. കാട്ടിൽനിന്ന്‌ പ്രഭുവായ കിലുത്താൻ അവളെ രക്ഷിച്ച് തന്റെ രാജ്യത്തേക്ക് കൊണ്ടുപോകുന്നു. അവിടെവച്ചും ബ്രിജീന പ്രഭുവിന്റെ അനിയനിൽനിന്ന്‌ ഇതേ ആക്രമണം നേരിടുന്നു. വിജനമായ ദ്വീപിൽ ഉപേക്ഷിക്കപ്പെട്ട അവൾക്ക് ദേവമാതാവ് പ്രത്യക്ഷപ്പെട്ട്‌, മറ്റുള്ളവർക്ക് രോഗശാന്തി നൽകുന്ന ദിവ്യ ഔഷധം സമ്മാനിക്കുന്നു. അതിലൂടെ ദ്വീപിൽനിന്ന്‌ രക്ഷപ്പെട്ട ബ്രിജീന സന്യാസിനിയാകുന്നു. അവസാനം റോമിൽ വേഷപ്രച്ഛന്നയായി താമസിച്ച്‌ കഥാന്ത്യത്തിൽ സ്വത്വം വെളിപ്പെടുത്തുന്നു. ചാരിത്രശുദ്ധി തെളിയിക്കേണ്ടതിന്റെ പ്രാധാന്യം, അത് സാധ്യമാക്കാനുള്ള ആത്മീയമാർഗങ്ങൾ, പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ആത്മീയശിക്ഷണം–- അങ്ങനെ മതബോധനത്തിന്റെ എല്ലാ ആവശ്യകതകളും ഈ നാടകം വൃത്തിയായി നിർവഹിക്കുന്നുണ്ട്.
 

കഥപറച്ചിലിന്റെ സംസ്‌കാരം

 

ബ്രിജീനാചരിതത്തിൽ ബ്രിജീന വേഷപ്രച്ഛന്നയായി റോമിൽ കഴിയുകയാണ്‌. ബ്രിജീന വധിക്കപ്പെട്ടെന്നു കരുതി ഹംഗറി മന്ത്രിയായ മതിവല്ലോന്റെ നേതൃത്വത്തിൽ റോം ആക്രമിക്കുന്നു. പൊരുതിക്കയറി മതിവല്ലോൻ റോമാ ചക്രവർത്തി ലോതോന്യന്റെ സിംഹാസനത്തിനരികിൽ എത്തുന്നു. വാളെടുത്ത്‌ ഊരി വെട്ടാൻ ഓങ്ങിനിൽക്കുന്നു. തൊട്ടടുത്ത നിമിഷം ലോതോന്യന്റെ കഴുത്ത്‌ വാളിന്റെ മൂർച്ച അറിയും. ആ നിമിഷം പിന്നിൽനിന്ന്‌ സ്‌ത്രീശബ്ദം‐ ‘‘മതിവല്ലോൻ!!’’ കൊച്ചു കുഞ്ഞായിരിക്കുമ്പോൾ ബ്രിജീനയെ ചുമലിലിരുത്തി കളിപ്പിച്ച, അവളെ കണ്ണിലെ കൃഷ്‌ണമണിപോലെ സ്‌നേഹിച്ച മതിവല്ലോൻ ശബ്ദം തിരിച്ചറിയുന്നു. മരിച്ചെന്നു കരുതിയ ബ്രിജീന!! വാൾ വലിച്ചെറിഞ്ഞ് മതിവല്ലോൻ ബ്രിജീനയുടെ മുന്നിൽ കുമ്പിടുന്നു. അതാണ്‌ കഥപറച്ചിലിന്റെ മിടുക്ക്. ഇങ്ങനെ മനസ്സിൽ കൊത്തിയിടുന്ന നിരവധി സന്ദർഭങ്ങളാണ് നാടക സാങ്കേതത്തേക്കാൾ ബോധനധർമം നിർവഹിക്കുന്നത്.

കുട്ടപ്പനാശാൻ ഭാര്യ ത്രേസ്യാമ്മ, മക്കൾ അഭിലാഷ്‌, സൗമ്യ, ഗീതു, പേരമകൻ ഏബൽ  എന്നിവർക്കൊപ്പം

കുട്ടപ്പനാശാൻ ഭാര്യ ത്രേസ്യാമ്മ, മക്കൾ അഭിലാഷ്‌, സൗമ്യ, ഗീതു, പേരമകൻ ഏബൽ 

എന്നിവർക്കൊപ്പം







അരങ്ങിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ 

ഒരിക്കൽ കൃപാസനം സംഘത്തോടൊപ്പം തമിഴ്‌നാട്ടിൽ പോയി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള കലാരൂപങ്ങളുമുണ്ട്. യാത്രകളിൽ സംഘാംഗങ്ങളുടെ എണ്ണം കുറയ്‌ക്കാൻ ഞങ്ങൾ കാസറ്റ് വച്ചാണ് കളിക്കാറുള്ളത്. അവിടെ സംഘാടകർ അത് സമ്മതിച്ചില്ല. സംഘത്തിൽ പാടുന്നയാൾ ഞാൻമാത്രം. ഞാൻ തിമിർത്തു പാടി. വാദ്യങ്ങൾ ഇല്ലാതെ പിന്നണിയിലുള്ള എന്റെ വായ്‌പാട്ടിന്റെ ബലത്തിൽമാത്രം കുഴിതാളത്തിന്റെ താളത്തിൽ അന്ന് ചവിട്ടുനാടകം ഭംഗിയായി അരങ്ങേറി. അത്രയും ആയാസംനിറഞ്ഞ അരങ്ങ്. മടങ്ങുമ്പോൾ എനിക്ക് ഹൃദയാഘാതംവന്നു. ഗുരുതരാവസ്ഥയിൽ നേരെ ആശുപത്രിയിേലക്ക്‌.

 

ചവിട്ടുനാടകത്തിന്റെ ഭാവി

 

ആശങ്കയില്ല. അത് അതാതു കാലത്തിന്റെ രീതിയിൽ നിലനിൽക്കും. യുവജനോത്സവം വഴി എത്രയോ അരങ്ങുകൾ കൈവരുന്നു. പൂർണരൂപത്തിൽ അല്ലെങ്കിലും പുതുതലമുറ ഇതിലൂടെ ഈ കലാരൂപത്തെ കൊണ്ടുനടക്കുന്നു. താളാത്മകമാണ്‌ നാടകഭാഷ. തുടക്കംമുതൽ ഒടുക്കംവരെ പാട്ട്‌‌. ഇടയ്‌ക്കിടെ സംഭാഷണങ്ങൾ. അഭിനയത്തിനൊപ്പം പ്രാധാന്യമുണ്ട്‌ കൈമുദ്രകൾക്കും കൺചലനങ്ങൾക്കും ചുവടുകൾക്കും. ചുവടൊന്നും പിഴയ്‌ക്കരുത്‌. പിന്നണി ഗായകർക്കൊപ്പം അഭിനയിക്കുന്നവരും പാടണം. ആറുമണിക്കൂർവരെ ദൈർഘ്യമുണ്ടായിരുന്നു പണ്ട്‌. ഇന്നത്‌ ഒരു മണിക്കൂറിലൊതുങ്ങി. തുടർച്ചയായി നാലഞ്ചുദിവസം നാടകം കളിച്ചിരുന്ന കാലവുമുണ്ട്.
 

സങ്കേതങ്ങളിലെ വ്യത്യസ്‌തത

 

വീതിയേക്കാൾ നീളമുണ്ട്‌ വേദിക്ക്‌. 25–-30 നർത്തകർ. വേഷഭൂഷാദികൾക്കും രംഗസജ്ജീകരണത്തിനുമൊക്കെ യൂറോപ്യൻ മട്ട്‌. ചവിട്ടുമ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കുന്ന മട്ടിൽ സജ്ജീകരിച്ചിട്ടുള്ള തട്ടാണ്‌ വേദി. അതുകൊണ്ടാകാം ‘തട്ടുപൊളിപ്പൻ നാടകം’ എന്ന പേര്‌. വേദിയിൽ ഗോവണികളുമുണ്ടാകും. വിളക്കിനടുത്ത്‌ ആശാനും മേളക്കാരും. വശങ്ങളിലെ തിരശ്ശീല നീക്കിയാണ്‌ അഭിനേതാക്കളെത്തുക. വേദിക്കു മുകളിൽ പ്രകാശം ചൊരിഞ്ഞ്‌ വിളക്കുകളുടെ നിര. രാജാവാണ്‌ പ്രധാന കഥാപാത്രം. ഒപ്പം മന്ത്രിക്കും സ്ഥാനമുണ്ട്‌. സൂത്രധാരന്മാരുടെ വേഷംകെട്ടുന്നത്‌ ബാലന്മാരായിരിക്കും. വിദൂഷകനുമുണ്ട്‌ മുഖ്യമായ പങ്ക്‌. കാണികളെ ആകർഷിക്കുംവിധം നായാട്ടും യുദ്ധവും വീരപരാക്രമങ്ങളുമൊക്കെയുണ്ടാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ നന്മയും സദാചാരവും ഒടുവിൽ വിജയം നേടുന്നു. മംഗളസ്‌തുതിയോടെയാണ്‌ സമാപനം.
 
പോർട്ടുഗീസുകാരുടെ വരവോടെയാണ്‌ ചവിട്ടുനാടകത്തിന്‌ പ്രചാരണം ലഭിച്ചത്‌. സ്വന്തം നാട്ടിലെ കഥകളാണ്‌ അവർ തെരഞ്ഞെടുത്തത്‌. ബൈബിളിനെ ആസ്‌പദമാക്കി ‘ഔസേപ്പിന്റെ മക്കൾ’ എന്നൊരു നാടകവുമുണ്ട്‌. ചെന്തമിഴിൽ ജ്ഞാനമുണ്ടാകണം അഭിനേതാക്കൾക്ക്‌. വ്യത്യസ്‌ത രാഗങ്ങളുള്ളതാണ്‌‌ പാട്ട്‌. ഇന്നിശൈ, താളിശൈ, ഒറ്റകം, വെൺപ, വല്ലം, കലത്തുറൈ തുടങ്ങി അനേകം‌ രാഗങ്ങൾ. ഹാർമോണിയം, മൃദംഗം, ഡോലക്ക്‌, ഗഞ്ചിറ തുടങ്ങിയവയുടെ അകമ്പടിയും. രംഗസജ്ജീകരണത്തിന്‌ വിവിധതരം കർട്ടനുകളും.
 
കാറൽസ്‌മാൻ ചരിതത്തിലെ തുർക്കി രാജാവിന്റെ മന്ത്രിയുടെ വേഷത്തിനാണ്‌ ഏറെ കൈയടി കിട്ടിയത്‌. ആ വേഷം ഷാജി എൻ കരുണിന്റെ ‘കുട്ടിസ്രാങ്ക്‌’ എന്ന സിനിമയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. നാടകത്തിനുവേണ്ട രാജകീയമായ ഉടയാടകൾ തുന്നുന്നത്‌ മക്കൾ സൗമ്യയും ഗീതുവും അഭിലാഷുമൊക്കെത്തന്നെ. ചമയങ്ങളുടെ ചുമതല മകൻ അഭിലാഷിനാണ്‌. ഭാര്യ ത്രേസ്യാമ്മയും സഹായിക്കും.
 
മാരാരിക്കുളത്തെ കൃപാസനത്തിൽവച്ചാണ്‌ സി ആർ സൈമൺ എന്ന കുട്ടപ്പൻ കുട്ടപ്പനാശാനാകുന്നത്‌. കുട്ടികളും മുതിർന്നവരുമടക്കം ധാരാളം പേരെ ചവിട്ടുനാടകം പഠിപ്പിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. കൃപാസനം ഡയറക്ടർ ഫാദർ വി പി ജോസഫ്‌ നൽകിയ സേവനം  വിലമതിക്കാനവാത്തതാണ്‌. അദ്ദേഹത്തിന്റെ പരിശ്രമംകൊണ്ടാണ്‌ 2012ൽ സ്‌കൂൾ കലോത്സവത്തിലേക്ക്‌ ചവിട്ടുനാടകം ചുവടുവച്ചത്‌. അതിനുശേഷം ഏതാണ്ടെല്ലാ ജില്ലകളിലെയും സ്‌കൂളുകളിലെ കുട്ടികൾക്ക്‌  ചവിട്ടുനാടകം പഠിപ്പിക്കാൻ സാധിച്ചു. 
 
ചവിട്ടുനാടകമൊന്നും പുസ്‌തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. കാറൽസ്‌മാൻ ചരിതം, ബ്രിജീനാ ചരിതം, ഗീവർഗീസ്‌ ചരിതം, ദാവീദ്‌ വിജയം, വീരകുമാരൻ ചരിതം തുടങ്ങി ഒട്ടേറെയുണ്ട്‌ നാടകങ്ങൾ. അന്തോണിക്കുട്ടി അണ്ണാവി, വറിയത്‌ അണ്ണാവി, ജോൺ അണ്ണാവി, കോര ആശാൻ തുടങ്ങിയവർ ചിന്നത്തമ്പി അണ്ണാവിയുടെ പിൻഗാമികളായ രചയിതാക്കളിൽ ശ്രദ്ധേയരാണ്‌.
സാങ്കേതിക ഉപദേശം: കെ രാമചന്ദ്രൻ (കേളി മുംബൈ)












ശരത്‌ചന്ദ്രലാൽ Saratchandralal5@gmail.com Updated: Sunday Oct 4, 2020
Read more: https://www.deshabhimani.com/special/drama/898876

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive