Tuesday, May 05, 2020

കേരളം ജയിക്കുകയാണ്


ന്യൂയോർക്കിനെയും ലണ്ടനെയുമെല്ലാം മറികടന്ന് കേരളം ലോകമാതൃക സൃഷ്ടിക്കുന്നത് എങ്ങനെ-
മുരളി തുമ്മാരുക്കുടി എഴുതുന്നു
കേരളത്തേക്കാൾ കുറഞ്ഞ ജനസംഖ്യയാണ് ന്യൂയോർക്കിലും ലണ്ടനിലേതുമെങ്കിലും, കൊറോണ കേസുകൾ ഏറെ കൂടുതലാണ്.
ദശ ലക്ഷം ജനസംഖ്യക്ക് 1315 പേർ ന്യൂ യോർക്കിലും ദശ ലക്ഷം ജനസംഖ്യക്ക് 647പേർ ഗ്രെയ്റ്റർ ലണ്ടനിലും മരിച്ചപ്പോൾ കേരളത്തിലെ മരണ സംഖ്യ ദശ ലക്ഷത്തിന് 0.09 ആണ്.
മുരളി തുമ്മാരുക്കുടി എഴുതുന്നു 

കേരളമെന്നു കേട്ടാൽ..

കേരളത്തിലെ കൊറോണ ഡാഷ്‌ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ്

എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല.

ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ നോക്കൂ

മൊത്തം ജനസംഖ്യ 33,406,000
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം - ജനുവരി മുപ്പത്
മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം - 499
മൊത്തം മരണ സംഖ്യ - 3

ഇതേ സമയം അമേരിക്കയിലെ ന്യൂ യോർക്ക് സ്റ്റേറ്റിലെ കണക്കെടുക്കാം

മൊത്തം ജനസംഖ്യ 19,453,561
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം മാർച്ച് ഒന്ന്
മെയ് നാലിലെ കേസുകളുടെ എണ്ണം - 318,953
മരണ സംഖ്യ - 24988

ഇനി ഗ്രെയ്റ്റർ ലണ്ടനിലെ കണക്ക് നോക്കാം

മൊത്തം ജനസംഖ്യ 8,174,000
ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം ഫെബ്രുവരി പന്ത്രണ്ട്.
മെയ് നാലിന് കേസുകളുടെ എണ്ണം 24,988
മരണ സംഖ്യ - 5,178

രണ്ടു പ്രദേശത്തും കേരളത്തേക്കാൾ ജനസംഖ്യ കുറവാണ്, പക്ഷെ കേസുകളുടെ എണ്ണം ഏറെ കൂടുതൽ. അത് കൂടുതൽ ടെസ്റ്റ് ചെയ്തത് കൊണ്ടാണെന്ന് ഉടൻ പറയുന്നവർ ഉണ്ടാകും, സത്യവുമാണ്. പക്ഷെ മരണത്തിന്റെ കണക്കെടുക്കൂ, അതിൽ ടെസ്റ്റിംഗിന് പ്രാധാന്യം ഒന്നുമില്ലല്ലോ.

ദശ ലക്ഷം ജനസംഖ്യക്ക് ആയിരത്തി മുന്നൂറ്റി പതിനഞ്ചു പേർ ന്യൂ യോർക്കിലും ദശ ലക്ഷം ജനസംഖ്യക്ക് അറുന്നൂറ്റി നാല്പത്തി ഏഴുപേർ ഗ്രെയ്റ്റർ ലണ്ടനിലും മരിച്ചപ്പോൾ കേരളത്തിലെ മരണ സംഖ്യ ദശ ലക്ഷത്തിന് 0.09 ആണ്.

ഇതൊരു മത്സരം ഒന്നുമല്ല, പക്ഷെ ലോകത്തിൽ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മറ്റൊരു പ്രാവശ്യയിലും ഇത്രയും നേരത്തെ കൊറോണ എത്തിയിട്ടും ഇതുപോലെ താഴ്ന്ന മരണ നിരക്കുള്ളതായി ഞാൻ ശ്രദ്ധിച്ചിട്ടില്ല. തിരിച്ച് അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിൽ പറയണം. പഠിക്കാനാണ്.

ഇനി ഈ സ്ഥലങ്ങളിലെ വരുമാനവും ഡോക്ടർമാരുടേയും ആശുപത്രി കിടക്കകളുടെയും ഒക്കെ എണ്ണം കൂടി നോക്കാം

കേരളം

ആളോഹരി വരുമാനം - 2937 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) - 1.8
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) - 1.7

ന്യൂ യോർക്ക് സ്റ്റേറ്റ്

ആളോഹരി വരുമാനം - 88,981 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) - 3.06
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) - 3.75

ഗ്രെയ്റ്റർ ലണ്ടൻ

ആളോഹരി വരുമാനം - 68108 ഡോളർ
ആശുപത്രി കിടക്കകൾ (ആയിരത്തിന്) 2.92
ഡോക്ടർമാരുടെ എണ്ണം (ആയിരത്തിന്) 3.3

അപ്പോൾ മറ്റിടങ്ങളിലെ ഇരുപതിലൊന്നിലും താഴെ വരുമാനവും (ആളോഹരി) പകുതിയിൽ താഴെ ആശുപത്രി സൗകര്യങ്ങളും ആയിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

എന്തുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതിന് ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ ഉണ്ടാകാം. മുഖ്യമന്ത്രിക്ക് ഒട്ടും ക്രെഡിറ്റ് കൊടുക്കേണ്ട എന്നവർക്ക് കേരളത്തിലെ ചൂടും ഹ്യൂമിഡിറ്റിയും ഒക്കെയാണ് കാരണം എന്ന് പറയാം. മുഖ്യമന്ത്രിക്ക് തന്നെ എല്ലാ ക്രെഡിറ്റും കൊടുക്കാനുള്ളവർക്ക് മുഖ്യമന്ത്രിയുടെ നേതൃത്വം ആണ് കാരണം എന്ന് പറയാം, പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കണമെന്നനുളളവർക്ക് ലോക്ക് ഡൗണിന് എല്ലാ ക്രെഡിറ്റും കൊടുക്കാം. ശാസ്ത്രീയമായി ചിന്തിക്കുന്നവർക്ക് ഇതും മറ്റു പലതും കാരണങ്ങൾ ആയി ഉണ്ടാകാം. ഞാനും ഈ വിഷയം പഠിക്കുന്നുണ്ട്. എനിക്ക് എന്റെ നിഗമനങ്ങൾ ഉണ്ട്. പക്ഷെ അത് ഇവിടെ വിശദീകരിക്കുന്നതിൽ കാര്യമില്ല, അതിനുള്ള സ്ഥലമോ സമയമോ അല്ല ഇത്.

പക്ഷെ ഒന്ന് നമുക്ക് ഉറപ്പിക്കാം. ലോകോത്തരമായ ഒന്ന്, ലോകത്തിന് മാതൃകയായ ഒന്ന് കേരളം നേടിയിട്ടുണ്ട്. അത് ലോകം ശ്രദ്ധിക്കുന്നുണ്ട്, കാലങ്ങളിൽ ഇത് മെഡിക്കൽ പുസ്തകങ്ങളിൽ കേസ് സ്റ്റഡി ആകും. അതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

പക്ഷെ ആ മാതൃക ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. അത് നിങ്ങളുടെ ജീവൻ ആകാം, എന്റെ ആകാം, നമ്മുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെയാകാം. അത് നമ്മൾ ഒരിക്കലും അറിയില്ല. അതാണ് ദുരന്ത നിവാരണത്തിന്റെ രീതി. മരണം ഒന്നും നടന്നില്ലെങ്കിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയും നടപ്പിലാക്കിയ മുഖ്യമന്ത്രിയെയും ഒക്കെ നമുക്ക് കുറ്റം പറയാം. 'വല്ല ആവശ്യവും ഉണ്ടായിരുന്നോ!'.

കൊറോണയുടെ രണ്ടാം വരവിലും കേരളം മേൽക്കൈ നേടി. ഇനിയുള്ളത് മൂന്നാം വരവാണ്.

മറ്റുനാടുകളിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കേരളത്തിൽ ഇനിയും കേസുകൾ ഉണ്ടാകും എന്നത് ഉറപ്പാണ്.കുറച്ചു പേരെങ്കിലും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറി അത് വേണ്ടതിൽ കൂടുതൽ വഷളാക്കും എന്നും പ്രതീക്ഷിക്കാം.

രണ്ടുമാസത്തോളമായി ലോക്ക് ഡൌൺ ആയിട്ട്, വ്യക്തികളുടേയും കുടുംബങ്ങളുടെയും സാമ്പത്തികവും മാനസികവുമായ റിസർവ്വ് ഒക്കെ കുറഞ്ഞു തുടങ്ങി. ജൂൺ ആയി സ്‌കൂൾ തുറന്നില്ലെങ്കിൽ എൻട്രൻസ് പരീക്ഷകളും അഡ്മിഷനും നടന്നില്ലെങ്കിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസിക സംഘർഷം കൂടും. ഇതിന് മുകളിലാണ് മഴയും മഴക്കാല പനിയും വരാനുള്ളത്.

റിലാക്‌സ് ചെയ്യാൻ ഒട്ടും സമയമില്ല, അല്പസമയം റിലാക്‌സ് ചെയ്യാതെ പറ്റുകയുമില്ല. ഇതാണ് ഇനി വരുന്ന ദിവസങ്ങൾ.

കൊറോണയുടെ ആദ്യകാലത്തേ ഞാൻ പറഞ്ഞത് പോലെ കൊറോണ ട്വൻറി ട്വൻറി മാച്ച് അല്ല, ടെസ്റ്റ് മച്ചാണ്. ഇനിയും ഇന്നിങ്സുകൾ ഉണ്ടാകും, രണ്ടാം റൗണ്ടിലെ ജയം നമുക്ക് സന്തോഷം നൽകണം, പക്ഷെ ജീവിതം 'സാധാരണ നില' യിൽ ആകുമെന്നുള്ള പ്രതീക്ഷ തന്നെ ഏറെ നാളത്തേക്ക് മാറ്റിവക്കുന്നതാണ് നല്ലത്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ആയിരങ്ങളുടെ ജീവൻ രക്ഷിക്കാം എന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. ഇനി വരുന്ന കൊറോണയുടെ തിരമാലകളിലും ഇതേ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ ലോകം ആദരവോടെ നോക്കിക്കാണുന്ന ഒരു സ്ഥലമായി കേരളം മാറും. മാറ്റണം.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive