Thursday, April 09, 2020

കോവിഡ് കാലത്തെ അയൽ‌പക്ക കടകൾ...അശ്വതി റബേക്ക അശോക്‌ എഴുതുന്നു




അശ്വതി റബേക്ക അശോക്‌
അശ്വതി റബേക്ക അശോക്‌


ആമസോണിന്റെയും, ഫ്ലിപ്പ്ക്കാർട്ടിന്റെയും, സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയുമൊക്കെ ബാഗും ധരിച്ചുകൊണ്ട് ചീറിപ്പായുന്ന ബൈക്കുകളും വാനുകളുമൊക്കെ നഗരങ്ങളിലെ റോഡുകൾ കീഴടക്കിയിരുന്ന ഒരു കാലത്താണ് പെട്ടെന്ന് ഒരു വൈറസ് നമ്മുടെ ജീവിതങ്ങളെയൊക്കെ നിശ്ചലമാക്കിയത്. ഒരൊറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ആവശ്യമുള്ളതെല്ലാം എത്തുമെന്ന് പത്തുവർഷങ്ങൾക്ക് മുമ്പ് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നമ്മൾ വിശ്വസിക്കുമായിരുന്നോ? ചുരുങ്ങിയ ചില വർഷങ്ങൾക്കുള്ളിൽ സാങ്കേതികവിദ്യയും, വിപണിയുമൊക്കെ നമ്മുടെ ഉപഭോഗരീതികളെ എങ്ങനെയൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മളിൽ പലരും (പ്രത്യേകിച്ച് മധ്യവർഗവിഭാഗവും അതിനു മുകളിലുമുള്ളവർ) ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും, സൂപ്പർമാർക്കറ്റ്, ഹൈപ്പർ-മാർട്ട് പോലെ എല്ലാം ഒരുമിച്ചു കിട്ടുന്ന കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നവരല്ലേ (അവ വീട്ടിൽ നിന്ന് അല്പം ദൂരക്കൂടുതലാണെങ്കിലും). പലചരക്കു കടയും, പച്ചക്കറി കടയും, മീൻ വിൽക്കുന്ന സ്ഥലവുമൊക്കെ വീടിന്റെ അടുത്തു തന്നെയുണ്ടെങ്കിലും, പല പല കടകൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ടാലോചിക്കുമ്പോൾ തന്നെ നമ്മൾ ആ പദ്ധതി ഉപേക്ഷിക്കാറില്ലേ. അപ്പുറത്തുമിപ്പുറത്തുമൊക്കെ പുതിയ പുതിയ സൂപ്പർമാർക്കറ്റ് തുറന്നപ്പോൾ നമ്മളൊക്കെ അങ്ങോട്ടോടിയില്ലേ?അത്രയും നാൾ നമ്മുടെ വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ തന്നുകൊണ്ടിരുന്ന അപ്പുറത്തെ പലചരക്കുകടയിലെ ചേച്ചിക്ക് കച്ചവടമില്ലാതെ കട പൂട്ടേണ്ടിവന്നത് ശ്രദ്ധിക്കേണ്ട ആവശ്യം നമുക്കില്ലായിരുന്നല്ലോ.
പക്ഷേ, ഇതുവരെ നമ്മളാരും അനുഭവിക്കാത്ത തരത്തിലുള്ള ഒരു ആഗോള മഹാമാരിയും, അതിനെത്തുടർന്നുണ്ടായ ഈ ലോക്ക്ഡൌണുമൊക്കെ, ഇത്രയും നാൾ വളരെ സൌകര്യപൂർവം മറന്നുവെച്ചിരുന്ന പല ചെറിയ കാര്യങ്ങളെക്കുറിച്ചും നമ്മളെ ചിന്തിപ്പിക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് നമ്മളിൽ പലരും സാധാരണ പോകാറുള്ള സൂപ്പർമാർക്കറ്റിലേക്ക് ഓടിയിട്ടുണ്ടാകാം. അടഞ്ഞുകിടക്കുന്ന കടയോ അല്ലെങ്കിൽ അവിടത്തെ ബില്ലിംഗ് കൌണ്ടറിനു മുന്നിലെ നീണ്ടനിരയോ കണ്ട് അമ്പരന്നിട്ടുണ്ടാകാം. നിരാശയോടെ അപ്പുറത്തെ ചേച്ചിയുടെ കൊച്ചു പലചരക്കുകടയിലേക്ക് പഴയ പോലെ പോയിട്ടുണ്ടാകാം. ചേച്ചിയോടു വീട്ടുവിശേഷങ്ങളൊക്കെ പറഞ്ഞ് പരിചയം പുതുക്കി ലോക്ക്ഡൌൺ കാലത്തേക്ക് വേണ്ട സ്റ്റോക്ക് അവിടെയുണ്ടാകുമെന്ന് സൂത്രത്തിൽ ഉറപ്പുവരുത്തിയിട്ടുമുണ്ടാകാം. ഈ ചെറിയ കട ഈ പ്രതിസന്ധിഘട്ടം എങ്ങനെ തരണം ചെയ്യുമെന്ന് അദ്ഭുതം കൂറിയിട്ടുമുണ്ടാകാം.
ചേച്ചിയും ചേട്ടനുമൊക്കെ നടത്തുന്ന ഇത്തരം ചെറിയ കടകൾ ഈ പ്രതിസന്ധിഘട്ടത്തെ തരണംചെയ്യുന്നതിന് നമ്മളെ സഹായിച്ചിട്ടുണ്ടോ? ഈ കാലം കടന്നുപോയാലും ഈ കടകളെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ? ലോക്ക്ഡൌൺ തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷം ചില്ലറവില്പനമേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു പേരോട് നടത്തിയ സൌഹൃദസംഭാഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചില ചോദ്യങ്ങളാണ് ഇവ. ഒരാൾ വീടിനടുത്തുള്ള പലചരക്ക് കടയുടെ ഉടമ, റഫീക്കിക്ക. രണ്ടാമത്തെയാൾ, തൊട്ടടുത്തുള്ള ജംഗ്ഷനിൽ മാടക്കട നടത്തുന്ന രാജൻ ചേട്ടൻ. മൂന്നാമത്തെയാൾ എന്റെ ഒരു ബാല്യകാലസുഹൃത്ത് അനസ്, ആ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമ. (പേരുകളെല്ലാം സാങ്കല്പികമാണ്).
റഫീക്കിക്ക കൊല്ലങ്ങളായി ഇതേ സ്ഥലത്ത് തന്നെ കട നടത്തുന്നയാളാണ്. ലോക്ക്ഡൌൺ കാലത്തെ കച്ചവടത്തെക്കുറിച്ച് പറയുമ്പോൾ പുള്ളിക്ക് അങ്കലാപ്പുള്ളതായി തോന്നിയില്ല. “എനിക്ക് പഴയ പോലെ തന്നെ സാധനങ്ങൾ കിട്ടുന്നുണ്ട്. സത്യത്തിൽ ലോക്ക്ഡൌൺ തുടങ്ങിയതിൽപ്പിന്നെ സാധനങ്ങൾ വാങ്ങാൻ എന്റടുത്തുവരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നേരത്തെ അവരൊക്കെ ജോലി കഴിഞ്ഞു വരുന്ന വഴി മറ്റെവിടെ നിന്നെങ്കിലുമൊക്കെ വാങ്ങുമായിരുന്നു. ഇപ്പോൾ എല്ലാവരും വീട്ടിലിരിപ്പല്ലേ. അപ്പോൾ ഞാൻ തന്നെ ആശ്രയം.” കച്ചവടം കുറഞ്ഞ ദിവസങ്ങളിൽപ്പോലും വലിയ നഷ്ടമില്ലാതെ കട തുറന്നുവെക്കാൻ ഇദ്ദേഹത്തെ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. കണ്ണഞ്ചിക്കുന്ന ഇന്റീരിയറൊക്കെയുള്ള വലിയ വലിയ സൂപ്പർമാർക്കറ്റുകൾക്ക് അപ്രാപ്യമായ ചില ഘടകങ്ങൾ. ഏറ്റവും പ്രധാനപ്പെട്ടത്, കട തുറന്നുവെക്കാനാവശ്യമായ ചെലവ് (operating cost) വളരെ കുറവാണെന്നതു തന്നെ. റഫീക്കിക്കയും മകൾ ഫെബ്‌നയും കൂടിയാണ് വീടിനടുത്തുള്ള ഈ ചെറിയ കട നടത്തുന്നത്. അതുകൊണ്ടുതന്നെ ശമ്പളം കൊടുക്കുന്ന വിഷയമൊന്നും ഉദിക്കുന്നില്ല. രണ്ടാമത്തെ ഘടകം സ്ഥിരമായ ഉപഭോക്താക്കളാണ്. ഏതു പ്രതിസന്ധികാലത്തും അവർ അദ്ദേഹത്തെ തന്നെയായിരിക്കും ആശ്രയിക്കുക. അവരോടൊക്കെ വ്യക്തിപരമായ ബന്ധം ഉള്ളതുകൊണ്ടുതന്നെ അവർക്കാവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും റഫീക്കിക്കയായിരിക്കും. തന്റെ ചെറിയ കടയിലെ കുറഞ്ഞ സ്ഥലത്ത് ആ പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മുഴുവൻ ഒതുക്കിവെക്കാനുള്ള കഴിവ് അപാരം തന്നെ. “എന്തെങ്കിലും പ്രത്യേക സാധനങ്ങൾ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ ഞാൻ ഒരു ദിവസം കൊണ്ട് വരുത്തി നൽകും. അതുകൊണ്ട് എല്ലാം ഞാനിവിടെ കുത്തിനിറച്ചുവെക്കേണ്ട ആവശ്യമില്ല.” റഫീക്കിക്ക ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി. ഉയർന്ന മൂലധനനിക്ഷേപം (കടയ്ക്ക് വേണ്ട വിശാലമാ‍യ സ്ഥലം, സ്റ്റോറേജ് സ്ഥലം മുതലായവ) ആവശ്യമുള്ള സൂപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി മൊത്തക്കച്ചവടക്കാരന്റെ കട തന്നെയാണ് ഇദ്ദേഹത്തെപ്പോലെയുള്ളവരുടെ ഗോഡൌൺ.
വീടിനടുത്തുള്ള ജംഗ്ഷനിൽ പെട്ടിക്കട നടത്തുകയാണ് രാജൻ ചേട്ടൻ. പ്രദേശത്തു നിന്നു തന്നെ ശേഖരിക്കുന്ന നാടൻ മുട്ട, പച്ചക്കറികൾ, പഴം എന്നിവയൊക്കെയാണ് പുള്ളിയുടെ കച്ചവട സാധനങ്ങൾ. “എനിക്ക് സാധനങ്ങൾ കിട്ടാൻ എന്താ ബുദ്ധിമുട്ട്? ഇവിടുന്നൊക്കെ തന്നെയല്ലേ ഞാൻ എടുക്കുന്നത്. പിന്നെ വാങ്ങാൻ ആളില്ലാത്ത വിഷമവും ഇല്ല. നിങ്ങൾക്കൊക്കെ പഴവും പച്ചക്കറിയുമൊക്കെ ഈ സമയത്ത് ആവശ്യമില്ലേ. മോളിവിടെ വന്നില്ലേ. അതുപോലെ എല്ലാവരും വരും. അല്ലാതെ എവിടെപ്പോവാനാ. ഞാൻ കട തുറക്കുന്ന കാലത്തോളം നമ്മുടെ ഈ പ്രദേശത്ത് കോഴി വളർത്തുന്നവരും, വാഴക്കൃഷി ഉള്ളവരുമൊന്നും പേടിക്കണ്ട കാര്യമില്ല. അവരുടെ സാധനങ്ങൾ വിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവൂല.” ആത്മവിശ്വാസത്തോടെ തന്നെയാണ് ചേട്ടൻ പറഞ്ഞത്.
എന്നാൽ റഫീക്കിക്കേടെയും രാജൻ ചേട്ടന്റെയും കണ്ണുകളിൽ കണ്ട ഒരു ആത്മവിശ്വാസം എനിക്ക് അനസിൽ കാണാൻ സാധിച്ചില്ല. പ്രദേശത്തെ ഏറ്റവും തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമസ്ഥനായിട്ടും. “ഈ ലോക്ക്ഡൌൺ കാലത്ത് സാധനങ്ങളുടെ വരവൊക്കെ കുറവാണ്. അരി പോലുള്ള അത്യാവശ്യസാധനങ്ങളൊക്കെ വരുന്നുണ്ട്. പക്ഷേ അത് വിറ്റാൽ മാത്രം ഞങ്ങളുടെ ഒരു ദിവസത്തെ ചെലവ് മറികടക്കാൻ പറ്റില്ലാന്ന് നിനക്കറിയാലോ. കഴിഞ്ഞയാഴ്ച ചില ദിവസങ്ങളിൽ ഞങ്ങളുടെയടുത്ത് പച്ചക്കറിയും, ഫ്രൂട്ട്സുമൊന്നും സ്റ്റോക്ക് ഉണ്ടായിരുന്നില്ല. മറ്റു ചില ദിവസങ്ങളിൽ സാധനം നിറഞ്ഞ് കവിയുകയായിരിക്കും. പക്ഷേ വാങ്ങാനാളില്ല. ലോക്ക്ഡൌണിന് തൊട്ടുമുമ്പ് എല്ലാവരും സാധനങ്ങൾ വാരിക്കൂട്ടുകയായിരുന്നു. ആ സമയത്ത് അവർക്കാവശ്യമുള്ളതു മുഴുവൻ കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച ഇവിടെ വരുന്നവരുടെ എണ്ണം നന്നായി കുറഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കയറാൻ പാടില്ലെന്ന് സർക്കാർ നിയന്ത്രണവുമുണ്ടല്ലോ. ക്യൂ നിൽക്കണ്ട കാര്യമാലോചിക്കുന്നതുകൊണ്ടാകും സൂപ്പർമാർക്കറ്റുകളിൽ പൊതുവെ ആളുകൾ വരുന്നത് കുറവാണ്. കച്ചവടം ഉണ്ടായാലും ഇല്ലെങ്കിലും ഒരു ദിവസം കട തുറന്നുവെക്കണമെങ്കിൽ തന്നെ ഞങ്ങൾക്ക് നല്ലയൊരു തുക ചെലവുണ്ട്. ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണം. ഇങ്ങനൊരു അനിശ്ചിതത്വത്തിൽ ഇനിയും ലോക്ക്ഡൌൺ നീണ്ടുപോയാൽ എത്ര ദിവസം കട തുറന്നുവെക്കാൻ പറ്റുമെന്ന് ഒരുറപ്പുമില്ല. ചെലവ് താങ്ങാൻ പറ്റാത്ത കൊണ്ട് സ്റ്റാഫുകളുടെ എണ്ണവും ജോലിസമയവും ഞങ്ങൾ കുറച്ചിട്ടുണ്ട്.”
ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിലേക്ക് നമുക്കിനി കടക്കാം. വലിയ മൂലധനനിക്ഷേപങ്ങൾ ആവശ്യമില്ലാത്ത, ദൈനംദിന ചെലവുകൾ കുറവായ, പലപലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ചെറിയ പെട്ടിക്കടകളും പലചരക്കുകടകളും എങ്ങനെയൊക്കെയാണ് ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ നമ്മളെ പ്രാപ്തരാക്കുന്നത്?
ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പരമാവധി ലാഭംകൊയ്യാനായി അവശ്യവസ്തുക്കൾ ഇടനിലക്കാർ പൂഴ്ത്തിവെക്കുന്ന രീതി എല്ലാ സർക്കാരുകൾക്കും തലവേദനയാണ്. സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കകാലത്തും കേരളത്തിന്റെ പല ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ലോകം മുഴുവൻ ഒരു ചെറിയ വൈറസിനെ തോല്പിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അത്തരത്തിലുള്ള ഒരു അവസ്ഥ സ്വാഭാവികമായി തന്നെ നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന സർക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാൻ പറ്റുമോയെന്ന അങ്കലാപ്പിൽ നമ്മളൊക്കെ തിരക്കുപിടിച്ചില്ലേ, സാധനങ്ങൾ വാങ്ങിക്കൂട്ടാൻ. അത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന ആവശ്യകതയുടെ സ്വാഭാവിക പരിണതി വിലക്കയറ്റമായിരിക്കുമെന്നൊക്കെയുള്ള “ഡിമാന്റ് ആന്റ് സപ്ലൈ” തിയറിയൊക്കെ പലയിടങ്ങളിൽ നിന്ന് കേട്ടിട്ടുണ്ടാകുമല്ലോ.
നേരിട്ട് പണം നൽകാതെ, റേഷൻ കടകൾ വഴി സാധനങ്ങൾ വിതരണം ചെയ്തുകൊണ്ടും, സാമൂഹ്യ അടുക്കളകൾ സ്ഥാപിച്ച് ആവശ്യക്കാർക്ക് ഭക്ഷണം പാകം ചെയ്തുകൊടുത്തുകൊണ്ടും കേരളസർക്കാർ നടത്തിയ ഇടപെടലുകൾ, പൂഴ്ത്തിവെയ്പ് തടയാനുള്ള ഏറ്റവും നല്ല മാർഗങ്ങളാണ്. നേരിട്ട് പണം കൊടുക്കുക എന്ന് പറഞ്ഞാൽ ആളുകൾ പണമെടുക്കാനും സാധനങ്ങൾ വാങ്ങാനും കൂട്ടത്തോടെ വഴിയിലേക്കിറങ്ങുമെന്നും കൂടിയാണല്ലോ അർഥം. കോവിഡിന്റെ സാമൂഹ്യവ്യാപനം തടയാൻ പരമാവധി കുറച്ച് മാത്രം പുറത്തിറങ്ങണ്ട സാഹചര്യം നിലനിൽക്കുന്ന ഈ കാലത്ത് അതത്ര ആശാസ്യമായിരിക്കില്ല. മുൻ‌ഗണന/മുൻ‌ഗണനേതര വ്യത്യാസങ്ങളില്ലാതെ എല്ലാ കാർഡുടമകൾക്കും സൌജന്യ റേഷൻ നൽകുന്ന ഏക സംസ്ഥാനവും കേരളമായിരിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം നാലു ദിവസത്തിനുള്ളിൽ, ശാരീരികാകലത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 63.5 ശതമാനം കാർഡുടമകളാണ് കേരളത്തിൽ റേഷൻ വാങ്ങിയത്.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾക്കപ്പുറം വീടിനടുത്തുള്ള പെട്ടിക്കടകൾക്കും പലചരക്കുകടകൾക്കും പൂഴ്ത്തിവെയ്പും അതിന്റെ ഭാഗമായുണ്ടാകാവുന്ന വിലക്കയറ്റവും തടയുന്നതിൽ ചില പങ്കില്ലേ? ഒന്നാലോചിച്ചു നോക്കൂ. അരിയും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന റഫീക്കിക്കമാരും, പച്ചക്കറിയും പഴവുമൊക്കെ തരുന്ന രാജൻ ചേട്ടന്മാരും വീടിനടുത്തൊന്നുമില്ലാത്ത ഒരവസ്ഥയെക്കുറിച്ച്. സാധനങ്ങൾ വാങ്ങാൻ വീടിന് കുറച്ചകലെയുള്ള സൂപ്പർമാർക്കറ്റ് മാത്രമേ നമ്മുടെ നാട്ടിലുള്ളൂവെന്നും കരുതുക. ഇത് ആ സൂപ്പർമാർക്കറ്റിന് നമ്മുടെ മേൽ ഒരു കുത്തകാധികാരം നൽകില്ലേ? ഈ പരിഭ്രാന്തി ഘട്ടത്തിൽ സാധനങ്ങൾ കിട്ടുമോയെന്നുള്ള ആശങ്കയിൽ അവർ പറയുന്ന വിലയ്ക്ക് വാങ്ങാൻ നമ്മൾ നിർബന്ധിതരാവില്ലേ? നീണ്ടുനീണ്ടു നിൽക്കുന്ന ക്യൂവിനിടയിൽ എങ്ങനെയെങ്കിലും സാധനങ്ങൾ വാങ്ങിത്തിരിച്ചു പോകാനുള്ള തിടുക്കത്തിൽ അവർ ബില്ലിൽ അടിച്ചുതരുന്ന തുക പരിശോധിക്കാനുള്ള ക്ഷമ പോലും ഉണ്ടാവില്ല. അനാവശ്യമായി വില കൂട്ടിയിട്ടില്ലെന്ന് അവരെ വിശ്വസിക്കാനേ തൽക്കാലം തരമുണ്ടാവൂ. നമ്മളുമായി യാതൊരു വ്യക്തിബന്ധവും ഇല്ലാത്ത സൂപ്പർമാർക്കറ്റ് ഉടമയ്ക്ക്, നമുക്ക് ഈ സമയത്ത് ജോലിയില്ലെന്നതോ, നമ്മുടെ കൈയിൽ പൈസയില്ലെന്നതോ ഒന്നും പരിഗണിക്കേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ രാജൻ ചേട്ടന്റെ കടയിലും റഫീക്കിക്കാന്റെ കടയിലും സംഗതി വ്യത്യസ്തമാണ്. ഈ കാലം കടന്നുപോയാലും കാണേണ്ടി വരുന്ന ആൾക്കാരാണല്ലോ റഫീക്കിക്കയും, നൂറുമീറ്റർ ദൂരെ താമസിക്കുന്ന ലളിതച്ചേച്ചിയും. തോന്നുന്ന പോലെ ഈ സമയത്ത് വില കൂട്ടിയാൽ നാടു മുഴുവൻ അറിയും. എല്ലാവരും ഒരുമിച്ചങ്ങ് ബഹിഷ്ക്കരിക്കാൻ തീർമാനിച്ചാൽ പിന്നെ റഫീക്കിക്കക്ക് കട പൂട്ടിപ്പോകാനേ നിവൃത്തിയുണ്ടാവൂ.
ഇത്തരത്തിൽ പ്രാദേശികപരവും വ്യക്തിപരവുമായ കെട്ടുപാടുകളിൽ നിന്ന് വരുന്ന ഉത്തരവാദിത്തം അനാവശ്യമായി വിലകൂട്ടുന്നതിൽ നിന്ന് ഇതുപോലുള്ള കടകളെ തടയും. അതുപോലെ തന്നെ കടയുടമയും ഉപഭോക്താവും തമ്മിലുള്ള വ്യക്തിബന്ധം ജോലിയും വരുമാനവും ഇല്ലാത്ത ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ സാധാരണക്കാരെ സഹായിക്കുന്നുമുണ്ട്. “എന്റെ കടയിൽ നിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങുന്നവരിൽ വലിയൊരു വിഭാഗവും ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവരാണ്. ഈ ലോക്ക്ഡൌൺ കാലത്ത് അവർക്ക് ജോലിയൊന്നുമില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പലരും ഇവിടെ പറ്റുള്ളവരാണ്. ഇപ്പോഴും അവർക്ക് പറ്റുബുക്കിലെഴുതി ഞാൻ സാധനങ്ങൾ കൊടുക്കും. അവർ ഭാവിയിലും ഇവിടെ തന്നെ വരേണ്ടവരാണല്ലോ. അവരെല്ലാവരുമായിട്ടും എനിക്ക് വ്യക്തിബന്ധങ്ങളും ഉണ്ട്. പലരുടെയും വീടുമെനിക്കറിയാം. അതുകൊണ്ട് എനിക്കവരോടുള്ള വിശ്വാസം അവരൊരിക്കലും കളഞ്ഞു കുളിക്കുകയില്ല. ഈ സമയമൊക്കെ കഴിഞ്ഞ് എല്ലാവരുടെ കൈയിലും പൈസ വരുമ്പോൾ അവർ എന്റെ പറ്റ് തീർക്കുമെന്നെനിക്കുറപ്പാണ്.” റഫീക്കിക്ക പറഞ്ഞു നിർത്തി.
പൂഴ്ത്തിവെയ്പും വിലക്കയറ്റവുമൊക്കെ ഒരു പരിധി വരെ തടയുന്നതു പോലെ, ഒരു സാമൂഹികാരോഗ്യ വശവും ഇതുപോലുള്ള കടകൾക്കുണ്ടെന്ന് ഈ മഹാമാരി നമ്മളെ ഓർമിപ്പിക്കുന്നു. ചിതറിക്കിടക്കുന്ന ഇത്തരം കടകൾക്ക് പകരം നാട്ടിലാകെ ഒരൊറ്റ സൂപ്പർമാർക്കറ്റ് മാത്രമുള്ളൂവെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? സാമൂഹിക ഒരുമയോടു കൂടിയ ശാരീരികാകലം ജനങ്ങൾ പരമാവധി പാലിക്കേണ്ട ഈ കാലത്ത് ആ കടയ്ക്ക് മുമ്പിൽ ഉണ്ടാകാനിടയുള്ള ജനത്തിരക്കിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുകയില്ലേ? സ്വന്തമായി വാഹനസൌകര്യമില്ലാത്തവർക്ക് ഈ ലോക്ക്ഡൌൺ കാലത്ത് വീട്ടിൽ നിന്ന് കുറച്ചകലെയുള്ള സൂപ്പർമാർക്കറ്റുകളിൽ എത്തിപ്പെടാനും ബുദ്ധിമുട്ടാവും. അതുകൊണ്ടുതന്നെ ആളുകൾ താമസിക്കുന്ന ഓരോ പ്രധാനയിടത്തും നടന്നെത്താവുന്ന അകലത്തിൽ ഉള്ള ചെറിയ അയൽ‌പക്ക കടകളുടെ വലിയ സാധ്യതകളാണ് ഈ കോവിഡ്-ലോക്ക്ഡൌൺ കാലം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്.
ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും നമ്മുടെ രാജ്യത്തെ അസംഘടിത-ചില്ലറവില്പനമേഖലയിൽ 12 ലക്ഷത്തിനും 14 ലക്ഷത്തിനും ഇടയിൽ റഫീക്കിക്കമാരും രാജൻ ചേട്ടന്മാരും (വഴിയോരക്കച്ചവടക്കാരും, ഉന്തുവണ്ടിയിൽ നടന്ന് വിൽക്കുന്നവരുമുൾപ്പെടെ) പ്രവർത്തിക്കുന്നുണ്ടെന്നാണ് കണാക്കാക്കപ്പെട്ടിട്ടുള്ളത്. വലിയ മൂലധനനിക്ഷേപത്തിന്റെ ആവശ്യമില്ലാത്ത, കുത്തകയായി വളർന്ന് ലാഭം കുന്നുകൂട്ടാനവസരമില്ലാത്ത ഇത്തരം ചെറിയ ചെറിയ കടകൾ, വലിയ എണ്ണം കുടുംബങ്ങളുടെ ഏക വരുമാനാശ്രയം തന്നെയാകും. സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാര്യമായി ഇവരുടെ ജീവിതങ്ങളെ ബാധിക്കാറുമുണ്ട്. നോട്ടുനിരോധനത്തിന്റെ കാലത്ത്, ജോലിയും കൈയിൽ പണവും ഇല്ലാതെ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ദരിദ്രജനത പാടുപെട്ട സമയത്ത് ഇത്തരം ചെറിയ ചെറിയ കച്ചവടങ്ങളുടെ നടുവൊടിഞ്ഞതും നമ്മൾ കണ്ടതാണ്. വില പേശാനും പറ്റിൽ വാങ്ങാനുമൊക്കെയുള്ള അവസരങ്ങൾ നൽകിക്കൊണ്ട് നാട്ടിലെ സാധാരണ ജനങ്ങളെയും, പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ ന്യായവില നൽകി വാങ്ങിക്കൊണ്ടു പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും താങ്ങിനിർത്തുന്ന ഇത്തരം കച്ചവടങ്ങളുടെ നിലനില്പുകൾ പരിഗണിക്കപ്പെടേണ്ടതു തന്നെയല്ലേ? ഈ ലോക്ക്ഡൌൺ കാലത്തെ അതിജീവിക്കാൻ ഇത്തരം കച്ചവടക്കാരെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകളെക്കുറിച്ച് സർക്കാരിന് ചിന്തിക്കാവുന്നതാണ് (സാധനങ്ങൾ കൃത്യമായി എത്താനുള്ള സൌകര്യം ചെയ്തുകൊടുക്കുക എന്നതു പോലെ).
ഡെൽഹി നഗരത്തിലെ ഏറ്റവും വികസിതമായ ഒരു പ്രദേശത്ത് താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് തന്റെ ഗ്രാമത്തിലെ പലചരക്കുകടകളെ മിസ് ചെയ്യുന്നുവെന്ന് ഒരിക്കൽ പറഞ്ഞതിന്റെ പൂർണ അർഥം ഇപ്പോഴാണ് എനിക്ക് ഉൾക്കൊള്ളാനാവുന്നത്. “എപ്പോൾ വേണമെങ്കിലും പറ്റുബുക്കിലെഴുതി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ സാധിക്കുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാസാദ്യം ശമ്പളം കിട്ടുമ്പോൾ ഒന്നിച്ച് പറ്റ് തീർത്താൽ മതിയല്ലോ. ഒരു മാസത്തെ ആവശ്യങ്ങളുടെ കണക്കുകൾ കൂട്ടി, ആവശ്യവും അനാവശ്യവുമായ സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി, ശമ്പളം കിട്ടുന്ന ദിവസം തന്നെ അടുത്തുള്ള ഷോപ്പിംഗ്‌മോളിലെ ഹൈപ്പർമാർട്ടിലേക്കോടി ഒരു മാസത്തേക്കുള്ളതു മുഴുവൻ ഒന്നിച്ചുവാങ്ങിക്കൂട്ടുന്നതിലും എത്രയോ സമാധാനപരമായിരിക്കുമത്.”
ഈ മഹാമാരിയും ലോക്ക്ഡൌണും ഒഴിഞ്ഞുപോകും. അപ്പോഴും “നമ്മുടെ ചേട്ടന്റെ/ചേച്ചിയുടെ കട” നിങ്ങളുടെ വഴിയുടെ അറ്റത്തുതന്നെയുണ്ടാകും. ഒരിക്കൽ അവരുടെ സ്ഥിരക്കാരായിരുന്ന നമ്മുടെ കൈയിൽ നിന്നുള്ള ചെറിയ പിന്തുണ മാത്രമായിരിക്കും നമുക്ക് അവർക്ക് നൽകാനുണ്ടാവുക. ആ ചെറിയ കടയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വലിയ സ്വപ്നങ്ങൾ ഒരു കുടുംബം മുഴുവൻ നെയ്തുകൂട്ടുന്നുണ്ടാവും. ചില്ലറവില്പനമേഖലയിലെ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള ഗൌരവമായ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഇത്തരം ചിന്തകൾക്ക് പ്രാധാന്യമുണ്ടെന്ന് കരുതട്ടെ.
 
(കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ എക്കണോമിക് ആന്‍റ് എന്‍‌വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ് ലേഖിക. അഭിപ്രായങ്ങള്‍ വ്യക്തിപരം.)

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive