ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്‌ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്‌കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത – പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്‌കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന ‘ചതി’ അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്‍, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.
ടി.ഡി. രാമകൃഷ്ണന്‍ ‘മാമ ആഫ്രിക്ക’ എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്‍ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്‌കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന്‍ മാമ ആഫ്രിക്കയിലൂടെ.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്‍. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന്‍ സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ ‘ഉഹ്‌റു’ എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്‌കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്‌കാരവും പരിപൂര്‍ണ്ണായി പിന്‍തുടര്‍ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന്‍ കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന്‍ കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്‍പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്‌കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്‌നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.
ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന്‍ മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പനങ്ങള്‍. ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്‌കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്‌നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.
താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്‍പമാണ് ‘മാമാ ആഫ്രിക്ക’. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്‍പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്‍ഷഭരിതവുമായിത്തീരുന്നു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്‌നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.
ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന്‍ എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന്‍ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.
അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.
മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്‍ ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള്‍ എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്…. ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള്‍ മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി.
No comments:
Post a Comment