Saturday, March 28, 2020

ഒരു സങ്കീര്‍ത്തനം പോലെ - പോള്‍ സെബാസ്‌ററ്യന്റെ നിരൂപണം



==============================================
മംഗളം വാര്ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പോള്‍ സെബാസ്‌ററ്യന്റെ നിരൂപണം പങ്കു വെയ്ക്കുന്നു. 
==============================================
'മനുഷ്യനെന്ന കടങ്കഥയുടെ രഹസ്യമന്വേഷിക്കുന്നവര്‍ ഒടുവില്‍ എന്റെ കാല്‍പാടുകള്‍ നോക്കി വരും.' എന്നുറച്ചു വിശ്വസിച്ചുകൊണ്ട് മനുഷ്യന്റെ ഉള്ളിലുള്ള മഹാ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ അന്വേഷിച്ച അദ്വിതീയനായ നോവലിസ്റ്റാണ് ദസ്തയെവ്‌സ്‌കി. ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടാവും എന്ന വാദം സമര്‍ത്ഥിക്കാന്‍ ഉചിതമായ ഉദാഹരണമാണ് അന്ന ദസ്തയേവ്‌സ്‌കി. കടക്കാരാല്‍ പൊറുതി മുട്ടി, ചൂതുകളിയില്‍ ഭ്രമിച്ചു, ലക്ഷ്യബോധമില്ലാതെ നടന്നിരുന്ന ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ച് എഴുത്തിന്റെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ സഹായിക്കുക മാത്രമല്ല, ജനമനസ്സുകളില്‍ ഒരു വിശുദ്ധന്റെ സ്ഥാനം നേടിക്കൊടുക്കാനും മുന്നില്‍ നിന്നവളാണ് അന്ന.
ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ കേട്ടെഴുത്തുകാരിയായി ദസ്തയേവ്‌സ്‌കിയുടെ അടുത്തെത്തിയതാണ് അന്ന. ഇരുപത്തിയാറ് ദിവസം കൊണ്ട് ആ നോവലെഴുതിക്കഴിയുമ്പോഴേക്കും അന്നയും ദസ്തയേവ്‌സ്‌കിയും ഏറെ അടുത്തിരുന്നു. അന്നയും ദസ്തയെവ്‌സ്‌കിയുമായുള്ള ആ ഇരുപത്തിയാറു ദിവസങ്ങളിലെ ഇടപെടലുകളിലൂടെയും പ്രണയമുഹൂര്‍ത്തങ്ങളിലൂടെയും ദസ്തയേവ്‌സ്‌കി എന്ന പച്ചയായ മനുഷ്യനെയും അദ്ദേഹത്തിന്റെ ചിന്താഗതികളെയും സൃഷ്ടികളെയും വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിലൂടെ പെരുമ്പടവം ശ്രീധരന്‍.
വായനക്കാരുടെ മനസ്സിനെ ഇളക്കി മറിക്കുന്ന രചനകളാണ് ദസ്തയേവ്‌സ്‌കിയുടെത്. മനുഷ്യ ഹൃദയത്തിന്റെ ആഴങ്ങളിലുള്ള ഇരുണ്ട പ്രപഞ്ചത്തിലേക്ക് ഊളയിട്ട് അവിടെയുള്ള വ്യഥകള്‍, സംഘര്‍ഷങ്ങള്‍, നിസ്സഹായത, വിലാപങ്ങള്‍ എന്നിവ മാത്രമല്ല, ക്രൂരതയും വന്യതയും സ്വാര്‍ത്ഥതയും ഈ എഴുത്തുകാരന്‍ വായനക്കാരിലേക്ക് തീക്ഷ്ണമായ വികാരഭാവങ്ങളോടെ എത്തിക്കുന്നുണ്ട്. അത്തരം ഒരു എഴുത്തുകാരന്റെ ജീവിതം എഴുതുക എളുപ്പമേയല്ല. അത്തരമൊരു വലിയ സാഹസമാണ് ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലില്‍ പെരുമ്പടവം ശ്രീധരന്‍ എടുത്തിരിക്കുന്നത്.
നോവലിസ്റ്റിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, 'പീഡാനുഭവങ്ങളിലൂടെ വിശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവിനെ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തില്‍ നിന്ന് ഞാന്‍ കണ്ടെടുത്തു.' 'ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആളെന്ന് ദസ്തയേവ്‌സ്‌കിയെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞ നിമിഷത്തില്‍ ഏതോ ഒരു പ്രകാശം കൊണ്ട് എന്റെ അകം നിറയുന്നത് പോലെ എനിക്ക് തോന്നി.' ആ പ്രകാശത്തെ ജനസാമാന്യങ്ങളിലേക്ക് എത്തിക്കുക എന്നത് ശ്രമകരം തന്നെ. ആ ശ്രമകരമായ ദൗത്യമാണ് മികവോടെ പെരുമ്പടവം ശ്രീധരന്‍ നിര്‍വഹിച്ചിരിക്കുന്നത്. 'മനുഷ്യനും വിധിയും തമ്മില്‍, മനുഷ്യനും അനന്തതയും തമ്മില്‍, മനുഷ്യനും ദൈവവും തമ്മില്‍ നേര്‍ക്കുനേരെ നില്‍ക്കുന്ന ദിവ്യമായ നിമിഷങ്ങള്‍ ഞാന്‍ സങ്കല്പിച്ചു.' 'ചൂതുകളി കേന്ദ്രത്തിലെ കറങ്ങുന്ന ഭാഗ്യചക്രത്തിന്റെ കറുപ്പും ചുവപ്പും നിറങ്ങളിലുള്ള കളങ്ങളില്‍ പണം വെച്ചു ചൂത് കളിച്ച് നേടുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അത് മനുഷ്യനും വിധിയുമായുള്ള ഒരു ചൂതുകളിയായിത്തീരുന്നു. ദസ്തയേവ്‌സ്‌കിയെ അങ്ങനെ ആദ്യം കണ്ടത് ഞാനാണ്. ആ കണ്ടെത്തലാണ് എന്റെ സൃഷ്ടി. എന്റെ നോവല്‍.'
സെയിന്റ് പീറ്റേഴ്സ്ബര്‍ഗിലെ ചിത്രശാലയില്‍ നിന്ന്
==============================================
അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ആഴത്തിലുള്ള പരിചിന്തനങ്ങളും ദര്‍ശനങ്ങളും പകരുന്ന ഈ നോവല്‍ പക്ഷെ എഴുതാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലളിതമായ ഭാഷയും സങ്കീര്‍ണ്ണമല്ലാത്ത അവതരണ രീതിയുമാണ്. സ്ഥലകാലങ്ങളെ ഏതാനും വാക്കുകളെക്കൊണ്ട് എളുപ്പത്തില്‍ വായനക്കാരുടെ മനോമുകരത്തില്‍ ചിത്രസമാനമായി നോവലിസ്റ്റ് വരച്ചിടുന്നു. നോവലിന്റെ ആദ്യത്തെ പാരഗ്രാഫ് തന്നെ ഈ ലാളിത്യമാര്‍ന്ന പ്രതിഭയ്ക്ക് ഉദാഹരണമാണ്.
'ചുമരിലെ പഴയ നാഴികമണി ഏഴടിക്കുന്നതു കേട്ട് ദസ്തയേവ്‌സ്‌കി ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ജനാലയ്ക്കു മുകളിലെ വിവിധ നിറങ്ങളിലുള്ള ചില്ലുകളിലൂടെ ഇളവെയില്‍ അകത്തേക്കു ചാഞ്ഞു വീഴുന്നു. ഇന്നത്രയ്ക്കു മഞ്ഞും തണുപ്പുമില്ലെന്നു തോന്നുന്നു. പുറത്തു തെരുവിലൂടെ ഒരു കുതിരവണ്ടി പോകുന്നതിന്റെ ഒച്ച കേള്‍ക്കാം.' ചിത്രസമാനമായ അവതരണം... ഉപയോഗിച്ചിരിക്കുന്നതോ ഏതാനും വാക്കുകള്‍. ഇനി പശ്ചാത്തല വര്‍ണ്ണനയില്‍ നിന്ന് കഥാപാത്ര പരിചയത്തിലേക്ക് വരുമ്പോഴോ? അവിടെയും ഈ രീതി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
'പതിമൂന്നാം നമ്പര്‍ അപ്പാര്‍ട്‌മെന്റിനു മുമ്പില്‍ ചെന്നുനിന്ന് അന്ന മണിയടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇളംപച്ച നിറത്തിലുള്ള നീളന്‍ കുപ്പായം ധരിച്ച ഒരു സ്ത്രീ വാതില്‍ തുറന്ന് ചോദ്യഭാവത്തില്‍ അന്നയെ നോക്കി. അതു ഫെദോസ്യ ആയിരുന്നു. ഒരു നീണ്ട ആയുഷ്‌കാലത്തിന്റെ മടുപ്പും വിരസതയും മുഴുവന്‍ ആ വൃദ്ധയുടെ മുഖത്തുണ്ടെന്ന് അന്നയ്ക്കു തോന്നി.' നോക്കുക! ഒരൊറ്റ വരിയില്‍ ഫെദോസ്യ എന്ന വേലക്കാരിയുടെ ഇതുവരെയുള്ള ജീവിതം പെരുമ്പടവം ശ്രീധരന്‍ അവതരിപ്പിച്ചു കഴിഞ്ഞു. അതെ സമയം ദസ്തയേവ്‌സ്‌കിയെ കാണുന്ന അന്നയുടെ കാഴ്ച അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിവരിക്കുന്നുണ്ട് എഴുത്തുകാരന്‍.
'അവള്‍ കണ്ടിട്ടുള്ള ദസ്തയെവ്‌സ്‌കിയുടെ ചിത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ആ രൂപം. നിഗൂഢവും വന്യവുമായ ഒരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്. കുറേക്കൂടെ പപ്രശ്ശനായിരിക്കുന്നു. ഇരുണ്ട അഗാധതയില്‍ നിന്ന് എന്ന് തോന്നിപ്പിക്കുന്ന ഒരാത്മാവിനെ ആ രൂപം ഓര്‍മിപ്പിച്ചു. ശരാശരി പൊക്കമുണ്ട്. അധികം വണ്ണമില്ല. നേര്‍ത്ത തവിട്ടുനിറം കലര്‍ന്ന ചെമ്പിച്ച തലമുടി കോതി വച്ചിരിക്കുന്നു. അന്നയെ വിസ്മയിപ്പിച്ചത് ആ കണ്ണുകളാണ്. ഒന്ന് ഇരുണ്ട തവിട്ടു നിറത്തിലും മറ്റേത് കറുത്തിട്ടും. കറുത്ത കണ്ണിന്റെ കൃഷ്ണമണി നീലനിറത്തില്‍ കലങ്ങിക്കിടക്കുന്നു. സങ്കല്പത്തിലുണ്ടായിരുന്ന വിഷാദം നിഴലിട്ട കണ്ണുകള്‍ക്ക് പകരം എന്തോ രഹസ്യസ്വഭാവമുള്ള ആ കണ്ണ് അവളെ വിസ്മയിപ്പിച്ചു.'
ഇങ്ങനെ കഥാപത്രത്തിന്റെ ബാഹ്യചിത്രം മാത്രമല്ല ഉള്ളിന്റെ ഉള്ളറകളിലേക്കും എത്തുന്നുണ്ട് ആ എഴുത്ത്. 'അന്ന ഏതോ ഒരുള്‍പ്രേരണയോടെ ദസ്തയേവ്‌സ്‌കിയുടെ നേരെ നോക്കി. ആഴങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു നിശ്ചലത അവള്‍ ആ കണ്ണുകളില്‍ കണ്ടു.' 'ഇരുണ്ട ഒരു മഹാ ശൂന്യത പോലെയായിരുന്നു മനസ്സ്.' 'അന്ന നോക്കുമ്പോള്‍ ദസ്തയേവ്‌സ്‌കിയുടെ മുഖം ഒരു വിശുദ്ധന്റേതു പോലെ ഇരുന്നു.' എന്നൊക്കെ നാം വായിക്കും. എന്നാല്‍, ഇതേ അളവില്‍ ദസ്തയേവ്‌സ്‌കിയുടെ കണ്ണുകളിലൂടെയുള്ള അന്നയുടെ കാഴ്ച വായനക്കാരിലേക്ക് എത്തിക്കുവാന്‍ എഴുത്തുകാരന് സാധിച്ചില്ല എന്ന പരാതിക്കും ഇടമുണ്ട്.
'മൂടിക്കെട്ടിയ ഒരു മഴക്കാല സന്ധ്യ പോലെയായിരുന്നു മറവി.' 'അനുഭവത്തില്‍ നിന്നറിയണം. ചിലപ്പോള്‍ ചിലരുടെ മൗനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനകമാണ്.' 'കാലത്തിലൂടെ തിരിഞ്ഞു നടക്കുകയായിരുന്നു. ആദിമയുഗങ്ങളിലേക്ക്. ഇളംനിലാവിനൊത്ത വെളിച്ചവും നിശബ്ദതയും കെട്ടിക്കിടക്കുന്ന ആ വഴിക്കൊരു ഗ്രാമീണ ഭംഗിയുണ്ടായിരുന്നു. കുറെ ദൂരം ചെന്നപ്പോള്‍ തോന്നി അത് ജെരൂസലേമിലേക്കുള്ള വഴിയാണെന്ന്.' ഇങ്ങനെ ആലങ്കാരികമായ കവിത തുളുമ്പുന്ന എഴുത്തും ഈ നോവലില്‍ നമുക്ക് കാണാം.
സഹനത്തിന്റെ സങ്കീര്‍ത്തനം.
==========================
സഹനത്തിന്റെ മുള്‍ക്കിരീടച്ചെടികളെ അനുഗ്രഹത്തിന്റെ പൂക്കള്‍ വളരുന്നവയാണവ എന്ന് പറഞ്ഞു നനച്ചു പരിപാലിക്കുന്ന ദസ്തയേവ്‌സ്‌കിയെ അവതരിപ്പിക്കുന്ന നോവലാണ് ഒരു സങ്കീര്‍ത്തനം പോലെ.
സഹനത്തിന്റെ അര്‍ത്ഥം തേടിയ അന്വേഷിയെ .കാണാം. 'ദൈവത്തിനൊരാഗ്രഹമുണ്ടായിരുന്നു. ശാപങ്ങള്‍കൊണ്ട് ഒരാളെ അനുഗ്രഹിക്കണമെന്ന്! എങ്ങനെയിരിക്കുമെന്നറിയാന്‍. പുള്ളി ഇപ്പോള്‍ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' എന്ന് തമാശ പറയുമ്പോഴും സത്യം മറച്ചു വെക്കുന്നില്ല. 'നിനക്കറിയില്ല കുട്ടീ, എത്ര ദൂരം താണ്ടിയാണ് ഞാനിവിടെ എത്തിയതെന്ന്! എത്ര കുരിശുമരണങ്ങള്‍! ഞാനനുഭവിച്ച ദുരന്തങ്ങളെപ്പറ്റി പറയുമ്പോള്‍ ആ വാക്കാണ് യോജിക്കുന്നത്.' 'ഞാനനുഭവിച്ചതിന്റെ പകുതി കഷ്ടതകള്‍ അനുഭവിച്ച ഒരാള്‍ ഉണ്ടെന്നു വിചാരിക്ക്. തീര്‍ച്ചയായും അയാള്‍ ഒരു മുഴുഭ്രാന്തനായിരിക്കും. ദൈവത്തിന്റെ കൃപ കൊണ്ട് ഞാന്‍ ഭ്രാന്തിന്റെ വക്കില്‍ പിടിച്ചു നില്‍ക്കുന്നു. അതില്‍ വീഴാതെ. അല്ലെങ്കില്‍ മുഴുവനായിട്ടങ്ങു മുങ്ങിപ്പോകാതെ.'
'അന്ന അദ്ദേഹത്തെ സഹതാപത്തോടെയാണ് നോക്കിക്കാണുന്നത്. ദുഃഖംകൊണ്ട് ഒരു കാടുപോലെ എരിയുന്ന മനസ്സല്ലേ അദ്ദേഹത്തിന്റേത്? എന്നിട്ട് അതിന്റെയൊന്നും പുറമെ കാണിക്കുന്നില്ല. വിധിയുടെ നഖങ്ങളില്‍ കോര്‍ത്തുകിടന്നു പിടയുമ്പോഴും അതിന്റെ വേദനയെ ഒരനുഗ്രഹമായി കാണുന്ന ഇര!' എന്നാല്‍ ഈ സഹനത്തെ ദസ്തയേവ്‌സ്‌കി മഹത്വവല്‍ക്കരിക്കുകയാണ്.
'ഭാവിയിലെ സന്തോഷത്തിനുള്ള അവകാശം നാം നേടേണ്ടത് കയ്പേറിയ അനുഭവങ്ങളിലൂടെയാണ്. കൂടുതല്‍ തീവ്രമായ വേദനകളിലൂടെ മാത്രമേ അതു കരസ്ഥമാക്കാനാവൂ. എന്തിനെയും വിശുദ്ധമായി തീര്‍ക്കുന്നതാണ് പീഡാനുഭവം.' എന്ന് സൈദ്ധാന്തീകരിക്കുന്ന ദസ്തയേവ്‌സ്‌കി ചോദിക്കുന്നു. 'സഹിക്കാന്‍ ഒന്നുമില്ലാത്ത ജീവിതം യഥാര്‍ത്ഥത്തില്‍ ജീവിതമാണോ?'
ഹൃദയത്തില്‍ തൊട്ട ഒരാള്‍
=========================
ഒരു സങ്കീര്‍ത്തനം പോലെ ഒരു പ്രണയനോവല്‍ കൂടെയാണ്. അന്നയും ദസ്തയേവ്‌സ്‌കിയുമായുള്ള പ്രണയം ഈ നോവലിന്റെ പ്രമേയമാണ്. ഈ പ്രണയത്തെ ഏറ്റവും നൈര്‍മ്മല്യത്തോടെ, വിശുദ്ധിയോടെ അവതരിപ്പിക്കാനാണ് നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നത്. 'അഗാധമായ ഹൃദയഭാവത്തോടു കൂടി ദസ്തയേവ്‌സ്‌കി അന്നയുടെ കണ്ണുകളിലേക്ക് നോക്കി. അന്നേരം ഒരു കടല്‍ പോലെ അവളുടെ ഹൃദയവും ഇളകി മറിഞ്ഞു. തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്ന് അന്നാദ്യമായാണ് അവള്‍ അറിയുന്നത്.' ഹൃദയത്തില്‍ നിന്നാണ് ഈ പ്രണയം ഉത്ഭവിക്കുന്നത്. പ്രണയം മാത്രമല്ലെ, ജനനവും മരണവും നടക്കുന്നത് ഹൃദയത്തിലാണെന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു ദസ്തയേവ്‌സ്‌കി. 'മറ്റു ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന നിഗൂഢവും അത്ഭുതകരവുമായ ഒരു മന്ത്രശക്തിയുണ്ട് ആ ഹൃദയത്തിന്.' എന്ന് അന്ന നിരീക്ഷിക്കുന്നു. 'കുറെ നാള് മുമ്പാണ്. ഞാനെന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോല്‍ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്?' എന്ന് ദസ്തയേവ്‌സ്‌കി അന്നയോട് ചോദിക്കുന്നുണ്ട്. ഹൃദയവിശുദ്ധിയില്‍ കോര്‍ത്ത ഈ പ്രണയ നോവല്‍ അതിനൊത്ത ആര്‍ദ്രതയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ഒടുവില്‍ തന്റെ കൈവെള്ളയില്‍ അദ്ദേഹം ചുംബിച്ച ആ നിമിഷം! എന്റെ ദൈവമേ! എന്ന് അന്ന ഹൃദയത്തില്‍ വിളിച്ചു. ഒരുപക്ഷേ, ആ നിമിഷമായിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. ഏറ്റവും സുന്ദരമായ നിമിഷം. ഏറ്റവും അമൂല്യമായ നിമിഷം. ഏറ്റവും ദിവ്യമായ നിമിഷം. തനിക്കിപ്പോള്‍ വിങ്ങിപ്പൊട്ടാന്‍ തോന്നിയതെന്തുകൊണ്ടാണെന്ന് അന്ന വീണ്ടും ആലോചിച്ചു. എന്തുകൊണ്ടാണ് തന്റെ കണ്ണുകള്‍ നിറഞ്ഞത്?' ദസ്തയേവ്‌സ്‌കിയുടെ ഭാഗത്തു നിന്ന് നോവലിസ്റ്റ് ചിന്തിച്ചെഴുതുന്നത് ഇങ്ങനെയാണ്. 'എന്നെ ഇതിനു മുന്‍പ് ആരും ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല. ഇത്ര അഗാധമായിട്ട്, ഇത്ര തീക്ഷ്ണമായിട്ട്. ഇത്ര നിസ്വാര്‍ത്ഥമായിട്ട്. ഇത്ര വിശുദ്ധമായിട്ട് എന്നുകൂടി പറഞ്ഞാലേ അത് പൂര്‍ണ്ണമാകൂ. എന്തുകൊണ്ട്? എന്റെ കുറ്റങ്ങള്‍ അറിഞ്ഞ് എന്റെ കുറവുകള്‍ അറിഞ്ഞ് എന്റെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞ് എന്റെ ചീത്തയായ വാസനകളറിഞ്ഞ്. അങ്ങനത്തെ ഒരു സ്‌നേഹത്തെപ്പിന്നെ ഞാനെങ്ങനെ കാണണം? സത്യത്തില്‍ എനിക്ക് ഇപ്പോഴാണ് ദൈവത്തോട് കടപ്പാടു തോന്നുന്നത്. ഈ സ്‌നേഹം കാണിച്ചു തന്നതിന്.' വിശുദ്ധമായ പ്രണയത്തിന്റെ സങ്കീര്‍ത്തനമാണ് ഈ നോവല്‍.
സ്‌നേഹത്തിന്റെ പ്രഭാഷകന്‍
==========================
ദസ്തയേവ്സ്‌കിക്ക് അന്നയോടുണ്ടായ പ്രണയം അദ്ദേഹത്തിന്റെ ആദ്യത്തേതല്ല. തന്റെ പൂര്‍വ്വ പ്രണയങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ സ്‌നേഹത്തിന്റെ പ്രഭാഷകനാവുന്ന ദസ്തയേവ്‌സ്‌കിയെയാണ് പെരുമ്പടവം ശ്രീധരന്‍ അവതരിപ്പിച്ചിരിക്കുന്നത്. ദസ്തയേവ്‌സ്‌കിയുടെ സ്‌നേഹം യുക്തിയുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തടവിലല്ല. 'സ്‌നേഹം അങ്ങനെയുമുണ്ട്. ഏതു മുറിവും സഹിച്ചുകൊണ്ട്.ഏതവമാനവും സഹിച്ചുകൊണ്ട്. ചിലപ്പോള്‍ ഒരിക്കലുംതിരിച്ചുകിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്.' 'സൗന്ദര്യവും ധനവും നോക്കിയാണോ സ്‌നേഹിക്കുന്നത്? സ്‌നേഹത്തിനങ്ങനെയൊന്നുമില്ല. സ്‌നേഹം അന്വേഷിക്കുന്നത് സ്‌നേഹമാണ്. അല്ലാതെ സൗന്ദര്യവും ധനവും പദവിയുമൊന്നുമല്ല.' സ്വപ്നം പോലെ ഒരു സ്‌നേഹം. പ്രളയം പോലെയൊരു പ്രണയം. 'ആ സ്‌നേഹം ഹൃദയത്തില്‍ വന്നലയ്ക്കുന്നു. ഒരു പ്രളയവാരിധിയുടെ പ്രക്ഷുബ്ദതയോടെ. എങ്ങനെയായിരുന്നു ആ സ്‌നേഹത്തിന്റെ ആരംഭം? ഓര്‍ത്തുനോക്കുമ്പോള്‍ അതിനോരാരംഭമില്ല. പൊടുന്നനവെ ഒരു പ്രളയം പോലെ അത് സംഭവിച്ചു. നിശബ്ദമായിട്ട്. ആത്മാവും ആത്മാവും തമ്മിലുള്ള ഒരാകര്‍ഷണം. അതിന്റെ ലയം. ഓര്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെയാണ്.'
'സ്‌നേഹമെന്നു പറഞ്ഞാല്‍ മനസ്സിന്റെയും ശരീരത്തിന്റെയും ഉത്സവം! അല്ലാതെന്ത്? സ്‌നേഹത്തില്‍ ഒരു സ്വാര്‍ത്ഥതയുണ്ട്. താന്‍ സ്‌നേഹിച്ചതിനെ തനിക്കു തന്നെ വേണം. മുഴുവനായിട്ട്.' ചിലപ്പോള്‍ നഷ്ടപ്പെടുമ്പോഴേ സ്‌നേഹം അതിന്റെ വില മനസ്സിലാക്കുകയുള്ളൂ. തന്റെ ആദ്യ ഭാര്യ മരിച്ചതിനെപ്പറ്റി ദസ്തയേവ്‌സ്‌കിയെക്കൊണ്ട് നോവലിസ്റ്റ് ചിന്തിപ്പിക്കുന്നതിങ്ങനെയാണ്. 'അത്രമേല്‍ സ്‌നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ എത്ര നിശൂന്യമാക്കിത്തീര്‍ക്കുമെന്ന് ഇപ്പോള്‍ ഞാനറിയുന്നു.' 'ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്ത്രീ അവളായിരുന്നു. അവള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ശവക്കുഴിയില്‍ അവളോടൊപ്പം എന്താണ് അടക്കിയിരിക്കുന്നതെന്ന് ഞാനറിയുന്നത്.'
അതേ സമയം പരസ്പരം അറിയാതെയുള്ള, അംഗീകരിക്കാതെയുള്ള സ്‌നേഹം ഒരു തടവറയാണെന്നും ഈ പ്രഭാഷകന്‍ എടുത്തു പറയുന്നുണ്ട്. 'ആശിച്ചും നിരാശപ്പെടുത്തിയും കഷ്ടപ്പെടുത്തിയുമുള്ള ഈ സ്‌നേഹം എന്തൊരു സ്‌നേഹമാണ്!' 'സ്‌നേഹം വഷളായാല്‍ അതിനേക്കാള്‍ വഷളായിട്ട് വേറെ വല്ലതുമുണ്ടോ?'
ദൈവവുമായി ഒരു സംവാദം
===========================
ദൈവവുമായി സംവദിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഏകാന്തതതയുടെ ഈ താപസി, ദസ്തയേവ്‌സ്‌കി. 'തിന്മ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? തിന്മ ചെയ്യാന്‍ മനുഷ്യനെ നിര്ബന്ധിക്കുന്നതെന്താണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തില്‍ ഇപ്പോള്‍ അങ്ങേയ്ക്ക് തോന്നുന്നില്ലേ? മനുഷ്യന്റെ സൃഷ്ടിയുടെ കാര്യത്തിലെങ്കിലും ആ സംശയം ന്യായമാണെന്ന് ഞാന്‍ വിചാരിക്കുന്നു. മനുഷ്യന്‍ തിന്മ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണത്തില്‍ നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനില്‍ ആ ദൗര്‍ബല്യങ്ങള്‍ വച്ചതാരാണ്?' പ്രപഞ്ച രഹസ്യങ്ങളും മനുഷ്യന്റെ കഷ്ടപ്പാടിനുള്ള ഉത്തരവുമാണ് അദ്ദേഹം ചോദിക്കാനുദ്ദേശിക്കുന്നത്.
'മനുഷ്യര്‍ ഉറങ്ങി കിടക്കുമ്പോള്‍ രാത്രിക്കിത്ര ഭംഗിയെന്തിന്? പെട്ടെന്ന് ദസ്തയേവ്‌സ്‌കി ദൈവത്തെക്കുറിച്ചോര്‍ത്തു. ദൈവേച്ഛയില്‍ ഒളിച്ചിരിക്കുന്ന നിഗൂഢതയെന്ത്?' ഓരോ മനുഷ്യരിലുമുള്ള നന്മയുടെയും തിന്മയുടെയും ഉത്തരവാദിത്വം അവരുടെ ഉള്ളില്‍ അത് നിറച്ച ദൈവത്തിനാണ് എന്ന് ചിന്തിക്കുന്ന കഥാപാത്രം. മനുഷ്യരുടെ തെറ്റുകള്‍ക്ക് മനുഷ്യനെ മാത്രം കുറ്റം പറയാന്‍ പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്രം. 'വെറുക്കുന്ന ഒരാളെ അതേ സമയം തന്നെ സ്‌നേഹിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? കാര്യങ്ങളെല്ലാം നമുക്ക് മനസ്സിലാകുന്നില്ല.മനസ്സ് വലിയ ആഴമുള്ള ഒന്നാണ്.ചിലപ്പോള്‍ നോക്കുമ്പോള്‍ ഒരു ഘനനീലിമ. ചിലപ്പോള്‍ അടി കാണാം. അനുഗ്രഹവും ശാപവും വേര്‍തിരിക്കുന്നത് എങ്ങനെ?'
ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ദൈവവുമായുള്ള ബന്ധത്തിലൂടെ മാത്രമേ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാവൂ എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുമുണ്ട് ഒരു സങ്കീര്‍ത്തനം പോലെയിലെ ദസ്തയേവ്‌സ്‌കി.
'സ്‌നേഹത്തെയും വ്യസനങ്ങളെയും കുറിച്ചെഴുതുമ്പോള്‍ ഈ മനുഷ്യന്‍ ഒരു സ്‌നേഹദൂതനെപ്പോലെ തോന്നിപ്പിക്കുന്നു.' എന്ന അന്നയുടെ വാക്കുകള്‍ നമ്മുടെ മനസ്സില്‍ എഴുതുന്നതിന് നോവലിസ്റ്റിന്റെ തൂലികയ്ക്ക് ആവുന്നുണ്ട്. ഒപ്പം തന്നെ 'സ്‌നേഹത്തെയും അതിന്റെ വ്യസനങ്ങളെയും കുറിച്ചെഴുതുമ്പോഴത്തെ എഴുത്തുകാരന്‍ വേറെ, ആ എഴുത്തുകാരന്‍ കുടികൊള്ളുന്ന മനുഷ്യന്‍ വേറെ.' എന്ന പ്രായോഗികതയും നമ്മെ സ്വപ്നത്തില്‍ നിന്ന് ഉണര്‍ത്തുന്നുണ്ട്.
'ചില നേരങ്ങളില്‍ ഒരപരിചിതനെപ്പോലെ നഗരം തന്നെ നോക്കുന്നു. നീ ഏതാണെന്ന് ചോദിക്കുന്നു. അപ്പോള്‍ താന്‍ ഈ ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്ത ഒരാളായിത്തീരുന്നു. അതൊക്കെ കുറച്ചു നേരത്തേക്കേയുള്ളൂ. പിന്നെ വീണ്ടും ഈ നഗരം തന്റെ പ്രിയപ്പെട്ട നഗരമായിത്തീരുന്നു. കഠിനമായ സങ്കടവും കടിച്ചമര്‍ത്തിക്കൊണ്ട് ഈ നിരത്തുകളിലൂടെ കടന്നു പോകുമ്പോള്‍ ഈ നഗരം സാന്ത്വനിപ്പിക്കുന്നു. നിശബ്ദമായിട്ട്.' അതിജീവനത്തിനുള്ള ഒറ്റമൂലികള്‍ അടങ്ങിയതാണ് ഈ പുസ്തകം.
'എല്ലാവരും തന്നെ അവഗണിക്കുന്നു എന്നു വിഷാദിച്ചാല്‍ മതിയോ? താന്‍ എല്ലാവരില്‍ നിന്നും അകന്നു പോവുകയാണെന്നെന്താ തോന്നാത്തത്? നിന്ദനവും ഒറ്റപ്പെടുത്താലും അവഗണനയുമൊക്കെയുണ്ട്. അത് അന്നയ്ക്കുമറിയാം. എന്നാല്‍ ഈ ആള്‍ ഈ അപകര്‍ഷതാബോധമൊക്കെ ഉപേക്ഷിച്ച് ഇതാ ഞാന്‍ എന്നു പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. പക്ഷെ സ്വയം തോന്നണ്ടേ?' എന്ന് അന്നയെക്കൊണ്ട് പറയിക്കുന്ന നോവലിസ്റ്റ് പക്ഷെ, അന്ന തരണം ചെയ്ത പ്രതിസന്ധികളുടെ കടലിനെയും ദസ്തയേവ്‌സ്‌കി എന്ന നോവലിസ്റ്റിന്റെ മഹത്വത്തിന്റെ നാളുകളെയും നോവലിന്റെ കാലത്തില്‍ നിന്ന് പുറത്തു നിര്‍ത്തിയത് വായനക്കാരുടെ ദൗര്‍ഭാഗ്യം എന്നെ പറയേണ്ടൂ.
ദസ്തയേവ്‌സ്‌കി എന്ന വലിയ എഴുത്തുകാരനിലേക്കുള്ള ഒരു തീര്‍ത്ഥയാത്രയാണ് പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍.
(സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്)


malayalambooksreview.blogspot.com /2019/01/blog-post_27.html


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive