2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അക്കാദി അധ്യക്ഷൻ കെ വിശ്വനാഥ തിവാരി പ്രഭാവർമ്മയ്‌ക്ക്‌ സമ്മാനിക്കുന്നു
2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അക്കാദി അധ്യക്ഷൻ കെ വിശ്വനാഥ തിവാരി പ്രഭാവർമ്മയ്‌ക്ക്‌ സമ്മാനിക്കുന്നു
ജ്ഞാനപ്പാന ഒരു ഭക്തികാവ്യമല്ല. നിശിതമായ സാമൂഹ്യവിമർശനമാണതിൽ. അക്ഷരാർഥത്തിൽ ജ്ഞാനത്തിന്റെ പാന; അറിവിന്റെ പാട്ട്‌. ഭക്തിയുടെ പാട്ടല്ല. ചരിത്രത്തിൽ അന്ധകാരത്തിന്റെ നീണ്ട ഇടവേളകൾ ഉണ്ടാകാറുണ്ട്‌. കേരളത്തിലും ഉണ്ടായിട്ടുണ്ട്‌ അത്തരം ഇടവേളകൾ. ജീർണവും മലീമസവുമായ ഒരു കാലം. അകർമണ്യതയുടെയും ഭോഗലാലസതയുടെയും കാലം. അത്തരമൊരു കാലത്തിന്‌ അന്ത്യംകുറിച്ച്‌ മനുഷ്യരെ കർമധീരതയിലേക്കും പ്രബുദ്ധതയിലേക്കും ഉയർത്തുന്നതിന്‌ സർഗാത്മകമായ ഇടപെടലുകളുണ്ടായിട്ടുണ്ട്‌. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള അത്തരത്തിലുള്ള സാമൂഹ്യ ഇടപെടലാണ്‌ എഴുത്തച്ഛന്റെ ‘ഹരിനാമകീർത്തന’വും പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’യും നടത്തിയത്‌. ‘കത്തുന്ന പൊന്മണിവിളക്കെന്നപോലെ’ എന്ന്‌ എഴുത്തച്ഛൻ എഴുതിയിട്ടില്ലേ. അത്തരം വിളക്കുകളായി അന്ധകാരത്തിന്റെ ഇടവേളയ്‌ക്ക്‌ അന്ത്യംകുറിച്ച്‌ തെളിഞ്ഞുവന്ന സാമൂഹ്യപ്രസക്തിയുള്ള കൃതികളാണ്‌ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും. ദൈവംപോലും സവർണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന ഘട്ടത്തിൽ നിസ്വരുടെ, അധഃസ്ഥിതരുടെ പ്രതിനിധിയായി ശ്രീകോവിലിൽ കയറി സ്വന്തം സർഗാത്മകതയുടെ പ്രതിഷ്‌ഠ സാധ്യമാക്കിയവരാണ്‌ എഴുത്തച്ഛനും പൂന്താനവും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ‘ഹരിനാമകീർത്തന’ത്തിലെ ‘ഋതുവായ പെണ്ണിനും’ എന്നു തുടങ്ങുന്ന ഭാഗം. സ്‌ത്രീതന്നെ മാറ്റിനിർത്തപ്പെടേണ്ടവളാണ്‌ എന്ന സാമൂഹ്യവ്യവസ്ഥ നിലനിന്ന ഘട്ടത്തിലാണ്‌, ‘ഋതുവായ പെണ്ണിനും തെണ്ടിനടക്കുന്നവനും ചുടലസൂക്ഷിപ്പുകാരനും പതിതനും’ ഒക്കെ അവകാശപ്പെട്ടതാണ്‌ ഈ ഹരി എന്ന്‌ എഴുത്തച്ഛൻ ധീരമായി പ്രഖ്യാപിച്ചത്‌. അത്തരം കൃതികളിലെ ജ്വലിക്കുന്ന കലാപാംശങ്ങളെ ചോർത്തിക്കളയാനുള്ള ബ്രാഹ്മണ്യത്തിന്റെ, പൗരോഹത്യത്തിന്റെ ഗൂഢതന്ത്രമാണ്‌ ‘ഹരിനാമകീർത്തന’ത്തെയും ‘ജ്ഞാനപ്പാന’യെയുമൊക്കെ ‘ഭക്തികാവ്യം’ എന്ന ചില്ലുകൂട്ടിലടച്ച്‌ സൂക്ഷിക്കാൻ ശ്രമിക്കുന്നതിനു പിന്നിലുള്ളത്‌. അന്ന്‌ ജീർണമായ സാമൂഹ്യവ്യവസ്ഥയുടെ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ട പൗരോഹിത്യസംഘമാണ്‌ ഇന്ന്‌ വേഷംമാറി ‘ജ്ഞാനപ്പാന’ ഭക്തികാവ്യമാണെന്ന്‌ ആവർത്തിക്കുന്നത്‌.
ജ്ഞാനപ്പാനയിലെ ‘കൃഷ്‌ണ കൃഷ്‌ണ മുകുന്ദാ ജനാർദനാ’ എന്നത്‌ കേവലം സംബോധനമാത്രം. ഭക്തരുടെ മനസ്സിലേക്ക്‌ കടക്കാനുള്ള വാതിൽ. പിന്നീടങ്ങോട്ടുവരുന്നതൊക്കെയും സാമൂഹ്യഗതിക്രമങ്ങളുടെ വിവരണങ്ങളും അവയുടെ വിമർശനങ്ങളുമാണ്‌.
എന്നിടത്ത്‌ ഈ സാമൂഹ്യവിമർശനം കലാപത്തിന്റെ കനൽ ഉൾക്കൊള്ളുന്ന രാഷ്ട്രീയനിരീക്ഷണത്തിന്റെ സ്വഭാവമാർജിക്കുന്നു. സ്ഥിതവ്യവസ്ഥയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന്റെ വീര്യമുണ്ടതിൽ.
എത്ര സൂക്ഷ്‌മമായ സാമൂഹ്യവിമർശമാണത്‌. അതിനെ ഭക്തികാവ്യമെന്നു മുദ്രകുത്തി പരിമിതപ്പെടുത്താൻ നോക്കുന്നത്‌ പൂന്താനത്തോടുള്ള നിന്ദയാണ്‌. ആ കൃതി തുറന്നുതരുന്ന വായനയുടെ അനന്തസാധ്യതകളെ അടച്ചുകളയലാണ്‌. പോരാളി, തേരാളി, യോഗേശ്വരൻ എന്നീ മാനങ്ങളോടുകൂടിയ കൃഷ്‌ണസങ്കൽപ്പത്തെ കേവലം ‘വെണ്ണ കട്ടുണ്ണി’ എന്നതിലേക്ക്‌ പരിമിതപ്പെടുത്തുന്നതുപോലെയാണത്‌. ഇവർ ജ്ഞാനപ്പാനയെ അതിന്റെ സാമൂഹ്യമായ പ്രകരണങ്ങളിൽനിന്ന്‌ അടർത്തിമാറ്റുകയാണ്‌. മാനുഷികമായ അർഥതലങ്ങളിൽ വായിച്ചെടുക്കാൻ ഇവർ അനുവദിക്കില്ല. ഇതേപോലെ കൃഷ്‌ണനെ, ആ വ്യക്തിത്വത്തിന്റെ നാനാവശങ്ങളും ഉൾക്കൊള്ളുന്ന സമഗ്രതയിൽ ആവിഷ്‌കരിക്കാനും അനുവദിക്കില്ല. പൗരോഹിത്യത്തിന്റെ കടുംപിടിത്തങ്ങളിൽനിന്ന്‌ ജ്ഞാനപ്പാനയെ ജനപക്ഷത്തേക്ക്‌ മോചിപ്പിച്ചെടുക്കാനാണ്‌ ശ്രമിക്കേണ്ടത്‌.
കൃഷ്‌ണനെ പുകഴ്‌ത്തലോ ഇകഴ്‌ത്തലോ ഉദ്ദേശ്യമായിരുന്നില്ല. സ്വാഭാവികമായി മനസ്സിൽനിന്ന്‌ ഊർന്നുവന്ന കാവ്യമാണ്‌. മഹാഭാരതം ഒരാവൃത്തി വീണ്ടും വായിച്ചപ്പോൾ മുൻ വായനകളിലൊന്നും ഉണ്ടാകാത്ത ഒരനുഭവമുണ്ടായി,ഗാന്ധാരീവിലാപത്തിന്റെ ഭാഗത്തെത്തിയപ്പോൾ. ‘നീയും നിന്റെ കുലവും ഒടുങ്ങട്ടെ’ എന്ന്‌ ഗാന്ധാരി കൃഷ്‌ണനെ ശപിക്കുന്നു. മക്കളെയെല്ലാം യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരമ്മ ഇങ്ങനെ ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ. എനിക്ക്‌ അത്ഭുതം തോന്നിയത്‌ ആ ശാപത്തിലല്ല, മറിച്ച് ശാപത്തോടുള്ള കൃഷ്‌ണന്റെ പ്രതികരണത്തിലാണ്‌.
എന്നായിരുന്നല്ലോ മന്ദഹാസത്തോടെയുള്ള പ്രതികരണം. അവിടെയാണ്‌ ഞാൻ സ്‌തബ്‌ധനായത്‌. പുരാണേതിഹാസങ്ങളിലൊക്കെ ശാപമുഹൂർത്തങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്‌. അവിടെയെല്ലാം ശാപത്തിനിരയാകുന്ന വ്യക്തി ഒന്നുകിൽ ചില ന്യായവാദങ്ങൾ നിരത്തിക്കൊണ്ട്‌ ശാപമുക്തിക്ക്‌ അപേക്ഷിക്കും. അല്ലെങ്കിൽ തിരികെ ശപിക്കും. ഇതൊന്നുമല്ലാതെ തനിക്കിതുതന്നെയാണ്‌ വരേണ്ടത്‌ എന്ന മട്ടിൽ ശാപം ഏറ്റുവാങ്ങുന്നത്‌ എവിടെയും അതിനുമുമ്പോ പിമ്പോ കണ്ടിട്ടില്ല. ഇത്തരമൊരു നിലപാടെടുക്കണമെങ്കിൽ തനിക്കെവിടെയൊക്കെയൊ തെറ്റിപ്പോയി എന്ന ചിന്ത മനസ്സിലുണ്ടാകണം. പശ്ചാത്താപവിവശമായ മനസ്സുണ്ടാകണം. അതുണ്ടോ കൃഷ്‌ണന്‌ എന്ന്‌ ചിന്തിക്കാൻ മറ്റൊരു മുഹൂർത്തവും കാരണമായി.
‘അജാനതാകൃതമിദം’ എന്നു പറഞ്ഞുകൊണ്ടാണല്ലോ അമ്പെയ്‌ത വ്യാധൻ കൃഷ്‌ണനെ സമീപിക്കുന്നത്‌. അറിയാതെ ചെയ്‌തുപോയതാണെന്നർഥം. ആ വ്യാധനോടുള്ള കൃഷ്‌ണന്റെ പ്രതികരണവും തനിക്ക്‌ ഇതുതന്നെയാണ്‌ വരേണ്ടത്‌ എന്ന മട്ടിലുള്ളതാണ്‌. അങ്ങനെ ചിന്തിച്ചപ്പോൾ ഭക്തജനസങ്കൽപ്പങ്ങൾക്ക്‌ പുറത്തുനിൽക്കുന്ന ഒരു കൃഷ്‌ണൻ എന്റെ മനസ്സിൽ രൂപമെടുക്കുകയായിരുന്നു. എന്താണ്‌ പൊതുവെയുള്ള കൃഷ്‌ണസങ്കൽപ്പം? ഗോപികമാരുടെ വസ്‌ത്രം കവർന്നവൻ, വെണ്ണ കട്ടുണ്ണുന്നവൻ, ആനന്ദലീലാലോലൻ എന്നൊക്കെ. അങ്ങനെയുള്ള കൃഷ്‌ണനേയല്ല എന്നിൽ തെളിഞ്ഞുവന്നത്‌. തടങ്കലിൽ ജനിക്കേണ്ടിവന്നയാൾ, തൊട്ടുപിന്നാലെ അച്ഛനമ്മമാരിൽനിന്ന്‌ പറിച്ചെറിയപ്പെടുന്നയാൾ, നവജാതശിശുവായിരിക്കെ അർധരാത്രിയിലെ പേമാരിയിൽ കൈമാറ്റംചെയ്യപ്പെടുന്നയാൾ, കുടിക്കുന്ന മുലപ്പാലിൽവരെ വിഷം രുചിക്കേണ്ടിവന്നയാൾ, കളിക്കാനെടുത്ത ചക്രത്തിൽവരെ മരണം ഒളിച്ചിരിക്കുന്നു എന്നറിയേണ്ടിവരുന്നയാൾ, പ്രണയിനിയായ രാധയെ കൈവിടേണ്ടിവരുന്നയാൾ, ദൂതുപോയി നാണംകെടേണ്ടിവരുന്നയാൾ, സ്വന്തം അനന്തരവൻ കൊല്ലപ്പെട്ടതിന്‌ കാരണക്കാരനായവൻ എന്ന പഴി കേൾക്കേണ്ടിവരുന്നയാൾ, സഹോദരസമാനരെയും ഗുരുതുല്യരെയുമൊക്കെ മഹായുദ്ധത്തിലേക്ക്‌ നയിച്ച്‌ കൊന്നൊടുക്കിയവൻ എന്ന കുറ്റം ചുമക്കേണ്ടിവരുന്നയാൾ, യുദ്ധവിമുഖനായ അർജുനനെക്കൊണ്ട്‌ യുദ്ധംചെയ്യിച്ച്‌ മഹായുദ്ധത്തിലൂടെ രാജ്യം നേടിയെടുത്തുകൊടുത്തപ്പോൾ പാണ്ഡവർക്ക്‌ അതു വേണ്ട എന്ന്‌ വന്നപ്പോൾ താൻ ചെയ്‌തതെല്ലാം വ്യർഥമായിപ്പോയല്ലോ എന്ന്‌ പരിതപിക്കുകയും ചെയ്യേണ്ടിവന്നയാൾ, ഗാന്ധാരിയുടെ ശാപത്തിന്‌ വിധേയനായയാൾ, ഒടുവിൽ ഒരു വ്യാധന്റെ അമ്പേറ്റ്‌ ജീവൻ വെടിയേണ്ടിവന്നയാൾ–- സത്യത്തിൽ കൃഷ്‌ണൻ ദുരന്തകഥാപാത്രമല്ലേ? ആ ജീവിതത്തിലെവിടെയാണ്‌ കൃഷ്‌ണൻ ആനന്ദമനുഭവിച്ചിട്ടുള്ളത്‌? അപ്പോൾ ആനന്ദചിന്മയബിംബംകൊണ്ട്‌ കൃഷ്‌ണനെ അടയാളപ്പെടുത്താനാകില്ലെന്നു വരും. ആ ബിംബത്തെ ലീലാവതിടീച്ചർ ചൂണ്ടിക്കാട്ടിയതുപോലെ ‘വിഷാദചിന്മയബിംബം കൊണ്ട്‌ പകരംവയ്‌ക്കുകയാണ്‌’ ഞാൻ ചെയ്‌തത്‌.
തീർച്ചയായും ഉണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ സാഹിത്യംതന്നെ ഒരു സിദ്ധാന്തത്തിന്റെ ഉരകല്ല് കണ്ടെത്തിയിട്ടുണ്ട്‌. അതാണ്‌ സാധ്യതാനിയമം (Theory of Probability). ഒരു പുരാണപുരുഷനെ പുതിയ രീതിയിൽ അവതരിപ്പിക്കുമ്പോൾ നാമെടുക്കുന്ന സ്വാതന്ത്ര്യത്തെ ന്യായീകരിക്കുന്ന എന്തെങ്കിലും അദ്ദേഹത്തിന്റെ എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയ ജീവിതവുമായി ബന്ധപ്പെട്ട്‌ ഉണ്ടായിരിക്കണം. ഉണ്ടെങ്കിൽ ആ സൂചനകൾ വികസിപ്പിച്ച്‌ എഴുത്തുകാരന്‌ സ്വതന്ത്രമായി മുന്നോട്ടുപോകാം. അത്തരം സൂചനകളില്ലെങ്കിൽ ആ വഴിക്ക്‌ നീങ്ങിക്കൂടാ. കൃഷ്‌ണൻ ഗാന്ധാരിയോടു പറഞ്ഞതിലും വ്യാധനോടു പറഞ്ഞതിലും പശ്ചാത്താപത്തിന്റേതായ ചില സൂചനകളുണ്ട്‌. ആ സൂചനകൾ വിപുലപ്പെടുത്തുകയേ ഞാൻ ചെയ്‌തിട്ടുള്ളൂ. ആ യാത്രയാകട്ടെ കൃഷ്‌ണനെ സംബന്ധിച്ച്‌ നേരത്തെ രൂപപ്പെട്ട ആനന്ദചിന്മയൻ എന്ന പരിമിതമായ കൽപ്പനയിൽനിന്ന്‌ മോചിപ്പിക്കലും വ്യത്യസ്‌ത പാരായണങ്ങൾക്കുള്ള സാധ്യതകളുടെ ആകാശം തുറന്നുകൊടുക്കലുമാണ്‌.
ഞാൻ എനിക്ക്‌ പരിചിതമായ കാര്യങ്ങളെ മുൻനിർത്തിയാണെഴുതുന്നത്‌. ഇസ്ലാംമതവും സംസ്‌കാരവും ഹിന്ദുമതത്തിന്റെയത്ര എനിക്ക്‌ പരിചിതമല്ല. വൈക്കം മുഹമ്മദ്‌ ബഷീറിനോട്‌ ‘പാത്തുമ്മയുടെ ആടി’നു പകരം ‘സാവിത്രിയുടെ ആടി’നെക്കുറിച്ച്‌ എഴുതാതിരുന്നത്‌ എന്തുകൊണ്ട്‌ എന്ന്‌ ചോദിച്ചാലോ? ഇതിനൊക്കെ അപ്പുറത്ത്‌ ഇസ്ലാംമതത്തിന്‌ ഒരേയോരു ദൈവമേയുള്ളൂ. ആ ദൈവത്തിനാകട്ടെ രൂപമില്ല. അത്‌ മനുഷ്യാവതാരമെടുത്തിട്ടില്ല. ഭൂമിയിൽ വന്ന്‌ മനുഷ്യർക്കിടയിൽ വ്യാപരിച്ചിട്ടില്ല. ഇതുകൊണ്ടൊക്കെത്തന്നെ ആ വഴികളിൽ സാധ്യതയേതുമില്ല. ദൈവങ്ങൾ മനുഷ്യരാകുന്നത്‌ ഹിന്ദുമതത്തിലല്ലേയള്ളൂ.
ജനിമൃതികൾക്കതീതരായ, വികാരവിചാരങ്ങളില്ലാത്ത അവതാരപുരുഷന്മാരിൽ എഴുത്തുകാരൻ തന്റെ ചിന്ത ആരോപിക്കുന്നത്‌ ശരിയാണോ.
=ദൈവങ്ങൾ മനുഷ്യരാകുന്ന സന്ദർഭങ്ങളല്ല ഇതിഹാസങ്ങളിൽ നാം കാണുന്നത്‌. വനവാസകാലത്ത്‌ ഭരതനെത്തുമ്പോൾ ശ്രീരാമന്റെ മനസ്സിൽ തോന്നിയ വികാരങ്ങൾ മനുഷ്യസഹജമായതല്ലേ? കൈകേയിയോടും ദശരഥനോടുപോലും ചില ഘട്ടങ്ങളിൽ ശ്രീരാമന്‌ തോന്നിയത്‌ മനുഷ്യർക്കുമാത്രം തോന്നുന്ന ഭാവങ്ങളല്ലേ? ഇതൊക്കെയിരിക്കട്ടെ. വികാരവിചാരങ്ങളില്ലാത്ത, ജനിമൃതികളില്ലാത്ത വ്യക്തിത്വമായാണ്‌ ശ്രീരാമനെ കാണുന്നതെങ്കിൽ ഈ വാദമുന്നയിക്കുന്നവർ എന്തിനാണ്‌ ശ്രീരാമന്റെ ഭവനനിർമാണപ്രശ്‌നം ഉന്നയിച്ച്‌ ഇത്രവലിയ കോലാഹലമുണ്ടാക്കിയത്‌; കല്ലും മണ്ണും കൊണ്ടുള്ള കെട്ടിടമല്ല, ഭക്തജനങ്ങളുടെ മനസ്സാണ്‌ രാമന്റെ ഉചിതമായ വാസസ്ഥലമെന്ന്‌ രാമായണത്തിൽ വാൽമീകിതന്നെ വ്യക്തമാക്കിയിരിക്കെ.
സഭാതലത്തിൽ വസ്‌ത്രാക്ഷേപം നടന്നപ്പോൾ ദ്രൗപദി രക്ഷയ്‌ക്ക്‌ അപേക്ഷിച്ചത്‌ കൃഷ്‌ണനോടാണ്‌, പഞ്ചപാണ്ഡവരോടല്ല. ദുർവാസാവ്‌ വിശപ്പോടെ കടന്നുവരുമ്പോൾ തന്റെ അക്ഷയപാത്രത്തിൽപ്പോലും കൊടുക്കാനൊന്നുമില്ലെന്നു വന്നപ്പോൾ ദ്രൗപദി കേണുവിളിച്ചതും കൃഷ്‌ണനെ.
ദ്രുപദൻ ദ്രൗപദിയെ കൃഷ്‌ണനെക്കൊണ്ട്‌ വിവാഹം ചെയ്യിക്കാനാണ്‌ ആഗ്രഹിച്ചത്‌. സ്വയംവരഘട്ടത്തിൽ ദ്രൗപദി പ്രതീക്ഷിച്ചതും കൃഷ്‌ണനെ. കർണൻ സൂതപുത്രനെന്ന നിലയിൽ മാറ്റിനിർത്തപ്പെട്ടു. അർജുനൻ വരാൻ ഇടയില്ല. കാരണം, പാണ്ഡവർ വനവാസത്തിലായിരുന്നു. പിന്നെ, കറുത്ത നിറത്തിലുള്ള ഒരാളെയേ പ്രതീക്ഷിക്കാനുള്ളൂ. അത്‌ കൃഷ്‌ണനാകാനേ തരമുള്ളൂ എന്ന്‌ ദ്രൗപദി കരുതി. കറുപ്പ്‌ കണ്ട മാത്രയിൽത്തന്നെ മനസാ വരിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി വന്ന കൃതികളിലും മഥുരയിലെ നാടൻപാട്ടുകളിലുമെല്ലാം ഇങ്ങനെയുള്ള സൂചനകളുണ്ട്‌. അതിനെ പിന്തുടരുകയേ ഞാൻ ചെയ്‌തുള്ളൂ.
ജ്ഞാനപ്പാന പുരസ്‌കാരം ഭക്തികാവ്യത്തിനുള്ളതാണെന്ന്‌ ഇപ്പോൾ പരാതിക്കാർ പറയുന്നു. ‘ശ്യാമമാധവം’ ഭക്തികാവ്യമാണോ.
‘ശ്യാമമാധവം’ ഭക്തികാവ്യമല്ല. ഭക്തികാവ്യത്തിനുള്ളതാണ്‌ പുരസ്‌കാരമെങ്കിൽ ഞാൻ സ്വീകരിക്കുകയുമില്ല. മറിച്ച്‌ മികച്ച കാവ്യത്തിനുള്ളതാണെങ്കിൽ വാങ്ങിയെന്നുവരാം. ഏതായാലും ഒരു കാര്യം പറയാം. ഈ പുരസ്‌കാരത്തിനുവേണ്ടി അപേക്ഷയൊന്നും ആർക്കും മുന്നിൽ സമർപ്പിച്ചിട്ടില്ല. പുരസ്‌കാരപരിഗണനയ്‌ക്ക്‌ പുസ്‌തകം കൊടുത്തിട്ടുമില്ല. ഒരുദിവസം ദേവസ്വം ബോർഡ്‌ അവാർഡ്‌ വിവരം അറിയിച്ചു. അത്രമാത്രം. ഭക്തികാവ്യത്തിനുള്ളതാണ്‌ പുരസ്‌കാരമെന്ന്‌ ഇപ്പോൾ പറയുന്നവരോട്‌ ഒരു കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ചലച്ചിത്രസംവിധായകനായ ജി അരവിന്ദൻ, ഡോ. എം ലീലാവതി, ശ്രീ ശ്രീ രവിശങ്കർ, ഉണ്ണിക്കൃഷ്‌ണൻ പുതൂർ, സി രാധാകൃഷ്‌ണൻ, ശ്രീകുമാരൻതമ്പി, സുമംഗല എന്നിവരൊക്കെ ജ്ഞാനപ്പാന പുരസ്‌കാരജേതാക്കളുടെ പട്ടികയിലുണ്ട്‌. ഇവരുടെയൊക്കെ ഭക്തികാവ്യം ഏതാണെന്നറിഞ്ഞാൽ നന്നായിരുന്നു. പരാതിക്കാരൻ ടിവി ചർച്ചയിൽ പറഞ്ഞത്‌ തനിക്ക്‌ കൃതി മനസ്സിലാക്കാനുള്ള പാണ്ഡിത്യമില്ലെന്നും അത്‌ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന്‌ ഏതോ സുഹൃത്തുക്കൾ തന്നോട്‌ പറഞ്ഞെന്നുമാണ്‌. ഇതിനപ്പുറം വേറെ വിശദീകരണം വേണോ? ഭക്തർക്ക്‌ മാത്രമുള്ളതാണ്‌ ഗുരുവായൂർ എന്ന വാദം ഭക്തജനങ്ങൾതന്നെ അംഗീകരിക്കുമെങ്കിൽ കുചേലവൃത്തത്തിലെ ‘അജിതാ ഹരേ’ എന്ന പദം ഹൃദയമുരുകുംവിധം പാടിയ കലാമണ്ഡലം ഹൈദരാലിക്കുമുമ്പിൽ ആ നട അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തുറക്കണമായിരുന്നു.
എന്ന്‌ കരളുരുകി പ്രാർഥിച്ചുപാടിയ യേശുദാസിനുമുമ്പിൽ ആ നട തുറക്കണമായിരുന്നു. അപ്പോൾ മാനദണ്ഡം ഭക്തിയല്ല എന്നുവരുന്നു.
സാഹിത്യം ഇന്നു കാണുന്ന വിധത്തിലുള്ള വിലയിരുത്തലാണോ അർഹിക്കുന്നത്‌. ഇന്നത്തെ രീതി തുടർന്നാൽ സാഹിത്യത്തിന്റെ അവസ്ഥയെന്താകും
എന്ന കവിത നിരോധിക്കപ്പെടും. ‘ശ്യാമളാദണ്ഡകത്തി’ൽ സരസ്വതിയെ മദാലസ എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. അത്‌ നിരോധിക്കപ്പെടും. ‘കൊല്ലിക്കയത്രേ നിനക്കു രസമെടോ’ എന്ന്‌ ഗാന്ധാരി കൃഷ്‌ണനോട്‌ പറയുന്ന ഭാഗമുള്ള മഹാഭാരതം നിരോധിക്കപ്പെടും. ‘ഗോപീപീനപയോധര മർദന’ എന്ന ഭാഗമുള്ള ഗീതഗോവിന്ദം നിരോധിക്കപ്പെടും. ഖണ്ഡേക്കറുടെ യയാതി മുതൽ എം ടിയുടെ രണ്ടാമൂഴംവരെ നിരോധിക്കപ്പെടും.
എന്ന്‌ ശ്രീരാമനെ സീത വിചാരണചെയ്യുന്ന കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ നിരോധിക്കപ്പെടും. കാളിദാസന്റെ കുമാരസംഭവം എട്ടാംസർഗം അപ്പാടെ നിരോധിക്കപ്പെടും. സാഹിത്യം എന്നത്‌ ഒരു പച്ചപ്പും പൊടിക്കാത്ത മരുഭൂമിയാകും.
ഇതിനുത്തരം ആ ഗ്രന്ഥത്തിന്‌ അവതാരിക എഴുതിയ ഒ എൻ വിതന്നെ കൃത്യമായി പറഞ്ഞിട്ടുണ്ട്‌. ‘വിഗ്രഹഭഞ്‌ജനം കവിയുടെ ഉദ്ദേശ്യമേയല്ല’ എന്നാണദ്ദേഹം എഴുതിയിട്ടുള്ളത്‌. അനുഗൃഹീതമായ സർഗാത്മകതയുടെ ഇന്ദ്രജാലമാണ്‌ ശ്യാമമാധവത്തിൽ കാണുന്നതെന്ന്‌ പ്രൊഫ. എം കെ സാനു പറയുന്നു. ‘ശ്രീകൃഷ്‌ണചരിത്രത്തെ ഒന്നുടച്ചുവാർത്തുകളയാമെന്ന വ്യഗ്രതയോടെ ഒരു അപനിർമാണസാഹസത്തിലേർപ്പെടുകയല്ല കവിയുടെ ലക്ഷ്യ’മെന്ന്‌ കൃഷ്‌ണഭക്തയായ ലീലാവതി ടീച്ചർ പറയുന്നു. ശ്യാമമാധവത്തിൽ കൃഷ്‌ണനിന്ദയില്ലെന്ന്‌ ടീച്ചർ ഗുരുവായൂരിൽത്തന്നെ ചെന്നുനിന്ന്‌ പ്രസംഗിച്ചു.
ഞാനാരെയും കാത്തിരിക്കാറില്ല. എന്റെ പോരാട്ടം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നു. അതേസമയം, ഐക്യദാർഢ്യവുമായി ഒട്ടനവധി പ്രമുഖർ വിളിച്ചിരുന്നു. ഐക്യദാർഢ്യവുമായി എത്തുന്നതിൽ, സാധാരണ ആവിഷ്‌കാരസ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാറുള്ള ചില മുഖങ്ങൾ ഇല്ലായിരിക്കാം. അവർക്ക്‌ അവരുടേതായ സൗകര്യങ്ങളും അസൗകര്യങ്ങളുമുണ്ടാകാം. അതൊന്നും എന്നെ അലോസരപ്പെടുത്തുന്നില്ല.ശരത്‌ചന്ദ്രലാൽUpdated: Sunday Mar 8, 2020