Monday, January 20, 2020

പ്രതീക്ഷപ്പച്ച
ഒരു കുഞ്ഞു ധാന്യത്തരിയോളം പോന്ന അരയാൽവിത്തിനുള്ളിൽ ആയിരത്താണ്ടിന്‌ തണലിടേണ്ട വടവൃക്ഷം ഒളിഞ്ഞിരിക്കുന്നപോലെയാണത്‌. നഗരഹൃദയത്തിലെ ഇത്തിരി സ്ഥലത്ത് ഒരു വലിയ കാടിന്റെ ചെറുപതിപ്പ്‌. മാവും മരുതും നീർമാതളവും ചേരും താന്നിയും ഇടതൂർന്ന്‌ ആകാശത്തേക്ക്‌ കണ്ണയച്ച്‌ വളരുന്ന സൂക്ഷ്‌മവനം. പാമ്പും പഴുതാരയും ചെറുജീവികളും ചിലന്തിയുമെല്ലാം പരസ്‌പരം ആശ്രയിക്കുന്ന ആവാസത്തിന്റെ തുരുത്ത്‌. എന്തൊരു പ്രതീക്ഷപ്പച്ചയാണത്‌. ഇതാണ്‌ മിയാവാക്കി കാടുകൾ. ജപ്പാനിലെ സസ്യശാസ്‌ത്രജ്ഞൻ പ്രൊഫ. അകിര മിയാവാക്കിയുടെ ആശയത്തിൽനിന്ന്‌ ലോകമാകെ പടർന്ന സ്വപ്‌നക്കാട്‌. അതിപ്പോൾ നമ്മുടെ നാട്ടിലും പ്രചാരം നേടുകയാണ്‌. തിരുവനന്തപുരം പുളിയറക്കോണത്തെ മൈലമൂട്ടിലെ കുന്നിൻപുറത്ത്‌ രണ്ടര ഏക്കറിൽ മിയാവാക്കി വനങ്ങൾ ഒരുങ്ങുകയാണ്‌. ഐടി സംരംഭകൻ എം ആർ ഹരിയുടെ ജീവിതസ്വപ്‌നമാണ്‌ ഇങ്ങനെ താരണിയുന്നത്‌. ഓരോ സെന്റായി തിരിച്ച കുന്നിൻപുറത്ത്‌ നട്ടും നനച്ചും ഒരു വ്യാഴവട്ടമായി. മത്സരിച്ച്‌ തഴച്ചുവളരുന്ന പലതരത്തിലുള്ള വൻ മരങ്ങളും കുഞ്ഞുസസ്യങ്ങളും ഉൾപ്പെടെയുള്ളവ കാടിന്റെ സ്വഭാവങ്ങളൊക്കെ കാട്ടിത്തുടങ്ങി.

അകിര മിയാവാക്കിക്കൊപ്പം  എം ആർ ഹരി

അകിര മിയാവാക്കിക്കൊപ്പം എം ആർ ഹരി
ഇൻവിസ്‌ മൾട്ടിമീഡിയയുടെ എംഡികൂടിയായ ഹരി 12 വർഷംമുമ്പ്‌ കോട്ടയം നഗരത്തിലെ വീട്‌ വിറ്റ്‌ പുളിയറക്കോണത്ത്‌ പാറക്കെട്ടുള്ള മൊട്ടക്കുന്ന്‌ വാങ്ങിയതിനെ പലരും കളിയാക്കി. പഠനകാലത്തേയുള്ള ആഗ്രഹം. കാടുണ്ടാക്കാൻ വർഷങ്ങളോളം പ്രയത്‌നിച്ചു. മഴക്കാലത്ത്‌ നട്ടതെല്ലാം വേനലിലെ തീവെയിൽ തിന്നുതീർത്തു. അവസാനമാണ്‌ മിയാവാക്കിയിൽ ചേക്കേറിയത്‌. കൺമുന്നിലുണ്ടായിരുന്ന കുന്നും മലയുമെല്ലാം വരിനിന്ന്‌ ടിപ്പർ ലോറിയിൽ നഗരം കാണാൻപോയി.
എതിർവശത്ത്‌ വലിയ കുന്നിന്റെ ഹൃദയംവരെ മാന്തിയെടുക്കുന്ന യന്ത്രക്കൈകളുടെ ഹുങ്കാരത്തെ അതീജിവിച്ച്‌ ഹരി പറഞ്ഞുതുടങ്ങി.

മിയാവാക്കി സൂക്ഷ്‌മവനം

ജപ്പാനിലെ യോകോഹോമ സർവകലാശാലയിലെ പ്രൊഫസർ അകിര മിയാവാക്കി കണ്ടെത്തിയതാണ്‌ സൂക്ഷ്‌മവനമെന്ന ആശയം. അരനൂറ്റാണ്ടായി ഭൂമിയെ പച്ചപ്പുതപ്പണിയിക്കുന്ന അദ്ദേഹം 40 ദശലക്ഷത്തോളം മരങ്ങൾ മിയാവാക്കി രീതിയിൽ ലോകമെമ്പാടും വച്ചു.
ആയിരം ചതുരശ്ര അടി സ്ഥലത്തും (കഷ്ടിച്ച്‌ രണ്ടര സെന്റ്) ഒരു വനം സൃഷ്ടിക്കാമെന്നതാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത. ഒരു പ്രദേശത്ത്‌ സ്വാഭാവികമായി വളരുന്ന ചെടിമാത്രമാണ് നട്ടുപിടിപ്പിക്കുന്നത്. ആദ്യംതന്നെ ജൈവഘടകങ്ങൾ ധാരാളമായി കൂട്ടിച്ചേർത്ത്‌ തെരഞ്ഞെടുത്ത സ്ഥലത്തെ മണ്ണ് പാകപ്പെടുത്തുന്നു.
വൃക്ഷങ്ങൾ, വള്ളികൾ, ചൂരൽ, കുറ്റിച്ചെടികൾ, ഉയർന്ന മരങ്ങൾ, അടിക്കാട്ടിലെ ചെടികൾ ഇവയെല്ലാം തെരഞ്ഞെടുക്കണം. ഇവ ചട്ടിയിൽ വളർത്തി രണ്ടു മൂന്നുമാസത്തെ വളർച്ച എത്തിയശേഷം മണ്ണിലേക്ക്‌ മാറ്റണം. ഇപ്രകാരം സൃഷ്ടിക്കുന്ന വനം ഒരു വർഷംകൊണ്ട്‌ പത്തടിയിലധികം ഉയരമാകും. മൂന്നുവർഷം കഴിഞ്ഞാൽ പരിചരണം വേണ്ട.
മാലിന്യംതള്ളുന്ന സ്ഥലങ്ങളിൽ മിയവാക്കി മരങ്ങൾ നട്ടാൽ പ്രശ്‌നപരിഹാരം സാധ്യമാകും. പത്ത്‌ പതിനഞ്ചു വർഷംകൊണ്ട് നൂറ് -നൂറ്റമ്പതു വർഷം പ്രായമായ ഒരു സ്വാഭാവിക വനത്തിന്റെ വളർച്ച കൈവരിക്കുമെന്ന്‌ ഹരി സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പിനുവേണ്ടി നെടുമ്പാശേരി, നെയ്യാർ, തൃശൂർ മുടിക്കാട്‌ എന്നിവിടങ്ങളിൽ മാതൃകാവനങ്ങൾ ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരം വിളപ്പിൽശാലയിലെ ഇ എം എസ്‌ അക്കാദമിയിലും മിയാവാക്കി പ്രാവർത്തികമാക്കി.

ജപ്പാനിലേക്ക്‌

ജപ്പാനിൽചെന്ന്‌ സാക്ഷാൽ മിയാവാക്കിയെ കണ്ട്‌ ഹരി ആശയങ്ങൾ വിശദീകരിച്ചു. ആ തൊണ്ണൂറ്റിരണ്ടുകാരൻ ഹരിക്ക്‌ ആദ്യമനുവദിച്ചത്‌ പത്തുമിനിറ്റ്‌. കൂടിക്കാഴ്‌ചയിൽ അേദ്ദഹം കേരളത്തെ ഗൂഗിൾ മാപ്പിൽ തൊട്ടറിഞ്ഞു. ബംഗളൂരുവിലും ഡൽഹിയിലും വന്ന കഥ പറഞ്ഞു. ഹരിയുടെ പ്രവർത്തനങ്ങളുടെ വീഡിയോ കണ്ടു. ആ മനുഷ്യൻ ഹരിയോടു പറഞ്ഞു. ഗ്രോ മോർ. അവസാനം മരങ്ങൾമാത്രമേ ബാക്കിയുണ്ടാകൂ. ആശുപത്രിയിൽ വീൽചെയറിലിരുന്നാണ്‌ സംസാരിച്ചത്‌. യോകോഹോമ സർവകലാശാലയിൽ അദ്ദേഹം നട്ട വനത്തിന്‌ 40 വയസ്സായി. കൂടാതെ ആഫ്രിക്ക, ചൈന, മലേഷ്യ തുടങ്ങി ലോകരാജ്യങ്ങളിലെല്ലാം അദ്ദേഹം നട്ട വനങ്ങൾ തഴച്ചുവളരുന്നു.
ഹരിയുടെ വനത്തിന്റെ വിസ്‌തീർണം 1300 ചതുരശ്ര അടിയാണ്. ഏതാണ്ട് നൂറ്റിയിരുപതോളം ഇനം മരങ്ങളുടെയും സസ്യങ്ങളുടെയും ആലയം. പലതിനും ഇരുപതടി ഉയരം. നീർമരുത്, നീർമാതളം, താന്നി, കടുക്ക, നെല്ലി, ചേര്‌, പീലിവാക, അത്തി, ഇത്തി, അരയാൽ, പേരാൽ, കരിനാങ്ക് തുടങ്ങി ഒട്ടേറെ മരങ്ങൾ പലയിടത്തായി കല്ലുകെട്ടി തിരിച്ചിട്ട മൂന്നു സെന്റിൽ മത്സരിച്ചുവളരുന്നു. കുന്നിൻപുറത്ത്‌ വീഴുന്ന മഴവെള്ളം നേരെ ഒഴുകിപ്പോകും. അത്‌ തടയാൻ കല്ലും മണ്ണുംകൊണ്ട്‌ ചെറുതായി വേർതിരിച്ച്‌ കെട്ടി. പച്ചക്കറിയും നാടൻ ഔഷധ സസ്യങ്ങളും പ്രത്യേകം. തുളസിമാത്രം പന്ത്രണ്ടിനം. അന്യംനിന്നുപോയ പലയിനം പൂച്ചെടികൾ വേറെയും. മരം അൽപ്പം വലുതായാൽമാത്രമേ വള്ളികൾ നടാവൂ.
പാറപ്പുറത്ത്‌ വെള്ളം നിൽക്കില്ല. അത്‌ തടഞ്ഞ്‌ മണ്ണിലേക്കിറങ്ങാൻ സഹായമായ തരത്തിൽ ക്രമേണ സംവിധാനമൊരുക്കി. രണ്ടര ഏക്കറിനു നടുവിൽ പഴയൊരു വീട്‌ പുനഃസൃഷ്ടിക്കുന്നുണ്ട്‌. അതിനുപയോഗിച്ചതു മുഴുവൻ മുറിച്ചുമാറ്റിയ അക്കേഷ്യയുടെ തടി. അക്കേഷ്യ ജലം മുഴുവൻ വലിച്ചെടുക്കുന്ന മരമാണ്‌. അത്‌ മുറിച്ചുനീക്കാതെ മണ്ണിൽ വെള്ളമിറങ്ങില്ല. 12 പശുവുണ്ട്‌. എല്ലാം നാടൻ. കുറച്ച്‌ അട്ടപ്പാടി ആടുകളും. അവയുടെ ചാണകവും മൂത്രവും ജൈവവളമായി മാറുന്നു. മൈലമൂട്ടിലെ സൂക്ഷ്‌മവനത്തിൽ കാര്യങ്ങൾ നോക്കി നടത്താൻ ആളുണ്ട്‌. ഇവിടം സന്ദർശിക്കുന്നവർക്ക്‌ താമസിക്കാനും പഠനങ്ങളും ക്ലാസുകളുമെല്ലാം നടത്താൻ കഴിയണം. അതിനുവേണ്ട സൗകര്യങ്ങളൊരുക്കുകയാണ്‌. ബദൽവീട്‌, മണ്ണ്‌ജലസംരക്ഷണം, പരിസ്ഥിതി അവബോധം തുടങ്ങിയ കാര്യങ്ങളുടെ പരിശീലനകേന്ദ്രമായി ഈ ചെറുവനസ്ഥലി മാറണം. കേരളത്തിൽ മിയാവാക്കി വനങ്ങൾ നട്ടു വളർത്താൻ താൽപ്പര്യമുള്ളവർക്ക്‌ സൗജന്യ മാർഗനിർദേശത്തിന്‌ www.crowdforesting.org എന്ന വെബ്‌സൈറ്റുമുണ്ട് .

എസി വേണ്ട

മിയാവാക്കി സൂക്ഷ്‌മവനത്തിന്റെ ദൃശ്യം
മിയാവാക്കി സൂക്ഷ്‌മവനത്തിന്റെ ദൃശ്യം
എത്ര ചെറിയ പ്ലോട്ടിലും മിയാവാക്കി ഒരുക്കാം. അഞ്ചു സെന്റ്‌ പുരയിടത്തിൽ ഒരു സെന്റ്‌ മാറ്റിവച്ചാൽ അവിടെ പിന്നെ ജലക്ഷാമമോ ചൂടോ ഉണ്ടാകില്ല. ഏതു വേനലിലും എസി ഇല്ലാതെ സുഖമായി കഴിയാം. കാറ്റും ശുദ്ധവായുവും ഉറപ്പിക്കാം. ഈ രീതിയിലേക്ക്‌ വീട്‌ നിർമാണ സങ്കൽപ്പം മാറ്റണം. സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും ഈ സമ്പ്രദായം പിന്തുടരണം. ആവശ്യമായ ജൈവപച്ചക്കറിയും കിട്ടും. മണ്ണിലെ ജലാംശം കൂട്ടാനും കഴിയും.
ചെടികൾ തെരഞ്ഞെടുക്കുന്നതുമുതൽ അവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഹരിയുടെ സ്ഥാപനത്തിലെ ജീവനക്കാർ ചെയ്യും. മൂന്നുവർഷത്തേക്കുള്ള ചെടികളുടെ സംരക്ഷണച്ചുമതല അവർക്കാണ്‌. ഇത്തരത്തിൽ തങ്ങളുടെ നാട്ടിലും പരിസരത്തും വനംമാതൃക സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്‌ ഹരിയും ജീവനക്കാരും. കൂടാതെ, ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ മരംവച്ചു പിടിപ്പിക്കാമെന്ന ആശയവും പങ്കുവയ്‌ക്കുന്നു.
രണ്ടര ഏക്കർ സ്ഥലം വാങ്ങി കാടുണ്ടാക്കുന്നു എന്നുകേട്ടപ്പോൾ എല്ലാവരും അന്വേഷിച്ചത്‌ പതിവു ലാഭസാധ്യതമാത്രം. ഇപ്പോഴും ഈ കുഞ്ഞുവനത്തിൽ ഇടയ്‌ക്കിടെ സന്ദർശിക്കാനെത്തുന്നവരുടെ ആദ്യചോദ്യവും ലാഭനഷ്ടങ്ങളിൽ പരിമിതപ്പെടുന്നു. ഒരു സെന്റ് സ്ഥലത്തിന്‌ വേണ്ടിവരുന്ന ചെലവ് ഏകദേശം ഒന്നര ലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ ഒരു ചതുരശ്ര അടിക്ക്‌ 350 രൂപ. വീട്ടുകാർ സ്വയം ചെയ്യുകയാണെങ്കിൽ ചെലവ് ചതുരശ്ര അടിക്ക് 250 രൂപ അഥവാ സെന്റിന് ഒരു ലക്ഷം രൂപയായി കുറയ്‌ക്കാം.
നാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്ന മരങ്ങളെ മാത്രമല്ല മിയാവാക്കി വനങ്ങൾ സംരക്ഷിക്കുന്നത്, വംശനാശം സംഭവിക്കുന്ന പക്ഷികൾക്കും ചിത്രശലഭങ്ങൾക്കും മറ്റു ചെറു ജീവികൾക്കും അവ വാസസ്ഥലം ഒരുക്കുന്നു. ഇത്തിരിയിടത്ത്‌ നാലുമരങ്ങൾ തിങ്ങിവളരുമ്പോൾ തേളും അട്ടയും പല്ലിയും അരണയും തേനീച്ചയും വണ്ടുമെല്ലാം പതിയെ മടങ്ങിയെത്തും.

കനകക്കുന്നിലെ മിയാവാക്കി

കഴിഞ്ഞ വർഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു വൃക്ഷത്തൈ നട്ട്‌ മിയാവാക്കി മാതൃകയിലുള്ള സർക്കാർമേഖലയിലെ ആദ്യത്തെ നഗര സൂക്ഷ്‌മവനം ഉദ്ഘാടനംചെയ്‌തു. ഒരുവർഷത്തെ വളർച്ച നല്ല പ്രതീക്ഷ പകരുന്നതാണെന്ന്‌ ഹരി. കേരളത്തിൽ മറ്റു പല സ്ഥലങ്ങളിലും സർക്കാർവകുപ്പിലും തദ്ദേശവകുപ്പിലും വിദ്യാലയങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലും ഇത്തരം മാതൃക പരീക്ഷിക്കാം. മാലിന്യകേന്ദ്രങ്ങളിൽ ഈ രീതി പരീക്ഷിക്കാവുന്നതാണ്‌.
കനകക്കുന്നിൽ അഞ്ചുസെന്റ് സ്ഥലത്ത് ഈ സൂക്ഷ്‌മവനം എന്ന ആശയം മുന്നോട്ടുവച്ചത് കേരള ടൂറിസംവകുപ്പും പ്രൊഫ. വി കെ ദാമോദരൻ നയിക്കുന്ന നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ എന്ന സംഘടനയുമാണ്. ഇതിന്റെ ചെലവ് ഏറ്റെടുത്ത്‌ നിർവഹണം നടത്തിയത്‌ ഇൻവിസ് മൾട്ടി മീഡിയ, കൾച്ചർ ഷോപ്പി, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി എന്നീ സ്ഥാപനങ്ങളാണ്.

പഠനകാലത്തെ മോഹം

കേരള സർവകലാശാലയിൽനിന്ന്‌ മാസ്‌ കമ്യൂണിക്കേഷനിൽ പിഎച്ച്‌ഡി പൂർത്തിയാക്കി അധ്യാപകൻ ആവുകയായിരുന്നു ഹരിയുടെ ലക്ഷ്യം.അന്നേ മനസ്സിലൊരു കാട്‌ പൂത്തുലയുന്നുണ്ട്‌. പിഎച്ച്‌ഡി പാതിയിൽ മുടങ്ങി. പിന്നെ അഭിഭാഷകവേഷം. സംരംഭകൻ. കേരള സർവകലാശാലയിൽ അധ്യാപികയാണ്‌ ഹരിയുടെ ഭാര്യ ഡോ. മീനാ ടി പിള്ള. മകൾ താര ഹരി എൽഎൽബി പൂർത്തിയാക്കി.
ഇനി നമുക്കുമുന്നിൽ മറ്റു മാതൃകകൾ പരീക്ഷിക്കാനുള്ള സമയമില്ലെന്ന്‌ ഹരി സാക്ഷ്യപ്പെടുത്തുന്നു. പുത്തുമലയും കവളപ്പാറയും ആവർത്തിക്കാതിരിക്കാൻ കൈവിട്ടുപോയ പച്ചപ്പ്‌ തിരിച്ചുപിടിച്ചേ തീരൂ.
പത്തുവർഷംകൊണ്ട്‌ നൂറുവർഷം പ്രായമായ വനം ഉണ്ടാക്കിയെടുക്കാൻ കഴിയുമെങ്കിൽ അതിലപ്പുറം ബദലില്ല. അതോടൊപ്പം ലോകമെമ്പാടും ആഗോളതാപനത്തിനെതിരെ ആരംഭിച്ച കുരിശു യുദ്ധത്തിൽ കേരളത്തിന്റേതായ ആയിരം കരങ്ങളുള്ള ഗ്രേറ്റ ത്യൂൻബെർഗുമാരെ സൃഷ്ടിക്കണം–- ഹരി പറഞ്ഞു.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive