എം മുകുന്ദനും എൻ പ്രഭാകരനും എസ് ഹരീഷും മാത്രമല്ല, തമിഴ്
എഴുത്തുകാരൻ പെരുമാൾ മുരുകനും കന്നഡ എഴുത്തുകാരൻ വിവേക് ഷാൻബാഗും പോകുന്ന
ചായപ്പീടിക. അത്രയ്‌ക്ക് കേമമാണോ അവിടത്തെ ചായ. ചായയുടെ
കടുപ്പത്തെക്കുറിച്ചും രുചിയെക്കുറിച്ചും ഭിന്നാഭിപ്രായമുണ്ടാകുമെങ്കിലും
ഇവിടത്തെ കവിതയുടെ കടുപ്പം വേറെതന്നെ. ചൂടുചായയും ചൂടുകാപ്പിയും നുണയുമ്പോൾ
അടുത്തിരുന്നു ചിരിക്കുന്ന പുസ്‌തകങ്ങൾ ആരുമൊന്ന് മറിച്ചുനോക്കിപ്പോകും.
ചായകുടിക്കാനല്ല, ചായക്കൊപ്പം തിളച്ചുമറിയുന്ന സാഹിത്യചർച്ചകൾക്കാണ് ഈ
എഴുത്തകാരെല്ലാമെത്തുന്നത്.
കണ്ണൂരിലെ ഇരിക്കൂറിനടുത്ത് പെടയങ്ങോട്ടാണ് ഷുക്കൂറിന്റെ ചായപ്പീടിക.
ചായമക്കാനിയുടെ പ്രൊപ്രൈറ്റർ ഷുക്കൂർ ചില്ലറക്കാരനല്ല. കവി, നോവലിസ്റ്റ്
അതിലപ്പുറം മികച്ച സാഹിത്യാസ്വാദകൻ. തമിഴിലേക്കുവരെ മൊഴിമാറ്റം
നടത്തിയിട്ടുണ്ട് ഷൂക്കൂറിന്റെ കവിതകൾ. ഷാർജ പുസ്‌തകോത്സവത്തിൽ
പങ്കെടുത്തതിന്റെ അനുഭവവുമുണ്ട്. സ്വന്തം ചായപ്പീടികമുറ്റത്ത്
വരാന്തയെന്ന പേരിലാണ് പുസ്‌തകചർച്ചയും എഴുത്തുകാരുമായുള്ള മുഖാമുഖവും.
മൂന്നുവർഷമായി മുപ്പത്തിയഞ്ച് വരാന്ത ചർച്ചയ്‌ക്ക് ചായക്കട
വേദിയായി. കടയോടുചേർന്ന ബദാംമരച്ചുവട്ടിൽ വി കെ ശ്രീരാമനും റഫീക്ക്
അഹമ്മദും സാഹിത്യം പറഞ്ഞിട്ടുണ്ട്. പി രാമനും വീരാൻകുട്ടിയും പി പി
രാമചന്ദ്രനും കവിത ചൊല്ലിയിട്ടുണ്ട്. വയലാർ അവാർഡ് ജേതാവ് വി ജെ ജയിംസും
ഡോ. ഖദീജാ മുംതാസും എസ് ജോസഫും ടി പി രാജീവനും ഷുക്കൂറിന്റെ അതിഥികളായി
വന്നുപോയിട്ടുണ്ട്. ചായക്കൊപ്പം നിരത്തിവച്ച പുസ്‌തകമെടുക്കാം, വായിക്കാം,
താൽപ്പര്യമുണ്ടെങ്കിൽ വിലകൊടുത്തുവാങ്ങാം. വരാന്തയിൽ ഒടുവിലെത്തിയത്
പെരുമാൾ മുരുകൻ. പൂനാച്ചി എന്ന പുതിയ പുസ്‌തകവുമായാണ് അദ്ദേഹമെത്തിയത്.
പൂനാച്ചി മൊഴിമാറ്റിയ മിനിപ്രിയയും ചർച്ചയ്‌ക്ക് എത്തിയിരുന്നു.
പ്രതിഫലം കട്ടൻകാപ്പി, കപ്പ, മുളക്‌ചമ്മന്തി
2015 -ആഗസ്‌തിലാണ് വരാന്തയുടെ തുടക്കം. വായിക്കാനും പറയാനും ഒരിടം.
വായനക്കാർക്ക് എഴുത്തുകാരുമായി സംവദിക്കാനൊരു വേദി. അതായിരുന്നു ലക്ഷ്യം.
വരാന്ത എന്ന പേരിൽ ഷുക്കൂറിന്റെ നോവലുണ്ട്. ചർച്ചാവേദിക്ക് വരാന്തയെന്ന
പേരിടാൻ അതാണ് പ്രേരണ. എൻ പ്രഭാകരനിലൂടെയാണ് തുടക്കം. വിനോയ് തോമസിന്റെ
കരിക്കോട്ടക്കരിയാണ് ആദ്യം ചർച്ചചെയ്‌തത്. എഴുത്തുകാരനെയും പുസ്‌തകവും
നേരത്തെ നിശ്ചയിക്കും. മാസത്തിലൊരു ഞായറാഴ്‌ചയാണ് ചർച്ച. നൂറുസിംഹാസനങ്ങൾ
എന്ന നോവലിന്റെ ചർച്ചയ്‌ക്കാണ് ജയമോഹനെത്തിയത്.
‘‘എഴുത്തുകാരെ നേരിട്ടങ്ങ് വിളിക്കും. അവര് വരും. നമ്മളൊന്നും
കൊടുക്കില്ല. ചായക്കൊപ്പം പുസ്‌തകം വിൽക്കും. വായിച്ച പുസ്‌തകങ്ങൾ
ചർച്ചചെയ്യും, വിൽക്കും. അഷ്‌റഫ് മാച്ചേരി, വിനോയ് തോമസ് തുടങ്ങിയ
സുഹൃത്തുക്കൾ കൂടെയുണ്ട്.’’ ഷുക്കൂർ പറഞ്ഞു.
അടുത്ത ചർച്ച ഡിഐജി കെ പി സേതുരാമന്റെ മലയാളത്തിന്റെ ഭാവി: ഭാഷാ
ആസൂത്രണവും മാനവിക വികസനവും എന്ന പുസ്‌തകത്തെക്കുറിച്ചാണ്. ചർച്ചയ്‌ക്ക്
വരുന്നവർക്ക് കാപ്പി നൽകും. സാഹിത്യത്തിനൊപ്പം തൊട്ടുകൂട്ടാൻ കപ്പയും
മുളക്‌ചമ്മന്തിയും. പ്രവേശനഫീസില്ല.
പെരുമാൾ മുരുകനെ വിസ്‌മയിപ്പിച്ച വരാന്ത
ഷുക്കൂറും വരാന്ത ചർച്ചയും തന്നെ വിസ്‌മയിപ്പിച്ചെന്ന് പെരുമാൾ
മുരുകൻ. ‘‘തമിഴ്‌നാട്ടിൽ ഇങ്ങനൊന്ന് പ്രതീക്ഷിക്കാനാകില്ല. അസഹിഷ്‌ണുത
പെരുകുന്ന കാലമാണിത്. എഴുതുന്നതിലും നല്ലത് എഴുതാതിരിക്കലാണ് എന്ന്
അധികാരികൾ ഓർമിപ്പിക്കുന്ന കാലത്താണ് മലയാളനാടിനകലെയുള്ള എന്നെയും
ജയമോഹനെയുമൊക്കെ വിളിച്ചുവരുത്തി പുസ്‌തകച്ചർച്ച നടത്തുന്നത്. കേരളത്തിലേ
ഇതൊക്കെ നടക്കൂ. ഈ കൂട്ടായ്‌മ വല്ലാത്ത അനുഭവമായിരുന്നു.
ഓർക്കാനിഷ്ടപ്പെടാത്ത കാര്യങ്ങളാണ് കുറച്ചുകാലമായി അനുഭവിക്കേണ്ടിവന്നത്.
ഷുക്കൂറും വരാന്തയും മനസ്സു നിറച്ചു. ഇതുപോലുള്ള മനുഷ്യരുള്ളിടത്തേ
സാഹിത്യവും കലയും വാഴൂ’’–-മുരുകൻ പറഞ്ഞു.
കഥയല്ലിത് ജീവിതം
നോവലിനുള്ള അനുഭവങ്ങളുണ്ട് ഷുക്കൂറിന്റെ ജീവിതത്തിൽ. വരാന്തയിലും
ചായക്കടയിലും ഒതുങ്ങുന്നില്ല ആ സാഹിത്യജീവിതം. നാട്ടുപണി, മീൻകച്ചവടം,
കല്ലുകൊത്ത്, കശുവണ്ടിപെറുക്കൽ തുടങ്ങിയ വേഷങ്ങൾ. ആത്മകഥാംശമുള്ളതാണ്
വരാന്തയെന്ന നോവൽ. അത് പ്രസിദ്ധീകരിച്ചതും വരാന്തയെന്ന
പ്രസാധകസംരംഭത്തിന്റെ പേരിൽ. നിലവിളികളുടെ ഭാഷ (ചിന്ത പബ്ലിഷേഴ്‌സ്),
മഴപ്പൊള്ളൽ(വരാന്ത ബുക്‌സ്), ആഴങ്ങളിലെ ജീവിതം(പായൽ ബുക്‌സ്) എന്നിവയാണ്
കവിതാസമാഹാരങ്ങൾ. ആഴങ്ങളിലെ ജീവിതത്തിന് കൈരളി–- അറ്റലസ് പുരസ്‌കാരം
ലഭിച്ചു. കവി സച്ചിദാനന്ദൻ നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രസാഹിത്യ
അക്കാദമി ജീവനക്കാരി കെ ജയന്തി ഈ പുസ്‌തകം തമിഴിലേക്ക് മൊഴിമാറ്റിയത്.
കവിതചൊല്ലി മീൻവിൽപ്പന
ഇരിക്കൂർ കമാലിയ സ്‌കൂളിൽ ആറാം ക്ലാസിൽ തീർന്നതാണ് പറമ്പറ വീട്ടിൽ
ഷുക്കൂറിന്റെ പഠനം. വിരാജ്‌പേട്ടയിൽ നാടൻപണിക്ക് പോയി. അന്നും
കിട്ടുന്നതെന്തും ആർത്തിയോടെ വായിച്ചു. പിന്നീട് മീൻവിൽപ്പന. അപ്പോഴും
കവിത വിടാതെ പിടികൂടി. കണ്ണൂർ ആയിക്കര പോയി ഷുക്കൂർ കൊണ്ടുവരുന്ന മീനിന്
കവിതയുടെ സുഗന്ധമായിരുന്നു. കൂയ് എന്ന് വിളിച്ചല്ല മീൻവിൽപ്പന.
കടമ്മനിട്ടയുടെ കാട്ടാളൻ, കുറത്തി, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം,
ആനന്ദധാര തുടങ്ങിയവ ഉറക്കെച്ചൊല്ലി മീൻകുട്ട തലയിലേന്തിയുള്ള ഷുക്കൂറിന്റെ
നടത്തം ഇരിക്കൂറുകാർ ഓർക്കുന്നു. ഒത്താൽ മീനിനൊപ്പം പുസ്‌തകവും കൈമാറും.
വായിച്ച പുസ്‌തകങ്ങൾ വിറ്റ് പുതിയത് വാങ്ങാൻ പണം കണ്ടെത്തും.
മീൻകച്ചവടത്തിനിടെയുണ്ടായ അപകടവും രോഗങ്ങളുമാണ് ചായക്കട തുടങ്ങാൻ കാരണം.
ബഷീറിനെ വായിച്ച് ഹരം കയറി ബേപ്പൂരിൽച്ചെന്ന് അദ്ദേഹത്തെ കണ്ടു.
തുഞ്ചൻപറമ്പിൽ പോയി എം ടിയെയും. സമീപത്തെ സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം
ഷുക്കൂർ പതിവായി പുസ്‌തകവുമായി പോകും. തുഞ്ചൻപറമ്പിലും തിരുവനന്തപുരത്ത്
അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിലുമെത്തും.
പ്രളയം ചതിച്ചു
പ്രളയത്തിൽ മുങ്ങി എല്ലാം നശിച്ച കവിയാണ് ഷുക്കൂർ. ഇത്തവണത്തെ
ചായക്കട വെള്ളത്തിലായി. പുസ്‌തകങ്ങൾ നശിച്ചതിലാണ് സങ്കടം. ഇരിക്കൂറിലെ
യുവശക്തി പ്രവർത്തകരാണ് കട വീണ്ടും തുടങ്ങാൻ സഹായിച്ചത്. കവിതയാണ്
തട്ടകമെങ്കിലും ഷുക്കൂറിന്റെ മനസ്സിപ്പോൾ കഥയുടെ കൂടെയാണ്. മതിമറന്ന്
മലയാളത്തിലിന്ന് വായിക്കാൻ കഥയേയുള്ളൂ. കവിതയിലാകെ നാട്യങ്ങളാണെന്നാണ്
ഷുക്കൂറിന്റെ കടുപ്പത്തിലുള്ള വിമർശം.
No comments:
Post a Comment