Wednesday, December 04, 2019

പച്ചക്കറികളെ നശിപ്പിക്കുന്ന വെള്ളീച്ചയെ തുരത്താം

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച അഥവാ White fly (Trialeurodes vaporariorum). ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവന്നിരുന്നത്. പിന്നീട് പച്ചക്കറികളിലേക്കും തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാലവിളകളിലേക്കും വ്യാപിച്ചു. കാലാവസ്ഥാവ്യതിയാനമാണ്‌ ഈ കീടം വ്യാപകമാകാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.
നീരൂറ്റിക്കുടിക്കുന്നത്തിനൊപ്പം തന്നെ വെള്ളീച്ചകള്‍ ഉൽപാദിപ്പിക്കുന്ന മധുരസ്രവം താഴെയുള്ള ഇലകളില്‍ വീഴുന്നതിനാല്‍ കരിപുരണ്ടതു പോലെയുള്ള കുമിള്‍ (Sooty Mould) വളര്‍ന്ന് ഇലകളില്‍ പ്രകാശസംശ്ലേഷണം തടസപ്പെടുത്തുന്നതും വിളകളുടെ ഉൽപാദനം കുറയ്ക്കും. ഇലകളുടെ അടിവശത്ത് മുട്ടകളും കൃമി(Larva)കളും പ്യൂപ്പ ദശകളും, ആയുസ് വെറും നാലു ദിവസം മാത്രമുള്ള അവസാനദശയായ ഈച്ചകളും ചേര്‍ന്ന് സമൂഹമായി വളരുന്ന ഇവയുടെ നിയന്ത്രിക്കാന്‍ താഴെ കാണുന്ന ഉപാധികള്‍ പ്രയോജനപ്പെടുത്താം. കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് ഒന്നില്‍ക്കൂടുതല്‍ ഉപാധികള്‍ ഒരേസമയം മൂന്നോ നാലോ ദിവസത്തെ ഇടവേളകളില്‍ തവണകളായി പ്രയോഗിക്കേണ്ടിവരും.
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം: ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം സോപ്പ് ലയിപ്പിച്ചശേഷം ഇരുപതു മില്ലി വേപ്പെണ്ണയും ഇരുപതു ഗ്രാം വെളുത്തുള്ളി നന്നായി അരച്ചതും കലര്‍ത്തിച്ചേർക്കുക ഈ മിശ്രിതം ഇലകളുടെ ഇരുവശത്തും തളിക്കണം.
  • കുമിള്‍വര്‍ഗത്തില്‍പ്പെട്ട ലെക്കാനിസില്ലിയം ലക്കാനി (Lecanicillium lecanii), വെര്‍ട്ടിസീലിയം ലക്കാനി ( Verticillium lecanii) എന്നിവയിൽ ഏതെങ്കിലും ജീവാണുകീടനാശിനി 10-20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പും കൂടി കലക്കിച്ചേര്‍ത്ത്‌ ഇലകളുടെ അടിവശത്ത് വെയിലാറിയശേഷം തളിക്കുക. മേൽപ്പറഞ്ഞവയിൽ ലെക്കാനിസില്ലിയമാണ് കൂടുതൽ ഫലപ്രദം.
  • മഞ്ഞക്കാർഡ് / മഞ്ഞ ഷീറ്റുകള്‍: കൃഷിമരുന്നുവിപണികളില്‍ ലഭ്യമായ മഞ്ഞക്കാര്‍ഡോ, ആവണക്കെണ്ണ / കട്ടി കുറഞ്ഞ ഗ്രീസ് പുരട്ടിയ മഞ്ഞഷീറ്റുകളോ വിളകളുടെയിടയില്‍ ഇലപ്പടര്‍പ്പിനരികെ സ്ഥാപിക്കുക.
  • Tag Nok എന്ന ജൈവകീടനാശിനി 3-4 മില്ലിമീറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ ഇരുവശത്തും സ്പ്രേ ചെയ്യുക. വിപണിയില്‍ ഈ നൂതന ജൈവകീടനാശിനി വെള്ളീച്ചയെ മാത്രമല്ല വാഴയിലെയും പച്ചക്കറികളിലെയും തണ്ടുതുരപ്പന്‍ പുഴു, നീരൂറ്റിക്കുടിക്കുന്ന മറ്റു കീടങ്ങൾ എന്നിവയ്ക്കെതിരേയും ഫലപ്രദമാണ്.
  • വെള്ളീച്ചയുടെ ആക്രമണത്താല്‍ കരിപുരണ്ടതു പോലെയുള്ള കുമിള്‍ (Sooty Mould) വളര്‍ന്ന ഇലകളില്‍ കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കുക.
  • മിത്രകീടം: പ്രകൃതിയില്‍ത്തന്നെ രൂപപ്പെട്ട എന്‍കാര്‍സിയ(Encarsia guadeloupae) എന്ന മിത്രകീടം വെള്ളീച്ചകളെ നിയന്ത്രിക്കും. കാസര്‍ഗോഡ് സ്ഥിതിചെയ്യുന്ന കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലാണ് ഈ മിത്രകീടത്തെ വംശവര്‍ദ്ധന നടത്തിയശേഷം തെങ്ങ് ഉള്‍പ്പെടെയുള്ള വിളകളില്‍ പരീക്ഷിച്ചു വിജയം കണ്ടത്. നെല്ലിലെ പുഴുക്കളെ നിയന്ത്രിക്കാനായി പ്രസിദ്ധിനേടിയ ട്രൈക്കോ കാര്‍ഡ്‌ പോലെ സമീപഭാവിയില്‍ എന്‍കാര്‍സിയയെന്ന മിത്രകീടവും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ക്രൈസോപെര്‍ല കാര്‍ണിയേ (Chrysoperla carnea) എന്നറിയപ്പെടുന്ന മറ്റൊരു ചാഴിവര്‍ഗത്തില്‍പ്പെട്ട മിത്രകീടത്തെയും മണ്ണുത്തിയിലെ സംസ്ഥാന ജൈവയന്ത്രണ പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
  • അതിര്‍ത്തികളില്‍ വേലിത്താങ്ങായി നട്ടിരുന്ന കാട്ടുമരച്ചീനിയുടെ ഇലകളില്‍ വെള്ളീച്ചകള്‍ ആദ്യം ആക്രമിക്കുന്നതിനാല്‍ ഈ സസ്യത്തെ ഒരു കെണിവിളയായി വളര്‍ത്താവുന്നതാണ്. ഇതില്‍ വരുന്ന ഈച്ചകളെ മാത്രം ആദ്യമേ നശിപ്പിച്ചാല്‍ വ്യാപനം തടയാം.
x

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive