Sunday, December 22, 2019

ദീപക് രാജു എഴുതുന്നു


"പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണ്, ഇന്ത്യാ വിരുദ്ധമാണ്, മനുഷ്യത്വ വിരുദ്ധമാണ്'‐ ദീപക് രാജു എഴുതുന്നു...
ദീപക്‌ രാജു
ദീപക്‌ രാജു


ഒന്ന് - “ബേർഡൻ ഓഫ് പ്രൂഫ്“ അഥവാ തെളിയിക്കേണ്ടതാര്?നിയമത്തിൽ പരസ്പര ബന്ധിതമായ, എന്നാൽ വ്യത്യസ്തമായ രണ്ട് ആശയങ്ങളാണ് “ബേർഡൻ ഓഫ് പ്രൂഫ്“, “സ്റ്റാൻഡേഡ് ഓഫ് പ്രൂഫ്” എന്നിവ.
“ബേർഡൻ ഓഫ് പ്രൂഫ്“ എന്നാൽ ഒരു വസ്തുത തെളിയിക്കാനുള്ള ബാധ്യത ഏത് കക്ഷിക്കാണ് എന്നതാണ്. “സ്റ്റാൻഡേഡ് ഓഫ് പ്രൂഫ്” എന്നാൽ എത്രമാത്രം തെളിവ് കാണിച്ചാൽ ഒരു വസ്തുത ശരിയായി അംഗീകരിക്കപ്പെടണം എന്നതാണ്.
നിങ്ങൾ പോക്കറ്റടിച്ചിട്ടില്ല എന്ന് നിങ്ങൾ സംശയത്തിനതീതമായി സ്ഥാപിക്കണം എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? ശ്രദ്ധിക്കുക, ഏതെങ്കിലും ഒരു പ്രത്യേക ദിവസം പ്രത്യേക സമയം പ്രത്യേക സ്ഥലത്ത് വച്ച് പ്രത്യേക ആളുടെ പോക്കറ്റ് അടിച്ചു എന്ന ആരോപണത്തിന് മറുപടി പറയണം എന്നല്ല, ജീവിതത്തിൽ നിങ്ങൾ പോക്കറ്റടിച്ചിട്ടേ ഇല്ല എന്നാണ് തെളിയിക്കേണ്ടത്.
നിങ്ങളൊരുപക്ഷേ ഒരു പത്ത് പരിചയക്കാരെ ഹാജരാക്കും, നിങ്ങൾ ആ ടൈപ്പ് അല്ല എന്ന് സാക്ഷി പറയാൻ. പക്ഷേ, അതുകൊണ്ട് നിങ്ങൾ പോക്കറ്റടിച്ചിട്ടില്ല എന്ന് നിസംശയം പറയാനാകില്ലല്ലോ. അവരറിയാതെ നിങ്ങൾ പോക്കറ്റടിച്ചിട്ടുണ്ടാകാം.
നിങ്ങൾ ഒരിക്കലും പോക്കറ്റടിച്ചിട്ടില്ല എന്ന് നിങ്ങൾക്ക് നിസംശയം തെളിയിക്കാൻ യാതൊരു വഴിയുമില്ല. അതുകൊണ്ടാണ് അത്തരം ഒരു കാര്യം തെളിയിക്കാനുള്ള ബാധ്യത നിയമം നിങ്ങളുടെ തലയിൽ വച്ച് കെട്ടാത്തത്. പകരം നിങ്ങൾ പോക്കറ്റടിച്ചു എന്ന് സ്റ്റേറ്റ് നിസ്സംശയം തെളിയിക്കണം. “ബേർഡൻ ഓഫ് പ്രൂഫ്” സ്റ്റേറ്റിനാണ്.
NRC ചെയ്യുന്നത് നിങ്ങളോ നിങ്ങളുടെ പൂർവികരോ അനധികൃതമായി അതിർത്തി കടന്ന് വന്നവരല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത നിങ്ങളുടെമേൽ ചാർത്തുന്നു. അതിർത്തി കാക്കേണ്ട, അതിർത്തി കടന്ന് അനധികൃതമായി വന്നവരെ കൃത്യമായി ചൂണ്ടിക്കാണിക്കേണ്ട ജോലി സ്റ്റേറ്റിനാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. “ബേർഡൻ ഓഫ് പ്രൂഫ്” നിങ്ങൾക്കാണ്. കൂട്ടത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ നിറവേറ്റാൻ ബുദ്ധിമുട്ടുള്ള (പ്രത്യേകിച്ച് പ്രിവിലേജ് ഇല്ലാത്തവർക്ക്) “സ്റ്റാൻഡേഡ് ഓഫ് പ്രൂഫ്” കൂടി ചാർത്തി തരുന്നു.
രണ്ട് - “സ്റ്റാൻഡേഡ് ഓഫ് പ്രൂഫ്” അഥവാ തെളിയിക്കേണ്ടതെങ്ങനെ?കഴിഞ്ഞ പോസ്റ്റിൽ എൻ.ആർ.സി യിലെ തല തിരിഞ്ഞ ”ബേർഡൻ ഓഫ് പ്രൂഫി”നെക്കുറിച്ച് പറഞ്ഞു.
സാധാരണ സ്റ്റേറ്റിന്റെ തലയിൽ ഇരിക്കേണ്ട ”ബേർഡൻ ഓഫ് പ്രൂഫ്” നാട്ടുകാരുടെ തലയിലേക്ക് മാറ്റി എന്നതുകൊണ്ട് മാത്രം ഒരു നിയമം മോശമാകണമെന്നില്ല. ചില സാഹചര്യങ്ങളിൽ കാര്യക്ഷമമായ ഭരണം അത്തരം ”ബേർഡൻ ഓഫ് പ്രൂഫ്” മറിച്ചിടൽ ആവശ്യപ്പെടും.
ഉദാഹരണത്തിന് നിങ്ങൾ വണ്ടിയോടിക്കുമ്പോൾ വഴിയിൽ നിൽക്കുന്ന പോലീസുകാരന് സംശയം തോന്നുന്നു നിങ്ങൾ ലൈസൻസില്ലാതെയാണ് ഓടിക്കുന്നത് എന്ന്. ഒന്നെങ്കിൽ പോലീസുകാരന് നിങ്ങളുടെ പടം എടുത്ത്, നിങ്ങളാരാണെന്ന് അന്വേഷിച്ച് നിങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്നും അത് സാധുവാണോ എന്നും അന്വേഷിക്കാം. അല്ലെങ്കിൽ ലൈസൻസ് കാണിക്കാൻ നിങ്ങളോട് ആവശ്യപ്പെടാം. ഇതിൽ രണ്ടാമത്തെ വഴിയാണ് നിയമം അനുശാസിക്കുന്നത്. ലൈസൻസ് കാണിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ്.
പക്ഷെ ലൈസൻസ് കാണിക്കുന്നതോടെ നിങ്ങളുടെ ”ബേർഡൻ ഓഫ് പ്രൂഫ്” തീർന്നു. ആ ലൈസൻസ് നിങ്ങൾ നിയമപരമായി നേടിയതാണെന്നോ, നിങ്ങളോടിക്കുന്നത് ഒരു വാഹനമാണെന്നോ, ആ ലൈസൻസ് നേടുന്ന സമയത്ത് നിങ്ങൾക്ക് പതിനെട്ട് വയസായിരുന്നു എന്നോ ഒന്നും നിങ്ങൾ തെളിയിക്കേണ്ടതില്ല. അതായത്, ”ബേർഡൻ ഓഫ് പ്രൂഫ്” നിങ്ങളുടെ തലയിൽ വയ്ക്കുമ്പോൾ തന്നെ ന്യായമായ ഒരു “സ്റ്റാൻഡേഡ്“ ഓഫ് പ്രൂഫ് കൂടി നിയമം അനുശാസിക്കുന്നു.
ലൈസൻസ് കാണിക്കുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്തം തീർന്നു. അതിനപ്പുറം സ്റ്റേറ്റിന് ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കേണ്ട ”ബേർഡൻ ഓഫ് പ്രൂഫ്” വീണ്ടും സ്റ്റേറ്റിലേയ്ക്ക് തിരിച്ചു പോകുന്നു.
തലതിരിഞ്ഞ ”ബേർഡൻ ഓഫ് പ്രൂഫി”നൊപ്പം തന്നെ അസാധ്യമായ സ്റ്റാൻഡേഡ് ഓഫ് പ്രൂഫ് കൂടി നിര്ദേശിക്കുന്നതാണ് എൻആർസിയുടെ രണ്ടാമത്തെ കുഴപ്പം. ഇന്ത്യൻ പാസ്പോർട്ട് കാണിച്ചതുകൊണ്ടോ, ഇന്ത്യയിൽ ജനിച്ച് വളർന്നു എന്ന് കാണിച്ചതുകൊണ്ടോ, മറ്റൊരു രാജ്യത്തും ഒരിക്കൽപോലും കാലുകുത്തിയിട്ടില്ല എന്ന് കാണിച്ചതുകൊണ്ടോ, ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് കാണിച്ചതുകൊണ്ടോ തീരാത്ത സ്റ്റാൻഡേഡ് ഓഫ് പ്രൂഫ്!
അടുത്ത കാലത്ത് കുൽഭൂഷൺ ജാദവിന്റെ കേസിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പറഞ്ഞ കാര്യവും പ്രസക്തമാണ്. ജാദവ് ഇന്ത്യക്കാരനാണ് എന്നതിന് തെളിവില്ല എന്ന പാക്ക് വാദത്തിനെതിരെ ഇന്ത്യ വിജയകരമായി വാദിച്ചത് മൂന്ന് വർഷക്കാലമായി അയാൾ ഇന്ത്യക്കാരനാണെന്ന നിലയിലാണ് സർക്കാർ പെരുമാറിയിരുന്നത് എന്നാണ്. അപ്പോൾ നാൽപത് വർഷമായി ഇന്ത്യക്കാർ എന്നനിലയിൽ സർക്കാർ പെരുമാറിയവരുടെ കാര്യമോ?
മൂന്ന് - ലിസ്റ്റിലില്ലാത്തവരെ എന്ത് ചെയ്യണം?കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ തലതിരിഞ്ഞ “ബേർഡൻ ഓഫ് പ്രൂഫും” അസാധ്യമായ “സ്റ്റാൻഡേഡ് ഓഫ് പ്രൂഫും ഉപയോഗിച്ചാണ്” എൻ.ആർ.സി ലിസ്റ്റ് ഉണ്ടാക്കിയത് എന്ന് പറഞ്ഞു. അങ്ങനെയുണ്ടായ ലിസ്റ്റ് പ്രകാരം കുറേപ്പേർ ഇന്ത്യൻ പൗരന്മാരല്ലാതായി. വർഷങ്ങളോ പതിറ്റാണ്ടുകളോ ആയി ഇന്ത്യയിൽ കഴിഞ്ഞ, കരമടച്ച, സൈനിക സേവനം ചെയ്ത ആളുകളൊക്കെ ഇങ്ങനെ പുറത്തായവരിലുണ്ട്. ഇന്നലെ അതിർത്തി കടന്ന് വന്നവരും ഉണ്ടാകാം.
കഴിഞ്ഞ പോസ്റ്റിലെ ലൈസൻസിന്റെ ഉദാഹരണം എടുക്കുക. പോലീസ് ചെക്ക് ചെയ്യുമ്പോൾ ലൈസൻസ് കാണിക്കുക മാത്രമല്ല, ലൈസൻസ് ടെസ്റ്റിന്റെ വീഡിയോയും, അന്ന് പതിനെട്ട് വയസായിരുന്നു എന്ന് തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റും, ജനന സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് കാണിക്കാൻ നിങ്ങൾ ജനിച്ചപ്പോഴത്തെ ആശുപത്രി ബില്ലും കാണിക്കണം എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങൾ. അതൊക്കെ കാണിക്കാൻ പറ്റാത്ത ആളെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ച ആൾ എന്നു വിളിക്കുന്ന അർത്ഥത്തിലാണ് എൻആർസി ലിസ്റ്റിൽ ഇല്ലാത്ത ആൾ പൗരനല്ല എന്ന് പറയുന്നത്.
എൻആർസി വഴി പൗരനല്ലാതായവരെ എന്ത് ചെയ്യണം എന്നതാണ് അടുത്ത ചോദ്യം.
നാടുകടത്തണം എന്ന് ഒറ്റ ബുദ്ധിയിൽ പറയാം. അപ്പോൾ എങ്ങോട്ട് എന്നതാണ് അടുത്ത ചോദ്യം.
ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള ബാധ്യത മറ്റൊരു രാജ്യത്തിനും ഇല്ല. പാക്കിസ്ഥാനിലേക്ക് പൊക്കോ എന്ന പറച്ചിലൊക്കെ ആലങ്കാരികമാണ്. ഇവർ ബംഗ്ലാദേശികളോ പാക്കിസ്ഥാനികളോ ആണെന്ന് ഇന്ത്യ പറഞ്ഞതുകൊണ്ട് മാത്രം പാക്കിസ്ഥാനും ബംഗ്ളാദേശും അവരുടെ അതിർത്തി തുറക്കില്ല. കൃത്യമായ തെളിവോടെ ഇതിൽ ഓരോ രാജ്യത്തിന്റെയും പൗരന്മാരെ കണ്ടെത്തി, ആ രാജ്യങ്ങളുമായി ചർച്ച ചെയ്താൽ ഒരു ദീർഘകാല പരിഹാരത്തിലൂടെ കുറെ ആളുകളെ അവർ സ്വീകരിച്ചേക്കും. പക്ഷേ ലിസ്റ്റ് ഉണ്ടാക്കുന്നതിലെ കൊട്ടത്താപ്പ് സമീപനം അങ്ങനെ ഒരു പരിഹാരത്തിന് തടസമാകും.
അപ്പോൾ, സർക്കാർ എന്ത് പറഞ്ഞാലും ഈ ലിസ്റ്റിന് പുറത്തുള്ളവർ (വിദേശ പാസ്പോർട്ട് ഉള്ള ചുരുക്കം ചിലർ ഒഴികെ) ഇന്ത്യയിൽ തന്നെ താമസിക്കും. അവർ ഇന്ത്യയിൽ സ്വന്തം വീട്ടിൽ താമസിക്കണമോ അതോ കോൺസൻട്രേഷൻ ക്യാംപുകളിൽ താമസിക്കണമോ എന്നത് മാത്രമാണ് ചോദ്യം.
കോൺസൻട്രേഷൻ ക്യാംപുകൾ ഉയർന്നാലും അവയിൽ താമസിക്കുന്ന ആളുകളുടെ ആയുഷ്കാലത്തൊന്നും അയൽരാജ്യങ്ങളുമായി ഈ കാര്യത്തിൽ ഒരു കരാർ ഉണ്ടാകാൻ പോകുന്നില്ല. അപ്പോൾ ലക്ഷങ്ങൾ കോണ്സന്ട്രേഷൻ ക്യാംപിൽ ജീവിച്ച് മരിക്കുന്ന, അവരുടെ കുട്ടികളും കുട്ടികളുടെ കുട്ടികളും ആ ക്യാംപുകളിൽ ജനിച്ച് ജീവിച്ച് മരിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറണമോ എന്നതാണ് ചോദ്യം.

നാല് - മതം എന്ന ട്വിസ്റ്റ്കഴിഞ്ഞ മൂന്ന് ഭാഗങ്ങൾ ചർച്ച ചെയ്തത് എൻ.ആർ.സി യാണ്. തലതിരിഞ്ഞ "ബേർഡൻ ഓഫ് പ്രൂഫും" അസാധ്യമായ "സ്റ്റാൻഡേഡ് ഓഫ് പ്രൂഫും" ഉപയോഗിച്ച് കുറെ ലക്ഷം മനുഷ്യരെ ഇന്ത്യൻ പൗരന്മാരല്ല എന്ന് ചാപ്പയടിച്ച പ്രക്രിയ. കഴിഞ്ഞ ഭാഗം നിർത്തിയത് ഈ മനുഷ്യരെ സ്വീകരിക്കാൻ മറ്റൊരു രാജ്യത്തിനും ബാധ്യതയില്ലാത്തതിനാൽ അവർ ഇന്ത്യയിൽ തന്നെ കഴിയും എന്നും, ഇവരും ഇവരുടെ ഭാവി തലമുറകളും സ്വന്തം വീട്ടിൽ ജീവിച്ച് മരിക്കണോ, അതോ കോൺസൻട്രേഷൻ ക്യാംപുകളിൽ ജനിച്ച് ജീവിച്ച് മരിക്കണമോ എന്നത് മാത്രമാണ് ചോദ്യം എന്നും പറഞ്ഞു വച്ചാണ്.
ഇനിയാണ് ട്വിസ്റ്റ്.
പൗരന്മാരല്ല എന്ന് ചാപ്പയടിക്കപ്പെട്ടവർ എല്ലാവരും കോൺസൻട്രേഷൻ ക്യാംപുകളിൽ കഴിയേണ്ട കാര്യമൊന്നുമില്ല. ഇന്ത്യൻ സർക്കാരിന് ഹൃദയ വിശാലതയുണ്ട്. പൗരത്വപ്പട്ടികയ്ക്ക് പുറത്താക്കപ്പെട്ട ആളുകൾക്ക് പൗരത്വം സ്വീകരിക്കാം. അതിനാണ് പൗരത്വ ഭേദഗതി നിയമം. മൂന്ന് കണ്ടീഷൻസ് - (i) 2015ന് മുൻപ് ഇന്ത്യയിൽ എത്തിയ ആൾ ആയിരിക്കണം; (ii) പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന ആൾ ആയിരിക്കണം, (iii) ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒന്നിൽ പെടുന്ന ആൾ ആയിരിക്കണം (സിംപിൾ ആയി പറഞ്ഞാൽ, മുസ്ലീം ആയിരിക്കരുത്).
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണെന്ന് കാണിക്കാൻ എന്ത് രേഖകൾ ആവശ്യമാണെന്ന് നിയമം അനുശാസിക്കുന്നില്ല. അതൊക്കെ സർക്കാർ പിന്നീട് ഉണ്ടാക്കേണ്ട ചട്ടങ്ങളിൽ മനോധർമം പോലെ ആകാം.
അതായത്, കൊട്ടത്താപ്പ് കണക്കെടുപ്പിൽ ലിസ്റ്റിന് പുറത്തായ, സമാന സാഹചര്യത്തിലുള്ള, രണ്ടു പേരിൽ, മുസ്ലിം അല്ലാത്ത ആൾക്ക് പൗരത്വം കിട്ടും. മുസ്ലിം പൗരനല്ലാതെ ജീവിക്കും; ഒരു പക്ഷേ, അയാളും അയാളുടെ ഭാവി തലമുറകളും ക്യാംപുകളിൽ ജീവിച്ച് മരിക്കും.
ഈ ഇരട്ടത്താപ്പിന് സർക്കാർ കൂട്ട് പിടിക്കുന്നത് അന്താരാഷ്ട്ര നിയമത്തിലെ ഏറ്റവും മനുഷ്യത്വപരമായ ഒരു ആശയത്തെയാണ് - അഭയാർഥികളുടെ സംരക്ഷണം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി അക്രമണങ്ങളിൽനിന്ന് പലായനം ചെയ്തവർക്ക് (പലപ്പോഴും പൗരന്മാരോ മനുഷ്യരോ അല്ല എന്ന് ചാപ്പയടിക്കപ്പെട്ട് ക്യാംപുകളിൽ ജീവിച്ച് മരിക്കാൻ വിധിക്കപ്പെട്ടവർക്ക്) അഭയം ഒരുക്കാനാണ് അന്താരാഷ്ട്ര തലത്തിൽ "റെഫ്യൂജി കൺവൻഷൻ" എന്ന അഭയാർത്ഥികളുടെ സംരക്ഷണത്തിനായുള്ള കരാർ നിലവിൽവന്നത്. കരാർ അനുസരിച്ച് വംശം, മതം, ദേശീയത, ഏതെങ്കിലും സാമൂഹ്യ വിഭാഗത്തിലെ അംഗത്വം, രാഷ്രീയ അഭിപ്രായം എന്നീ കാരണങ്ങൾകൊണ്ട് പീഡിപ്പിക്കപ്പെടും എന്ന് കാര്യകാരണസഹിതം (well-founded) ഭയക്കുന്ന ആളുകൾക്കാണ് അഭയാർത്ഥികൾ എന്ന നിലയിൽ സംരക്ഷണത്തിന് അർഹത ഉള്ളത്. പിൽക്കാലത്ത് ആ നിയമങ്ങൾ രണ്ടാം ലോകമഹായുദ്ധ സാഹചര്യത്തിന് പുറത്തേയ്ക്കും വ്യാപിച്ചു.
ഇന്ത്യ റെഫ്യൂജി കൺവെൻഷനിൽ ഒപ്പ് വച്ചിട്ടില്ല. കരാറൊന്നുമില്ലെങ്കിലും ഞങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യാറുണ്ട് എന്നതാണ് കാലാകാലങ്ങളായുള്ള ഇന്ത്യയുടെ ന്യായം. റെഫ്യൂജി കൺവെൻഷനിലെ പല അടിസ്ഥാന വ്യവസ്ഥകളും അന്താരാഷ്ട്ര നിയമത്തിലെ പൊതു തത്വങ്ങൾ എന്ന നിലയിൽ കരാർ ഒപ്പിടാത്ത രാജ്യങ്ങൾക്കും ബാധകമാണ്.
അഭയാർത്ഥി എന്നതിന്റെ നിർവചനത്തിൽ, പീഡിപ്പിക്കപ്പെടും എന്ന ഭയം കാര്യകാരണസഹിതമായതായിരിക്കണം എന്ന് പറഞ്ഞു. അതെങ്ങനെയാണ് കാണിക്കുന്നത്?
എൻ്റെ വളരെ അടുത്ത ഒരു സുഹൃത്ത് ഇംഗ്ലണ്ടിൽ അഭയാർത്ഥിയാണ്. വർഷങ്ങൾ എടുത്ത നിയമ പ്രക്രിയയിലൂടെയാണ് അവന് ആ പരിരക്ഷ ലഭിച്ചത്. വളരെ യാഥാസ്ഥിതിക രാജ്യത്ത് നിന്ന് വന്ന, സ്വവർഗാനുരാഗിയായ അവന് അവിടേയ്ക്ക് തിരിച്ചുപോയാൽ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ട് എന്ന് വ്യക്തമായി തെളിയിക്കണമായിരുന്നു. അതുമായി ബന്ധപ്പെട്ട മാനസിക സംഘർഷത്തിൽ മാനസികാരോഗ്യം താറുമാറായി മാസങ്ങൾ മാനസിക ചികിത്സാകേന്ദ്രത്തിൽ കഴിഞ്ഞ അവനെ ചികിൽസിച്ച ഡോക്റ്ററുടെ സാക്ഷി മൊഴിയും, ആ കാലത്ത് "നെക്സ്റ്റ് ഓഫ് കിൻ" എന്ന നിലയിൽ രേഖകൾ ഒപ്പ് വച്ചിരുന്ന എൻ്റെ സാക്ഷി മൊഴിയും, ആഭ്യന്തര യുദ്ധം നടക്കുന്ന അവൻ്റെ നാട്ടിൽ ഒരു സായുധ വിഭാഗം അവൻ്റെ സഹോദരനെ വർഷങ്ങളായി അന്യായ തടവിൽ വച്ചിരിക്കുന്നതിന്റെ തെളിവുകളും, സ്വവർഗാനുരാഗികൾ അവൻ്റെ നാട്ടിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച ആംനെസ്റ്റി പോലുള്ള സംഘടനകളുടെ റിപ്പോർട്ടുകളും ഒക്കെ ഹാജരാക്കേണ്ടി വന്നു.
ഇങ്ങനെ, പീഡനങ്ങളിൽനിന്ന് ജീവനും കയ്യിൽ പിടിച്ചോടുന്ന, ആ കാര്യം കൃത്യമായ തെളിവുകളോടെ സ്ഥാപിക്കുന്ന, എന്നിട്ടും പലപ്പോഴും തെളിവ് പോരാതെ കൊലക്കളങ്ങളിലേയ്ക്ക് തിരിച്ചയക്കപ്പെടുന്ന യഥാർത്ഥ അഭയാർത്ഥികൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് വെറും മതവെറിയെ വെള്ള പൂശാൻ അഭയാർത്ഥി നിയമത്തെ കൂട്ടുപിടിക്കുന്നത്.
പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കാനുള്ള മാനദണ്ഡം ഒരാൾ പീഡിപ്പിക്കപ്പെടുമെന്ന് കാര്യകാരണസഹിതമായ ഭയമുണ്ടോ എന്നതല്ല. അത് മതമാണ്. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും, അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നേ എന്ന കൊട്ടത്താപ്പ് നരേട്ടീവ് അല്ലാതെ മറ്റൊരു കാര്യകാരണവും ഇതിലില്ല. പീഡിപ്പിക്കപ്പെടാൻ സാധ്യത എത്രയുണ്ടെങ്കിലും മുസ്ലിം (മതമുപേക്ഷിച്ച, മതനിന്ദ ആരോപിക്കപ്പെട്ട മുസ്ലിം ഉൾപ്പടെ) പുറത്താണ്; പീഡിപ്പിക്കപ്പെടാൻ സാധ്യത തീരെയില്ലെങ്കിലും ഹിന്ദു അകത്താണ്.
കൂട്ടിവായിക്കേണ്ടത്, ശരിക്കും പാക്കിസ്ഥാനിൽനിന്നോ ബംഗ്ലാദേശിൽനിന്നോ അഫ്ഗാനിസ്ഥാനിൽനിന്നോ വന്നവർ മാത്രമല്ല ഇങ്ങനെ പൗരത്വത്തിന് പുറത്താകുന്നത് എന്നതാണ്. ഇന്ത്യൻ പൗരന്മാരായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ ജനിച്ച് വളർന്ന, ജീവിതത്തിൽ മറ്റൊരു രാജ്യം കണ്ടിട്ടില്ലാത്ത ഇന്ത്യൻ പൗരൻ തലതിരിഞ്ഞ "ബേർഡൻ ഓഫ് പ്രൂഫും" അസാധ്യമായ "സ്റ്റാൻഡേഡ് ഓഫ് പ്രൂഫും" കാരണം പൗരത്വ പട്ടികയ്ക്ക് പുറത്തായാലും ഇതേ വേർതിരിവാണ് ഉണ്ടാകുന്നത്. മുസ്ലിം ആയ ഇന്ത്യൻ പൗരന്റെ പൗരത്വം എടുത്ത് മാറ്റപ്പെടുന്നത് മുസ്ലിം ആണെന്നതുകൊണ്ടാണ്. മുസ്ലിം അല്ലാത്ത ഇന്ത്യൻ പൗരന്റെ പൗരത്വം പുനഃസ്ഥാപിക്കപ്പെടുന്നത് മുസ്ലിം അല്ല എന്ന കാരണം കൊണ്ടാണ്.
പൗരത്വ ഭേദഗതി നിയമം മുസ്ലിംവിരുദ്ധമാണ്, ഇന്ത്യാ വിരുദ്ധമാണ്, മനുഷ്യത്വ വിരുദ്ധമാണ്.
മതം നോക്കി പൗരത്വം കൊടുക്കുകയും എടുത്ത് മാറ്റുകയും ചെയ്യുന്ന ഇന്ത്യ ഹിന്ദുരാഷ്ട്രമോ, മുസ്ലിം വിരുദ്ധ രാഷ്ട്രമോ ആയി രൂപഭേദം പ്രാപിച്ചിരിക്കുന്നു. ഇനി അതിനെ സെക്യുലർ രാഷ്ട്രം എന്ന് വിളിക്കുന്നത് ഉപ്പൂറ്റി വരെയുള്ള ബെർമുഡ എന്ന് പറയുന്നതുപോലെയാണ്. ഇന്ത്യ എന്ന ആശയത്തിന്റെ നെഞ്ചത്ത് തന്നെയാണ് ഈ ആണി അടിച്ചിരിക്കുന്നത്.


അഞ്ച് - വംശഹത്യക്ക് കളമൊരുങ്ങുമ്പോൾഅന്താരാഷ്ട്ര നിയമത്തിൽ "സ്റ്റേറ്റ്ലെസ്നെസ്" ഒന്നൊരു അവസ്ഥ ഉണ്ട്. ഒരാൾ ഒരു രാജ്യത്തിന്റെയും പൗരൻ അല്ലാതിരിക്കുക എന്നതാണ് ആ അവസ്ഥ.
ടോം ഹാങ്ക്സ് തകർത്തഭിനയിച്ച പ്രശസ്തമായ ചിത്രമാണ് "ടെർമിനൽ". ടോം ഹാങ്ക്സിന്റെ കഥാപാത്രം വിമാനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ രാജ്യം ഇല്ലാതാകുന്നു. അതോടെ അദ്ദേഹത്തിന്റെ പാസ്പോർട്ട് അസാധുവാകുന്നു. അസാധുവായ പാസ്പോർട്ടുമായി അന്യരാജ്യത്ത് ഇറങ്ങാനും പറ്റുന്നില്ല, വിമാനം പിടിച്ച് തിരിച്ച് പോകാനും പറ്റുന്നില്ല. അതുകൊണ്ട്, അയാൾ വിമാനത്താവളത്തിലെ ടെർമിനലിൽ തന്നെ പെട്ടുപോകുന്നു. ആ ടെർമിനൽ തന്നെ വീടാക്കുന്ന കഥാപാത്രത്തിന്റെ കഥയാണ് ടെർമിനൽ.
പക്ഷേ, യഥാർത്ഥ ജീവിതത്തിൽ "സ്റ്റേറ്റ്ലെസ്നെസ്" വിമാനത്താവളത്തിലെ ബെഞ്ചിൽ കിടന്നുറങ്ങുക, ചുറ്റുമുള്ളവരെയൊക്കെ സുഹൃത്തുക്കളാക്കുക, അങ്ങനെയുള്ള രസികൻ പരിപാടിയല്ല. ഒരു രാജ്യത്തെയും പൗരനല്ലാത്ത ആൾ ഏത് രാജ്യത്താണോ ഉള്ളത് ആ രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് യാത്ര ചെയ്യാൻ കഴിയില്ല. അതേസമയം, താമസിക്കുന്ന രാജ്യത്ത് അയാളൊരു അധികപ്പറ്റാണ്, രണ്ടാം കിടക്കാരനാണ്, സർക്കാർ സേവനങ്ങളും അവകാശങ്ങളുമൊക്കെ മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് മാത്രം, അവർ എത്രത്തോളം അനുവദിച്ച് തരുന്നോ അത്ര മാത്രം, ലഭ്യമായ ആളാണ്. അധികപ്പറ്റാണെന്ന് അയാൾ മറക്കില്ല എന്ന് രാജ്യത്തെ "യഥാർത്ഥ" പൗരന്മാർ ഉറപ്പാക്കും.
സ്റ്റേറ്റ്ലെസ്നെസ് ഒരു വ്യക്തിയിൽ തുടങ്ങി അയാളുടെ ജീവിതകാലത്ത് തീരുന്ന ഒരു പ്രശ്നവും അല്ല. ഒരിടത്തേയും പൗരത്വമില്ലാതെ അധികപ്പറ്റായി ജീവിക്കുന്ന ആളുടെ മക്കളും ആ അവസ്ഥയിലാണ് ജനിച്ച് ജീവിക്കുന്നത്. അവരുടെ മക്കളും, മക്കളുടെ മക്കളും ഒക്കെ ആ അവസ്ഥയിൽ ജനിച്ച് ജീവിച്ച് മരിക്കുന്നു. പരമ്പരകളുടെ ആ അന്യവത്കരണം അനിശ്ചിതമായി തുടരും, എന്നെങ്കിലും ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകുന്നതുവരെ.
സ്റ്റേറ്റ്ലെസ്നെസ് മറ്റ് മനുഷ്യാവകാശ പ്രശ്നങ്ങളുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. അതിൽ ഏറ്റവും പ്രധാനം വംശഹത്യാ ഭീഷണിയാണ്. 1935ഇൽ ന്യൂറംബർഗ് നിയമങ്ങൾ വഴി അനേകം യഹൂദർ ജർമനിയിൽ സ്റ്റേറ്റ്ലെസ് ആയത് തുടർന്നുവന്ന വംശഹത്യയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു. അവരെ പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്താക്കിയതോടെ അവർ മനുഷ്യരേ അല്ലാതായി. അന്നത്തെ നാസി പ്രൊപ്പഗാണ്ടയിൽ അവർ "ചിതലുകളും" "പാറ്റകളും" ഒക്കെയാണ്. അതിന് പുറകേ അവർക്ക് താമസിക്കാവുന്ന ഇടങ്ങളെക്കുറിച്ചും ചെയ്യാവുന്ന ജോലികളെക്കുറിച്ചും വിവാഹം ചെയ്യാവുന്ന ആളുകളെക്കുറിച്ചും ഒക്കെ കർശന നിയന്ത്രണങ്ങൾ വന്നു. പിന്നെ അവരെ കൊണ്ടുപോകാൻ വാനുകളും, ഗ്യാസ് ചേമ്പറുകളും വന്നു. ഇന്ന് രോഹിൻഗ്യകൾക്ക് നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന വംശഹത്യയും അടിസ്ഥാനപരമായി പൗരത്വ നിഷേധത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്.
ഈ അനുഭവങ്ങൾ ഓര്മയുള്ളതുകൊണ്ട് തന്നെ ആരുടേയും പൗരത്വം (നാഷണാലിറ്റി) എടുത്ത് കളയരുത് എന്ന് അന്താരാഷ്ട്ര നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രധാന മനുഷ്യാവകാശ കരാറുകളായ യൂണിവേഴ്സൽ ഡിക്ലറേഷൻ ഓൺ ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷണൽ കവനന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് എന്നിവയിൽ നാഷണാലിറ്റി ഒരു അടിസ്ഥാന അവകാശമായി അംഗീകരിക്കുകയും അതിൻ്റെ അപഹരണത്തിനെതിരെ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, സ്റ്റേറ്റ്ലെസ്നസ് 2024 ഓടെ പൂർണമായി ഇല്ലാതാക്കുക എന്നത് ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപിത നയവുമാണ്.
ഈ പശ്ചാത്തലത്തിൽ ഇന്നലെ വരെ പൗരന്മാരായി ജീവിച്ചിരുന്ന ഒരു കൂട്ടം ആളുകളെ ഒരു ലിസ്റ്റിട്ട് സ്റ്റേറ്റ്ലെസ് ആക്കാനുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇന്നല്ലെങ്കിൽ നാളെ വരാൻ പോകുന്ന വംശഹത്യയ്ക്കുള്ള കളമൊരുക്കലുമാണ്. വ്യക്തമായി നിർവചിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ പൗരന്മാരല്ലാതാകുമ്പോൾ, എത്രയേറെ ഒഴിവാക്കലുകൾക്കിടയിൽ ജീവിച്ചാലും അവർ തിന്ന് തീർക്കുന്ന ഭക്ഷണത്തിന്റെയും, അപഹരിക്കുന്ന ജോലിയുടെയും, ശ്വസിക്കുന്ന വായുവിന്റെയും ഒക്കെ കണക്കുകൾ വരും. വർഷം കുറെ കഴിയുമ്പോൾ അവർ പെറ്റുപെരുകിയതിന്റെ കണക്കുകൾ വരും, പഴയ കണക്കുകൾ കൂടുതൽ വലുതാകും. ഒരു വംശഹത്യ ഇന്നുണ്ടാകുമോ അതോ കുറച്ച് കൂടി നീട്ടി വയ്ക്കാൻ പറ്റുമോ എന്നത് മാത്രമാകും ചോദ്യം. എൻ.ആർ.സി.-സി.എ.എ ഒക്കെ ഇത്ര വലിയ ചർച്ചയാകുന്നതിന് മുൻപേ അമിത് ഷാ അതിൻ്റെ ഇരകളെ വിളിച്ചത് "ചിതലുകൾ" എന്നാണ് എന്നത് ഓർക്കണം. മനുഷ്യനല്ലാത്ത അപരനെ നിർമിക്കുന്നത് വംശഹത്യയിലേക്കുള്ള പ്രധാന കാൽവയ്പ്പാണ്.
അങ്ങനെയുണ്ടാക്കുന്ന അപരനിൽ നിന്ന് മത അടിസ്ഥാനത്തിൽ കുറേപ്പേരെ രക്ഷിച്ചെടുത്ത് അപരൻ എന്നത് ഒരു മതവിഭാഗത്തിൽ പെട്ട ആളുകൾ മാത്രമാകുമ്പോൾ കാര്യങ്ങൾ കുറേക്കൂടി അപകടകരമാകുന്നു.
കാര്യങ്ങൾ ഇത്രയൊക്കെ ആയതുകൊണ്ട് ഐക്യരാഷ്ട്ര സഭ ഇടപെടുമായിരിക്കും എന്ന് പലരും പ്രതീക്ഷിക്കുന്നതും അതിനായി കത്തുകൾ അയക്കുന്നതും കണ്ടു. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ വക്താവ് ഈ വിഷയത്തിൽ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. "ഹൈ കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ്" കുറേക്കൂടി ശക്തമായ ഒരു പ്രസ്താവനയിൽ സി.എ.എ.യെ ശക്തമായി വിമർശിച്ചിട്ടുണ്ട്. "അടിസ്ഥാനപരമായി വിവേചനപരം" (fundamentally discriminatory) എന്നാണ് ആ പ്രസ്താവന സി.എ.എ.യെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും ഹൈക്കമ്മീഷണർ പറയുന്നുണ്ട്.
ഇത്തരം പ്രസ്താവനകൾ ഇറക്കുക എന്നത് മാത്രമാണ് സെക്രട്ടറി ജനറലിനും, ഹൈ കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിനും ഒക്കെ സാധിക്കുന്നത്. അതിലുപരി എന്തെങ്കിലും അന്താരാഷ്ട്ര നടപടി ഉണ്ടാകണമെങ്കിൽ ജനറൽ അസംബ്ലി വഴിയോ സെക്യൂരിറ്റി കൗൺസിൽ വഴിയോ അന്താരാഷ്ട്ര നീതിന്യായ കോടതി വഴിയോ മറ്റ് രാജ്യങ്ങൾ ഉത്സാഹിക്കണം. ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം നിർത്തലാക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തിയതുപോലുള്ള ശക്തമായ ഇടപെടൽ ഉണ്ടാകണം. പക്ഷേ, ദാർഫൂറിൽ ഉൾപ്പടെ കൂട്ടക്കൊലകൾ നടക്കുമ്പോൾ കൈകെട്ടി നിന്നിട്ട്, അവസാനം അപലപിക്കാൻ മാത്രം വന്ന ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റേതായ രാഷ്ട്രീയ/നിയമ പരിമിതികൾ ഉണ്ട്. കശ്മീർ വിഷയത്തിൽ തുർക്കി ഐക്യരാഷ്ട്രസഭയിൽ ശബ്ദിച്ചു എന്ന ഒറ്റ കാരണത്താൽ ഒരു തുർക്കിഷ് കമ്പനിയുമായുള്ള കരാറുകൾ ഇന്ത്യ റദ്ദ് ചെയ്ത സമീപകാല ചരിത്രം ഓർത്താൽ ആ പരിമിതിയുടെ സ്വഭാവം മനസിലാകും.
ചുരുക്കിപ്പറഞ്ഞാൽ, അതീവ ഗുരുതരമായ ഒരവസ്ഥയാണ് ഉരുത്തിരിയുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഒക്കെ നഗ്നമായ ലംഘനമാണ്. പക്ഷേ, പുറത്തുനിന്ന് ആരും വരുമെന്ന് വിചാരിക്കരുത്. അവർ വരും, എല്ലാം കഴിഞ്ഞ് അപലപിക്കാൻ.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive