Sunday, October 13, 2019

ജല്ലിക്കെട്ട്‌ വേട്ടയുടെ ആഘോഷം



നമ്മൾ നമ്മുടെ അതിർത്തിയെന്ന് കരുതുന്ന സ്ഥലത്തേക്ക് കയറിവരുന്നവരെ നാം മാവോയിസ്റ്റെന്ന് ചാപ്പകുത്തും. പിന്നീട് അവരെ വേട്ടയാടും. അങ്ങനെ അവരെ പിന്തുടർന്ന് ഓടിക്കുകയെന്നത് ഒരു വിനോദമാണ്. ഒരുതരം ആഘോഷം. അതാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട്. ഭയത്തെ വളർത്തിയെടുക്കുകയും അതിൽ ആനന്ദം കൊള്ളുകയുംചെയ്യുന്ന മാനസികാവസ്ഥയുടെ ചലച്ചിത്രഭാഷ്യം. കാലൻ വർക്കി (ചെമ്പൻ വിനോദ്‌ ജോസ്‌), ആന്റണി (ആന്റണി വർഗീസ്), കുട്ടച്ചൻ (സാബുമോൻ) തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
മലയാളത്തിലെ സിനിമാറ്റിക്‌ കാഴ്‌ച സങ്കൽപ്പങ്ങളെ അപ്പാടെ അടിച്ചുടച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. നായകനിൽ തുടങ്ങി സിറ്റ് ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, ഈ മ യൗ എന്നിവയിൽ എത്തി നിൽക്കുന്ന ബെഞ്ച് മാർക്ക് അവിടെനിന്ന് വീണ്ടും ഉയർത്തുകയാണ് ലിജോ. ശബ്‌ദത്തിന്റെയും ദൃശ്യത്തിന്റെ അനന്തമായ സാധ്യതകൾ കൃത്യമായി ഉപയോഗിക്കുന്ന സിനിമ. അതിനാൽ നല്ല ക്വാളിറ്റി തിയറ്റർ അനുഭവം ആവശ്യപ്പെടുന്ന സിനിമയാണ്.
ഉള്ളടക്കത്തിലെ രാഷ്ട്രീയംകൊണ്ട്‌ ശ്രേേദ്ധയനായ എഴുത്തുകാരനാണ്‌ എസ് ഹരീഷ്. അതിനാൽ മുറുക്കമുള്ള എഴുത്തിന്റെ മികവുണ്ട് ജെല്ലിക്കെട്ടിന്. മാവോയിസ്റ്റ് എന്ന നോവലിൽ അവശ്യമായ മാറ്റം വരുത്തിയാണ്‌ ചലച്ചിത്രത്തിനുവേണ്ട തിരക്കഥ ഒരുക്കിയത്‌.
ടോറന്റോ ഫിലിം ഫെസ്റ്റിവലിൽ ലിജോ ജോസിനെ കലാപത്തിന്റെ തമ്പുരാൻ (master of chaos) എന്നാണ് വിശേഷിപ്പിച്ചത്. അക്ഷരാർഥത്തിൽ സിനിമ ഒരു കലാപ കാഴ്ചയാണ്. ഗ്രാമത്തിൽ അറവിനായി കൊണ്ടുവരുന്ന പോത്ത് കയറുപൊട്ടിച്ച് ഓടുകയും അതിനെ പിടിച്ചുകെട്ടാനായി ഒരു ഗ്രാമമാകെ പിന്നാലെ ഓടുന്നതുമാണ് ഇതിവൃത്തം. ഒരു പോത്തും അതിന് പിന്നാലെ ഒരു ഗ്രാമത്തിലെ ആണുങ്ങളും ഓടുന്ന ഒന്നര മണിക്കൂർ കാഴ്ച. സിനിമ കാണുമ്പോൾ ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ‍ ഒരു മികവ് സിനിമ പുലർത്തുന്നുണ്ട്. അത്ര ഗംഭീരമായ ഒരു വിഷ്വൽ നരേഷനുണ്ട് സിനിമയ്‌ക്ക്‌.
മനുഷ്യന്റെ ശ്വാസമെടുക്കലിന്റെ താളമാണ്‌ സിനിമയുടെ താളം. പതിഞ്ഞ താളത്തിൽ തുടങ്ങി അവസാനം കമ്പക്കെട്ടിന്റെ കൂട്ടപൊരിച്ചൽപോലെ ഒരു കലാപ കാഴ്ചയായാണ് സിനിമ അവസാനിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി
ഒാരോ രംഗങ്ങളിലും കാഴ്‌ചയിലും സംഭാഷണത്തിലും ജെല്ലിക്കെട്ടിന് രാഷ്ട്രീയമുണ്ട്. ഈസി സിറ്റിങ്ങിന്റെ ആഘോഷക്കാഴ്ചയിൽനിന്ന് സൂക്ഷ്‌മമായ ഇടപെടൽ പ്രേക്ഷകന്റെ ഭാഗത്തുനിന്നുകൂടി സിനിമ ആവശ്യപ്പെടുന്നുണ്ട്. പൂർണമായും സംവിധായകന്റെ ക്രാഫ്റ്റാണ് സിനിമ. അതേസമയം ഇതിന്റെ ഭാഗമായ മുഴുവൻ പേരെയും അടയാളപ്പെടുത്തുന്ന കലാസൃഷ്ടി കൂടിയായി ജെല്ലിക്കെട്ട് ഉയരുന്നുണ്ട്. പശ്ചാത്തല സംഗീതത്തിന്റെയും ഛായാഗ്രഹണത്തിന്റെയും മികവ്‌ എടുത്തുപറയേണ്ടതുണ്ട്‌.
രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷകനെ സിനിമയുടെ കാഴ്ചയിലേക്ക് കൊളുത്തി വലിക്കുന്നവയാണ്. ഇരുട്ടും വെളിച്ചവും തമ്മിലുള്ള കൂട്ടിയിണക്കലിന്റെ ഗംഭീരമായ ദൃശ്യങ്ങളാണ് ജെല്ലിക്കെട്ട്. ഇരുട്ടും പന്തവുമെല്ലാം ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ എടുത്തുപറയേണ്ടതാണ്.
പോത്തും ജനങ്ങളും തമ്മിലുള്ള പോരാട്ടം കൃത്യമായി സന്നിവേശിപ്പിക്കുന്നതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. ഭയപ്പെടുത്തുന്നതും ആകാംക്ഷ ഉയർത്തുന്നതുമായ ശബ്ദം അനന്യമായ അനുഭവമാകുന്നു. ഇരയുടെ കാഴ്ചയിൽ നിന്നാണ് സിനിമ സംവദിക്കുന്നത്. പോത്തിൽനിന്ന് ഇരയായി മാറുന്നവരുടെ കാഴ്ചയിലേക്ക് സിനിമ മാറുന്നുണ്ട്. മനുഷ്യന്റെ കപട പരിഷ്‌കൃത ഗർവിനെ ആക്രമിക്കുന്നുണ്ട്‌ സിനിമ.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive