Monday, October 07, 2019

ജോക്കർ: തേക്കപ്പെടുന്ന ചായം; അപഹസിച്ചും പരിഹസിച്ചും നിൽക്കുന്ന സമൂഹത്തിനോട് നിങ്ങൾ എന്ത് ചെയ്യും?




ഒരാളിൽ നന്മയും തിന്മയും സൃഷ്ടിക്കുന്നത് അയാളുടെ ചുറ്റുപാടാണ്. അത് തന്നെയാണ് പ്രവൃത്തിയിലെ ശരി‐ തെറ്റ്‌ തീരുമാനിക്കുന്നത്. നല്ലവനാകാൻ ഒരാൾ ആഗ്രഹിച്ചാലും അയാൾക്ക് ചുറ്റുമുള്ള വ്യവ്യസ്ഥ അതിൽ ഇടപെടും. പ്രിവിലേജുകളുള്ളവന്റെ പ്രവൃത്തികൾ ശരിയിലേക്കും അല്ലാത്തവരുടെ അതിജീവനത്തിനായുള്ള ശ്രമങ്ങൾ പോലും കേവലം കോമാളിത്തരം മാത്രമായി സമൂഹം ചാപ്പയടിക്കും. ഇങ്ങനെ അപഹസിച്ചും പരിഹസിച്ചും നിൽക്കുന്ന സമൂഹത്തിനോട് നിങ്ങൾ എന്ത് ചെയ്യും?

ഇൗ ചോദ്യത്തിനുള്ള ഉത്തരമാണ് ജോക്കർ എന്ന സിനിമ. വ്യവസ്ഥതയുടെ ക്രൂരതകൾ ആർതർ ഫെക്സ് (യൊവ്ക്വിൻ ഫീനിക്സ്) ക്രിമിനലും അരാജകവാദിയുമാക്കി മാറ്റുന്നു. തകർന്ന വ്യവസ്ഥയിൽ അയാൾ വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുന്നു. ഇതിനൊപ്പം ക്രൈം സ്വഭാവം നിലനിർത്തി ശക്തമായ ആക്ഷേപഹാസ്യത്തിലൂന്നി ‘ക്ലാസ്‌ വാർ’വരച്ചിടുന്നു.


‘I used to think that my life was a tragedy, but now I realize, it's a comedy’

ഇങ്ങനെയാണ് അർതർ/ ജോക്കർ സിനിമയിൽ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. കോമിക്ക് സീരിയസിലെ കഥാപാത്രമായ ജോക്കറും ഗോതം നഗരവുമെല്ലാം ബാറ്റ്മാനിലും കോമിക്ക് സിരീയസിലുമെല്ലാം കണ്ടത്താണ്. അവിടെ നിന്ന് ഒരു നായക കഥാപാത്രമായി മുഴുനീള ചലച്ചിത്ര ഭാഷ്യം നൽക്കുകയാണ് ടോഡ് ഫിലിപ്സ് ഒരുക്കിയ ചിത്രത്തിലൂടെ. ആ സിഗ്‌നേച്ചർ ചിരിയിൽ ചോരയിൽ പുരണ്ട്‌ സിനിമ അവസാനിക്കുന്നത്‌ അമേരിക്കയുടെ തോക്ക്‌ സംസ്ക്കാരത്തിനെ തുറന്ന്‌ കാണിച്ചാണ്‌.


ജോക്കറായി ( യൊവ്ക്വിൻ എത്തുമ്പോൾ അയാളിലെ നടന് വെല്ലുവിളിയായി നിന്നിരുന്നത് ഹീത് ലെഡ്ജറുടെ ഛായം തേച്ച് ആടിയ ഒരു ലെഗസിയായിരുന്നു. ഓസ്കാറിലേക്ക് നയിച്ച ആ ‍ ബെഞ്ച് മാർക്ക് പ്രകടനത്തിലേക്കാണ് യൊവ്ക്വിൻ എത്തിയത്. എന്നാൽ അതിനെയെല്ലാം മാച്ച് കളയുന്ന പ്രേക്ഷകനെ അയാളിലേക്ക് പിടിച്ച് വലിക്കുന്ന ഒരു അസാമാന്യ പ്രകടനമാണ് സിനിമ. അത്ര ആയാസകരമായാണ് ആർതർ എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയനിൽ നിന്ന് ഗോതം നഗരത്തിലെ ഒരു വിഭാഗത്തിന്റെ ഭയം മറ്റൊരു വിഭാഗത്തിന്റെ ആവേശവുമായ ജോക്കറായി മാറുന്നത്. അനിയന്ത്രിതണായി ചിരിക്കുന്ന മാനസികാവസ്ഥയുള്ള വ്യക്തിയിൽ നിന്ന് കൊലയാളിയിലേക്ക് അയാൾ മാറുന്നത് കേവലം ഒരു റോഡ് മുറിച്ച് കടക്കുന്ന ആയാസത്തോടെയാണ്. എന്നാൽ ഒരോ ചെറു സൂക്ഷ്മ ചലനത്തിലും ശരീര ഭാഷയിലും തുടങ്ങിയ സാധ്യമായ എല്ലായിടത്തും യൊവ്ക്വിൻ നടന്റെ പകർന്നാട്ടത്തിന് എത്ര കൈയടിച്ചാലും മതിയാവില്ല. ഒരു നാടകതട്ടിലെ അഭിനേതാവിനെ പോലെ അത്ര ലൈവായിട്ടാണ് പ്രേക്ഷകനോട് കഥാപാത്രം സംവദിക്കുന്നത്.


കട്ടുകളില്ലാതെയാണ് സിനിമ തിയേറ്ററിലെത്തിയത്. അത് പോലെ തന്നെ രണ്ട് ഇടത്ത് മാത്രമാണ് സംഭാഷണം മ്യൂട്ടാവുന്നത്. സെൻസറിങിൽ നിന്ന ലഭിച്ച മെറിറ്റ് സിനിമയുടെ ഒഴുക്കുള്ള കാഴ്ചയ്ക്ക് വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. ഇതിനൊപ്പം എടുത്ത് പറയേണ്ടത് സിനിമയുടെ കളർ ടോണുകളാണ്. സിനിമയുടെ മുന്നോട്ട് പോക്കിൽ പ്രേക്ഷന്റെ മനസിലേക്ക് രംഗങ്ങൾ ഫ്രീസ് ചെയ്ത് വെക്കാൻ കഴിയുന്നത്ര കരുത്തുണ്ട് കളർ ടോൺ ഉപയോഗത്തിന്. പലപ്പോഴും സന്തോഷ രംഗങ്ങളിൽ ഉപയോഗിച്ച് കണ്ടിരിക്കുന്ന മഞ്ഞ നിറം വയലന്റായി മാറുന്ന രംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇങ്ങനെ പതിവ് കാഴ്ചകളിൽ തന്നെ ഭീകരതയെ അടയാളപ്പെടുത്തുന്ന ഒരു മേക്കിങ് മികവുണ്ട് സിനിമയ്ക്ക്. വെള്ള, ചുവപ്പ്‌, നീല നിറങ്ങളൂടെയെല്ലാം സമാനമായ ഉപയോഗമുണ്ട് സിനിമയിൽ. ലോറൻസ് ഷേറിന്റെ ഛായാഗ്രഹണം മികവിന്റെ കാഴ്ചയാണ്.

പ്രേക്ഷനെ ഭയപ്പെടുത്തുകയും ആകാംഷയുടെ മുൾമുനയിലേക്ക് കൊണ്ട് പോകുകയും ചെയ്ത് സിനിമയുടെ മൂഡ് കൃത്യമായി സന്നിവേശിപ്പിക്കുന്നതാണ് പശ്ചാത്തല സംഗീതം. സംഭാഷണങ്ങൾ വളരെ കുറച്ച് കാഴ്ചയിലൂടെയാണ് സിനിയുടെ മുന്നോട്ട് പോകുന്നത്. സഹതപ്പിച്ചും, ഭയപ്പെടുത്തിയും നിരാശപ്പെടുത്തിയും ജോക്കറിന്റെ ചലനത്തിനൊപ്പം പ്രേക്ഷകനെയും ഗോതം നഗരത്തിലേക്ക് ഇറക്കി നിർത്തുകയാണ് ചിത്രം.


ജോക്കർ ഒരു കാഴ്ചയാണ്. വ്യവസ്ഥയുടെ ഇര, സമൂഹത്തിൽ അസ്തിത്വം നേടാനുള്ള ശ്രമത്തിന്റെ വയലന്റ് കാഴ്ച. കൊമേഡിയനും സൈക്കോപാത്തുമായി യൊവ്ക്വിൻ ഫീനിക്സ് എന്ന നടന്റെ പ്രകടന മികവിനാൽ അടയാളപ്പെടുത്തുന്ന അസാധ്യ സിനിമാറ്റിക്ക് കാഴ്ച.






deshabhimani.com | October 3, 2019

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive