ധാരാളം ചരിത്രവും ചരിത്ര സ്മാരകങ്ങളും ഉറങ്ങുന്ന നഗരമാണ് ഡല്‍ഹി. തിരക്കാര്‍ന്ന സിറ്റിയുടെ ഹൃദയഭാഗത്തായി കോണാട്ട് പ്ലേസിനരികില് ഹെയ്ലീ റോഡിലായി ആര്‍ക്കിയോളജിക്കല്‍ സവ്വേയുടെ സംരക്ഷിത സ്മാരകമായ അഗ്രസെന്റെ പടവുകിണര്‍ സ്ഥിതി ചെയ്യുന്നു. രാജാവായ അഗ്രസെന്‍ നിര്‍മ്മിച്ചതും 14-ാം നൂറ്റാണ്ടില്‍ അഗര്‍വാള്‍ സമുദായക്കാര്‍ പുതുക്കി പണിതതുമായ ഒരു പുരാതന വാസ്തുവിദ്യാഅത്ഭുതമാണ് ഈ പടവുകിണര്‍.
മനോഹരമായ വാസ്തുശില്പചാരുതയില് മൂന്നു തട്ടിലായി ചുമന്ന മണല്‍ക്കല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന 108 പടവുകള്‍ ചെന്നെത്തുന്നത് അടിയിലുള്ള ഒരു വലിയ പാതാളക്കിണറിലേയ്ക്കാണ് കിണറിന്റെ മുകള്‍ ഭാഗം തുറന്ന നിലയിലാണ്. വരള്‍ച്ചക്കാലത്ത് ജലം സംഭരിച്ച വയ്ക്കാനായി ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഭംഗിയായി നിര്‍മ്മിച്ചിരിക്കുന്ന പടവുകളുടെ രണ്ടു വശങ്ങളിലായി മനോഹരമായ നിരവധി കമാനങ്ങളും കാണാം. പൂജയ്ക്കും, ആചാരങ്ങള്‍ക്കും, വിശ്രമിക്കുവാനും, സാമൂഹിക ഒത്തു ചേരലുകള്‍ക്കും ഈ സ്ഥലം ഉപയോഗിച്ചിരുന്നതായി കരുതുന്നു.
നഗരമദ്ധ്യത്ത് സ്ഥിതിചെയ്യുന്ന ശില്പചാരുതയുടെ പ്രതീകമായ ഈ പടവുകിണര്‍ അനേകം സിനിമാഗാന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമീര്‍ഖാന്റെ പി. കെ., പൃഥിരാജിന്റെ 9 എന്നീ ചിത്രങ്ങളില്‍ ഇത് ദൃശ്യമാകുന്നുണ്ട്.
സമാനമായി ഇവിടെ കേരളത്തില്‍ എ.കെ.ജി.യുടെ ജന്മസ്ഥലമായ കണ്ണൂര്‍ പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തോട് ചേര്‍ന്ന് മനോഹരമായ ഒരമ്പലക്കുളമുണ്ട്. നിര്‍മ്മിതിയിലും വാസ്തുശില്പ ചാരുതയിലും ഏറെ മുന്നില്‍ നില്ക്കുന്ന ഈ കുളപ്പടവുകള്‍ ഏകദേശം ഒരു ലക്ഷത്തോളം ചുവന്ന വെട്ടുകല്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്നു. വിശ്രമസ്ഥലമായും, ഒത്തുചേരലുകളുടെ ഇടമായും ഈ അമ്പലക്കുളപ്പടവുകള് ഇതിനകം പ്രശസ്തമാണ്.
സൈന്ധവസംസ്കാരം ദ്രാവിഡരുടേത് ആയിരുന്നോ - ഉത്തരവുമായി ജനിതക പഠനം
പ്രശസ്ത ശാസ്ത്രജേര്‍ണലായ 'സെല്‍' ഇന്ത്യയില്‍ നിന്നുള്ള ഒരു പഠനം കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം പ്രസിദ്ധീകരിക്കുകയുണ്ടായി. ഹരിയാണയിലെ രാഖീഗഢില് 4600 വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ അസ്ഥികൂടത്തില്‍ നിന്നുള്ള ഡി.എന്‍.എ. വിശകലനം ചെയ്തു തയ്യാറാക്കിയ പഠനമായിരുന്നു അത്. പ്രാചീന ഡി.എന്‍.എ.പഠനങ്ങളില്‍ വിദഗ്ധനും യു.എസില്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസറുമായ ഡേവിഡ് റെയ്ഷിന്റെ ലാബില്‍, ഇന്ത്യന്‍ ഗവേഷകരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ പഠനമാണത്.
രാഖീഗഢില് നിന്നുള്ള പ്രാചീന ഡി.എന്‍.എ. ചില ധാരണകള്‍ തിരുത്തുകയും മറ്റു ചിലത് മുന്നോട്ടുവെയ്ക്കുകയും, ഒപ്പം ചില തര്‍ക്കങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു.
സിന്ധുനദീതട സംസ്ക്കാരവുമായി ബന്ധപ്പെട്ട ഒരു ഖനനയിടമാണ് രാഖീഗഢി. സിന്ധുനദീതട സംസ്ക്കാരം (Indus Valley Civilisation) എന്ന സൈന്ധവ നാഗരികതയ്ക്ക് ഹാരപ്പന്‍ സംസ്കൃതി (Harappan Civilization) എന്നും പേരുണ്ട്. ഹാരപ്പന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട് 1500-ഓളം ഖനനയിടങ്ങളുണ്ട്. അതിലൊന്നാണ്, ഡല്‍ഹിയില്‍ നിന്ന് 150 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഹരിയാണയിലെ രാഖീഗഢി (Rakhigarhi) സൈറ്റ്.
രാഖീഗഢിയില് നിന്ന് ലഭിച്ച പ്രാചീന ഡി.എന്‍.എ.യുടെ വിശകലനം മുന്നോട്ടുവെയ്ക്കുന്ന പ്രധാന വസ്തുതകള്‍ ഇവയാണ് -
1. ആ പ്രാചീന സ്ത്രീ ഉള്‍പ്പെട്ട സമൂഹമാണ്, ഇന്ത്യയില്‍ ദക്ഷിണേഷ്യക്കാരുടെ പൈതൃകത്തില്‍ ഏറ്റവുമധികം സംഭാവന ചെയ്തിരിക്കുന്നത്.
2. ദക്ഷിണേഷ്യക്കാരുടെ ഭാഗമായ ഇറാനിയന്‍ വേട്ടക്കാരായ വംശങ്ങള്‍ മറ്റു വംശാവലികളില്നിന്നും വേര്‍പിരിഞ്ഞിട്ട് ഏതാണ്ട് 12,000 വര്‍ഷമായി.
3. ഭാരതത്തിലേക്ക് കാര്‍ഷികസംസ്കൃതി വന്നെത്തിയത് അനറ്റോളിയയില്‍ നിന്നോ ഇറാനില്‍ നിന്നോ ആണെന്ന സങ്കല്‍പ്പം തിരുത്തേണ്ടിയിരിക്കുന്നു.
4. സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഫെര്റ്റൈല് ക്രസന്റ്' (Fertile Crescent) എന്ന മേഖലയിലെ പ്രാചീനകര്ഷകസമൂഹം ദക്ഷിണേഷ്യന്‍ പൈതൃകത്തില്‍ സംഭാവന നല്‍കിയിട്ടില്ല.
5. 4600 വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന ആ രാഖീഗഢി സ്ത്രീയുടെ ജനിതകത്തില്‍ ഇറാനില്‍ നിന്നുള്ള കര്‍ഷകരുടെയോ മധ്യേഷ്യന്‍ പുല്‍മേടുകളില്‍ നിന്നുള്ള കാലിമേച്ചില്ക്കാരുടെയോ ജനിതകമില്ല. ഈ കണ്ടെത്തല്‍ ഇന്ത്യയില്‍ അക്കാലത്തുണ്ടായിരുന്ന ഭാഷയോ ഭാഷകളോ ഏതൊക്കെയെന്ന പരികല്പനകളില് സ്വാധീനം ചെലുത്തും.
6. പഠനത്തില്‍ പങ്കാളികളായ ഇന്ത്യന്‍ ഗവേഷകര്‍, 'ഔട്ട് ഓഫ് ആഫ്രിക്കാ സിദ്ധാന്തം' പോലെ 'ഒരു ഔട്ട് ഓഫ് ഇന്ത്യ' സിദ്ധാന്തം ഭാഗികമായെങ്കിലും അവതരിപ്പിക്കുന്നു.
മുകളില്‍ പ്രതിപാദിച്ച അഞ്ച്, ആറ് പോയന്റുകളുടെ അടിസ്ഥാനത്തില്‍, 'ആര്യാധിനിവേശസിദ്ധാന്തം' പൂര്‍ണ്ണമായും തെറ്റാണെന്നും അത് തള്ളിക്കളയേണ്ടതാണെന്നും വാദിച്ചുകൊണ്ട്, ഈ ഗവേഷണത്തില്‍ സഹകരിച്ച ഇന്ത്യന്‍ ഗവേഷകരായ വസന്ത് ഷിന്‍ഡേ (Vasant Shinde), നീരജ് റായി (Niraj Rai) എന്നിവര്‍ ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിക്കുകയുണ്ടായി. (എന്നാല്‍, ഗേവഷണത്തിന് നേതൃത്വം നല്കിയ ഡേവിഡ് റെയ്ഷ് (David Reich), ഷിന്‍ഡേയും റായിയും പറഞ്ഞ പല കാര്യങ്ങളും തള്ളിക്കളയുന്നതായി 'ഇക്കണോമിക് ടൈംസ്' അദ്ദേഹവുമായി നടത്തിയ അഭിമുഖം സൂചിപ്പിക്കുന്നു).
കൗതുകമുള്ള കാര്യമെന്തെന്നാല്‍, പുതിയ പഠനത്തിലെ പല കണ്ടെത്തലുകളും മറച്ചുപിടിച്ചോ, ചില കാര്യങ്ങളെപ്പറ്റി വേണ്ടത്ര പരാമര്ശിക്കാതെയോ ആണ് പത്രസമ്മേളനം നടന്നത്. ഒരു ഭാഗിക 'ഔട്ട് ഓഫ് ഇന്ത്യ സിദ്ധാന്തം' മുന്നോട്ടുവെയ്ക്കപ്പെട്ടതും അപ്പോഴാണ്!
ആര്യാധിനിവേശസിദ്ധാന്തം തള്ളിക്കളയണം എന്നാവശ്യപ്പെട്ടവര്‍ ദ്രാവിഡരെപ്പറ്റിയോ, ദ്രാവിഡഭാഷകളെപ്പറ്റിയോ പത്രസമ്മേളനത്തില്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ 'സെല്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പേപ്പറിന്റെ ആറാം പേജില്‍, ഈ ഗവേഷണഫലങ്ങള്‍ക്ക് ഭാഷാശാസ്ത്രപരമായ വിവക്ഷകളുണ്ട് എന്ന് പ്രത്യേകം സൂചിപ്പിക്കുന്നു. ഇന്‍ഡോ-ഇറാനിയന്‍ ഭാഷകള്‍ ഇന്ത്യയില്‍ പ്രവേശിച്ചത് ഇറാനില്‍ നിന്നല്ല, മറിച്ച്, കിഴക്കന്‍ യൂറോപ്പില്‍ നിന്നും മധ്യേഷ്യ വഴി ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ് എന്നും അതേ പേജില്‍ പരാമര്‍ശിക്കുമ്പോള്‍, അതിനു മുമ്പ് ജീവിച്ചിരുന്ന രാഖീഗഢി സ്ത്രീയുടെ ഭാഷ ഏതായിരിക്കുമെന്ന് അവര്‍ സൂചിപ്പിക്കുന്നില്ല.
വസന്ത് ഷിന്‍ഡേ അടക്കം 28 ഗവേഷകര്‍ ഉള്‍പ്പെട്ട പഠനമാണ് 'സെല്‍' ജേര്‍ണലില്‍ (Cell, Sept 05, 2019)* പ്രസിദ്ധീകരിച്ചത്. പഠനത്തിന് നേതൃത്വം നല്‍കിയത് ഡേവിഡ് റെയ്ഷ് ആണെന്ന് പറഞ്ഞല്ലോ. പഠനപ്രബന്ധത്തിന്റെ ആദ്യത്തെ പേരുകാരന് വസന്ത് ഷിന്‍ഡേ ആണ്. രണ്ടാമത്തെ രചയിതാവ് വാഗീഷ് നരസിംഹന് (Vagheesh M. Narasimhan) ആണ്. ഡേവിഡ് റെയ്ഷിനോപ്പം കൂടുതല്‍ പഠനങ്ങളില്‍ പങ്കാളിയാണ് വാഗീഷ് നരസിംഹന്.
'സെല്‍' ജേര്‍ണലില്‍ ഷിന്‍ഡേയുടെ പഠനം പ്രസിദ്ധീകരിക്കുന്ന ഏതാണ്ട് അതേ സമയത്തു തന്നെ, 'സയന്‍സ്' ജേര്‍ണലില്‍ വന്ന മറ്റൊരു പഠനമുണ്ട്-'ദി ഫോര്മേഷന് ഓഫ് ഹ്യുമണ്‍ പോപ്പുലേഷന്‍സ് ഇന്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ' (Science, Sept 06, 2019) #. വാഗീഷ് നരസിംഹന് ആണ് ഈ പ്രബന്ധത്തിന്റെ ഒന്നാം രചയിതാവ്. നരസിംഹന് ഉള്‍പ്പടെ 118 പേര് ചേര്‍ന്നു നടത്തിയ പഠനത്തിന് നേതൃത്വം നല്കിയതും ഡേവിഡ് റെയ്ഷ് ആണ്.
വസന്ത് ഷിന്‍ഡേയും നീരജ് റായിയും തങ്ങളുടെ പത്രസമ്മേളനത്തില്‍ പറയാതെവിട്ട പല സംഗതികള്‍ക്കും ഉത്തരം വാഗീഷ് നരസിംഹന്റെ പഠനത്തിലുണ്ട്. ആ പഠനത്തെ വസന്ത് ഷിന്‍ഡേയുടെ ഗവേഷണം ഒരുതരത്തിലും എതിര്‍ക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല, വസന്ത് ഷിന്‍ഡേയുടെ പഠനത്തില്‍ ഏറ്റവും കൂടുതല്‍ പ്രമാണവലംബങ്ങള് സ്വീകരിച്ചിരിക്കുന്നത് നരസിംഹന്റെ പഠനത്തില്‍നിന്നാണ്!
സൈന്ധവനാഗരികത - പശ്ചാത്തലവും വിവാദവും
സൈന്ധവനാഗരികത, അതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്ന കാലം തൊട്ടേ ചര്‍ച്ചാവിഷയവും വിവാദവുമാണ്. 3300 ബി.സി.ഇ. മുതല്‍ 1300 ബി.സി.ഇ (BCE = Before Common Era) വരെ നിലനിന്ന മഹാസംസ്കാരമായിരുന്നു അത്. മുന്‍ ബ്രിട്ടീഷ് സൈനികന് ചാള്‍സ് മേസണ്‍, 1829-ല്‍ ഹാരപ്പയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആധുനികലോകം സൈന്ധവനാഗരികതയെ കുറിച്ച് അറിഞ്ഞു. പിന്നീട് ഒട്ടേറെ പര്യവേക്ഷണങ്ങളും പഠനങ്ങളും ഭാരതത്തിന്റെ ചരിത്രാതീതകാലത്തെപ്പറ്റിയുള്ള ആശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
സൈന്ധവനാഗരികതയുടെ ശേഷിപ്പുകള്‍ ഏതാണ്ട് 1500 ഖനനയിടങ്ങളിലായി പരന്നുകിടക്കുന്നു. ഖനനയിടങ്ങളില്‍ 475 എണ്ണം പാകിസ്താനിലും 925 എണ്ണം ഇന്ത്യയിലുമാണ്. ലോകത്തെ മറ്റു നാഗരികതകളില്‍നിന്നും സൈന്ധവനാഗരികത വ്യത്യസ്തമാണ്. മിതത്വവും കൃത്യതയുമുള്ള ഭവനനിര്‍മ്മാണരീതികള്‍, തെരുവുകളും നഗരങ്ങളും രൂപകല്പന ചെയ്തിരിക്കുന്നതിലെ സവിശേഷ ശൈലി, നഗരത്തിലും വീടുകളിലും ജലം എത്തിക്കാനുള്ള സാങ്കേതികത, ശില്പങ്ങള്, അസാധാരണങ്ങളായ മുദ്രകള്‍ ഒക്കെ ആ വ്യത്യസ്ത വ്യക്തമാക്കുന്നു. നിരവധി മൃഗങ്ങളുടെ ശില്പ്പരൂപങ്ങളും അസ്ഥികളും ലഭിച്ചിട്ടുണ്ടെങ്കിലും, കുതിരയുടെ ശില്‍പ്പങ്ങളോ അസ്ഥികളോ കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. യുദ്ധങ്ങള്‍, കൂട്ടക്കുരുതി, ആക്രമണങ്ങള്‍ എന്നിവയുടെ അടയാളങ്ങളും, ആയുധങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടില്ല. യോഗാസനത്തിലിരിക്കുന്ന പശുപതിയുടെ മുദ്ര, കാളയും മനുഷ്യരുമായി പൊരുതുന്നത് ചിത്രീകരിച്ചിരിക്കുന്ന ജല്ലിക്കെട്ടുമുദ്ര എന്നിവ ഹാരപ്പന്‍ സംസ്കാരശേഷിപ്പുകളില് ശ്രദ്ധേയമാണ്.
ഏറെ പഠനങ്ങള്‍ നടന്നെങ്കിലും ഒരു ആശയക്കുഴപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു. വംശീയമായി ആരായിരുന്നു സൈന്ധവജനത? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇത്രകാലവും ലഭിച്ചിരുന്നില്ല. ആര്യനും ദ്രാവിഡനും എന്ന് രണ്ടു ജനതകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതില്‍ ദ്രാവിഡര്‍ ഇന്ത്യയിലെ തനതുജനതയായിരുന്നു. ആര്യസമൂഹം വെളിയില്‍നിന്ന് വന്നവരും. ഹാരപ്പന്‍ ജനതയ്ക്കു മേല്‍ അധിനിവേശം നടത്തി മേധാവിത്വം സ്ഥാപിച്ചെടുക്കുകയാണ് ആര്യന്മാര് ചെയ്തത്-എന്നിങ്ങനെയുള്ള ആര്യാധിനിവേശസിദ്ധാന്തം ഒരു നൂറ്റാണ്ടായി ഇന്ത്യയില്‍ തര്‍ക്കവിഷയമാണ്. ആര്യന്മാര് ജര്‍മ്മനിയില്‍ നിന്നും വന്നവരാണെന്ന് ഒരു കൂട്ടര് വാദിച്ചു. അതല്ല, ആര്യജനത ഇന്ത്യക്കാരാന്ന് മറ്റൊരു വിഭാഗം പറഞ്ഞു.
ബാലഗംഗാധരതിലകന്റെ അഭിപ്രായത്തില്‍ ആര്യസമൂഹം ആര്‍ട്ടിക് മേഖലയില്‍ നിന്ന് വന്നവരായിരുന്നു. ചിലരാകട്ടെ, ആര്യനും ദ്രാവിഡനും എന്ന് ഭാരതസമൂഹത്തെ രണ്ടായി തിരിക്കാനാകില്ല എന്ന നിലപാടെടുത്തു. ഇന്ത്യയിലും ജര്‍മ്മനിയിലും ആര്യന് എന്ന പദം രാഷ്ട്രീയ സംവാദങ്ങളുടെയും ദേശീയതയെ സംബന്ധിച്ച തര്‍ക്കങ്ങളുടെയും ഭാഗമായി. ആര്യന് വംശീയതാവികാരത്തെ ഹിറ്റ്ലര്‍ വളര്‍ത്തുകയും അത് ജര്‍മ്മന്‍ ദേശീയവാദത്തിന്റെ ഭാഗമാകുകയും ചെയ്തു. (ആര്യവംശീയതാവാദത്തിന്റെ സ്വാധീനം ഇന്നും ജര്‍മ്മനിയിലുണ്ട്. ലോകത്ത് അവശേഷിക്കുന്ന കലര്‍പ്പില്ലാത്ത ഏക ആര്യസമൂഹം കാശ്മീരിലെ 'ബ്രോക്പ'കളാണെന്ന വാര്‍ത്തകള്‍ ഈയടുത്തകാലത്ത് മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനെ തുടര്‍ന്ന് ബ്രോക്പാ പുരുഷന്മാരില് നിന്നും ഗര്‍ഭം ധരിക്കാന്‍ ജര്‍മ്മന്‍ സ്ത്രീകള്‍ കാശ്മീരിലെത്തിയത് ഉദാഹരണം).
സൈന്ധവനാഗരികതയുടെ ഉടമകള്‍ ആരെന്ന ചോദ്യത്തിന് എങ്ങനെ ഉത്തരം ലഭിക്കും? അതു പറഞ്ഞുതരേണ്ടത് പ്രാചീനജനിതകമാണ്. ശാസ്ത്രരംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കരുത്താര്‍ജിച്ച പ്രാചീന ഡി.എന്‍.എ.വിശകലനവിദ്യകള്‍ കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കുകയാണ് ഇപ്പോള്‍.
ആഫ്രിക്ക തൊട്ട് ഇന്ത്യ വരെ
ഹോമോ സാപ്പിയന്‍സ് എന്ന നമ്മുടെ വര്‍ഗ്ഗത്തില്‍ എഴുന്നൂറു കോടിയിലേറെ അംഗങ്ങള്‍ ഇന്ന് ലോകമാകെയുണ്ട്. ഏകസമൂഹമെന്ന് തിരിച്ചറിയപ്പെട്ട ജനതയാണ് നമ്മുടേത്. എങ്കിലും, മനുഷ്യസമൂഹം വിവിധ ശാഖകളായി പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ പിരിഞ്ഞതിനാലും, അവര്‍ ജീവിച്ച ഇടങ്ങളിലെ കാലാവസ്ഥമൂലവുമുണ്ടായ പരിണാമങ്ങള്‍, ഭാഷാവൈവിധ്യം എന്നിവയെല്ലാം മൂലം മനുഷ്യന്റെ സ്ഥൂലരൂപത്തില്‍ വ്യത്യാസങ്ങള്‍ പ്രകടമായി. അതുപ്രകാരം വംശീയതാപരമായ വിഭജനങ്ങള്‍ മനുഷ്യന് തന്നെ മനുഷ്യര്‍ക്കിടയില്‍ കല്‍പ്പിച്ചുണ്ടാക്കി.
ഇത്തരം വിഭജനങ്ങള്‍ മനുഷ്യന്റെ ജനിതകത്തില്‍ ഏതെങ്കിലും വിധത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യരില്‍ സംഭവിച്ച പരിണാമങ്ങള്‍ പല വംശ ശാഖകളിലും പല തരത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ആ അടയാളങ്ങള്‍ ജനിതകത്തില്‍ ദൃശ്യമാണ്. അതിന്റെ സ്ഥൂലാവിഷ്കരണമാണ് മനുഷ്യകുലത്തിലെ വിവിധശാഖകള്‍ തമ്മില്‍ പ്രകടമാകുന്ന വ്യത്യാസങ്ങള്‍. ആഫ്രിക്കക്കാരന് കറുത്തിരിക്കുന്നതും യൂറോപ്യന്മാര് വെളുത്തിരിക്കുന്നതും ചൈനീസ് വംശജരുടെ സവിശേഷമായ മുഖച്ഛായയും ഉദാഹരണങ്ങള്‍.
അതായത്, മനുഷ്യന് ഒരൊറ്റ സ്പീഷീസ് എന്ന നിലയില്‍ ജനിതകപരമായ ഒരു പൊതുസ്വത്വം ഉള്ളപ്പോഴും, അവന്റെ വംശത്തിന്റെ ശാഖകള്‍ കാലങ്ങളോളം പരസ്പരം കലരാതെ പിരിഞ്ഞകന്നു കഴിഞ്ഞതിനാല്‍, ആ ശാഖകളുടെ അടയാളങ്ങള്‍ ജനിതകത്തില്‍ കണ്ടെത്താനാകും. ഇത് വെള്ളക്കാര്‍ക്കും കറുത്ത വര്‍ഗ്ഗക്കാര്‍ക്കും ഇടയില്‍ മാത്രമല്ല, കേരളത്തില്‍ അയല്പ്പക്കങ്ങളില് താമസിക്കുന്ന വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍പ്പോലും ദൃശ്യമാണ്. അപ്പോള്‍ ആര്യനെയും ദ്രാവിഡനെയും, അവര്‍ രണ്ടു വംശാവലികള്‍ ആണെങ്കില്‍, ജനിതകത്തിലൂടെ അടയാളപ്പെടുത്താനാകുമോ? കഴിയും എന്നു തന്നെയാണ് ഉത്തരം.
അതിനാല്‍, പ്രാചീന ഭാരതത്തിലെ ആളുകള്‍ ആരായിരുന്നു, എവിടെ നിന്നെല്ലാം ഉള്ളവരുടെ ജനിതകക്കലര്പ്പുകള് അവരിലുണ്ട് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആധുനികശാസ്ത്രത്തിന് കഴിയും.
ഏതാണ്ട് അമ്പതിനായിരം വര്‍ഷംമുമ്പ് ആഫിക്കയില്നിന്ന് പുറത്തിറങ്ങിയ ആധുനികമനുഷ്യനായ ഹോമോ സാപ്പിയന്‍ വര്‍ഗ്ഗമാണ് ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിട്ടുള്ളത്. ഈ വ്യാപനത്തിനിടെ മനുഷ്യവംശത്തിന്റെ പല ശാഖകളും തമ്മില്‍ പിരിയുകയും ഇടയ്ക്ക് പരസ്പരം ചേരുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് പുറത്തുവന്ന മനുഷ്യന്റെ വംശാവലി ഇന്ത്യയിലും എത്തി. അതിനു തെളിവാണ് ആന്‍ഡമാന്‍ ദ്വീപുകളിലെ ആദിവാസി സമൂഹങ്ങള്‍. ഇന്ത്യയില്‍ എത്തുമ്പോള്‍ അവര്‍ വേട്ടക്കാരായിരുന്നു. ആ സംസ്കാരം ഇന്നും ആന്‍ഡമാന്‍ ആദിവാസി ഗോത്രങ്ങളില്‍ ദൃശ്യമാണ്. ആന്‍ഡമാന്‍ മേഖലയില്‍ മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആളുകളും 9000 വര്‍ഷം മുമ്പ് കാര്‍ഷികസംസ്കാരം രൂപപ്പെടുന്നതുവരെ വേട്ടക്കാരായിരുന്നു.
ആഫ്രിക്കയില്‍ നിന്ന് ആധുനിക മനുഷ്യവര്‍ഗ്ഗം പുറംലോകത്തേക്ക് വ്യാപിക്കുന്ന വേളയില്‍ ഹിമയുഗമായിരുന്നു യൂറോപ്പില്‍. അതിന്റെ ഭാഗമായ അതിഭീമന്‍ ഹിമപാളികള്‍ മനുഷ്യന്റെ സഞ്ചാരത്തെയും വംശവര്ധനയെയും പരിമിതപ്പെടുത്തി. ഏതാണ്ട് 14000 വര്‍ഷംമുമ്പ് ഹിമയുഗം അവസാനിച്ചു. ഹിമപാളികള്‍ ഉരുകി മാറി. മനുഷ്യര്‍ക്ക് കൂടുതല്‍ സഞ്ചരിക്കാമെന്നായി. മണ്ണുതെളിഞ്ഞു, പുല്‍നാമ്പുകളും ചെടികളും പ്രത്യക്ഷപ്പെട്ടു. ഇത് കാര്‍ഷികസംസ്കാരത്തിന് നാന്ദികുറിച്ചു. ഹിമപാളികള്‍ അപ്രത്യക്ഷമായതോടെ തെക്കന്‍ യൂറോപ്പിലെ വേട്ടക്കാരായ ഗോത്രങ്ങള്‍ യൂറോപ്പിലാകമാനം വ്യാപിച്ചു, ആധിപത്യം സ്ഥാപിച്ചു. ഇതേ കൂട്ടര് തന്നെ പശ്ചിമേഷ്യ, സമീപപൂര്വ്വദേശങ്ങള് (Near East) എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
അക്കാലത്ത് സമീപപൂര്വ്വദേശങ്ങള്, യൂറോപ്പ് എന്നിവിടങ്ങളില്‍ നാലു വിഭിന്ന സമൂഹങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ജനിതകപഠനങ്ങള്‍ വ്യക്തമാക്കുന്നത്-കാര്ഷികസംസ്ക്കാരത്തിന്റെ പ്രാരംഭ സ്ഥാനങ്ങളിലൊന്നായ 'ഫെര്‍ട്ടൈല്‍ ക്രെസന്റി'ലെ കര്ഷകഗോത്രക്കാര്, ഇറാനിലെ ആദിമ കര്‍ഷകര്‍, പടിഞ്ഞാറന്‍ യൂറോപ്പിലെ വേട്ടക്കാര്‍, കിഴക്കന്‍ യൂറോപ്പിലെ വേട്ടക്കാരുടെ വര്‍ഗ്ഗക്കാര്‍ എന്നിങ്ങനെ. യൂറോപ്യന്‍മാരിലെ ആദിമകര്ഷകര്ക്ക് വെളുത്ത നിറവും കറുത്തമുടിയും തവിട്ടു കണ്ണുകളും ഉണ്ടായിരുന്നു. വെളുത്ത നിറം കിട്ടുന്നത് കുടിയേറ്റക്കാരില്നിന്നാണ്. സ്വര്‍ണ്ണമുടി യൂറോപ്പില്‍ വ്യാപിച്ചത് വടക്കന്‍ യൂറോപ്പിലെ ആളുകളില്‍ സംഭവിച്ച ജനിതകവ്യതിയാനം മൂലവും.
ഇങ്ങനെ മിശ്രണങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, യൂറോപ്പിലെ വേട്ടക്കാരുടെ ശുദ്ധപൈതൃകം ഇല്ലാതായി. പകരം, കാലിമേച്ചില്‍ തൊഴിലാക്കിയ കര്ഷകഗോത്രങ്ങളുടെ പൈതൃകം വ്യാപകമായി. അങ്ങനെ യൂറോപ്പിലാകമാനം വ്യാപിച്ച ഗോത്രങ്ങളാണ് സ്റ്റെപ്പി (Steppe) യിലെ നിവാസികളായിരുന്ന യമ്നായ (Yamnaya) വര്‍ഗ്ഗക്കാര്‍. അനറ്റോളിയയില്‍ നിന്നുമുള്ള കര്‍ഷകസമൂഹം കിഴക്കന്‍ യൂറോപ്പിലേയ്ക്ക് കുടിയേറി അവിടെയുള്ളവരുമായി മിശ്രണപ്പെടുന്നതാണ് ആ സമൂഹത്തിന്റെ രൂപീകരണത്തിന് കാരണമാകുന്നത്. യമ്നായ വിഭാഗക്കാരാണ് അവിടെനിന്നും ജര്‍മ്മനിയടക്കം യൂറോപ്പിന്റെ പല ഭാഗത്ത് വ്യാപിച്ചത്. പിന്നീട് ഈ വര്‍ഗ്ഗക്കാര്‍ ഇറാനിലേക്കും ഇന്ത്യയിലേക്കും എത്തി. (അടുത്ത ലക്കത്തില്‍:
ഇന്ത്യയിലേക്ക് പുറത്തുനിന്ന് കുടിയേറിയെന്ന് അനുമാനിക്കപ്പെടുന്ന ആര്യസമൂഹം വേറാരുമല്ല, യമ്നയ (Yamnaya people) ആണ്. ഇന്ത്യക്കാരുടെ 'വൈ ക്രോമസോം' അപഗ്രഥനം ചെയ്തപ്പോള്‍ വ്യക്തമായത് ഇക്കാര്യമാണ്.
ഒരു സമൂഹത്തെ ജനിതകപരമായി പഠിക്കാന്‍ തുണയാകുന്നത്, അമ്മയില്‍ നിന്നു മാത്രം സന്തതികള്‍ക്ക് ലഭിക്കുന്ന മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ.യും, അച്ഛനില്‍ നിന്ന് മകനിലേക്ക് മാത്രം പകരുന്ന വൈ ക്രോമസോമും (Y chromosome) ആണ്. ജീവികളുടെ കോശത്തില്‍ കോശമര്‍മത്തിന് പുറത്ത് മൈറ്റോകോണ്‍ഡ്രിയയില്‍ കാണപ്പെടുന്നതാണ് മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ (Mitochondrial DNA).
ഇന്ത്യക്കാരുടെ അമ്മ വഴിയുള്ള വംശപാരമ്പര്യത്തിന് പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി, മൈറ്റോകോണ്ഡ്രിയല് ഡി.എന്‍.എ. പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സമൂഹങ്ങളിലെ സ്ത്രീകള്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ ഇവിടെ വന്നിട്ടില്ല. എന്നാല്‍, ആധുനിക ഇന്ത്യക്കാരിലെ വൈ ക്രോമസോം വിശകലനം ചെയ്തപ്പോള്‍ കഥ മറ്റൊന്നായി. യൂറോപ്യന്മാര്, മധ്യേഷ്യക്കാര്‍ എന്നീ ജനതകളുമായുള്ള ഭാരതീയരുടെ ബന്ധം വൈ ക്രോമസോമില്‍ തെളിഞ്ഞു!
കാലിമേച്ചില്ക്കാരുടെ ഗോത്രമായിരുന്നു യമ്നയ. ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന ജനത. പുരുഷാധിപത്യം നിലനിന്ന സംസ്ക്കാരമായിരുന്നു അവരുടേത് എന്ന് യമ്നയകളെയും, 'കുർഗനുകൾ' (Kurgans) എന്നറിയപ്പെടുന്ന അവരുടെ സവിശേഷ ശവകുടീരങ്ങളെപ്പറ്റിയും പഠനം നടത്തിയ ഗവേഷക മരിയാ ഗിംബുട്ടാസ് (Marija Gimbutas) അഭിപ്രായപ്പെടുകയുണ്ടായി.
ഈ ഗോത്രക്കാര്‍ കോക്കസസ് (Caucasus) മേഖലയില്‍ നിന്ന് തെക്കോട്ടെത്തിയ കൂട്ടരാണ്. പേര്‍ഷ്യന്‍ പ്രദേശമായ ടുറാനില് വെച്ച് അവര്‍ സാംസ്ക്കാരികമായ മാറ്റങ്ങള്‍ക്കും ചിട്ടപ്പെടുത്തലുകള്‍ക്കും വിധേയരായി.
ആ കാലഘട്ടത്തിനു ശേഷമാണ് അവര്‍ സ്വയം 'ആര്യന്മാര്' എന്ന് മുദ്രണം ചെയ്യുന്നത്. ഏതാണ്ട് അയ്യായിരം വര്‍ഷം മുമ്പായിരുന്നു അത്. യൂറോപ്പിലേക്കും, തെക്കന്‍ മേഖലയിലേക്കുമുള്ള യമ്നയ സമൂഹത്തിന്റെ വ്യാപനം, ജനിതകപഠനത്തിന്റെ സഹായത്തോടെ കാലഗണന കാണിക്കുന്ന ഒരു ഭൂപടമായി വാഗീഷ് നരസിംഹന് തന്റെ പഠനത്തില്‍ (Science, Sept 06, 2019)** അവതരിപ്പിക്കുന്നു.
തര്‍ക്കവിഷയം ഇതാണ്: ഇന്ത്യയില്‍ ആ സമയത്ത് ഉണ്ടായിരുന്നത് ഏതു ജനതയാണ്? സൈന്ധവനാഗരികത അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്ന സമയമാണത്. രാഖീഗഢിലെ പ്രാചീന സ്ത്രീയുടെ ജനിതകം വിശകലനം ചെയ്തതിന്റെ ഫലം (Cell, Sept 05, 2019)* പുറത്തുവരും വരെ കരുതിയിരുന്നത്, ഇന്ത്യയില്‍ കാര്‍ഷികവൃത്തി എത്തിയത് അനറ്റോളിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് എന്നായിരുന്നു. എന്നാല്‍, 'സെല്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ആ പഠനം, അനറ്റോളിയയില്‍ നിന്നാണ് ഇവിടെ കാര്‍ഷികവൃത്തി എത്തിയതെന്ന നിഗമനം തള്ളിക്കളയുന്നു. കാരണം, രാഖീഗഢിലെ (Rakhigarhi) പ്രാചീന സ്ത്രീയുടെ ജനിതകത്തില്‍ അനറ്റോളിയയിലോ ഇറാനിലോ ഉണ്ടായിരുന്ന പ്രാചീനകര്ഷക ഗോത്രങ്ങളുടെ ജനിതകത്തിന്റെ കലര്‍പ്പ് ഒട്ടുമില്ല.
ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. രാഖീഗഢ് സ്ത്രീ 4600 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നത്. സൈന്ധവരുടെ മുന്‍ഗാമികളായ മെഹര്‍ഗഢ് ജനത എണ്ണായിരം വര്‍ഷംമുമ്പ് ഇവിടെ കൃഷിചെയ്തിരുന്നു. സൈന്ധവനാഗരികതയുടെ കാലത്തും കൃഷിയുണ്ടായിരുന്നു. ആ നിലയ്ക്ക് രാഖീഗഢിലെ സ്ത്രീയുടെ ഡി.എന്‍.എ.യില്‍ അനറ്റോളിയന്‍ ജനിതകം കാണാനില്ല എന്നതിനര്‍ഥം, അക്കാലത്തോ അതിനു മുമ്പോ അനറ്റോളിയന്‍ കൃഷിക്കാര്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല എന്നാണ്. ഭൂമുഖത്ത് മറ്റ് പല കേന്ദ്രങ്ങളിലെയും പോലെ ഇന്ത്യയിലും സ്വതന്ത്രമായി കാര്‍ഷികവൃത്തി ആരംഭിച്ചിരിക്കാം എന്നാണീ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. എന്നുവെച്ചാല്‍, ഇന്ത്യയിലെ കൃഷിയുടെ ഉപജ്ഞാതാക്കള്‍ പൗരാണിക ഭാരതീയര്‍ തന്നെയാണ്.
രാഖീഗഢിയില് നിന്നുള്ള ജനിതകത്തില്‍ അനറ്റോളിയന്‍ ജനിതകം മാത്രമല്ല, ഇറാനില്‍ നിന്നുള്ള കര്‍ഷകരുടെയോ, സ്റ്റെപ്പിയില്‍ നിന്നുള്ള കാലിമേച്ചില്ക്കാരുടെയോ ജനിതകക്കലര്പ്പും കണ്ടെത്താനായില്ല. സ്റ്റെപ്പിയില്‍ നിന്നുള്ള ഇടയന്മാരാണ് പിന്നീട് ആര്യന്മാര് എന്ന് വിളിക്കപ്പെട്ട യമ്നയ. അവരുടെ ജനിതകം സിന്ധുനാഗരികതയിലെ രാഖീഗഢിയില് കണ്ടെത്തിയിട്ടില്ല എങ്കില്‍ അതിനര്‍ത്ഥം ഇതാണ്, സൈന്ധവജനത ആര്യന്മാരായിരുന്നില്ല!
അപ്പോള്‍ ആരാണ് ആര്യന്മാര്? അവരൊരു പ്രത്യേക ജനസമൂഹമാണെന്നും, അതല്ല, ചില ഭാഷകള്‍ സംസാരിച്ചിരുന്ന ആളുകള്‍ മാത്രമാണെന്നും, ഇതു രണ്ടുമല്ല 'ശ്രേഷ്ഠര്‍' എന്ന വിശേഷണം സംബന്ധിച്ച സര്‍വ്വനാമം മാത്രമാണെന്നും വാദങ്ങളുണ്ട്. എന്നാല്‍ നോക്കുക, ആര്യന് എന്ന സംജ്ഞ ഇന്ത്യയില്‍ മാത്രമുള്ളതല്ല. ഇറാന്‍കാര്‍ തങ്ങളെ ആര്യമാരായി അടയാളപ്പെടുത്തുന്നു. ഇറാന് എന്ന രാജ്യത്തിന്റെ പേരുതന്നെ 'ആര്യന്' എന്ന പദത്തില്‍നിന്ന് ഉണ്ടായതാണ്. ആര്യന് എന്നത് 'എയ്റന്‍' ആകുകയും എയ്റന്‍ 'ഇറാന്' ആകുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ ആര്യഭാഷകള്‍ സംസാരിക്കുന്നവര്‍ക്കിടയില്‍ ചില ജനിതകസാമ്യങ്ങള് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍, ഒരു പ്രത്യേക ഗണത്തിലെ ഭാഷകള്‍ സംസാരിക്കുന്ന പൊതുവായ ഉറവിടമുള്ള ഒരു ജനതയാണ് ആര്യന്മാര് എന്ന് മനസ്സിലാക്കാം. അതായത്, ആര്യഭാഷകളുടെ ഉത്ഭവത്തിനും വ്യാപനത്തിനും കാരണമായ സമൂഹമേതോ അതിനെയാണ് ആര്യന്മാരെനെന്ന് വിളിക്കേണ്ടത്.
ഇന്ത്യന്‍ ജനതയുടെ ജനിതകപശ്ചാത്തലം
ആര്യന്മാര് എന്നറിയപ്പെട്ട സമൂഹം ഇന്ത്യയില്‍ എത്തിയോ ഇല്ലയോ എന്നതാണ് ചോദ്യം. എത്തിയെങ്കില്‍ അതെപ്പോള്‍? ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ വാഗീഷ് നരസിംഹനും സംഘവും നടത്തിയ ജനിതകപഠനം ഇതിനുള്ള ഉത്തരം നല്കുന്നു. നരസിംഹന് ഉള്‍പ്പടെ 118 പേര് ചേര്‍ന്നു നടത്തിയ ആ പഠനം പറയുന്നത്, കഴിഞ്ഞ നാലായിരം വര്‍ഷത്തിനും മൂവായിരം വര്‍ഷത്തിനുമിടയ്ക്ക് കാസ്പിയന്‍ കടലിനപ്പുറമുള്ള വരണ്ട പുല്‍മേടുകളില്‍ (സ്റ്റെപ്പിയില്‍) നിന്ന് ഒരു വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തുര്ക്മെനിസ്താന് വഴി ദക്ഷിണേഷ്യയില്‍ പ്രവേശിച്ചു എന്നാണ്.
ആധുനിക ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ മുഖ്യമായും രണ്ടു വിശാലസമൂഹങ്ങളുടെ മിശ്രണമാണെന്ന പരികല്‍പ്പനയാണ് ജനിതകശാസ്ത്രം മുന്നോട്ടുവെയ്ക്കുന്നത്. അവയെ 'ഉത്തരഭാരതീയ വംശപരമ്പര' എന്ന അര്‍ത്ഥത്തില്‍ എ.എന്‍.ഐ (ANI - Ancestral North Indian) എന്നും, 'ദക്ഷിണഭാരതീയ വംശപരമ്പര' എന്നയര്ത്ഥത്തില് എ.എസ്.ഐ (ASI - Ancestral South Indian) എന്നും വിളിക്കുന്നു. ദ്രാവിഡ ഭാഷകള്‍ സംസാരിക്കാത്ത ഇന്ത്യക്കാരിലാണ് എ.എന്‍.ഐ. പൈതൃകം പരിഗണനാര്ഹമാം വിധം കൂടുതല്‍ കാണപ്പെടുന്നത്.
ഈ പൈതൃകത്തിന്റെ ജനിതകമുദ്രകള്‍ ഇന്ത്യയ്ക്ക് പുറത്ത് ഏഷ്യന്‍-യൂറോപ്യന്‍ മേഖലകളിലെ പാരമ്പര്യ സമൂഹങ്ങളിലും ഉണ്ട്. അതേസമയം, ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്ന എ.എസ്.ഐ.പൈതൃകം ഇന്ത്യയ്ക്ക് വെളിയില്‍ അങ്ങനെ കാണപ്പെടുന്നില്ല. ദ്രാവിഡ ഭാഷകള്‍ സംസാരിക്കാത്ത, എ.എന്‍.ഐ. പൈതൃകം പേറുന്ന സമൂഹം മധ്യപൂര്വേഷ്യക്കാര്, മധ്യേഷ്യക്കാര്‍, യൂറോപ്യന്മാര് എന്നിവരോട് ജനിതകസാമ്യം പ്രദര്‍ശിപ്പിക്കുന്നു. അതേസമയം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു വെളിയില്‍ എ.എസ്.ഐ. പൈതൃകമുള്ളവര്‍ കാണപ്പെടുന്നില്ല.
പത്തുവര്‍ഷം മുമ്പ് ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച 'റികണ്സ്ട്രക്റ്റിക് ഇന്ത്യന്‍ പോപ്പുലേഷന്‍ ഹിസ്റ്ററി' (Nature, 2009)# എന്ന പ്രബന്ധത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഹൈദരാബാദില്‍ 'സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്കുലര്‍ ബയോളജി'യുടെ മുന്‍ ഡയറക്ടര്‍ ഡോ.ലാല്‍ജി സിങ്, ഇപ്പോള്‍ അവിടുത്തെ ശാസ്ത്രജ്ഞനായ ഡോ. തങ്കരാജ് എന്നിവരും ആ പഠനത്തില്‍ പങ്കാളികളായിരുന്നു.
എ.എസ്.ഐ. പൈതൃകത്തിന്റെ ജനിതകം തിരയുമ്പോള്‍ ഏറ്റവും അടുപ്പമുള്ളത് തമിഴ്നാട്ടിലെ ചില സമൂഹങ്ങള്‍ക്കാണ്. ഈ പൈതൃകക്കാരുടെ പൂര്‍വികര്‍ 'പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര'യില്‍ (AASI - Ancient Ancestral South Indian) പെട്ടവരാണ്. ആന്‍ഡമാനിലെ വേട്ടക്കാരായ ഓംഗേ ഗോത്രസമൂഹമാണ് എ.എ.എസ്.ഐ. ആയി കണക്കാക്കപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡം വഴി ആന്‍ഡമാന്‍ ദ്വീപുകളിലെത്തിയവരുടെ പിന്‍ഗാമികളാണ് ഓംഗെ ഗോത്രക്കാര്‍.
ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോട് ബാഹ്യപ്രകൃതിയില്‍ ഓംഗെ ഗോത്രക്കാര്‍ക്ക് സാമ്യമുണ്ട്. എന്നാല്‍, ജനിതകപരമായി അവര്‍ പൂര്‍ണമായും ആഫ്രിക്കക്കാരല്ല. ആന്‍ഡമാന്‍കാരുടെ ജനിതകത്തില്‍, യൂറോപ്പിലെ പ്രാചീനമനുഷ്യരായ 'നിയണ്ടര്ത്തല്' (Neanderthal) വര്‍ഗ്ഗത്തിന്റെയും, 'ഡെനിസോവന്‍' (Denisovan) വര്‍ഗ്ഗക്കാരുടെയും ജനിതകം അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍, ആന്‍ഡമാന്‍ ആദിവാസികളെ ആഫ്രിക്കക്കാരായും കിഴക്കനേഷ്യക്കാരായും കരുതാന്‍ കഴിയില്ല എന്ന അഭിപ്രായവുമുണ്ട്.
അമ്പതിനായിരം വർഷം മുമ്പ് ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് പുറംലോകത്തേക്ക് കുടിയേറിയപ്പോൾ, അവർ അവരുടെ തന്നെ പൂർവികരിൽ നിന്ന് മുമ്പ് പിരിഞ്ഞുപോയ പല പ്രാചീന സമൂഹങ്ങളുമായിട്ടും സംഗമിച്ചിട്ടുണ്ട് എന്നാണ് മേൽസൂചിപ്പിച്ച സംഗതി വ്യക്തമാക്കുന്നത്. അതുവഴി, വിവിധ പ്രാചീന മനുഷ്യവിഭാഗങ്ങളുടെ ജനിതകം ആന്ഡമാന്കാരിലെത്തി.
ജനിതകം വഴികാട്ടുമ്പോള്‍
'പ്രാചീന ദക്ഷിണഭാരതീയ വംശപരമ്പര' (എ.എ.എസ്.ഐ) അഥവാ 'ആന്‍ഡമാന്‍ വേട്ടക്കാരുടെ സമൂഹം' (Andaman Hunter Gatherers - AHG) എന്നു വിളിക്കാവുന്ന പ്രാചീനസമൂഹമാണ് സിന്ധുനദീതടത്തില്‍ ആദ്യം പാര്‍പ്പുറപ്പിച്ചത്. സിന്ധുനദീതടത്തില്‍ താമസിച്ചവര്‍, ബലൂചിസ്ഥാന്റെ പടിഞ്ഞാറന്‍ മേഖല, ഇറാന്റെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഉണ്ടായിരുന്ന പ്രാചീന വേട്ടകകാരുടെ ഗോത്രങ്ങളുമായി മിശ്രണം ചെയ്തിട്ടുണ്ട്. ആ കൂടിച്ചേരല്‍ എ.എസ്.ഐ.എന്നു വിളിക്കുന്ന അടിസ്ഥാനജനിതകത്തിന്റെ രൂപീകരണത്തിന് കാരണമായി. ഇത് സിന്ധുനാഗരികതയില് എമ്പാടും വ്യാപിച്ച വിഭാഗമായതിനാല്‍ അതിനെ ഇപ്പോള്‍ വിശാലാര്‍ത്ഥത്തില്‍ 'സിന്ധുനദീതടസമൂഹം' (Indus Valley Cline- IVC) എന്ന് വിളിക്കുന്നു.
മേല്‍ സൂചിപ്പിച്ച വിശാല സമൂഹത്തിലേക്കാണ് പിന്നീട് പല മിശ്രണങ്ങളും കടന്നുവന്നത്. സാംസ്ക്കാരികമായും നാഗരികമായും സിന്ധുനദീതടം വികസിത പ്രദേശമായപ്പോള്‍, അവിടുന്ന നിവാസികള്‍ കച്ചവടങ്ങള്‍ക്കായി ദേശസഞ്ചാരങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, ഇറാനോ തുര്ക്ക്മെനിസ്ഥാനോ ഒന്നും സിന്ധുനാഗരികതയുടെ ഭാഗമായില്ല. സിന്ധുനദീതടവാസികളുടെ ജനിതകം ആ രാജ്യങ്ങളില്‍ നാലായിരം വര്‍ഷം മുമ്പുള്ള ഏതാനും ചില സെറ്റില്‍മെന്റുകളില്‍ നിന്ന് ഖനനം വഴി കിട്ടിയിട്ടുണ്ട്. എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ അവിടെ ഉണ്ടായിരുന്നെന്നോ, അവരുടെ പിന്തലമുറകള് മറ്റിടങ്ങളിലേക്ക് വ്യാപിച്ചതിനോ ജനിതകതെളിവുകള്‍ കിട്ടിയിട്ടില്ല. ഇക്കാരണത്താല്‍, 'ഔട്ട് ഓഫ് ഇന്ത്യ' സിദ്ധാന്തം ശരിയല്ലെന്ന് പറയേണ്ടി വരുന്നു.
4500 വര്‍ഷം മുമ്പ്, പാകിസ്ഥാനപ്പുറത്ത് നിലവില്‍ ഇറാനിയന്‍ ബലൂചിസ്ഥാനിലെ ഒരു സൈറ്റിലും (Shahr-i-Sokhta), തുര്‍ക്ക്മെനിസ്ഥാനിലെ ഒരിടത്തും (Gonur) ജീവിച്ചിരുന്ന ഈ ആളുകള്‍ ആര്യസമൂഹമായിരുന്നില്ല. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ എന്നറിയപ്പെടുന്ന, ആര്യഭാഷാഗണത്തിന്റെ വ്യാപനത്തിന് കാരണമായ സ്റ്റെപ്പി നിവാസികളുടെ ജിനിതകം ഇവരില്‍ ഒട്ടുമില്ല. അപ്പോള്‍ 'ഔട്ട് ഓഫ് ഇന്ത്യ' തിയറിയും, സിന്ധുനാഗരികതയില് ആര്യന്ജനിതകം ഉണ്ടെന്നു പറയുന്നതും, രണ്ടും തെറ്റാണ്.
എന്നാല്‍, അയ്യായിരം വര്‍ഷത്തിനിപ്പുറം ഇന്ത്യക്കാരില്‍ ജനിതകമിശ്രണം സംഭവിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമാകുന്നു. യൂറോപ്പിലെ പ്രാചീനമനുഷ്യരുടെ ഡി.എന്‍.എ.സംബന്ധിച്ച് നടന്ന വ്യാപകമായ പഠനങ്ങളില്‍ സ്റ്റെപ്പിയിലെ ഇടയന്മാരുടെ ജനിതകഘടന ലഭിച്ചു. ആ ജനവിഭാഗം എവിടേയ്ക്കെല്ലാം വ്യാപിച്ചു എന്ന് പഠനങ്ങളില്‍ കണ്ടെത്താനായി.
ആ പഠനങ്ങള്‍ പ്രകാരം, അനറ്റോളിയയില്നിന്ന് കുടിയേറിയ വലിയൊരു വിഭാഗം കര്ഷകഗോത്രങ്ങള് കിഴക്കന്‍ യൂറോപ്പില്‍ സ്റ്റെപ്പിയിലെ വേട്ടക്കാരുമായി സങ്കലനം ചെയ്യപ്പെട്ടു. ഇത് ഏഴായിരം വര്‍ഷം മുമ്പു മുതല്‍ അയ്യായിരം വര്‍ഷം മുമ്പു വരെയാണ് സംഭവിച്ചത്. ആ മിശ്രിതജനതയാണ് യമ്നയ. അവര്‍ നാലായിരം വര്‍ഷത്തിനും മൂവായിരം വര്‍ഷത്തിനും ഇടയ്ക്ക് തുര്‍ക്മെനിസ്ഥാന്‍ കടന്ന് അഫ്ഗാനിസ്ഥാന് വഴി ഇന്ത്യയിലെത്തുകയായിരുന്നു. ഏതാണ്ട് 3800 വര്‍ഷം മുമ്പാണ് കുടിയേറ്റം നടന്നത്.
വേദങ്ങള്‍ സൃഷ്ടിക്കപ്പെട്ട കാലമാണത്. വേദങ്ങളില്‍ കുതിരകളെപ്പറ്റി ധാരാളം പരാമര്‍ശങ്ങളുണ്ട്. ഇതിനര്‍ഥം, വേദങ്ങള്‍ സൃഷ്ടിച്ചവര്‍ കുതിരകളെ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അതേസമയം, സിന്ധുനാഗരികതയില് കുതിരകളുടെ സാന്നിധ്യമില്ല എന്നോര്‍ക്കുക. യമ്നയകളുടെ വരവിന് മുമ്പ് ഇന്ത്യന്‍ സംസ്ക്കാരത്തില്‍ കുതിരകള്‍ എത്തിയിരുന്നില്ല എന്ന് കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ ഭാഗമായി കുതിരകള്‍ മാറുന്നത്, 3800 വര്‍ഷം മുമ്പു മുതല്‍ 3500 വര്‍ഷം മുമ്പു വരെയുള്ള കാലത്താണെന്ന് ജനിതകത്തെളിവുകള് പറയുന്നു. ഇത് ഈജിപ്റ്റില്‍ കുതിരകള്‍ അവരുടെ സംസ്കാരത്തിന്റെ ഭാഗമാക്കപ്പെട്ട കാലയളവുമായി ഒത്തുവരുന്നു.
മേല്‍സൂചിപ്പിച്ച ജനിതക തെളിവുകളും വസ്തുതകളും വ്യക്തമാക്കുന്നത്, ഇന്‍ഡോ-ഇറാനിയന്‍ ഭാഷകള്‍ അഥവാ ആര്യഭാഷകള്‍ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വര്‍ഷംമുമ്പ് മധ്യേഷ്യയില്‍നിന്ന് ഇന്ത്യയില്‍ കുടിയേറി എന്നാണ്.
സൈന്ധവനാഗരികതയും ദ്രാവിഡബന്ധങ്ങളും
സിന്ധുനദീതടത്തില്‍ ഉണ്ടായിരുന്നത് ദ്രാവിഡസമൂഹമായിരിക്കാം എന്ന് പല തെളിവുകളുടെയും അടിസ്ഥാനത്തില്‍ പറയാനാകും. തമിഴ് ഭാഷ ദ്രാവിഡസമൂഹത്തിന്റേതാണ്. സിന്ധുനദീതടത്തില്‍ നിന്ന് ലഭിച്ച ചില വസ്തുക്കളെങ്കിലും അവിടെ ഒരു തമിഴ് ശൈവസംസ്കാരം നിലനിന്നിരിക്കാമെന്നുള്ള സാധ്യത വെളിവാക്കുന്നു. അതിലൊന്ന് യോഗസ്ഥിതനായ പശുപതിയുടെ മുദ്രയാണ്. മറ്റൊന്ന്, ജെല്ലിക്കെട്ടുമുദ്രയും. ഇപ്പോള്‍ തമിഴ്നാട്ടില്‍ മാത്രമുള്ള ജല്ലിക്കെട്ട്, സിന്ധുനദീതട സംസ്കാര കാലത്തെ ഒന്നിലധികം മുദ്രകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഐരാവതം മഹാദേവന് 2009-ല്‍ 'സയന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സൈന്ധവമുദ്രകള്ക്ക് തമിഴ് ബന്ധങ്ങള്‍ ഉള്ളതായി പരാമര്‍ശിക്കുന്നു. സൈന്ധവസംസ്കാരത്തിനും മുമ്പുള്ള മെഹര്‍ഗഢ് സംസ്കാരത്തില്‍ ചെറിയ സ്ത്രീപ്രതിമകള്‍ നിരവധിയെണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത് സ്ത്രീയുടെ ആരാധന, അമ്മദൈവാരാധന എന്നിവയുമായി ബന്ധമുള്ളതാകാം. തമിഴ് സംസ്കാരത്തില്‍ അമ്മന്‍ എന്ന പേരില്‍ അമ്മദൈവാരാധനയുള്ളതും, കേരളത്തിലടക്കം കാളിയുടെ ആരാധന വളരെ പ്രാചീനമാണെന്നതും, മെഹര്‍ഗഢ് സംസ്കാരത്തിലെ സ്ത്രീപ്രതിമകളുടെ സാന്നിദ്ധ്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.
സിന്ധുനദീതടത്തില്‍ ജലലഭ്യത ഇല്ലാതായപ്പോള്‍ അവിടത്തെ ജനത ഭാരതത്തില്‍ മറ്റിടങ്ങളിലേക്ക് നീങ്ങി എന്നാണ് അനുമാനിക്കപ്പെടുന്നത്. സിന്ധുനാഗരികതയിലെ ആളുകള്‍ നീങ്ങിയത് ഗംഗാതടങ്ങളിലേക്കും തെക്കോട്ടും ആണെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ ഗംഗാതടങ്ങള്‍, സിന്ധുനദീതടസംസ്കാരത്തിന്റെ തുടര്‍ച്ചയാകണം. ചിലപ്പോള്‍, സിന്ധുനാഗരികതയുടെ കാലത്തുതന്നെ കാശിയടക്കമുള്ള ഇടങ്ങളില്‍ സമാനമായ ഒരു ഗംഗാതട നാഗരികത നിലനിന്നിരിക്കാം.
തെക്കാകട്ടെ, അക്കാലത്തുതന്നെ ഒരു സംസ്കാരം നിലനിന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. ഈയിടെ തമിഴ്നാട്ടിലെ കീഴടിയില്‍നിന്നും ബി.സി. 600 കാലഘട്ടത്തിലെ വസ്തുക്കള്‍ ഖനനം വഴി കണ്ടെടുത്തിരുന്നു. ഒപ്പം, സൈന്ധവലിപികള്ക്കും തമിഴ് ബ്രാഹ്മി ലിപിക്കും മധ്യവര്‍ത്തി എന്ന് കരുത്തപ്പെടാവുന്ന ഒരു ചിത്രലിപിയും അവിടെ നിന്ന് ലഭിച്ചു. അതിനെ സൈന്ധവലിപികള്ക്കും തമിഴ് ബ്രാഹ്മിക്കുമിടയിലെ 'മിസ്സിംഗ് ലിങ്ക്' ആയി കണക്കാക്കണം എന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തില്‍ വയനാട്ടിലെ എടക്കല്‍ ഗുഹാസംസ്കാരം സിന്ധുനാഗരികതയ്ക്കും മുമ്പേയുള്ള മെഹര്‍ഗഢ് സംസ്കാരത്തിന്റെ കാലത്തു തന്നെ ഉള്ളതാണ്. അതായത്, സൈന്ധവനാഗരികതയുടെ കാലത്തിനു മുമ്പേതന്നെ ദക്ഷിണഭാരതത്തില്‍ പ്രാചീനജനതകള് ഉണ്ടായിരുന്നു. അവര്‍, ഏറ്റവും കുറഞ്ഞത് ഗുഹാസംസ്കൃതിയുടെ എങ്കിലും ഉടമകളാണ്. അവരുടെ നേര്പിന്ഗാമികളോ, അവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരസമൂഹങ്ങളോ, അതുമല്ലെങ്കില്‍ സൈന്ധവനിവാസികളുമായുള്ള സങ്കരസമൂഹമോ, ദക്ഷിണഭാരതത്തിലെ നാഗരികതകള്‍ക്ക് കാരണമായിട്ടുണ്ട്. സിന്ധുനദീതടത്തിലും ദക്ഷിണഭാരതത്തിലും ഉള്ള ആളുകള്‍ക്കിടയില്‍ ജനിതകബന്ധങ്ങള്‍ കാണുന്നതിനാല്‍, ഇവയ്ക്കിടയിലുള്ള സാംസ്കാരികബന്ധങ്ങള്‍ നിഷേധിക്കാനാവില്ല.
ഭാരതത്തിന്റെ ദ്രാവിഡപശ്ചാത്തലത്തെപ്പറ്റി വാഗീഷ് നരസിംഹന്റെ പഠനം കൂടുതല്‍ വ്യക്തത തരുന്നുണ്ട്. പഠനത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ തെളിമയോടെ വ്യക്തമാക്കുന്നു (Science, Sept 06, 2019). ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷാഗണമായ ദ്രാവിഡഭാഷകളുടെ ഉത്ഭവത്തിലേക്ക് നരസിംഹന്റെ പഠനം വെളിച്ചം വീശുന്നു. സിന്ധുനദീതടസമൂഹത്തിലെ (Indus Valley Cline- IVC) ആളുകള്‍ ആ സംസ്കാരത്തിന്റെ പതനത്തിന് ശേഷം സൈന്ധവപ്രദേശങ്ങളില് നിന്ന് തെക്കോട്ടും കിഴക്കോട്ടും ദേശാടനം ചെയ്യുകയും അവിടങ്ങളില്‍ ഉണ്ടായിരുന്ന എ.എ.എസ്.ഐ (Ancient Ancestral South Indian) അഥവാ പ്രാചീനദക്ഷിണഭാരതീയ വംശപരമ്പരയിലെ അംഗങ്ങളുമായി കൂടുതല്‍ മിശ്രണം ചെയ്യപ്പെടുകയും ചെയ്തിരിക്കാമെന്നും, അവര്‍ ദ്രാവിഡഭാഷകളുടെ പ്രാഗ് രൂപമായിരിക്കാം സംസാരിച്ചിരുന്നതെന്നും, വാഗീഷ് നരസിംഹന്റെ പഠനം വ്യക്തമാക്കുന്നു. ദ്രാവിഡഭാഷകള്‍ക്ക് എ.എസ്.ഐ. സമൂഹവുമായുള്ള അടുത്ത ബന്ധം ഇത് സൂചിപ്പിക്കുന്നു. അതായത്, പ്രാഗ് ദ്രാവിഡഭാഷ വ്യാപിപ്പിച്ചവര്‍ സിന്ധുനദീതട സമൂഹത്തിന്റെ പിന്‍ഗാമികളാണ്.
ഇതോടൊപ്പം വാഗീഷ് നരസിംഹന് ദ്രാവിഡഭാഷകളുടെ വ്യാപനത്തിന്മേല് മറ്റൊരു സിദ്ധാന്തം കൂടി പരിഗണിക്കേണ്ടതാണെന്ന ആശയം മുന്നില്‍ വയ്ക്കുന്നു. പ്രാഗ് ദ്രാവിഡഭാഷാരൂപം വ്യാപിച്ചത് തെക്കന്ദേശങ്ങളില് ഉദ്ഭവിച്ച എ.എസ്.ഐ. സമൂഹത്തില്‍ നിന്നായിരിക്കാമെന്നും പഠനത്തില്‍ അദ്ദേഹം പറയുന്നു. വൃക്ഷലതാദികള്‍, ജന്തുജാലങ്ങള്‍ എന്നിവയെ സൂചിപ്പിക്കാന്‍ ദക്ഷിണഭാരതത്തില്‍ ഉപയോഗിക്കപ്പെടുന്ന പദങ്ങളുടെ ചില പഠനങ്ങളും നേരത്തെ മുകളില്‍ സൂചിപ്പിച്ച സൈന്ധവമുദ്രകളും ഈ വാദവുമായി ഒത്തുപോകുന്നവയാണ്.
യൂറോപ്പില്‍ ഹിമയുഗത്തിന്റെ അവസാനം കൂറ്റന്‍ ഹിമപാളികള്‍ ഇല്ലാതായപ്പോഴാണ് പ്രാചീന മനുഷ്യസമൂഹങ്ങള്‍ക്ക് പല ദിക്കുകളിലേക്ക് സഞ്ചരിക്കാന്‍ സാധിച്ചത്. ഹിമയുഗത്തില്‍ പക്ഷേ, ദക്ഷിണഭാരതമെന്ന ഉഷ്ണമേഖലയില്‍ മഞ്ഞിന്റെ ശല്യം ഉണ്ടായിരുന്നില്ല എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ലോകത്താദ്യമായി കൃഷി ആവിര്‍ഭവിച്ചത് ഇന്ത്യയിലായിക്കൂടേ? അതാണ് സംഭവിച്ചതെങ്കില്‍, അതിനേറ്റവും സാധ്യതയുള്ള ഇടങ്ങള്‍ കേരളവും തമിഴ്നാടുമാണ്. കടലിലിന്റെ വിതാനമാണെങ്കില് അക്കാലത്ത് ഹിമയുഗം കാരണം ഇന്നത്തേക്കാള്‍ നൂറുമീറ്റര്‍ എങ്കിലും താഴെയുമായിരുന്നു. അതായത്, ഇന്നത്തെ കന്യാകുമാരിക്കുമപ്പുറം എത്രയോ കിലോമീറ്റര്‍ കടല്‍ ഇല്ലാതെ കര ഉണ്ടായിരുന്നിരിക്കാം.
ആര്യന്മാര് ഇന്ത്യയിലേക്ക് വന്നവരല്ലെന്നും, വേണ്ടത് ഒരു 'ഔട്ട് ഓഫ് ഇന്ത്യാ സിദ്ധാന്തം' ആണെന്നും അവകാശപ്പെട്ടു കൊണ്ട് വസന്ത് ഷിന്‍ഡേയും നീരജ് റായിയും നടത്തിയ പത്രസമ്മേളനം, ഡേവിഡ് റെയ്ഷിനോപ്പം ചേര്‍ന്ന് 'സെല്‍' ജേര്‍ണലില്‍ അവര്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ (Cell, Sept 05, 2019) അടിസ്ഥാനത്തിലായിരുന്നു.
ആ പേപ്പറിലെ കൗതുകമുള്ള കാര്യം, അതിന്റെ ആറാംപേജില്‍ രണ്ടാമത്തെ ഖണ്ഡികയില്‍ കാണാം. അതിലിങ്ങനെ എഴുതിയിരിക്കുന്നു: എന്തൊക്കെയായാലും, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളുടെ ദക്ഷിണേഷ്യയിലേക്കുള്ള വ്യാപനത്തിന്റെ സ്വാഭാവികമാര്ഗ്ഗം ബി.സി.രണ്ടായിരാമാണ്ടില്‍ കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യേഷ്യ വഴിയും, ആ വ്യാപനം പ്രാചീന ജനിതകപഠനം വഴി രേഖപ്പെടുത്തപ്പെട്ടതുമാണ്. ('However, a natural route for Indo-European languages to have spread into South Asia is from Eastern Europe via Central Asia in the first half of the 2nd millennium BCE, a chain of transmission that did occur as has been documented in detail with ancient DNA'). ഈ ഒരൊറ്റ വാചകം തന്നെ സൂചിപ്പിക്കുന്നത് സംസ്കൃതം സംസാരിച്ചിരുന്ന ആര്യസമൂഹം പുറത്തുനിന്നും ഇന്ത്യയിലേക്ക് കുടിയേറിയവര്‍ ആണ് എന്നാണ്.
സംസ്കൃതം ഒരു പ്രാചീന ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയാണ്. ഹിന്ദി അടങ്ങുന്ന പല ഉത്തേരേന്ത്യന്‍ ഭാഷകളും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ തന്നെ. അവയുടെ ഇന്ത്യയിലേക്കുള്ള വരവ് കിഴക്കന്‍ യൂറോപ്പില്‍നിന്നും മധ്യേഷ്യ വഴിയാണെന്നാണ് വസന്ത് ഷിന്‍ഡേയും നീരജ് റായിയും തങ്ങളുടെ ഗവേഷണപഠനത്തില്‍ പറയുന്നു. ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ ഇന്ത്യയില്‍ ബി.സി. രണ്ടാം സഹസ്രാബ്ദത്തില്‍ മാത്രമാണ് എത്തിയതെങ്കില്‍, അതിനുമുമ്പേ സഹസ്രാബ്ദങ്ങളോളം ഭാരതഭൂമിയില്‍ ജീവിച്ചിരുന്നവരുടെ ഭാഷ ദ്രാവിഡഭാഷയാണെന്ന് പറയേണ്ടിവരുന്നു.
രാഖീഗഢിയിലെ ജനിതകത്തില്‍ ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിച്ചിരുന്ന ആളുകളുടെ ജനിതകം ഇല്ല എന്ന കണ്ടെത്തലും, സിന്ധുനദീതടത്തിലെ മേല്‍സൂചിപ്പിച്ച തമിഴ് സംസ്കാര സ്വാധീനങ്ങളും, തമിഴ്നാട്ടില്‍ കീഴടിയിലെ ഖനനത്തെളിവുകളും സൂചിപ്പിക്കുന്നത് ഇതാണ്, ഭാരതത്തില്‍ ആദ്യമായുണ്ടായ കാര്‍ഷിക-നാഗരിക സംസ്കാരം ദ്രാവിഡ സംസ്കാരമാണ്!
ഉപദംശം: വസന്ത് ഷിന്‍ഡേയും നീരജ് റായിയും പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച 'ഔട്ട് ഓഫ് ഇന്ത്യാ' സിദ്ധാന്തം ശരിയെങ്കില്‍ ഏതു ജനതയായിരിക്കും ഇന്ത്യക്ക് വെളിയിലേക്ക് പോയിട്ടുണ്ടാകുക? നിസ്സംശയം പറയാം, അത് എ.എസ്.ഐ. എന്ന് ജനിതകമായി അടയാളപ്പെടുത്തപ്പെട്ട ദ്രാവിഡജനതയായിരിക്കും.
Content Highlights: Harappan Civilization, Indus Valley Civilisation, Aryan invasion, Indo-Aryan migration, David Reich, Vasant Shinde, Ancient DNA Analysis, Ancestry of South Asians.
Content Highlights: Harappan Civilization, Indus Valley Civilisation, Aryan invasion, Indo-Aryan migration, David Reich, Vasant Shinde, Ancient DNA Analysis, Ancestry of South Asian