കൊൽക്കത്തയ്ക്ക്
ഒരു വിജ്ഞാനകോശമുണ്ട്. ആ നഗരത്തിന്റെ ചരിത്രവും വർത്തമാനവും ഹൃദിസ്ഥമായ
ഒരു മലയാളി. 63 വർഷം കൊൽക്കത്തയിൽ ജീവിച്ച തങ്കപ്പൻനായർ. ജീവിച്ചവർഷങ്ങളുടെ
എണ്ണത്തിന്റെ അത്രയും രചനകൾ. എല്ലാം കൊൽക്കത്തയുടെ ചരിത്രം. 2018 ഡിസംബറിൽ
എറണാകുളത്തേക്ക് തിരിച്ചെത്തിയ നായർദാദയുടെ മനസ്സിൽ ഇപ്പോഴും
കൊൽക്കത്തയുണ്ട്; ഒരു പുസ്തകംകൂടി എഴുതാനുള്ള ബാല്യവും
കൊൽക്കത്തയുടെ
ചരിത്രവഴികളിൽ നടന്നുതീർത്തത് 63 വർഷങ്ങൾ. അവിടെ ചെലവിട്ട വർഷങ്ങളുടെ
അത്രയും എണ്ണം പുസ്തങ്ങൾ ആഹ്ളാദത്തിന്റെ നഗരത്തിന് സമർപ്പിച്ച്
കേരളത്തിലേക്ക് മടക്കം. ഇത്രയും വർഷങ്ങൾ കൊൽക്കത്തയിൽ ചെലവിട്ട
തങ്കപ്പൻനായർ എന്ന ചരിത്രകാരൻ അവിടെ ഒരു നിമിഷം പോലും പാഴാക്കിയില്ല. ഈ
ചരിത്രപണ്ഡിതൻ കൊൽക്കത്തയുടെ അകവും പുറവും ഒരുപോലെ കണ്ടു. അത്
പുസ്തകങ്ങളിൽ വരച്ചിട്ടു. പലതും കൈപ്പുസ്തകങ്ങൾ പോലെ
സാധാരണക്കാർക്കുപോലും ഗ്രഹിക്കാവുന്നവ. എൺപത്താറാം വയസ്സിൽ എറണാകുളത്തെ
കൈത്തറി ഗ്രാമമായ ചേന്ദമംഗലത്ത് തിരിച്ചെത്തി വിശ്രമജീവിതം നയിക്കുകയാണ്
നായർദാദ.
കൊൽക്കത്തക്കാർക്ക്
ഏറെ ആദരണീയൻ. പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിമാർ, രാഷ്ട്രീയനേതാക്കൾ,
ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരുമായെല്ലാം അടുപ്പം. കൊൽക്കത്തയിൽനിന്ന്
മടങ്ങുംവരെ സ്വാതന്ത്ര്യദിനാഘോഷത്തിലും റിപ്പബ്ലിക് ദിനാഘോഷത്തിലുമെല്ലാം
പ്രത്യേക ക്ഷണിതാവ്.
വിഷയവൈവിധ്യം
ചരിത്രാന്വേഷികളെ
കൂടുതൽ ജിജ്ഞാസുക്കളാക്കുന്നു കൊൽക്കത്തയെക്കുറിച്ച് അദ്ദേഹം
എഴുതിയതത്രയും. കൊൽക്കത്തയുടെ സ്ഥാപകൻ ജോബ് ചാർണോക്കിനെക്കുറിച്ചാണ് ആദ്യ
പുസ്തകം, 1977ൽ പുറത്തിറക്കിയ Job Charnock Founder of Calcutta.
ചാർണോക്ക് 1690 ആഗസ്തിലാണ് കൽക്കത്ത നഗരം സ്ഥാപിച്ചത്. അധികാരികൾ 1990
ആഗസ്തിൽ കൊൽക്കത്തയുടെ മുന്നൂറാം വാർഷികം ആഘോഷിക്കുന്നതിനെക്കറിച്ച്
ചിന്തിക്കുന്നതുപോലും ഈ പുസ്തകം പ്രചാരത്തിലായതോടെ.
കൊൽക്കത്തയിലെ
ദക്ഷിണേന്ത്യക്കാർ (South Indians in Calcutta) വിവിധ ദക്ഷിണേന്ത്യൻ
സംസ്കാരങ്ങൾ എങ്ങനെ കൊൽക്കത്തയുടെ ദൈനംദിനജീവിതത്തിൽ പ്രവർത്തിച്ചു എന്ന
നിരീക്ഷണമാണ്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന, കൊൽക്കത്ത ഇൻ സെവന്റീൻത്
സെഞ്ചുറി, എയിറ്റീൻത് സെഞ്ചുറി, നയന്റീൻത് സെഞ്ചുറി എന്നീ മൂന്ന് ബൃഹദ്
ഗ്രന്ഥങ്ങൾ ഗവേഷകർക്ക് ഏറെ പ്രിയം. എന്നാൽ, 1987ൽ പ്രസിദ്ധീകരിച്ച
കൊൽക്കത്താ തെരുവുകളുടെ ചരിത്രം (A History of Culcutta's Streets) ആണ്
ഏറെ പ്രസിദ്ധം. ആയിരത്തഞ്ഞൂറിലേറെ തെരുവുകളുടെ ചരിത്രമാണ് ഈ
പുസ്തകത്തിലുള്ളത്.
The
Bengal Obituary എന്ന ഗ്രന്ഥം പ്രധാനമായി കൊൽക്കത്തയിലും ബംഗാളിന്റെ വിവിധ
ഭാഗങ്ങളിലുമുള്ള വിദേശികളുടെ ശവകുടീരങ്ങളുടെ ചരിത്രം. പൂർവികരുടെ കല്ലറ
കണ്ടെത്താൻ വിദേശികൾ പുസ്തകത്തെ ആശ്രയിക്കുന്നുണ്ടെന്ന് തങ്കപ്പൻനായർ
പറഞ്ഞു. അപരിചിതരായ യൂറോപ്യന്മാർ വിളിച്ചന്വേഷിക്കാറുമുണ്ട് തങ്ങളുടെ
പൂർവികരെപ്പറ്റി.
കൊൽക്കത്ത
മുനിസിപ്പൽ കോർപറേഷൻ ഒറ്റനോട്ടത്തിൽ എന്ന ചരിത്രപുസ്തകം നഗരത്തിനടിയിലൂടെ
പോകുന്ന അസംഖ്യം പൈപ്പ്ലൈനുകളുടെ വിവരങ്ങളും നൽകുന്നു. വിവിധ ഓഫീസുകളിൽ
കയറിയിറങ്ങി സ്കെച്ചുകൾ പഠിച്ച് തയ്യാറാക്കിയതാണിത്. വർഷങ്ങളെടുത്താണ് ഈ
പുസ്തകം പൂർത്തിയാക്കിയത്. Origin of Police in Calcutta, Origin of
National Library in India, B S Kesavan First National Librarian of
India, Mango in Indian life and culture, Marriage and dowry in India,
എന്നിവയും തങ്കപ്പൻ നായരുടെ പ്രധാന രചനകൾ.
അവസാനമെഴുതിയ
Gandhiji In Calcutta എന്ന പുസ്തകമിറങ്ങിയത് 2019 ജൂലൈ ആദ്യവാരം.
പുസ്തകം ഗാന്ധിജിയുടെ പൗത്രൻ രാജ്മോഹൻ ഗാന്ധിയെക്കൊണ്ട് പ്രകാശനം
ചെയ്യിക്കാനിരിക്കുകയായിരുന്നു. പ്രിന്റിങ് താമസിച്ചതും ചേന്ദമംഗലത്തേക്ക്
താമസം മാറിയതും കാരണം ഒന്നും നടന്നില്ല.
ചരിത്രകാരന്റെ ചരിത്രം
തങ്കപ്പൻനായർ കൊൽക്കത്ത ഭവാനിപുരിലെ വീട്ടിൽ
ജനനം
1933ൽ ചാലക്കുടിക്കടുത്ത് മഞ്ഞപ്രയിൽ. തച്ചിലേത്ത് കേശവൻനായരുടെയും
ചങ്ങനാട്ട് പാർവതിയമ്മയുടെയും ആറ് മക്കളിൽ മൂന്നാമൻ. സ്കൂൾ ഫൈനൽ പാസായി
കുറച്ചുകാലം ബന്ധുവിന്റെ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നോക്കി
നടത്തി. ഇതിനിടയിൽ ടൈപ്പ്റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ചു. ഇവിടെ താൻ
പച്ചപിടിക്കില്ലെന്ന് ഉറപ്പായപ്പോൾ 21–--ാം വയസ്സിൽ കൊൽക്കത്തയിലേക്ക്
കള്ളവണ്ടി കയറി. 1955 ഒക്ടോബർ 25ന് സഹോദരന്റെ സുഹൃത്തിന്റെ
മേൽവിലാസവുമായാണ് ഹൗറ സ്റ്റേഷനിലിറങ്ങിയത്. നേരിട്ട് പരിചയമില്ലായിരുന്ന ആ
കൂവപ്പടിക്കാരന്റെ സഹായത്തോടെ രണ്ടുവർഷത്തോളം ചില കമ്പനികളിൽ
സ്റ്റെനോഗ്രാഫറായി ജോലി നോക്കി. കാളിഘട്ടിലായിരുന്നു ഇക്കാലത്തെ താമസം.
അതിനുപിന്നാലെ
ആൻത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സ്റ്റെനോയുടെ ജോലി. അസമിലെ
ഷില്ലോങ്ങിലായിരുന്നു ഓഫീസ്. നരവംശശാസ്ത്രത്തെ കുറിച്ചറിയാനും
പഠിക്കാനുമൊക്കെ ഇത് സൗകര്യമായി. തുടർന്ന് ഗോഹാട്ടി സർവകലാശാലയ്ക്ക്
കീഴിലുള്ള ഷില്ലോങ്ങിലെ സെന്റ് ആന്റണീസ് കോളേജിൽ ചേർന്ന് സായാഹ്നക്ലാസിൽ
ചരിത്രത്തിൽ ബിഎ ബിരുദം നേടി.
ഷില്ലോങ്ങിൽനിന്ന്
സ്ഥലം മാറി 1961 ൽ കേന്ദ്ര ഓഫീസായ കൊൽക്കത്തയിലെത്തിയപ്പോൾ കൽക്കത്ത
സർവകലാശാലയിൽനിന്ന് നിയമബിരുദവും നേടി. ആൻത്രപ്പോളജിയിൽ എട്ട് വർഷം
പിന്നിട്ടപ്പോൾ മേലുദ്യോഗസ്ഥനുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ
പെൻഷനും മറ്റാനുകൂല്യങ്ങളുമൊക്കെ ഉണ്ടായിരുന്ന ആ ജോലി വിട്ടിറങ്ങി. വീണ്ടും
കമ്പനി ജോലിയിലേക്ക്.
ഇതിനിടെ
ഇന്ത്യയിലെ ഒട്ടുമിക്ക ഇംഗ്ലീഷ് പത്രങ്ങളിലും ലേഖനങ്ങളും
കുറിപ്പുകളുമെഴുതാൻ തുടങ്ങിയിരുന്നു. ഓണത്തെക്കുറിച്ചും
ചേന്ദമംഗലത്തെക്കുറിച്ചും നമ്മുടെ വിഷുക്കാലത്ത് അസമിൽ നടക്കുന്ന ബിഹു
ആഘോഷത്തെക്കുറിച്ചു മൊക്കെയാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. അങ്ങനെയിരിക്കെ
ഒരു ആലുവക്കാരൻ ആരംഭിച്ച എൻജിനിയറിങ് ടൈംസ് എന്ന പത്രത്തിൽ പ്രവർത്തിക്കാൻ
അവസരം ലഭിച്ചു. എഴുത്ത് മാത്രമല്ല എഡിറ്റിങ് മുതൽ പ്രിന്റിങ് വരെ എല്ലാ
കാര്യങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചു. തുടർന്ന് പത്രം ബോംബെയിലേക്ക്
മാറ്റിയപ്പോൾ കുറച്ചുകാലം ബോംബെയിലും ജീവിച്ചു.
1966ലാണ്
ചേന്ദമംഗലം മഠത്തിൽ പറമ്പിൽ ശങ്കരൻനായരുടെ മകൾ സീതാദേവി ജീവിതത്തിലേക്ക്
കടന്നുവരുന്നത്. വിവാഹശേഷം കൊൽക്കത്തയിലെ ഭവാനിപുരിലെ വാടകവീട്ടിലേക്ക്
മാറി. ഇതോടെ മുഴുവൻ സമയവും എഴുത്തും വായനയുമായി. എത്ര കുറഞ്ഞ
വരുമാനക്കാരനും നന്നായി ജീവിക്കാൻ കഴിയുന്ന നഗരമാണ് കൊൽക്കത്തയെന്ന് നായർ
സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. വായനയും എഴുത്തും തൊഴിലായി
സ്വീകരിച്ച് 1968 മുതൽ കൊൽക്കത്ത നാഷണൽ ലൈബ്രറിയിലാണ് രാവിലെ എട്ടുമുതൽ
വൈകിട്ട് ആറുവരെ ചെലവഴിച്ചത്.
ഇത്രയും
ഗ്രന്ഥങ്ങളുടെ കർത്താവിന് റോയൽറ്റി കിട്ടുന്നില്ല. പണം
സമ്പാദിക്കാനായിരുന്നില്ല തന്റെ പഠനമെന്ന് അദ്ദേഹം പറയുന്നു.
വരുംതലമുറകൾക്കായി ആവുന്നത്ര എഴുതി വയ്ക്കുക; ഇറങ്ങുന്ന ഓരോ
പുസ്തകത്തിന്റെയും മുന്നൂറോളം കോപ്പികൾ രാജാറാം മോഹൻ റോയ് ലൈബ്രറി
ഫൗണ്ടേഷൻ വിലയ്ക്ക് വാങ്ങും. അതുമാത്രമാണ് പുസ്തക രചനയിൽനിന്നുള്ള
വരുമാനം.
കാഴ്ചയ്ക്കും
ഓർമയ്ക്കുമൊക്കെ നേരിയ മങ്ങലുണ്ടെങ്കിലും സംസാരിക്കുമ്പോൾ ഉള്ളിൽ ഒരു
ചരിത്രകാരൻ സദാ ഉണർന്നിരിക്കും. ഒരു സ്ഥലത്തെയോ സംഭവത്തെയോ കുറിച്ച്
സംസാരിക്കുമ്പോൾ പലപ്പോഴും അത് ചരിത്രവിവരണങ്ങളിലേക്ക് വഴുതിമാറും. നമ്മുടെ
മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാത്തവിധം അത് പറഞ്ഞുറപ്പിക്കും.
മമതയുടെ സത്യഗ്രഹം
പ്രായമേറിയെന്ന
മുന്നറിയിപ്പുമായി ഭാര്യയും മക്കളും ബന്ധുക്കളുമൊക്കെ തൊണ്ണൂറുകളുടെ
മധ്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിച്ചിരുന്നു. എന്നായാലും ഒരിക്കൽ
കൊൽക്കത്ത വിട്ടുപോരണമെന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെയാണ് 1999ൽ ബൃഹത്തായ
പുസ്തകശേഖരം കൈവെടിയാൻ നിശ്ചയിച്ചത്. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്
കീഴിലുള്ള ടൗൺ ലൈബ്രറിക്ക് കൈമാറാനാണ് തീരുമാനിച്ചത്. അത് വലിയ വാർത്തയായി.
കോർപറേഷൻ അതിനെ സ്വാഗതം ചെയ്തു. എന്നാൽ, കമ്യൂണിസ്റ്റുകാർക്ക് പുസ്തകം
നൽകുന്നു എന്നാരോപിച്ച് മമത ബാനർജി ഭവാനിപുരിലെ തങ്കപ്പൻനായരുടെ വീടിന്
മുന്നിൽ സത്യഗ്രഹം നടത്തി. അത് വൻ വാർത്തയായി. എന്നാലും പുസ്തകങ്ങൾ ടൗൺ
ലൈബ്രറിക്കുതന്നെ കൈമാറി. അവർ ഈ പുസ്തകങ്ങൾ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്.
1968
മുതൽ ഭവാനിപുരിലെ വാടകവീട്ടിലാണ് താമസം. അരനൂറ്റാണ്ട് ഒരേ വീട്ടിൽ.
ഉടമസ്ഥൻ വീട് മറ്റൊരാൾക്ക് വിൽക്കാൻ പോകുന്നു എന്നു മനസ്സിലാക്കിയതാടെ 2018
ഡിസംബറിൽ കൊൽക്കത്തയോട് വിട ചൊല്ലി. അവശേഷിച്ച പുസ്തകങ്ങളും ടൗൺ
ലൈബ്രറിക്ക് കൈമാറി. ചരിത്രാന്വേഷകൻ എന്ന നിലയിൽ അർഹതപ്പെട്ട വലിയ
അംഗീകാരങ്ങളൊന്നും കിട്ടിയിട്ടില്ല. എന്നാൽ, ബർധമാൻ സർവകലാശാല ഡിലിറ്റ്
നൽകി ആദരിച്ചതും കഴിഞ്ഞ വർഷത്തെ നിസിത് രഞ്ജൻ റായി അവാർഡ് നേടിയതുമൊന്നും
ചെറുതായി കാണുന്നുമില്ല.
ഇനിയുമേറെയുണ്ട്
തനിക്ക് എഴുതിവയ്ക്കാൻ എന്ന ചിന്ത മനസ്സിൽനിന്നിറങ്ങുന്നില്ല. ചില
രചനകൾക്കായി ശേഖരിച്ച വിവരങ്ങളും തയ്യാറാക്കിയ കുറിപ്പുകളും വിലപ്പെട്ട
കുറെ പുസ്തകങ്ങളോടൊപ്പം ചേന്ദമംഗലത്തെ വീട്ടിലായിരുന്നു സൂക്ഷിച്ചുവച്ചത്.
കഴിഞ്ഞ മഹാപ്രളയം തിരിച്ചെടുക്കാനാകാത്തവിധം അവയെല്ലാം നശിപ്പിച്ചു
കളഞ്ഞു. ഈ പ്രായത്തിൽ ഇനിയുമൊരു തുടക്കത്തിന് ധൈര്യമില്ലാത്ത അവസ്ഥ.
ചേന്ദമംഗലത്ത്
അധ്യാപകനായ മകൻ മനോജ് നായരുടെ കൂടെയാണ് താമസം. പേരക്കിടാവ് ലക്ഷ്മിപ്രിയ
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ തുടർച്ചയായി എട്ട് വർഷം എറണാകുളം
ജില്ലാ ജേതാവാണ്. മകൾ മായ ഇടപ്പള്ളിയിൽ വീട്ടമ്മയാണ്.
പ്രായവും
ബന്ധങ്ങളും വിലക്കുന്നുണ്ടെങ്കിലും താൻ കണ്ടെത്തിയതിനുമപ്പുറത്തുള്ള
ചരിത്രശേഷിപ്പുകൾ കാട്ടി കൊൽക്കത്ത കൊതിപ്പിക്കുമ്പോൾ, പുതിയൊരു
രചനയ്ക്കായി അവിടേക്ക് കുതിക്കാനുള്ള വിങ്ങലിലാണ് കൊൽക്കത്തയുടെ ഈ
ചരിത്രകാരൻ.
No comments:
Post a Comment