Tuesday, August 27, 2019

മലയാളിയും പാകിസ്ഥാനിയുമായ കുട്ടി


എം എൻ കാരശേരി






ബിയാത്തുൽ മൊഹിയുദ്ദീൻ കുട്ടിക്കും എനിക്കും ഒരു പേരാണ്‌. വൈലത്തൂരിൽ വച്ചാണ്‌ ഞങ്ങളാദ്യം കാണുന്നത്‌. വളരെയധികം വർഷങ്ങൾക്ക്‌ മുമ്പാണത്‌. രണ്ടു രാജ്യങ്ങളിൽ ജീവിക്കുമ്പോഴും മാനസികമായടുത്ത, മറക്കാനാകാത്ത സുഹൃത്താണ്‌ കുട്ടി.  നിലപാടുകളിലും ഞങ്ങൾക്ക്‌ യോജിപ്പുണ്ടായിരുന്നു. പുരോഗമന സ്വഭാവമുള്ള, എല്ലാ അർഥത്തിലും മതേതരനായ ജനാധിപത്യവാദിയായ മനുഷ്യനാണെന്ന്‌ ആദ്യ കൂടിക്കാഴ്‌ചയിലേ മനസ്സിലായി. പാകിസ്ഥാനിലെ സമാധാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ കാര്യക്ഷമമായി പ്രവർത്തിച്ചു. പത്രപ്രവർത്തകനായിരുന്ന അദ്ദേഹം പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്‌.  സുന്നി–-ഷിയാ പ്രശ്‌നങ്ങൾ, ഇന്ത്യാ –-പാക്‌  ബന്ധം  എന്നിവയിലെല്ലാം ഇടപെടുന്ന അഹിംസാവാദിയാണ്‌ ഞാനറിയുന്ന കുട്ടി. 1931 ലാണ്‌ ജനനം. പാകിസ്ഥാനിലേക്ക്‌ പോയത്‌ 1949ലും. അതായത്‌ എഴുപത്‌ വർഷമായി പാകിസ്ഥാനിലെ കറാച്ചിയിലായിരുന്നു. അനവധി കാര്യങ്ങൾ അദ്ദേഹവുമായി സംസാരിക്കാനായിട്ടുണ്ട്‌.  അഭിമുഖം ചെയ്യാനും അവസരം ലഭിച്ചു.

മതരാഷ്‌ട്രവാദം, സൈനികഭരണം തുടങ്ങി ജനാധിപത്യവിരുദ്ധമായ ജീർണതകളെ എതിർക്കുന്നതിലെല്ലാം അദ്ദേഹം ശ്രദ്ധയൂന്നി. 1957 -ലെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌ സർക്കാരിനെക്കുറിച്ചും  ഇ എം എസ്‌ നമ്പൂതിരിപ്പാടിനെക്കുറിച്ചും പുകഴ്‌ത്തി എഴുതിയതിന്റെ പേരിൽ പാകിസ്ഥാനിൽ ജയിലിൽ കിടക്കേണ്ടിവന്ന മലയാളി കൂടിയായാണ്‌ ബി എം കുട്ടി. ഇ എം എസ്‌ നല്ല ഭരണാധികാരിയാണെന്ന്‌ എഴുതിയപ്പോൾ  ജയിലിലടയ്‌ക്കുകയായിരുന്നു. കമ്യൂണിസ്റ്റാണെന്ന്‌ ചാരസംഘടനയോ മറ്റോ നൽകിയ വിവരാടിസ്ഥാനത്തിലാകാമത്‌. ഞാനദ്ദേഹത്തോട്‌ ചോദിച്ചിട്ടുണ്ട്‌, നിങ്ങൾ പാകിസ്ഥാനിയാണോ മലയാളിയാണോ എന്ന്‌. ഞാൻ പാകിസ്ഥാൻ മലയാളിയാണെന്നായിരുന്നു മറുപടി.  അദ്ദേഹത്തിന്റെ ആത്മകഥയുടെ കവർചിത്രം വീട്ടിന്റെ കോലായയിലിരുന്ന്‌ മലയാള മനോരമ വായിക്കുന്ന ദൃശ്യമാണ്‌.

ഒരിക്കൽ ഫേസ്‌ബുക്കിലിട്ട പഠനമുറിയുടെ ചിത്രത്തിൽ കാണുന്നത്‌ ബഷീറിന്റെ സമ്പൂർണ സമാഹാരങ്ങളാണ്‌. മലയാള സാഹിത്യത്തിൽ മാപ്പിളപ്പാട്ടുകളിൽ, നമ്മുടെ സിനിമയിൽ, ഇവിടുത്തെ ഭക്ഷണത്തിൽ, രാഷ്‌ട്രീയത്തിൽ എല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ അർഥത്തിലും മലയാളിയായിരുന്നു.  കറാച്ചിയിൽ കുട്ടി കേരളാ അവാമി ലീഗുണ്ടാക്കി. അതായത്‌ മലയാളി അസോസിയേഷൻ. മലയാളികൾക്കും ഇന്ത്യക്കാർക്കും വേണ്ടി പ്രവർത്തിച്ച സംഘടനയായിരുന്നു കേരള അവാമി ലീഗ്‌. ഇന്ത്യയും പാകിസ്ഥാനും എന്നും സൗഹൃദത്തിൽ പോകണമെന്ന്‌ ആത്മാർഥമായി ആഗ്രഹിച്ച, അതിനായി ഇടപെട്ട രാഷ്‌ട്രീയ നേതാവായിരുന്നു. ഒരേപോലെ  പാകിസ്ഥാനോടും ഇന്ത്യയോടും അദ്ദേഹം കൂറ്‌ പുലർത്തി.  എനിക്കോർമയുണ്ട്‌ വാജ്‌പേയി ആദ്യം പ്രധാനമന്ത്രിയായ അവസരത്തിൽ വാഗ അതിർത്തിയിൽനിന്ന്‌ പാകിസ്ഥാനിലേക്കുള്ള ബസ്‌യാത്രയെപ്പറ്റി വലിയ ആവേശത്തോടെയായിരുന്നു  കുട്ടി സംസാരിച്ചത്‌.

എനിക്ക്‌ പാകിസ്ഥാനിൽ പോകണമെന്ന്‌ വലിയ ആഗ്രഹമുണ്ടായിരുന്നു, കൊണ്ടുപോകാൻ കുട്ടിക്കും. ഒരു കൊല്ലം മുമ്പും ചില ശ്രമങ്ങൾ നടത്തി. പല കാരണങ്ങളാലത്‌ നടന്നില്ല. കുട്ടിയെ കറാച്ചിയിൽ പോയി കാണുക എന്ന മോഹം നടന്നില്ലെന്ന ദുഃഖമുണ്ടിപ്പോൾ. ഞാനെഴുതുന്ന ശരീഅത്ത്‌ വിമർശവും ഹിന്ദു, മുസ്ലിം തീവ്രവാദത്തിനെതിരായതുമെല്ലാം ശ്രദ്ധിച്ചിരുന്നു. അതിനൊക്കെ വലിയ പിന്തുണയും നൽകി. ഫേസ്‌ബുക്കിൽ സജീവമായിരുന്നു കുട്ടി.  ഞങ്ങൾ ആ മാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നു. കുട്ടി വിടപറഞ്ഞപ്പോൾ വല്ലാത്ത കുറ്റബോധത്തിലാണ്‌ ഞാനുള്ളത്‌. അതെന്താണെന്നുവച്ചാൽ കുട്ടിയുടെ ആത്മകഥയും ( സിക്‌സ്‌റ്റി ഇയേഴ്‌സ്‌ ഇൻ സെൽഫ്‌ എക്‌സൈൽ: നോ റിഗ്രറ്റ്‌) പരിഭാഷയും  അദ്ദേഹത്തിന്റെ അനുജൻ മുഹമ്മദ്‌കുട്ടി എനിക്കെത്തിച്ചു തന്നിരുന്നു, അതിന്‌ അവതാരിക എഴുതാൻ. ഞാനതിനിടയിൽ  അമേരിക്കയിൽ പോയി. എന്നാൽ യാത്രയുടെ തിരക്കിൽ പൂർത്തിയാക്കാനായില്ല. തിരിച്ചുവന്ന്‌ അത്‌ പൂർത്തിയാക്കണമെന്നു വിചാരിച്ചിരിക്കുമ്പോഴാണീ സുഹൃത്തിന്റെ മരണം.

അദ്ദേഹമുള്ളപ്പോൾ അതിന്റെ മലയാള പരിഭാഷ പുറത്തിറക്കാനായില്ലെന്ന കുറ്റബോധമെനിക്കുണ്ട്‌.  ആ ആത്മകഥയുടെ ആദ്യ അധ്യായം കേരളമെന്റെ ജന്മഭൂമി എന്നായിരുന്നു.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive