Sunday, July 14, 2019

ഇന്ത്യയും ഇടതുപക്ഷവും - സുനിൽ പി ഇളയിടംUpdated: Friday Jul 12, 2019




ഇന്ത്യയും ഇടതുപക്ഷവും

സുനിൽ പി ഇളയിടംUpdated: Friday Jul 12, 2019

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ യാത്രാമധ്യേ ഒരു പുസ്തകശാലയിൽ കയറി പുതിയ പുസ്തകങ്ങൾ വെറുതെ മറിച്ചുനോക്കി. വലിയ പ്രാധാന്യത്തോടെ മുൻനിരയിൽത്തന്നെ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പുതിയ പുസ്തകം അപ്പോഴാണ് കണ്ണിൽപെട്ടത്. ഇന്ത്യയിലെ പ്രമുഖനായ ഹിന്ദുത്വവക്താക്കളിലൊരാൾ എഡിറ്റ് ചെയ്ത ഗ്രന്ഥമാണ്. ലോകപ്രസിദ്ധ പ്രസാധകരായ പെൻഗ്വിൻ ബുക്സിന്റെ ഇന്ത്യൻ ശാഖകളിലൊന്നാണ് പ്രസാധകർ. വലതുപക്ഷ ദേശീയതയുടെ ചരിത്രവും ദർശനവും ചർച്ചചെയ്യുന്ന ഗ്രന്ഥം എന്ന് കവർപേജ് പ്രഖ്യാപിക്കുന്നുണ്ട്. പുസ്തകം കൈയിലെടുത്ത് മറിച്ചുനോക്കി. എഡിറ്ററുടെ സാമാന്യം ദീർഘമായ ആമുഖത്തിനുശേഷം പ്രമുഖ ചിന്തകരുടെ പേരുകൾ ആദ്യം ശ്രദ്ധിച്ചത് അതാണ്. ബങ്കിംചന്ദ്രചാറ്റർജി, വിവേകാനന്ദൻ, അരവിന്ദഘോഷ് എന്നിങ്ങനെ. തുടർന്നു നോക്കിയപ്പോൾ വേറെയും ചില പേരുകൾ കണ്ടു. സവർക്കർ, എ ബി വാജ്പേയി എന്നിങ്ങനെ. ഗുരുമൂർത്തിയുടെ ലേഖനത്തിലാണ് അത് അവസാനിക്കുന്നത്.
ഇന്ത്യയിലെ പുതിയ രാഷ്ട്രീയകാലാവസ്ഥയുടെ മികച്ച ആവിഷ്കാരമായാണ് ആ പുസ്തകം എനിക്കനുഭവപ്പെട്ടത്. വിവേകാനന്ദനും സവർക്കറും ഒരേ രാഷ്ട്രീയയുക്തിയുടെ പ്രതിനിധികളാണെന്നും ആ രാഷ്ട്രീയയുക്തിയാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമെന്നും പ്രഖ്യാപിക്കുകയാണ് ആ ഗ്രന്ഥം. ആ യുക്തിയിലേക്ക് നിയോലിബറൽ സാമ്പത്തികദർശനത്തിന്റെയും കോർപറേറ്റ് മൂലധന താൽപ്പര്യങ്ങളുടെയും വീക്ഷണങ്ങൾകൂടി കൂട്ടിയിണക്കി വലതുപക്ഷ ദേശീയതയുടെ സമകാലിക ചിത്രം അത് കാഴ്ചവയ്ക്കുന്നു. വരാനിരിക്കുന്നത് ശൂദ്രസ്വരാജ് ആയിരിക്കുമെന്നും ‘വിശക്കുന്നവനോട് മതം പറയുന്നത് പരിഹാസ’മാണെന്നും പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദൻ മതാധിഷ്ഠിത ദേശീയതയുടെയും നിയോ ലിബറൽ മൂലധനതാൽപ്പര്യങ്ങളുടെയും പൂർവഗാമിയായി പ്രതിഷ്ഠിക്കപ്പെടുന്നു. ദേശീയരാഷ്ട്രീയത്തിന്റെ പുതിയ സന്ദർഭം ജന്മം നൽകിയ വിചാരമാതൃക ഇതിലും മികച്ച രീതിയിൽ തെളിയാനിടയില്ലല്ലോ. ഹിന്ദുത്വം കൊലചെയ്ത രാഷ്ട്രപിതാവിനെത്തന്നെ ഹൈന്ദവ ദേശീയതയുടെ വക്താവായി അവർ പ്രതിഷ്ഠിക്കുന്ന കാലം അത്ര അകലെയാകാനിടയില്ല!
ഇടതുപക്ഷം തങ്ങളുടെ പ്രവർത്തനപരിപാടികളെ ഭാവനാത്മകമായി പുനർനിർവചിക്കണം എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ട ഒരാവശ്യംതന്നെയാണ്. അത്തരം പുനർവിഭാവനത്തിലൂടെമാത്രമേ ഇന്ത്യൻ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതിന്റെ അടിത്തറ വിപുലീകരിക്കാനാവുകയുള്ളൂ.
ഇന്ത്യ ഒരു പുതിയ രാഷ്ട്രീയഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വലതുപക്ഷവിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആഖ്യാനക്രമത്തെ ഇതിനകംതന്നെ പുതിയൊരു ദിശയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജനാധിപത്യം, സാമൂഹ്യനീതി, സ്ഥിതിസമത്വം തുടങ്ങിയ ആശയാവലികൾ രാഷ്ട്രീയപ്രക്രിയയുടെ കേന്ദ്രത്തിൽനിന്ന് മിക്കവാറും പൂർണമായിത്തന്നെ പിന്മാറിയിരിക്കുന്നു. പകരം മതാത്മക ദേശീയതയും മതവർഗീയതയും കോർപറേറ്റ് മൂലധനതാൽപ്പര്യങ്ങളും കൈകോർക്കുന്ന പുതിയ വ്യവഹാരം ഉയർന്നുവന്നിരിക്കുന്നു. ബിജെപിക്കുണ്ടായ വലിയ വിജയവും ഇടതുപക്ഷത്തിനും സോഷ്യലിസ്റ്റ് ‐ മതനിരപേക്ഷപ്രസ്ഥാനങ്ങൾക്കും നേരിട്ട തിരിച്ചടിയും ഇന്ത്യയുടെ ഭാവിരാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള പലതരം വിശദീകരണങ്ങൾക്ക് ഇതിനകം വഴിതുറന്നിട്ടുമുണ്ട്. വലതുപക്ഷത്തിന് ലോകവ്യാപകമായി കൈവന്നുകൊണ്ടിരിക്കുന്ന പുനരുജ്ജീവനത്തിന്റെ ഭാഗമായി ഇതിനെ കാണുന്നവർ മുതൽ ഉദാരജനാധിപത്യവീക്ഷണത്തിന്റെയും ഇടതുപക്ഷരാഷ്ട്രീയത്തിന്റെയും അവസാനമായെന്ന് പ്രഖ്യാപിക്കുന്നവർവരെ ഇക്കൂട്ടത്തിലുണ്ട്. മതവർഗീയതയ്ക്കും ഫാസിസ്റ്റ് രാഷ്ട്രീയത്തിനും മറ്റും എതിരായ സമരങ്ങളും ചെറുത്തുനിൽപ്പുകളും അവസാനിപ്പിച്ച് പുതിയ വഴികൾ കണ്ടെത്തണമെന്നാണ് ഇടതുപക്ഷത്തോട് പലരും ആവശ്യപ്പെടുന്നത്. ഇന്ത്യൻ മധ്യവർഗത്തിന്റെയും മൂലധനശക്തികളുടെയും ആശയാഭിലാഷങ്ങളെ ഉൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാനാകില്ലെന്ന് അവർ പ്രഖ്യാപിക്കുന്നു. അതിനുതകുന്ന ഭാവനാത്മകമായ രാഷ്ട്രീയനിലപാടുകൾ ഇടതുപക്ഷം സ്വീകരിക്കണമെന്ന ഉപദേശങ്ങൾ ഇടതുപക്ഷത്തിന് ധാരാളമായി ലഭിക്കുന്നുണ്ട്.
ഇടതുപക്ഷം തങ്ങളുടെ പ്രവർത്തനപരിപാടികളെ ഭാവനാത്മകമായി പുനർനിർവചിക്കണം എന്നത് ഗൗരവപൂർവം പരിഗണിക്കേണ്ട ഒരാവശ്യംതന്നെയാണ്. അത്തരം പുനർവിഭാവനത്തിലൂടെമാത്രമേ ഇന്ത്യൻ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതിന്റെ അടിത്തറ വിപുലീകരിക്കാനാവുകയുള്ളൂ. അതേസമയം, അടിസ്ഥാനപരമായ ചില സംഗതികൾ, പരാജയപ്പെട്ടവയെന്ന് എതിരാളികളും അഭ്യുദയകാംക്ഷികളിൽ ചിലരും കരുതുന്ന മൂല്യങ്ങളും നിലപാടുകളും ഇടതുപക്ഷത്തിന് ഉയർത്തിപ്പിടിക്കാതിരിക്കാനാകില്ല. കൈയൊഴിയണമെന്ന് ഉപദേശകർ നിർദേശിക്കുന്നവയെല്ലാം കൈയൊഴിഞ്ഞ് ഇടതുപക്ഷത്തിന് അതായി തുടരാനാകില്ല. ഇടതുപക്ഷത്തിന്റെമാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന്റെയും (തീവ്രമതദേശീയതയുടെ കൈപ്പിടിയിൽ അമരുന്ന ഇന്ത്യ എന്ന ആശയത്തിന്റെ) അതിജീവനത്തിന് ഇത് അനിവാര്യമാണ്.
ഈ ഇടതുപക്ഷകാര്യപരിപാടിയിൽ മൂന്ന് കാര്യങ്ങൾക്ക് പരമപ്രാധാന്യമുണ്ട്. അതിൽ ആദ്യത്തേത് ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെയാണ്. ജനാധിപത്യം അടിസ്ഥാനപരമായി വ്യത്യസ്തതകളുടെ സഹവർത്തിത്വവും സൗഹാർദപൂർണമായ നിലനിൽപ്പുമാണ്. അല്ലാതെ കേവലഭൂരിപക്ഷമല്ല.
ഈ ഇടതുപക്ഷകാര്യപരിപാടിയിൽ മൂന്ന് കാര്യങ്ങൾക്ക് പരമപ്രാധാന്യമുണ്ട്. അതിൽ ആദ്യത്തേത് ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെയാണ്. ജനാധിപത്യം അടിസ്ഥാനപരമായി വ്യത്യസ്തതകളുടെ സഹവർത്തിത്വവും സൗഹാർദപൂർണമായ നിലനിൽപ്പുമാണ്. അല്ലാതെ കേവലഭൂരിപക്ഷമല്ല. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ ഇന്ത്യൻ ജനാധിപത്യം നേരിടാനിരിക്കുന്ന വലിയ വിപത്തുകളെക്കുറിച്ച് സംസാരിക്കുന്ന സന്ദർഭത്തിൽ അംബേദ്കർ ചൂണ്ടിക്കാണിച്ച ഒരു കാര്യം ഇവിടെ പ്രധാനമാണ്. ഇന്ത്യയിൽ രാഷ്ട്രീയഭൂരിപക്ഷം  വർഗീയഭൂരിപക്ഷമായി പരിണമിക്കാനുള്ള സാധ്യതയുണ്ട് എന്ന കാര്യമാണത്. രാഷ്ട്രീയഭൂരിപക്ഷം പൊതുവായ ചില ആശയങ്ങളെ മുൻനിർത്തി വ്യത്യസ്ത വിഭാഗങ്ങൾ ഒരുമിച്ചു നിൽക്കുന്നതുവഴി ഉണ്ടാകുന്നതാണ്. വർഗീയഭൂരിപക്ഷമാകട്ടെ മതപരമായ ഭൂരിപക്ഷബോധം വ്യത്യസ്തതകളെ കീഴടക്കുന്നതുവഴി നിലവിൽ വരുന്നതുമാണ്. സാമൂഹ്യവും സാമ്പത്തികവുമായ ജനാധിപത്യത്തെ കൈയൊഴിഞ്ഞുകൊണ്ടും രാഷ്ട്രീയ ജനാധിപത്യത്തെ മതാധിഷ്ഠിതമായ ഭൂരിപക്ഷഹിതമാക്കി മാറ്റിക്കൊണ്ടും ജനാധിപത്യത്തെതന്നെ അർഥശൂന്യമാക്കുന്ന ഒന്നായിരിക്കും അതെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും മറ്റൊന്നല്ല. സാമൂഹ്യനീതി, സാമ്പത്തികനീതി എന്നിവ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന വീക്ഷണംതന്നെ രാഷ്ട്രീയപ്രക്രിയയിൽനിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷഹിതം നടപ്പാക്കുന്ന ഭരണയന്ത്രനടത്തിപ്പാണ് ജനാധിപത്യം എന്ന ധാരണ അത്യന്തം പ്രബലമായിരിക്കുന്നു. വ്യത്യസ്തതകളുടെ സഹവർത്തിത്വം എന്ന ആശയത്തിന്റെ നിർവഹണത്തിനുതകുന്ന ഭരണഘടനാസ്ഥാപനങ്ങൾ പടിപടിയായി ദുർബലമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അംബേദ്കർ ചൂണ്ടിക്കാണിച്ച അടിസ്ഥാനപരമായ വഴിത്തിരിവിന് ഇന്ത്യൻ രാഷ്ട്രീയജീവിതം വിധേയമായിക്കൊണ്ടിരിക്കുന്നതിന്റെ മുദ്രകളാണ് ഇതെല്ലാം. വിവേകാനന്ദനും സവർക്കറും ഒന്നായി മാറുന്ന രാഷ്ട്രീയയുക്തിമുതൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ മുദ്രാവാക്യംവരെ ഈ ജനാധിപത്യവിരുദ്ധതയുടെ തെളിവുകളാണ്. ഇതിനെതിരെ ജനാധിപത്യം എന്ന ആശയത്തിന്റെ അടിസ്ഥാന സ്വരൂപത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയനിലപാടിനെ പ്രധാനമാക്കുന്ന സുപ്രധാന ഘടകം. ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷവൽക്കരണത്തിനെതിരായ രാഷ്ട്രീയപ്രതിരോധത്തിന്റെ കേന്ദ്രവും മറ്റൊന്നല്ല.
രണ്ടാമത്തെ ഘടകം സാമ്പത്തികനീതിക്കായുള്ള സമരങ്ങളുടേതാണ്. കോർപറേറ്റ് മൂലധനശക്തികൾക്കായുള്ള രാഷ്ട്രനടത്തിപ്പ് എന്നതിലേക്ക് ഭരണനിർവഹണം പരിണമിക്കുന്ന കാഴ്ച പകൽപോലെ വ്യക്തമാണ്. മൂലധനവും ഭരണകൂടവും തമ്മിലുള്ള സമ്പൂർണമായ ഏകീകരണമെന്ന് മുസ്സോളിനി ഫാസിസത്തെ നിർവചിച്ചിട്ടുണ്ട്. അതിന്റെ ആവിഷ്കാരം അനുദിനം അനുഭവവേദ്യമാകുന്ന ജീവിതമാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശവും അവിടത്തെ ജനങ്ങളും കടുത്ത വരൾച്ചയിൽപ്പെട്ട അതേ ആറുമാസക്കാലയളവിൽതന്നെയാണ് ഇന്ത്യയിലെ അതിസമ്പന്നരായ ആറുപേരുടെ ആസ്തി ഒരുലക്ഷം കോടി രൂപയിലധികം വർധിച്ചത്! സാമ്പത്തികനീതി എത്ര വലിയ മരീചികകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യമാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തികനീതിക്കായുള്ള സമരമുഖം തുറന്നുവയ്ക്കാതെ നമ്മുടെ ജനാധിപത്യം യഥാർഥത്തിൽ ഒരു ചുവടുപോലും മുന്നോട്ടു നീങ്ങില്ല.
മൂന്നാമത്തെ കാര്യം മതജീവിതത്തിന്റെ ജനാധിപത്യവൽക്കരണത്തിനായുള്ള ശ്രമങ്ങളുടേതാണ്. അന്യമതവിദ്വേഷത്തിൽ അധിഷ്ഠിതമായ തീവ്രമതബോധമായി മതത്തെ മാറ്റിത്തീർക്കാനും അതിനെ രാഷ്ട്രീയപ്രക്രിയയുടെ അടിസ്ഥാനമാക്കാനുമാണ് വർഗീയശക്തികൾ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. അതിലവർ നേടിയ വിജയംകൂടിയാണ് ഇപ്പോൾ നാം കാണുന്നത്. മതത്തെ കേവലമായി നിരസിക്കുന്ന താർക്കിക നിലപാടുകൾകൊണ്ടോ കേവലമായ യുക്തിവിചാരംകൊണ്ടോ അഭിസംബോധന ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇത്. മതാനുഭവത്തെ ഒരുഭാഗത്ത് നൈതികമായ മൂല്യവ്യവസ്ഥയായും മറുഭാഗത്ത് ചരിത്രപരമായ സ്ഥാപനങ്ങളിലൊന്നായും പരിഗണിച്ചുകൊണ്ടുള്ള വിപുലമായ സംവാദങ്ങളിലൂടെ മതജീവിതത്തെ അഭിസംബോധന ചെയ്യുകയാണ് ഇതിനുള്ള പോംവഴി. ദീർഘവും ക്ഷമാപൂർണവുമായ പരിശ്രമം ഇതിനാവശ്യമാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയകാര്യപരിപാടിയിലല്ലാതെ ഇത്തരമൊരു സമീപനം എവിടെയുമില്ല.  ഇന്ത്യ എന്ന ആധുനിക സങ്കൽപ്പവും അതിനെ പിൻപറ്റിയ രാഷ്ട്രവും നിലവിൽ വന്നതിൽ മതത്തെക്കുറിച്ചുള്ള ബഹുത്വാധിഷ്ഠിതമായ കാഴ്ചപ്പാടിന് വലിയ പങ്കുണ്ട്. അതിനു മുകളിൽ ആചാരപരമായ തീവ്രമതത്തെ പ്രതിഷ്ഠിക്കാനും രാഷ്ട്രസങ്കൽപ്പത്തിന്റെ അടിത്തറയായി അതിനെ ഉറപ്പിച്ചെടുക്കാനുമുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തുടക്കത്തിൽ സൂചിപ്പിച്ച പുസ്തകങ്ങളും മറ്റും ചെയ്യുന്നതും അതാണ്. മതജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെയും പ്രകാശനങ്ങളെയും മതതീവ്രതയുടെ ഒറ്റ അടുക്കിലേക്ക് ഒതുക്കിക്കെട്ടാനാണ് വർഗീയവാദത്തിന്റെ ശ്രമം. അതിനെതിരെ മതത്തിന്റെ ആന്തരിക വൈവിധ്യങ്ങളെ പുറത്തുകൊണ്ടുവന്ന് അതിനെ ജനാധിപത്യവൽക്കരിക്കാനുള്ള നിതാന്തമായ ഇടതുപക്ഷശ്രമം  ഇന്ത്യൻ രാഷ്ട്രജീവിതത്തിന്റെ വർത്തമാനത്തിൽ പരമപ്രാധാന്യമുള്ളതാണ്.
നിശ്ചയമായും ഈ ദൗത്യങ്ങളുടെ നിർവഹണം ലഘുവായ ഒന്നല്ല. രാഷ്ട്രജീവിതവും ജനാധിപത്യസങ്കൽപ്പവും ഭീഷണമായ പരിവർത്തനങ്ങളെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. എങ്കിലും ഇതിലൂടെയല്ലാതെ ഇന്ത്യ എന്ന ആശയത്തെയോ ജനാധിപത്യപരമായ സാമൂഹ്യസങ്കൽപ്പത്തെയോ ആർക്കും ഉയർത്തിപ്പിടിക്കാനാകില്ല. ഇടതുപക്ഷത്തിന്റെ മൗലിക പ്രാധാന്യം കുടികൊള്ളുന്നതും മറ്റൊരിടത്തല്ല.
 

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive