ബാണാസുര
സാഗർ അണക്കെട്ടിന്റെ റിസർവോയറിന്റെ അടിത്തട്ടിൽ ഒരു പട്ടണവും ഒരു
ജീവിതവ്യവസ്ഥയുമുണ്ടായിരുന്നു. ഈ അണക്കെട്ട‌് നിർമിച്ചില്ലെങ്കിൽ
വയനാട്ടിലെ ഒരു പ്രധാനപട്ടണമാകുമായിരുന്നു തരിയോട‌്. മഴ കുറയുകയും കാലവർഷം
അറച്ചു നിൽക്കുകയും ചെയ‌്തപ്പോൾ തരിയോട്ടുകാർ തങ്ങളുടെ ഭൂതകാലത്തിലേക്ക‌്
പുനഃസന്ദർശനം നടത്തുകയാണ‌്. ദശാബ‌്ദങ്ങൾക്കുമുമ്പു കണ്ടു മറന്നവ അവർ
വീണ്ടും കാണുന്നു. വരൾച്ച സമ്മാനിച്ച തരിയോടിന്റെ ഭൂതകാലക്കാഴ‌്ചകൾ
പണ്ടെങ്ങാണ്ടൊരു
നാടുണ്ടായിരുന്നു. ആ നാട്ടിൽ പുഴയും കതിരുനിറഞ്ഞ വയലുമുണ്ടായിരുന്നു.
കൃഷി ചെയ്യാൻ കർഷകരും കതിരുകൊത്താൻ കിളികളും ഉണ്ടായിരുന്നു. കിളികളുടെ
പാട്ട‌് കുട്ടികളേറ്റു പാടി. നടവഴിയിടവഴികളിൽ കളിചിരി പറയാൻ
ചങ്ങാതിമാരുണ്ടായിരുന്നു. ഇന്നാ നാട‌് മരിച്ചേ പോയോ? അതോ കനവായിരുന്നോ?
ചോദ്യം ബാണാസുര മലയിൽ തട്ടി പ്രതിധ്വനിക്കുമ്പോൾ ഉത്തരങ്ങൾ
ജലസമാധിയിലാണ‌്.
ബ്രിട്ടീഷ‌്
പട്ടാളത്തിന്റെയും ടിപ്പുവിന്റെയും കുതിരകൾ കുതിച്ചുപാഞ്ഞ കുതിരപ്പാണ്ടി
റോഡിലൂടെ ഒ ടി വർഗീസ് വീണ്ടും നടന്നു, തന്റെ കന്നുകാലികളെ മേച്ച്.
വെള്ളമിറങ്ങിയ ബാണാസുര സാഗറിന്റെ വൃഷ്ടിപ്രദേശത്തുനിന്നും കൈചൂണ്ടി പറഞ്ഞു
‘ദാ... അവിടെയായിരുന്നു എന്റെ വീട്.’ ഓർമകളുടെ ഓളങ്ങൾ അണക്കെട്ടിന്റെ
ജലമൊഴിഞ്ഞ മൊട്ടക്കുന്നിൻ പരപ്പുകളിലൂടെ സഞ്ചരിച്ചു. തരിയോട് പട്ടണത്തിന്റെ
ശേഷിപ്പുകളോരോന്നായി ആ അങ്ങാടിയിൽ ചുമട്ടുതൊഴിലെടുത്തിരുന്ന വർഗീസ‌്
തിരിച്ചറിഞ്ഞു.
കുടിയേറ്റത്തിന്റെ
വയനാടൻ ചരിത്രമാണ് കാലം രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ കുടിയിറക്കിന്റെ,
കൂട്ടപ്പലായനത്തിന്റെ മറ്റൊരു ചരിത്രമുണ്ട‌് വയനാട്ടിലെ പുരാതന
പട്ടണമായിരുന്ന തരിയോടിന്. വലിപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തെ മണ്ണണ (എർത്ത‌്
ഡാം) യുടെ നിർമാണത്തിനുവേണ്ടി ഒഴിഞ്ഞുപോയ ജനതയുടെ നെടുവീർപ്പുകളും
ശേഷിപ്പുകളും ആ കഥ ഇപ്പോഴും വിളിച്ചുപറയുകയാണ്.
1970കളിലെ തരിയോട് പട്ടണം (ഫയൽ ചിത്രം)
ജലംകൊണ്ട് മുറിവേറ്റ ജനതയുടെ ചരിത്രം
തരിയോട്
എന്ന പട്ടണത്തെയും നൂറുകണക്കിന് കുടുംബങ്ങളെയും വെള്ളത്തിൽ മുക്കിയ
അണക്കെട്ടിന്റെ അടിത്തട്ടുകൾ ഇപ്പോൾ തെളിഞ്ഞുവരികയാണ്. കൊടുംവേനൽ
ജലത്തിന്റെ വില്ലീസുപടുതകൾ നീക്കിയപ്പോൾ പഴയ റോഡുകളും പാലങ്ങളും
വിദ്യാലയവും പൊലീസ് സ്റ്റേഷനും പള്ളിയും അമ്പലവും ആശുപത്രിയുമെല്ലാം
അടിത്തട്ടിൽ തെളിഞ്ഞു. ഒരിക്കൽക്കൂടി ഓർമകൾക്ക് ജീവൻ. അണമുറിയാതെ പെയ്യുന്ന
മഴയിൽ മാത്രമല്ല, കടുത്ത വേനലിലും ബാണാസുര സാഗറിന്റെ ജാലാശയം
നിറഞ്ഞതായിരുന്നു. പ്രളയാനന്തരമുണ്ടായ കാലാവസ്ഥാ മാറ്റവും
വൃഷ്ടിപ്രദേശത്ത‌് മഴ കുറഞ്ഞതും ജലവിതാനം താഴ‌്ത്തി. അപ്പോൾ വെള്ളം മൂടിയ ആ
പഴയ നാട‌് ഉയിർത്തെഴുന്നേറ്റു. ബാണാസുര സാഗറിൽ ഇപ്പോൾ
സഞ്ചാരികളെത്തുന്നത‌് വെള്ളത്തിൽ മുങ്ങിപ്പോയ ഗ്രാമങ്ങളുടെയും
പട്ടണത്തിന്റെയും പൈതൃകംകൂടി തേടിയാണ്. മൈൽകുറ്റി കണ്ട‌് പഴയ റോഡുകളിലൂടെ
നടക്കാം. പാലങ്ങളും കലുങ്കുകളും കടക്കാം. നാമാവശേഷമായ കെട്ടിടങ്ങളുടെയും
വീടുകളുടെയും അടിത്തറയിലിരിക്കാം. ജലത്തിലമർന്നവയിൽ ബ്രിട്ടീഷുകാരുടെ
സ്വർണഖനികളുമുണ്ട്.
ഡാം
വന്നില്ലായിരുന്നെങ്കിൽ ഇന്ന് വയനാട്ടിലെ ഏറ്റവും പ്രധാന പട്ടണങ്ങളിൽ
ഒന്ന് തരിയോടാകുമായിരുന്നു. 19–-ാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ കുടിയേറ്റം
തുടങ്ങി. അതിനുംമുമ്പേ ഗോത്രസംസ‌്കൃതി ആഴത്തിൽ വേരൂന്നിയ നാട‌്. മലബാറിൽ
ബ്രിട്ടീഷ് ആധിപത്യം ഉറപ്പിച്ചതുമുതൽ തരിയോട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ
പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി. കുടിയേറിയവർ കൃഷിയും കച്ചവടവും
തൊഴിലാക്കിയതോടെയാണ് തരിയോട് വളർന്നത്. വ്യാപാരസ്ഥാപനങ്ങളും ചെറുകിടവ്യവസായ
സംരംഭങ്ങളും ആതുരാലയങ്ങളും സർക്കാർ ഓഫീസുകളും ധനസ്ഥാപനങ്ങളുമെല്ലാമായി
അങ്ങാടി സജീവം. പതിനെട്ടോളം എസ്റ്റേറ്റുകളുടെ ആസ്ഥാനം. ഏലം, കാപ്പി,
ഓറഞ്ച്, കുരുമുളക് തോട്ടങ്ങളിലായി ആയിരത്തോളം തൊഴിലാളികൾ. നെല്ല്, രാമച്ചം,
തൈലപ്പുല്ല് തുടങ്ങിയവയും വിളയിച്ചതോടെ കർഷികമേഖല സുഗന്ധം പൂശി.
തൊഴിലാളികൾക്ക് കൂലി ലഭിക്കുന്ന ശനിയാഴ്‌ചകളിൽ പട്ടണത്തിൽ
ഉത്സവപ്രതീതിയായിരുന്നു. ബ്രിട്ടീഷുകാരുടെ ഖജനാവ‌് (ട്രഷറി) അങ്ങാടിക്ക‌്
പ്രൗഢിയേകി. ടിപ്പുവിന്റെ പടയോട്ടങ്ങൾക്കും തരിയോട്ടെ ഗ്രാമങ്ങൾ
സാക്ഷ്യംവഹിച്ചു.
എസ്‌എഎൽപി സ്‌കൂൾ മുറ്റത്തെ കിണർ തെളിഞ്ഞുവന്നപ്പോൾ
ബാണാസുരസാഗറിന്റെ പിറവി
കുറ്റ്യാടി
ജലവൈദ്യുതപദ്ധതിയുടെ വിപുലീകരണത്തിനായി 1969 മുതൽ കെഎസ്ഇബി ഇവിടെ
അണക്കെട്ടിന്റെ സാധ്യതകൾ ആരാഞ്ഞുതുടങ്ങി. തരിയോട് വഴി കബനിയുടെ കൈവഴിയായ
വാരാമ്പറ്റപ്പുഴയിലേക്ക് ഒഴുകിയിരുന്ന കരമാൻതോട് കേന്ദ്രീകരിച്ചായിരുന്നു
സർവേ. പഠനങ്ങൾ പുരോഗമിച്ചു. 1980 മുതൽ സ്ഥലമെടുപ്പ്. മണ്ണിൽ ജീവിതം
വേരാഴ‌്ത്തിനിന്നവർക്ക് ആദ്യമിത് വിശ്വസിക്കാനായില്ല. ഗ്രാമങ്ങളുടെയും
തരിയോട് പട്ടണത്തിന്റെയും ആരവങ്ങൾക്കു മുകളിൽ ജലാശയം ഭീതിയായി.
‘ബാണാസുരസാഗർ കർഷകരക്ഷാസമിതി’ ഉണ്ടായെങ്കിലും അണക്കെട്ട്
വരുമെന്നുറപ്പായതോടെ ഒഴിയാൻ മടിച്ചവരെല്ലാം കുടിയിറങ്ങി. 1984
ആകുമ്പോഴേക്കും ആദ്യഘട്ട സ്ഥലമെടുപ്പ് പൂർണം. രണ്ടു കുന്നുകളെ
ബന്ധിപ്പിച്ച് കരമാൻതോടിനു കുറുകെ മണ്ണണ നിർമാണം തുടങ്ങി. ഇന്ത്യയിലെ
ആദ്യത്തെ മണ്ണണ. വലിപ്പത്തിനും ബാണാസുരനെ തോൽപ്പിക്കാൻ രാജ്യത്ത് വേറെ
എർത്ത‌് ഡാമില്ല.
1306.73
ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുത്തു. 223.40 ഹെക്ടർ വനഭൂമിയും 47 ഹെക്ടർ
റവന്യു ഭൂമിയും പദ്ധതിയുടെ ഭാഗമായി. 1168 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു.
പ്രദേശത്തുണ്ടായിരുന്ന സ‌്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ്, കൃഷിഭവൻ,
ഡിസ‌്പെൻസറി, കാപ്പി ഡിപ്പോ, ക്ഷീരസംഘം തുടങ്ങിയവ മറ്റു പ്രദേശങ്ങളിലേക്ക്
മാറ്റിസ്ഥാപിക്കപ്പെട്ടു. 42 വ്യാപാരസ്ഥാപനങ്ങളും രണ്ട് ചെറുകിടവ്യവസായ
യൂണിറ്റുകളും ലക്ഷംവീട് കോളനികളും ഒഴിപ്പിച്ചു. മൂന്ന് ക്രിസ്‌തീയ ദേവാലയം,
രണ്ട് ക്ഷേത്രം, ഒരു മസ‌്ജിദ‌് എന്നിവയും പൊളിച്ചുമാറ്റി. പൊലീസ് സ്റ്റേഷൻ
ഉൾപ്പെടെ എണ്ണൂറോളം കെട്ടിടങ്ങളും വിസ‌്മൃതിയിലായി. പൊന്നുവിളഞ്ഞ
കൃഷിഭൂമികളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. ഇതോടെ പ്രതാപങ്ങളസ‌്തമിച്ച്
പുരാതനമായ തരിയോട് ഓർമയായി.
വയനാട്‐കോഴിക്കോട്
ജില്ലകളെ ബന്ധിപ്പിച്ചിരുന്ന വൈത്തിരി‐പൊഴുതന‐തരിയോട്‐തരുവണ കുതിരപ്പാണ്ടി
റോഡിന്റെ ഏഴ് കിലോമീറ്ററോളം വെള്ളത്തിനടിയിലായി. ബ്രിട്ടീഷുകാർ തരിയോട്ടെ
ഖജനാവിലേക്ക‌് കുതിരവണ്ടിയിൽ പണം എത്തിച്ചിരുന്നതും ഈ പാത വഴിയായിരുന്നു.
അന്നുമുതൽ റോഡിന‌് കുതിരപ്പാണ്ടി റോഡ‌് എന്നുപേർ. ഗ്രാമീണ റോഡുകളും
വെള്ളത്തിനടിയിലായി.
ആറു
വർഷംകൊണ്ട് അണക്കെട്ട് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ.
പിന്നീട് മൂന്ന് മീറ്റർകൂടി ഡാമിന്റെ ഉയരം വർധിപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ സ്ഥലമെടുപ്പ് നടപടികൾ നീണ്ടു. കേസുമായി. പിന്നീട് 22 വർഷത്തിനുശേഷം
2004ൽ ഭാഗികമായും 2005ൽ പൂർണമായും അണക്കെട്ട് കമീഷൻ ചെയ‌്തു.
‘ദാ... അവിടെയായിരുന്നു എന്റെ വീട്...’ ഒ ടി വർഗീസ്
സ‌്മിത്ത‌് സായിപ്പിന്റെ ആത്മഹത്യ
കുതിരപ്പാണ്ടി
റോഡ് വികസിപ്പിച്ചതോടെ ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പനി ബ്രിട്ടണിൽനിന്ന‌്
തരിയോട് പ്രദേശങ്ങളിൽ സ്വർണഖനനത്തിനെത്തി. സ്‌മിത്ത് എന്ന
ബ്രിട്ടീഷുകാരനായിരുന്നു മാനേജിങ് ഡയറക്ടർ. ഖനനം വിജയകരമല്ലാതായതോടെ കമ്പനി
പ്രവർത്തനം നിലയ‌്ക്കുമെന്നായി. പങ്കാളികൾ പിണങ്ങുമെന്നു കണ്ടപ്പോൾ കമ്പനി
പുനരുജ്ജീവിപ്പിക്കാനായി സ്‌മിത്ത് ദക്ഷിണാഫ്രിക്കയിൽനിന്നു ശേഖരിച്ച
സ്വർണം തരിയോട്ടെ കമ്പനിയിൽ ഉൽപ്പാദിപ്പിച്ചതാണെന്ന വ്യാജേന അവരെ കാണിച്ച്
ബോധ്യപ്പെടുത്തി പണം വാങ്ങി ഇന്ത്യയിലെത്തി. എന്നിട്ടും നഷ്ടം
നികത്താനാകാതെ വന്നതോടെ സ്ഥാപനം ഡൈനാമിറ്റ് വച്ച‌് തകർത്ത് സ്‌മിത്ത് സ്വയം
വെടിയുതിർത്ത് മരിച്ചു. ഈ ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും
ഇവിടെയുണ്ട്. ഖനനപ്രദേശങ്ങങ്ങൾ പലതും അണക്കെട്ടിനടിയിലായി. സ്‌മിത്ത്
ഖനനത്തോടൊപ്പം അക്കാലത്ത് നടത്തിയിരുന്ന സ്‌മിത്ത് എസ്റ്റേറ്റ്
അനന്തരാവകാശിയായ ലേഡി സ്‌മിത്തിനു ലഭിച്ചെങ്കിലും നികുതി കുടിശ്ശിക
തീർക്കാനാകാതെ ഇംഗ്ലണ്ടിലേക്ക‌് മടങ്ങി. എസ്റ്റേറ്റ് പിന്നീട് സർക്കാർ
ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. ഇന്നും ഇത് ലേഡി സ്‌മിത്ത് വനം
എന്നാണ് അറിയപ്പെടുന്നത്. കുടിയൊഴിഞ്ഞ കർഷകരും കുറിച്യ തറവാടുകളിൽ ഉള്ളവരും
ഉപേക്ഷിച്ച കന്നുകാലികൾ ലേഡി സ്‌മിത്തിൽ അഭയംപ്രാപിച്ചെന്നും
വാമൊഴിയുമുണ്ട‌്.
തരിയോട‌് എസ‌്എഎൽപി
അണക്കെട്ടിൽ
മൂടിയ എസ്എഎൽപി സ്‌കൂളിന്റെ അവശിഷ്ടങ്ങളും വെള്ളംമിറങ്ങിയപ്പോൾ ഇവിടെ
തെളിഞ്ഞുകാണാം. സ‌്കൂൾ മുറ്റത്തെ കിണർ അതേപടിയുണ്ട്, കെട്ടിടത്തിന്റെ
തറയും. ഏകാധ്യാപക വിദ്യാലയമായായി 1950ൽ ആയിരുന്നു എസ്എഎൽപിയുടെ തുടക്കം.
പുല്ല‌് മേഞ്ഞ ഷെഡിൽ തുടങ്ങിയ വിദ്യാലയം പിന്നീട‌് പതിയെ ഓടിട്ട രണ്ട‌്
കെട്ടിടങ്ങളിലായി. കുടിയേറ്റ കർഷകരുടെയും ഗോത്രവിഭാക്കാരുടെയും
മക്കളായിരുന്നു വിദ്യാർഥികളിൽ ഏറെയും. കുടിയിറങ്ങൽ അനിവാര്യമായപ്പോൾ
സ‌്കൂൾ പൊളിച്ച‌് തരിയോട‌് പത്താം മൈലിലേക്ക‌് മാറ്റി സ്ഥാപിച്ചു.
അഞ്ഞൂറോളം വിദ്യാർഥികളാണ‌് അന്നവിടെ പഠിച്ചിരുന്നത‌്.
കുതിരപ്പാണ്ടി റോഡിലെ മൈൽക്കുറ്റി
മാരിയമ്മൻ ക്ഷേത്രം
തരിയോട്ടെ
ജനതയയുടെ മതസൗഹാർദത്തിന്റെയും സ‌്നേഹത്തിന്റെയും അടയാളമായിരുന്നു ടൗണിലെ
മാരിയമ്മൻ ക്ഷേത്രം. ഉത്സവത്തിന‌് ജാതിമത ഭേദമെന്യേ ആളുകൾ
ഒഴുകിയെത്തുമായിരുന്നു. നാടിന്റെയാകെ ആഘോഷമായിരുന്നു. ഇതരനാടുകളിൽനിന്നുവരെ
ആളുകൾ എത്തും. ബാണാസുരസാഗറിനായി ഈ കോവിലും പൊളിച്ചുമാറ്റി.
ക്ഷേത്രത്തിന്റെ തറയും അതിനരികലെ ചെറിയ ആൽമരവും ഇപ്പോൾ കാണാം.
ഓർമകൾ അണപൊട്ടി സംഗമം
അണക്കെട്ടിനായി
പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച‌് പലായനം ചെയ്യേണ്ടിവന്നവർ
മൂന്നരപ്പതിറ്റാണ്ടിനുശേഷം ഒത്തുകൂടി. രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും
മല്ലടിച്ച് കരുപ്പിടിപ്പിച്ച ജീവിതം കേരളത്തിന‌് വെളിച്ചം നൽകാൻ
സമർപ്പിച്ചവരുടെ കൂടിച്ചേരൽ 2017 മെയ‌് പതിനാലിനായിരുന്നു. അണകെട്ടി
നിർത്താൻ കഴിയാത്ത സ‌്നേഹ പ്രവാഹത്തിലവരൊഴുകി. വെള്ളത്തിനടിയിലായിപ്പോയ
എസ‌്എൽപിക്ക‌് പകരം പത്താംമൈലിൽ നിർമിച്ച സ‌്കൂളിലെ സംഗമത്തിന‌് വിവിധ
ജില്ലകളിലേക്കും പ്രദേശങ്ങളിലേക്കും ചിതറിക്കപ്പെട്ട രണ്ടായിരത്തോളം
പേരെത്തി. കാലത്തിനൊപ്പം മാഞ്ഞുതുടങ്ങിയ ഓർമകളിലൂടെ സഞ്ചരിച്ചു. അവർ
പങ്കുവച്ച ഓർമകളുടെ അടയാളങ്ങളാണ‌് ഇപ്പോൾ തെളിഞ്ഞുവന്നത‌്.
സഞ്ചാരികളുടെ സ്വർഗം
ബാണാസുര
സാഗർ ഇന്ന‌് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. മഴയെന്നോ, വേനലെന്നോ
വ്യത്യാസമില്ലാതെ ഈ ടൂറിസം കേന്ദ്രം ആഭ്യന്തര, വിദേശ സഞ്ചാരികളെ
ആകർഷിക്കുകയാണ്. പ്രകൃതിരമണീയമാണ‌് അണക്കെട്ടിന്റെ തീരം. കടൽപേലെ പരന്ന
ജലാശയവും ചെറുദ്വീപുകളും ബാണാസുരമലയുമെല്ലാം മനംമയക്കുന്ന കാഴ്‌ചകൾ. ബോട്ട്
സവാരിയും പാർക്കും നാണയ ഗ്യാലറിയും കുതിരസവാരിയുമെല്ലാം
ഒരുക്കിയിട്ടുണ്ട്. കുറഞ്ഞകാലംകൊണ്ട് സംസ്ഥാനത്തെ മികച്ച ഹൈഡൽ ടൂറിസം
കേന്ദ്രമായി ബാണാസുര സാഗർ വളർന്നു. നിത്യേന ആയിരക്കണക്കിനുപേരാണ്
എത്തുന്നത്. ലക്ഷങ്ങളുടെ വരുമാനമാണ‌് പ്രതിമാസം ലഭിക്കുന്നത‌്.
അണക്കെട്ടിന്റെ മുകളിൽനിന്നുള്ള മഴക്കാഴ്ചകൾ മറക്കാനാവില്ല. ഒപ്പം ഒ ടി
വർഗീസിനെ പോലുള്ളവരുടെ തരിയോടിടത്തിന്റെ ഓർമകൾക്കും ജലസമാധിയില്ല.