അമ്പതു വർഷം മുമ്പ്
1969
മെയ് 16ന് മാതൃഭൂമിയിൽ ഒറ്റക്കോളത്തിൽ ഒരു വാർത്ത. ‘ഒരു നല്ല
ചിത്രകാരിയായിരുന്ന ശ്രീമതി ടി കെ പത്മിനി (കാടഞ്ചീരി പത്മിനി)
പ്രസവസംബന്ധമായ അസുഖം നിമിത്തം ഞായറാഴ്ച നിര്യാതയായി'.
കുറ്റിപ്പുറത്തുനിന്ന്
മെയ് 15ന് റിപ്പോർട്ട് ചെയ്ത ആ വാർത്തയിൽ പത്മിനിയുടെ പ്രായം 23.
എന്നാൽ, മരിക്കുമ്പോൾ ടി കെ പത്മിനിക്ക് ഇരുപത്തിയൊമ്പത്
വയസ്സായിരുന്നു.
കഴിഞ്ഞ
ഞായറാഴ്ച, മെയ് 12ന്, ടി കെ പത്മിനിയുടെ അമ്പതാം ചരമനാളിൽ
കുറ്റിപ്പുറത്ത് നിളയോടുചേർന്ന് പുതുതായി പണികഴിപ്പിച്ച ടി കെ പത്മിനി
ഓപ്പൺ ഓഡിറ്റോറിയത്തിനു സമീപം നിൽക്കുമ്പോൾ അന്ന് വാർത്തയെഴുതിയ പ്രാദേശിക
ലേഖകനെപ്പറ്റി വെറുതെ ഓർത്തു. എന്തുകൊണ്ടായിരിക്കാം ആ ലേഖകൻ വാർത്തയോടൊപ്പം
കാടഞ്ചീരി പത്മിനി എന്ന് ബ്രാക്കറ്റിൽ എഴുതിയിട്ടുണ്ടാവുക. അന്ന് വേറെയും
പത്മിനിമാർ (വരയ്ക്കുവാനായി പൊന്നാനിയിലോ കുറ്റിപ്പുറത്തോ എടപ്പാളിലോ
ഉണ്ടായിരുന്നുവോ..?) അതോ കാടഞ്ചീരി ഭാഗത്തുനിന്ന് വന്ന് പ്രശസ്തയായ
ചിത്രകാരി എന്ന നിലയിൽ എളുപ്പത്തിൽ വായനക്കാർക്കും നാട്ടുകാർക്കും
അറിയുന്നതിനുവേണ്ടിയായിരിക്കുമോ കാടഞ്ചീരി പത്മിനി എന്നു പ്രത്യേകം
കൊടുത്തത്. അറിയില്ല. അതൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സാധിക്കുന്നവർ ഇന്ന്
നാട്ടിലും കുടുംബത്തിലും അധികം ഇല്ല.
അമ്മാമയുടെ കണ്ണീരോർമ
പത്മിനിയെക്കുറിച്ച്
എന്തുചോദിച്ചാലും പറഞ്ഞുതരുമായിരുന്ന ആൾ കഴിഞ്ഞ നവംബർ 11ന് ലോകം
വിട്ടുപോയി. മരുമകളെ ഓർമിച്ചോർമിച്ച് നിരന്തരമായി പൊഴിയുന്ന കണ്ണീരിന്റെ
പേരായിരുന്നു ടി കെ ദിവാകരമേനോൻ. ഞാൻ ചെന്നു കാണുമ്പോഴെല്ലാം അദ്ദേഹം
പത്മിനി എന്ന് ഉച്ചരിച്ചതിനുശേഷം കരയുകയായിരുന്നു പതിവ്. അഭിമുഖം
വീഡിയോയിൽ റെക്കോഡ് ചെയ്യുമ്പോൾ പലപ്പോഴും നിശ്ശബ്ദനായി. ചുണ്ടുകൾ
സന്താപത്താൽ വിറയ്ക്കുകയും കണ്ണുകൾ നിറയുകയും ചെയ്തു. അവസാനകാലത്ത്
ഓർമയുടെ അറകൾക്ക് ബലക്ഷയം വന്നിരുന്നു, എന്നിട്ടും.
ഓർമിക്കാതിരിക്കാനാകുന്നില്ല പത്മിനിയെ. ഓർക്കുമ്പോൾ നഷ്ടപ്പെട്ട
വലുപ്പത്തെക്കുറിച്ചോർത്ത് ദുഃഖിക്കാതിരിക്കാനുമാകുന്നില്ല. അതായിരുന്നു
പത്മിനിയുടെ അമ്മാവനായിരുന്ന ദിവാകരമേനോൻ. കാണാതെപോയ പത്മിനിച്ചിത്രങ്ങൾ
വീണ്ടെടുക്കാനായി പരാതികളുമായി ഒൗദ്യോഗികമണ്ഡലങ്ങളിൽ കയറിയിറങ്ങിയ,
പത്മിനിച്ചിത്രങ്ങൾക്ക് സ്ഥിരമായ ഇരിപ്പിടമൊരുക്കാൻ
സാംസ്കാരികവകുപ്പിനോടും സർക്കാരിനോടും സഹായമഭ്യർഥിച്ച് അത് സഫലമാക്കിയ,
മരുമകൾക്കായി ഇരിപ്പുറയ്ക്കാതെ അലഞ്ഞ അമ്മാമ. പത്മിനിയെക്കുറിച്ച്
സിനിമയെടുക്കുന്നതിന്റെ പ്രാരംഭമായി അമ്മാമയെ അഭിമുഖം ചെയ്തിറങ്ങുമ്പോൾ
എന്റെ ക്യാമറാമാൻ മനേഷ് മാധവൻ ചോദിച്ചു.
"നമ്മളാദ്യം ആരെക്കുറിച്ചാണ് സിനിമയെടുക്കേണ്ടത്, ദിവാകരമേനോനെക്കുറിച്ചോ പത്മിനിയെക്കുറിച്ചോ..?'
ശരിയാണ്.
ആ ആശയക്കുഴപ്പം എല്ലായിപ്പോഴും മുന്നിലുണ്ടാകും പത്മിനിയെ തിരക്കിവരുന്ന
ആരിലും. ദിവാകരമേനോന്റെ ഉത്സാഹമില്ലെങ്കിൽ ടി കെ പത്മിനിയില്ല. ടി കെ
പത്മിനിയില്ലെങ്കിൽ ദിവാകരമേനോനുമില്ല.
തന്നെക്കാൾ
മൂന്ന് വയസ്സിനിളയ മരുമകൾ തനിക്ക് മരുമകളായിരുന്നില്ല മകളായിരുന്നു എന്ന്
അദ്ദേഹം എല്ലാവരോടും പറഞ്ഞിട്ടുണ്ട്. മരുമക്കത്തായത്തിന്റെ
സൗഭാഗ്യങ്ങളിലൊന്നായിരുന്നു ആ മൈത്രി എന്നു കരുതാനാകില്ല. അത് കലയുടെ
അനുഗ്രഹീതവഴികൾ തിരിച്ചറിഞ്ഞ ഒരു കലാസ്വാദകന്റെ നിറസ്നേഹം
കൂടിയായിരുന്നു. അല്ലെങ്കിൽ കുഞ്ഞിലേ വരച്ചുതുടങ്ങിയ പത്മിനിയെ സവിശേഷമായി
ശ്രദ്ധിക്കാൻ അദ്ദേഹത്തിനു സാധിക്കില്ലായിരുന്നു.
വരയുടെ പൊന്നാനിച്ചിട്ട
ടി കെ പത്മിനിയുടെ ഒരു പെയിന്റിങ്
ചരമവാർത്തയിൽ
‘കാടഞ്ചീരി' എന്നാണെഴുതിയിട്ടുള്ളതെങ്കിലും ഇപ്പോളെല്ലാവരും കാടഞ്ചേരി
എന്നു വിളിക്കുന്ന ഗ്രാമം പഴയ പൊന്നാനി താലൂക്കിലാണ്. എടപ്പാൾ
ചുങ്കത്തുനിന്ന് തിരിയുന്ന വഴി പണ്ട്, പത്മിനി മരിച്ചടർന്നുപോയ അമ്പത്
വർഷംമുമ്പ് വയലുകൾക്കും പറമ്പുകൾക്കും നടുവിലൂടെ നീളുന്ന ഒറ്റയടിപ്പാത.
പൊന്നാനിയിൽനിന്ന് വരുന്ന വഴിയും അങ്ങനെതന്നെ. ഇന്ന് ആ രണ്ടു
ചവിട്ടടിപ്പാതകളുടെയും ദിശ മാറിയിട്ടുണ്ട്. അന്ന്, ഇരുവഴികളും വന്നു
മുട്ടിയിരുന്ന തൊഴുക്കാട്ട് കാടഞ്ചേരി തറവാടും ഇന്നില്ല. അതിനോടുചേർന്ന്
തറവാട്ട് വളപ്പിലുണ്ടായിരുന്ന കുളവും കാവും മറ്റ് അമ്പലങ്ങളും ഇന്നുമുണ്ട്.
പത്മിനിക്ക് പ്രിയപ്പെട്ട ആലങ്ങോട്ട് കാവും. ഓടിട്ട വീടുകളും പിന്നീട്
കോൺക്രീറ്റ് പൊതിഞ്ഞ വീടുകളും നിറയെ ഉയർന്നുവന്നിട്ടും പത്മിനി ജീവിച്ചു
മരിച്ച ദേശത്തിന്റെ തനിമ ഇന്നുമവിടെ കാണാം. ചെറിയ വഴികൾ, നീർച്ചാലുകൾ,
കുളങ്ങൾ, വയലുകൾ, വിസ്തൃതമായ ആകാശങ്ങൾ, വിചിത്രരൂപികളായ വൃക്ഷങ്ങൾ, പിന്നെ
പലതരം പാമ്പുകളും പക്ഷികളും.. അന്ന് മേൽക്കൂരയില്ലാത്ത അമ്പലങ്ങളായിരുന്നു
ചുറ്റിനും. അമ്പലമുറ്റത്തോ പറമ്പിലോ അനാഥമായിരിക്കുന്ന കൽവിളക്കുകളും
കാണാം. അക്കാലത്ത് നായർവീടുകളിൽ പതിവുണ്ടായിരുന്ന സാധാരണഭക്തിക്കപ്പുറം
പത്മിനിക്ക് ഭക്തിയോ അമിതാരാധനയോ ഉണ്ടായിരുന്നതായി അറിയില്ല. കേട്ടറിവിൽ
ലളിതവസ്ത്രധാരിയായിരുന്നു പത്മിനി എന്ന പെൺകുട്ടി. മിതഭാഷിയായി,
തന്നിലേക്ക് ഒതുങ്ങി, സാഹചര്യങ്ങളോട് സമരസപ്പെട്ട് ജീവിച്ചുവന്ന പെൺകുട്ടി.
അവളെങ്ങനെ ചിത്രകാരിയായി? പൂർവികരുടെ ഏതോ ഞരമ്പുകളിൽ വരയുടെ ഒരു
രക്തച്ചാല് ഒഴുകിയിട്ടുണ്ടാകണം. അത് പത്മിനിക്കായി 1940 മെയ് 11 ന് ഒമ്പത്
മാസംമുമ്പേ വന്നുചേർന്നിട്ടുണ്ടാകണം. പത്മിനിയുടെ അച്ഛൻ ദാമോദരൻനായരും അമ്മ
അമ്മുഅമ്മയും അത് അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. വരയുടെ പരമാനുഗ്രഹത്തിന്റെ
കൈത്തലം അവരുടെ മകളുടെ നെറുകയിൽ പതിഞ്ഞത് അദൃശ്യമായിട്ടാകാം. പത്മിനി
പിറന്ന നിമിഷങ്ങളെ ഞാൻ വിചാരിക്കുന്നത് അദൃശ്യരൂപികളുടെ ഒരു സംഘം കീർത്തനം
പാടുന്ന സന്ദർഭമായിട്ടാണ്. കുഞ്ഞ് വളരുന്ന ഒാരോ ദിക്കിലും നിമിഷത്തിലും
അവർ, ദേവകളോ മായാരൂപികളോ ആയി കൂടെ നിന്നിട്ടുണ്ടാകണം. അല്ലെങ്കിൽ
തോടുകളെയും പാടങ്ങളെയും തവളകളെയും പ്രാണികളെയും ആകാശങ്ങളെയും ആനകളെയും
ഉത്സവങ്ങളെയും ഇത്ര ദൃഢമായി മനസ്സിൽ പതിപ്പിക്കാൻ ഒരു കുഞ്ഞിനെങ്ങനെ
സാധിക്കും.
ചിത്രകലയുടെ അദൃശ്യഹസ്തം
പത്മിനി
നാലുവരെ പഠിച്ച സ്കൂൾ ഇപ്പോഴുമുണ്ട് കാടഞ്ചേരിയിൽ. അവിടെ വച്ചാണത്രേ
ചിത്രകലയുടെ അദൃശ്യശക്തി പത്മിനിയെ വന്നു ഇടയ്ക്കിടെ തൊടുന്നുണ്ടെന്ന്
അധ്യാപകൻ അറിയുന്നത്. പിന്നീടാണ് പൊന്നാനി അച്യുതവാരിയർ ഹൈസ്കൂളിൽ
പഠിക്കാനായി പത്മിനി ചേരുന്നത്. അവിടെ വച്ച് ദേവസി കാട്ടൂക്കാരൻ എന്ന
ചിത്രകലാധ്യാപകൻ ടി കെ പത്മിനിയിലെ പ്രതിഭയെ ഒതുങ്ങിനിൽക്കാനനുവദിക്കാതെ
കൂട്ടിപ്പിടിക്കുന്നു. പിന്നീട് മദ്രാസ് സ്കൂൾ ഓഫ് ആർട്സ് ആൻഡ്
ക്രാഫ്റ്റ്സിൽനിന്ന് പഠിച്ചുവന്ന പൊന്നാനിക്കാരൻ വാസുദേവൻ നമ്പൂതിരി എന്ന
ആർട്ടിസ്റ്റ് നമ്പൂതിരി, ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന വലിയ കവി,
പൊന്നാനിയിലെ കൃഷ്ണപ്പണിക്കർ വായനശാലയിൽ ഇടശ്ശേരിയെ കാണാൻ ഒത്തുകൂടിയിരുന്ന
പ്രഗത്ഭരുടെ നിര, അവരോടൊപ്പം സജീവമായുണ്ടായിരുന്ന ദിവാകരമേനോൻ എന്ന
കലാസ്വാദകനായ അമ്മാവൻ, മദിരാശിയിലുണ്ടായിരുന്ന എം ഗോവിന്ദൻ, എം വി ദേവൻ,
മദിരാശിയിലെ പഠനകാലത്ത് പ്രിൻസിപ്പലായും ഗുരുവായും ഒപ്പമുണ്ടായിരുന്ന കെ സി
എസ് പണിക്കർ. സഹപാഠികളായും സമകാലികരുമായി മദിരാശിയിലുണ്ടായിരുന്ന സി എൻ
കരുണാകരൻ, അക്കിത്തം നാരായണൻ, കാനായി കുഞ്ഞിരാമൻ, എസ് ജി വാസുദേവ്, കെ വി
ഹരിദാസൻ, ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ തുടങ്ങി ജീവിത സഖാവായി തീർന്ന
കെ ദാമോദരൻവരെ.
പത്മിനിയെ വീണ്ടെടുക്കുമ്പോൾ
ഇരുപത്തിയൊമ്പത്
വർഷങ്ങൾ കടന്നുപോയത് ഇങ്ങനെയാണ്. കുറ്റിപ്പുറം പാലത്തിനോടുചേർന്ന് മിനി
പമ്പ എന്നു പേരുകിട്ടിയ കടവിനോട് ചേർന്നാണ് ഇന്ന് ടി കെ പത്മിനിയുടെ പേരിൽ
ഒരു തുറന്ന വേദിയുള്ളത്. സ്ഥലം എംഎൽഎ കെ ടി ജലീലിന്റെ ഉത്സാഹത്തിൽ
ഉയർന്നുവന്ന സ്മാരകവേദി. നിളയിലെ കാറ്റിനെ തലോടി പത്മിനിയുടെ പേരിട്ട
വേദിയിൽ നിൽക്കുമ്പോൾ എല്ലാ ഭാവി പദ്ധതികളും അർധോക്തിയിൽ നിർത്തി
അവിചാരിതമായി ചരമമടയേണ്ടിവന്ന പത്മിനിയിലായിരുന്നു എന്റെ മനസ്സ്. ഇന്ന്,
കേരളം പത്മിനിയെ തിരിച്ചറിയുന്നു. തിരികെ വിളിക്കുന്നു. പത്മിനി
അവശേഷിപ്പിച്ചുപോയ ഇരുന്നൂറ്റമ്പതിലേറെ ചിത്രങ്ങളിലേക്ക് കലാലോകം
കുതിച്ചുചെല്ലുന്നു. പക്ഷേ, വലിയൊരു കാലം പത്മിനി ഇരുളിലായിരുന്നു.
മെയ്
9 മുതൽ 12 വരെ കുറ്റിപ്പുറത്തുവച്ച് കേരള ലളിതകലാ അക്കാദമിയും ടി കെ
പത്മിനി മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായാണ് അമ്പതാം ചരമവാർഷികവും ടി കെ
പത്മിനി പുരസ്കാരവിതരണവും നടത്തിയത്. അതിനോടനുബന്ധിച്ച് കേരളത്തിലെ എല്ലാ
ജില്ലയിൽനിന്നും തെരഞ്ഞെടുത്ത മുപ്പത്തിയഞ്ചോളം ചിത്രകാരികൾ പങ്കെടുക്കുന്ന
ചിത്രകലാക്യാമ്പും നടന്നു. ക്യാമ്പിൽ പങ്കെടുത്തവരിൽ നന്നേ പ്രായം
കുറഞ്ഞവരുണ്ടായിരുന്നു. പ്രായമുള്ളവരുമുണ്ടായിരുന്നു. ആരംഭകാലത്ത് സാധാരണ
കുട്ടികളെപ്പോലെ വരച്ചിരുന്ന ചിത്രകാരിയായിരുന്നു പത്മിനിയെന്ന് നമ്പൂതിരി
ഓർത്തുപറയുന്നുണ്ട്. ക്ലാസിൽ വരപ്പിച്ച ഒരു ‘മത്തങ്ങ'യിലെ അസാധാരണത്വമാണ്
ദിവാകരമേനോൻ എന്ന അമ്മാവനെ തേടിച്ചെല്ലാനും പത്മിനിയെ വര തന്നെ
പഠിപ്പിക്കാനും പ്രേരിപ്പിക്കാൻ തുണച്ചതെന്ന് കെ എൽ ദേവസി എന്ന അധ്യാപകൻ
പറഞ്ഞതായി സി രാധാകൃഷ്ണൻ അനുസ്മരിക്കുന്നുണ്ട്. മദിരാശിയിലെത്തുമ്പോഴാണ്
ശീലിച്ച രീതികളെയും ശൈലികളെയും മാറ്റിപ്പണിയാൻ, യഥാർഥ പ്രതിഭയെ
പുറത്തെടുക്കാൻ പത്മിനിക്ക് സാധിക്കുന്നത്. വാൻഗോഗിന്റെയും പോൾ ഗോഗിന്റെയും
മാർക്ക് ഷാഗാലിന്റെയും ചിത്രങ്ങളുടെ സ്വാധീനം, പോസ്റ്റ് ഇംപ്രഷണിസ്റ്റ്
ചിത്രകലാശൈലിയോടുള്ള അതിപരിചയം, കെ സി എസ് പണിക്കർ പരിചയപ്പെടുത്തിയ ആധുനിക
ചിത്രകലയോടുള്ള അമ്പരപ്പിക്കുന്ന മാനസികചേർച്ച. പത്മിനി വളർച്ചയിലേക്ക്
കുതിക്കുന്നത് മദിരാശിക്കാലത്താണ്.
രേഖകളിലെ
ദൃഢതയാണ് പത്മിനിച്ചിത്രങ്ങളുടെ സവിശേഷതയെന്ന് എല്ലാവരും പറയും. അത്
ഡ്രോയിങ്ങുകളിലും പെയിന്റിങ്ങുകളിലും ഒന്നുപോലെ കാണാം. രേഖകളുടെ
കറുത്തനിറസ്വാധീനത്തിൽനിന്ന് ഏറെക്കുറെ കുതറുന്ന, അമൂർത്തചിത്രകലയുടെ
ലയവിന്യാസത്തിലേക്ക് പാദംവയ്ക്കുന്ന ഒരു മുതിർച്ച പത്മിനിയിൽ കാണാമെങ്കിൽ
അത് അവസാനമായി വരച്ച കടൽക്കരയിലെ പട്ടവുമായി കളിക്കുന്ന കുട്ടി എന്ന
ചിത്രത്തിലായിരിക്കും. അതിൽ തീക്ഷ്ണവർണങ്ങളും അവയുടെ സുഖദമായ ലയനവുമുണ്ട്.
മഞ്ഞയും ഓറഞ്ചും ചുവപ്പും നിറങ്ങൾ തീർത്ത ആകാശത്ത്, അസ്തമയരവിയുടെ
സ്വച്ഛന്ദശാന്തിയിൽ മാനത്തേക്ക് പറക്കാൻ വെമ്പുന്ന പട്ടവുമായി നിൽക്കുന്ന
കുട്ടി എന്ന ഇമേജിൽ പത്മിനി ഒളിപ്പിക്കാൻ ശ്രമിക്കുന്നതെന്താവും.
എന്തെല്ലാം വ്യാഖ്യാനങ്ങൾ നൽകാൻ നമുക്ക് സാധിക്കുമെങ്കിലും അവ രേഖകളുടെ
തടവറയിലകപ്പെട്ടുപോയ പത്മിനിയുടെ ആശയങ്ങളുടെ കുതറിമാറലാണെന്നു
മനസ്സിലാക്കാം. ദുഃഖച്ഛായ കലർന്ന, തമോഭാവമാർന്ന വിഷയങ്ങളുടെ സ്വാധീനം
എവിടെയോ നഷ്ടമാകുന്നതും പുതിയ ആശയതലങ്ങളിൽ അവ പ്രവൃത്തിപഥത്തിലെത്തുന്നതും
അവസാനത്തെ ചിത്രത്തോടെയാണ്. പത്മിനിയുടെ അവസാനത്തെ ചിത്രം അവർ പിന്നീടും
ജീവിച്ചിരുന്നുവെങ്കിൽ മറ്റൊരു ശൈലീകാലത്തിന്റെ ആരംഭമാകുമായിരുന്നു.
ക്യാമ്പിലെത്തിയ പെൺവരക്കാർ നെടുവീർപ്പിട്ടു പിന്നെയും പിന്നെയും. കാലമേ
മാറുന്നുള്ളൂ. ചിത്രകാരികളുടെ തടവറ പൊളിഞ്ഞിട്ടില്ല. കേരളം
വരക്കാരികൾക്കായി മുതിർന്നിട്ടില്ല. അഞ്ച് പതിറ്റാണ്ട് മുമ്പ് നൂതന
ചിത്രകലാപ്രവണതകളെ നോക്കി പതുങ്ങിനിന്ന കേരളത്തിനെ ധീരമായി നേരിട്ടാണ്
തന്റെ കലാവിഷ്കാരങ്ങൾ പത്മിനി നിർവഹിച്ചത്. അതിലും കാണാം
തെങ്ങുചാരിനിൽക്കുന്ന നാടൻ കന്യകയുടെ നെടുവീർപ്പുകൾ. അതേ നെടുവീർപ്പുകളാണ്
പത്മിനിയെ കൂടുതലറിയുമ്പോൾ പുതുകാലവരക്കാരികളും പുറത്തെടുക്കുന്നത്.
തടവറയുടെ അദൃശ്യമതിലുകളെ പക്ഷേ പത്മിനി വരച്ച് പൊളിച്ചുകളഞ്ഞു. (അടിവയറ്
അമർത്തി നിലത്തുകിടക്കുന്ന സ്ത്രീ ഒതുക്കിപ്പിടിക്കുന്നതെന്തോ അത് നിലാവ്
നോക്കി മുലകളുയർത്തി നിൽക്കുന്ന സ്ത്രീ പൊളിച്ചുകളയുന്നുണ്ട്. അങ്ങനെ
പൊളിക്കാനുള്ളതോ സ്ത്രീയെ വെളിപ്പെടുത്താനുള്ളതോ ആയ ധൈര്യം പത്മിനി
കാണിച്ചത് തികച്ചും യാഥാസ്ഥിതികമായ കേരളീയമണ്ണിൽ നിന്നായിരുന്നുവെന്ന് നാം
ഓർക്കണം.)
ടി കെ പത്മിനിയുടെ അമ്മാവന് ടി കെ ദിവാകരമേനോനൊപ്പം പത്മിനി സിനിമ ചിത്രീകരണ വേളയിൽ സുസ്മേഷ് ചന്ത്രോത്ത്
അഞ്ച്
പതിറ്റാണ്ടിനുള്ളിൽ ടി കെ ദിവാകരമേനോൻ കഴിഞ്ഞാൽ തൊഴുക്കാട്ട് കാടഞ്ചേരി
തറവാട്ടിൽ പത്മിനിയെ ഓർമിക്കാനും ഓർമിപ്പിക്കാനുമായി ഒരാളുണ്ടായത് ടി കെ
ഗോപാലനാണ്. അദ്ദേഹത്തിന്റെ അമ്മയുടെ അനുജത്തിയാണ് പത്മിനി.
അദ്ദേഹമുള്ളതുകൊണ്ട് കെ പി രമേഷ് എഴുതിയ ‘ടി കെ പത്മിനി: കലയും കാലവും'
എന്ന പുസ്തകമുണ്ടായി. www.tkpadminipainter.org എന്ന വെബ്സൈറ്റുണ്ടായി.
വർഷാവർഷം ടി കെ പത്മിനി പുരസ്കാരം നൽകണം എന്ന ആശയവും നിർബന്ധവുമുണ്ടായി.
എനിക്ക് സംവിധാനം ചെയ്യാൻ അവസരം കിട്ടിയ ‘പത്മിനി' എന്ന സിനിമയുണ്ടായി.
മൂന്ന് വർഷംമുമ്പ് കൊൽക്കത്തയിൽ വച്ച് കാണുമ്പോൾ ഗോപാലേട്ടൻ പറഞ്ഞത്
ഇങ്ങനെയാണ്.
‘‘ചെറിയമ്മ,
മരണപ്പെട്ടിട്ട് നാളുകളായി. അമ്മാമ (ദിവാകരമേനോൻ) ആരോഗ്യത്തോടെ ജീവിച്ച
കാലത്ത് ചെയ്യാവുന്നതെല്ലാം പത്മിനിക്കുവേണ്ടി ചെയ്തു. ഇപ്പോൾ അമ്മാമയുടെ
ഓർമ മങ്ങിത്തുടങ്ങി. അമ്മാമയെ കണ്ട് അന്നത്തെ ഓർമകളെല്ലാം റെക്കോഡ് ചെയ്ത്
അതൊരു ഡിജിറ്റൽ ഡോക്യുമെന്റേഷനാക്കണം.''
കെ
പി രമേഷിനോട് പുസ്തകമെഴുതാൻ പറഞ്ഞതുപോലെ മറ്റൊരു മാധ്യമത്തിൽ എന്നോടും
പത്മിനിയുടെ ജീവിതത്തെയും കാലത്തെയും പകർത്തിയെടുക്കാൻ പറയുകയായിരുന്നു
അദ്ദേഹം. അതിനെ ഒരു ജീവചരിത്രസിനിമയുടെ വലുപ്പത്തിലേക്ക് വളർത്തുകയാണ്
പിന്നീട് ഞാൻ ചെയ്തത്. ടി കെ പത്മിനി സ്മാരക ട്രസ്റ്റിന് സിനിമ
നിർമിക്കാനുള്ള സാമ്പത്തികശക്തിയൊന്നുമുണ്ടായിരുന്നില്ല. ബജറ്റ്
കുറവായതിനാൽ ഒന്നുകിൽ സിനിമ ചെയ്യാതിരിക്കാം. അല്ലെങ്കിൽ പരിമിതികളോടെയും
പോരായ്മകളോടെയും ചെയ്തുവയ്ക്കാം. മരിച്ച് അമ്പത് വർഷമാകാറായിട്ടും വാൾട്ടർ
ഡിക്രൂസ് സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയല്ലാതെ മറ്റൊന്നുമില്ല. അത്തരം
സാഹചര്യത്തിൽ കുറവുകളോടെയാണെങ്കിലും ഒരു സിനിമതന്നെ ചെയ്യാമെന്നാണ് ഞാനും
സഹപ്രവർത്തകരും തീരുമാനിച്ചത്. ഇപ്പോൾ, ഈ സിനിമയെ വിപുലീകരിക്കണമെന്ന്
ഞങ്ങൾക്കാഗ്രഹമുണ്ട്. പത്മിനിയുടെ കലാജീവിതത്തിനും മദിരാശിക്കാലത്തിനും
പ്രാധാന്യം നൽകി ഒന്നൂടി നന്നാക്കിയെടുക്കണം. പക്ഷേ, നായികാപ്രാധാന്യമുള്ള
സിനിമയ്ക്കുനേരെ കണ്ണടയക്കുകയാണ് പുരുഷാധിപത്യം ഉറച്ചുനിൽക്കുന്ന
മുഖ്യധാരാസിനിമ. എങ്കിലും അതിനുള്ള മോഹം മനസ്സിലുണ്ട്. പണം മുടക്കാൻ
തയ്യാറുള്ള ആരെങ്കിലും വരുമെങ്കിൽ അത് സംഭവിക്കും.
കഴിഞ്ഞ
ശനിയാഴ്ച, അതായത് പത്മിനി ജീവിച്ചിരുന്നെങ്കിൽ 79 വയസ്സ് തികയുമായിരുന്ന
മെയ് പതിനൊന്നിന് രാവിലെ എടപ്പാളിലെ ഗോവിന്ദ സിനിമാസിൽ വച്ച് പത്മിനിയുടെ
രണ്ടാം പ്രദർശനം നടന്നു. (ആദ്യപ്രദർശനം 21. 10. 2018 ൽ ഇതേ തിയറ്ററിൽ
തന്നെയായിരുന്നു) ശേഷം പത്മിനിയെ സംസ്കരിച്ച തറവാട്ടുവളപ്പിലും
ചിത്രകാരികളോടൊപ്പം പോയി. എത്രയോ തവണ ഞാനിവിടെ വന്നിരിക്കുന്നു.
ചലച്ചിത്രനിർമാണവുമായി ബന്ധപ്പെട്ട വർഷങ്ങളിലൂടെ ഗോപാലേട്ടന്റെയും
ഉത്തമേട്ടന്റെയും വീട് സ്വന്തം വീട് പോലെയായിരിക്കുന്നു. പത്മിനി മൂകമായി
സ്വയം സമർപ്പിച്ച് ധ്യാനിച്ചിരുന്ന തറവാട്ട് കുളത്തിലും ഇടതൂർന്ന് മരങ്ങൾ
നിൽക്കുന്ന കാവിലും ക്ഷേത്രവിളക്കുകൾക്കരികിലും ഒടുക്കം കല്ലറയിലും
നിൽക്കുമ്പോൾ ഞാനൊന്നേ ഓർക്കാറുള്ളൂ.
മരണത്തിലേക്ക്
വീഴുകയാണെന്ന് സ്വയം ബോധ്യംവന്ന ആ അന്ത്യനിമിഷങ്ങളിൽ തന്റെ അസാധാരണമായ
പ്രതിഭയുടെ നഷ്ടം ലോകത്തിനു സമ്മാനിക്കാനിടയുള്ള ദുഃഖത്തെക്കുറിച്ച്
ഒരിക്കലെങ്കിലും പത്മിനി ചിന്തിച്ചിട്ടുണ്ടാകില്ലേ.. ഉണ്ടെങ്കിൽ എത്ര
വേദനിച്ചിട്ടുണ്ടാകും ആ മനസ്സ്.
https://kutt.it/KandancheeriPadmini
https://kutt.it/KandancheeriPadmini