Thursday, August 23, 2018

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

പ്രളയകാലത്തെ മനുഷ്യന്‍...എം എം പൌലോസ് എഴുതുന്നു

മനുഷ്യന്റെ കാലഗണനയില്‍ പ്രളയമുണ്ട്. ഒരു യുഗം അവസാനിക്കുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുമ്പോള്‍ പ്രളയം കാലത്തിരമാലകളായി എല്ലാം മായ്ച്ചുകളയുന്നു. ഇത് പുരാതനമനുഷ്യന്റെ നിറമുള്ള ഭാവനയില്‍ രൂപം കൊണ്ടതാണ്. മഹാവിഷ്ണു മത്സ്യാവതാരം പൂണ്ടത് മഹാപ്രളയത്തിന് മുമ്പാണ്. മനുവിനോട് ഒരു വഞ്ചിയുണ്ടാക്കി  വേദങ്ങളെ സംരക്ഷിക്കാന്‍ വിഷ്ണു കല്‍പ്പിച്ചു.

സമാനമായ പ്രളയസങ്കല്‍പ്പങ്ങള്‍ പുരാതന മൊസോപ്പൊട്ടേമിയയിലുണ്ട്, ഗ്രീസിലുണ്ട്, ചൈനയിലുണ്ട്.
നാല്‍പ്പത് രാത്രിയും നാല്‍പ്പതു പകലും നിറുത്താതെ മഴ പെയ്യിച്ച ദൈവം നോഹയോട് പെട്ടകം തീര്‍ക്കാന്‍ പറഞ്ഞു. ഗോഫര്‍ മരത്തിന്റെ പെട്ടകത്തില്‍ ഇണകളായി ഒതുങ്ങിയിരുന്ന ജീവജാലങ്ങള്‍ തോരാമഴയുടെ ഗര്‍ജനം കേട്ടു. ആഴി അതിന്റെ ഉറവകള്‍ പിളര്‍ത്തുകയും ആകാശം അതിന്റെ കിളിവാതിലുകള്‍ തുറക്കുകയും ചെയ്തു എന്ന് പഴയനിയമത്തിലെ ഉല്‍പ്പത്തിപുസ്തകം.

ഏഴ് ദിവസം ഒരു പെട്ടകം പോലെ ഒഴുകി നടക്കുകയായിരുന്നു കേരളം. കാല്‍ ബലമായി ചവുട്ടിനിന്ന ഉറച്ച മണ്ണ് ഇളകി. ചത്തൊഴുകുന്ന കന്നുകാലികള്‍ക്ക് ഇടയില്‍ കിടന്ന് മനുഷ്യര്‍ പിടച്ചു. മണ്ണിനും ദൈവത്തിനും മധ്യെ നിന്ന് മനുഷ്യര്‍ വിലപിച്ചു. സംസ്ക്കാരത്തിന്റെ കളിത്തട്ടിലായ നദീതീരങ്ങള്‍ സംഹാരരുദ്രമായി. മലകള്‍ ഇടിഞ്ഞു. വന്‍മരങ്ങളായ ജീവിതങ്ങള്‍ കടപുഴകി. കണ്ടുതീര്‍ന്ന സ്വപ്നം പോലെ വീടിന്റെ മേല്‍ക്കൂരകള്‍ ഒഴുകിപ്പോയി.

ഒരുപുരുഷായുസ്സുകൊണ്ട് തീര്‍ത്തത് മുഴുവന്‍ ഒരുമണിക്കൂര്‍ കൊണ്ട് ഇല്ലാതായി, ഒരുപിടി ചാരം പോലും അവശേഷിപ്പിക്കാതെ. ശവശരീരങ്ങളുമായി കുത്തിയൊഴുകിപ്പോയ വെള്ളം ഒരുകാര്യം ഓര്‍മിപ്പിച്ചു: മനുഷ്യന്റെ ജൈവജീവിതത്തില്‍ മനുഷ്യന്‍ തന്നെ കൈവെച്ചിരിക്കുന്നു. ബാക്കിയാകുന്ന ജീവിതങ്ങള്‍ക്കാണ് ഇനി അവശേഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവുക. നദിയെ ഒരു 'വാട്ടര്‍ ഫ്രണ്ടാ'ക്കുകയും അത് വിപണിയിലെ വിലയും സ്റ്റാറ്റസുമുള്ള പൊങ്ങച്ചമായി മാറുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതെന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നദി ഒരിക്കലും കാണാന്‍ മാത്രമുള്ളതായിരുന്നില്ല. സിന്ധുവും ഗംഗയും നൈലും യൂഫ്രട്ടീസും കാഴ്ചഭംഗിയായിരുന്നില്ല. അത് അലക്കാനും കുളിക്കാനും കുടിക്കാനും സഞ്ചരിക്കാനും കൃഷിക്കുമായിരുന്നു. നദിയുടെ തീരത്തിരുന്നാണ് നദിയെ അറിഞ്ഞിരുന്നത.് വെള്ളത്തില്‍ കാല്‍ നനച്ചാണ് അത് അനുഭവിച്ചിരുന്നത്. അതുകൊണ്ടാണ് വാവിന് ബലിയിടുമ്പോള്‍ നദിയില്‍ ഇറങ്ങിനില്‍ക്കുന്നത്. പത്താം നിലയില്‍ നിന്ന് നോക്കുമ്പോള്‍ പുഴ ഒരു മൃതശരീരമോ തോന്നലോ മാത്രമാണ്. ഗൃഹാതുരത്വം തകൃതിയുള്ള വില്‍പ്പനയായപ്പോള്‍ പുഴ വാട്ടര്‍ ഫ്രണ്ടായി. ഇത് വിചാരണയുടെ സമയമല്ലാത്തതിനാല്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാം.

അതിജീവിക്കും എന്നതാണ് മനുഷ്യന്റെ സവിശേഷത. കാട്ടില്‍ വെള്ളമില്ലെങ്കില്‍ ആനകള്‍ക്ക് നാട്ടിലിറങ്ങാനെ കഴിയു. മനുഷ്യന്‍ പക്ഷെ പൈപ്പുകള്‍ കുഴിച്ച് ആവശ്യമുള്ള സ്ഥലത്ത് വെള്ളമെത്തിക്കും. അതിനുള്ള ബുദ്ധി, സാങ്കേതികത, സംഘാടനം എന്നിവ മനുഷ്യര്‍ കൈവരിച്ചിട്ടുണ്ട്.

അതിജീവനത്തിന്റെ ആത്മാവ് കൂട്ടായ്മയാണ്. വിപണിയുടെ നിബന്ധനകള്‍ മനുഷ്യനെ തനിച്ചാക്കാന്‍ കിണഞ്ഞുശ്രമിക്കുമ്പോഴും കൂട്ടായ്മ തന്നെയാണ് വിജയമെന്ന് പ്രളയത്തില്‍ മുങ്ങിനിവര്‍ന്നുകൊണ്ട് കേരളം പ്രഖ്യാപിക്കുന്നു. പ്രതിസന്ധിയിലാകുമ്പോള്‍ തനിച്ചുവിട്ട് കടന്നുകളയുന്ന സ്വാര്‍ഥമോഹങ്ങളുടെ കവര്‍ച്ചയല്ല ജീവിതം. അന്യന്റെ ജീവിതം നിലവിളിയായി കാതില്‍ പതിക്കുമ്പോള്‍ അത് അകന്നുപോകുന്ന തീവണ്ടിയുടെ ചൂളംവിളിയാക്കി കൈവീശി കാണിച്ച് യാത്രപറയാനുള്ള സന്ദര്‍ഭവുമല്ല.

മനുഷ്യന്‍ എത്ര മഹത്തായ വാക്കെന്ന് ഓരോ ദുരന്തഭൂമിയും പ്രഖ്യാപിക്കുന്നു. കെട്ടുപൊട്ടിച്ചെത്തിയ മരണത്തിന്റെ പ്രളയമുഖത്തു നിന്ന് എത്രയോ ജീവിതങ്ങളെയാണ് ബലമുള്ള കൈകള്‍ തിരിച്ചെടുത്തത്. 'വിട്ടുതരില്ല ഞാന്‍' എന്ന് നെഞ്ചുറപ്പോടെ പറഞ്ഞ് മരണത്തിന്റെ ആഴിച്ചുഴികളിലേക്ക് നീന്തിച്ചെന്ന് പേരുപോലും അറിയാത്ത മനുഷ്യരെ സ്വന്തം ചുമലിലിരുത്തി തിരിച്ചുനീന്തിയവര്‍ എത്ര!. ചോരയും കണ്ണീരും ഒഴുകിപ്പരന്ന നിലകിട്ടാക്കയങ്ങളില്‍ നിന്ന് ജീവിതങ്ങളെ മുങ്ങിയെടുത്തവര്‍ എത്ര!. ഓളങ്ങള്‍ക്ക് മീതെ അവര്‍ വിശ്രമരഹിതമായി തോണി തുഴഞ്ഞു.

ദുരിതാശ്വാസക്യാമ്പുകളില്‍ അവര്‍ വിളക്കു കൊളുത്തി കാവല്‍ നിന്നു. 'നീയുറങ്ങാന്‍ ഞാന്‍ ഉറങ്ങാതിരുന്നു'. നിസ്സഹായരായി ചുരുണ്ടുകൂടുന്ന മനുഷ്യര്‍ക്ക് അന്നത്തിനും വസ്ത്രത്തിനും വേണ്ടി അവര്‍ അലഞ്ഞു. അവരുടെ ജീവിതം ഉദയാസ്തമയങ്ങളില്ലാതെ കടന്നുപോയി. അവര്‍ മനഃപ്പൂര്‍വം തന്നെ ഒഴുക്കിനെതിരെ നീന്തുകയായിരുന്നു.

മനുഷ്യന്‍ നേരിട്ട കടുത്ത പ്രതിസന്ധിയിലേക്ക് നിവര്‍ത്തിപ്പിടിച്ച കൈകള്‍ ഏറെയും രാഷ്ട്രീയക്കാരുടെതായിരുന്നു. അധികാരത്തിന്റെ പാമ്പും കോണിയും കളി മാത്രമാണ് രാഷ്ട്രീയമെന്ന് വ്യാഖ്യാനിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഇത്. രാഷ്ട്രീയം അടക്കിപ്പിടിച്ച ഗൂഢാലോചനയും ട്രോജന്‍ കുതിരകളെ അണിയിച്ചൊരുക്കുന്ന യുദ്ധം മാത്രമാണെന്നും  പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആയിരം കുതിരശക്തിയോടെ കുത്തിയൊലിച്ചു വന്ന പ്രവാഹത്തിനെതിരെ മറ്റുള്ളവരുടെ ജീവിതം കയ്യില്‍ പിടിച്ച് നീന്തിയവരെ കാണാതിരിക്കരുത്. രാഷ്ട്രീയം ചുമതലാബോധമാണ്. അരാഷ്ട്രീയത നിരുത്തരവാദിത്തവും.

അരാഷ്ട്രീയത മനുഷ്യനെ തനിച്ചാക്കി നിര്‍ത്തുമ്പോള്‍ രാഷ്ട്രീയം അതിന്റെ വിശാലമായ അര്‍ഥത്തില്‍ മനുഷ്യനെയും മനുഷ്യനെയും ചേര്‍ത്തുനിര്‍ത്തുന്നു. അത് പ്രതിബദ്ധതയാണ്. അത് പറഞ്ഞുപോകുന്നതല്ല, തൊട്ടറിഞ്ഞുപോകുന്ന സ്നേഹമാണ്. കേരളം ഒറ്റമനസ്സായി നിന്നെങ്കില്‍ ആ യോജിപ്പിന്റെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ത്യാഗത്തിന്റെ ബലിപ്പുരകളില്‍ നിന്ന് നീറ്റിയെടുത്ത രാഷ്ട്രീയം. മനുഷ്യനാണ് എല്ലാം എന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയം. മനുഷ്യത്വത്തിനാണ് മറ്റെന്തിനേക്കാളും മൂല്യം എന്ന് ഉദ്ഘോഷിക്കുന്ന രാഷ്ട്രീയം.

വേര്‍തിരിവുകളുടെ മതിലുകള്‍ കെട്ടി മനുഷ്യരെ കളം തിരിച്ചു നിര്‍ത്തി കണക്കു ചോദിക്കുന്നവര്‍ക്കെതിരെ പൊരുതി നിന്ന മാനുഷീകമൂല്യത്തിന്റെ രാഷ്ട്രീയം. ദുരിതാശ്വാസക്യാമ്പില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരും അടുത്തുകിടക്കുന്നവനോട് രഹസ്യമായി ജാതി ഏതാണെന്ന് ചോദിച്ചില്ല. തോണിയിലേക്ക് കയറാന്‍ വെള്ളത്തില്‍ ചവിട്ടുപടിയായി കിടന്നയാള്‍ ചവിട്ടിക്കയറുന്നവരുടെ ജാതി ചോദിച്ചില്ല. കൊടുംവിശപ്പിന്റെ പാത്രത്തില്‍ കഞ്ഞി പകര്‍ന്നപ്പോള്‍ അതിനും ജാതിയുടെ നിറമുണ്ടായില്ല. ആര്‍ത്തനാദത്തിനും അനാഥത്വത്തിനും ജാതിയില്ല. മതമേതായാലും മനുഷ്യന്‍ എന്ന ഗുരുദേവവചനം സാഹസീകമായ രക്ഷപ്പെടുത്തലുകളുടെ പ്രചോദനമായി നിന്നു.

കുതിച്ചുവന്ന വെള്ളം എത്ര പെട്ടെന്നാണ് വിഭജനത്തിന്റെ രൂക്ഷചിന്തകള്‍ ചിതല്‍ തിന്നതാണെന്ന് തെളിയിച്ചത്.

ഒരുമിച്ചു നിന്ന കേരളമനസ്സ് ഒരു നിമിഷത്തിന്റെ സംഭാവനയല്ല. അത് ഒരു രൂപപ്പെടലാണ്. അയ്യന്‍ പുലയനിലും ആദിത്യനിലും ഒരേ പരിസ്ഫുരണമാണെന്ന് പറഞ്ഞുറപ്പിച്ച ഒരു സാംസ്ക്കാരികധാരയുണ്ട്. ദളിതന്റെ വീട് കത്തിക്കാന്‍ പന്തം കൊളുത്തിക്കൊടുക്കുന്നവന്റെ ആശയാടിത്തറ മനുഷ്യത്തമല്ല. തോണി മറിഞ്ഞ് മുങ്ങുമ്പോള്‍ ജാതിയില്‍ താണ തോണിക്കാരനോട് 'കലക്കിക്കുടിക്കടാ' എന്ന് ആജ്ഞാപിച്ച  സവര്‍ണഫലിതത്തില്‍ ചിരിക്കാന്‍ മാത്രമല്ല ഉള്ളത്. നീചചിന്തകള്‍ പരത്തി വെറുപ്പിന്റെ പരീക്ഷണശാല നിര്‍മിക്കുന്നവരുടെ മനസ്സില്‍ എങ്ങനെ വിടരും വാസനപ്പൂക്കള്‍!

മലയാളിയുടെ മനസ്സില്‍ തീവ്രമായ സമഭാവനയുണ്ട് എന്നതിന്റെ ഉജ്വലമായ സാക്ഷ്യപ്പെടുത്തലാണ് ദുരന്തമുഖത്തേക്ക് എടുത്തു ചാടിയ മനുഷ്യരിലൂടെ തെളിഞ്ഞത്. അവര്‍ വകഞ്ഞുമാറ്റിയത് ഓളപ്പരപ്പിലെ മരണത്തെ മാത്രമല്ല, വേര്‍തിരിവുകളുടെ ഉഷ്ണപ്രവാഹത്തെക്കൂടിയാണ്. ഒരു ആഹ്വാനത്തിന്റെ പിന്നാലെയല്ല അവര്‍ പോയത്. സാഹസീകമായി സ്വയം എടുത്തുചാടുകയായിരുന്നു. അവര്‍ ഉള്‍ക്കൊണ്ട രാഷ്ട്രീയത്തിന്റെ ഉള്‍ബലമാണ് അവരുടെ കൈകള്‍ക്ക് കരുത്തായത്. ഒറ്റച്ചരടില്‍ കോര്‍ത്ത പോലെയായി കേരളം. അതിന്റെ വേരുകള്‍ക്ക് പത്തൊമ്പതാം നൂറ്റാണ്ടോളം തുടര്‍ച്ചയുണ്ട്. ചാമര്‍ നായകന്റെ കിടാത്തിയോട് കുടിവെള്ളം വാങ്ങാത്ത ഒരു കാലത്ത് നിന്നാണ് നമ്മള്‍ തുടങ്ങിയത്. അയിത്തത്തിനെതിരെയുള്ള പോര്‍മുഖങ്ങളുടെ തിരുമുറ്റത്തിരുന്നാണ് കേരളം മനുഷ്യനെ പുനര്‍ നിര്‍വചിച്ചത്. അത് തലമുറകളുടെ സിരകളിലൂടെ നിതാന്തമായി ഒഴുകി. നിലച്ചിട്ടില്ല ആ ഒഴുക്ക്.

മനുഷ്യനെ തനിച്ചാക്കി, തീറ്റപ്പണ്ടവും കാഴ്ച്ചപ്പണ്ടവുമാക്കി മാറ്റുന്ന ആധുനീകവിപണി തന്ത്രത്തിനും തളച്ചുനിര്‍ത്താനായില്ല മലയാളി മനസ്സിനെ. നിന്റെ ജീവിതം നിനക്ക് മാത്രമുള്ളതാണെന്നും അത് തിന്നും കുടിച്ചും കണ്ടും കേട്ടും ആസ്വദിക്കു എന്നും പഠിപ്പിക്കുന്ന വിപണനകലയെയും മാറ്റിനിര്‍ത്തി കേരളം. സെലിബ്രിറ്റികള്‍ ഒരുക്കുന്ന കാഴ്ചഭ്രമങ്ങളിലൂടെ രാഷ്ട്രീയബോധത്തെ വിദഗ്ദ്ധമായി രണ്ടാംപടിയിലേക്ക് താഴ്ത്തുന്ന കുതന്ത്രവും വിജയിച്ചില്ല. ആധുനീക സാങ്കേതികവികാസം തനിച്ചു ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുമ്പോള്‍ എന്തിന് അന്യന്റെ ദുഃഖത്തിന് ചെവിയോര്‍ക്കുന്നു എന്ന ചോദ്യത്തിന് മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് കേരളം ഉത്തരം നല്‍കി. കരയുന്ന മനുഷ്യനും ആഹ്ളാദിക്കുന്ന മനുഷ്യനും ഒരേ ജീവിതയാത്രയിലാണെങ്കിലും അവര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ട് പ്ളാറ്റ്ഫോമുകളില്‍ പരസ്പരം അറിയാത്തവരെ പോലെ നില്‍ക്കേണ്ടവരല്ലെന്ന് ഒരു പ്രതിസന്ധിഘട്ടത്തില്‍ കേരളം തെളിയിച്ചു. പ്രതിസന്ധി ചരിത്രത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്.

ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തക ഒരു അനുഭവം വിവരിച്ചു. അവരുടെ കയ്യില്‍ ഒരു ചെറിയ ബാഗുണ്ടായുിരുന്നു. ബാഗിന്റെ പുറത്ത് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ് മീ' എന്ന ഭംഗിയുള്ള സ്റ്റിക്കര്‍ ഉണ്ടായിരുന്നു. അവര്‍ ഒരു മുത്തശ്ശിയോട് ക്യാമ്പിലെ വിവരങ്ങള്‍ തിരക്കുകയായിരുന്നു.
പെട്ടെന്ന് അവരുടെ ബാഗ് ആരോ വലിക്കുന്ന പോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ തീരെ ചെറിയ കുട്ടി ബാഗ് വലിക്കുയാണ്.
അവര്‍ കുട്ടിയോട് ബാഗ് വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു.
സ്റ്റിക്കര്‍ ചുണ്ടി അവന്‍ ചോദിച്ചു.
' എനിക്ക് അത് തരോ?'
' എന്തിനാണ് ഇത്?'
' എനിക്ക് കളിക്കാന്‍. എന്റെ കളിപ്പാട്ടങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി.'
അവര്‍ ആ സ്റ്റിക്കര്‍ അവന് പൊളിച്ചുകൊടുത്തു. അതും പിടിച്ച് അവന്‍ ആ ക്യാമ്പിലെ മുറികളില്‍ അതീവ സന്തോഷത്തോടെ ഓടി നടന്നു.
വീണ്ടെടുക്കലിന്റെ  വിജയാഹ്ളാദപ്രകടനത്തിലെ ആഞ്ഞുവീശുന്ന കൊടിയായി ആ സ്റ്റിക്കര്‍ അവന്റെ കയ്യില്‍ തിളങ്ങി. അത് പ്രസരിപ്പിച്ച രജതരേഖയിലൂടെ കേരളം തിരിച്ചുനീന്തി. അല്ലെങ്കിലും നിവര്‍ത്തിയിട്ടാല്‍ കേരളത്തിന് ഏതാണ്ട് ചുണ്ടന്‍വള്ളത്തിന്റെ ആകൃതിയുണ്ട്. അദൃശ്യമായ ഒരു വിരല്‍ത്തുമ്പിന്റെ കയറ്റിറക്കങ്ങളുടെ താളത്തില്‍ ഒറ്റ മനസ്സോടെ തുഴക്കാര്‍ തുഴയെറിഞ്ഞു. മരണസര്‍ട്ടിഫിക്കറ്റുമായി മലതുരന്നുവന്ന പെരുവെള്ളപ്പാച്ചിലിലേക്ക് പളനിമാരുടെ പുതിയ തലമുറ തോണിയിറക്കി, കുഞ്ഞുങ്ങളുടെ കളിപ്പാട്ടം തട്ടിയെടുത്ത ധിക്കാരത്തിന്റെ കയ്യില്‍ നിന്ന് ഭാവിയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ , മരണത്തിന്റെ വാപിളര്‍ന്ന രൌദ്രഭാവത്തെ പങ്കായത്തലപ്പുകൊണ്ട് അടിച്ചുമാറ്റി, അന്ധകാരത്തിലെ നിലവിളികളിലേക്ക് കുതിച്ചു പാഞ്ഞ വിശേഷണങ്ങളില്ലാത്ത പച്ചമനുഷ്യരേ...നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ തൊട്ടു വന്ദിക്കാന്‍ അനുവദിക്കു.
ബീഡിക്കറയും മുറുക്കാന്‍ കറയും പിടിച്ച വരിതെറ്റിയ പല്ലുകള്‍ കൊണ്ട് നിങ്ങളൊന്ന് ചിരിക്കൂ..
മനുഷ്യന്‍ എത്ര മഹത്തായ പദം!.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive