Wednesday, January 08, 2014

നിര്‍മാണമേഖലയിലെ പ്രതിസന്ധി / couresy deshabhimani dated 08jan2014



നിര്‍മാണമേഖലയിലെ പ്രതിസന്ധി
$ കെ പി സഹദേവന്‍
Posted on: 08-Jan-2014 12:15 AM

സംസ്ഥാനത്തെ നിര്‍മാണമേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖനന നിരോധനവും നിയന്ത്രണവും മൂലം ഈ രംഗത്ത് പണിയെടുക്കുന്ന 25 ലക്ഷം തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. ഇവരുടെ കുടുംബങ്ങള്‍ മുഴുവന്‍ കടുത്ത ദുരിതത്തിലാണ്. അനുബന്ധ മേഖലയിലുള്ളവര്‍ക്കും പണിയില്ലാതായി. ഇതിനൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളാകെ സ്തംഭിക്കുന്ന നിലയിലാണ്. പുതുതായി വീടും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, പണിത് തുടങ്ങിയവ പാതിവഴിയിലുമാണ്. മാര്‍ച്ചിനകം സര്‍ക്കാരിന്റെയും തദ്ദേശസ്ഥാനങ്ങളുടെയും നിര്‍മാണമേഖലയിലെ വിവിധ പദ്ധതികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇവയും നിലയ്ക്കാന്‍ പോവുകയാണ്.

 

അഞ്ച് ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് മണല്‍, ചെങ്കല്‍, കരിങ്കല്‍, കക്ക എന്നിവയുടെ ഖനനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് 2012 ഫെബ്രുവരി 27ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിനെത്തുടര്‍ന്ന് റവന്യൂ-ജിയോളജി വകുപ്പുകള്‍ ഖനനത്തിന് അനുമതി നിഷേധിച്ചു. പുഴയിലെ മണലെടുപ്പ് ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്നും ഭൂഗര്‍ഭജലം താഴ്ന്നുപോകുമെന്നും അതിനാല്‍ നിയന്ത്രണം വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് കരിങ്കല്‍, ചെങ്കല്‍, കളിമണല്‍, കക്ക ഖനനമെല്ലാം രണ്ടുഹെക്ടറില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് നടക്കുന്നത്. സുപ്രീംകോടതി ഉത്തരവിനെ ഗൗരവത്തോടെ കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ആറുമാസത്തിനകം നിയമഭേദഗതി വരുത്തി കോടതിയെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. കരിങ്കല്‍, ചെങ്കല്‍, കക്ക, മണല്‍, കളിമണ്‍ എന്നിവ ചെറുകിട ധാതുക്കളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ്.

 

1957ലെ മൈനിങ് ആന്‍ഡ് ജനറല്‍ ചട്ടപ്രകാരം ചെറുകിട ധാതുക്കളുടെ ഖനനത്തിന് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. 1967ല്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ചട്ടമുണ്ടാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ഖനനാനുമതി നല്‍കുന്നത്. ചട്ടപ്രകാരം അഞ്ച് ഹെക്ടര്‍ വരെയുള്ള ഖനനത്തിന് പരസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ട. എന്നാല്‍, സുപ്രീംകോടതി പുതിയ ഉത്തരവിട്ടപ്പോള്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. സര്‍ക്കാരിന്റെ അനാസ്ഥ നിര്‍മാണമേഖലയെ പൂര്‍ണമായി ബാധിക്കുന്നതാണ്. വളരെ ലാഘവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യം ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ മലമ്പുഴ അണക്കെട്ടില്‍നിന്ന് മണല്‍ ശേഖരിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അതെല്ലാം നിര്‍ത്തി. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ പറ്റുന്ന മണല്‍ ഡാമുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഖനനം നടത്തുന്നത് പരിസ്ഥിതിപ്രശ്നം ഉണ്ടാക്കില്ലെന്ന് മാത്രമല്ല, അണക്കെട്ടില്‍ കുടുതല്‍ ജലം സംഭരിക്കുന്നതിനും ഉതകും.

 

നിര്‍മാണമേഖലയിലെ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും തൊഴില്‍മന്ത്രിയെയും നേരിട്ടുകണ്ട് നിവേദനം നല്‍കിയിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കാമെന്നാണ് ഇവര്‍ ഉറപ്പുനല്‍കിയത്. സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഉചിതമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

(കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

- See more at: http://www.deshabhimani.com/newscontent.php?id=402753#sthash.DtZkU3iT.dpuf

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive