Monday, October 07, 2024

കൊൽക്കത്തയിലെ ട്രാമുകൾ - രവി വർമ്മ ടി. ആർ.

 



ഇന്ത്യയിൽ ഇന്ന് ട്രാം സർവീസ് നിലനിൽക്കുന്ന ഏക നഗരമായ കൊൽക്കത്തയും ട്രാമുകളോട് വിടപറയാൻ ഒരുങ്ങുന്നു. സെൻട്രൽ കൊൽക്കത്തയിലെ മൈതാനിനും എസ്‌പ്ലനേഡിനും ഇടയിലുള്ള ഒരു ചെറിയ പൈതൃക പ്രദേശം ഒഴികെ നഗരത്തിലുടനീളമുള്ള ട്രാം സർവീസുകൾ നിർത്തലാക്കുമെന്ന് ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 150 വർഷത്തിലേറെ പഴക്കമുള്ള ചരിത്രത്തെ ഉള്ളിലൊളിപ്പിച്ച ഗതാഗതസംവിധാനമാണ് കൊൽക്കത്തയ്ക്ക് നഷ്ടമാവുന്നത്. ഇന്ത്യയിൽ, കൊൽക്കത്തയുടേത് നിലവിലുള്ള അവസാനത്തെ ട്രാം സംവിധാനമാണ് – 1964-ൽ മുംബൈയും 1963-ൽ ഡൽഹിയും 1953-ൽ ചെന്നൈയും ട്രാം സർവീസ് നിർത്തലാക്കി.

ഇന്ത്യയിലെ ട്രാമുകൾക്ക് 150 വർഷത്തെ നീണ്ട ചരിത്രമുണ്ട്. അതിൽ ആദ്യത്തെ കുതിരവണ്ടി ട്രാമുകൾ 1873 ഫെബ്രുവരി 24-ന് കൊൽക്കത്തയിലെ സീൽദായിൽ നിന്ന് അർമേനിയൻ ഘട്ടിലേക്ക് യാത്ര നടത്തി. ഈ ട്രയൽ റണ്ണിന് ശേഷം, കൽക്കട്ട ട്രാംവേസ് കമ്പനി 1880-ൽ ലണ്ടനിൽ രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. സീൽദായിൽ നിന്ന് ബൗബസാർ സ്ട്രീറ്റ്, ഡൽഹൗസി സ്ക്വയർ, സ്ട്രാൻഡ് റോഡ് വഴി അർമേനിയൻ ഘട്ടിലേക്ക് മീറ്റർ ഗേജ് ട്രാം ട്രാക്കുകൾ സ്ഥാപിച്ചു. 1880 നവംബർ 1-ന് അന്നത്തെ വൈസ്രോയി ആയിരുന്ന റിപ്പൺ പ്രഭു ആണ് ഈ പാത ഉദ്ഘാടനം ചെയ്തത്. നദീ തുറമുഖങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ചരക്കുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ സേവനം താമസിയാതെ ആളുകൾക്ക് യാത്ര ചെയ്യാനുതകുന്ന മട്ടിൽ വിപുലീകരിച്ചു. 1882-ൽ, ഇന്ത്യയിൽ ആദ്യത്തെ ആവി ലോക്കോമോട്ടീവ് ട്രാമുകൾ പുറത്തിറക്കി; ഏഷ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാംകാർ 1902 മാർച്ച് 27-ന് എസ്പ്ലനേഡിൽ നിന്ന് കിദ്ദർപൂരിലേക്ക് ഓടി. .

ഏതാണ്ട് 10 വർഷങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ പോയതും ട്രാമിൽ “കയറാൻ വേണ്ടി” കയറിയതും ഓർത്തുപോയി. കൊൽക്കത്തയിലെ ഭൂരിപക്ഷം ട്രാമുകളും യൂറോപ്യൻ നഗരങ്ങളിലെ ട്രാമുകൾ പോലെ ആധുനികമല്ല. തടിബെഞ്ചുകളും തടിയിൽ തീർത്ത ചട്ടക്കൂടും ഒക്കെയുള്ള ഒരു വാഹനം. ബ്രിട്ടീഷ് കാലത്തിന് ശേഷം വലിയ മെച്ചപ്പെടുത്തലുകൾ വരുത്താത്തവയാണ് മിക്കതും. ട്രാമിൽ ഇരുന്നപ്പോൾ കുട്ടനാട്ടിലെ യാത്രാബോട്ടുകളാണ് എനിക്ക് ഓർമ്മ വന്നത് (ഇന്നിപ്പോൾ ബോട്ടുകൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു). ബോട്ട് വെള്ളത്തിലാണെങ്കിൽ ട്രാം കരയിൽ. അത്രയേ വ്യത്യാസം തോന്നിയുള്ളൂ. ഒച്ചിനെ പോലെ അതങ്ങനെ റോഡിൽ നീണ്ടുകിടക്കുന്ന പാളത്തിലൂടെ ഇഴഞ്ഞു നീങ്ങും. ട്രാം നിർത്തിയില്ലെങ്കിലും നമുക്ക് ചാടിയിറങ്ങാം. അത്ര കുറഞ്ഞ വേഗത്തിലാണ് യാത്ര. സാധാരണ ജനങ്ങളാണ് ട്രാമിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. അന്നത്തെ കാലത്ത് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് 3 രൂപയിലോ മറ്റോ ആണെന്നാണ് ഓർമ്മ.

1970-കൾ മുതൽ, നഗരജീവിത ശൈലിയിൽ സംഭവിച്ച മാറ്റങ്ങൾക്കൊപ്പം കൊൽക്കത്തയിലെ ട്രാംവേകൾക്കും ജനപ്രീതിയിൽ ഇടിവ് നേരിട്ടു. കൊൽക്കത്തയിലെ ഇടുങ്ങിയ തെരുവുകളിൽ കൂടുതൽ കാറുകളും ബസുകളും പ്രത്യക്ഷപ്പെട്ടതോടെ സാവധാനം ഓടുന്ന ട്രാമുകളോട് ജനങ്ങളുടെ പ്രീതി കുറഞ്ഞുവന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിൻ്റെ പഴിയും റോഡിലൂടെ സാവധാനം നീങ്ങുന്ന ട്രാമുകളുടെ മേലായി. ഉച്ചസമയത്ത് ശൂന്യവും സുഖപ്രദവുമായ വണ്ടികളിൽ സ്വകാര്യത കണ്ടെത്തുന്ന നഗരത്തിലെ കോളേജ് വിദ്യാർത്ഥി(നി) കളുടെ അഭയകേന്ദ്രമായി ട്രാമുകൾ മാറി.

സിനിമകൾ മുതൽ സംഗീതം വരെ, കൊൽക്കത്തയിലെ ട്രാമുകൾ നഗരത്തിൻ്റെ ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമാണ്. 1964-ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ ചിത്രം ‘മഹാനഗർ’ ആരംഭിക്കുന്നത് ഒരു ട്രാം ഓടുമ്പോൾ കേബിളിൽ നിന്ന് പറക്കുന്ന തീപ്പൊരികളുടെ ക്ലോസപ്പ് ഷോട്ടോടെയാണ്. ഓപ്പണിംഗ് ക്രെഡിറ്റുകൾ ഫ്രെയിമിനകത്തും പുറത്തും മങ്ങുകയും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടൈറ്റിൽ സീക്വൻസ് അവസാനിക്കുകയും ചെയ്യുമ്പോൾ, ക്യാമറ ട്രാമിനുള്ളിലേക്ക് ഫോക്കസ് ചെയ്യുകയും സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ അനിൽ ചാറ്റർജിയുടെ ക്ഷീണിച്ച മുഖത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ‘അപൂർ സൻസാർ’ (അപുവിൻ്റെ ലോകം) എന്ന ചിത്രത്തിലും, റേ മെക്കാനിക്കൽ ഗതാഗതത്തെ വലിയ നഗരത്തിനായുള്ള ഒരു സ്റ്റാൻഡ്-ഇൻ ആയി ഉപയോഗിക്കുന്നു – ഇത്തവണ അത് നായകൻ്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഒരു പാത്രമായി മാറുന്നു. ഒരു ട്രാം വണ്ടിയിൽ ഇരുന്നാണ് സൗമിത്ര ചാറ്റർജിയുടെ അപു എഡിറ്ററിൽ നിന്നുള്ള കത്ത് വായിക്കുന്നത്.

കൊൽക്കത്ത ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. ഇന്ത്യയിലെ മറ്റ് മഹാനഗരങ്ങൾക്കൊപ്പം വിശാലമായ റോഡുകൾ, മെട്രോ സംവിധാനം, മേൽപ്പാലങ്ങൾ, ആധുനിക അംബരചുംബികൾ എല്ലാം ചേർന്ന് പുതുയുഗത്തിലേക്ക് ഉയരാൻ വെമ്പുന്ന നഗരമാണ് ഇന്ന് കൊൽക്കത്ത. Salt Lake City ഇന്ത്യയിലെ മറ്റേതൊരു നഗരത്തിനോടും കിടപിടിക്കത്തക്കവണ്ണം ആധുനികമാണ്. മാറ്റത്തിലേക്കും ആധുനികതയിലേക്കും ഉള്ള പ്രയാണത്തിൽ ട്രാം പോലെയുള്ള ഭൂതകാലത്തിന്റെ പ്രതീകങ്ങൾ (അവശിഷ്ടങ്ങൾ) നഗരത്തിന് ഒരു തടസ്സമായി തോന്നിയതിൽ അത്ഭുതമില്ല.

എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മോശം ഉഷ്ണ തരംഗങ്ങളിലേക്ക് നയിക്കുന്ന അഭൂതപൂർവമായ കാലാവസ്ഥാ വ്യതിയാനം ലോകം അനുഭവിക്കുന്ന ഒരു സമയത്ത്, ആഗോളതലത്തിൽ 450-ലധികം നഗരങ്ങളിൽ ഓടുന്ന ഇലക്ട്രിക് ട്രാമുകൾ പോലെയുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനങ്ങളെ മൊത്തത്തിൽ ഉപേക്ഷിക്കുന്നതിനുപകരം, ആധുനിക കാലത്തിനിണങ്ങും വിധം യാത്രക്കാരെ ആകർഷിക്കന്ന രീതിയിൽ അവയെ മെച്ചപ്പെടുത്തുകയല്ലേ വേണ്ടത്? ദൂരെ കൊൽക്കത്തയിലെ ട്രാമുകളിലെ അവസാന മണി മുഴങ്ങുമ്പോൾ, സിറ്റി ഓഫ് ജോയ് ഉള്ളിന്റെ ഉള്ളിൽ ദുഖിക്കുണ്ടാവണം.
“Cities who do not have trams always look less literary, less poetic, and less mysterious!” (Mehmet Murat Ildan, Turkish Playwright)


https://malayalanatu.com/archives/18822

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive