Tuesday, October 10, 2023

ഈ ആലുവക്കാരൻ സൗദിയിലെത്തിയത് ഡ്രൈവറാകാൻ, ഇന്ന് മരുഭൂമിയിൽ 'പൊന്ന്' വിളയിക്കുന്ന കർഷകൻ

 

കണ്ണീരിന്റെയും വിയർപ്പിന്റെയും വിജയഗാഥ
ഷിബു ഉണ്ണുണ്ണി


തായിഫ് ∙ തായിഫിലെ ഊഷരഭൂമിയിൽ കൃഷിയിലൂടെ പൊന്നു വിളയിക്കുകയാണ് നൗഷാദ് എന്ന ആലുവാക്കാരൻ പ്രവാസി. തായിഫിലെ മലമടക്കുകൾക്കിടയിൽ ലിയ ഒലയ്യയിലെ വിശ്രമകേന്ദ്രത്തിലെത്തുന്നവരെ കാത്തിരിക്കുന്നത്  മുന്തിരിതോപ്പും, പലതരം ചെടികളും പൂക്കളും ഫലവർഗങ്ങളും വിവിധ ഇനം പച്ചക്കറികളുമാണ്. വിളവെടുക്കാൻ പാകത്തിൽ അത്തിപ്പഴങ്ങളും, മാതളവും,നാരങ്ങയും മല്ലിയും, മുളകും, ഉരുളകിഴങ്ങും, സവാളയും,മത്തനും,  കോളിഫ്ലവറും, കാബേജും, വെള്ളരിയും,മുള്ളങ്കിയും, കുമ്പളവും,ബീൻസും, പയറും, ചീരയും, പാലക്കും, ഉലുവയും എന്നു വേണ്ട ഒട്ടുമിക്ക വിളകളും പച്ചക്കറികളും ഇവിടെ ഒരുക്കുന്നു. രാസവളമൊന്നും മണ്ണിൽ വിതറാതെ ജൈവ വളം മാത്രം നൽകിയാണ് കൃഷി നടത്തുന്നത്. കാർഷിക വിളകളെ നട്ടുനനച്ചും പരിപാലിച്ചും വിളവെടുത്തും, മണ്ണൊരുക്കിയും, വിശ്രമ കേന്ദ്രത്തിന് മേൽനോട്ടം വഹിച്ചും 27 വർഷത്തിലേറെയായി  നൗഷാദിന്റെ പ്രവാസ ജീവിതം. ഒരേക്കറിലേറെ വരുന്ന സ്വദേശിയുടെ കൃഷി ഭൂമിയും വിശ്രമകേന്ദ്രവും ഇന്നുകാണുന്ന തരത്തിലേക്ക് എത്തിച്ചതിനു പിന്നിൽ നൗഷാദ് എന്ന ഒറ്റയാളിന്റെ പോരാട്ടമാണ്.

∙ വന്നത് വണ്ടിയോടിക്കാൻ കിട്ടിയത് വലിയൊരു കാർഷികജീവിതം

പ്രാരാബ്ദങ്ങളുടെ ഭാണ്ഡവുമായി 27 വർഷങ്ങൾക്ക് മുൻപ് ട്രക്ക് ഡ്രൈവറുടെ വീസയിലായിരുന്നു  നൗഷാദ്  ആലുവയിലെ തായിക്കാട്ടു കരയിൽ നിന്നും തായിഫിലെ ഷറഫിയിലേക്ക്  എത്തിയത്. അവിടെ കാത്തിരുന്നത് ഒട്ടു പരിചയമില്ലാത്ത ഷട്ടറിങ് കാർപ്പന്ററുടെ പണി. അതായത്  കെട്ടിടത്തിന് കോൺക്രീറ്റ് വാർക്ക തട്ട് അടിക്കണം. ഒപ്പമുള്ള എല്ലാവരും ഈജിപ്ഷ്യൻ സ്വദേശികൾ. മലയാളമല്ലാതെ മറ്റുഭാഷയൊന്നും വശമില്ലാത്ത നൗഷാദ്  മറ്റൊരാൾ മുഖാന്തിരമാണ് പുതിയ തൊഴിലിടത്തിലെത്തുന്നത്. സ്വദേശി പൗരനായ ഹമൂദ് ഓഫിയുടെ പുതിയ കൃഷിയിടത്തിലേക്കാണ് പണിക്ക് എത്തിയത്. അവിടെ എത്തിയപ്പോഴാണ്  കർഷകനായ 95വയസ്സുള്ള അബു അലിയുടെ കൃഷി പണിക്കാണ് തന്നെ എത്തിച്ചതെന്ന് അറിയുന്നത്. ഒരേക്കറോളം നീർവാർച്ച ഇല്ലാത്ത വരണ്ട ഭൂമിയിൽ കൃഷിപ്പണിയൊന്നും അറിയാത്ത നൗഷാദിന് എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കേണ്ടി വന്നു. അബു അലി പറയുന്ന പോലെ പണികൾ ചെയ്യണമായിരുന്നു. ചെറിയ ട്രാക്ടറുമായി ഭൂമി ഉഴുതു മറിച്ചു ചാലുകീറി  ചെറു തോടുകളുണ്ടാക്കി, വരമ്പ് വെട്ടി ചെറു കണ്ടങ്ങളാക്കി  പലതരം വിത്തുകൾ വിതച്ചു. കൃഷിയിടത്തിലെ കിണറ്റിൽ നിന്നും വെള്ളം അടിച്ചു. ശക്തികൂടിയ പമ്പിൽ നിന്നു വന്ന വെള്ളത്തിൽ വെട്ടിയ വരമ്പുകൾ പൊളിഞ്ഞ്  ചാലുകീറിയ എടുത്ത കൈത്തോടുകൾ തകർന്ന്  കൃഷിയിടത്തിൽ വിതച്ച വിത്തുകളെല്ലാം കൂടികലർന്നു. കൃഷിക്ക് എങ്ങനെ വേണം ജലസേചനം എന്ന ആദ്യപാഠം അങ്ങനെ പഠിച്ചു. പിന്നീടങ്ങോട്ട് മൂന്നു മാസം കൊണ്ട് മണ്ണിനെയും കൃഷിയെയും ഇഷ്ടപ്പെടുകയായിയിരുന്നു നൗഷാദ്. അബു അലിയിൽ നിന്നും ഇവിടുത്തെ കാർഷിക രീതിയും  ഒപ്പം അറബിക് ഭാഷയും പഠിച്ചു. 

നൌഷാദ് കൃഷിയിടത്തിൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

നൗഷാദ് കൃഷിയിടത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

കൃഷിയിടത്തോട് ചേർന്ന് വൈദ്യുതില്ലാത്ത ഒരു കൊച്ചു കൂരയിലാണ് നൗഷാദ് താമസിച്ചത്. രാത്രിയിൽ കൂട്ടിന് മണ്ണെണ്ണ വിളക്ക് മാത്രം. പ്രാഥമിക സൗകര്യമൊക്കെ നിർവ്വഹിക്കാനും പറമ്പ് തന്നെ ശരണം. അഞ്ചു വർഷം കഴിഞ്ഞാണ് വൈദ്യുതി എത്തിയത്. 45 വർഷത്തെ പാട്ടത്തിനായിരുന്നു കൃഷിയിടം അബു അലി എടുത്തിരുന്നത്. ഇതിനിടെ ഭൂവുടമകൾ സ്ഥലം വിൽക്കാൻ തീരുമാനിച്ചതറിഞ്ഞ് സ്പോൺസറായ ഹമൂദ് ഓഫി ആ സ്ഥലം വിലക്ക് വാങ്ങി. തുച്ഛമായ ശമ്പളമായിരുന്നെങ്കിലും എല്ലാ മാസവും ശമ്പളം കൃത്യമായി സ്പോൺസർ എത്തിച്ചിരുന്നു. പരമ്പരാഗത കർഷകനായിരുന്ന അബു അലി  അതിരാവിലെ തന്നെ കൃഷിയിടത്തിലെത്തുമ്പോൾ തുടങ്ങുന്ന പണി സൂര്യൻ അസ്തമിക്കുന്നവരെയും തുടരും. 

ആറുമാസം വെള്ളം കിട്ടാതെ ഭൂമി വരണ്ട ഒരു കാലം, കൃഷി ചെയ്യാനാവാതെ വീണ്ടുകീറിയ മണ്ണിൽ വെറുതെ സമയം കളയാൻ നൗഷാദ് ഒരുക്കമല്ലായിരുന്നു. സ്പോൺസറുടെ വീട്ടിലുണ്ടായിരുന്ന ഒരു പഴയ പിക്ക് അപ് വണ്ടിയുമായി സമീപത്തുള്ള മലയിൽ എത്തി പാറക്കല്ലുകൾ ശേഖരിച്ച് എത്തിച്ചു. ഒരേക്കറോളം വരുന്ന  കൃഷിയിടത്തിന് ചുറ്റോട് ചുറ്റും  പാറകൊണ്ട്  ഒറ്റക്ക് അതിര് കെട്ടി അരമതിൽ തീർത്തു  സ്പോൺസറെ ഞെട്ടിച്ചു.  മുൻപരിചയമില്ലാതിരുന്നിട്ടും കൃഷി പണിപോലെ സ്വയം ആർജ്ജിച്ചെടുത്താണ് മതിൽ പണിതത്. അതൊടുകൂടി സ്പോൺസർ ഹമൂദ് ഓഫിക്ക്  നൗഷാദ് വിശ്വസ്തനും സഹോദരനും കൂട്ടുകാരനും സഹ ജോലിക്കാരനുമൊക്കെയായി. അധ്യാപകനായ സ്പോൺസർ ഹമൂദ് ഓഫി ജോലിയിൽനിന്നും വിരമിച്ചതോടെ  നൗഷാദിനൊപ്പം കൃഷി പണികൾക്ക് ഒപ്പം കൂടി. ഇതിനിടെ രണ്ടുപേരും കൂടി ഉയരത്തിൽ മതിൽ പണി തുടങ്ങി. നൗഷാദ് മതിൽ കെട്ടിപ്പൊക്കുമ്പോൾ ഹമൂദ് സിമന്റ് കുഴച്ച് നൽകി. വെള്ളം കിട്ടാതെ വീണ്ടും കൃഷി മുടങ്ങിയതോടെ ഒരു വർഷത്തോളം നൗഷാദ് പുറത്ത് കെട്ടിട നിർമാണതൊഴിലാളിയായി പണിയെടുത്തു. വേനൽക്കാലം മാറി കൃഷിയിടത്തിലെ കിണറിൽ വെള്ളമെത്തിയതൊടെ  മണ്ണിൽ പുതുമഴ നനയുന്ന ആവേശത്തോടെ വീണ്ടും കൃഷിപ്പണിയിൽ സജീവമായി.

നൌഷാദ് കൃഷിയിടത്തിൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

നൗഷാദ് കൃഷിയിടത്തിൽ. ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

വേനൽക്കാലം വന്നപ്പോൾ സ്പോൺസർക്ക്  വിശ്രമിക്കാനൊരിടം എന്ന നിലയിലാണ് കൃഷിയിടത്തോട് ചേർന്ന് കെട്ടിടം പണി ആരംഭിക്കുന്നത്. പിന്നീട് അത് വിശാലമായ പരിപാടികൾ നടത്തുന്ന ഫാം ഹൗസാക്കി മാറ്റി. ഫുട്ബോൾ , ബാഡ്മിൻറൺ കോർട്ട്, കളിസ്ഥലം, പരിപാടികൾ അവതരിപ്പിക്കാനുള്ള ഹാള്‍ എന്നിവയും നിർമിച്ചു. കൃഷിയോടൊപ്പം വിശ്രമകേന്ദ്രത്തിന്റെ നോക്കി നടത്തിപ്പും മേൽനോട്ടവും നൗഷാദിനെ ഏൽപ്പിച്ചിരിക്കുകയാണ് സ്പോൺസർ. തോട്ടത്തിലുള്ള കൃഷി വിളകൾ കാണാനും കാഴ്ചകൾ ആസ്വദിക്കാനും കൃഷി രീതികൾ പഠിക്കാനുമൊക്കെ നിരവധി പേരാണ് ഇപ്പോൾ നൗഷാദിനെ തിരക്കി എത്തുന്നത്. വിശ്രമകേന്ദ്രത്തിൽ നടത്തുന്ന കലാസാംസ്കാരിക പരിപാടികളിൽ എല്ലാവർക്കും ഒപ്പം ആടാനും പാടാനും  നൗഷാദ് കൂടെ കൂടും. തനിച്ചുള്ള കൃഷിപ്പണിക്കിടയിലെ മടുപ്പ് മാറ്റാനായി പാടി പാടി  നല്ലൊരു ഗായകനും കൂടെയായി നൗഷാദ്.  തായിഫിൽ എത്തുമ്പോൾ കൃഷിയുമായി ബന്ധമില്ലാതിരുന്നിട്ടും ഇന്ന് നാലു പേരറിയുന്ന കർഷകനായി എന്ന് അഭിമാനത്തോടെ പറയുകയാണ് നൗഷാദ്.

∙ കൃഷിപണിയാണെന്നു പറഞ്ഞാൽ മിണ്ടാതെ അകലം സൂക്ഷിക്കുന്ന മലയാളികളുമുണ്ട്

അദ്യ കാലത്ത് കൃഷി പണിയാണെന്നു അറിയുമ്പോൾ മിണ്ടാതെ അകലം പാലിച്ചിരുന്ന ഒരു പാട് മലയാളികളുണ്ടായിരുന്നുവെന്ന് നൗഷാദ് വേദനയോടെ ഓർക്കുന്നു. കൃഷിയിടത്തിനു സമീപവഴിയുള്ള ബസിൽ കയറി മാസത്തിലൊരു ദിവസം  തായിഫ് നഗരത്തിൽ പോവുന്ന കാലത്തായിരുന്നു അത്. അക്കാലത്ത് മുനിസിപ്പാലിറ്റിയിൽ തൊഴിലാളികളിൽ ഭൂരിഭാഗവും മലയാളികളായാരുന്നു. പരിചയപ്പെട്ട് ജോലി കൃഷിപണിയാണെന്നു പറയുന്നതോടെ മാറിപ്പോയിരുന്നവർ ഉണ്ടായിരുന്നു. കടകളിലൊക്കെ ചെന്നാലും ഒരകൽച്ച തന്നോട് ഉണ്ടായിരുന്നു. 

നൌഷാദ് കൃഷിയിടത്തിൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

നൌഷാദ് കൃഷിയിടത്തിൽ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

ഫാമും വിശ്രമകേന്ദ്രവും ഒക്കെ മലയാളികൾക്കിടയിൽ പ്രസിദ്ധമായതോടെ ഇപ്പോൾ   എവിടെ ചെന്നാലും നല്ല സ്വീകാര്യത കിട്ടുന്നു. മുന്തിരിതോട്ടം കാണാനും  വിളവെടുക്കാനും, വാങ്ങാനും, തായിഫ്, ജിദ്ദ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ധാരാളം കുടുംബങ്ങളും, സംഘടനകളുമൊക്കെ  വരാറുണ്ട്. പെരുന്നാള് പോലുള്ള വിശേഷങ്ങളിലൊക്കെ  ആരെങ്കിലുമൊക്കെ ഒന്നു വിളിച്ചിരുന്നുവെങ്കിൽ എന്നു കൊതിച്ചിരുന്ന ഒറ്റപ്പെട്ട ഒരു കാലത്ത് നിന്നും ഇപ്പോ ധാരാളം ആളുകൾ പെരുന്നാളിനും അല്ലാതെയും വിശേഷം തിരക്കി വിളിക്കുമ്പോൾ പൂവ് ചോദിച്ചവന് പൂക്കാലം കിട്ടിയപോലെയെന്നാണ് തന്റെ അവസ്ഥയെന്ന് ഇദ്ദേഹം പറയുന്നു.

∙കൃഷിക്ക് ജൈവവളം, കൈക്കരുത്തിൽ നിലമൊരുക്കും

വിളവെടുപ്പ് കഴിയുന്നതോടെ നിലം മുഴുവനായി ഉഴുത് മറിക്കും. രണ്ട് മീറ്റർ അകലത്തിൽ ഒരു ചാക്ക് വീതം ആട്ടിൻകാഷ്ഠം വിതറി  ഇടും. വിത്ത് വിതയ്ക്കുമ്പോഴും വളം ഇടുമ്പോഴും ചെരുപ്പോ ഷൂസോ ധരിക്കില്ല. ഇതൊക്കെ  വയോധികനായ അബു അലിയുടെ നിർബന്ധങ്ങളിൽ നിന്നു പഠിച്ചതാണ്. കൃഷിക്കും കാർഷിക വൃത്തിയ്ക്കും അത്ര വലിയ സ്ഥാനമാണ് പരമ്പരാഗത കർഷകനായ അബു അലിയും കുടുംബവും നൽകിയിരുന്നത്. ആദ്യകാലത്ത് ഇങ്ങനെ ചെയ്യേണ്ടി വന്നപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട് .ഇപ്പോൾ അതൊക്കെ നല്ല ഗുണപാഠവും തന്നിലെ ജൈവകർഷകനെ പരുവപ്പെടുത്താന്‍ ലഭിച്ച പരിശീലനമായും കാണുകയാണ്.  ട്രാക്ടർ ഉഴുതു മറിച്ച സ്ഥലമൊക്കെ വീണ്ടും മൺവെട്ടിയും തൂമ്പായുമൊക്കെ ഉപയോഗിച്ച്   വെടിപ്പാക്കി വരമ്പ് വെട്ടി ചെറു കണ്ടങ്ങളാക്കി മാറ്റും. സീസൺ അനുസരിച്ചുള്ള പച്ചക്കറി വിത്തിനങ്ങളാണ് ഈ കൊച്ചു പാടങ്ങളിൽ പാകി മുളപ്പിക്കുന്നത്. ശീതകാല പച്ചക്കറികളും വേനൽകാല പച്ചക്കറികളുമൊക്കെ അതിൽ പെടും. പച്ചക്കറികളൊക്കെ ദിവസവും രാവിലെ വിളവെടുക്കും വൈകിട്ട് വണ്ടിയിൽ കയറ്റി ജിദ്ദയിലെ മാർക്കറ്റിലെത്തിക്കും. മുന്തിരി മാത്രം ഫാമിനോട് ചേർന്ന് തന്നെ ആവശ്യക്കാർക്ക് ‌വിലയ്ക്ക് നൽകും.

നാട്ടിൽ നിന്നും എത്തിച്ച കാന്താരിയടക്കം പലതരം മുളകും കറിവേപ്പിലയുമൊക്കെ കൃഷി ചെയ്യുന്നു. സുഗന്ധം പരത്തി പലതരം പനിനീർച്ചെടികളും, മുല്ലയും നൌഷാദിന്റെ കരസ്പർശത്താൽ പൂത്തുലയുന്നു. 'എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും' എന്ന പഴഞ്ചൊല്ലുപോലെയാണ് തന്റെ കൃഷിജീവിതമെന്ന് നൗഷാദ് പറയുന്നു.

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive