രാഷ്‌ട്രം പത്മഭൂഷൺ നൽകി ആദരിച്ച കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആര്യവൈദ്യൻ പി കെ വാരിയർ നൂറിന്റെ നിറവിലാണിപ്പോൾ. ലോകത്തെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ നിറമനസ്സോടെ ഈ ശതപൂർണിമയിൽ ആഹ്ലാദം കൊള്ളുന്നു
ഒരിക്കൽ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖിക പി കെ വാരിയരോട് ചോദിച്ചു- “ഈ പ്രായത്തിലും അങ്ങയുടെ ഊർജസ്വലതയുടെ രഹസ്യമെന്താണ്?’’
അദ്ദേഹം പറഞ്ഞു: “ആയുർവേദം നിർദേശിക്കുന്ന തത്വങ്ങൾ ഞാൻ ജീവിതത്തിൽ അനുസരിക്കുന്നു. അതാണ് രഹസ്യം.’’
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, 1902ൽ ആണ് നവോത്ഥാന നായകനായ പി എസ് വാര്യർ കോട്ടക്കൽ എന്ന ഗ്രാമത്തിൽ ആര്യവൈദ്യശാല ആരംഭിച്ചത്. ഏറെ കഴിയുംമുമ്പേ നാടിന്റെ തലവര മാറ്റുംവിധം വൈദ്യശാല വികസനത്തിന്റെ കേന്ദ്രമായി മാറി. കവനകൗമുദിയുടെയും കൃഷ്‌ണനാട്ടത്തിന്റെയും നാട്ടിൽ വൈദ്യശാലകൂടി വന്നപ്പോൾ കലാകാരന്മാരുടെ തീർഥാടനകേന്ദ്രമായി കോട്ടക്കൽ. 1928 ഡിസംബറിൽ സമസ്‌ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം (ർ) അവിടെ നടന്നപ്പോഴാകട്ടെ, അത് പ്രവാഹമായി മാറി. ഇതിനിടയിൽ ദേശീയബോധവും സ്വാതന്ത്ര്യസമരവും നാടിനെ ഇളക്കിമറിച്ചു. രാഷ്ട്രീയ പ്രബുദ്ധതയുടെ സിരാകേന്ദ്രമായി മാറി കോട്ടക്കൽ. കെ കേളപ്പൻ, എ കെ ജി, മുഹമ്മദ് അബ്‌ദുറഹ്മാൻ, ഇ എം എസ്, കെ ദാമോദരൻ തുടങ്ങിയവരുടെ സജീവ പ്രവർത്തനമേഖല കോട്ടക്കൽ ആയിരുന്നു. പി എസ് വാര്യർ പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഇടപെട്ടില്ല; എങ്കിലും ഗാന്ധിജിയെ ബഹുമാനമായിരുന്നു. ജ്യേഷ്‌ഠൻ മാധവവാര്യർ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. പി കെ വാരിയർ, പറപ്പൂർ കോൺഗ്രസ് സമ്മേളന (1939)ത്തോടെ സോഷ്യലിസത്തിൽനിന്ന് കമ്യൂണിസത്തിലെത്തി. ഇത്തരത്തിൽ പ്രബുദ്ധവും പ്രക്ഷുബ്‌ധവുമായിരുന്നു പി കെ വാരിയരുടെ പൊതുജീവിതത്തിന്റെ പ്രഥമ കാണ്ഡം.
ആര്യവൈദ്യത്തിന്റെ ആധുനികമുഖം
പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്ന കാലത്ത് വൈദ്യപഠനത്തിൽ അദ്ദേഹത്തിന് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല; പലരുമായി ആലോചിച്ചു, ഭാവിയെപ്പറ്റി. ഇ എം എസ് ആണ് ആയുർവേദം പഠിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചത്. ഇ എം എസിന്റെ യുക്തി ഇതായിരുന്നു‐ “മണ്ണാൻവൈദ്യന്റെ അടുത്ത് പോയാൽ കുട്ടികളുടെ രോഗം ചികിത്സിച്ച് മാറ്റാം. പക്ഷേ, എങ്ങനെയാണ് മാറിയതെന്ന് അയാൾക്ക് പറയാൻ കഴിയില്ല. അത് കണ്ടുപിടിക്കലാണ് നിങ്ങളുടെ ജോലി. അതിന് ആയുർവേദം ശാസ്‌ത്രീയമായിത്തന്നെ പഠിക്കണം’.
ഇത് കേട്ടപ്പോൾ വലിയ വെളിച്ചം കിട്ടി. ശാസ്‌ത്രീയത‐ അതുതന്നെയാണ് ആധുനികത. മണ്ണാന്റെ വൈദ്യത്തിൽനിന്ന് ആയുർവേദത്തെ ശാസ്‌ത്രീയമാക്കാൻ വേണ്ടത് ഗവേഷണമാണ്.
ആയുർവേദരംഗത്തെ പി കെ വാരിയരുടെ പ്രവർത്തനങ്ങൾക്ക് മൂന്ന് തലമുണ്ട്. ഒന്ന് ആധുനിക സംവിധാനങ്ങളുപയോഗിച്ച് മരുന്നുകളുടെ ഗുണവും മേന്മയും അദ്ദേഹം ഉറപ്പാക്കി. ഇതിനായി വിദഗ്‌ധരുടെ നേതൃത്വത്തിൽ വലിയൊരു ലബോറട്ടറി ആര്യവൈദ്യശാലയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട്, സംവാദങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ആയുർവേദത്തിന്റെ ശാസ്‌ത്രീയത ഇന്ത്യക്കകത്തും പുറത്തും ബോധ്യപ്പെടുത്തുന്നതിനുള്ള പ്രചാരണം നടത്തി. ആയുർവേദത്തിന് ആധുനികകാലത്ത് ആഗോളതലത്തിൽ സമ്മാന്യമായ സ്ഥാനം ലഭിച്ചതങ്ങനെയാണ്.
മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ മേഖല ഗവേഷണത്തിന്റേതാണ്. ആയുർവേദരംഗത്തെ ഏറ്റവും മികച്ച ഗവേഷണകേന്ദ്രം ആര്യവൈദ്യശാലയിൽ മുൻ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്‌ദുൾ കലാം ഉദ്ഘാടനം ചെയ്‌തു. കേന്ദ്രസർക്കാരിന്റെ ആയുഷ് വിഭാഗം മികവിന്റെ കേന്ദ്രമായി ഇതിനെ അംഗീകരിച്ചിട്ടുണ്ട്. ഈ സസ്യഗവേഷണകേന്ദ്രം ഒട്ടേറെ നൂതനങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈയിടെ അവർ കണ്ടെത്തിയ പുതിയ സസ്യത്തിന് വാരിയരുടെ നാമമാണ് നൽകിയിരിക്കുന്നത്. ഗവേഷണയജ്ഞങ്ങളിൽ അദ്ദേഹത്തിന്റെ അതിയായ താൽപ്പര്യത്തെ ശാശ്വതീകരിക്കാൻ ഉതകുന്നതാണ് ഈ നാമകരണം.
കുപ്പികളിൽ കൊണ്ടുനടക്കാറുള്ള കുഴമ്പും കഷായവുമൊക്കെ ഗുളികരൂപത്തിലും തൈലങ്ങളെ ജെൽ, ക്രീം രൂപങ്ങളിൽ ആക്കിയും ലേഹ്യങ്ങളെ ഗ്രാന്യൂൾ ആക്കിയും അദ്ദേഹം വരുത്തിയ മാറ്റം ആയുർവേദരംഗത്ത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്നതാണ്. ഏറെനാൾ നീണ്ടുനിന്ന ഒട്ടേറെ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കുംശേഷമാണ് ഈ മാറ്റങ്ങൾ നടപ്പാക്കിയത്. ന്യൂജനറേഷൻ മരുന്നുകൾ ഉൽപ്പാദിപ്പിക്കാൻ നഞ്ചൻകോട്ട് പുതിയ ഫാക്ടറി തുടങ്ങിയിട്ടുണ്ട്.
വാരിയരുടെ ഗവേഷണയത്നങ്ങളുടെ പൊതുവായ സമീപനമിതാണ്‐ ആയുർവേദജ്ഞാനത്തിന്റെ ഇനിയുള്ള വളർച്ചയ്‌ക്ക് ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളുമായി യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ആയുർവേദത്തിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുവേണം അത് ചെയ്യാൻ. ഈ നിലപാടാണ് ആയുർവേദത്തിന്റെ ആധുനികീകരണത്തിനും സാർവത്രികമായ പ്രചാരത്തിനും കാരണമായത്.
നീതിയും ന്യായവും
ഏഴു ദശാബ്ദക്കാലം ആര്യവൈദ്യശാലപോലെ ബൃഹത്തായ ഒരു സ്ഥാപനത്തെ നയിച്ച പി കെ വാരിയരുടെ മാനേജ്മെന്റ് വൈദഗ്‌ധ്യത്തെപ്പറ്റി അത്ഭുതപ്പെടുന്നവരുണ്ട്. അദ്ദേഹത്തിന്റെ സമീപനം വളരെ ലളിതമാണ്. അനുഭവങ്ങളിൽനിന്നാണ് അദ്ദേഹം പഠിച്ചത്. അതിലും വലിയൊരു സർവകലാശാലയില്ല. ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി ബന്ധപ്പെടാനും നാടിന്റെ നായകരെ പരിചയപ്പെടാനും അവസരം ലഭിച്ചു; ഒപ്പം സാധാരണക്കാരുടെ ജീവിതവുമായി അടുത്തിടപഴകാൻ ധാരാളം സന്ദർഭങ്ങളും. തൊഴിലാളികളുടെ ജീവിതം, അവരുടെ പ്രശ്നങ്ങൾ, വിശപ്പെന്ന വികാരം എല്ലാം അനുഭവിച്ചറിഞ്ഞു. ദരിദ്രരുടെ ആത്മാർഥതയും നിഷ്‌കളങ്കതയും ഉള്ളിൽ തട്ടി. വിക്ഷുബ്‌ധവും സ്‌നേഹാർദ്രവുമായ ഈ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. തൊഴിലാളികളോടായാലും പൊതുജനങ്ങളോടായാലും സമഭാവനയോടെ, ഉദാരതയോടെയാണ് അദ്ദേഹം പെരുമാറുക. ആരുടെയും പ്രശ്നങ്ങൾ എളുപ്പത്തിൽ പഠിക്കാൻ അദ്ദേഹത്തിന് കഴിയും. അവരിലൊരാളായിട്ടാണ് അദ്ദേഹം അവരെ കേൾക്കുന്നത്. താനാണ് പരാതിക്കാരന്റെ സ്ഥാനത്തെങ്കിൽ, എന്തു ചെയ്യുമായിരുന്നു എന്നാണ് അദ്ദേഹം ആലോചിക്കുക. ഈ ആൾ പ്രവർത്തിച്ചതുപോലെയാകും ആ സാഹചര്യത്തിൽ താനും പ്രവർത്തിച്ചിരിക്കുക എന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നതുപോലെ തോന്നും; അത് ശരിയാവുകയും ചെയ്യും. കാര്യങ്ങൾ പിന്നെ എളുപ്പമാണ്. കുറ്റപ്പെടുത്തലല്ല പരിഹരിക്കലാണ് വേണ്ടത്. ഭാവിയിൽ ആവർത്തിക്കാതിരിക്കുകയും വേണം. അതിനുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നതിലൂടെ പ്രശ്നമവിടെ അവസാനിക്കുന്നു.
ആര്യവൈദ്യശാലയുടെ നടത്തിപ്പിൽ അദ്ദേഹം ആധാരമാക്കിയെടുത്തിട്ടുള്ള ഒരു പ്രമാണമുണ്ട്. അത് വൈദ്യശാലയുടെ ഉപദേഷ്ടാവായ അഡ്വ. സൂര്യനാരായണ അയ്യരുടെ നിലപാടാണ്. നിയമവും ധാർമികതയും തമ്മിലുള്ള ബന്ധമാണ് ചിന്താവിഷയം. നിയമപരമായി ശരിയായ കാര്യങ്ങൾ ചിലപ്പോൾ ധാർമികമായി ശരിയായിരിക്കില്ല, മറിച്ചും സംഭവിക്കാം. അയ്യരുടെ ഉപദേശമിതായിരുന്നു‐ ഒരു തീരുമാനം ധാർമികമായി ശരിയാണെന്ന് മനഃസാക്ഷിക്ക് പൂർണബോധ്യം ഉണ്ടാകണം. ആത്മനിഷ്‌ഠമായ ബോധ്യം പോരാ, ഉത്തരവാദിത്തമുള്ള സ്ഥാനത്തുനിന്ന് അത് ബോധ്യപ്പെടുത്തുകയും വേണം. രണ്ടാമത്തെ കാര്യം, ആ തീരുമാനത്തിന് നിയമപരമായി സാധുത വേണം. ധാർമികമായും നിയമപരമായും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങളേ ആര്യവൈദ്യശാല ചെയ്യൂ. അതുകൊണ്ടാണ് കൈലാസമന്ദിരത്തിന്റെ കവാടത്തിൽ പ്രവർത്തനത്തിന്റെ മാർഗരേഖ സ്ഥാപകൻ കൊത്തിവച്ചത്‐ “ധർമോ ജയതി, നാധർമഃ’. നിയമമനുസരിച്ച് പ്രവർത്തിച്ചുകൊള്ളാം എന്നല്ല പ്രതിജ്ഞ, പ്രത്യുത ധർമമനുസരിച്ച് പ്രവർത്തിച്ചുകൊള്ളാം എന്നാണ്.
സർവമതസമഭാവന
‘കോട്ടക്കൽ പെരുമ’’യുടെ ശ്രദ്ധേയമായ സവിശേഷത അതുയർത്തിപ്പിടിക്കുന്ന മതനിരപേക്ഷഭാവമാണ്. യാഥാസ്ഥിതിക സാഹചര്യങ്ങളിലാണ് പി എസ് വാരിയർ ജനിച്ചതും വളർന്നതും. ആചാരങ്ങൾ അദ്ദേഹം യഥാവിധി അനുഷ്‌ഠിച്ചിരുന്നു. എന്നാൽ, യഥാർഥ ഹിന്ദുവിനിണങ്ങുന്ന വിധം എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ജാതിഭേദമോ മേലാള‐ കീഴാളഭാവമോ അദ്ദേഹത്തിനില്ലായിരുന്നു. 1921ലെ മലബാർ കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങളിലെ അശരണരായ സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും അദ്ദേഹം സഹായിച്ചു. കൈലാസമന്ദിരത്തിന്റെ കവാടത്തിൽ ഹിന്ദു‐ ക്രിസ്‌ത്യൻ‐ ഇസ്ലാം ചിഹ്നങ്ങൾ കൊത്തിവച്ച് സർവമതസാഹോദര്യത്തിന്റെ സന്ദേശം അദ്ദേഹം പ്രഖ്യാപിച്ചു.
വിശ്വംഭരക്ഷേത്രത്തിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും അദ്ദേഹം പ്രവേശനം അനുവദിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിനുമുമ്പായിരുന്നു ഇത്. മതസൗഹാർദത്തിന്റെ ഈ പശ്ചാത്തലമാണ് പി കെ വാരിയർക്ക് പാരമ്പര്യമായി പകർന്നുകിട്ടിയത്. അതേറെ പോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്‌തത്. വിശ്വംഭരക്ഷേത്രത്തിലെ ഉത്സവം അഖിലേന്ത്യാതലത്തിൽത്തന്നെ പുകൾപെറ്റ കലോത്സവമാണ്. അതിൽ പങ്കാളികളാകാത്ത കലാകാരന്മാർ ഉണ്ടാകില്ല. കാഴ്‌ചക്കാരായും കേൾവിക്കാരായും സമൂഹത്തിന്റെ നാനാതുറയിലുംപെട്ടവർ ഉണ്ടാകും. മതപരമായ ഒരു വേർപിരിവുകളും ഇതിൽ ഒന്നിലുമുണ്ടാകില്ല.
പി കെ വാരിയരും ഭാര്യ പരേതയായ മാധവിക്കുട്ടി വാരസ്യാരും
പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനമായാലും ഗ്രന്ഥശാലാസംഘം ക്യാമ്പുകളായാലും നിളാസംരക്ഷണയജ്ഞമായാലും ആരോഗ്യസംരക്ഷണമായാലും സമൂഹത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും മുമ്പിൽനിന്ന് നയിക്കാൻ അദ്ദേഹമുണ്ടാകും. അദ്ദേഹത്തിന്റെ നേതൃത്വം പൊതുപ്രവർത്തകർക്ക് എപ്പോഴും ആശയും ആവേശവുമാണ്.
എല്ലാറ്റിനുമുപരി, പി കെ വാരിയർ ഒരു മഹാവൈദ്യനാണ്. അദ്ദേഹത്തിന്റെ ചികിത്സയിൽ മാറാരോഗങ്ങളിൽനിന്ന് മുക്തിനേടിയ അനേകർ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. രോഗം മാറി പോകുമ്പോൾ ‘ You gave me my life back' എന്ന് വിതുമ്പിക്കൊണ്ട് അവർ കാൽതൊട്ട് വന്ദിക്കുന്ന അനേകം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് തന്റെ ജീവിതം സഫലമായെന്ന് തോന്നുന്നതെന്ന്, തൊണ്ടയിടറിക്കൊണ്ട് ഈ അപൂർവവൈദ്യൻ അനുസ്‌മരിക്കാറുണ്ട്.
മഹാ വൈദ്യൻ
പി വി ജീജോ
കോവിഡ്- മഹാമാരി ഭീതിപരത്തുന്ന വേളയിലാണ് ആയുർവേദാചാര്യനായ ഡോ.പി കെ വാരിയർക്ക് നൂറ് തികയുന്നത്. കോളറയും പ്ലേഗും വസൂരിയും നടമാടിയ കാലത്തിന്റെ സാക്ഷിയായ ഡോ. വാരിയർക്ക് ഈ രോഗത്തെയും മനുഷ്യകുലം അതിജീവിക്കുമെന്ന ശുഭാപ്‌തിവിശ്വാസമുണ്ട്.
ഒരു നൂറ്റാണ്ടിന്റെ സാക്ഷിയാകുന്ന അസുലഭാനുഭവം. എന്തുതോന്നുന്നു?
ആഹ്ലാദവും ചാരിതാർഥ്യവും തോന്നുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾക്ക് സാക്ഷിയായി, പങ്കാളിയായി. വലിയമ്മാമൻ (വൈദ്യരത്നം പി എസ് വാര്യർ) ആര്യവൈദ്യശാല തുടങ്ങിയത് 1902-ലാണ്. ആരംഭകാലം ബാലാരിഷ്ടതകളുടേതായിരുന്നു. സ്വതന്ത്രമല്ലാത്ത രാജ്യം, ലോകയുദ്ധങ്ങൾ, സാമ്പത്തിക മാന്ദ്യം, മഹാമാരികൾ. അതെല്ലാം കടന്ന് ആര്യവൈദ്യശാല നിലനിൽക്കുന്നത് വ്യക്തമായ മൂല്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അസ്തിവാരത്തിലാണ്.
പുതിയരോഗങ്ങളുടെ കാലത്ത് നാളെയുടെ വൈദ്യം എന്താവും. -അതിൽ ആയുർവേദത്തിന്റെ സ്ഥാനം?
ശക്തമായ ദർശനത്തിൻമേലാണ് ആയുർവേദം സ്ഥിതിചെയ്യുന്നത്. പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ എന്നീ സിദ്ധാന്തങ്ങൾ എക്കാലവും പ്രസക്തം. ആയുർവേദം നിശ്ചലമായ ശാസ്‌ത്രമല്ല. നിരന്തരം നവീകരിക്കപ്പെടുന്ന ശാസ്‌ത്രമാണ്. നാളെകൾക്കുകൂടി ഉപകാരപ്രദമായി അത് നിലനിൽക്കും.
അനുഭവങ്ങൾ, ആഹ്ലാദങ്ങൾ?
രാജ്യം സഞ്ചരിച്ച പാതകളെ വീക്ഷിക്കാനും അതിൽ പങ്കാളിയാകുവാനും കഴിഞ്ഞു. ത്യാഗസന്നദ്ധരും ഉയർന്ന മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമായ നിരവധി സുമനസ്സുകൾ ജീവിച്ച കാലഘട്ടത്തിന്റെ ഭാഗമായി. ജയപ്രകാശ് നാരായണൻ, കെ കേളപ്പൻ, എ കെ ജി, ഇ എം എസ്, ഡോ. എ പി ജെ അബ്‌ദുൾ കലാം, കെ ആർ നാരായണൻ, കെ കരുണാകരൻ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവർക്കൊപ്പം വിവിധ ജീവിതസന്ദർഭങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് അഭിമാനകരമാണ്.
മറക്കാനാകാത്ത അനുഭവം?
അമ്മ (പാർവതി വാരസ്യാർ)യുടെ വേർപാടാണ് വല്ലാതെ മനസിനെ നൊമ്പരപ്പെടുത്തുന്ന ഓർമകളിലൊന്ന്. കാൻസർ ഭേദമാകാൻ ആധുനിക ചികിത്സയും ആയുർവേദവും ചെയ്‌തിരുന്നു. അവസാനനാളുകളിലെ തീവ്രവേദനയ്‌ക്ക് ഞാൻ സാക്ഷിയായി. ഒടുവിൽ, ഒരു തിരുവോണ രാത്രിയിൽ എന്റെ മടിയിൽ തലവച്ച് അമ്മ ലോകത്തോട് വിടവാങ്ങി.
വൈദ്യജീവിതത്തിൽ നിരവധി പ്രമുഖരെ ചികിത്സിച്ചിട്ടുണ്ടല്ലോ?
രാഷ്‌ട്രപതിയായിരുന്ന വി വി ഗിരി, ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, സ്‌പെയിനിലെ രാജകുമാരൻ, മുൻരാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മയുടെ പത്നി വിമല ശർമ, അത്‌ലറ്റ് ടി സി യോഹന്നാൻ, മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തുടങ്ങിയവർക്കെല്ലാം സാന്ത്വനം പകരാൻ കഴിഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരിക്കെ സിരിമാവോയ്‌ക്ക് കടുത്ത ശാരീരിക അസ്വാസ്ഥ്യം. ഓസ്റ്റിയോ ആർതൈറ്റിസ്, എടുപ്പുവേദന, നിൽക്കാൻ കഴി യാത്ത അവസ്ഥ എന്നിവ. വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ് അവർ തിരുവനന്തപുരം വിമാനത്താവളത്തിൽ അവർ ഇറങ്ങിയത്. രാജ്ഭവനിലായിരുന്നു ചികിത്സ. മടങ്ങുമ്പോൾ വിമാനത്തിന്റെ കോണിപ്പടികൾ നടന്നു കയറി . ശ്രീലങ്കയിൽ തിരിച്ചെത്തിയശേഷം സന്തോഷവും കൃതജ്ഞതയും രേഖപ്പെടുത്തിയ ഹൃദയസ്‌പൃക്കായ കത്ത് അവർ അയച്ചിരുന്നു.
സ്വാതന്ത്ര്യത്തിനായി സ്‌കൂൾ ഉപേക്ഷിച്ച വിദ്യാർഥിയായിരുന്നുവല്ലോ താങ്കൾ?
ഖദർതൊപ്പി ധരിച്ച് സ്‌കൂളിൽ ചെന്നതിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 1939-ൽ പറപ്പൂർ കെപിസിസി സമ്മേളനത്തിൽ വളണ്ടിയറായിരുന്നു. അന്ന് പല മഹാരഥന്മാരെയും കണ്ടു. സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ആയുർവേദപാഠശാലയിലെ പഠനം നിർത്തി പൊതുരംഗത്തിറങ്ങി. സഹപാഠിയും ആത്മസുഹൃത്തും ആയുർവേദ പണ്ഡിതനുമായിരുന്ന ഡോ. എൻ വി കെ. വാരിയരും അന്ന് പഠനം ഉപേക്ഷിച്ചിരുന്നു. പിന്നീട്, പാഠശാലയിൽ തിരിച്ചുവന്നാണ് വൈദ്യപഠനം പൂർത്തിയാക്കിയത്.
ആയുർവേദമെന്നാൽ ഇന്ന് കോട്ടക്കൽ എന്നാണ് അറിയപ്പെടുന്നത്. ഈ വളർച്ചയെ എങ്ങനെ വിലയിരുത്തുന്നു?
മരുന്നുൽപ്പാദിപ്പിച്ച് ലാഭം ഉണ്ടാക്കണമെന്നു കരുതുന്ന സ്ഥാപനമല്ല കോട്ടക്കൽ ആര്യവൈദ്യശാല. 1903-ൽ കോളറ പടർന്നുപിടിച്ചപ്പോൾ അവശരായ മനുഷ്യർക്ക് മരുന്നും ശുശ്രൂഷയും ആരോഗ്യബോധവൽക്കരണവും നടത്തിയത് വലിയമ്മാമനായിരുന്നു. 1921 -ലെ മലബാർ കലാപ കാലത്ത് ജാതിമത വ്യത്യാസങ്ങൾക്ക് അതീതമായി നിർധനരും അവശരുമായവരെ സഹായിക്കാനും സംരക്ഷണമൊരുക്കാനും അദ്ദേഹം പരിശ്രമിച്ചു. 1924-ൽ ആരംഭിച്ച ധർമാശുപ്രതി ഒരു നൂറ്റാണ്ടോളമായി ആതുരർക്ക് അഭയകേന്ദ്രമാണ്. ആയുർവേദ ഗവേഷണത്തിന് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം വലിയ സ്വപ്‌നമാണ്. സംസ്ഥാന–--കേന്ദ്ര സർക്കാരുകളുടെ നിക്ഷേപമുള്ള സ്ഥാപനമാണ് വിഭാവനം ചെയ്യുന്നത്.
എന്താണ് ഈ ആരോഗ്യ ജീവിതത്തിന്റെ രഹസ്യം?
പുലർകാലത്ത് എഴുന്നേൽക്കും. എണ്ണതേച്ച് കുളിയും ചെറിയതോതിൽ വ്യായാമവും. പത്രങ്ങളും ആയുർവേദ പുസ്‌തകങ്ങളും മാസികകളും വായിക്കും. കുടുംബത്തിനൊപ്പം അൽപ്പസമയം ചെലവഴിക്കും. രാത്രി ഭക്ഷണം നേരത്തെ കഴി ക്കും. അൽപ്പനേരം നടക്കാറുണ്ട്. രാത്രി ഒമ്പതരയോടെ ഉറക്കം. ആയുർവേദം അനുശാസിക്കുന്ന ചികിത്സകൾക്ക് വിധേയനാകാറുണ്ട്. ജീവിതത്തെക്കുറിച്ചും കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും ശുഭപ്രതീക്ഷകൾ പുലർത്തുന്നതാണെന്റെ ജീവിതത്തിന്റെ അടിസ്ഥാനം.