Wednesday, March 27, 2019

മെക്‌സിക്കന്‍ ആത്ത: ആറുരുചി ഒറ്റപ്പഴത്തില്‍


https://www.mathrubhumi.com/agriculture/features/cherimoya-1.3680761

cherimoya


പപ്പായ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം , നാരങ്ങ - ഈ ആറു പഴങ്ങളുടെ രുചികള്‍ ഒത്തുചേരുന്ന ഒരൊറ്റപ്പഴമുണ്ട്- അതാണ് സാക്ഷാല്‍ 'മെക്‌സിക്കന്‍  ആത്തച്ചക്ക' . ലോകത്തെ ഏറ്റവും മികച്ച് സ്വാദുള്ള പഴങ്ങളുടെ പട്ടകയിലാണ് ഇതിനെ ഉള്‍പ്പെടുത്തിരിക്കുന്നത്. 
കേരളത്തില്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ ധാരാളമായി വളരുന്നുണ്ടെങ്കിലും മെക്‌സിക്കന്‍ ആത്തച്ചക്കയുടെ വാണിജ്യകൃഷിക്ക് ചില തടസ്സങ്ങളുണ്ട്. ഒന്ന്, അതിന്റെ കുറഞ്ഞ സൂക്ഷിപ്പുകാലം; രണ്ട് കനം കുറഞ്ഞ തൊലി, മൂന്ന് വിളവെടുപ്പിലെ ബുദ്ധിമുട്ട്. എങ്കിലും അനുപമമായ സ്വാദും സുഗന്ധവും കാരണം ഈ പഴം ലോകമെങ്ങും പ്രിയതരമാണ്.
പരിചയം
ബൊളീവിയ, ചിലി,പെറു, ഇക്വഡോര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ആന്‍ഡീസ്' താഴ് വരകളാണ് മെക്‌സിക്കന്‍ ആത്തയുടെ ജന്മസ്ഥലം. 
'ചെറിമോയ' എന്നും ഇതിന് പേരുണ്ട്. 'ചിറിമുയ'  എന്ന പദത്തില്‍ നിന്നാണ് 'ചെറിമോയ'  രൂപംകൊണ്ടത്. 
സസ്യനാമം 'അനോന ചെറിമോല'. ആത്തച്ചക്കയും മുള്ളാത്തയും ഒക്കെ ഉള്‍പ്പെടുന്ന 'അനോനേസി' ആണ് സസ്യകുലം. മെക്‌സിക്കന്‍ ആത്ത കണ്ട് സാധാരണ ആത്തച്ചക്കയാണെന്ന് തെറ്റിദ്ധരിക്കുന്നവര്‍ ധാരാളം.
ഇലപൊഴിയുന്ന ചെറു വൃക്ഷമാണ് മെക്‌സിക്കന്‍ ആത്ത. പരമാവധി ഉയരത്തില്‍ വളരും. വ്യത്യസ്ത സ്വഭാവമുള്ള നിരവധി ഇനങ്ങള്‍ മെക്‌സിക്കന്‍ ആത്തയിലുണ്ട്. പഴത്തിന്റെ പുറംതൊലി താരതമ്യേന മൃദുവായ 'ലിസ' ; വിരല്‍പ്പാടുകള്‍ പോലെ പുറംതൊലിയില്‍ കുഴികളുള്ള 'ഇംപ്രസ്' തൊലിക്ക് കനം കുറഞ്ഞ 'പിഞ്ചുവ', എത്ര കടുത്ത തണുപ്പും അതിജീവിക്കുന്ന 'ഡെലീഷ്യോസ'; മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാന്‍ യോജിച്ച 'ഓട്ട്' - ഇങ്ങനെ ഇനങ്ങള്‍ നിരവധിയുണ്ട്. 
പ്രജനനവും കൃഷിയും
വിത്തു വഴിയും ഒട്ടിച്ചും വായുവില്‍ പതികെട്ടിയും പുതിയ തൈ തയ്യാറാക്കാം. മെക്‌സിക്കന്‍ ആത്തയിലെ ഒരു പ്രശ്‌നം അതിലെ ആണ്‍-പെണ്‍ ഭാഗങ്ങള്‍ വ്യത്യസ്ത സമയങ്ങളിലാണ് പാകമാകുന്നതെന്നതാണ്. അതിനാല്‍ സ്വാഭാവിക പരാഗണത്തിന് സാധ്യത തീരെ കുറവാണ്. 
വളരെ അയഞ്ഞതു മുതല്‍ ഗുരുത്വമുള്ള മണ്ണു വരെയുള്ള പ്രദേശങ്ങളില്‍ മെക്‌സിക്കന്‍ ആത്ത വളരും. എന്നാല്‍ ഇടത്തരം സ്വഭാവസവിശേഷതകളും മിതമായ വളക്കൂറുമുള്ള മണ്ണില്‍ മികവ് പ്രകടിപ്പിക്കുന്നതായാണ് കണ്ടിരിക്കുന്നത്. 
മെക്‌സിക്കന്‍ ആത്തയുടെ വിത്തിന് ഉണക്കി സൂക്ഷിച്ചാല്‍ വര്‍ഷങ്ങളോളം കേടാകാതെയിരിക്കാന്‍ കഴിയും. എങ്കിലും വിത്തില്‍ നിന്ന് മുളച്ചു വരുന്ന തൈകള്‍ ഗുണമികവില്‍ വളരെ പിന്നോക്കം നില്‍ക്കുന്നതായാണ് അനുഭവം. അതിനാലാണ് ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ് പോലുള്ള പ്രജനനരീതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. 
റൂട്ട് സ്റ്റോക്ക് തയ്യാറാക്കാനുള്ള വിത്തുകള്‍ ആദ്യം വെള്ളത്തിലിടും. നാല് ദിവസം കഴിയുമ്പോള്‍ പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ ഒഴിവാക്കുന്നു. ബാക്കിയുള്ളവ മണലും മണ്ണും ചേര്‍ത്ത തടത്തില്‍ പ്രത്യേകം പാകി വളര്‍ത്തും. 
3 മുതല്‍ 5 ആഴ്ച കഴിയുമ്പോഴേക്കും വിത്തുകള്‍ മുളക്കും. തൈക്ക് 10 സെ.മീറ്റര്‍ ഉയരമാകുമ്പോള്‍ അത് നഴ്‌സറിയിലേക്കോ പുതിയ ചട്ടികളിലേക്കോ മാറ്റി നടും. 12 മുതല്‍ 24 മാസത്തെ വളര്‍ച്ചയെത്തുമ്പോള്‍ അവ ഒട്ടിക്കലിന് വിധേയമാക്കുന്നു. 
അതിനുശേഷം ഒന്നേകാല്‍ മീറ്ററോളം വളര്‍ന്ന തൈ ആണ് പ്രധാന കൃഷിസ്ഥലത്തേക്ക് നടുന്നത്. മെക്‌സിക്കന്‍ ആത്ത സാധാരണ ആത്തച്ചക്കമരമായും ഒട്ടിക്കുക പതിവുണ്ട്. ഇന്ത്യയില്‍ ഈ രീതി 90 ശതമാനത്തോളം വിജയം കണ്ടിട്ടുണ്ട്. 
വിളവ്
മെക്‌സിക്കന്‍ ആത്ത മൂന്നാം വര്‍ഷം കായ്ക്കും. അതില്‍ നേരിയ വ്യത്യാസം വരാം. അഞ്ച്, പത്ത് വര്‍ഷത്തിനുള്ളില്‍ വിളവ് ക്രമാനുഗതമായി വഗ്ധിക്കുന്നത് കണ്ടിരിക്കുന്നു. 
ഒരു മരത്തില്‍ നിന്ന് 150-200 പഴങ്ങള്‍ വരെ ഒരു വര്‍ഷം കിട്ടാറുണ്ട്. മഞ്ഞ കലര്‍ന്ന പച്ചരാശിയോടു കൂടിയ നിറഭേദം കാട്ടുമ്പോള്‍ പഴങ്ങള്‍ വിളവെടുക്കാം. 
വിളഞ്ഞ പഴങ്ങള്‍ കുലുക്കി നോക്കി ഉള്ളില്‍ ഇളകിയ വിത്തുകളുടെ കിലുക്കം ശ്രദ്ധിച്ചും വിളവെടുപ്പ് സമയം നിര്‍ണയിക്കാം. 
സാധാരണ അന്തരീക്ഷോഷ്മാവില്‍ വിളവെടുത്ത് 3-4 ദിവസമാകുമ്പോള്‍ പഴങ്ങള്‍ മൃദുവും ഭക്ഷ്യയോഗ്യവുമാകും. പഴങ്ങള്‍ ശീതീകരിച്ചും സൂക്ഷിക്കാം.
മേന്മകള്‍
പോഷക സമൃദ്ധമാണ് മെക്‌സിക്കന്‍ ആത്തപ്പഴം. 15 ശതമാനം പഞ്ചസാരയും 20 മില്ലിഗ്രാം ജീവകം സിയുമുണ്ട്. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, തയമിന്‍ റിബോഫ്‌ലേവിന്‍ ,നിയാസിന്‍, മാംസ്യം, കൊഴുപ്പ്, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.
അതേപടി കഴിക്കുക അതീവ സ്വാദിഷ്ടമാണ്. വിളഞ്ഞ മെക്‌സിക്കന്‍ ആത്തച്ചക്ക നെടുകെ മുറിച്ച് സ്പൂണ്‍ കൊണ്ട് ഐസ്‌ക്രീം പോലെ കോരി കഴിക്കാം. 
ഐസ്‌ക്രീം, സര്‍ബത്ത്, ലഘുപാനീയങ്ങള്‍ എന്നിവ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പഴം പുളിപ്പിച്ച് ഒരിനം മദ്യം ഉല്‍പ്പാദിപ്പിക്കാറുണ്ട്. പഴത്തിനും വിത്തിനും ഔഷധഗുണവുമുണ്ട്. വിത്ത് പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ലായനി മികച്ച ജൈവകീടനാശിനിയാണ്. 


Content highlights: Agriculture, Cherimoya
പപ്പായ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം , നാരങ്ങ - ഈ ആറു പഴങ്ങളുടെ രുചികള്‍ ഒത്തുചേരുന്ന ഒരൊറ്റപ്പഴമുണ്ട്- അതാണ് സാക്ഷാല്‍ 'മെക്‌സിക്കന്...

Read more at: https://www.mathrubhumi.com/agriculture/features/cherimoya-1.3680761
പപ്പായ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം , നാരങ്ങ - ഈ ആറു പഴങ്ങളുടെ രുചികള്‍ ഒത്തുചേരുന്ന ഒരൊറ്റപ്പഴമുണ്ട്- അതാണ് സാക്ഷാല്‍ 'മെക്‌സിക്കന്...

Read more at: https://www.mathrubhumi.com/agriculture/features/cherimoya-1.3680761

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive