Wednesday, March 18, 2015

forest in dubai

കരീം ഫോറസ്റ്റ് ഇന്‍ ദുബായ്

by വിനോദ് പായം on 14-March-2015
കരീം ഫോറസ്റ്റ് ഇന്‍ ദുബായ്

 

പാറനിറഞ്ഞ തരിശുഭൂമിയില്‍ മരം നട്ടുവളര്‍ത്തി 32 ഏക്കര്‍ വിസ്തൃതിയില്‍ കാടുണ്ടാക്കിയ കാസര്‍കോട് പരപ്പയിലെ കരീം പുതിയ ദൗത്യം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. യുഎഇ പരിസ്ഥിതിമന്ത്രാലയത്തിന്റെ ക്ഷണപ്രകാരംദുബായിലെ നൂറേക്കര്‍ മരുഭൂമിയെ പച്ചപുതപ്പിക്കാനുള്ള ചര്‍ച്ചയ്ക്കായി കരീം അടുത്തയാഴ്ച വിമാനം കയറും. സംഗതി ഓക്കെയായാല്‍ അടുത്ത മഴക്കാലംമുതല്‍ കരീംഫോറസ്റ്റിലെ മരത്തൈകള്‍ ഗള്‍ഫിന് പച്ചക്കുട ചൂടും

കത്തിക്കാളുന്ന കുംഭപ്പകലിലാണ് ആ കാട്ടിലേക്ക് കരീമിനെ കാണാന്‍ ചെന്നത്. ചെന്നപാടെ, കാടിന്റെ അതിര്‍ത്തിയിലുള്ള കൊച്ചുവീടിനുള്ളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ലാപ്ടോപ്പില്‍ അന്നത്തെ ഇമെയില്‍ പരിശോധിക്കുന്ന തിരക്കിലാണ് കരീം. കൊച്ചുമുറിയില്‍ എസിയെ തോല്‍പ്പിക്കുന്ന നല്ല തണുപ്പ്. ചുമരിലുള്ള ചൂടളക്കല്‍ യന്ത്രത്തില്‍ 25 ഡിഗ്രി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അല്‍പ്പമകലെ റോഡില്‍ 35 ഡിഗ്രിവരെയുണ്ട് ചൂട്, ഇവിടെയെത്തുമ്പോള്‍ പത്ത് ഡിഗ്രി കുറയുന്നു. കരീമിന്റെ 32 ഏക്കര്‍ സ്വകാര്യവനം- "കരിംഫോറസ്റ്റ്' നാടിനെ കാക്കുന്നത് ഇങ്ങനെയുംകൂടിയാണ്.രണ്ടുദിവസംമുമ്പ് വന്ന ഇമെയില്‍ കാട്ടി കരീം പുതിയ ഗള്‍ഫ് ദൗത്യത്തെക്കുറിച്ച് വാചാലനായി. യുഎഇ പരിസ്ഥിതിമന്ത്രാലയം ഉദ്യോഗസ്ഥ ഷമ്മ അല്‍ ഫലാസിയുടെ ഇ- മെയിലാണത്. വരുന്ന 23ന് ദുബായിലേക്ക് ക്ഷണിച്ചുള്ള കത്ത്. ദുബായിലെ നൂറേക്കര്‍ തരിശുഭൂമിയില്‍ കാടുണ്ടാക്കാനുള്ള പ്രോജക്ട് ചര്‍ച്ചചെയ്യാന്‍ ക്ഷണിച്ചിരിക്കുകയാണ്.

കരീം സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരമായാല്‍ അടുത്ത മഴക്കാലത്ത്, കരീമിന്റെ മരത്തൈകളും മറ്റും കടല്‍കടന്ന് വലിയൊരു കാടായിമാറും. ദുബായില്‍ മലയാളി പെരുപ്പത്തോടൊപ്പം, മലയാളമറിയുന്ന മരങ്ങളും വളരും.എഴുപതുകളിലെ ഗള്‍ഫ് ജീവിതം മതിയാക്കി, ഉള്‍നാട്ടിലെ പാറപ്രദേശം വിലയ്ക്കുവാങ്ങി, നിത്യശ്രദ്ധയോടെ മരത്തൈ നട്ടുകൊടുത്ത് 32 ഏക്കര്‍ വലുപ്പമുള്ളൊരു കൊടുംകാട് സൃഷ്ടിച്ചയാള്‍- കാസര്‍കോട് പരപ്പ പുലിയങ്കുളത്തെ പി അബ്ദുള്‍കരീം എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ ചുരുക്കത്തില്‍ ഇത്രയുമാണ്. ആ ചുരുക്കം ഇപ്പോള്‍, ബിബിസിയുടെയും ഡിസ്കവറി ചാനലിന്റെയും മുഖ്യ പരിസ്ഥിതി വാര്‍ത്തവരെയായി വികസിച്ചു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയില്‍ (യുഎന്‍ഇപി) ഓണ്‍ലൈനായി ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരം തേടുന്നതില്‍വരെ എത്തിനില്‍ക്കുന്ന കരീമിന്റെ ചോദ്യങ്ങളും ശാസ്ത്രജ്ഞരുടെ ഉത്തരവും ക്രോഡീകരിച്ച് "ഹൗ ഗ്രീന്‍ ഈസ് കരീംസ് ലാന്‍ഡ്' എന്ന പ്രസ് റിലീസുതന്നെ യുഎന്‍ പുറത്തിറക്കി. മൗസ് ക്ലിക്കിനപ്പുറം ഇന്റര്‍നെറ്റില്‍ സഞ്ചരിച്ചാല്‍ അറിയാം, കരീം എന്ന നാട്ടുമ്പുറത്തുകാരന്‍ എത്ര വലിയ വന്‍മരമായി മാറിയിരിക്കുന്നു എന്നത്.

സ്വപ്നത്തില്‍ ഒരു മരുത് പൂക്കുന്നു

നീലേശ്വരം കോട്ടപ്പുറത്തെ കുട്ടിക്കാലവും പ്രീഡിഗ്രിക്കാലവും കഴിഞ്ഞ്, കരീം മുംബൈയില്‍ കപ്പല്‍ജോലിക്ക് ചേര്‍ന്നു. എഴുപതുകളുടെ തുടക്കത്തില്‍ സജീവമായ ഗള്‍ഫ് മോഹത്തിന്റെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്നു. എല്‍ഐസി ഏജന്റായും ട്രാവല്‍ ഏജന്റായുമൊക്കെ പ്രവര്‍ത്തിച്ചു കിട്ടിയ പണവുമായി 1979ല്‍ ദുബായില്‍നിന്ന് നാട്ടിലേക്ക് മടങ്ങി. 29-ാമത്തെ വയസ്സില്‍ ഭാര്യയുടെ വീടിനടുത്ത്, നീലേശ്വരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ പരപ്പ പുലിയങ്കുളത്ത് അഞ്ചേക്കര്‍ തരിശുഭൂമി വാങ്ങുന്നു. ആരും തിരിഞ്ഞുനോക്കാത്ത പാറപ്രദേശം. കുട്ടിക്കാലത്ത് ബാക്കിവച്ച പച്ചസ്വപ്നങ്ങള്‍, വനംവകുപ്പില്‍നിന്ന് വാങ്ങിയ ഒരു മരുതുചെടിയായി തലനീട്ടി.

അവധൂതനെപ്പോലെ അയാള്‍ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ മരുതും ഇരുളും നട്ടുകൊടുത്തു. ഇലപൊഴിച്ച് ഭൂമിക്ക് ആവരണമുണ്ടാക്കി ജലസമൃദ്ധിയേകാന്‍ മരുതും ഇരുളുമാണ് ഏറെ ഗുണമെന്ന് അയാള്‍ നിരീക്ഷിച്ചിരുന്നു. ആദ്യവേനല്‍ അതിജീവിച്ചത് നാമമാത്രമായ മരച്ചെടികള്‍. അടുത്ത മഴയില്‍ വീണ്ടും മരത്തൈ പാകി. വേനലില്‍, വെള്ളം ബൈക്കില്‍ കൊണ്ടുവന്ന് ഇറ്റിച്ചുകൊടുത്തു. നാട്ടുകാര്‍ ഭ്രാന്തനെന്നു കരീമിനെ വിളിച്ച എണ്‍പതുകളില്‍ മരുതുചെടികള്‍ മാനംനോക്കി വളര്‍ന്നു. മരങ്ങള്‍ പുരനിറഞ്ഞപ്പോള്‍ അഞ്ചേക്കറിനപ്പുറത്തെ തരിശുഭൂമികൂടി കരീം വാങ്ങി. അഞ്ച് പത്തായി, ഇരുപതായി. ഇപ്പോഴത് 32 ഏക്കറിലെത്തി; മാനം കാണിക്കാതെ വളര്‍ന്നുനില്‍ക്കുന്നു, 36 വര്‍ഷം പഴക്കമുള്ള നിബിഡവനം.

അത്തി, ഇത്തി, വേങ്ങ, കൊടകപ്പാല, കൊട്ട, കാട്ടുമുല്ല... എന്നിങ്ങനെ എണ്ണൂറിലധികംതരം മരം വളരുന്ന കാട്ടില്‍ കരീംമാത്രമല്ല താമസക്കാരന്‍. ഭാര്യ ഷെരീഫ, ഇളയമകന്‍ ഷെമീം, കരീം വിളിച്ചാല്‍മാത്രം അടുത്തുകൂടുന്ന മയില്‍ക്കൂട്ടങ്ങള്‍, കാട്ടുമുയല്‍, കുറുക്കന്‍, കീരി, വെരുക്, കാട്ടുകോഴി, പാമ്പ്, കിളികള്‍മുതല്‍ മണ്ണിരവരെ താമസക്കാരായുണ്ട്.""കാടുണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ഒരുതരം ഓട്ടോമാറ്റിക്ക് മെക്കാനിസമാണ്. കുറെ മരങ്ങള്‍ വളര്‍ന്നാല്‍ കിളികള്‍ കൂടുകൂട്ടും. സ്വാഭാവികമായും പക്ഷിക്കാഷ്ഠവും ഭൂമിയില്‍ വീഴും. ഇതിലുള്ള സസ്യങ്ങളുടെ വിത്ത് മുളപൊട്ടി പുതിയ കാടിനെ, പ്രകൃതിതന്നെ സൃഷ്ടിക്കും''- സ്വയം നിരീക്ഷിച്ച് കരീം നമ്മെ പഠിപ്പിക്കുന്ന പ്രാഥമികപാഠം ഇവിടെ തുടങ്ങുന്നു. കരീം ആറാംക്ലാസിലെ മലയാളപാഠവലിയിലെ മൂന്നാം അധ്യായമായതും ഇങ്ങനെയൊക്കെ പ്രകൃതിപാഠം പഠിപ്പിച്ചതിനാലാണ്. ഇതാ മറ്റൊരു കണക്ക്: ""32 ഏക്കറില് ഏകദേശം ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം ചതുരശ്ര മീറ്ററില് ശരാശരി 300 സെന്റ് മീറ്റര്‍ മഴ കണക്കാക്കിയാല്‍ത്തന്നെ 36 കോടി ലിറ്റര്‍ വെള്ളംപെയ്യുന്നുണ്ട് ഇവിടെ. ഈ വെള്ളം മിക്കവാറും ഇവിടെത്തന്നെ കാട് പിടിച്ചുവയ്ക്കും. കാടിനകത്തുള്ള നാല് കിണറിലും ജലനിരപ്പ് താഴുന്നേയില്ല''. നാട്ടുകാര്‍ക്ക് ആവശ്യത്തിന് ടാങ്കറിലും പാത്രത്തിലും വെള്ളം നല്‍കുന്നുണ്ട് കരീം. കാടിന്റെ അതിര്‍ത്തിയില്‍ അദ്ദേഹംതന്നെ പാര്‍പ്പിച്ച മൂന്ന് വീട്ടുകാരും കുടിക്കുന്നത് കാട്ടിനുള്ളിലെ കിണര്‍വെള്ളമാണ്

 തിങ്ക് ഗ്ലോബലി, ആക്ട് ലോക്കലി

പാഴില്ലാത്ത നിബിഡവനത്തിന്റെ കരുത്താണ് കരീമിന്റെ സംസാരത്തിന്. തന്റെ ബോധ്യങ്ങളുടെ പരിസ്ഥിതിപാഠങ്ങള്‍ കരീം നമ്മോട് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അത്തരം ഒരു മുദ്രാവാക്യവും അദ്ദേഹം നിരന്തരം പറയും. അതിങ്ങനെ: ""തിങ്ക് ഗ്ലോബലി ആക്ട് ലോക്കലി''. വലിയ വലിയ ചിന്തകളും ചെറുചെറു പ്രവൃത്തികളും ഒടുവില്‍ തന്റെ കാടുപോലെതന്നെ നാടിന് കുടപിടിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.ചോദ്യം: പരിസ്ഥിതി ചിന്തകള്‍ ഇപ്പോള്‍ ഫാഷനാണ്. അങ്ങനെയൊന്നുമില്ലാത്ത ഒരുകാലത്ത് ഇത്തരം ചിന്തകള്‍ ഉയരാന്‍ എന്തായിരുന്നു കാരണം?ഉത്തരം: അതെന്റെ ശീലമാണെന്നുതോന്നുന്നു.

നീലേശ്വരം രാജാസ് സ്കൂളില്‍ പഠിക്കുമ്പോള്‍, അതിനടുത്തുള്ള മന്നംപുറത്ത് കാവില്‍ ഞാന്‍ എന്നും പോയിരിക്കും. അവിടത്തെ കിളികളെ നിരീക്ഷിക്കും. മരങ്ങളെ നോക്കും. പിന്നീട് ജീവിതവൃത്തിക്ക് ഗള്‍ഫിലൊക്കെ പോയപ്പോഴും, മനസ്സില്‍ ഒരു കാട് വിളിക്കുന്നുണ്ടായിരുന്നു. അതാകണം, സ്വയം കാര്യശേഷിയുണ്ടായപ്പോള്‍, ഉള്ള കാശുംകൊണ്ട് ഞാന്‍ ഇവിടെ പുലിയങ്കുളത്തെത്തിയത്. കാടിന്റെ അതിര്‍ത്തിയില്‍ത്തന്നെയുള്ള തോട്ടത്തില്‍ തെങ്ങും കവുങ്ങും വളരുന്നതിനാല്‍, ജീവിക്കാന്‍ അതുമതി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ വഴികാട്ടിയായി കരീമിനെ വിശേഷിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്തുകൊല്ലംമുമ്പ് ദേശീയപത്രങ്ങളില്‍ മുഴുപ്പേജ് പരസ്യംചെയ്തിരുന്നു.

"വിചിത്രസ്വഭാവിയും ഗ്രാമീണനുമായ മധ്യവയസ്കന്‍ ഞങ്ങളെ പ്രചോദിപ്പിച്ചവിധം' എന്നായിരുന്നു ആ പരസ്യത്തിന്റെ തലവാചകം. ഇന്നും ആ വിചിത്രസ്വഭാവത്തിന് കരീമില്‍ മാറ്റമില്ല. പ്ലാസ്റ്റിക് പാടില്ല എന്ന് പ്രഖ്യാപിച്ച് 38 കൊല്ലംമുമ്പ് സ്ഥാപിച്ച ബോര്‍ഡ് ഇപ്പോള്‍ കാനത്തുടക്കത്തില്‍ മായാതെ കിടക്കുന്നു. കാട്ടുവഴിയിലേക്ക് കടന്നാല്‍ ഇടയ്ക്കിടയ്ക്ക് ഇംഗ്ലീഷിലുള്ള നിര്‍ദേശബോര്‍ഡുകള്‍. വഴിയില്‍മാത്രം നടക്കുക, ഇല പറിക്കരുത്, നിശ്ശബ്ദത പാലിക്കുക... എന്നിങ്ങനെ. യാത്രികര്‍ക്ക് കുടിക്കാന്‍ പ്രത്യേകപാത്രത്തില്‍ ഇടയ്ക്കിടയ്ക്ക് വച്ചിട്ടുണ്ട്, "രാസശുദ്ധീകരണം നടത്താത്ത ശുദ്ധജലം. ഇലയാലും വേരുകളാലും ഔഷധച്ചെടികളാലും ഒടുവില്‍ കരിമ്പാറയാലും ശുദ്ധീകരിച്ച വെള്ളം' എന്ന അഭിമാനത്തോടെയുള്ള അറിയിപ്പും പാത്രത്തിനു പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയരികില്‍ മണ്‍പാത്രത്തില്‍ നിലത്ത് വെള്ളംവച്ചതുകാണാം. അലഞ്ഞുതിരിയുന്ന പട്ടികള്‍ക്കുള്ളതാണത്രേ അത്! മരച്ചില്ലകളിലും നിലത്തും ചെറിയ ചിരട്ടയിലും മറ്റും വെള്ളംകാണാം; അത് കിളികള്‍ക്ക്. വഴിയരികില്‍ സ്ഥാപിച്ച ടാര്‍വീപ്പകൊണ്ടുള്ള വേസ്റ്റ് ബിന്നില്‍മാത്രം മാലിന്യം നിക്ഷേപിക്കണം.മുഖ്യകവാടത്തിനരികില്‍ത്തന്നെയാണ് കരീമിന്റെ ഫോറസ്റ്റ് "ഔട്ട് ഹൗസ്'. കരീം വനപാലകനായി മിക്കവാറും സമയം ഇവിടെയുണ്ടാകും. രാത്രിയില്‍ ഭാര്യയും മകനുംകൂട്ടിനെത്തും. കാട്ടില്‍ അല്‍പ്പം ഉള്ളിലേക്ക് മാറി സാമാന്യം വലുപ്പമുള്ള വീടുണ്ട്. അവിടെ മറ്റു മക്കളും അതിഥികളും വന്നാല്‍ താമസിക്കും. നാലുപെണ്‍മക്കളടക്കം ആറുപേര്‍ ഗള്‍ഫിലാണ്. വീട്ടില്‍നിന്ന് ഔട്ട്ഹൗസുവരെ സിഎഫ്എല്‍ ലാമ്പിട്ട് വീഥിയില്‍ വെളിച്ചം തയ്യാറാക്കി. കാട് കാണാനും രാത്രികാല പരിസ്ഥിതിക്യാമ്പിനും എത്തുന്നവര്‍ക്കുവേണ്ടിയാണ് ഇത്. ഇവിടെയെല്ലാം വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാടിനെ അതിരില്ലാത്ത ലോകമായാണ് കരീം കാണുന്നത്. വിലാസം: kareemforest@gmail.com

 കമ്യൂണ്‍ ലിവിങ് എന്ന സ്വപ്നം

കാട് കൊടുംകാടായതോടെ, ഇനിയെന്തുചെയ്യും എന്ന ആലോചനയും കരീമില്‍ സജീവമായിട്ടുണ്ട്. അതിനായി പരിസ്ഥിതി സ്നേഹികള്‍ക്ക് കമ്യൂണ്‍ ലിവിങ് ആവാസവ്യവസ്ഥ സ്ഥാപിക്കാനാണ് കരീമിന്റെ ആലോചന. കാട്ടിനുള്ളില്‍, കൊടുംപാറയായതിനാല്‍ വേരുപിടിക്കാത്ത സ്ഥലത്ത്, 30 കുടുംബത്തിന് അപ്പാര്‍ട്മെന്റ് ഉണ്ടാക്കാനാണ് ആലോചന. മദ്യപര്‍ പാടില്ല, അന്യോന്യം സഹകരണമനോഭാവം വേണം, കാര്‍ പാടില്ല, കുടുംബത്തെ ഇവിടെ താമസിപ്പിക്കണം; സര്‍വോപരി കാടിനെ കാക്കണം... ഇങ്ങനെയുള്ളവരില്‍നിന്ന് തെരഞ്ഞെടുത്ത് താമസിപ്പിക്കാനാണ് പരിപാടി. ഇന്റര്‍നെറ്റില്‍ പരസ്യംചെയ്തതിനാല്‍ വിദേശത്തുനിന്നടക്കം ആവശ്യക്കാര്‍ ഏറെയെന്ന്് കരീം.

 അംഗീകാരങ്ങളുടെ നിറവില്‍

കാട് തലയുയര്‍ത്തിയതോടെ കരീമിന്റെ പരീക്ഷണം കാണാന്‍ എത്തിയവരുടെ എണ്ണത്തിന് കണക്കില്ല. വര്‍ഷം പത്തുമുതല്‍ പതിനയ്യായിരംവരെ വിദ്യാര്‍ഥികളും അവര്‍ക്കൊപ്പം അധ്യാപകരും ശാസ്ത്രജ്ഞരും കരീമിന്റെ കാട്ടിലെത്തി. ആറാംക്ലാസ് മലയാളപുസ്തകത്തില്‍ കരീം പാഠ്യവിഷയമായതോടെ പ്രോജക്ടിന്റെ ഭാഗമായും കുട്ടികള്‍ വരുന്നുണ്ട്. പരിസ്ഥിതി സംഘടനകളുടെ ക്യാമ്പും മറ്റും ഇടയ്ക്കിടയ്ക്ക് ഇവിടെ നടത്താറുണ്ട്. എല്ലാ അവാര്‍ഡിനേക്കാളും മികച്ച അംഗീകാരമായാണ് കരീം ഇതിനെ കാണുന്നത്.

കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡുമുതല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരംവരെ അമ്പതിലധികം ബഹുമതികള്‍ ലഭിച്ചിട്ടുള്ള കരീം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ അല്‍ഗോറുമായി പതിവായി ഇമെയില്‍ സംഭാഷണം നടത്തുന്ന ആള്‍കൂടിയാണ്. 1998ല്‍ സഹാറാ ഗ്രൂപ്പിന്റെ പരിസ്ഥിതി അവാര്‍ഡ് അമിതാഭ്ബച്ചനാണ് നല്‍കിയത്. 2008ല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പീപ്പിള്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്ത കരീം ഇപ്പോള്‍, ആന്ധ്ര ഗുണ്ടൂരിലെ അള്‍ട്ടാവില്ല എന്ന സ്വാശ്രയഗ്രാമത്തിന്റെ പരിസ്ഥിതി അംബാസഡറായും പ്രവര്‍ത്തിക്കുന്നു. കോര്‍പറേറ്റ് സ്ഥാപനത്തെക്കൊണ്ട് ഗ്രാമത്തെ ദത്തെടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംബന്ധമായ തന്റെ അനുഭവങ്ങള്‍ കരീം ഗ്രാമീണരുമായി പങ്കിടുന്നു.

 418  0 Google +0
- See more at: http://www.deshabhimani.com/news-special-vaaraanthapathippu-latest_news-449139.html#sthash.9Bs25Ds8.dpuf

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive