Sunday, March 29, 2020

പുതിയ മുഖം - രണ്ട്‌ സിവിൽ സർവീസുകാർ


രണ്ട്‌ സിവിൽ സർവീസുകാർ. ഒരാൾ പഠിച്ചത്‌ തമിഴ്‌ മീഡിയത്തിലാണെങ്കിലും വൈജ്ഞാനിക സാഹിത്യരചന മലയാളത്തിൽ. സാഹിത്യത്തിലും ചരിത്രത്തിലും ഭാഷാശാസ്ത്രത്തിലും നരവംശ ശാസ്‌ത്രത്തിലും അവഗാഹമുള്ള കെ സേതുരാമൻ ഐപിഎസ്‌. ആധുനികമായ  പരിശീലനത്തിലൂടെ പൊലീസ്‌ സേനയ്‌ക്ക്‌ മനുഷ്യമുഖം നൽകുന്നതിലാണ്‌ ഇപ്പോൾ സേതുരാമന്റെ  ശ്രദ്ധ.  മറ്റേയാൾ തിരുവനന്തപുരത്ത്‌ ജനിച്ച്‌ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ലയിൽ അതിനൂതനമായ പദ്ധതികൾ നടപ്പാക്കുന്ന ഡോ. ഡി സജിത്‌ ബാബു ഐഎഎസ്‌. അറിയുക ഈ രണ്ടുപേരെയും
വേഷം കാക്കി. കൈയിൽ ബാറ്റൺ. ഗാംഭീര്യമാർന്ന ചുവടുകൾ. പൊലീസ്‌ ഓഫീസർക്കുവേണ്ട എല്ലാ പകിട്ടുകളും. കാക്കിവേഷത്തിൽ എങ്ങനെ എത്തിയെന്ന്‌ ചോദിച്ചാൽ ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞുതുടങ്ങും, തേയിലക്കൊളുന്ത്‌ നുള്ളി അന്നം തേടുന്ന എസ്‌റ്റേറ്റ്‌ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച്‌. ലയങ്ങളിലെ ഒറ്റമുറികളിൽ തളച്ചിടപ്പെട്ട  ജന്മങ്ങളെക്കുറിച്ച്‌.  ഇരുൾ വീഴുമ്പോൾ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പഠിച്ചതിനെക്കുറിച്ച്‌. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും  കർക്കശക്കാരനായ കെ സേതുരാമൻ ഐപിഎസ്‌ എന്ന കണ്ണൂർ റേഞ്ച്‌ ഡിഐജിയുടെ വിശേഷങ്ങൾ ഇതിലൊന്നും തീരുന്നില്ല. ഭാഷാശാസ്‌ത്രത്തിലും സാഹിത്യത്തിലും നരവംശ ശാസ്‌ത്രത്തിലും ചരിത്രത്തിലുമുള്ള  ജ്ഞാനാന്വേഷണങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ അദ്ദേഹം വാചാലനാകും. എഴുതിയ പുസ്‌തകങ്ങളെക്കുറിച്ച്‌ ചോദിച്ചാൽ, പൊലീസ്‌ പണിയോ എഴുത്തോ ഏതിനോടാണ്‌ കൂടുതലിഷ്‌ടമെന്ന്‌ ചോദിച്ചാൽ ഒന്ന്‌ കണ്ണിറുക്കും. പൊലീസിന്റെ ചുമതലകൾക്കൊപ്പം വായനയും എഴുത്തും പ്രസംഗവും ഗവേഷണവും  കുട്ടികൾക്കുള്ള പാട്ടെഴുത്തുമൊക്കെ തുടരുകയാണ്‌ ഈ ഐപിഎസുകാരൻ. മലയാറ്റൂരിനെയും ഡി  ബാബുപോളിനെയും കെ ജയകുമാറിനെയുംപോലുള്ള പ്രതിഭകളെ കേരളത്തിന്‌ സമ്മാനിച്ചിട്ടുണ്ട്‌ കേരള  സിവിൽ സർവീസ്‌. അവർക്ക്‌ പിന്നാലെയിതാ മുന്നാർ ചോലമല സ്വദേശി കെ സേതുരാമനും. ടാറ്റ ടീ പ്ലാന്റേഷനിൽ തൊഴിലാളികളായിരുന്ന  കറുപ്പയ്യയുടെയും സുബ്ബമ്മാളിന്റെയും  മകൻ. ചോലമലയിലെ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു പഠനം. രണ്ട്‌ ക്ലാസ്‌ മുറി മാത്രമുള്ള തമിഴ്‌ മീഡിയം വിദ്യാലയം. അവിടെനിന്ന്‌ മറ്റൊരു സ്‌കൂൾ. നാലാം ക്ലാസിനുശേഷം മൂന്നാറിലെ ലിറ്റിൽ ഫ്‌ളവർ ഗേൾസ്‌ സ്‌കൂളിലേക്ക്‌. ഈ സമയത്ത്‌ ഒരു അധ്യാപികയുടെ ഇടപെടലാണ്‌ സേതുരാമന്‌ വഴിത്തിരിവായത്‌. അവരുടെ  നിർദേശത്തെത്തുടർന്ന്‌ സൈനിക്‌ സ്‌കൂൾ പ്രവേശനത്തിന്‌  അപേക്ഷിച്ചു. ആദ്യ ശ്രമത്തിൽതന്നെ പ്രവേശനം. ഉദുമൽപേട്ടയിലെ അമരവതി നഗറിലായിരുന്നു സ്‌കൂൾ. പിന്നീട്‌ എൻജിനിയറിങ്ങിന്‌ ചേർന്നു. അതുപേക്ഷിച്ച്‌ സാമ്പത്തിക ശാസ്‌ത്രം പഠിക്കാൻ തലസ്ഥാനത്ത്‌.  യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബിഎയും എംഎയുമെടുത്തശേഷം  തിരുവനന്തപുരത്തെസെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസി (സിഡിഎസ്‌)ൽ എംഫിൽ പഠിച്ചു. ധനമന്ത്രി ടി എം തോമസ്‌ ഐസക്‌  അന്നവിടെ അധ്യാപകൻ.  ‘ജനകീയാസൂത്രണത്തിൽ ഗോത്രവർഗത്തിന്റെ പങ്ക്‌’  എന്നതായിരുന്നു എംഫിൽ വിഷയം.  ഇതിനിടെ സിവിൽ സർവീസ്‌ മോഹം മനസ്സിൽ  കൂടുകൂട്ടി. ബ്രിട്ടീഷ്‌ ലൈബ്രറി, പബ്ലിക്‌ ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, ഐഎംജി ലൈബ്രറികളിൽ അലഞ്ഞു. വായിച്ച പുസ്‌തകങ്ങൾ എത്രയെന്ന്‌  ചോദിച്ചാൽ  ഒരു തിട്ടവുമില്ലെന്ന്‌ സേതുരാമൻ. അങ്ങനെ കൃത്യമായ ആസൂത്രണത്തിലൂടെ സിവിൽ സർവീസ്‌ കടമ്പ കടന്നു തോട്ടംതൊഴിലാളിയുടെ ഈ മകൻ.  കേരളത്തിൽ തൊട്ടംതൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഐപിഎസ്‌ ഓഫീസർ.

പുസ്‌തകരചനയിലേക്ക്‌

ആദ്യം പഠിച്ചത്‌ തമിഴ്‌ മീഡിയം സ്‌കൂളിൽ. തുടർ പഠനം ഇഗ്ലീഷ്‌ മീഡിയത്തിൽ. ഉന്നതപഠനം സാമ്പത്തിക ശാസ്‌ത്രത്തിൽ. പക്ഷേ, ആദ്യ പുസ്‌തകത്തിന്‌ വിഷയം മലയാള സാഹിത്യം. പേര്‌  ‘മലയാളത്തിന്റെ ഭാവി’.  മാതൃഭാഷയുടെ പ്രസക്തിയും സാധ്യതകളും സംബന്ധിച്ച പൊതു വിലയിരുത്തലുകളും മലയാളഭാഷ നേരിടുന്ന പ്രതിസന്ധികളുമാണ്‌   പുസ്‌തകം ചർച്ചചെയ്യുന്നത്‌. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് നമ്മൾ  നിർമിച്ചെടുത്ത കെട്ടുകഥകൾ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ  കെ സേതുരാമന്റെ ഈ പുസ്‌തകം അനാവരണംചെയ്യുന്നതായി  വി ആർ പ്രബോധചന്ദ്രൻനായർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മലയാളിയല്ലാത്ത ഐപിഎസ്‌ ഓഫീസറുടെ സത്യസന്ധമായ ഭാഷയെന്നും ഇത് മലയാളത്തോടുള്ള ആത്മാർഥതയുടെയും സ്‌നേഹത്തിന്റെയും പ്രതിഫലനമാണെന്നും അദ്ദേഹം പറയുന്നു. ഇതിനുശേഷമാണ്‌ ചരിത്രവും നരവംശശാസ്‌ത്രവും സാഹിത്യവും ശാസ്‌ത്രവും ഇഴചേർന്ന  ‘മലയാളി – ഒരു ജനിതക വായന’ എന്ന പുസ്‌തകം രചിച്ചത്‌.  പൊലീസ്‌ ഓഫീസറെന്ന നിലയിലുള്ള അന്വേഷണ പാടവവും ഈ ഗ്രന്ഥരചനയ്‌ക്ക്‌ മുതൽക്കൂട്ടായി. ഏക സമൂഹത്തിൽനിന്ന് രൂപപ്പെട്ടവയാണ് കേരളത്തിന്റെ ജാതിമത വിഭാഗങ്ങളെന്ന് ജനിതക പഠനങ്ങളുടെയും ചരിത്രതെളിവുകളുടെയും പിൻബലത്തോടെ അദ്ദേഹം  സമർഥിക്കുന്നു. കേരളത്തിലെ ആദിമ കുടിയേറ്റംമുതൽ ആധുനിക സമൂഹരൂപീകരണം വരെയുള്ള  സകല ചരിത്ര പ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ്‌ ഈ പുസ്‌തകം. പുസ്‌തക രചനയ്‌ക്കായി  ഒട്ടേറെ  ഡിഎൻഎ ഫലം വിശകലനം ചെയ്‌തു. 

മനുഷ്യപൊലീസ്‌

സമരമുഖങ്ങളിൽ ഒട്ടും ദയയില്ലാതെ തലയ്‌ക്കടിച്ച്‌ ചോര വീഴ്‌ത്തുന്ന  കാക്കി വേഷക്കാരെ തെരുവിൽ കാണരുതെന്ന്‌ സേതുരാമൻ ആഗ്രഹിക്കുന്നു. പൊലീസ്‌ പുതിയ  ഡ്രിൽ പരിശീലിക്കുകയാണ്‌.  പുതിയ കാലത്തിന്‌ പുതിയ പൊലീസ്‌ എന്നതാണ്‌ സർക്കാർ നയം. ഗുണപരമായ ഈ പരിഷ്‌കരണത്തിന്‌ ചുക്കാൻ പിടിച്ചവരിലും മുമ്പിൽ കെ സേതുരാമനുണ്ട്‌. സമരക്കാരെ ചല്ലിച്ചതയ്‌ക്കാതെ ചില ട്രിക്കുകളിലൂടെ നിയന്ത്രിക്കുന്നതാണ്‌ സേതുരാമൻ തയ്യാറാക്കിയ പുതിയ ലാത്തി ഡ്രിൽ. 1931ൽ ബ്രിട്ടീഷ്  സർക്കാർ രൂപംനൽകിയ ലാത്തി ഡ്രില്ലായിരുന്നു  ഇതുവരെ കേരള പൊലീസ് പിന്തുടർന്നത്‌. മദ്രാസ് പ്രസിഡൻസി പൊലീസ് ഡ്രിൽ സാധാരണക്കാരെ അടിച്ചമർത്താനുള്ളതാണ്‌.  തലയിൽ ലാത്തികൊണ്ട്‌ അടിക്കാനും കഴുത്തിൽ വെട്ടാനും വയറിൽ കുത്താനുമാണ് പൊലീസുകാരെ  പഠിപ്പിച്ചത്‌. ഇതിനുള്ള പരിശീലന അഭ്യാസങ്ങളും അപ്രായോഗികമാണ്. ഇത്തരം രീതി ഒഴിവാക്കുകയാണ്‌ പുതിയ ലാത്തി ഡ്രിൽ. ഷീൽഡ്‌ വാൾ ഉൾപ്പെടെ പുതിയ തന്ത്രങ്ങളിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ്‌ പരിശീലിപ്പിക്കുന്നത്‌. സർവീസിലുള്ള മുഴുവൻ പൊലീസുകാർക്കും പരിശീലനം നൽകുന്നുണ്ട്‌. കുറ്റവാളികളെ അവരുടെ ആരോഗ്യം, പശ്‌ചാത്തലം ഉൾപ്പെടെ പരിഗണിച്ച്‌ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള ‘സബ്‌ജക്‌ട്‌ കൺട്രോൾ ടാറ്റിക്‌സ്‌’ പരിശീലനത്തിനും സേതുരാമൻ  രൂപം നൽകി.  വർഷങ്ങൾ പഴക്കമുള്ള പൊലീസ്‌ മാന്വൽ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിന്റെ ചുമതല ഏൽപ്പിക്കാൻ സംസ്ഥാന പൊലീസ്‌  മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്‌ രണ്ടാമതൊരു പേര്‌ ആലോചിക്കേണ്ടി വന്നില്ല. പൊലീസ്‌ ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഇടതുവശത്ത്‌ സൂക്ഷിച്ചിരുന്ന പിസ്‌റ്റൾ വലതുവശത്താക്കിയെന്ന്‌ കേൾക്കുമ്പോൾ അത്‌  ചെറിയ കാര്യമല്ലേയെന്ന്‌ ചോദിക്കുന്നവരുണ്ടാകും.  എന്നാൽ, പൊലീസിനത്‌ വലിയ കാര്യമാണ്‌. പൊലീസ്‌ ട്രെയ്‌നിങ്‌ കോളേജ്‌ പ്രിൻസിപ്പലായിരിക്കെയാണ്‌ കെ സേതുരാമൻ പൊലീസ്‌ പരിഷ്‌കരണത്തിന്റെ ബാറ്റൺ കൈയിലെടുത്തത്‌. കുട്ടികൾക്കടക്കം ഒട്ടേറെ പാട്ടുകളും രചിച്ചു. ഡോ. ഷീനയാണ്‌ ഭാര്യ. വിദ്യാർഥികളായ സിദ്ധാർഥ്‌, ശ്യാം എന്നിവർ മക്കൾ.

മലയോരഗ്രാമത്തിലെ ഒരു സർക്കാർ സ്‌കൂളിൽ പ്രഭാതമണി മുഴങ്ങി.  ഓടിക്കളിച്ചിരുന്ന കുട്ടികൾ ക്ലാസ്‌മുറികളിലേക്ക്‌. ഔദ്യോഗികവാഹനത്തിൽനിന്നിറങ്ങിയ കലക്ടർ ഒരു ക്ലാസിലെ ക്ഷീണിതമുഖം നോക്കി ചോദിച്ചു. ‘മോൻ രാവിലെ എന്താ കഴിച്ചത്‌? കണ്ണുകൾ നിലത്തുറപ്പിച്ച്‌ അവൻ പതുക്കെ മന്ത്രിച്ചു. ‘പഴങ്കഞ്ഞി’. അവിടുള്ള ഓരോ മുഖവും ആ ഉത്തരം ആവർത്തിക്കുന്നതായി കലക്ടർക്ക്‌ തോന്നി. അതിനുശേഷം  ‘മധുരം പ്രഭാതം’ എന്ന പ്രഭാതഭക്ഷണപദ്ധതി ഇന്ന്‌ കാസർകോട്‌ ജില്ലയിലെ സ്‌കൂളുകളിൽ വിജയകരമായി മുന്നേറുകയാണ്‌. സമൂഹത്തിന്റെ കെട്ടുകാഴ്‌ചകൾക്കിടയിലും വിശപ്പ്‌ എന്ന യാഥാർഥ്യം കത്തിയെരിയുന്നത്‌ ബോധ്യപ്പെട്ട കാസർകോട്‌ കലക്ടർ ഡോ. ഡി സജിത്‌ ബാബുവിന്റെ ആശയത്തിന്‌ വ്യാപാരികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും പോഷകമേകി. 1648 കുഞ്ഞുങ്ങളാണ്‌ ഗുണഭോക്താക്കൾ. ആദിവാസി–- തീരദേശമേഖലകളിലുള്ളവർക്ക്‌ ഇത്‌ വലിയ ആശ്വാസമാണ്‌. പിന്നോക്കജില്ല എന്ന അടിച്ചേൽപ്പിക്കപ്പെട്ട മുദ്ര മായ്‌ച്ചുകളയാൻ ഒരുങ്ങുകയാണ്‌ കാസർകോട്‌.  അതിന്‌ നേതൃത്വം നൽകുന്നത്‌ കലക്ടറും. ആദിവാസിക്കുടിലുകളിലും മത്സ്യത്തൊഴിലാളി ഭവനങ്ങളിലുമെല്ലാം കലക്ടർ മുന്നറിയിപ്പില്ലാതെ കയറിയെത്തും. പ്രയാസങ്ങൾക്ക്‌ ഉടനടി പരിഹാരവും. ക്രിക്കറ്റ്‌ കളിക്കാനും വേദികളിൽ പാട്ടുപാടാനും സംഘർഷങ്ങളുണ്ടാകുമ്പോൾ നടുക്കുനിന്ന്‌ തടയാനും കലക്ടറുണ്ട്‌. ‘കലക്ടർ ബ്രോ’ എന്നൊന്നും ആരും വിളിക്കുന്നില്ലെങ്കിലും കാസർകോടിന്റെ ‘ഐക്കൺ’ ഇപ്പോൾ ഡോ. സജിത്‌ ബാബുവാണ്‌.

മൊട്ടപ്പറമ്പുകളിലെ മുളവിപ്ലവം

വേനലിൽ കാസർകോടിന്റെ വിവിധ ഭാഗങ്ങൾ കടുത്ത കുടിവെള്ളക്ഷാമമാണ്‌ അനുഭവിക്കുന്നത്‌. വടക്കൻ മലയോരപ്രദേശങ്ങൾ മൊട്ടപ്പറമ്പുകളാണ്‌. മഴവെള്ളത്തെ പിടിച്ചുനിർത്താനുള്ള ശേഷി മണ്ണിനില്ല. കലക്ടറുടെ ഉള്ളിലെ ശാസ്‌ത്രകാരൻ ഇതിന്റെ കാരണം കണ്ടെത്തി. ഒരു കാലത്ത്‌ നിബിഡവനങ്ങളായിരുന്ന പ്രദേശത്തിന്‌ ജൈവാംശം നഷ്ടപ്പെട്ടതാണ്‌ കാരണം. ലാറ്ററൈറ്റ്‌ മണ്ണാണ്‌ മുകളിൽ. ഇത്‌ സൂര്യപ്രകാശമേറ്റ്‌ വരണ്ടതിനാൽ ജലം ആഗിരണം ചെയ്യില്ല. ജൈവാംശത്തെ മണ്ണിൽ തിരിച്ചുകൊണ്ടുവരിക മാത്രമാണ്‌ ജലസംരക്ഷണത്തിന്‌ ഏക പോംവഴി. അതിനാണ്‌ മുളവിപ്ലവം എന്ന ആശയം നടപ്പാക്കിയത്‌. ഒരു മുള വളർന്നാൽ വർഷം 1.1 കിലോഗ്രാം ജൈവാംശം മണ്ണിൽ സൃഷ്ടിക്കും. നൈട്രജൻ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളുടെ സാന്നിധ്യവും കൂടും. 13 ബ്ലോക്കിലായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ മുളത്തൈകൾ പൊതു ഇടങ്ങളിൽ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക്‌ കഴിഞ്ഞ ജൂലൈയിൽ തുടക്കമിട്ടു. വനംവകുപ്പിൽനിന്ന്‌ മുളവിത്ത്‌ വാങ്ങി നേഴ്‌സറികളിൽ പാകി തൊഴിലുറപ്പ്‌ പദ്ധതി പ്രയോജനപ്പെടുത്തിയാണ്‌ നടീൽ. ഏഴുലക്ഷം തൈനട്ടു. ഈവർഷം അത്‌ പത്ത്‌ ലക്ഷത്തിലെത്തിക്കും. മുളകൊണ്ട്‌ സ്‌ത്രീകൾക്ക്‌ ഉൽപ്പന്നങ്ങളുണ്ടാക്കി വിൽക്കാം. ചെങ്കുത്തായ കുന്നുകളിൽ സമാന്തരമായി കുഴിയെടുത്ത്‌ മുള നട്ടതിനാൽ കുഴികളിലൂടെ വെള്ളം മണ്ണിലിറങ്ങുന്നുമുണ്ട്‌.

ചുവപ്പുനാടയ്‌ക്ക്‌  ഒരു തിരുത്ത്‌

സർക്കാർ ഓഫീസിലെ ചുവപ്പുനാടക്കുരുക്കാണ്‌ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇന്ത്യയിൽ ആദ്യമായി മിന്നൽ വേഗത്തിൽ ഫയൽ തീർപ്പാക്കിയ ജില്ല എന്ന ഖ്യാതിയിലേക്കാണ്‌ കാസർകോട്‌ കുതിച്ചത്‌. കലക്ടർ ഇരിക്കുന്ന ഇടം കലക്ടറേറ്റ്‌ എന്ന ആശയവുമായി താലൂക്ക്‌ ഓഫീസുകളിൽ ഉൾപ്പെടെ കലക്ടർ ക്യാമ്പ്‌ ചെയ്‌താണ്‌ തീർപ്പ്‌ കൽപ്പിച്ചത്‌. 2017നുമുമ്പുള്ള 29345 ഫയലാണ്‌ ഒറ്റയടിക്ക്‌ തീർത്തത്‌. ഓരോ ഫയലിലും ഒരു ജീവിതമുണ്ട്‌ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ്‌ സജിത്‌ ബാബുവിന്റെ ഇടപെടലിലൂടെ സാധ്യമായത്‌. കേന്ദ്രസർക്കാരിന്റെ ഇ–- ഗവേണൻസ്‌ പുരസ്‌കാരം ലഭിക്കാനും ഇത്‌ ഇടയാക്കി.

കൊറഗർക്ക്‌  കൈത്താങ്ങ്‌

കാസർകോട്ടെ പ്രാക്‌തനവിഭാഗമാണ്‌ കൊറഗർ. പോഷകാഹാരക്കുറവുമൂലം മരിച്ചൊടുങ്ങുന്ന പുരാതനജനത. കോടിക്കണക്കിന്‌ രൂപയാണ്‌ ഇവരുടെ പുനരധിവാസത്തിനായി സർക്കാർ ചെലവഴിച്ചത്‌. റോഡരികിലിരുന്ന്‌ വള്ളികൾകൊണ്ട്‌ കുട്ടയും വട്ടിയും മെടഞ്ഞാണ്‌ ഇവർ ജീവിക്കുന്നത്‌. വീടും കൃഷിത്തോട്ടങ്ങളുമൊക്കെ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. അവരുടെ തനത്‌ രീതികൾ പിന്തുടരാനുള്ള സൗകര്യം ഒരുക്കുകയാണ്‌ അതിജീവനമാർഗം എന്ന്‌ കലക്ടർക്ക്‌ ബോധ്യപ്പെട്ടു. കൊറഗരുടെ ജീവിതമാർഗമായ കുട്ട മെടയലിന്‌ ആവശ്യമായ പുല്ലാഞ്ഞിവള്ളികളുടെ ദൗർലഭ്യമാണ്‌ മുഖ്യപ്രശ്‌നം. വനത്തിൽനിന്ന്‌ ഇത്‌ മുറിച്ചെടുക്കാൻ അനുമതിയില്ല. കർണാടകത്തിൽ പോയി വള്ളി മുറിച്ചെടുത്ത്‌ വൻതുക കൊടുത്ത്‌ വണ്ടിയിൽ കാസർകോട്ട്‌ കൊണ്ടുവരുമ്പോൾ  ഭക്ഷണത്തിനുള്ള തുകപോലും നീക്കിയിരുപ്പുണ്ടാകില്ല. നീർച്ചാലിൽ ഒമ്പത്‌ ഏക്കറിൽ പുല്ലാഞ്ഞിവള്ളി നട്ടുപിടിപ്പിച്ച്‌ പരിപാലിക്കുന്ന പദ്ധതി അങ്ങനെയാണ്‌ തുടങ്ങിയത്‌. ഐഡിബിഐ ബാങ്കുമായി ചേർന്ന്‌ കൊറഗരുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കരാറുമുണ്ടാക്കി.  ഉൽപ്പന്നങ്ങൾ ആമസോണിൽ ഉൾപ്പെടെ വിൽപ്പനയ്‌ക്കെത്തിയാലും അത്ഭുതമില്ല.

സർക്കാർ ജോലിക്ക്‌ തദ്ദേശീയർ

കാസർകോട്‌ സർക്കാർ ജോലിക്കാരായി എത്തുന്നതിൽ ഭൂരിഭാഗവും മറ്റ്‌ ജില്ലകളിലുള്ളവരാണ്‌. പല പദ്ധതികളും നാട്ടുകാർക്ക്‌ പ്രയോജനപ്പെടുത്താത്തതിന്‌ പിന്നിൽ ഇതും ഒരു ഘടകം. ഇതു മനസ്സിലാക്കിയാണ്‌ ജില്ലയിലെ ഉദ്യോഗാർഥികളെ സർക്കാർ ജോലി നേടാൻ പര്യാപ്‌തമാക്കുന്ന പരിശീലനം. ഇതിനായി ഓരോതാലൂക്കിൽനിന്നും 25 പേരെ തെരഞ്ഞെടുക്കും. ഉന്നതി എന്നാണ്‌ പദ്ധതിയുടെ പേര്‌. കുട്ടികൾക്ക്‌ ഐഎഎസ്‌ പരിശീലനത്തിന്‌ കലക്ടറും  ക്ലാസ്‌ എടുക്കാനുണ്ട്‌.  

‘കൂട്ട്‌’ പുരനിറഞ്ഞുനിൽക്കുന്നവർക്ക്‌ തുണ

‘പുരനിറഞ്ഞുനിൽക്കുന്ന’ ആണുങ്ങളാണ്‌ കാസർകോട്‌ ജില്ലയിലെ ഒരു സാമൂഹ്യവിഷയം. പ്രായപൂർത്തിയായ ചെറുപ്പക്കാർക്ക്‌ വധുക്കളെ കിട്ടാനില്ല. അവിവാഹിതരുടെ എണ്ണവും  കൂടുതൽ. ഈ സാമൂഹ്യപ്രശ്‌നത്തിൽ കലക്ടർ ഇടപെട്ടതോടെയാണ്‌ കൂട്ട്‌ എന്ന പദ്ധതി ആരംഭിച്ചത്‌. വിധവകളെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി കൗൺസലിങ്ങും മറ്റും നൽകും.

കാസർകോട്‌ കഫേ

സാമൂഹ്യ അസ്വസ്ഥത കാസർകോട്‌ ഒരു വൈകാരികവിഷയമാണ്‌. ചെറിയ തീപ്പൊരികൾപോലും ആളിക്കത്തിയേക്കാം. മുമ്പുണ്ടായ ചില ദുരന്തങ്ങളുടെ പശ്‌ചാത്തലത്തിൽ കടകൾക്ക്‌ സന്ധ്യയോടെ താഴ്‌ വീഴും. രാത്രി പൊതുവാഹനങ്ങളുടെ ഓട്ടം നിലയ്‌ക്കും. വർഷങ്ങളായുള്ള പതിവായതിനാൽ ഇത്‌ നാട്ടുകാരുടെ വിഷയമല്ലാതായി. ഇത്‌ പരിഹരിക്കാനാണ്‌ ‘കാസർകോട്‌ കഫേ’. അതിർത്തിയായ തലപ്പാടിമുതൽ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങൾക്ക്‌ ഭിന്നതകൾ മറന്ന്‌ ഒരുമിക്കാനുള്ള ഇടം.  പ്രഭാഷണവും പ്രദർശനങ്ങളും കലാപരിപാടികളുമാകാം. കാസർകോട്‌ ടൗണിലെ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ‘തീയട്രിക്‌സ്‌’ എന്ന സംഘടനയുടെ ചെയർമാനും കലക്ടറാണ്‌. മൂന്നാം ശനിയാഴ്‌ചകളിൽ ഇവിടെ പരിപാടികൾ അരങ്ങേറും. തീവണ്ടിപ്പാട്ടുകാർമുതൽ ബാവുൾ ഗായകർവരെ പാടും.  

മുടക്കം എന്ന വാക്ക്‌ ഇനിയില്ല

പദ്ധതികൾ തുടക്കത്തിലേ മുടങ്ങുക എന്ന അനുഭവമാണ്‌ കാസർകോട്‌ ജില്ലയുടെ ശാപം. തറക്കല്ലുകളായി ദ്രവിക്കുന്നു പല പദ്ധതികളും. ഈ ദുരവസ്ഥയ്‌ക്ക്‌ മാറ്റം വരുത്താനും കലക്ടർ നിശ്‌ചയദാർഢ്യത്തോടെ ഇറങ്ങി. 22 വർഷംമുമ്പാണ്‌ കാസർകോട്‌ കലക്ടറേറ്റിനുമുമ്പിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിന്‌ അംഗീകാരം ലഭിച്ചത്‌. ചുമതല ഏറ്റെടുത്ത്‌ മാസങ്ങൾക്കകം ഉണ്ണി കാനായി എന്ന ശിൽപ്പിയെ വിളിച്ചുവരുത്തി പ്രതിമ പൂർത്തിയാക്കി. ചുറ്റും പൂന്തോട്ടവും ഒരുക്കി. സ്ഥലം വിട്ടുകിട്ടാത്തതിനാലും മറ്റ്‌ കാര്യങ്ങളാലും മുടങ്ങിയ പാലങ്ങളും റോഡുകളുമെല്ലാം കലക്ടറുടെ ഇടപെടൽമൂലം പുനരാരംഭിച്ചിട്ടുണ്ട്‌. കാസർകോട്‌ വികസന പാക്കേജിൽ 297 പദ്ധതിയിൽ 204 എണ്ണമാണ്‌ ഒറ്റയടിക്ക്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

വിശ്വാസമാകുന്നില്ല

 കഴിഞ്ഞ മഴക്കാലത്ത്‌ വെള്ളരിക്കുണ്ടിലെ നെല്ലിയര കോളനിയിൽ ചുഴലിക്കാറ്റ്‌ വീശി. 11   വീട്‌ തകർന്നു. മുൻ എംപി പി കരുണാകരൻ ഉൾപ്പെടെയുള്ളവർ സമാശ്വാസവുമായി എത്തി. കലക്ടറുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ ദിവസങ്ങൾക്കുള്ളിൽ ഒരു കമ്യൂണിറ്റി ഹാൾ നിർമിച്ച്‌ കുടുംബങ്ങളെ അങ്ങോട്ട്‌ മാറ്റി. അതിവേഗത്തിലുള്ള ഇടപെടൽമൂലം അവർക്ക്‌ സർക്കാർ വീട്‌ ഒരുങ്ങുകയാണ്‌. എന്നും കമ്യൂണിറ്റിഹാളിൽ കഴിയേണ്ടി വരുമെന്ന്‌ കരുതിയ കോളനിയിലെ കുടുംബങ്ങൾക്ക്‌ ഇത്‌ വിശ്വസിക്കാനാകുന്നില്ല.  കലക്ടർ പറയുമ്പോൾ കൂടെ നിൽക്കും നാട്ടുകാർ. പുതുമയുള്ള ഏത്‌ ആശയം  നിർദേശിച്ചാലും അത്‌ സാധ്യമാക്കാൻ നാട്ടുകാർ ഒപ്പമുണ്ട്‌. കലക്ടർ കാസർകോടിന്‌ നൽകുന്ന സന്ദേശം ഇതാണ്‌. ഈ നാട്‌ പിന്നോക്കമല്ല. സമ്പന്നമാണ്‌.   

കന്നട ‘മാത്താടു’ന്ന കലക്ടർ

ഏഴുഭാഷ പ്രചാരത്തിലുള്ള തുളുനാട്ടിൽ കന്നടയെങ്കിലും അറിയുക എന്നത്‌ ഈ നാടിന്റെ വൈകാരികവിഷയമാണ്‌. മറുനാടൻ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന ഐഎഎസുകാർ മലയാളം കഷ്ടിച്ച്‌ പഠിക്കുമ്പോൾ അവർ എങ്ങനെ കന്നഡയുംകൂടി പഠിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ജനിച്ച ഡോ. സജിത്‌ ബാബു കുടകിൽ ബാങ്ക്‌ ഓഫീസറായി ജോലി ചെയ്‌തിട്ടുണ്ട്‌. അക്കാലത്ത്‌ പഠിച്ച കന്നഡ ഈ നാടിനോടുള്ള ഇഴയടുപ്പം വർധിപ്പിക്കുന്നു. ബിസിനസുകാരനായ ദാമോദരൻ–-സുലോചന ദമ്പതികളുടെ മകനായ സജിത്‌ ബാബു പഠനകാലത്ത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ക്രിക്കറ്റ്‌ ക്യാപ്‌റ്റനായിരുന്നു. 1992ൽ ജി ശങ്കരപ്പിള്ളയുടെ ഭീമഘടോൽക്കച മയനാട്ടം നാടകത്തിൽ വേഷമിട്ടിട്ടുണ്ട്‌. നടൻ അലൻസിയറാണ്‌ സംവിധാനം. ബിന്ദുവാണ്‌ ഭാര്യ. വിദ്യാർഥികളായ റോൺ, റെനി എന്നിവർ മക്കൾ.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive