Monday, July 31, 2023

നമ്പൂതിരി: ചിതറിയ ഓർമകൾ

 

നമ്പൂതിരി: ചിതറിയ ഓർമകൾ-ആർട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ച് മാങ്ങാട് രത്നാകരൻ

12-16 minutes

നീണ്ടുമെലിഞ്ഞ രൂപം, നീണ്ട, ഒതുക്കമില്ലാത്ത തലമുടിയിൽ അങ്ങിങ്ങു തിളങ്ങുന്ന വെള്ളിരേഖകൾ, കാൽമുട്ടുകവിയുന്ന ജുബ്ബ. വിശേഷിച്ചും എന്റെ കണ്ണുകൾ ഉഴിഞ്ഞത് നീണ്ട ആ വിരലുകളെയാണ്. 'ദൈവത്തിന്റെ വിരലുകൾ' എന്ന പ്രയോഗം അക്കാലത്തുതന്നെ പത്രമെഴുത്തുകാർ എഴുതിയെഴുതി പൊലിപ്പിച്ചിരുന്നു.

നമ്പൂതിരി ഒരു പുസ്തകമല്ല. നമ്പൂതിരി ഒരു പേരുമല്ല. നമ്പൂതിരി എന്നത് രൂപങ്ങളെക്കുറിച്ചുള്ള ഒരു ബോധമാണ്. ഭൂമിയുടെയും മനുഷ്യന്റെയും ചിലപ്പോൾ ആകാശത്തിന്റെയും അളവുകളെക്കുറിച്ചുള്ള ബോധമാണ്. അദ്ദേഹം ഒരു ദേഹമല്ല. യേശുദാസ് സംഗീതത്തിലെന്നപോലെ നമ്പൂതിരിയും കേരളത്തിന്റെ ഒരു കാലാവസ്ഥയാണ്. അങ്ങനെയും ചില ആളുകളെപ്പറ്റി പറയാം.1
എം എൻ. വിജയൻ

വിജയൻമാഷ് പറയുന്ന ഈ 'കാലാവസ്ഥ' ഡബ്ളിയു എച്ച് ഓഡൻ സിഗ്മണ്ട് ഫ്രോയ്ഡ് ഓർമയായപ്പോൾ എഴുതിയ കവിതയിൽ2 നിന്നു പുറപ്പെട്ടതാണ്. 'നാം നമ്മുടെ ഭിന്നഭിന്നമായ ജീവിതങ്ങൾ നയിച്ചുപോരുന്ന അഭിപ്രായങ്ങളുടെ ഒരു കാലാവസ്ഥ'യായാണ് ഫ്രോയ്ഡിനെ കവി കണ്ടത്. 'രവീന്ദ്രനാഥ ടാഗോർ ഇന്ത്യൻ സാഹിത്യത്തിലും രാജാരവിവർമ ഇന്ത്യൻ ചിത്രകലയിലും ഒരു 'കാലാവസ്ഥ'യായിരുന്നു' എന്നു 'വാക്യത്തിൽ പ്രയോഗിച്ചാൽ' അർഥം തെളിഞ്ഞുകിട്ടും. നമ്പൂതിരി അങ്ങനെയൊരു കാലാവസ്ഥയാണ്. ഇനി, നമുക്ക് കാലാവസ്ഥയായിരുന്നു എന്നെഴുതാം.

നമ്പൂതിരി

നമ്പൂതിരി

നമ്പൂതിരിയെ ആദ്യമായി നേരിൽ കാണുന്നത് ബേപ്പൂർ വൈലാലിൽ വീട്ടിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സന്നിധിയിലാണ്, എഴുത്തുകാരനും നാട്ടുകാരനുമായ എം എ റഹ്മാൻ സംവിധാനം ചെയ്ത ബഷീർ ദ് മാൻ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണവേളയിൽ. നമ്പൂതിരി അന്ന് ബഷീറിനെ വരയ്‌ക്കുന്നത് അതിശയത്തോടെ നോക്കിനിന്നു. നമ്പൂതിരിച്ചിത്രങ്ങൾ കണ്ടുകണ്ടു വളർന്ന എന്റെ ആരാധന നിറഞ്ഞുതുളുമ്പിയിരുന്നു. നീണ്ടുമെലിഞ്ഞ രൂപം, നീണ്ട, ഒതുക്കമില്ലാത്ത തലമുടിയിൽ അങ്ങിങ്ങു തിളങ്ങുന്ന വെള്ളിരേഖകൾ, കാൽമുട്ടുകവിയുന്ന ജുബ്ബ. വിശേഷിച്ചും എന്റെ കണ്ണുകൾ ഉഴിഞ്ഞത് നീണ്ട ആ വിരലുകളെയാണ്. 'ദൈവത്തിന്റെ വിരലുകൾ' എന്ന പ്രയോഗം അക്കാലത്തുതന്നെ പത്രമെഴുത്തുകാർ എഴുതിയെഴുതി പൊലിപ്പിച്ചിരുന്നു.

തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു കലാസാഹിത്യ ക്യാമ്പ് ഒരുക്കാൻ ഞങ്ങൾ സുഹൃത്തുക്കളും പ്രിയപ്പെട്ട അധ്യാപകരുമെല്ലാം ചേർന്നു തീരുമാനിച്ചപ്പോൾ, നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ വിപുലമായ ഒരു പ്രദർശനം ഒരുക്കണമെന്ന് ആഗ്രഹിച്ചു. വിജയൻമാഷ് നമ്പൂതിരിയെ വിളിച്ച് ഉറപ്പിച്ചു. ഞാൻ കോഴിക്കോട് ബിലാത്തികുളത്തുള്ള നമ്പൂതിരിയുടെ വീട്ടിൽ പോയി, പായപോലെ ചുരുട്ടിവച്ചിരുന്ന ഇരുനൂറോളം രേഖാചിത്രങ്ങൾ ബസ്സിലും ഓട്ടോറിക്ഷയിലുമായി തലശ്ശേരിയിലേക്ക്‌ കൊണ്ടുവന്നു. രണ്ടു രാത്രികൾ ഉറക്കമൊഴിഞ്ഞ് വലിയൊരു ഹാളിൽ, പേരുകേട്ട ചിത്രകാരൻ കെ കെ മാരാരുടെ മേൽനോട്ടത്തിൽ പ്രദർശനമൊരുക്കി.

എം എൻ വിജയൻ

എം എൻ വിജയൻ

ഉദ്ഘാടനത്തിന് നമ്പൂതിരി എത്തിച്ചേർന്നു. തലേന്നാൾ തന്നെ ധർമ്മടത്തെത്തി, വിജയൻമാഷുടെ വീട്ടിൽ താമസിച്ച്, മാഷോടൊപ്പം വരികയായിരുന്നു. നമ്പൂതിരിക്ക് ആര്‌ സ്വാഗതം പറയും? എം എൻ വിജയന്റെ കോളേജ് എന്ന് അന്നറിയപ്പെട്ടിരുന്ന കോളേജിൽ മറ്റാരാണ്‌ പറയേണ്ടത്? വിജയൻമാഷെ ഞങ്ങൾ നിർബന്ധിച്ചു. പിന്നെക്കണ്ടത്, കൈകൾ പിന്നിൽ പിണച്ച് നീണ്ട ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചിന്താമഗ്നനായി തലകുനിച്ചുനടക്കുന്ന വിജയൻമാഷെയാണ്.

വിജയൻമാഷുടെ (ഞാൻകേട്ട) ആദ്യത്തെയും അവസാനത്തെയും സ്വാഗതപ്രസംഗം അവസാനിച്ച വാക്യം ഓർമയുണ്ട്. ''പുതിയൊരു ലോകം സൃഷ്ടിക്കാൻ വലതുകാൽനീട്ടിനിൽക്കുന്ന നമ്പൂതിരിയെ സ്വാഗതം ചെയ്യുന്നു''.

'കാൻവാസ് സ്വഭാവ'മുള്ള വലിയ വലുപ്പത്തിലുള്ള ആറോ ഏഴോ കടലാസുകൾ ഈസലിൽ ഒരുക്കിയിരുന്നു. നമ്പൂതിരി വിജയൻമാഷെ വരയ്‌ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്, അതുണ്ടായില്ല. ആദ്യം വരച്ചത് കാൾ മാർക്സിനെയായിരുന്നു. പിന്നെ രണ്ടാമൂഴത്തിലെ ഭീമനെ, പിന്നെ, പീനസ്തനികളെ, പൃഥുനിതംബിനികളെ...

എം വി ദേവൻ

എം വി ദേവൻ

പിന്നീട്, വിജയൻമാഷുടെ 'കരുണ'യിൽ നമ്പൂതിരിയെ കണ്ടു, ഒന്നിലേറെത്തവണ. അന്ന് നമ്പൂതിരി കേരള ലളിതകലാ അക്കാദമിയുടെ ചെയർമാൻ കൂടിയായിരുന്നു. കേസരി എ ബാലകൃഷ്ണപിള്ളയുടെ നവീന ചിത്രകല പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വരവായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുഖ്യമായും വന്ന ലേഖനങ്ങളുടെ സമാഹരണം പൂർത്തിയായിരുന്നു, മറ്റു ചിലവ തേടിപ്പിടിക്കാനിരിക്കുന്നു. അതിനുള്ള അവതാരിക മാഷ് തീർത്തിരുന്നില്ല. അതു വാങ്ങിയെടുക്കുകയായിരുന്നു നമ്പൂതിരിയുടെ വരവിന്റെ ഉദ്ദേശ്യം.

കേസരി സാഹിത്യനിരൂപണങ്ങളെഴുതിയത് ഇടതുകൈകൊണ്ടായിരുന്നുവെന്ന് വിജയൻമാഷ് നമ്പൂതിരിയോടു പറയുന്നതുകേട്ടു. ചുഴിഞ്ഞാലോചിച്ചപ്പോഴാണ് എനിക്ക് അതിന്റെ പൊരുൾ മനസ്സിലായത്. കേസരി വലതുകൈകൊണ്ട് എഴുതിയത് കലാനിരൂപണമായിരുന്നു.

എം എൻ വിജയൻ: നമ്പൂതിരിയുടെ സ്‌കെച്ച്‌

എം എൻ വിജയൻ: നമ്പൂതിരിയുടെ സ്‌കെച്ച്‌

നമ്പൂതിരിയുടെ കുസൃതിമൊഴികൾ കേൾക്കാനും അവസരമുണ്ടായി. എം കൃഷ്ണൻ നായർ ആയിടെ 'സാഹിത്യവാരഫല'ത്തിൽ എഴുതിയ കലാസംബന്ധിയായ ഒരു പുസ്തകത്തെക്കുറിച്ച് നമ്പൂതിരിയോട് വർത്തമാനത്തിനിടയിലെപ്പോഴോ സൂചിപ്പിച്ചപ്പോൾ നമ്പൂതിരി ചിരിയോടെ ഉപദേശിച്ചു:

''നിങ്ങൾ ചെറുപ്പക്കാർ കൃഷ്ണൻ നായർ പറഞ്ഞ പുസ്തകങ്ങളൊന്നും വായിക്കരുത്, അതൊക്കെ വായിച്ച് അദ്ദേഹം ഇങ്ങനെയാണ് ആയതെന്നുവെച്ചാൽ...''
ഞാൻ വയറുതാങ്ങിപ്പിടിച്ച് ചിരിച്ചു. വിജയൻമാഷ്ക്കും പൊട്ടിച്ചിരി തടുക്കാനായില്ല.

നവീന ചിത്രകലയ്ക്കുവേണ്ടി ചെറിയ ജോലികൾ വിജയൻമാഷുടെ നിർദേശാനുസരണം ഞാനും ചെയ്തിരുന്നു. ഡൽഹിയിലേക്കുള്ള ഒരു കത്തിൽ മാഷ് എഴുതി (27.11.87) ''മാതൃഭൂമിയിൽ എന്റെ പുസ്തകം (കവിതയും മനശ്ശാസ്ത്രവും) അച്ചടിച്ചുകഴിഞ്ഞു. (കേസരിയുടെ) നവീന ചിത്രകല ആദ്യം വരണമെന്നായിരുന്നു ആഗ്രഹം.

ചിത്രങ്ങൾ കിട്ടാത്തതുകൊണ്ടും ഒന്നുരണ്ടു മാറ്റർ വിട്ടുപോയതുകൊണ്ടും അതിപ്പോഴും കുഴഞ്ഞുകിടക്കുന്നു. ഡിസംബർ ആദ്യം അച്ചടിക്ക് കൊടുക്കണം... കിട്ടാനുള്ള ചിത്രങ്ങളെക്കുറിച്ച് അടുത്ത കത്തിൽ എഴുതാം.'' കേസരി പരാമർശിച്ച ചില ആധുനിക ചിത്രങ്ങളുടെ പ്രിന്റുകൾ ഡൽഹിയിലെ ലളിതകലാ അക്കാദമി ലൈബ്രറിയിൽനിന്ന് സംഘടിപ്പിച്ച് അയച്ചുകൊടുത്തു.

സുഹൃത്തും കലാനിരൂപകനുമായ സഖാവ് സുനീത് ചോപ്ര (സുനീതിനെ ഓർക്കുന്നു, അദ്ദേഹം ഈയിടെ നമ്മെ വിട്ടുപോയി) 'ജാമ്യം നിന്നതു'കൊണ്ട്, പ്രിന്റുകൾ എടുക്കാൻ പുസ്തകങ്ങൾ ലൈബ്രറിക്ക് പുറത്തേക്കു കൊണ്ടുപോകാൻ കഴിഞ്ഞു.

നാട്ടിൽ വന്നപ്പോൾ, കോഴിക്കോട്ടുവച്ച് നമ്പൂതിരിയെ യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ, ചിത്രങ്ങൾ വിജയൻമാഷ് അയച്ചുകൊടുത്ത കാര്യം പറഞ്ഞു, അവതാരിക ഇനിയും കിട്ടിയില്ലെന്നും. ''മാഷെ മുൾമുനയിൽ നിർത്തണം'', നമ്പൂതിരി എന്നോട് പറഞ്ഞു, ''എന്നാലേ നടക്കൂ.''
മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അതു സംഭവിച്ചു. 1990‐ൽ പുസ്തകം പുറത്തിറങ്ങി. ഫെർണോങ് ലെഷെ മുഖച്ചട്ടയിലും വിൻസെന്റ് വാൻഗോഗ് പിൻചട്ടയിലും നന്നായി ഒരുക്കിയ ആ പുസ്തകത്തെ അലങ്കരിച്ചു.

പിന്നീട്, വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ചില ലേഖനങ്ങളും കുറിപ്പുകളും എഴുതിവന്ന കൂട്ടത്തിൽ, ബഷീറിനെയും കഥാപാത്രങ്ങളെയും വരച്ച എം വി ദേവൻ, നമ്പൂതിരി, യൂസഫ് അറക്കൽ, ഭാസ്കരൻ എന്നീ ചിത്രകാരന്മാരുടെ രചനകളെക്കുറിച്ച് എഴുതിയിരുന്നു. നിഗ്രഹോത്സുകമായിരുന്നു. ആരുംതന്നെ പ്രസിദ്ധീകരിക്കില്ലെന്ന് വിചാരിച്ചിരുന്നതിനാൽ, എൻ എസ് മാധവൻ കഥയിൽ പറഞ്ഞതുപോലെ, യാതൊരു ഗൃഹാതുരത്വവും തോന്നിയിരുന്നില്ല.

ഉ

ഭാഗ്യപരീക്ഷണമെന്നോണം, അന്ന് മാധ്യമം വാർഷികപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന, ജമാൽക്ക എന്ന്‌ ഞാൻ വിളിക്കുന്ന ജമാൽ കൊച്ചങ്ങാടിക്ക് അയച്ചുകൊടുത്തു. ചിത്രകാരന്മാരിൽ ഒരുപക്ഷേ, ഭാസ്കരൻ ഒഴികെ എല്ലാവരും പത്രാധിപരുടെ സുഹൃത്തുക്കളാണെന്നറിയാം. ബഷീറിന്റെ കാര്യം പറയുകയും വേണ്ട, ബഷീർ ജമാൽക്കക്ക് പിതൃതുല്യനായിരുന്നു, ഉജ്ജീവനത്തിന്റെ പ്രസാധകനായ പി എ സൈനുദ്ദീൻ നൈനയുടെ മകനാണ് ജമാൽക്ക.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ജമാൽക്ക ആ ദീർഘലേഖനം പ്രസിദ്ധീകരിച്ചു (മാധ്യമം വാർഷികപ്പതിപ്പ്, 1995). ചിത്രകാരന്മാരുടെ കൂട്ടത്തിൽ ഏറ്റവും അറിയപ്പെടുന്നയാൾ മാത്രമല്ല, പ്രതിഭാശാലി കൂടിയായ നമ്പൂതിരിക്കുനേരെ അതിൽ മുന കൂർപ്പിച്ചിരുന്നു. കലാചരിത്രകാരൻ കൂടിയായി അറിയപ്പെടുന്ന എം വി ദേവൻ, രേഖാചിത്രകലയിൽ നമ്പൂതിരി (ഹെൻറി) മത്തിസിനെയും അതിശയിക്കും എന്ന് ഒരഭിമുഖത്തിൽ വിലയിരുത്തിയതാണ് അതിനുള്ള 'പ്രകോപനം'. 

നമ്മുടെ പത്രമാസികകളിലെ ചിത്രണങ്ങളെ ലോകകലയിലെ മഹാരഥന്മാരുടെ രചനകളുമായി തട്ടിച്ചുനോക്കുന്ന ഏർപ്പാടിന് ഒരുതരം പകർച്ചവ്യാധിയുടെ സ്വഭാവം വന്നുചേരുന്നതുകണ്ട്, കലി മാത്രമല്ല, നേരുപറഞ്ഞാൽ, കരച്ചിൽപോലും വന്നിരുന്നു. നമ്പൂതിരിയെക്കുറിച്ചുള്ള വാഴ്ത്തുകളിൽ അത്തരം അസംബന്ധങ്ങൾ ആവർത്തിച്ചുകണ്ടിരുന്നു. അതിനാൽ കടുപ്പം കൂട്ടി എഴുതി:

''നമ്പൂതിരിയുടെ രചനാശൈലിയെ വാഴ്ത്തി ഒരു നിരൂപകൻ, 'ഉറക്കത്തിൽപോലും അദ്ദേഹത്തിന് ഒരു ചിത്രം വരയ്‌ക്കാൻ കഴിയും,' എന്നു പരാമർശിച്ചതിനെക്കുറിച്ച് ഒരു കലാകാരൻ, 'അതെ, ഉറക്കത്തിൽ തന്നെയാണ് അദ്ദേഹം വരച്ചുകൊണ്ടിരിക്കുന്നത്' എന്നു പൂരിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഉണർന്നിരിക്കുന്ന രേഖകൾ നമ്പൂതിരിയുടേതായി അധികം കണ്ടിട്ടില്ലാത്തതുകൊണ്ട് അതു വിശ്വസിക്കണം''.

''നമ്പൂതിരിയുടെ രചനാശൈലിയെ വാഴ്ത്തി ഒരു നിരൂപകൻ, 'ഉറക്കത്തിൽപോലും അദ്ദേഹത്തിന് ഒരു ചിത്രം വരയ്‌ക്കാൻ കഴിയും,' എന്നു പരാമർശിച്ചതിനെക്കുറിച്ച് ഒരു കലാകാരൻ, 'അതെ, ഉറക്കത്തിൽ തന്നെയാണ് അദ്ദേഹം വരച്ചുകൊണ്ടിരിക്കുന്നത്' എന്നു പൂരിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഉണർന്നിരിക്കുന്ന രേഖകൾ നമ്പൂതിരിയുടേതായി അധികം കണ്ടിട്ടില്ലാത്തതുകൊണ്ട് അതു വിശ്വസിക്കണം''.

ആരുതന്നെ വായിച്ചാലും നമ്പൂതിരി അതു വായിക്കരുതെന്ന് രഹസ്യമായി ആഗ്രഹിച്ചിരുന്നു, 'വ്യക്തിപര'മായി അതിലൊരു വാക്കുപോലും ഉണ്ടായിരുന്നില്ലെങ്കിലും.ബഷീർ ലേഖനങ്ങളെല്ലാം ഒരുമിച്ചുകൂട്ടി, അതിലധികവും പ്രസിദ്ധീകരിച്ച കെ സി നാരായണന് സമർപ്പിച്ച്, പ്രിയപ്പെട്ട കാരശ്ശേരിമാഷ്ക്ക് കൊടുത്തു.

''മാഷേ, ഒരു 'ഔദാരിക'3 വേണമല്ലോ.''
''പിന്നെന്താ! ബഷീറിനെക്കുറിച്ചല്ലേ, അതിനെന്താ പാട്?''

സ്നേഹോദാരനായ കാരശ്ശേരിമാഷുടെ അവതാരിക തീരെ ഉദാരമായിരുന്നില്ല. ''(പുസ്തകത്തിലെ) ആലോചനയുടെ ഇത്തരം വെളിച്ചം നിറഞ്ഞ പുതുവഴികൾ എനിക്കിഷ്ടമായെങ്കിലും രത്നാകരന്റെ എല്ലാ നിലപാടുകളോടും എനിക്ക്

മാങ്ങാട്‌ രത്‌നാകരനെ നമ്പൂതിരി വരയ്‌ക്കുന്നു

മാങ്ങാട്‌ രത്‌നാകരനെ നമ്പൂതിരി വരയ്‌ക്കുന്നു

യോജിക്കാനായില്ല. നമ്പൂതിരി നല്ല ചിത്രകാരനല്ല എന്ന തീർപ്പിനോട് ഞാനെങ്ങനെ യോജിക്കും? ബഷീറിന്റെ ഫോട്ടോഗ്രാഫർമാരുടെ പട്ടികയിൽ നീന ബാലന്റെ പേര് വിട്ടുപോയതിന് എന്തുണ്ട് ന്യായീകരണം? ഉപ്പുപ്പായുടെ ആനയെക്കണ്ടവരെല്ലാം കുരുടന്മാരാണെന്ന് രത്നാകരൻ.

സുരാസു ചോദിക്കുന്നു, ''ഇനിയിപ്പോൾ കണ്ണുള്ളവർ ഒന്നു ചെന്നുകണ്ടുപോന്നാൽ കഥ മറിച്ചെന്തെങ്കിലുമാകുമോ? ആനയിലെവിടെ ചൂണ്ടിയാണ്, ‘ഇതാ ആന!' എന്നവർ പറയുക? ആനയിലെവിടെയാണാന?'' ഇങ്ങനെ പറയാൻ നിന്നാൽ വിപ്രതിപത്തികളും അഭിപ്രായവ്യത്യാസങ്ങളും വേറെയും കാണും. അതൊക്കെ രുചിഭേദം എന്നുവെച്ച് വിടാനേയുള്ളൂ.''4
''ഔദാരിക ആയിട്ടില്ല. ഞാൻ എതിരുപറയുന്ന ഭാഗങ്ങൾ വേണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ വെട്ടാം, കേട്ടോ,'' കാരശ്ശേരിമാഷ് പറഞ്ഞു.

''അതെന്തിന്?''
''അല്ല, നമ്പൂതിരി നല്ല ചിത്രകാരനല്ല എന്ന്‌ എഴുതിക്കണ്ടപ്പോൾ എനിക്ക്‌ ശുണ്ഠിവന്നു''.
''ആർക്കു വരാതിരിക്കും?'' ചിരിവിടാതെ ഞാൻ പറഞ്ഞു, മൂന്നുപേർക്കെങ്കിലും വിശേഷിച്ചും നല്ല ശുണ്ഠി വരും. എസ് ജയചന്ദ്രൻ നായർക്ക്, കെ സി നാരായണന്, പിന്നെ മാഷ്ക്കും''.
''എന്താണ് നമ്പൂതിരിയെ അങ്ങനെ വിലയിരുത്താൻ കാരണം?'' കാരശ്ശേരിമാഷ് ചോദിച്ചു.

''എന്റെ നിർഭാഗ്യത്തിന് ലോകചിത്രകല കുറേയൊക്കെ നോക്കിയതിനാൽ...'' ഞാൻ തിടുക്കത്തിൽ വിഷയം മാറ്റി. എവിടെയും എത്തില്ലെന്ന് ഉറപ്പുള്ള സംവാദങ്ങൾ തുടരുന്നത് എന്റെ കൗമാരത്തിലെ 'യുക്തിവാദ' കാലഘട്ടം കഴിഞ്ഞപ്പോൾതന്നെ നിർത്തിയിരുന്നു.

2004‐ൽ ഭാഷാപോഷിണി കോഴിക്കോട് ടൗൺഹാളിൽ ഒരുക്കിയ, ലോഹഭാരതം എന്നു പേരിട്ട, നമ്പൂതിരിയുടെ അർധശില്പ പരമ്പര മഹാഭാരതത്തിലൂടെയുള്ള കലായാത്രയായിരുന്നു. ചെമ്പുതകിടിൽ പിന്നിൽനിന്ന് തട്ടിയുണ്ടാക്കിയ, തീരുംവരെയും മുൻവശം ഭാവനയിൽ മാത്രം കാണാനാവുന്ന, ആ ദൃശ്യപരമ്പര വിവിധങ്ങളായ മാധ്യമങ്ങളിൽ നമ്പൂതിരിയ്‌ക്കുള്ള കൈത്തഴക്കം പ്രകടമാവുന്ന ഒന്നായിരുന്നു. വിഖ്യാത ചിത്രകാരൻ കെ എം ആദിമൂലമായിരുന്നു അത് ഉദ്ഘാടനം ചെയ്യാനായി ചെന്നൈയിൽ നിന്നു വന്നുചേർന്നത്.

ആർട്ടിസ്‌റ്റ്‌ നമ്പൂതിരി: കെ എം ആ-ദി-മൂ-ല-ത്തിന്റെ സ്‌കെച്ച്‌

ആർട്ടിസ്‌റ്റ്‌ നമ്പൂതിരി: കെ എം ആ-ദി-മൂ-ല-ത്തിന്റെ സ്‌കെച്ച്‌

ആദിമൂലവുമായി എനിയ്‌ക്കുള്ള സ്നേഹസൗഹൃദങ്ങൾ കാരണമാകാം, സുഹൃത്ത് കെ സി  നാരായണൻ അദ്ദേഹത്തെ സ്വാഗതം ചെയ്യാനും ഒപ്പമുണ്ടാകാനുമായി എന്നെ ക്ഷണിച്ചത്. പ്രദർശനത്തിന്റെ സമാപനയോഗത്തിൽ ആദിമൂലത്തിന്റെ രേഖകളുടെ അനന്യതയെക്കുറിച്ചും കരുത്തിനെക്കുറിച്ചും വിശേഷിച്ച് അദ്ദേഹത്തിന്റെ ഗാന്ധി രേഖാചിത്രങ്ങളെ ഉദാഹരിച്ച് സംസാരിച്ചു. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന എം ടി വാസുദേവൻ നായരെ ആദിമൂലം ചാർക്കോളിൽ വരച്ചു. അസാധാരണമായ ഒരു ഛായാചിത്രം. പിന്നീട്, എം ടിയുടെ വീട്ടിലെ സ്വീകരണമുറിയുടെ ചുമരിൽ ആ രേഖാചിത്രം‐അതുമാത്രം‐കാണാനായി.

ചടങ്ങിനുശേഷം, നമ്പൂതിരിയെ അഭിമുഖീകരിക്കാൻ, എന്താണു പറയുക, ഒരു വൈക്ലബ്യം  ഉണ്ടായിരുന്നു. ആദിമൂലത്തോട് വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന എന്റെയടുത്ത് നമ്പൂതിരി വന്നു, ചിരിച്ചു, ''ഇന്ത്യയിലേയ്‌ക്കൊക്കെ വന്നുതുടങ്ങിയല്ലോ'',
ആ പരിഹാസം എനിക്ക് വളരെ ഇഷ്ടമായി. അപ്പോൾ, അദ്ദേഹം അതു വായിച്ചിരിക്കുന്നു!

ആറേഴുവർഷം മുമ്പ്, യാത്ര എന്ന പേരിൽ ഒരു ടെലിവിഷൻ യാത്രാപരമ്പര ചെയ്തുകൊണ്ടിരുന്നപ്പോൾ, നമ്പൂതിരിയെ പലപ്പോഴായി എടപ്പാളിലെ വീട്ടിൽ ചെന്നുകണ്ടു. നമ്പൂതിരിയുടെ മകൻ (വാസു) ദേവൻ പ്രിയസുഹൃത്തായതിനാൽ, എല്ലാ കാര്യങ്ങളും ദേവൻ സ്വന്തം കാര്യംപോലെ നോക്കി. ചിത്രകാരി ടി കെ പത്മിനിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ആ കലാകാരിയുടെ അന്യാദൃശമായ കലാശൈലിയെക്കുറിച്ച് നമ്പൂതിരി വിശദമായി സംസാരിച്ചു.

നമ്പൂതിരി ടി കെ പത്മിനിയെക്കുറിച്ചുള്ള പുസ്‌തക വായനയിൽ

നമ്പൂതിരി ടി കെ പത്മിനിയെക്കുറിച്ചുള്ള പുസ്‌തക വായനയിൽ

5  നമ്പൂതിരിയെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കിയപ്പോൾ,6 കലയിലേക്കും രൂപബോധത്തിലേക്കും ഉണർത്തിയ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കലാശില്പങ്ങൾ കാണിച്ചുതരാനായി ഒപ്പം വന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിബന്ധപ്പെട്ട് വരച്ച ചിത്രങ്ങളും വിവിധങ്ങളായ പ്രമേയങ്ങളുള്ള ചിത്രങ്ങളും വീട്ടിനകത്ത് സൂക്ഷിച്ചത് കാണിച്ചുതന്നു; ചിത്രീകരിക്കാൻ അനുവാദം തന്നു.

നമ്പൂതിരി വരയ്‌ക്കുന്നത് ചിത്രീകരിക്കുന്നതിനിടെ, അദ്ദേഹം ഓർമയിൽനിന്ന് എം ടി വാസുദേവൻ നായരെയും അരവിന്ദനെയും വരച്ചു, പിന്നെ 'നമ്പൂതിരിമുദ്ര'യുള്ള സ്ത്രീരൂപങ്ങളും. സംവിധായകന്റെ‐ അതെ, ഞാൻ തന്നെ‐ ഒരു രേഖാചിത്രം ആശിച്ചപ്പോൾ, ''നോക്കട്ടെ, ശരിയാവുമോ എന്തോ,'' എന്നു വിനീതനായി നമ്പൂതിരി എന്നെ നോക്കി. 'ചിത്രകാരൻ നോട്ടത്തിലൂടെ സൃഷ്ടിക്കുന്നു,' റൊബേർ ബ്രസ്സൻ ഉള്ളിൽ പറഞ്ഞു.

ആ നോട്ടം രേഖയായും നിഴലായും വെളിച്ചമായും കടലാസിൽ പടർന്നു. നമ്പൂതിരി അന്നു വരച്ചുതന്ന ഒരുപിടി ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ഞാനറിയുന്ന നമ്പൂതിരി ആരാധകർക്കും സമ്മാനിച്ചു. എന്നെ വരച്ചത് സന്തോഷത്തോടെ ചില്ലിട്ടു സൂക്ഷിച്ചു.

നമ്പൂതിരി ഓർമയായപ്പോൾ, നമ്പൂതിരി എന്ന 'കാലാവസ്ഥ'യെക്കുറിച്ച് സ്വാഭാവികമായും പ്രത്യക്ഷപ്പെട്ട അസംഖ്യം ഓർമക്കുറിപ്പുകളിൽ, 'ദൈവത്തിന്റെ വിരലുകൾ' വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. എമീൽ ബെർണാർ മഹാരഥനായ പോൾ സെസാനോട് ചോദിച്ച ചോദ്യവും അതിനു സെസാന്റെ മറുപടിയും ചിരിയോടെ ഓർമിച്ചു.

എമീൽ: ''ഞാൻ പസ്കാലിലേക്ക് മടങ്ങട്ടെ. ദൈവം മനോഹരമായി സൃഷ്ടിച്ചതിനെ പുനഃസൃഷ്ടിക്കേണ്ടതുണ്ടോ?'' സെസാൻ: ''അദ്ദേഹത്തെക്കാൾ നന്നായി ചെയ്യാനാവുമോ എന്നു  നോക്കേണ്ടെ?''.
കുറിപ്പുകൾ

1. 'നമ്പൂതിരി', എം എൻ വിജയൻ സമ്പൂർണ കൃതികൾ, വാല്യം 7, കറന്റ് ബുക്സ്, തൃശ്ശൂർ, 2008
2. ‘In memory of Sigmund Freud’, Collected Poems W.H. Auden, Vintage, 1991
3. അയ്യപ്പപ്പണിക്കരുടെ പ്രയോഗം 4. 'അവതാരിക', ഇളംനീലനിറത്തിൽ ആടിക്കുഴഞ്ഞുവരുന്ന മാദകമനോഹരഗാനമേ, മാങ്ങാട് രത്നാകരൻ, പാപ്പിയോൺ, 2001
5. https://youtu.be/gJMDOQ6WRKs
6.https://youtu.be/jGpSPndo-5g
7. Cezanne by himself, Ed. Richard Kendall, Little, Brown and Company, London, 1988


http://archive.today/IQCu6 



s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive