Thursday, January 29, 2026

ചെ ഗവാര ഒറ്റപ്പാലത്ത് വന്നപ്പോൾ

 ടി.ജി. നിരഞ്ജൻ PUBLISHED: JANUARY 25, 2026 09:31 AM IST...


Read more at: https://www.manoramaonline.com/news/sunday/2026/01/25/remembering-literary-legend-vkn.html



‘ നല്ല പൊക്കം, മെലിഞ്ഞ ശരീരം, ആകർഷകമായ മുഖം, പിന്നാക്കം ചീകിയൊതുക്കിയ സമൃദ്ധമായ മുടി. നടൻ റൊനാൾഡ് കോൾമാന്റെ (Ronald Colman) ശൈലിയിലുള്ള മീശ’. 1952ൽ കോയമ്പത്തൂരിൽ വച്ചു പരിചയപ്പെട്ട വികെഎന്നിനെ കുറിച്ച് അച്ഛന്റെ ഓർമകൾ ആരംഭിക്കുന്നത് ഇങ്ങനെയൊരു വിവരണത്തോടെയാണ്.

ഹിന്ദു റിലിജിയസ് എൻഡോവ്മെന്റ് (മദിരാശി സർക്കാർ) സർവീസിലായിരുന്നു വികെഎൻ അന്ന്. ആർ.എസ് പുരത്തെ 70 ഫീറ്റ് റോഡിന്റെ ഒരറ്റത്തുള്ള ഐഡിയൽ കഫെയിലായിരുന്നു താമസം. അക്കാലത്ത് വിദ്യാർഥി ഫെഡറേഷന്റെ നേതൃത്വത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ടായിരുന്ന എന്റെ അച്ഛൻ ഇന്ത്യനൂർ ഗോപിയും പിഎസ്ജി എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന പാലക്കാട് എടത്തറ സ്വദേശി ഇ.കെ.രാമകൃഷ്ണനും ഉൾപ്പെട്ട പുസ്തകവായനക്കാരുടെ ഒരു സംഘത്തിൽ നല്ല വായനക്കാരനായിരുന്ന വികെഎന്നും ഉൾപ്പെട്ടു. കുട്ടി എന്നായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിയുടെ അക്കാലത്തെ വിളിപ്പേര്.

കുട്ടിയുടെ ആ കാലഘട്ടത്തെക്കുറിച്ച് ‘മുക്തകണ്ഠം വികെഎൻ’ എന്ന പുസ്തകത്തിൽ രഘുനാഥൻ പരാമർശിച്ചിട്ടുണ്ട്. അക്കാലത്ത് താമസസ്ഥലം സംബന്ധിച്ച് നാരായണൻകുട്ടി ഒരു പ്രശ്നം നേരിട്ടു. കോയമ്പത്തൂരിലെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അച്ഛനെയാണു രക്ഷയ്ക്കായി സമീപിച്ചത്.

പെട്ടെന്നു തന്നെ മലയാളികൾക്കൊപ്പം മറ്റൊരു താമസസ്ഥലം ഏർപ്പാടാക്കിക്കൊടുത്ത് പ്രശ്നം പരിഹരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരണമായ ക്രോസ് റോഡ്സ് വാരികയിലേക്കായി അച്ഛൻ എഴുതിയിരുന്ന ലേഖനങ്ങളുടെ ഭാഷ എഡിറ്റ് ചെയ്ത് മിനുക്കിക്കൊടുത്താണ് കുട്ടി ആ സഹായത്തിന് പ്രത്യുപകാരം ചെയ്തത്. വെറും പത്താം ക്ലാസുകാരനായ കുട്ടിക്ക് ഇംഗ്ലിഷ് ഭാഷയിലുണ്ടായിരുന്ന അവഗാഹം അത്ഭുതകരമായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലുമുള്ള ജ്ഞാനവും അതുപോലെ തന്നെ. ഹൃദിസ്ഥമായ കുമാരനാശാന്റെ കവിതകളും മേഘസന്ദേശത്തിലെ ശ്ലോകങ്ങളും മനോഹരമായി ചൊല്ലും. പക്ഷേ ശങ്കേഴ്സ് വീക്കിലിയിലും മറ്റും അക്കാലത്ത് വികെഎൻ എഴുതിയിരുന്നത് ഇംഗ്ലിഷിലാണ്.

പി.ജി.വോഡ്ഹൗസിന്റെയും സ്റ്റീഫൻ ലീക്കോക്കിന്റെയും പുസ്തകങ്ങൾ ആർട്സ് കോളജ് ലൈബ്രറിയിൽനിന്ന് അച്ഛൻ വഴി വികെഎൻ എടുത്തുവായിക്കും. അസാധാരണ ഓർമശക്തിയുണ്ടായിരുന്നു. വായിച്ച പുസ്തകങ്ങളിലെ ചില പാരഗ്രാഫുകൾ പോലും ഓർമയിൽനിന്ന് ഉദ്ധരിക്കും. അവയുടെ സാരസ്യം വിടാതെ വിസ്തരിക്കുകയും ചെയ്യും. വോഡ്‌ഹൗസിന്റെ കഥാപാത്രമായ ജീവ്സ് (Jeeves) ആണ് പിൽക്കാലത്ത് പയ്യൻ എന്ന പാത്രസൃഷ്ടിക്ക് പ്രചോദനമായത്. ഇംഗ്ലിഷിൽ ശങ്കേഴ്സ് വീക്കിലിയിലെഴുതിയിരുന്നത് നാരായണൻകുട്ടി എന്ന പേരിലായിരുന്നു. വികെഎന്നിനെ മലയാളത്തിൽ എഴുതാൻ പ്രേരിപ്പിച്ചത് കോയമ്പത്തൂരിലെ ഈ സൗഹൃദസംഘമായിരുന്നു. ഒരു കൂടിയിരുത്തത്തിൽ രസകരമായി പറഞ്ഞ ഒരു പാലക്കാടൻ അനുഭവകഥ വിവാഹപ്പിറ്റേന്ന് എന്ന പേരിൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത് അങ്ങനെയാണ്.

വിവാഹപ്പിറ്റേന്ന് എന്ന കഥ മലയാളസാഹിത്യത്തിലെ ഒരു പുതിയ രീതിയായി അടയാളപ്പെട്ടു. തുടർച്ചയായി അദ്ദേഹം മലയാളത്തിൽ എഴുതാൻ തുടങ്ങി. പയ്യൻസ് എന്ന പ്രയോഗം മലയാളി യുവാക്കൾ ഏറ്റെടുത്തു. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ സൗഹൃദശൃംഖലയ്ക്കിടയിൽ വികെഎൻ എന്ന ഒറ്റയാൾപ്രസ്ഥാനം വളരെ പെട്ടെന്നു പടർന്നുപന്തലിച്ചു.

യൗവനാരംഭത്തിൽ ഉടലെടുത്ത, അത്രയും പരസ്പരമറിയുന്ന ഗാഢമായ ചങ്ങാത്തം ആയതുകൊണ്ടാവണം സാഹിത്യരംഗത്തെ സൗഹൃദങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്ന അടുപ്പമായിരുന്നു വികെഎന്നും അച്ഛനും ഇ.കെ.രാമകൃഷ്ണനും ഉൾപ്പെട്ട മൂവർസംഘത്തിനുണ്ടായിരുന്നത്. നാട്ടിൽ തിരിച്ചെത്തി ഏറനാട്ടിലെ പാർട്ടി പ്രവർത്തനങ്ങളുമായി അച്ഛൻ നടക്കുന്ന കാലത്ത്, അപ്പോഴേക്കും തൃക്കളൂർ ദേവസ്വം ഉദ്യോഗസ്ഥനായിരുന്ന വികെഎൻ എല്ലാ മാസവും പതിനഞ്ചുറുപ്പിക അയച്ചുകൊടുത്തിരുന്നു. പിൽക്കാലത്ത് സാമ്പത്തികസഹായത്തിന് വികെഎന്നും അച്ഛനും ഒരു പോലെ താങ്ങായതാവട്ടെ മലബാർ മേഖലയിലെ കാർഷികോപകരണരംഗത്തെ പ്രമുഖസ്ഥാപനമായ കുമാർ ഇൻഡസ്ട്രീസിന്റെ തലവനും ചീഫ് എൻജിനീയറുമായിരുന്ന  രാമകൃഷ്ണമ്മാമയാണ്. ഇടയ്ക്ക് പിണങ്ങുമ്പോൾ ‘പിശ്ശാങ്കത്തിമുതലാളി’ എന്നൊക്കെ വികെഎൻ കളിയാക്കിയിരുന്ന അദ്ദേഹത്തിനു തന്നെയായിരുന്നു വായിക്കാനുള്ള പുസ്തകങ്ങൾ പൈസ കൊടുത്ത് വാങ്ങിക്കുക എന്ന ഉത്തരവാദിത്തവും. ഇറ്റാലിയൻ എഴുത്തുകാരനായ ഗിയോവന്നി ഗുറേഷിയുടെ ഡോൺ കാമിലോ കഥകൾ അടക്കം ഇവിടെ ലഭ്യമല്ലാതിരുന്ന പല പുസ്തകങ്ങളും ഞാൻ പോലും വായിക്കുന്നത് രാമകൃഷ്ണമ്മാമയുടെ ശേഖരത്തിൽ നിന്നാണ്.

മൂന്നു പേരും കൂടിയുള്ള യാത്രകൾ രാമകൃഷ്ണമ്മാമയുടെ അംബാസഡർ കാറിലായിരുന്നു പതിവ്. ഒറ്റപ്പാലത്തോ പാലക്കാട്ടോ ഒക്കെ പോയി ബേക്കറികളിൽനിന്നോ ഹോട്ടലുകളിൽ നിന്നോ വയറുനിറയെ ഭക്ഷണം കഴിക്കലായിരുന്നു പ്രിയപ്പെട്ട വിനോദം. ഒറ്റയ്ക്കാണെങ്കിൽ മുരുകനു മയിലും ഗണപതിക്ക് മൂഷികനും എന്ന പോലെ വികെഎന്റെ വാഹനം ടാക്സിയാണെന്നാണ് അച്ഛൻ പറയാറ്. അതാവുമ്പോൾ യാത്രാരംഭത്തിൽ സാമ്പത്തിക ഇടപാടൊന്നും നടത്തേണ്ട ബുദ്ധിമുട്ടില്ല. അങ്ങനെ ഒരു ദിവസം അടക്കാപുത്തൂർ ഹൈസ്കൂളിൽ രാമകൃഷ്ണമ്മാമയെയും കൂട്ടി വികെഎൻ സ്റ്റാഫ് റൂമിൽ കയറിച്ചെന്നത് സംഭ്രമജനകമായ ഒരു അറിയിപ്പുമായാണ്. “ഗോപീ.. താൻ ഉടൻ വരണം.. ചെ ഗവാര ഒറ്റപ്പാലത്തു വന്നിട്ടുണ്ട്. ചുനങ്ങാടടുത്ത് ഒരു മലയുടെ മുകളിലാണ്. നമുക്ക് പോയി കാണാം’’, എന്നു പറഞ്ഞ് അച്ഛനെ വിളിച്ചിറക്കി കൊണ്ടുപോയി. ചില അധ്യാപകർ അതു സത്യമാണെന്നു തന്നെ വിശ്വസിച്ചത്രേ.

2004 ജനുവരി 25 രാത്രിയിലാണു വികെഎൻ അന്തരിച്ചത്. പിറ്റേന്ന് അതിരാവിലെ മരുമകൾ രമ കരഞ്ഞുകൊണ്ട് ആ വിവരം അറിയിച്ചതിനെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുണ്ട്. 2015 ഡിസംബറിൽ അച്ഛനും 2022 ജനുവരിയിൽ രാമകൃഷ്ണമ്മാമയും ലോകത്തോടു വിട പറഞ്ഞു.

പ്രസിദ്ധീകരിക്കാനിരിക്കുന്ന അച്ഛന്റെ ഓർമക്കുറിപ്പുകളിൽ വികെഎൻ ഒരുപാട് ഉപകഥകളുള്ള നീണ്ട അധ്യായമാണ്.  ‘കേരളത്തിന്റെ മൈദാത്മകത’ എന്ന എന്റെ പുസ്തകം സമർപ്പിച്ചത് ഇങ്ങനെ: ‘ചോരയിൽ ചിരി പകർന്നു തന്ന അച്ഛന്...അച്ഛന്റെ ഉറ്റ ചങ്ങാതിയും ചിരിയുടെ ഒറ്റയാൾ പ്രസ്ഥാനവുമായിരുന്ന വടക്കേ കൂട്ടാല നാരായണൻകുട്ടി നായർക്ക്...’ ആ കടപ്പാടുകളോടു കൂടിയാണ് അടുത്തൊരു ദിവസം വടക്കേ കൂട്ടാല വീട്ടിലേക്ക് വികെഎന്റെ മകൾ രഞ്ജനച്ചേച്ചിയെയും മരുമകൾ രമയെയും കാണാൻ പോയത്.

അസാമാന്യ ധിഷണാശേഷിയുണ്ടായിരുന്ന ആളെന്ന് അടുത്തറിയാവുന്ന ആളുകളെല്ലാം സാക്ഷ്യപ്പെടുത്തിയിരുന്ന മകൻ ബാലചന്ദ്രനുമായി രസികൻ സംവാദങ്ങളിലേർപ്പെട്ടിരുന്ന വികെഎന്നിനെക്കുറിച്ച് രമ പറഞ്ഞിട്ടുണ്ട്. മകൻ വഴി ഉണ്ടായ നന്മയെന്ന് ജാതകവിശ്വാസിയായ വികെഎൻ രമയെക്കുറിച്ച് പറയാറുള്ളത് അച്ഛൻ ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു. എഴുത്തിൽ മകൾ രഞ്ജനച്ചേച്ചിയായിരുന്നു വായനക്കാരിയായി വികെഎന്നു കൂട്ട്.

പത്തായം പൊളിച്ചുണ്ടാക്കിയ ഒരു മുറിയിലായിരുന്നു നാട്ടിലെത്തിക്കഴിഞ്ഞ് കുറെക്കാലം വികെഎന്റെ എഴുത്ത്. ആ മുറിയിൽ കയറി പഴയ ഓർമകളോടെ ഞങ്ങളൊരു പടമെടുത്തു. ഇതു താൻ കൊടുത്ത ഐഡിയയാണെന്ന് രഞ്ജനച്ചേച്ചി ചിരിച്ചു. “അച്ഛന് ലേശം എരിവുള്ള പലഹാരങ്ങളായിരുന്നു ഇഷ്ടം. മാഷ് വരുമ്പോ അങ്ങനെ എന്തെങ്കിലും കയ്യിൽ കൊണ്ടരാറുണ്ടായിരുന്നു”എന്ന് രമയും ചിരിച്ചു.

ടൗണിലെ ബേക്കറികളിൽ കയറി എരിവുള്ള പലഹാരങ്ങൾ അന്വേഷിക്കുന്ന മധ്യവയസ്സു പിന്നിട്ട മൂന്നു ചങ്ങാതിമാരെയോർത്ത് എനിക്കും ചിരി വന്നു. മരണശേഷം, ‘അവിടെയും പ്രാതലിന് ഇഡ്ഡലി തന്നെ ആവുമല്ലോ’ എന്ന് ആശ്വസിച്ച പയ്യൻ ശൈലിയിൽ അവിടെയും ബേക്കറികളുണ്ടാവുമോ എന്ന് ആലോചിച്ചു. 



No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive