Wednesday, October 05, 2022

ജോലിക്കായുള്ള കുടിയേറ്റം - തിരിച്ചും മറിച്ചും

 


ഇത്തരം എഴുത്തുകൾ ശരിയാണ് എന്ന് തോന്നും - പക്ഷെ കൃത്യമായ കണക്കുകൾ വച്ച് നോക്കിയാൽ സ്ഥിതി മറ്റൊന്ന് ആകും.


ജോലി തേടി അന്യസ്ഥലത് പോകുന്നത് പുതിയ, വളരെയടുത്ത് തുടങ്ങിയ ഒരു കാര്യമല്ല.  ഭൂമിമുഴുവൻ മനുഷ്യൻ നിറഞ്ഞത് തന്നെ ഇത്തരം പുതിയമേച്ചിൽ പുറംതേടിയുള്ള കുടിയേറ്റം വഴിയാണ്. എല്ലാ രാജ്യങ്ങളിലേക്കും, എല്ലാരാജ്യങ്ങളിൽ നിന്നും, ഒരു ഭൂഘണ്ടത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇതുണ്ട്.


ഈ *രാജ്യം* എന്നത് മാത്രമാണ് ഈയിടെയായി ഉണ്ടായത്; ശരാശരി ഒരു 100 / 200 കൊല്ലമേയുള്ളൂ, ഈ രാജ്യാതിർത്തികൾക്ക് ! സ്വതന്ത്രമായി ജീവിതസന്ധാരണത്തിനുള്ള കുടിയേറ്റത്തിലായിരിന്നു, ആണ്, എന്നും മനുഷ്യർ.


ഇന്ത്യയിലേക്ക് ഐഫോൺ നിർമ്മിക്കാൻ ആപ്പിൾ കമ്പനി വരുന്നത് അവരുടെ രാജ്യത്തിലെ കുഴപ്പങ്ങൾ കാരണമാണോ ?  ഇന്ത്യ ഒട്ടാകെ മെട്രോ നിർമ്മിക്കാൻ ജപ്പാനും ഫ്രാൻസും മറ്റും കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്, അതിന് വാരിക്കോരി കടംതരുന്നത് അവിടെയൊക്കെ മൊത്തം മെട്രോ ഉണ്ടാക്കിക്കഴിഞ്ഞിട്ടാണോ ?  ഈ പാവം ഇന്ത്യക്കാർ കൂലിവേലക്ക് പോയ രാജ്യങ്ങളിലെ വലിയ കമ്പനികൾ ഇന്ത്യൻ കമ്പനികളിൽ കോടാനുകോടി നിക്ഷേപിക്കുന്നത് അതാതു രാജ്യങ്ങളിൽ നിക്ഷേപിക്കാൻ പെറ്റിയ കമ്പനികൾ ഇല്ലാഞ്ഞിട്ടാണോ ? 


ഇന്ത്യക്കും അതുവഴി കേരളിത്തിന്റെയും മേൽചൊരിയുന്ന ഈ ആക്ഷേപങ്ങൾ ഈ ചൂണ്ടിക്കാണിക്കുന്ന സ്വപ്നരാജ്യങ്ങളിലും ധാരാളം.  അഴിമതി, പൊതുസൗകര്യ-സുരക്ഷാ പോരായ്മകൾ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, രാഷ്ട്രീയ പ്രശ്നങ്ങൾ ....അങ്ങനെ എല്ലാപ്രശ്നങ്ങളും ഇവിടെങ്ങളിലുമൊക്കെ ഉണ്ട്.  താരതമ്യം കൊണ്ട്, ശതമാന കണക്കുക്കൾകൊണ്ട്, ആക്ഷേപംകൊണ്ട് എന്തിനെയും പർവ്വതംപോലെ  ഉയർത്താം, പാതാളംവരെ താഴ്ത്താം.


ഇന്നത്തെ ലോകം വിപണിയിൽ അധിഷ്ഠിതമായ, മുതലാളിത്ത സാമ്പത്തീക അടിസ്ഥാനത്തിലുള്ള ക്രമമാണ്.  ഇത് രാഷ്ട്രീയ അർത്ഥത്തിലല്ല; മറിച് സാമ്പത്തീക അർത്ഥത്തിൽ.  ഇതിൽ പ്രധാനം *"ലാഭമാണ്"* - മുതലിന്റെ, സ്വത്തിന്റെ, പണത്തിന്റെ ഏറ്റവും ഉയർന്ന വരുമാനം തേടിയുള്ള കുടിയേറ്റമാണ്.  എവിടെയാണോ ഏറ്റവുംകൂടുതൽ ലാഭം കിട്ടുക, എവിടെയാണോ ഏറ്റവുംകുറവ് നികുതിയും, നിയന്ത്രണവും ഉള്ളത് - അങ്ങോട്ടു ചേക്കേറുക.  ഇതാണ് നടക്കുന്നത്, ഇനിയും തുടരാൻ പോകുന്നത്.  


ആയതിനാൽ തൊഴിലെടുക്കാൻ കഴിവുള്ളവർ അവരുടെ മുതലായ തൊഴിൽശേഷി ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന, വരുമാനം കിട്ടുന്ന സ്ഥലത്, രാജ്യത്ത് പോയി ചെയ്യും ! നാളെ ഒരുപക്ഷെ ചന്ദ്രനിലോ ചൊവ്വയിലോ പോയിചെയ്യും.  ജനിച്ച സ്ഥലത്ത് എന്ത് തേനും പാലും ഒഴിക്കിയാലും ഇത് തുടരാം.  കാരണം അന്യരാജ്യത്ത് പോയി ജോലിയെടുക്കാത്തവരുള്ള ഒരു രാജ്യവുമില്ല, ഒരു രാജ്യവും അത് തടഞ്ഞിട്ടുമില്ല !  ഇനി തടയുകയുമില്ല.  നാം ഇപ്പോൾ ഒരു ഒറ്റ ആഗോളഗ്രാമത്തിലാണ് ജീവിക്കുന്നത്.  


ബംഗാളി കേരളത്തിൽ വന്നാലും, മലയാളി മുംബൈയിൽ പോയാലും, അല്ല ഗൾഫിലോ യൂറോപ്പിലോ പോയാലും, കിഴക്കൻ യൂറോപ്പുക്കാർ വടക്കൻ യൂറോപ്പിലേക്ക് പോയാലും, തൊഴിലിനായുള്ള കുടിയേറ്റം ഇതുകൊണ്ടാണ്. യൂറോപ്യൻസ് അമേരിക്കയിലും, അമേരിക്കൻസ് ഓസ്‌ട്രേലിയയിലും, മറിച്ചും ജോലിതേടി പോകുന്നുണ്ടല്ലോ.  ഈ കുടിയേറ്റമാണ് അമേരിക്കയിലെ റെഡ് ഇന്ത്യൻസിനെ ഇല്ലാതാക്കിയത്; ഇതാണ് ഓസ്‌ട്രേലിയയിലെ അബോർജിൻസിനെ ഇല്ലാതാക്കിയത്; ചരിത്രം തിരഞ്ഞാൽ ഇതുതന്നെയാണ് നമ്മുടെ കേരളത്തിലെ ഗോത്രവർഗ്ഗക്കാരെ നാമാവശേഷമാക്കിയത് !  അങ്ങനെയാണ് ഇന്ത്യക്കാരനും മലയാളിയും അന്യരാജ്യങ്ങളിലെ കമ്പനി മേധാവികളും, രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ ആവുന്നത്.   


ഇതിനർത്ഥം ഇന്ത്യക്കും കേരളത്തിനും പ്രശ്നങ്ങൾ ഒന്നുമേയില്ല എന്നല്ല ! എല്ലാരാജ്യങ്ങൾക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്, പരിഹാരനിർദേശങ്ങളുമുണ്ട്.  ഏറ്റക്കുറച്ചിലുകൾ ഏറെയുണ്ട്.  എങ്കിലും മറ്റുപലരേക്കാളും മലയാളിക്ക് കുടിയേറ്റം നടത്താനും, പുതിയ ജീവിതമാർഗ്ഗങ്ങൾ കണ്ടെത്താനും പ്രാപ്തരാക്കിയ ഒരു സംസ്കാരം, അന്യസംസ്‌കാര-മത-ഭാഷ വിഭാങ്ങളുമായി ഒത്തുപോകാൻ ഉള്ള നല്ലമനസ്സുണ്ടാക്കിയ നമ്മുടെ ചരിത്ര-പാരമ്പര്യം, അതിന്റെ മികവും ഇന്നത്തെ ലോകത്ത് അതിന്റെ ആവശ്യവും, കാണാതെ പോകരുത്; അത് ആക്ഷേപിച്ചു അവഹേളിച്ചു കളഞ്ഞുകുളിക്കരുത്.


നമ്മളാൽ കഴിവത് ചെയ്യാം - സ്‌കൂളുകൾ, സർക്കാർ സ്‌കൂളുകൾ, അവയെ എങ്ങനെ ആവശ്യമായ  മാറ്റങ്ങൾക്ക് വേണ്ടി തയ്യാറാക്കാം എന്ന് നോക്കാം, ശ്രമിക്കാം.  എസ്സ്ആർവിയിൽ പ്രൈമറിതലം തൊട്ട് തുടങ്ങാം.  സ്വകാര്യ-സർക്കാർ-അന്താരാഷ്ട്ര ഏജൻസികളെ സഹകരിപ്പിച്ചുകൊണ്ട് പുതിയൊരു യജ്ഞം ആരംഭിക്കാം.  കരഞ്ഞുതീർക്കുന്നത് കഴുതകൾ മാത്രമാണല്ലോ ?! 


എന്നാ പിന്നെ തുടങ്ങുകയല്ല ..................... പേരും വിലാസവും, ജീവിതകഥയുമൊക്കെ ശേഖരിക്കുന്നപോലെ ആശയങ്ങളും ചേർത്ത് ഒരു പരിപാടി തുടങ്ങാം; ഒത്തുരുമിച്ചു ശ്രമിക്കാം !  


-----------


UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ...

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!!

ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും...!!

മിക്ക കുടുംബങ്ങളിലെയും  നല്ല വിദ്യാഭ്യാസവും, ജീവിക്കാൻ മാർഗ്ഗവുമുള്ള  കുട്ടികൾ വിദേശത്തേക്ക് പോകുന്നു.. പോകുന്നത് പഠിക്കാനാണ്.. ഒപ്പം ജോലിയും ചെയ്യാം.. ഒന്നോ രണ്ടോ മണിക്കൂർ പഠനം... ബാക്കി സമയം ജോലി...  കൂടുതൽ കുട്ടികളും അവിടെ വല്ല KFC ഔട്ലെറ്റിലും പാത്രം കഴുക്കോ, വെയിറ്ററോ ഒക്കെയാണ്...!! ട്രക്ക് ഓടിച്ചു കാശുണ്ടാക്കും എന്ന് എന്റെ കുടുംബത്തിലെ കുട്ടികൾ പറയുമ്പോൾ എന്തോ നെഞ്ചിലൊരു പിടച്ചിൽ...!!


ദിവസം ഒരു മണിക്കൂർ പഠിക്കുന്ന മിക്ക കോഴ്‌സിനും വലിയ അംഗീകാരവുമൊന്നുമില്ല.. പഠിക്കാൻ പോകുന്നവർക്ക് കൂടുതലും കോഴ്‌സുകളെപ്പറ്റി ഒന്നുംതന്നെ അറിയില്ല... അവിടെ എത്തിപ്പെടുന്നതിനുള്ള  ഒരു മാർഗ്ഗം മാത്രമാണ് ഇത്തരം കോഴ്‌സുകൾ..!! കാശുണ്ടാക്കാൻ പാത്രം കഴുകൽ... ഡോക്ടർമാരും, എൻജിനീയർമാരും ഒക്കെ ചെയ്യുന്ന പണി ഇതുതന്നെ..!! 


ബ്രിട്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞത് "ദിവസം തോറും ഇന്ത്യയിൽനിന്നും ആയിരക്കണക്കിന്    അപേക്ഷകൾ ആ യൂണിവേഴ്സിറ്റിയിൽ മാത്രം കിട്ടുന്നുണ്ട്.. കൂടുതലും മലയാളികയുടേതാണ്.. കൂടുതൽപ്പേരും രക്ഷപ്പെടില്ല, ബ്ലൂ കോളർ ജോലിയിൽ അവസാനിക്കും, എന്നാലും കാശുണ്ടാക്കുന്നുണ്ടാവും..!! "


എന്തിനാണ് ജീവിക്കാൻ മാർഗ്ഗമുള്ള നിങ്ങൾ ഇത്രയും പഠിച്ചിട്ട് ഈ നാടുപേക്ഷിച്ചു പോകുന്നത് എന്ന ചോദ്യത്തിനുള്ള കുട്ടികളുടെ  ഉത്തരമാണ് നമ്മൾ ചിന്തിക്കേണ്ട വിഷയം...!!


അവർക്കിവിടെ ജീവിക്കാൻ താൽപ്പര്യമില്ല... 

ഇവിടുത്തെ വിദ്യാഭ്യാസ സബ്രദായത്തെ  അവർ വെറുക്കുന്നു...


 റിസർവേഷൻ സമ്പ്രദായത്തെ അവർ വെറുക്കുന്നു... കാശും, സമയവും മുടക്കി അവർ നേടിയ ഡിഗ്രികൾക്കു മറ്റു സംസ്ഥാനങ്ങളിൽപ്പോലും 

കീറക്കടലാസ്സിന്റെ വിലയില്ലെന്ന് അവർ മനസിലാക്കുന്നു... പഠിത്തം കഴിഞ്ഞാൽ ഒരു സർക്കാർ ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം... 


15 കൊല്ലത്തെ ടാക്സ് ഒന്നിച്ചു കൊടുത്താലും നല്ലൊരു റോഡോ, പാലമോ പോലുമില്ല.. നികുതികൊടുക്കുന്നവന് പുല്ലുവിലയെയുള്ളൂ... മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലുമില്ല....  മാലിന്യം കൊണ്ട് റോഡിലിറങ്ങാൻ പോലും വയ്യ.. 


അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും  അവർ വെറുക്കുന്നു...  ഇവിടുത്തെ മതഭ്രാന്തിനെ അവർ വെറുക്കുന്നു... ഇവിടെ ജീവിക്കാൻ പറ്റിയ സ്ഥലമല്ലെന്ന് അവർ ഭയക്കുന്നു...


 വെറുതെയിരുന്നാൽ പോലും മാസാമാസം ലക്ഷങ്ങൾ കയ്യിൽക്കിട്ടുന്ന സ്വന്തം  കുടുംബ ബിസിനസ്സുകൾ മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു ഭയമാണ്... കാരണം, സ്വന്തം കൈയിലെ കാശ് കൊടുത്തു ബിസിനസ് നടത്താൻ എന്തിനു രാഷ്‌ടീയക്കാർക്ക് സംഭാവന നൽകണം, എന്തിന്  അവരുടെമുന്നിൽ ഓച്ഛാനിച്ചു നിൽക്കണം, സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ചെരുപ്പ് തേയ്ക്കണം  എന്നവർ ചോദിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു...


സത്യസന്ധതയോടെ ജീവിക്കുന്നവർക്ക് ഇന്നാട്ടിൽ ജീവിക്കാൻ പറ്റില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു... ഇവിടെ മലദ്വാരത്തിൽ സ്വർണ്ണം കടത്തുന്നവനും,ഈന്തപ്പഴത്തിൽ സ്വർണ്ണം കടത്തുന്നവനും ഖുറാനിൽ ഡോളർ കടത്തുന്നവനും ടാക്സ് വെട്ടിക്കുന്നവനും, കഞ്ചാവും, തീവ്രവാദവും കച്ചവടം ചെയ്യുന്നവനും മാത്രമേ ജീവിക്കാൻ പറ്റൂ എന്നവർ കരുതുന്നു...!! 

 

പുതിയ തലമുറയ്ക്ക് വേണ്ടത്  സമാധാനമാണ്... സ്വാതന്ത്ര്യമാണ്... വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഭരണകൂടങ്ങളെയാണ്...


 അന്തിമയങ്ങിയാൽ സ്വപ്നയുടെയും, സരിതയുടെയും, ദിലീപിന്റെയും പിന്നാലെ നടക്കുന്ന മാധ്യമങ്ങളെ അവർക്കു വെറുപ്പാണ്...  നാല് വോട്ടിനുവേണ്ടി നാട്ടിൽ ജാതിമത ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയക്കാരെ അവർക്കു വെറുപ്പാണ്...!! 


അവർ കേരളത്തെക്കാളും ഇഷ്ടപ്പെടുന്നു മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കാൻ... ഒന്നോർത്താൽ കേരളത്തിൽ ബംഗാളികളുടെ അവസ്ഥയാണ് ഇന്ന് വിദേശരാജ്യങ്ങളിൽ മലയാളികൾക്ക്... എത്രയോ പ്രഗത്ഭരായ ഡോക്ട്രർമാരെയും, IT വിദഗ്ധരെയും, നേര്സുമാരെയും എന്നുവേണ്ട സമൂഹത്തിലെ എല്ലാ മേഖലകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച മലയാളികൾ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ  മുഴുവൻ നടന്നു പാത്രം കഴുകുകയോ അല്ലെങ്കിൽ മൂന്നാംകിട ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കുന്നു.!!


പാത്രം കഴുകുന്നത് മോശം കാര്യമാണോ എന്ന് ചോദിച്ചാൽ അല്ലേയല്ല... പക്ഷേ, വിദേശത്തുപോയി പാത്രം കഴുകുന്ന ഓരോ എഞ്ചിനീയറെയും, MBA ക്കാരനെയുമൊക്കെ പഠിപ്പിക്കാൻ ഞാനും, നിങ്ങളും അടങ്ങുന്ന സമൂഹം വലിയൊരു തുക നികുതി കൊടുത്തിട്ടുണ്ട്... മാറിമാറി നാടുഭരിച്ചവർ അതിനുവേണ്ടി ലക്ഷക്കണക്കിന് കോടികൾ കടമെടുത്തിട്ടുണ്ട്... അത് നമ്മൾ മുടക്കിയത് പാത്രം കഴുകുന്ന ഒരു യുവതലമുറയെ വാർത്തെടുക്കാൻ വേണ്ടിയായിരുന്നൊ ? 


പത്തു പതിനഞ്ചു കൊല്ലം പഠിച്ചിട്ടും, പഠിപ്പിച്ചിട്ടും, സ്വന്തം  വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ഒരു ജോലിക്ക് അവരെ പ്രാപ്തരാക്കാൻ പറ്റുന്നില്ലെങ്കിൽ, ജീവിതത്തെപ്പറ്റി അവർക്കൊരു നല്ല കാഴ്ചപ്പാടുണ്ടാക്കി കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ വകുപ്പിനെയും, പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ലക്ഷക്കണക്കിന് അധ്യാപകരേയുമൊക്കെ നമ്മൾ തീറ്റിപ്പോറ്റുന്നത് ? 


യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും വൈകാതെ... ഇപ്പോൾത്തന്നെ നമ്മളറിയുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും അച്ഛനമ്മമാർ തനിച്ചാണ്..  ലക്ഷക്കണക്കിന് വീടുകളിൽ ആള്താമസമില്ല... ജീവിക്കാൻ മാർഗ്ഗമുള്ള  വീടുകളിൽപ്പോലും കുട്ടികൾക്കു താൽപ്പര്യം ഇല്ലാത്തതിനാൽ  നാട്ടിലെ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നു... വാർദ്ധക്യം മാതാപിതാക്കളെ സംബന്ധിച്ച് ഒരു പേടിസ്വപ്നമാകുന്നു... മോർച്ചറികളിൽ തണുത്തുവിറച്ചു മക്കളെയും കാത്തുകിടക്കുന്ന  രക്ഷിതാക്കൾ  വല്ലാത്തൊരു നൊമ്പരമാണ്... ബംഗാളികൾ മാത്രമാണ് പല വീടുകളുടെയും ആശ്രയം..!! 


ഈ സാമൂഹിക വിപത്തിനെ തടയാൻ ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


 വിദേശത്തുനിന്നും കണ്ടെയ്നറിൽ കള്ളപ്പണം കൊണ്ടിറക്കി, സ്വർണ്ണം കടത്തി, കഞ്ചാവും, തീവ്രവാദവും നടത്തി ജീവിക്കുന്നവർ 20 വയസ്സാകുമ്പോഴേക്കും ലക്ഷങ്ങളുടെ വണ്ടിയും, മൊബൈലും ജീവിത സൗകര്യങ്ങളുമായി നടക്കുമ്പോൾ മറ്റു കുട്ടികൾക്കും അങ്ങനെ ജീവിക്കാൻ ആഗ്രഹം തോന്നുന്നു... 


കഴിയാത്തവർ നിരാശരാകുന്നു,ചിലർ ആത്മഹത്യ ചെയ്യുന്നു. കാശും, പത്രാസുമാണ് ജീവിതവിജയത്തിന്റെ അളവുകോൽ എന്നൊരു പൊതുബോധം യുവാക്കളിൽ എവിടുന്നോ പിടിപെട്ടിരിക്കുന്നു...!!


 ഇതൊക്കെ അഡ്രസ്സ് ചെയ്ത്‌, മൂല്യബോധമുള്ള, കുടുംബ ബന്ധങ്ങൾക്കു മുൻഗണന കൊടുക്കുന്ന, സാമൂഹിക ബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെ മതിയാവൂ...!! 


ഇല്ലെങ്കിൽ കേരളത്തിൽ ബംഗാളികൾ എന്നപോലെ സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിക്കേണ്ട ഗതികേടുണ്ടാവും..!! ചിന്തിക്കാൻ ശേഷിയുള്ള, പഠിപ്പുള്ളവർ വിമാനം കയറുമ്പോൾ നാളെ നാടിനെ നയിക്കാൻ ഇവിടെയവശേഷിക്കുന്നത് വെറും ഇസ്‌പേഡ്‌ ഏഴാം കൂലികളും വയസ്സന്മാരും മാത്രമാകും🙏             

കടപ്പാട്:മധു പരമേശ്വരൻ

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive