Thursday, May 12, 2022

ഹിംസയും അധികാരവും; ശ്രീലങ്കൻ ജീവിതത്തെ അടുത്തറിഞ്ഞ എഴുത്തുകാരൻ ടി ഡി രാമകൃഷ്‌ണൻ എഴുതുന്നു

 

ചരിത്രത്തിലെ  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്‌ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്.  പ്രസിഡന്റ് ഗോതബായ രജപക്‌സെക്കെതിരെ നിരായുധരായി, നിർഭയരായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഭരണകൂടം. ശ്രീലങ്കൻ ജീവിതത്തെയും സംസ്‌കാരത്തെയും അടുത്തറിഞ്ഞ്‌ അടയാളപ്പെടുത്തിയ എഴുത്തുകാരൻ ആ രാജ്യത്തിന്റെ പൊള്ളുന്ന സമകാലിക യാഥാർഥ്യങ്ങളെ വിലയിരുത്തുന്നു.
 

ടി ഡി രാമകൃഷ്ണൻ

ടി ഡി രാമകൃഷ്ണൻ

ഭൂരിപക്ഷമാളുകളും മതഭ്രാന്തരോ ഭീരുക്കളോ സ്വാർത്ഥരോ ആയൊരു സമൂഹത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവർ വിഡ്ഢികളായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് ആ സ്വപ്നത്തിനുവേണ്ടി ജീവൻ ബലികഴിക്കാതിരിക്കാനാവില്ല. സ്വാതന്ത്ര്യത്തേക്കാൾ വലുതായി ഞങ്ങൾക്കൊന്നുമില്ല. ഏകാധിപതിയുടെ കൈയിൽ നിന്ന് അധികാരം പിടി ച്ചെടുക്കാനായി കൊളംബ് നഗരത്തിലേക്ക് ജനങ്ങളിരമ്പി വരുന്നൊരു ദിവസം ഞങ്ങളിപ്പോഴും സ്വപ്നം കാണുന്നുണ്ട്. അതിനുവേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിന് ഞങ്ങളുടെ ജീവത്യാഗം പ്രചോദനമാകുമെന്ന പ്രതീക്ഷയോടെ... എല്ലാ സുഹൃത്തുക്കൾക്കും ഗുഡ്ബൈ...
മീനാക്ഷി രാജരത്തിനം.

‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യിൽ മുകളിലുദ്ധരിച്ച വരികളെഴുതുമ്പോൾ, സേവ് ശ്രീലങ്ക ഫ്രം ഫാസിസം (SSF)എന്ന സംഘടനയുടെ നേതൃത്വത്തിൽ, കൊളംബ്‌ നഗരത്തിലേക്ക് ജനങ്ങളിരമ്പി വരുന്നത് വെറും ഭാവന മാത്രമായിരുന്നു.  എസ്‌എസ്‌എഫ്‌ എന്ന സംഘടന തന്നെ ഭാവനയായിരുന്നു. യഥാർഥത്തിൽ മഹീന്ദ രജപക്‌സെയുടെ സ്വേച്ഛാധിപത്യ ഭരണത്തെ എതിർക്കുന്ന ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമടങ്ങിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രമാണുണ്ടായിരുന്നത്. കാൽനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിൽ വേലുപ്പിള്ളൈ പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ്പുലികളെ ഉന്മൂലനം ചെയ്ത് വിജയശ്രീലാളിതനായ മഹീന്ദ രജപക്‌സെ, തനിക്കെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളെയും ക്രൂരമായി അടിച്ചമർത്തി, പ്രസിഡന്റ് പദത്തിൽ സർവാധിപതിയായിരുന്ന് ഭരണം നടത്തുന്ന കാലമായിരുന്നു അത്.

ശ്രീലങ്കയിൽ സമാധാനത്തിനുവേണ്ടി സംസാരിക്കാൻ ശ്രമിക്കുന്നവരൊക്കെ ക്രൂരമായ ഭയത്തിന്റെ നിഴലിലായിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ഈ ചുട്ടുപൊള്ളുന്ന ഏപ്രിൽ മാസത്തിൽ പ്രസിഡന്റ് ഗോതബായ രജപക്‌സെക്കെതിരെ, GotaGo Home! എന്ന മുദ്രാവാക്യം വിളിച്ച് ഗോൾ ഫേസ് ഗ്രീൻ ബീച്ചിൽ പതിനായിരങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്. നിരായുധരായി, നിർഭയരായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ആ ജനക്കൂട്ടത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഭരണകൂടം.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എഴുതാൻ വേണ്ടിയുള്ള അന്വേഷണങ്ങളുമായി നടക്കുന്ന കാലത്ത് ശ്രീലങ്കയിൽ സമാധാനത്തിനുവേണ്ടി സംസാരിക്കുന്നവരെ കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കണ്ടുമുട്ടിയ സിംഹളരും തമിഴരും ഒരുപോലെ ഹിംസയുടെ ഭാഷയാണ് സംസാരിച്ചിരുന്നത്. സിംഹളർ ആഭ്യന്തരയുദ്ധം ജയിച്ചതിന്റെ ഉന്മാദത്തിലും തമിഴർ പ്രതികാരം ചെയ്യാനുള്ള ആവേശത്തിലും ഹിംസയെ ന്യായീകരിച്ചുകൊണ്ടിരുന്നു.

സമൂഹം പൂർണമായും വംശീയമായി ധ്രുവീകരിക്കപ്പെട്ടിരുന്നു. അതിനിടയിലാണ് ‘No more Tears Sister’ എന്ന രജനി തിരണഗാമയെക്കുറിച്ചുള്ള ഡോക്യുമെന്ററി കാണാനിടയായത്. അതുമായി ബന്ധപ്പെട്ട ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ, ശ്രീലങ്കയിൽ സമാധാനം ആഗ്രഹിക്കുന്ന, വയലൻസിനെ നിശിതമായി വിമർശിക്കുന്ന ചെറുതെങ്കിലും ഒരു വിഭാഗം ആളുകളുണ്ടെന്ന് മനസ്സിലായി. അവർ ഭയന്ന് നിശ്ശബ്ദരായിരിക്കുകയായിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധി അവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയിരിക്കുന്നു. രൂക്ഷമായ വിലക്കയറ്റവും ക്ഷാമവും നിത്യജീവിതത്തെ ദുസ്സഹമാക്കിയതോടെ അവരിൽ ബഹുഭൂരിപക്ഷവും വംശവെറിയുപേക്ഷിച്ച് സാധാരണ മനുഷ്യരായിരിക്കുന്നു. അവരാണ് ഇപ്പോൾ പ്രസിഡന്റ് രാജിവെച്ച് പുറത്തു പോകണമെന്നാവശ്യപ്പെട്ട്  Gota GoHome!  എന്ന സമാധാനപരമായ പ്രതിഷേധവുമായി ഗോൾ ഫേസിലും രാജ്യത്തെ മറ്റു പട്ടണങ്ങളിലെ തെരുവുകളിലും ഇറങ്ങിയിരിക്കുന്നത്.

ശ്രീലങ്ക ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ്‌ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിദേശനാണ്യശേഖരത്തിൽ സംഭവിച്ച ഗണ്യമായ ഇടിവ് കാരണം അവശ്യസാധനങ്ങളൊന്നും ഇറക്കുമതി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പണപ്പെരുപ്പം മുപ്പത് ശതമാനത്തിലെത്തിയിരിക്കുന്നു. നിത്യോപയോഗസാധനങ്ങൾക്കും ഭക്ഷ്യവസ്തുക്കൾക്കും അതിരൂക്ഷമായ വിലക്കയറ്റവും ക്ഷാമവുമാണ്. പെട്രോൾ പമ്പുകളിലും കുക്കിങ് ഗ്യാസ് വിതരണ കേന്ദ്രങ്ങളിലും നീണ്ട ക്യൂവാണ്. ജീവൻരക്ഷാ മരുന്നുകൾ പോലും കിട്ടാനില്ല. മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിൽ അത്യാവശ്യ സർജറികൾപോലും മാറ്റിവെക്കേണ്ടി വരുന്നു. ദിവസത്തിൽ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ പവർ കട്ടാണ്. കടലാസിന്റെ ക്ഷാമം കാരണം സ്‌കൂൾ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പൊറുതി മുട്ടിയ ജനങ്ങൾ GotaGoHome! മുദ്രാവാക്യവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.  

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഏഷ്യയിൽ ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു ശ്രീലങ്ക. ഏഴരപ്പതിറ്റാണ്ട്‌ പിന്നിട്ടപ്പോൾ ചൈനയും സിംഗപ്പൂരും ദക്ഷിണ കൊറിയയും മലേഷ്യയുമൊക്കെ ശ്രീലങ്കയെ പിന്നിലാക്കി ബഹുദൂരം മുന്നോട്ടു പോയെങ്കിലും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്‌സുകൾ ഉൾപ്പെടെ പ്രധാനപ്പെട്ട പല സൂചികകളിലും തുടർന്നും ശ്രീലങ്കയ്‌ക്ക് മോശമല്ലാത്ത സ്ഥാനം നിലനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ കാൽനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തരയുദ്ധം

പ്രഭാകരൻ

പ്രഭാകരൻ

ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. തമിഴ് വിമോചനപ്പുലികളുടെ ആക്രമണങ്ങൾ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. രാജ്യത്തിന്റെ ബജറ്റിൽ മിലിട്ടറിക്കുവേണ്ടി വലിയൊരു വിഹിതം മാറ്റിവെക്കേണ്ടി വന്നു.

ഭരണകൂടത്തിന്റെ ശ്രദ്ധ പൂർണമായും വിഘടനവാദത്തെ നേരിടുന്നതിലായി. സ്വാഭാവികമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോളുണ്ടായിരുന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ നിലനിർത്താൻ പോലുമോ കഴിയാതെയായി. അപ്പോഴും ടൂറിസം, തേയിലക്കയറ്റുമതി, പ്രവാസികൾ അയയ്‌ക്കുന്ന വിദേശനാണ്യം എന്നിവയിലൂടെ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാതെ ശ്രീലങ്കയ്‌ക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ 2005 ൽ മഹീന്ദ രജപക്‌സെ പ്രസിഡന്റ് പദത്തിലെത്തിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

രാജ്യത്തെ തമിഴ് വിഘടനവാദികളുടെ ഭീകരപ്രവർത്തനങ്ങളിൽ നിന്ന് എന്നെന്നേക്കു മായി മോചിപ്പിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മഹീന്ദ രജപക്‌സെ,

മഹീന്ദ രജപക്‌സെ

മഹീന്ദ രജപക്‌സെ

ഇത്തരം സൈനിക ഓപ്പറേഷനുകളിൽ പുലർത്തേണ്ട എല്ലാ മാനുഷിക പരിഗണനകളും ഉപേക്ഷിച്ച്, ഒരു ലക്ഷത്തോളം നിരപരാധികളെ കൊലയ്‌ക്കുകൊടുത്തും മൂന്ന് ലക്ഷത്തോളം പേരെ നിത്യദുരിതത്തിലാഴ്‌ത്തിയുമാണ് തന്റെ ലക്ഷ്യം നിറവേറ്റിയത്. കണക്കറ്റ പണവും അതിനായി ചെലവഴിച്ചു. അന്ന് എല്ലാ ഉപദേശവും നൽകി കൂട്ടു നിന്നത് ഡിഫൻസ് സെക്രട്ടറിയായ റിട്ടയേർഡ് ലെഫ്. കേണൽ ഗോതബായ രജപക്‌സെയായിരുന്നു. അദ്ദേഹമാണ് ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയും.

ആഭ്യന്തരയുദ്ധം വിജയിച്ചെങ്കിലും മഹീന്ദരജപക്‌സെക്കും സർക്കാരിനുമെതിരെ ഗുരുതരമായ യുദ്ധക്കുറ്റാരോപണങ്ങൾ

ഗോതബായ രജപക്‌സെ

ഗോതബായ രജപക്‌സെ

ഉയർന്നുവന്നു. തമിഴ്പുലികളുടെ പ്രവർത്തന ചരിത്രം അതിലും ഹിംസാത്മകമായതുകൊണ്ട് മാത്രമാണ് മഹീന്ദയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്ക് ആഗോളതലത്തിൽ വലിയ പിന്തുണ ലഭിക്കാതെ പോയത്. എല്ലാ യുദ്ധങ്ങളേയും പോലെ കാൽനൂറ്റാണ്ട് നീണ്ടു നിന്ന ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഗുരുതരമായ പരിക്കുകളേൽപ്പിച്ചു. 

യുദ്ധം ജയിക്കുന്നതു പോ ലെ മിലട്ടറി ബുദ്ധിയുപയോഗിച്ച് നടപ്പാക്കാൻ കഴിയുന്ന കാര്യമല്ല രാഷ്ട്രത്തിന്റെ പുനർനിർമാണം. ലോകത്തിൽ ഏത് രാജ്യത്തായാലും യുദ്ധാനന്തര പുനർനിർമാണം വൻശക്തികൾക്ക് വലിയ താൽപ്പര്യമുള്ള വിഷയമാണ്. അവരും അവരുടെ മൾട്ടി നാഷണൽ കമ്പനികളും വലിയ ഓഫറുകളുമായി വരും. എത്ര വേണമെങ്കിലും വായ്‌പയും തരും. വായ്‌പകൾക്ക് കാണാവുന്നതും അല്ലാത്തതുമായ നിരവധി ചരടുകളുണ്ടാകും.

അവരുമായി ഇടപെടുമ്പോൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത കടക്കെണിയിൽപ്പെട്ടുപോകും. മഹീന്ദ രജപക്‌സെയും സംഘവും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് മാത്രമല്ല അവയിൽ നിന്ന് പ്രസിഡന്റിനും കുടുംബത്തിനും പരമാവധി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹംബകൊട്ടെ തുറമുഖം ഉൾപ്പെടെയുള്ള വലിയ ഇൻഫ്രാട്രക്ചർ പ്രൊജക്ടുകളിലേക്ക് ചൈനയുടെ സാമ്പത്തികസഹായത്തോടെ എടുത്തുചാടി. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്ന ആ പ്രൊജക്ടുകൾ പിന്നീട് വലിയ ബാധ്യതയായി മാറി. ഇക്കാര്യങ്ങളെല്ലാം മഹീന്ദ രജപക്‌സെ പ്രസിഡന്റായിരുന്ന 2005 ‐ 2010 കാലഘട്ടത്തിലാണ് നടന്നത്.  

ആഭ്യന്തരയുദ്ധം കാരണം തകർന്നുപോയ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉൽപ്പാദന രംഗവുമായി ബന്ധപ്പെടുത്തി പുനഃരുജ്ജീവിപ്പിക്കുന്നതിൽ മഹീന്ദ രജപക്‌സെ സർക്കാരിന് കൃത്യമായൊരു പദ്ധതിയുണ്ടായിരുന്നില്ല. ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ക്ഷീരോൽപ്പാദന മേഖലയിൽപ്പോലും ഇറക്കുമതി കുത്തകകളുടെ താൽപ്പര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.

ബംഗ്ലാദേശിലെപ്പോലെ വലിയ സാധ്യതകളുണ്ടായിരുന്ന ഫാർമസ്യൂട്ടിക്കൽസിലും വസ്ത്രനിർമാണ രംഗത്തും വേണ്ടത്ര ഊന്നൽ നൽകിയതുമില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരെ ഉപയോഗിച്ച് ഐ ടി രംഗത്തും ശ്രീലങ്കയ്‌ക്ക് വലിയ  സാധ്യതയുണ്ടായിരുന്നു. എന്നാൽ ടൂറിസത്തിൽ മാത്രമാണ് മഹീന്ദ കാര്യമായി ശ്രദ്ധിച്ചത്. അതിലൂടെ വലിയതോതിൽ വിദേശനാണ്യം നേടാമെന്നും സമ്പദ്‌വ്യവസ്ഥയെ ബലപ്പെടുത്താമെന്നും അദ്ദേഹം വിശ്വസിച്ചു. 2013 ൽ കൊളംബിൽ വെച്ച് നടന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ശ്രീലങ്ക ഫ്യൂച്ചർ ഡെസ്റ്റിനേഷൻ എന്ന സെഷനിൽ കീ നോട്ട് അഡ്രസ്സ് ചെയ്യാൻ മഹീന്ദ ക്ഷണിച്ചത് ക്രൗൺ കാസിനോ ഗ്രൂപ്പിന്റെ തലവനായ ജെയിംസ് പാക്കറെയാണ്.

ജെയിംസ്‌ പാക്കർ

ജെയിംസ്‌ പാക്കർ

ആദ്യമായി വൺ ഡേ ക്രിക്കറ്റ് തുടങ്ങിയ കെറി പാക്കറുടെ മകനാണ് ജെയിംസ് പാക്കർ. തന്റെ പ്രഭാഷണത്തിലുടനീളം കൊളംബോയെ എങ്ങനെ മക്കാവു പോലെയൊരു ഗാംബ്ലിങ്‌ കേന്ദ്രമാക്കി മാറ്റാമെന്നും അതാണ് ശ്രീലങ്കയുടെ വികസന സാധ്യതയെന്നുമാണ് പാക്കർ പറഞ്ഞത്. പാക്കറുടെ ക്രൗൺ ഗ്രൂപ്പിന് കൊളംബോവിൽ കാസിനോ തുടങ്ങാൻ മഹീന്ദ അനുമതി നൽകുകയും ചെയ്തു. 2015 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ പരാജയപ്പെട്ടപ്പോൾ അധികാരത്തിൽ വന്ന സിരിസേന ആ ലൈസൻസ് റദ്ദാക്കുകയായിരുന്നു. മഹീന്ദ രജപക്‌സെയുടെ അനുജനും ധനകാര്യമന്ത്രിയുമായിരുന്ന ബേസിൽ രജപക്‌സെയുടെ ബുദ്ധിയാണതിന് പിന്നിൽ പ്രവർത്തിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള രജപക്‌സെ സഹോദരന്മാരുടെ സങ്കൽപ്പം അങ്ങനെയായിരുന്നു. 

 മഹീന്ദ രജപക്‌സെ 2015 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുണ്ടായ പ്രധാന കാരണം പൊതുവെ കരുതുന്നതുപോലെ ആഭ്യന്തരയുദ്ധത്തിൽ നടത്തിയ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളല്ല. ഭരണത്തിലെ സ്വജനപക്ഷപാതവും അഴിമതിയുമായിരുന്നു. രജപക്‌സെ കുടുംബത്തിലെ 39 പേർ അധികാരത്തിന്റെ വിവിധ തട്ടുകളിലുണ്ടായിരുന്നു. അവരിൽ പലരും തങ്ങളുടെ മേഖലകളിൽ വേണ്ടത്ര യോഗ്യതയുള്ളവരോ കഴിവു തെളിയിച്ചിട്ടുള്ളവരോ പക്വതയോടെ വകുപ്പുകൾ കൈകാര്യം ചെയ്യാൻ പറ്റുന്നവരോ ആയിരുന്നില്ല.

ബേസിൽ  രജപക്‌സെ

ബേസിൽ രജപക്‌സെ

ഗോതബായ തന്നെ ദീർഘവീക്ഷണമില്ലാത്ത എടുത്തു ചാട്ടക്കാരനായിരുന്നു. ധനകാര്യ മന്ത്രി ബേസിൽ രജപക്‌സെ കടുത്ത അഴിമതിക്കാരനും വേണ്ടത്ര ഉത്തരവാദിത്തബോധത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തയാളുമായിരുന്നു. താൻ ഒപ്പുവയ്‌ക്കുന്ന ഓരോ ബില്ലിനും പത്ത് ശതമാനം കമ്മീഷൻ വാങ്ങിയത് കാരണം അദ്ദേഹം മിസ്റ്റർ ടെൻ പെർസെന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ഗോതയും ബേസിലും യു എസ്‌ പൗരത്വമുള്ളവരായിരുന്നു. 2019ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമ്പോളാണ് ഗോത യു എസ് പൗരത്വം ഉപേക്ഷിക്കുന്നത്.  ഇവർക്ക് താഴെയുള്ള ഓരോ രജപക്‌സെ കുടുംബക്കാരനും അവരവരുടെ സ്ഥാനത്തിരുന്ന് അഴിമതിയും സ്വജനപക്ഷപാതവുമാണ് നടത്തിയത്. രാജ്യത്തെ ബജറ്റിന്റെ 70 ശതമാനവും അങ്ങനെ ഒരു കുടുംബത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് സ്വന്തം പാർടിയിലുള്ളവർ സിരിസേനയുടെ നേതൃത്വത്തിൽ പുറത്തുപോയതാണ് 2015 ലെ തെരഞ്ഞെടുപ്പിൽ മഹീന്ദ രജപക്‌സെ പരാജയപ്പെടാൻ കാരണം.

കുറച്ചുകാലം പുറത്തുനിൽക്കേണ്ടി വന്നെങ്കിലും ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അസാമാന്യ മാനിപ്പുലേറ്റീവ് സ്കിൽസുള്ള മഹീന്ദ രജപക്‌സെ 2019 ൽ പ്രധാനമന്ത്രിയായും ഗോതബായ പ്രസിഡന്റായും അധികാരത്തിലേക്ക് തിരികെയെത്തി.

സിരിസേന

സിരിസേന

2015ലെ പത്തൊമ്പതാം ഭരണഘടനാ ഭേദഗതി പ്രകാരം ഒരു പൗരന് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനം വഹിക്കാൻ പാടില്ലാത്തതുകൊണ്ട് മാത്രം മഹീന്ദ ആ സ്ഥാനത്തേക്ക് സഹോദരനായ ഗോതബായയെ കൊണ്ടുവരികയായിരുന്നു. പക്ഷേ പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷമുള്ള ഗോതയുടെ പ്രവർത്തനങ്ങൾ വലിയ പ്രശ്നങ്ങളാണ് ക്ഷണിച്ചുവരുത്തിയത്.

2019 ൽ പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് ശേഷം ഗോതബായ രജപക്‌സെ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പോപ്പുലിസ്റ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. VATപതിനഞ്ച് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറച്ചതിന് പുറമേ കോർപ്പറേറ്റ് ടാക്‌സുൾപ്പെടെ മറ്റ് നികുതികളെല്ലാം ഗണ്യമായി കുറച്ചു. ഇതുകാരണം സർക്കാരിന്റെ നികുതി വരുമാനം കുറഞ്ഞത് പരിഹരിക്കാൻ  വലിയതോതിൽ കറൻസി പ്രിന്റ് ചെയ്തിറക്കി. ധനകാര്യമന്ത്രി ബേസിൽ രജപക്‌സെയും സെൻട്രൽ ബാങ്ക് ഗവർണർ അജിത് കബ്രാളും ഇതിനെല്ലാം കൂട്ടുനിന്നു. ഇതിനോടൊപ്പം നടപ്പാക്കിയ നിർബന്ധിത ജൈവകൃഷിയും കാര്യങ്ങൾ കൂടുതൽ വഷളാക്കി. രാസവള ഇറക്കുമതിക്ക് ചെലവാകുന്ന വിദേശനാണ്യം ലാഭിക്കാൻ വേണ്ടിയായിരുന്നു നിർബന്ധിത ജൈവ കൃഷി നടപ്പാക്കിയത്. അരിയുൾപ്പെടെ ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനത്തിൽ വലിയ ഇടിവു വന്നതോടെ അത് തിരിച്ചടിച്ചു. അരിയുൾപ്പടെ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായി. പ്രധാന കയറ്റുമതി വിഭവമായ തേയിലയുടെ ഉൽപ്പാദനം പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞു.


ശ്രീലങ്കൻ പാർലമെന്റിന്‌ മുന്നിൽ പ്രതിഷേധക്കാർ കെട്ടിയ ടെന്റുകൾ

കോവിഡ് കാരണം ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ സമ്പദ്‌ വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലായി. വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. 2021 സപ്തംബറിൽ പ്രസിഡന്റ് ഗോതബായ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താൻ മിലിട്ടറിയെ ചുമതലപ്പെടുത്തി. പക്ഷേ, അതുകൊണ്ടൊന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ കൂടുതൽ വഷളാവുകയാണ് ചെയ്തത്.  

ചൈനയും ഇന്ത്യയും ബംഗ്ലാദേശുമടക്കമുള്ള അയൽരാജ്യങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് ഗോതബായ കരുതിയത്. ഇന്ത്യയും ബംഗ്ലാദേശും കറൻസി സ്വാപ്പിലൂടെയും ഭക്ഷ്യവസ്തുക്കളും മരുന്നുകളും അയച്ചുകൊടുത്തും സഹായിക്കുന്നുമുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് വലിയ സഹായമൊന്നും ലഭിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ ഇത്തരം ചെറിയ സഹായങ്ങൾകൊണ്ടൊ ന്നും രക്ഷപ്പെടാവുന്ന അവസ്ഥയിലല്ല ശ്രീലങ്ക. സ്വാഭാവികമായും പന്ത് അന്താരാഷ്ട്ര നാണയ നിധിയുടെ കോർട്ടിൽ തന്നെയെത്തി. വിശദമായ ചർച്ചകൾക്ക് ശേഷം ശ്രീലങ്കയെ രക്ഷിക്കാനുള്ള ഒരു പ്ലാൻ ഐഎംഎഫ്‌  അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സർക്കാരിന് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൾ സ്വീകരിക്കേണ്ടി വരും. അത് ജനജീവിതത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

‘നോമോർ ടിയേഴ്‌സ്‌ സിസ്റ്റർ’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌

‘നോമോർ ടിയേഴ്‌സ്‌ സിസ്റ്റർ’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്‌

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ മഹീന്ദ രജപക്‌സെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവെച്ചിരിക്കുകയാണ്. സെൻട്രൽ ബാങ്ക് ഗവർണറും സ്ഥാനമൊഴിഞ്ഞു. പക്ഷേ പ്രധാനമന്ത്രി സ്ഥാനത്ത് മഹീന്ദ രജപക്‌സെ തുടരുകയാണ്. എല്ലാ പാർടികളുടേയും പ്രതിനിധികളെയുൾപ്പെടുത്തി ഒരു ഇടക്കാല സർക്കാർ രൂപീകരിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാൽ ഈ പ്രശ്നങ്ങൾക്ക് കാരണക്കാരനായ മഹീന്ദ രജപക്‌സെയുടെ കീഴിൽ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർടികൾ തയ്യാറാകുന്നില്ല. മഹീന്ദ രജപക്‌സെ താൻ യാതൊരു കാരണവശാലും രാജിവെക്കില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഗോതബായ അദ്ദേഹത്തെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് പ്രശ്നം പരിഹരിക്കാമോയെന്ന് ശ്രമിക്കുകയാണ്.

ശ്രീലങ്കൻ പതാകയുമായി പ്രതിഷേധിക്കുന്ന ഒരു കുടുംബം

ശ്രീലങ്കൻ പതാകയുമായി പ്രതിഷേധിക്കുന്ന ഒരു കുടുംബം

ശ്രീലങ്കയിൽ, സാമ്പത്തിക പ്രതിസന്ധി എങ്ങിനെ മറികടക്കുമെന്നതിനേക്കാൾ പ്രാധാന്യത്തോടെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഇപ്പോൾ അധികാരത്തിൽ നിന്ന് പുറത്തുപോയാൽ കനത്ത വില നൽകേണ്ടി വരുമെന്ന് അറിയാവുന്ന മഹീന്ദയും ഗോതബായയും എങ്ങനെയും പിടിച്ചു നിൽക്കാനുള്ള അവസാന ശ്രമങ്ങളിലാണ്. ഈ പശ്ചാത്തലത്തിലാണ് ഗോൾ ഫേസിൽ നടക്കുന്ന പ്രതിഷേധസമരങ്ങളെ നമ്മൾ കാണേണ്ടത്.

വളരെ വ്യത്യസ്തമായൊരു പ്രതിഷേധ സമരമാണ് ഇപ്പോൾ ഗോൾ ഫേസ് ഗ്രീനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർടിയുടെ നേതൃത്വത്തിലല്ല. Gota Go Home! എന്ന ഒറ്റ മുദ്രാവാക്യമാണ് അവിടെ മുഴങ്ങിക്കേൾക്കുന്നത്.

ബുദ്ധഭിക്ഷുക്കളുടെ പ്രതിഷേധം

ബുദ്ധഭിക്ഷുക്കളുടെ പ്രതിഷേധം

സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ജീവിതം ദുസ്സഹമായ സമൂഹത്തിന്റെ സമസ്ത മേഖലകളിലുമുൾപ്പെട്ട മനുഷ്യരാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി കടപ്പുറത്തേക്ക് ഒഴുകിയെത്തുന്നത്.

നന്ദ മാലിനി

നന്ദ മാലിനി

അതിൽ വിദ്യാർഥികളും അധ്യാപകരും ഐ ടി പ്രൊഫഷണലുകളും തെരുവു കച്ചവടക്കാരും മുതൽ ബുദ്ധസന്യാസിമാർ വരെയുണ്ട്. പലരും കുടുംബമായി കൊച്ചുകുട്ടികളെയും കൂടെക്കൂട്ടിയാണ് അവിടേക്ക് വരുന്നത്. നൃത്തവും സംഗീതവും നാടകവുമെല്ലാം അവിടെ അരങ്ങേറുന്നുണ്ട്. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഗൗരവമായ ചർച്ചകളും നടക്കുന്നുണ്ട്. അതിൽ നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരായ പ്രൊഫഷണലുകളുടെ സജീവ സാന്നിധ്യമുണ്ട്. അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ നേതാക്കന്മാർക്ക് തങ്ങളുടെ രാജ്യത്തെ വിട്ടുകൊടുക്കാൻ പറ്റില്ലെന്ന് അവർ ഉറപ്പിച്ച് പറയുന്നത് കേൾക്കാം. ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഗോൾ ഫേസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് The Reign  പോലെ ചില ഡോക്യുമെന്ററികളും പുറത്തുവന്നിട്ടുണ്ട്.

ഗോൾ ഫേസ് പ്രതിഷേധത്തിന് ഓരോ ദിവസം കഴിയുന്തോറും ജനപിന്തുണ വർധിക്കുകയാണ്. സിംഹള, തമിഴ്, മുസ്ലീം എന്നീ വംശീയ വ്യത്യാസങ്ങളില്ലാതെ, എല്ലാവരും ദേശീയ പതാകയുമായി ഞാൻ ശ്രീലങ്കനാണെന്ന് പറഞ്ഞാണ് പ്രതിഷേധത്തിനെത്തുന്നത്. അവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാൻ സന്നദ്ധ സംഘ ടനകളുണ്ട്. വായിക്കേണ്ടവർക്ക് പുസ്തകങ്ങളുമായി ഒരു ലൈബ്രറി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്. ശ്രീലങ്കയിലെ പ്രശസ്തരായ സംഗീതജ്ഞരും കലാകാരന്മാരും കായിക

 സനത് ജയസൂര്യ

സനത് ജയസൂര്യ

താരങ്ങളുമെല്ലാം അതിൽ പങ്കെടുക്കുന്നുണ്ട്. പ്രശസ്ത ഗായിക നന്ദ മാലിനിയും ക്രിക്കറ്റ് താരം സനത് ജയസൂര്യയുമടക്കം സെലിബ്രിറ്റികളുടെ വലിയൊരു നിരയും ഗോൾ ഫേസിലേക്കെത്തിയിരുന്നു. ശ്രീലങ്കയിലേയും വിദേശത്തേയും മാധ്യമപ്രവർത്തകർ അതെല്ലാം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടുണീഷ്യയിലും ഈജിപ്തിലും മുല്ലപ്പൂവിപ്ലവകാലത്ത് നടന്ന സമരങ്ങളുമായി പല കാര്യങ്ങളിലും ഗോൾ ഫേസ് പ്രതിഷേധത്തിന് സാദ്യശ്യമുണ്ട്. ഹോസ്‌നി മുബാറക്കിനെതിരെ കിഫായ ( Enough!) എന്ന മുദ്രാവാക്യമായിരുന്നെങ്കിൽ ഇവിടെ Got aGo Home! എന്നാണെന്ന വ്യത്യാസമേയുള്ളൂ.

 സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മഹീന്ദ രജപക്‌സെക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സെയെ  ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങളും അതോടൊപ്പം നടക്കുന്നുണ്ട്. ഭരണകക്ഷിയിലെ കുറെ എംപിമാർ തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. എന്നാൽ തന്ത്രശാലികളായ രജപക്‌സെ സഹോദരന്മാരെ അധികാരത്തിൽ നിന്ന് പുറത്താക്കുക അത്ര എളുപ്പമല്ല. പ്രതിഷേധക്കാർ തീവ്രവാദികളും അനാർക്കിസ്റ്റുകളുമാണെന്ന് മഹീന്ദ പരോക്ഷമായി ആരോപണമുന്നയിച്ചിട്ടുണ്ട്.

സജിത് പ്രേമദാസ

സജിത് പ്രേമദാസ

ഐഎംഎഫിന്റെ സഹായത്തിലൂടെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് നേരിയൊരു അയവുവന്നാൽ മഹീന്ദയും ഗോതയും ചേർന്ന് പ്രതിഷേധക്കാരെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. നിരപരാധികൾ കൊല്ലപ്പെടുന്നതിൽ യാതൊരു മനപ്രയാസവുമില്ലാത്ത ഭരണാധികാരികളാണ് അവർ രണ്ടുപേരുമെന്ന് തമിഴ്പുലികൾക്കെതിരെയുള്ള നടപടിയിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ.

 ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’യുടെ ഇംഗ്ലീഷ് പരിഭാഷ 2019 ൽ ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചത് ശ്രീലങ്കയിൽ നിന്നായിരുന്നു. അവരിൽ ഹഷിത അഭയവർധനയെന്ന ആക്ടിവിസ്റ്റ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു ‘Rajapaksas wont go that easly. You know them- as exactly depicted in Anadal Devanayaki’.


(ദേശാഭിമാനി വാരികയിൽ നിന്ന്)

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive