Saturday, March 12, 2022

പി ജെ ആന്റണി: ആജന്മ നിഷേധിയായ അഭിനയ പ്രതിഭ


പൊരുത്തപ്പെടലിന്റെ ഭാഷ വശമില്ലാതിരുന്ന നിഷേധിയായ കലാകാരന്‍ ; ആ വിയോഗത്തിന് മാര്‍ച്ച് 14ന് 43 വര്‍ഷം തികയുന്നു. അനുവാചകരിൽ എന്നും ധീരമായ ഓർമ്മപ്പെടുത്തൽ; വിട്ടുവീഴ്ചയില്ലാത്ത തന്റെ കലയെ സമൂഹമാറ്റത്തിനുവേണ്ടി പ്രതിഫലിപ്പിച്ച പിജെ എന്ന പ്രതിഭാശാലിയുടെ സൃഷ്ടികള്‍ക്ക് ഇന്നും പ്രസക്തിയേറെ...

ബൈജു ചന്ദ്രന്‍ എഴുതുന്നു

ഇൻക്വിലാബിന്റെ മകൻ

തടിച്ച പുരികങ്ങളുടെ താഴെ തീ പാറുന്ന ചെമ്പൻ കണ്ണുകൾ. അന്തരീക്ഷത്തിലേക്ക് അത്യാവേശത്തോടെ ആഞ്ഞു വീശുന്ന ചുരുട്ടിയ മുഷ്ടി.പാർട്ടിപ്രകടനങ്ങളുടെയും സമരവേദികളുടെയും മുൻ നിരയിൽ നിന്നുകൊണ്ട് ആ ചെറുപ്പക്കാരൻ മുദ്രാവാക്യം മുഴക്കുന്നതുപോലെ അലറിപ്പാടി.

'കാട്ടാളന്മാർ നാടു ഭരിച്ചീ
നാട്ടിൽ തീമഴ പെയ്യുമ്പോൾ
പട്ടാളത്തെ പുല്ലായ്‌ കരുതിയ
മട്ടാഞ്ചേരി മറക്കാമോ?'

വീർപ്പടക്കിക്കൊണ്ട് പാട്ടുകേട്ടു നിൽക്കുന്ന ജനക്കൂട്ടം, പാട്ടു തീരുമ്പോൾ ദിഗന്തങ്ങൾ പൊട്ടുമാറ് ഉച്ചത്തിൽ വിളിക്കും.

'ഇൻക്വിലാബ് സിന്ദാബാദ്!'
'കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്!'

അത് 'ഇൻക്വിലാബിന്റെ മക്കൾ' എഴുതിയ പി ജെ ആന്റണിയായിരുന്നു. മലയാളസിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ.....മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന പച്ചമനുഷ്യര്‍ നടുനായകത്വം വഹിച്ചിരുന്ന ഒരു കാലം,ഒരിക്കൽ മലയാള സിനിമയ്ക്കുണ്ടായിരുന്നു. ധീരോദാത്തരും അതിപ്രതാപവാന്മാരുമായ നായകന്മാരുടെ മേല്‍ക്കോയ്മയെയും താരപരിവേഷത്തെയും നിസാരമായി മറികടന്നുകൊണ്ട്,അന്നാ സാധാരണ മനുഷ്യര്‍ അരങ്ങുപിടിച്ചടക്കി. അന്നാളുകളിലെ നായകന്മാരാകട്ടെ, തങ്ങളുടെ താരത്തിളക്കത്തിന് മങ്ങലേല്‍ക്കുന്നുണ്ടോ എന്ന ആശങ്കയോ ഭയമോ ലവലേശമില്ലാതെ,വെറും അകമ്പടിക്കാരുടെ വേഷം കെട്ടാന്‍ പൂര്‍ണ്ണമനസ്സോടെ  സന്നദ്ധരാകുകയും ചെയ്തു. അങ്ങനെയാണ് മലയാള സിനിമയ്ക്ക് നായകന്മാരായി ഒരു കുഞ്ഞേനാച്ചനേയും ഒരു ഡീസന്റ് ശങ്കരപ്പിള്ളയേയും ഒരു വെളിച്ചപ്പാടിനേയും ലഭിച്ചത്.

പി ജെ ആന്റണി

പി ജെ ആന്റണി

സത്യനും പ്രേംനസീറും മധുവും നിറഞ്ഞുനിന്നിരുന്ന ആ നാളുകളിൽ ആ താരനായകന്മാരല്ല, നേരത്തെ പറഞ്ഞ കഥാപാത്രങ്ങളെ അനശ്വരരാക്കിയ കൊട്ടാരക്കരയും, തിക്കുറിശ്ശിയും പി.ജെ. ആന്റണിയുമാണ് മികച്ച അഭിനേതാവിന്റെ പട്ടം നേടിയത് എന്നോർമ്മിക്കാം.

അരങ്ങത്തും അഭ്രപാളികളിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച മഹാരഥന്മാര്‍ വളരെക്കുറച്ചുപേര്‍ മാത്രം. എന്നാൽ  മലയാള സിനിമയുടെ പഴയകാല നടന്മാര്‍ ഏതാണ്ടെല്ലാവരും തന്നെ സ്റ്റേജിലും പയറ്റിതെളിഞ്ഞവരായിരുന്നു. അഭ്രലോകത്തിന്റെ മായാപ്രപഞ്ചത്തില്‍  നിന്ന് അവരാരും  പിന്നീടൊരിക്കലും അരങ്ങത്തേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായില്ല എന്നത് ചരിത്രത്തിലെ കൗതുകക്കാഴ്ച. പക്ഷെ അക്കൂട്ടത്തിൽ  ഒരാള്‍....ഒരാൾ മാത്രം അന്ത്യശ്വാസം വരെ നാടകം ഉപേക്ഷിച്ചുപോകാൻ ഒരുക്കമായിരുന്നില്ല. നാടകത്തെ സ്വന്തം ജീവിതത്തെക്കാള്‍ പ്രണയിച്ച,ജീവശ്വാസമായി കരുതിയ പി.ജെ. ആന്റണി ആയിരുന്നു അത്. പനക്കൂട്ടത്തില്‍  ജോസഫ് ആന്റണി എന്ന  പി.ജെ. ആന്റണി അതിന് വെറുമൊരു സിനിമാതാരം മാത്രമായിരുന്നില്ലല്ലോ. നൂറ്റിപ്പതിനഞ്ചോളം നാടകങ്ങള്‍, രണ്ടു നോവലുകള്‍, ഏഴു ചെറുകഥാ സമാഹാരങ്ങള്‍, കവിതാഗാന സമാഹാരങ്ങള്‍ എന്നിവയെഴുതിയ സാഹിത്യകാരൻ,  പ്രേക്ഷകരെ ആവേശം കൊള്ളിച്ച നാടകങ്ങളുടെ സംവിധായകൻ,പല സിനിമകളുടെയും രചനയും ഒരു ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രകാരന്‍.... അങ്ങനെ വിശാലവും വൈവിധ്യമാര്‍ന്നതുമായ ഒരു കര്‍മ്മമണ്ഡലത്തിലാണ് അവസാനശ്വാസം വരേയ്ക്കും ഒരിക്കലും വിട്ടുവീഴ്ച കാണിക്കാതെ ആന്റണി പ്രവര്‍ത്തിച്ചുപോന്നിരുന്നത്

പി.ജെ. ആന്റണി (കടപ്പാട് .keralaculture.org )

പി.ജെ. ആന്റണി (കടപ്പാട് .keralaculture.org )

സാഹസം നിറഞ്ഞ ജീവിതം

കലാജീവിതത്തിലേതിനേക്കാള്‍ ഒരുപാട് സാഹസികനായിരുന്നു വ്യക്തിജീവിതത്തിൽ ആന്റണി.  നാവികസേനയിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍  വീറോടെ പോരാടിയതും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കലാശക്കോട്ടയായി പരിണമിച്ച നാവികകലാപത്തിന്റെ മുന്‍നിരപ്പോരാളിയായതും അധികമാരും അറിയാതെപോയ ചരിത്രം. യുദ്ധവും സമരവും തടങ്കല്‍ ജീവിതവും കഴിഞ്ഞ് പട്ടാളത്തില്‍ നിന്ന് പിരിച്ചുവിടപ്പെട്ടപ്പോള്‍   തിരിച്ചെത്തിയ ആന്റണിയെ വീട്ടുകാരും നാട്ടുകാരും എതിരേറ്റത് ജോലി കളഞ്ഞുകുളിച്ച മുടിയനായ പുത്രനായാണ്. പിന്നീട് വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ നാടകക്കാരനായി മാറിയപ്പോള്‍ ഈ മേല്‍വിലാസം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

ആലുവായിലെ സംസ്‌കൃതസ്‌ക്കൂളില്‍  പഠിക്കുമ്പോള്‍ അവിടുത്തെ ലത്തീന്‍ കത്തോലിക്കാ പള്ളിയിലെ 'അള്‍ത്താര ബാലന്‍' ആയിരുന്ന ആന്റണി,പിന്നീട് പള്ളിയേയും പട്ടക്കാരനേയും കടന്നാക്രമിക്കുന്ന നാടകക്കാരനായി. കമ്മ്യൂണിസം പ്രചരിപ്പിക്കാന്‍ നാടകങ്ങളെഴുതി സംവിധാനം ചെയ്ത് നാടുമുഴുവന്‍ കളിച്ചുനടന്നു.നാടകത്തിൽ ഒരുമിച്ചഭിനയിച്ച നായികയോടിഷ്ടം തോന്നിയപ്പോള്‍,കൂട്ടുകാരോടൊപ്പം ചെന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മിന്നുകെട്ടി. മദ്യത്തിന്റെ മുമ്പില്‍  മുട്ടുകുത്തിയപ്പോള്‍ പോലും മതത്തിനോടും പ്രത്യയശാസ്ത്രങ്ങളോടും താരസമ്പ്രദായത്തോടും സകല മാമൂലുകളോടും എന്നുവേണ്ട വ്യവസ്ഥാപിതമായ എന്തിനോടും കലഹിച്ചുകൊണ്ടുതന്നെ നിലകൊണ്ടു.

'കർത്താവേ,എന്തർത്തം!'

കേരളത്തെ ചുവപ്പണിയിച്ച 1950കളില്‍  തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യ്ക്കും ചെറുകാടിന്റെ 'നമ്മളൊന്നി'നും ഒപ്പം പി.ജെ. ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കളും' കൂടി ചേര്‍ന്നാണ്,കേരളത്തിൽ കമ്മ്യൂണിസത്തിന്റെ വരവിന് വഴിയൊരുക്കിയത്. കാമ്പിശ്ശേരി കരുണാകരന്‍ അനശ്വരനാക്കിയ 'കമ്മ്യൂണിസ്റ്റാക്കി'യിലെ പരമുപിള്ളയ്ക്ക്, ആന്റണി വളരെ വ്യത്യസ്തമായ ഒരു ഭാഷ്യം ചമച്ചു. കാമ്പിശ്ശേരിയും ഒ.മാധവനും അരങ്ങത്തും പിൽക്കാലത്ത് സത്യന്‍ അഭ്രപാളിയിലും ഭാവപ്പൊലിമ പകര്‍ന്ന പരമുപിള്ളയില്‍ നിന്നെല്ലാം പാടേ വേറിട്ടുനിന്ന ഒരു പാത്രസൃഷ്ടിയായിരുന്നു അത്.

'നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി'യോടൊപ്പം  ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കളും' വിലക്കുകള്‍ക്കും നിരോധനത്തിനും വിധേയമായി.നാടകത്തിലെ ''(കമ്മ്യുണിസ്റ്റ്) വിരുദ്ധ മുന്നണി അറബിക്കടലില്‍! കര്‍ത്താവേ എന്തര്‍ത്തം!'' എന്ന 'കരിങ്കാലി മത്തായിയുടെ' ആശ്ചര്യപ്രകടനം, അന്ന് നാടേറ്റെടുത്ത മുദ്രാവാക്യമായി മാറി.

ആ അരുണ നാടകകാലം

ആന്റണിയും അഡ്വ. ജെ.സി. പാത്താടാനും എൻ ഗോവിന്ദൻ കുട്ടിയും ശങ്കരാടിയുമെല്ലാം ചേർന്ന് അൻപതുകളുടെ തുടക്കത്തിൽ കൊച്ചിയിൽ തുടക്കമിട്ട പ്രതിഭാ ആര്‍ട്സ് ക്ലബ്ബും പിന്നീട്  അവിടെനിന്നു വഴിപിരിഞ്ഞു കൊണ്ട്  ആന്റണിയും പാത്താടനും ചേർന്നാരംഭിച്ച  പ്രതിഭാ തീയേറ്റേഴ്സും (പിന്നീടത് പി.ജെ. തീയേറ്റേഴ്‌സായി) എരൂര്‍ വാസുദേവിന്റെ  കെ.പി.ടി.എ(കേരളാ പ്രോഗ്രസ്സീവ് തീയേട്രിക്കൽ ആർട്ട്സ്)യും അവതരിപ്പിച്ച ആന്റണിയുടെ നാടകങ്ങള്‍ തിളയ്ക്കുന്ന

കെ പി ടി എ യുടെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന  നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും. എരൂർ വാസുദേവ്, എൻ ഗോവിന്ദൻ കുട്ടി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ബിയാട്രീസ് തുടങ്ങിയവരെ കാണാം

കെ പി ടി എ യുടെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും. എരൂർ വാസുദേവ്, എൻ ഗോവിന്ദൻ കുട്ടി, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, ബിയാട്രീസ് തുടങ്ങിയവരെ കാണാം

സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ച്ചയുള്ള രംഗാവിഷ്‌ക്കാരങ്ങളായിരുന്നു. 'ഉഴവുചാല്‍', 'മുന്തിരിച്ചാറില്‍ കുറേ കണ്ണുനീര്‍', 'കടലിരമ്പുന്നു','ദൈവവും മനുഷ്യനും', 'റൗഡി', 'നീലക്കടല്‍', കോട്ടയം ചെല്ലപ്പന്റെ ജ്യോതി തീയേറ്റേഴ്‌സിന് വേണ്ടി എഴുതിയ 'പൊതുശത്രുക്കള്‍'..... അങ്ങനെ എത്രയെത്ര നാടകങ്ങളാണ് അൻപതുകളുടെ അരങ്ങിനെ ധന്യമാക്കിയത്!

അതിനൊക്കെ വളരെമുമ്പുതന്നെ 'തെറ്റിദ്ധാരണ' എന്ന ആദ്യ നാടകത്തിന്റെ അവതരണത്തിലൂടെ, സ്റ്റേജിന്റെ ഒത്തനടുവില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന ഹാര്‍മ്മോണിസ്റ്റിനെ അണിയറയിലേക്ക് നാടുകടത്തിക്കൊണ്ട് ആന്റണി അരങ്ങ് അഴിച്ചുപണിതിരുന്നു. എഡ്ഡി മാസ്റ്റര്‍, മേരി എഡ്ഡി, ടി.എസ്. മുത്തയ്യ, പ്രേംജി, എം.എസ് നമ്പൂതിരി പരിയാനം പറ്റ, എന്‍. ഗോവിന്ദന്‍ കുട്ടി, ശങ്കരാടി, പോഞ്ഞിക്കര ഗംഗാധരന്‍,വര്‍ഗീസ് തിട്ടേല്‍, കാലയ്ക്കല്‍ കുമാരന്‍, മുകുന്ദൻ മേനോൻ,ആര്‍ട്ടിസ്റ്റ് ദാമു,ഷാഡോ ഗോപിനാഥ്, പി.കെ. ശിവദാസ്, സുരേന്ദ്രന്‍, എ.ജി. മാത്യു, ഖാന്‍, പി.കെ. മേദിനി, ബിയാട്രീസ്, വി.ടി. സുശീല, ഗായത്രി, ചേര്‍ത്തല ശ്രീമതി, കല്യാണിക്കുട്ടിയമ്മ തുടങ്ങിയ മദ്ധ്യകേരളത്തിലെ നാടക പ്രവര്‍ത്തകരുടെ  യുവത്വം തുളുമ്പുന്ന സംഘമാണ് ആ അരുണനാടകകാലത്ത് ആന്റണിയ്ക്ക് കൂട്ടായി അരങ്ങു കൊഴുപ്പിച്ചത്.

പി ജെ ആന്റണിയും കോട്ടയം ചെല്ലപ്പനും. ആന്റണിയുടെ പൊതുശത്രുക്കൾ എന്ന നാടകം അവതരിപ്പിച്ചത്ചെല്ലപ്പൻ നടത്തിയ ജ്യോതി തീയേറ്റേഴ്‌സ് ആയിരുന്നു

പി ജെ ആന്റണിയും കോട്ടയം ചെല്ലപ്പനും. ആന്റണിയുടെ പൊതുശത്രുക്കൾ എന്ന നാടകം അവതരിപ്പിച്ചത്ചെല്ലപ്പൻ നടത്തിയ ജ്യോതി തീയേറ്റേഴ്‌സ് ആയിരുന്നു


'കൊട്ടും വാദ്യവും കേള്‍ക്കണ് ദൂരെ
തെക്കേ കുന്നിന്റെ പോറകേന്ന്
തെക്കുതെക്കൊരു നാട്ടീന്ന് നിന്നെ
കെട്ടാനാള് വരണൊണ്ട്'


കാല്‍പ്പനികലാവണ്യവും നാടന്‍ തനിമയും തുടിച്ചുനില്‍ക്കുന്ന, ആന്റണിയുടെ ഈരടികള്‍, കെപിഎസിയുടെ നാടകഗാനങ്ങളോടൊപ്പം അന്ന് നാടാകെ പാടിനടന്നു.

'മട്ടാഞ്ചേരി മറക്കാമോ?'

1952 സെപ്റ്റംബർ 15 ന്  മട്ടാഞ്ചേരിയിലെ മൂന്ന് തൊഴിലാളികൾ പോലീസ് വെടിവെയ്പിൽ  രക്തസാക്ഷികളായി. ഒരു പടപ്പാട്ടിന്റെ രൂപത്തിലാണ് ആന്റണിയുടെ ഹൃദയക്ഷോഭം പുറത്തുവന്നത്.

ഇടിവണ്ടികളും,കൊലയാളികളും,
വെടിയുണ്ടകളും വന്നപ്പോൾ,
വെടിയുണ്ടകളെ പുല്ലായ്ക്കരുതും
ചുരുൾ മുഷ്ടികളങ്ങുയരുകയായ്‌'

 മട്ടാഞ്ചേരി രക്തസാക്ഷിയായ ഓടത്തെ ആന്റണിയെ നായകനാക്കി ആന്റണി എഴുതിയ 'പാർട്ടി കാർഡ്'('കടലിരമ്പുന്നു' എന്നും ഈ നാടകത്തിന് പേരുണ്ട്) 1956 ൽ,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരുകൊച്ചി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലുവാ മണപ്പുറത്ത് അവതരിപ്പിച്ചു. കെ പി എ സി,പ്രതിഭാ ആർട്ട്സ് ക്ലബ്ബ്,കേരളാ തീയേറ്റേഴ്‌സ്, കെ പി ടി എ,കേരള കലാവേദി എന്നീ പുരോഗമന നാടക സമിതികളിൽ നിന്നുള്ള പ്രശസ്ത അഭിനേതാക്കൾ ഒരുമിച്ച്‌ അരങ്ങത്ത് പ്രത്യക്ഷപ്പെട്ട അപൂർവസന്ദർഭമായിരുന്നു ആ നാടകാവതരണം.

ഒറ്റരാത്രികൊണ്ട് ഒരു നാടകം

ഇ.എം.എസ്

ഇ.എം.എസ്

സി.ജെ. തോമസിന്റെ  'വിഷവൃക്ഷ'വും ഗീഥ അവതരിപ്പിച്ച 'ഏപ്രില്‍ അഞ്ചു'മെല്ലാമായി വിമോചന സമരക്കാര്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത് ഒരു ദിവസം മുഖ്യമന്ത്രി . ആന്റണിയെ വിളിച്ചുവരുത്തി എതിര്‍പ്രചാരണത്തിനായി ഒരു നാടകമെഴുതാനാവശ്യപ്പെട്ടു.

എറണാകുളം ഗസ്റ്റ്ഹൗസിലെ രണ്ടുമുറികളിലായി നോട്ടുബുക്കുമായി ഇരുന്ന രണ്ടു സഹായികള്‍ക്ക് ഓരോ രംഗം വീതം പറഞ്ഞുകൊടുത്ത് എഴുതിച്ച ആ നാടകം നേരംവെളുത്തപ്പോള്‍ പൂര്‍ത്തിയായി. 'വിമോചനം'.കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യ്ക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ആന്റണിയുടെ പി ജെ തീയേറ്റേഴ്‌സ് നാടൊട്ടുക്ക് കളിച്ച നാടകങ്ങളിലൂടെ  വിമോചന സമരക്കാരെ കടന്നാക്രമിച്ചു.'കോൺഗ്രസ് രസായനം','ഇതു പൊളിറ്റിക്സ്','ഞങ്ങളുടെ ഭരണം വരേണമേ',തലയോടും ചെരിപ്പും'..... സമരത്തിന്റെ ആണിക്കല്ലായിരുന്ന കത്തോലിക്കാസഭയോടുള്ള ആന്റണിയുടെ പ്രതിഷേധം നാടകമെഴുത്തിൽ മാത്രമായൊതുങ്ങി നിന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശീർവാദത്തോടെ,പുരോഗമന ചിന്താഗതിക്കാരുടെ കത്തോലിക്കാ ലീഗ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയത് ആന്റണിയാണ്.അതുമാത്രമല്ല,അന്ന് തെമ്മാടിക്കുഴിയിൽ അടക്കാൻ വിധിക്കപ്പെട്ട അൽമായക്കാരുടെ ശവഘോഷയാത്രയുടെ മുന്നിൽ  നടന്നതും സഭാവസ്ത്രം ധരിച്ച പി ജെ ആന്റണിയായിരുന്നു.

അരങ്ങിൽ നിന്ന് അഭ്രലോകത്തേക്ക്

തകഴിയുടെ വിഖ്യാതമായ രണ്ടിടങ്ങഴി 1958ല്‍ മെരിലാന്റ് സുബ്രഹ്‌മണ്യം ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍,കോരന്റെ വേഷമഭിനയിക്കാൻ നീലാ പ്രൊഡക്ഷൻസിന്റെ സ്ഥിരം നായകനായ നസീറിനെ വേണ്ടെന്നു വെച്ച് പകരം കണ്ടെത്തിയത്, അന്ന് നാടകവേദിയിൽ തിളങ്ങിനിൽക്കുന്ന പി.ജെ.ആന്റണിയെ ആയിരുന്നു. സിനിമയിൽ ചാത്തനായി വേഷമിടുന്ന മുത്തയ്യയാണ് പഴയ ആത്മസുഹൃത്തിന്റെ പേര് സുബ്രഹ്മണ്യത്തിനോട് ശുപാർശ ചെയ്തത്.മിസ് കുമാരിയുടെ ചക്കി എന്ന പുലയക്കിടാത്തിയോടൊത്ത് ''തുമ്പപ്പൂ പെയ്യ്ണ പൂനിലാവേ''എന്ന പ്രണയഗാനമാലപിക്കുന്ന പൗരുഷത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ആ നായകന്‍ പ്രേക്ഷകരിലും നിരൂപകരിലും ഒരുപോലെ പ്രതീക്ഷകളുണര്‍ത്തിയിരുന്നു.

രണ്ടിടങ്ങഴി യിൽ പി ജെ ആന്റണി

രണ്ടിടങ്ങഴി യിൽ പി ജെ ആന്റണി

പക്ഷെ സിനിമയുടെ വഴക്കങ്ങൾ പലതും തനിക്ക് വഴങ്ങില്ലെന്നു കണ്ട് അരങ്ങത്തേക്ക് തന്നെ മടങ്ങിപ്പോയ ആന്റണി പിന്നീട് 1961 ൽ തോപ്പില്‍ ഭാസിയുടെ 'മുടിയനായ പുത്രന്‍'  ചന്ദ്രതാര ചലച്ചിത്രമാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് വീണ്ടുമെത്തുന്നത്. സത്യന്റെ രാജന്‍ എന്ന തെമ്മാടിയായ നായകകഥാപാത്രത്തിന്റെ ഉറ്റ ചങ്ങാതിയും ഉറച്ച തൊഴിലാളിപ്രവര്‍ത്തകനുമായ വാസുവായി ആന്റണി വേഷമിട്ടപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ ആദ്യത്തെ ഒത്തുചേരലായി മാറി അത്.

തുടര്‍ന്ന് 'കാല്‍പാടുകള്‍', 'അമ്മയെക്കാണാന്‍', 'നിണമണിഞ്ഞ കാല്‍പാടുകള്‍'തുടങ്ങിയ ചിത്രങ്ങളില്‍  ശ്രദ്ധേയമായ ചില വേഷങ്ങള്‍. തന്നെക്കാള്‍ പന്ത്രണ്ടുവയസ്സിന് മൂപ്പുള്ള സത്യന്റെ പിതാവായ കറിയാച്ചന്‍ എന്ന വയോവൃദ്ധന്റെ വേഷത്തില്‍  'ആദ്യകിരണങ്ങളി'ല്‍ (1964) ആന്റണി എത്തിയപ്പോള്‍ വീണ്ടുമൊരു മത്സരാഭിനയത്തിന് കളമൊരുങ്ങി. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ 'തച്ചോളി ഒതേനനി'ല്‍, ഒതേനനും കതിരൂര്‍ ഗുരുക്കളും തമ്മിലുള്ള പൊയ്ത്ത് ആ രണ്ടു വലിയ നടന്മാരുടെ നടനവൈഭവത്തിന്റെ ഏറ്റുമുട്ടല്‍  കൂടിയായി.

പ്രേതകഥയിലെ പേടിപ്പിക്കുന്ന വില്ലൻ

എന്നാല്‍ പി.ജെ. ആന്റണി എന്ന നടന് പ്രേക്ഷകമനസ്സുകളില്‍  സ്ഥിരമായ ഒരിടം നേടിക്കൊടുത്ത പെര്‍ഫോര്‍മന്‍സ് ഉണ്ടാകുന്നത് തൊട്ടടുത്ത വര്‍ഷമാണ്. ബഷീറിന്റെ ഭാര്‍ഗ്ഗവിക്കുട്ടിയെയും സാഹിത്യകാരനെയും ശശികുമാര്‍ എന്ന കാമുകനെയും പോലെ തന്നെ ചിരസ്മരണീയനായിത്തീര്‍ന്ന എം.എന്‍. എന്ന വില്ലനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ സിനിക് മാതൃഭൂമിയിലിങ്ങനെ യെഴുതി.

'ആ പൂച്ചക്കണ്ണും കൊമ്പന്‍മീശയും അസുന്ദരമായ മുഖവും സ്വാര്‍ത്ഥിയായ ആ കൊലപാതകിയുടെ രൂപം ഗര്‍ഹണിയമാക്കാന്‍ ധാരാളം പോരും.'
ആന്റണിയുടെ പരുക്കൻശബ്ദവും ജ്വലിക്കുന്ന കണ്ണുകളും വില്ലനിസത്തിന് പുതിയൊരു മാനം നല്‍കി.

'ഭാര്‍ഗ്ഗവീനിലയ'ത്തിന്റെ ക്ലൈമാക്‌സിലുള്ള കിണറ്റിന്‍കരയിൽ നടക്കുന്ന ആ ജീവന്മരണ പ്പോരാട്ടത്തിനിടയിൽ മനസ്സിനെയും ശരീരത്തെയും കഥാപാത്രം ആവേശിച്ച ഒരു നിമിഷത്തില്‍, അവിടെക്കിടന്ന  വലിയ കല്ലില്‍ ആന്റണിയുടെ നട്ടെല്ല് ചെന്നിടിച്ചു. അഭിനയം അക്രമാസക്തമായ ആ നിമിഷം ആന്റണിക്ക് സമ്മാനിച്ചത്, ആജീവനാന്തം കൂടെക്കൊണ്ടു നടക്കാനായി, അതിതീവ്രമായ  നടുവേദനയായിരുന്നു.

എം ടിയുടെ പ്രിയപ്പെട്ട നടൻ

പങ്കജ് മല്ലിക്കിന്റെ പ്രസിദ്ധമായ 'ഗുസര്‍ഗയാ വോ സമാനാ കൈസാ കൈസാ', ഒരു സുഹൃദ്‌സംഗമത്തിനിടയില്‍  സ്വയംമറന്നു പാടുന്ന പഴയ നാടകനടനെ ആദ്യമായി കണ്ട നിമിഷം എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിക്കുന്നുണ്ട്. അന്ന് പാലക്കാട്  വിക്‌ടോറിയ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന എം.ടിയെ ജ്യേഷ്ഠനാണ് നാടകം കളിക്കാന്‍ തിരുനാവായായിലെത്തിയ സുഹൃത്ത് പി.ജെ. ആന്റണിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്.

'പിന്നീട് ആന്റണിയുമായി അടുത്തിടപഴകുന്നത് 'മുറപ്പെണ്ണി'ന്റെ സമയത്താണ്. ആന്റണി മദ്രാസിലേയ്ക്ക് താമസം മാറ്റിയിരുന്നു. സിനിമയില്‍ പേരുള്ള നടനായി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ പലപ്പോഴും കണ്ടു. പക്ഷേ തനിച്ചാവുമ്പോള്‍ സിനിമയിലെ അസംതൃപ്തികള്‍ ആന്റണി പ്രകടിപ്പിക്കുമായിരുന്നു. അജ്ഞത ആന്റണി പൊറുക്കുമായിരുന്നു. അജ്ഞത അഹങ്കാരമാക്കി മാറ്റിയവരുമായി ചലച്ചിത്രലോകത്തില്‍ ഇടപെടേണ്ടിവന്നപ്പോഴൊക്കെയാണ് ആന്റണി ക്ഷോഭിച്ചിരുന്നത്.' എം ടി നിരീക്ഷിക്കുന്നു.

'മുറപ്പെണ്ണി'ലെ വലിയമ്മാവന്‍, 'ഇരുട്ടിന്റെ ആത്മാവി'ലെ ഗോപാലന്‍ നായര്‍, 'നഗരമേ നന്ദി'യിലെ അച്ചുമ്മാവന്‍, 'അസുരവിത്തി'ലെ കുഞ്ഞരയ്ക്കാര്‍.... ആന്റണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളായി മാറിയ കഥാപാത്രങ്ങള്‍ എം.ടി.യുടെ തൂലികയിലൂടെ അഭ്രപാളികളിലേക്ക് ഓരോരുത്തരായി വാര്‍ന്നുവീണു. ആന്റണിയിലെ നിഷേധിയ്ക്കും പ്രതിഷേധിയ്ക്കും പൊരുത്തപ്പെടാന്‍ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു അവയില്‍ പലതും.

നായകൻ ആന്റണി,നസീർ ഉപനായകൻ

പി ജെ ആന്റണിയുടെ സിനിമാജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായം കുറിക്കുന്നത് 1965 ലാണ്.

പി ജെ ആന്റണി

പി ജെ ആന്റണി

പി.എന്‍.മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'റോസി'എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചത് ആന്റണിയായിരുന്നു. ഒരു വിദേശചിത്രത്തിന്റെ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, മണിസ്വാമി നിര്‍മ്മിച്ച ആ ചിത്രത്തിലെ നായകകഥാപാത്രമായ  തോമയായി വേഷമിട്ടതും ആന്റണി തന്നെയാണ്. ഉപനായകനായി ഒപ്പമഭിനയിച്ചത് അന്ന് മലയാളസിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ പ്രേംനസീറും. അറിയാതെ ചെയ്തുപോയ ഒരു കൊലപാതകക്കുറ്റത്തിന്റെ പേരില്‍,വിടാതെ പിറകെ കൂടിയ പോലീസിന്റെ  പിടിയില്‍ നിന്ന്, എങ്ങനെയെങ്കിലും രക്ഷപെട്ട് സമാധാനജീവിതം നയിക്കാൻ വെമ്പുന്ന തോമായുടെയും പ്രിയതമ റോസി(കവിയൂർ പൊന്നമ്മ)യുടെയും ശോകരസം കവിയുന്ന കഥയാണ് റോസി പറഞ്ഞത്.

അന്നത്തെ സാമ്പ്രദായിക കഥപറച്ചിൽ രീതിയിൽ നിന്ന് അല്പം വേറിട്ടു നിന്ന 'റോസി'യിൽ  'പ്രധാന കഥാപാത്രങ്ങള്‍ പലരും പലപ്പോഴും സന്ദര്‍ഭത്തിന്റെ ഗുരുലഘുത്വത്തിനനുസരിച്ചുള്ള വാക്കുകള്‍ തന്നെയാണ് സംസാരിച്ചു കാണുന്നത്' എന്ന് സംഭാഷണ രചയിതാവായ ആന്റണിയെ ചിത്രം നിരൂപണം ചെയ്ത സിനിക് അഭിനന്ദിക്കുന്നുണ്ട്. പരുക്കൻ പുറംതോടിനുള്ളിൽ മൃദുലഹൃദയമുള്ള നായകനായി വന്ന ആന്റണിയുടെ അഭിനയവും പ്രശംസ നേടി. എന്നാല്‍ സ്റ്റേജിന്റെ സ്വാധീനത്തിൽ നിന്ന്  പൂര്‍ണ്ണമായി വിട്ടുമാറാന്‍ ആന്റണിക്ക് അത്ര എളുപ്പം കഴിഞ്ഞിരുന്നില്ല എന്ന കാര്യം സത്യമായിരുന്നു.

നന്മയും ഹൃദയശുദ്ധിയുമുള്ള പരുക്കൻ മനുഷ്യർ

1961 മുതല്‍ ചലച്ചിത്രാഭിനയത്തിനായി മദ്രാസില്‍  സ്ഥിരതാമസമാക്കിയ ആന്റണി അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍  അന്‍പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.നോട്ടത്തിലും ഭാവത്തിലുമൊക്കെ അങ്ങേയറ്റം പരുക്കനാണെന്ന് തോന്നിക്കുമ്പോഴും, ഹൃദയത്തിൽ വിശുദ്ധിയും കാരുണ്യവും നന്മയും കാത്തുസൂക്ഷിക്കുന്ന നാടൻ കാരണവരെ അവതരിപ്പിക്കാൻ ആന്റണിയെ കവിഞ്ഞാരുമുണ്ടായിരുന്നില്ല  .

 പി ജെ ആന്റണി

പി ജെ ആന്റണി

അഭിനയിക്കുന്നതിന് പുറമെ ചില ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിക്കുന്നതും ആ കാലത്താണ്. പക്ഷെ അപ്പോഴേയ്ക്കും മദ്യം ആന്റണിയ്ക്ക് പ്രചോദനം പകരുന്ന പ്രധാന ലഹരിയായി മാറിക്കഴിഞ്ഞിരുന്നു.അതുകൊണ്ടു കൂടിയാകാം മദ്യത്തിനടിമയായി തീർന്ന ചില കഥാപാത്രങ്ങളെ ആന്റണി അഭ്രപാളിയിൽ അതിഗംഭീരമാക്കിയത്.

മികച്ച സംവിധായകനുള്ള ആദ്യത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്‍സെന്റിന് നേടിക്കൊടുത്ത 'നദി' (1970)യുടെ കഥയെഴുതിയ ആന്റണി അതിലൊരു നിർണ്ണായകവേഷത്തിൽ അഭിനയിക്കുകയും ചെയ്തു.ആലുവാപ്പുഴയില്‍  കുളിച്ചുതാമസിക്കാനെത്തിയ രണ്ടു കുടുംബങ്ങളുടെ ഇടയിലെ വൈരത്തിന്റെയും വൈരാഗ്യത്തിന്റെയും കഥ പറയുന്ന ചിത്രത്തിലെ, മദ്യം തലച്ചോറിനെ ബാധിച്ച ലാസര്‍ പ്രേക്ഷകരിലുണര്‍ത്തിയത് ഭീതിയും വെറുപ്പുമായിരുന്നു. 'ദു:ഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു'എന്നു പാടി സ്വന്തം ദു:ഖങ്ങളെ മദ്യത്തില്‍  മുക്കിക്കൊല്ലുന്ന 'അമ്പലപ്രാവി'ലെ മേനോൻ, 'പ്രിയമുള്ള സോഫിയ'യിലെ വല്യപ്പന്‍, 'ധര്‍മ്മയുദ്ധ'ത്തിലെ കുടിലനായ ശങ്കുമ്മാവന്‍  ആന്റണിയുടെ അവിസ്മരണീയരായ മദ്യപാനികള്‍ ഇനിയുമുണ്ട്.

അമരനായ 'വെളിച്ചപ്പാട്'

ചലച്ചിത്രലോകത്തുനിന്ന് ഏതാണ്ട് പൂര്‍ണ്ണമായി വിട്ടുനിന്നുകൊണ്ട് നാടകരംഗത്തു വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോഴാണ് വിധിയുടെ ഒരു നിയോഗം പോലെ എം.ടിയുടെ ഒരു കത്ത് ആന്റണിയെ തേടിയെത്തുന്നത്. 'നിര്‍മ്മാല്യ'ത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കാന്‍ എം.ടി. കണ്ടുവെച്ചത് മറ്റൊരു പ്രതിഭാധനനായ ശങ്കരാടിയെയായിരുന്നു. എന്നാല്‍ തന്റെ രൂപം അതിനു പറ്റിയതല്ലെന്നു പറഞ്ഞ്  ഒഴിഞ്ഞ ശങ്കരാടിയാണ് ആന്റണിയുടെ പേര് നിര്‍ദ്ദേശിച്ചത്. എം.ടിയുടെ ആവശ്യപ്രകാരം മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കിയ ആന്റണി 'നിര്‍മ്മാല്യ'ത്തിന്റെ ഷൂട്ടിംഗ് ക്യാമ്പിലെ ഏറ്റവും അച്ചടക്കമുള്ള അംഗമായി മാറി, മറ്റ് നടീനടന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
'അഭിനയം ഒരു പെരുമാറ്റരീതിയാക്കലാണെന്ന പുതിയ (behaving) സിദ്ധാന്തത്തോട് ആന്റണിയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. കനം കുറഞ്ഞ 'ഡ്യൂപ്പ്' ചിലമ്പിടാന്‍ കൂടി ആന്റണിയുടെ മനസ്സ് സമ്മതിക്കില്ല. കാല് പൊട്ടിയാലും വേണ്ടില്ല, കനമുള്ള യഥാര്‍ത്ഥ ചിലമ്പുകള്‍ തന്നെ വേണം.'എം.ടി. ആ ദിവസങ്ങള്‍ ഓര്‍ക്കുന്നു.

പി ജെ ആന്റണി നിർമാല്യം സിനിമയിൽ

പി ജെ ആന്റണി നിർമാല്യം സിനിമയിൽ

ഉത്സവം കൊടിയേറുന്ന സന്ധ്യാനേരത്ത് കടക്കാരന്‍ മാപ്പിളയ്ക്ക് ശരീരം വില്‍ക്കുന്ന സ്വന്തം ഭാര്യയോട് 'എന്റെ നാലു മക്കളെപ്പെറ്റ നീയോ നാരായണീ' എന്ന് നെഞ്ചുപൊട്ടിച്ചോദിക്കുന്ന, അവസാനത്തെ വെളിച്ചപ്പെടലിനായി അമ്പലത്തിലേയ്ക്ക് പോകുന്നപോക്കിൽ നാട്ടുകാരുടെ കുശലാന്വേഷണങ്ങൾക്കുള്ള മറുപടിയെന്നോണം, ചുണ്ടുകോട്ടി ചിരിപോലെയൊന്ന് വരുത്താൻ ബദ്ധപ്പെടുന്ന, ഒടുവില്‍ നെഞ്ചകത്തിലെ ചോര മുഴുവൻ കവിൾക്കുടന്നയിലേയ്ക്കൂറിയെടുത്ത് ദേവീപ്രതിഷ്ഠയുടെ മുഖത്തേയ്ക്ക് ആത്മനിന്ദയോടെ നീട്ടിത്തുപ്പുന്ന, വെളിച്ചപ്പാട് പി.ജെ. ആന്റണിയിലൂടെ അമരത്വം നേടുകയായിരുന്നു.

ഭരത് അവാര്‍ഡും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുമടക്കമുള്ള പുരസ്‌കാരങ്ങളും നാടകവേദിയിലെ തിരക്കുകളുമൊന്നും ആന്റണിയിലെ നിതാന്ത 'റെബൽ' ആയ കലാകാരനെ തൃപ്തിപ്പെടുത്തിയില്ല. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അറുതിയുമുണ്ടായില്ല. 'പെരിയാര്‍' എന്ന ഒരേയൊരു സംവിധാനസംരംഭം  പരാജയവുമായി.തിലകൻ എന്ന വലിയ നടനെയും എം കെ അർജ്ജുനൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ആന്റണി തന്നെ രചിച്ച 'മനോഹരീ,മനോഹരീ,മറഞ്ഞു നിൽക്കുവതെന്തേ' എന്ന മനോഹര ഗാനത്തെയും മാത്രമാണ് ആ ചിത്രം നമുക്ക് വേണ്ടി ബാക്കിവെച്ചുപോയത്.

ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകൾ

അടിയന്തിരാവസ്ഥയും രാജന്‍ സംഭവവും ആന്റണിയിലെ പഴയ വിപ്ലവകാരിയെ ഒരുപാട് അസ്വസ്ഥനാക്കുകയും ക്ഷോഭിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് 'കാളരാത്രി' എന്ന നാടകം പിറക്കുന്നത്. ഈച്ചരവാര്യരും കരുണാകരനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ അരങ്ങത്തെത്തി. ആന്റണിയും തിലകനും എന്‍.എസ്. ഇട്ടനുമെല്ലാം അഭിനയിച്ച നാടകത്തിന്റെ അവതരണം പല സ്ഥലങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ തടസ്സപ്പെടുത്താനെത്തി. പിജെ തീയേറ്റേഴ്സ് അവതരിപ്പിച്ച 'അമ്മ' ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബിന് വേണ്ടി ഒരു കത്തോലിക്കാ പുരോഹിതനെ കേന്ദ്ര കഥാപാത്രമാക്കി എഴുതിയ 'രശ്മി' എന്ന നാടകങ്ങള്‍ അവതരിപ്പിക്കുമ്പോഴും കുൽസിത താത്പര്യക്കാരുടെ പക്ഷത്തുനിന്ന് ഭീഷണിയും വിലക്കും തടസ്സങ്ങളും ഉയര്‍ന്നിരുന്നു.

ജ്യോതി തീയേറ്റേഴ്‌സിന്റെ ഉണ്ണിയാർച്ചയിൽ അരിങ്ങോടരും (കോട്ടയം ചെല്ലപ്പൻ) മച്ചുനിയൻ ചന്തുവും (പി ജെ ആന്റണി)

ജ്യോതി തീയേറ്റേഴ്‌സിന്റെ ഉണ്ണിയാർച്ചയിൽ അരിങ്ങോടരും (കോട്ടയം ചെല്ലപ്പൻ) മച്ചുനിയൻ ചന്തുവും (പി ജെ ആന്റണി)

    നിശിതമായ സാമൂഹ്യ വിമര്‍ശനത്തിന്റെയും മര്‍മ്മഭേദിയായ ആക്ഷേപഹാസ്യ ത്തിന്റെയും തീഷ്ണമായ അരങ്ങനുഭവങ്ങളായിരുന്നു 'സോഷ്യലിസം', 'ചക്രായുധം', 'പ്രളയം', തുടങ്ങിയ നാടകങ്ങള്‍.
1965 ൽ യുദ്ധഫണ്ടിനു വേണ്ടി മലയാള സിനിമയിലെ സകല താരങ്ങളും ചേർന്ന് അരങ്ങത്ത് അവതരിപ്പിച്ച 'കുറ്റവും ശിക്ഷയും',1963 ൽ മലയാള സിനിമയുടെ രജതജൂബിലി യാഘോഷങ്ങളുടെ ഭാഗമായി പ്രധാനതാരങ്ങൾ അവതരിപ്പിച്ച 'കല്യാണച്ചിട്ടി'യും പി ജെ ആന്റണിയെന്ന നാടകകൃത്തിന്റെ മർമ്മഭേദിയായ നർമ്മ ഭാവനയുടെ ഒന്നാന്തരം ദൃഷ്ടാന്തങ്ങളായിരുന്നു.ഏറ്റവും ഒടുവിലെഴുതിയ, സത്യാന്വേഷിയായ 'സോക്രട്ടീസി'ന്റെ ജീവിതകഥയായിരുന്നു,അരങ്ങത്തെ  ആന്റണിയുടെ മാസ്റ്റര്‍പീസ്. ആരുടെയും മുന്നില്‍ മുട്ടുമടക്കാത്ത സോക്രട്ടീസ് എന്ന മഹാഗുരുവിൽ ആന്റണിയുടെ ആത്മാംശം മുഴുവനും നിറഞ്ഞുനിന്നു.

അസംതൃപ്തമായ അവസാന നാളുകൾ

ഭരത് അവാര്‍ഡ് നേടിയ ശേഷം ആന്റണി ചെയ്ത ശ്രദ്ധേയമായ വേഷം കെ.പി. കുമാരന്റെ 'അതിഥി' (1975) യിലെ കരുണന്‍ ആയിരുന്നു.

നിർമാല്യം സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയിൽ നിന്നും പി ജെ ആന്റണി ഭാരത് അവാർഡ്  ഏറ്റുവാങ്ങുന്നു (കടപ്പാട് keralaculture.org)

നിർമാല്യം സിനിമയിലെ അഭിനയത്തിന് രാഷ്ട്രപതിയിൽ നിന്നും പി ജെ ആന്റണി ഭാരത് അവാർഡ് ഏറ്റുവാങ്ങുന്നു (കടപ്പാട് keralaculture.org)

'നിന്നെ ഞാൻ കണ്ടു.നിന്നെ എനിക്ക് വേണമെന്നു തോന്നി.നിന്നെ ഞാൻ സ്വന്തമാക്കി'എന്ന് തകർന്ന് തറയിൽ വീണുകിടക്കുമ്പോഴും അഹങ്കരിക്കുന്ന കരുണനെ അവതരിപ്പിച്ച ആന്റണി, അഭിനയത്തിൽ ഷീലയോടും ബാലന്‍ കെ.നായരോടും മത്സരിച്ചു പിടിച്ചുനിന്നു.പക്ഷെ പിന്നീടുള്ള നാളുകളില്‍  ആന്റണിയുടെ സിനിമയുമായുള്ള ബന്ധം വല്ലപ്പോഴുമൊന്ന് മുഖം കാണിച്ചുപോകുന്നതില്‍ മാത്രമൊതുങ്ങിനിന്നു. നാടകരചനയിലും സംവിധാനത്തിലും പൂര്‍ണ്ണമായും ശ്രദ്ധയര്‍പ്പിച്ച നാളുകൾ. പ്രശസ്ത നടന്‍ തിലകനായിരുന്നു അന്ന് പ്രധാന ശിഷ്യനും സന്തതസഹചാരിയും.

നാടകത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ സിനിമാപ്രവര്‍ത്തനങ്ങള്‍ക്കായി മദിരാശിയിലേക്ക് മടങ്ങാന്‍ തിലകന്‍ പ്രേരിപ്പിച്ചു. എം ടിയുടെ തിരക്കഥയിൽ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ചെറുകാടിന്റെ 'മണ്ണിന്റെ മാറില്‍'  എന്ന ചിത്രത്തിലെ  കൊമ്പന്‍ കൊണ്ടേരന്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി അവസാനമായി അഭിനയിച്ചുതീര്‍ത്തത്. മണ്ണിനെ പ്രാണനെപ്പോലെ സ്‌നേഹിച്ച, അത്തിക്കോട്ടു മലയുടെ അടിവാരത്തില്‍ താൻ ഒറ്റയ്ക്ക് ഉഴുതുമറിച്ച മണ്ണിനു വേണ്ടി പ്രാണൻ പോലും വെടിയാൻ തയ്യാറാകുന്ന കൊമ്പന്‍ കൊണ്ടേരന്‍. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതിന്റെ പിറ്റേന്നാള്‍ 1979 മാര്‍ച്ച് 14ന് ആന്റണി സിനിമയോടും ലോകത്തോടും വിടപറഞ്ഞു. ഭാര്യ മേരി ആന്റണിയെയും മക്കള്‍ ജോസഫ് ആന്റണിയെയും ഗീതയെയും എല്ലാ അര്‍ത്ഥത്തിലും അനാഥരാക്കിക്കൊണ്ട് എറണാകുളത്തെ പോണേക്കരപ്പള്ളി മുറ്റത്തെ ആറടിമണ്ണില്‍  ആ ജീവിതമൊടുങ്ങി.

ലോകം കണ്ട ഏറ്റവും വലിയ അഭിനയസംവിധായക പ്രതിഭകളിലൊരാളായ ഓര്‍സണ്‍ വെല്‍സ് സ്വന്തം ജീവിതത്തെക്കുറിച്ച് ഇങ്ങനെ എഴുതി:
'He is a man who has within him, the devil of self destruction that lives in every genius.'

കലയുടെ ബലിപീഠത്തിൽ  ജീവിതത്തെ തര്‍പ്പണം ചെയ്ത അത്തരമൊരു ജീനിയസ്സായിരുന്നു പി.ജെ. ആന്റണി. സാധാരണക്കാരുടെയിടയില്‍  അസാധാരണനും, ആജന്മ നിഷേധിയും പ്രതിഷേധിയുമായിരുന്ന അപൂര്‍വ്വ പ്രതിഭ.
No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive