Saturday, March 12, 2022

A book about aftereffects of war

 

പ്രിയപ്പെട്ട മിമ്മീ, 

പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല, കാരണം യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. 'വസന്തകാലമാണെങ്കിലും' പക്ഷികളുടെ കലപില കേൾക്കാനില്ല. പ്രാവുകൾ ഒന്നുപോലും സരയേവോയിലല്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില്ല, കുട്ടികളിൽനിന്നും ബാല്യം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഞാൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ്. എനിക്ക് ധൈര്യം ചോർന്നുപോകുന്നു. എനിക്ക് നിലവിളിക്കണമെന്നു തോന്നുന്നു. മുഷ്ടി ചുരുട്ടി ഇടിക്കാൻ തോന്നുന്നു.

          (സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍)


ചില വായനകൾ ലഹരിപടർത്താറുണ്ട്. കുളിരണിയിക്കാറുണ്ട്, ചിലപ്പോൾ അറിയാതെ ആഹാ എന്ന് പറഞ്ഞ്പോകാറുമുണ്ട്. എന്നാല്‍ മറ്റു ചിലത് ഒരു ഗദ്ഗദം ബാക്കിയാക്കിക്കൊണ്ട് ബോധപൂര്‍വ്വം മറന്ന് കളയുകയും ചെയ്യും.കാലം കുറെയൊക്കെ ഉണക്കി കളഞ്ഞാലും ചാരം മൂടിയ കനൽ പോലെ ചിലത് ഉള്ളിൽ എരിഞ്ഞു കൊണ്ടേയിരിക്കും.ചില നേരങ്ങളിൽ അതുരുകി ഒലിച്ചങ്ങനെ നമ്മെ ചുട്ടു പൊള്ളിക്കും.അങ്ങനെ വീണ്ടുമെന്നേ ചുട്ടുപൊള്ളിച്ചപ്പോഴാണ് സ്ലാറ്റയുടെ ഡയറി കുറിപ്പുകള്‍ ഒരിക്കല്‍കൂടി വായിക്കാനെടുത്തത്.ഇതിനോട് സാമ്യമുള്ള അനുഭവങ്ങൾ പലതവണ വായിച്ചിട്ടുള്ളതാണെങ്കിലും സ്ലാറ്റയെന്ന പെണ്‍കുട്ടി  ആന്‍ഫ്രാങ്കിനെപ്പോലെ വിടാതെ പിന്തുടരുകയാണ്...


രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ബോസ്നിയന്‍ ആഭ്യന്തര യുദ്ധം.കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നും മാറ്റിനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍  ബോസ്നിയ - ഹെര്‍സെഗോവിനയില്‍ സെര്‍ബുകളും ക്രോട്ടുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള ഭരണമുന്നണി രൂപീകരിച്ചു, എന്നാല്‍ അധികം താമസിയാതെ തന്നെ ഈ മൂന്ന് കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാവുകയും അതേ തുടര്‍ന്ന് ബോസ്നിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്നിയന്‍ - സെര്‍ബ് രാജ്യം രൂപീകരിക്കുന്നതിെന്‍റ ഭാഗമായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട് മുതല്‍ തൊണ്ണൂറ്റിയാറ് വരെ നീണ്ടുനിന്ന യുദ്ധം മൂലം  തലസ്ഥനമായ സരയേവോ മൂന്നര വർഷം സൈനികമായി ഉപരോധിക്കപ്പെട്ടു. ചുറ്റുമുള്ള ഉയർന്ന സ്ഥലങ്ങളിൽ നിന്നു നഗരത്തിലേക്കു പീരങ്കികളിൽനിന്നും ടാങ്കുകളിൽനിന്നും വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. അങ്ങനെയും ആയിരക്കണക്കിനാളുകൾ കൊലചെയ്യപ്പെട്ടു.മറ്റ് ഒട്ടേറെ സ്ഥലങ്ങളിലും ചോരപ്പുഴയൊഴുകി. മൊത്തം ഒരു ലക്ഷം പേർ മരിക്കുകയും ഇരുപത്തി രണ്ട് ലക്ഷം പേർ വഴിയാധാരമാവുകയും ചെയ്തു. 


ബോസ്നിയായിലെ യുദ്ധത്തിന്‍റെയും വംശഹത്യയുടെയും ക്രൂരതകള്‍ക്ക് സാക്ഷ്യംവഹിച്ച പതിനൊന്നുകാരിയായ സ്ലാറ്റ ഫിലിപ്പോവിച്ച് യുദ്ധപശ്ചാത്തലത്തിലെഴുതിയ ഡയറിക്കുറിപ്പുകളാണ് പിന്നീട് സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.ആന്‍ ഫ്രാങ്കിനുശേഷം ലോകം വായിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ തന്നെയായിരിക്കും ഇതെന്നതില്‍ സംശയമില്ല.സ്ലാറ്റ അവളുടെ യുദ്ധകാലത്തെ ജീവിതം ഈ പുസ്തകത്തില്‍ വളരെ വേദനയോടെയാണ് വരച്ചുകാട്ടുന്നത്. യുദ്ധത്തിനിടയില്‍ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനും കൂട്ടുകാരിയും കൊല്ലപ്പെടുന്നു. അവളുടെ അങ്കിളിന്  കാല്‍ നഷ്ടപ്പെടുന്നു. കളിക്കൂട്ടുകാരും അവരുടെ കുടുംബങ്ങളും  പലായനം ചെയ്യുന്നു. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഷെല്ലാക്രമങ്ങളില്‍ കൊല്ലപ്പെടുന്നു. പലപ്പോഴും  വേണ്ടപ്പെട്ടവര്‍ വിട്ടുപോയ കാര്യം പോലും വളരെ നാള്‍ കഴിഞ്ഞാവും അറിയുന്നത് തന്നെ.  ദുര്‍ഗന്ധപൂരിതമായ നിലവറയില്‍,വെള്ളവും വെളിച്ചവുമില്ലാതെ അരവയര്‍ പോലും നിറയ്ക്കാനുള്ള ഭക്ഷണമില്ലാതെയുള്ള അവളുടെ ഈ കഥപറച്ചില്‍ വല്ലാതെ നൊമ്പരപ്പെടുത്തും.


ലോകത്തെവിടെയും ഏതു രാജ്യത്തേയും യുദ്ധകാലത്തിലൂടെ കടന്നുപോകുന്ന കുട്ടിയുടെ ബാല്യം നിറമില്ലാത്തതും ക്ലേശകരവുമായിരിക്കുമെന്ന് സ്ലാറ്റ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു തെറ്റും ചെയ്യാത്ത, യുദ്ധത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് യുദ്ധം നല്‍കുന്നത് വേദന നിറഞ്ഞ ഒരു ബാല്യമാണ്.അവര്‍ അനാഥരാക്കപ്പെടുന്നു അതിന് കാരണം യുദ്ധത്തിൽ മാതാപിതാക്കൾ കൊല്ലപ്പെടുന്നതുകൊണ്ടു മാത്രമല്ല പിന്നെയോ കുടുംബാംഗങ്ങൾ ചിതറിക്കപ്പെടുന്നതുകൊണ്ടുകൂടെയാണ്‌.അതു പോലെ തന്നെ  യുദ്ധത്തിൽ അകപ്പെടുന്ന കുട്ടികൾ മിക്കപ്പോഴും പല മുതിർന്ന ആളുകളും ഭയപ്പെടുന്നവയെക്കാൾ ഏറ്റവും നീചമായ കാര്യങ്ങൾ സഹിക്കേണ്ടിവരുന്നു. ഉദാഹരണത്തിന്‌ സാരെയെവോയി കുട്ടികളെ ഉൾക്കൊള്ളിച്ച്‌ ഒരു സർവേ നടത്തിയപ്പോൾ അവരിൽ ഏതാണ്ട്‌ എല്ലാവരുംതന്നെ ഷെൽവർഷം അനുഭവിച്ചിട്ടുള്ളതായി വെളിപ്പെട്ടു.

ഇവരിൽ പകുതി പേർക്ക്‌ നേരിട്ട്‌ വെടിയേറ്റിരുന്നു, മൂന്നിൽ രണ്ടു ഭാഗം കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിലായിരുന്നു.ആഭ്യന്തര കലഹങ്ങൾ നിത്യസംഭവമായി മാറിക്കഴിഞ്ഞ രാജ്യങ്ങളിലെ നിരവധി കുട്ടികൾ സമാധാനം എന്തെന്ന്‌ ഒരിക്കലും അറിയാതെയാണു വളർന്നുവരുന്നതെന്ന് ഈ പുസ്തകം നമ്മേ ബോധ്യപ്പെടുത്തും.


പുസ്തകം . സ്ലാറ്റയുടെ  ഡയറികുറിപ്പുകള്‍

പ്രസാധനം- സമത ബുക്സ്

വിവര്‍ത്തനം-- Rajan Thuvvara

നന്നായി മണിസാർ !


എന്നും എപ്പോഴും എല്ലാ യുദ്ധങ്ങൾക്ക് എതിരെയും നിൽക്കണം; ആര്-എന്തിന്-എന്തുകൊണ്ട്-എവിടെ എന്നതൊക്കെ അതിനുശേഷം ! 


ആദ്യലോകമഹായുദ്ധം എന്ന സങ്കല്പം മഹാഭാരത കഥക്കാണ് ! പതിനെട്ട് അക്ഷൗണികളുമായി പതിനെട്ട് ദിവസം പൊരിഞ്ഞയുദ്ധം; പുറപ്പെട്ടവരുടെ മടിയും മനസ്സുമാറലും, ഭഗവാൻറെ തന്നെ നുണയും ചതിയും, വളഞ്ഞിട്ടും ഒളിഞ്ഞും ഉറങ്ങുമ്പോളും കൊല്ലാക്കൊല, സ്ത്രീകളെയും കുട്ടികളെയും, ചെറുത്തുനില്കാത്തവരെയും അംഗഭിന്നരെയും, സാധാരണപ്പെട്ടയെല്ലാവരെയും എന്നുവേണ്ട ഗർഭസ്ഥശിശുക്കളെവരെയും അന്നുതൊട്ട് ന്യായത്തിൻറെയും-മതത്തിൻറെയും-കർമ്മത്തിന്റെയും-രാജ്യത്തിനും-രക്ഷക്കും .. എന്നീപലവിധത്തിലുള്ള കാര്യകാരണങ്ങളാൽ കൊന്നുതള്ളിത്തുടങ്ങിയതാണ് ഈ അഹം കാണിക്കൽ.  കൊറോണ വൈറസ് പോലും ലജ്ജിക്കുന്ന വിധം !


യുദ്ധം നല്ലപക്ഷം ജയിച്ചു ! എന്നിട്ട് ആ സത്യവതിയായ മുക്കുവത്തിപെണ്ണിൽ ജനിച്ച മഹാഎഴുത്തുകാരൻ അവസാനിപ്പിച്ചതോ ? ജയ തസ്മാത് പരാജയഃ ജയം തന്നെ പരാജയമാകുന്നു - എന്തൊരു വിരോധാഭാസം.  ജയിച്ചപക്ഷത്തു  ആറുപേർ; തോറ്റപക്ഷത്തു മൂന്നുപേർ - എല്ലാവരും ചത്തതിലൊക്കുമേ ജീവിച്ചിരിപ്പതും എന്നപോലെയും.  


പിന്നീടുള്ള ഒരുയുദ്ധത്തിലും ആരും ജയിച്ചിട്ടില്ല ! എല്ലാവരും തോറ്റു ! എല്ലാവരും നരകിച്ചു ! ആയുധങ്ങൾ ഉണ്ടാക്കിവിറ്റവർ -  ഇടനിലക്കാർ - പട്ടാളമേധാവികൾ - ഉത്തരവിട്ടവർ ..............


പാർത്ഥന്റെ സംശയങ്ങൾ തന്നെ ശരി ! എല്ലാരും പടച്ചോന്റെ സൃഷ്ടികളല്ലേ ? അവരെയൊക്കെ കൊന്നിട്ട് എന്തിനാ രാജ്യവും സ്വത്തും ഭരണവും.  കൊല്ലാത്ത, കൊല്ലിക്കാത്ത ചിന്തകൾ തന്നെ വേണം.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive