Monday, October 12, 2020

"ബലിനിലാവിന്റെ കാവ്യകാലം’

 



വയലാറിന്റെ കാവ്യസംസ്കൃതിയുടെ അനുസ്യൂതി എല്ലാ അർഥത്തിലും നിലനിർത്തി നവീകരിച്ച്‌ ശക്തിപ്പെടുത്തിപ്പോരുന്ന അദ്ദേഹത്തിന്റെ നേർ പിന്മുറക്കാരനിലാണ്; ഏഴാച്ചേരി രാമചന്ദ്രനിലാണ് ഈ വർഷത്തെ വയലാർ അവാർഡ് ചെന്നുചേരുന്നത് എന്നതിൽ സവിശേഷമായ ഒരു ഔചിത്യഭംഗിയുണ്ട്. ഭാഷയിൽ, ഭാവത്തിൽ, രാഷ്ട്രീയത്തിൽ, ഛന്ദോബദ്ധതയിൽ, ഗേയസാധ്യതയിൽ, സംഗീതാത്മകതയിൽ, പദസന്നിവേശത്തിൽ, ഉൽപ്പതിഷ്ണുത്വത്തിൽ, ബിംബവിതാനത്തിൽ എല്ലാം ഏഴാച്ചേരി, വയലാർ രാമവർമയുടെ നേർ പിന്മുറക്കാരൻതന്നെ. ആരുടെ നാമധേയത്തിലാണോ അവാർഡ്, ആ വ്യക്തിയുടെ സംസ്കാരത്തിന്റെ തുടർ പ്രതിനിധാനം വഹിക്കുന്ന വ്യക്തിയിൽത്തന്നെ അത് എത്തിച്ചേരുക എന്നത് അപൂർവം സന്ദർഭങ്ങളിൽമാത്രം യാഥാർഥ്യമാകാറുള്ള ഔചിത്യമാണ്.
വയലാറിലുണ്ടായിരുന്ന സാർവലൗകിക മാനവികത, രുദിതാനുസാരിത്വം, ഹൃദയപക്ഷപാതം, പുരോഗമനാഭിമുഖ്യം, സർവാശ്ലേഷിയായ മനുഷ്യസ്നേഹം എന്നിവയൊക്കെ ഏഴാച്ചേരിയിലും കാണാം. വയലാറിന്റെ നിസർഗസുന്ദരമായ ഭാവാത്മകതയും ലയാനുബദ്ധമായ പദസമൃദ്ധിയും മനോജ്ഞമായ ബിംബവിന്യാസശൈലിയും ഏഴാച്ചേരിയിലും തെളിഞ്ഞുകാണാം. ചങ്ങമ്പുഴയ്ക്കും വയലാറിനും വയലാറിന്റെ തലമുറയ്ക്കുംശേഷം ഏഴാച്ചേരിയോളം പദസ്വാധീനമുള്ള മറ്റൊരു കവി മലയാളത്തിൽ ഉണ്ടായിട്ടില്ല.
കാല്പനികതയുടെ ഭാവധാരയും ഉൽപ്പതിഷ്ണുത്വത്തിന്റെ രോഷധാരയും വയലാറിനെപ്പോലെ ഏഴാച്ചേരിയിലും സമ്യക്കായി സമ്മേളിച്ച് ഒഴുകുന്നു. സ്ഥിതവ്യവസ്ഥയുടെ അധികാരഘടനയെ ചോദ്യംചെയ്യുന്നതും സമത്വത്തിൽ അധിഷ്ഠിതമായ ഒരു പുത്തൻ നീതിപ്രമാണംകൊണ്ട് പകരം വയ്ക്കുന്നതുമായ സമരോത്സുകമായ സർഗാത്മക രാഷ്ട്രീയം ഇരുവരും ഒരേ ഹൃദയംകൊണ്ട് പങ്കിടുന്നു.

ഏഴാച്ചേരിയിലൂടെ മലയാളകവിതയുടെ മഹത്വപൂർണമായ സാംസ്കാരികമൂല്യത്തിലേക്കുകൂടിയാണ് ഈ പുരസ്കാരം എത്തുന്നത്. കവിതയിൽനിന്ന് ചോർന്നുപോകുന്ന മലയാളത്തനിമ, ഭാവാർദ്രത, ലയസൗകുമാര്യം, താളക്രമം, ഈണത്തികവ്, ചൊൽവഴക്കം എന്നിവയൊക്കെ തിരിച്ചുപിടിക്കാൻവേണ്ടിയുള്ള സംസ്കാര പക്ഷത്തിൽനിന്നുള്ള പോരാട്ടങ്ങളുടെകൂടി പ്രാതിനിധ്യം വഹിക്കുന്നുണ്ട് ഏഴാച്ചേരിക്കവിത. അധിനിവേശത്തിനെതിരായ ചെറുത്തുനില്പിന്റെ രാഷ്ട്രീയപ്രാതിനിധ്യസ്വഭാവമാണ് അതിൽ അടങ്ങിയിട്ടുള്ളത്. നമ്മുടെ കാവ്യസംസ്കാരത്തിന്റെ വിലപ്പെട്ട ഈടുവയ്പുകൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്കുള്ള അംഗീകാരംകൂടിയാണ് ഏഴാച്ചേരിക്കവിതയ്ക്ക്‌ ലഭിക്കുന്ന ഈ പുരസ്കാരം.

ഏഴാച്ചേരിയുടെ കാവ്യജീവിതത്തിന് രണ്ടു ഘട്ടമുണ്ട്. പതിത ജനവിഭാഗങ്ങളുടെ പടപ്പാട്ടുകാരനായി, അതുമാത്രമായി പരിമിതപ്പെട്ടുനിന്ന ഒന്നാംഘട്ടം; ആ  പ്രതിബദ്ധതയുടെ അടിസ്ഥാനം അതേപടി നിലനിർത്തി, മനുഷ്യന് അന്യമല്ലാത്തതൊന്നും തന്റെ കവിതയ്ക്കും അന്യമല്ല എന്ന വിശാലമായ മാനവികതാ ബോധത്തിലേക്ക്‌ വളർന്ന രണ്ടാംഘട്ടം. ആദ്യത്തേതിന്റെ തിരുത്തലല്ല; മറിച്ച് സ്വാഭാവിക വളർച്ചയാണ്. ആ വളർച്ച ഏഴാച്ചേരിയുടെ കാവ്യജീവിതത്തെ അതുവരെയറിയാത്ത അനുഭൂതിമേഖലകളിലേക്കും അനുഭവമണ്ഡലങ്ങളിലേക്കും ഉയർത്തി. ഇത്‌ തിരിച്ചറിയാൻ നിരൂപകർ വൈകിയോ എന്നേ സംശയിക്കേണ്ടൂ. എന്തായാലും ഒരു കാര്യം എടുത്തുപറയണം. മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ ഒന്നിനുവേണ്ടിയും ചാഞ്ചല്യം കാട്ടിയില്ല ഏഴാച്ചേരി.

സർഗാത്മകതയുള്ള മനസ്സിലുണ്ടാകുന്ന വിസ്ഫോടനങ്ങളാണ് ഒരേ കാവ്യജീവിതത്തിൽ ഇത്തരം വ്യത്യസ്ത ഘട്ടങ്ങൾ ഉണ്ടാക്കുന്നത്. ഒന്നിൽ തളഞ്ഞുകിടക്കാതെ മറ്റൊന്നിലേക്ക് ഒഴുകിനീങ്ങാൻ കഴിഞ്ഞു എന്നിടത്താണ് ഏഴാച്ചേരിക്കവിതയുടെ സർഗസാഫല്യം. നിസ്വജനപക്ഷപാതിത്വം ഏതാണ്ട് വിളംബരരൂപത്തിൽത്തന്നെ പ്രകടമായിരുന്നു. ആദ്യഘട്ടത്തിൽ, വിദേശത്തേക്ക് ഭിക്ഷാപാത്രം നീട്ടുന്ന നാടിന്റെ ഗതികേട് “അമേരിക്കൻ മോഡൽ’പോലെയുള്ള കവിതകളിൽ അദ്ദേഹം മൂർച്ചയോടെ അവതരിപ്പിച്ചു. മതത്തോടും അധികാരത്തോടും എല്ലാത്തരം സ്വേഛാപ്രമത്തതയോടും അത് ഏറ്റുമുട്ടി. രണ്ടാംഘട്ടം മാനുഷികമായ സമസ്തഭാവങ്ങളെയും ദേശകാലങ്ങളുടെ അതിരുകളെ അതിലംഘിച്ചു കടന്നുചെന്ന് ആശ്ലേഷിക്കുന്ന തരത്തിലുള്ളതായി. ‘നീലി’മുതൽ ഇപ്പോൾ പുരസ്കാരത്തിന്‌ അർഹമായ ‘ഒരു വെർജീനിയൻ വെയിൽക്കാലം’വരെ.

“ഒരു വെർജീനിയൻ വെയിൽക്കാല’ത്തിലെത്തുമ്പോൾ ഏഴാച്ചേരിയുടെ സർഗാത്മകത പുതിയ ദാർശനികവും കാവ്യാത്മകവുമായ മാനങ്ങളിലേക്ക് കടക്കുകകൂടിയാണ്.
“എല്ലാം പൊറുക്കുമപാരതയ്ക്കമ്മയെ -
ന്നാരാണു പേരിട്ടതാദ്യം?
എല്ലാം മറക്കും വികാരത്തിന്നു
മണ്ണെന്നു പേരിട്ട നാവാവണം”
   എന്ന് ഈ കൃതിയിൽ എഴുതുമ്പോൾ ഏഴാച്ചേരി തന്റെ കാവ്യജീവിതത്തിലെ പുതിയ ഒരു ഘട്ടത്തെ അടയാളപ്പെടുത്തുകയാണ്. അനുഭവങ്ങളിൽനിന്ന് അനുഭൂതി വാറ്റിയെടുക്കുന്ന പുതിയ ഘട്ടം.
ഏഴാച്ചേരിക്കവിതയിലെ കവി ചില സന്ദർഭങ്ങളിൽ വിശ്വപൗരത്വത്തിലേക്ക് സഞ്ചരിക്കുന്നത് കാണാം.
“എവിടെയാണെങ്കിലും നാം ഒരേ വീടെന്ന
ഹൃദയനീഡത്തിലെ പക്ഷി’ എന്നും
“ഏതുകാലത്തുമേതു ലോകത്തിലും
എത്ര നിരാസപരിഹാസമേല്ക്കിലും
പ്രാണന്റെ ഭാഷ തിരിച്ചറിയപ്പെടും
ഭൂമണ്ഡലം തിരിയുവോളം ’
എന്നുമുള്ള വരികളിൽ വിശ്വമാനവികതയുടെ സുവർണദീപ്തിയാണ് കാണാവുന്നത്. ലോകത്തിന്റെ ഏതിടവും വീടാവുന്നതും, എവിടെയും പ്രാണന്റെ ഭാഷ തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കാൻ സാർവദേശീയതാബോധമുള്ള ഒരു പ്രത്യയശാസ്ത്ര സ്ഥൈര്യം കൈവന്ന കവിക്കേ സാധ്യമാകൂ. ഉയർന്ന കമ്യൂണിസ്റ്റ് മാനവികതാബോധത്തിന്റെ വെളിച്ചം എന്നും ഏഴാച്ചേരിയെ മണ്ണിലുറപ്പിച്ചു നിർത്തി; മനുഷ്യരിൽ ഉറപ്പിച്ചുനിർത്തി. അവരെവിട്ട് ഏഴാച്ചേരിക്ക് ലോകമില്ല; കാലമില്ല; കവിതയുമില്ല: ഗൗരീലങ്കേഷിനെക്കുറിച്ചും രോഹിൻഗ്യൻ ദുരന്തജന്മങ്ങളെക്കുറിച്ചും എഴുതുന്ന വാക്കുകളിൽ കണ്ണീർ പൊട്ടുന്നത് ഇതുകൊണ്ടാണ്. ഇടതുപക്ഷത്തെ ഹൃദയപക്ഷത്ത്‌ നിർത്തുമ്പോൾത്തന്നെ ജീവിതത്തെ ദർശനാത്മകമാംവിധം അപഗ്രഥിക്കാൻ സഫലമാംവിധം മുതിരുന്നുമുണ്ട് ഏഴാച്ചേരി.

    “വെറുക്കുവാനൊരു നിമിഷം നമുക്കുപോരും
ഇണയാവാനൊരുകോടി പിറവി പോരാ...”
എന്നിടത്ത് വെറുപ്പിനെതിരായ മനുഷ്യസ്നേഹത്തിന്റെ ദാർശനികനാകുന്നു ഈ കവി. ഭാവപരതയുടെയും ദർശനപരതയുടെയും തലങ്ങളിലേക്കുയർന്നു പറക്കുമ്പോഴും “ജീവിതം ചുട്ടു തല്ലുന്നവരെ’ കവി മറക്കുന്നില്ല. അവർക്കിടയിലാണ്, അതിലൊരുവൻതന്നെയാണ് എന്ന ബോധം ഏഴാച്ചേരിയെ സ്വന്തം മണ്ണിൽ ഉറപ്പിച്ചുനിർത്തുന്നു. 

ഏഴാച്ചേരി ഒരു പ്രാർഥനകൂടിയാണ്; മനുഷ്യരാശിക്കാകെവേണ്ടിയുള്ള പ്രാർഥന; ഭൂമിക്കുവേണ്ടിയുള്ള പ്രാർഥന; ജീവിതത്തിനുവേണ്ടിയുള്ള പ്രാർഥന; സ്നേഹത്തിനും നന്മയ്ക്കുംവേണ്ടിയുള്ള പ്രാർഥന!
“കുരിശുമരണം വരിക്കും മനുഷ്യന്റെ
ബലിനിലാവുകൾക്കർഥമുണ്ടാകണം,
പക വിരുന്നു വിളിക്കാത്ത ഭാഷയിൽ
പകലിനെത്തൊട്ടുണർത്തുവാനാകണം’
    ബലിനിലാവുകൾക്കർഥമുണ്ടാക്കാനും പകലിനെത്തൊട്ടുണർത്താനും വേണ്ടിയുള്ള നിസ്തന്ദ്രമായ മനസ്സിന്റെ ഏകാന്തമായ പ്രാർഥനയാണ് ഏഴാച്ചേരിക്കവിത. അത് എന്നും മലയാളമനസ്സിൽ മുഴങ്ങി നില്ക്കട്ടെ.

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive