Tuesday, October 13, 2020

പാസ്‌പോർട്ടും വിസയുമില്ലാതെ 43 രാജ്യങ്ങളിലൂടെ യാത്ര; മൊയ്‌തു കിഴിശേരിയുടെ സഞ്ചാരം അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലൂടെ

 


പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ, ഭൂമിയില്‍ അത്തരം ആര്‍ഭാടങ്ങളും അതിര്‍ത്തി കളുമൊക്കെ മനുഷ്യര്‍ അവരുടെ സൗകര്യ ങ്ങള്‍ക്കായി നിര്‍മിച്ചതല്ലേ എന്ന ചോദ്യവുമായി മൊയ്തുവിന്റെ സാഹസികസഞ്ചാരം നീണ്ടത് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളിലെ 43 രാജ്യങ്ങളിലൂടെ. മനുഷ്യാനുഭവങ്ങള്‍ തൊട്ടറിയാനും സംസ്കാരങ്ങള്‍ എന്തെന്ന് പഠിക്കാനും ഫക്കീറിനെപ്പോലെ ലോകമാകെ അലഞ്ഞത് ഒന്നരപ്പതിറ്റാണ്ട്. ഇനിയൊരു ലോക യാത്രയ്‌ക്ക്‌ മൊയ്‌തു ഇല്ല. അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചാരം തുടർന്ന യാത്രികന്‌ വിട.നടന്നുതീര്‍ത്ത മരുഭൂമികളിലെ മൊയ്തുവിന്റെ കാല്‍പ്പാടുകള്‍ അപ്പോള്‍ത്തന്നെ മരുക്കാറ്റ് മായ്ച്ചുകളഞ്ഞതാണ്. അടുത്ത കാറ്റ് അവിടെയൊരു മണല്‍ച്ചിത്രം വരച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അതിന്റെ സ്ഥാനത്ത് ചെറു മണല്‍ക്കൂനകള്‍ ഉയര്‍ന്നിട്ടുണ്ടാവും. അതുമല്ലെങ്കില്‍ അവിടെ മറ്റൊരു സഞ്ചാരിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടാവും. പക്ഷേ, ഈ മനുഷ്യന്‍ വെട്ടിപ്പിടിച്ച അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളെ മായ്ക്കാന്‍ മരുക്കാറ്റിനോ ധൂമപടലങ്ങള്‍ക്കോ ആകില്ല.

മനുഷ്യാനുഭവങ്ങള്‍ തൊട്ടറിയാനും സംസ്കാരങ്ങള്‍ എന്തെന്ന് പഠിക്കാനും ഫക്കീറിനെപ്പോലെ ലോകമാകെ അലഞ്ഞത് ഒന്നരപ്പതിറ്റാണ്ട്. അതും പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ. ഭൂമിയില്‍ അത്തരം ആര്‍ഭാടങ്ങളും അതിര്‍ത്തികളുമൊക്കെ മനുഷ്യര്‍ അവരുടെ സൗകര്യങ്ങള്‍ക്കായി നിര്‍മിച്ചതല്ലേ എന്ന ചോദ്യവുമായി യാത്രചെയ്തത് ഏഷ്യ,ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളില്‍. 43 രാജ്യങ്ങളിലെ വൃക്ഷഛത്രങ്ങളാണ് സഞ്ചാരത്തില്‍ ഈ അവധൂതന് ഇളവേല്‍ക്കാന്‍ വിടര്‍ന്നുനിന്നത്.

എത്രയോ പര്‍വതസാനുക്കള്‍ ഈ സഞ്ചാരിയെ തുഷാരവര്‍ഷംകൊണ്ട് അനുഗ്രഹിച്ചു. എത്രയോ സാഗരങ്ങളുടെ നീലമൗനങ്ങള്‍ അറിഞ്ഞു. എത്രയോ പ്രണയചഷകങ്ങള്‍ നിരാകരിച്ചു. ഏഴാണ്ട് ഈ മഹാ ഭാരതത്തില്‍ അലഞ്ഞ ശേഷമാണ് അതിര്‍ത്തി കടന്നത്. ഇനിയും ഒരു യാത്രയ്ക്ക് ബാല്യമുണ്ടെന്ന് വിശ്വസിക്കുന്ന ഈ സൂഫി പിന്നിട്ട വഴികളെത്ര, നാടോടിജീവിതത്തില്‍ ചെയ്ത തൊഴിലുകളെത്ര, പഠിച്ച ഭാഷകളും വേദങ്ങളും വിദ്യകളുമെത്ര, കെട്ടിയാടിയ വേഷങ്ങളെത്ര, ഷെല്ലുകള്‍ മരണം വര്‍ഷിച്ച യുദ്ധഭൂമിയില്‍ കഴിഞ്ഞ രാത്രികളെത്ര, ഒടുവില്‍ എല്ലാം ഇട്ടെറിഞ്ഞ് കൂടെവരാന്‍ ഒരുങ്ങിയിട്ടും തന്റെ സഞ്ചാരത്വരയെ അലോസരപ്പെടുത്തരുതെന്ന നിര്‍ബന്ധത്തില്‍ വേദനയോടെ ഉപേക്ഷിച്ച പ്രണയിനികളെത്ര?.


എല്ലാറ്റിലുമുപരി ആത്മജ്ഞാനം പകര്‍ന്ന സന്യാസിമാരും സൂഫിവര്യന്മാരും ദര്‍വീശുകളുമെത്ര? എത്രയോ ജീവിതങ്ങള്‍കൊണ്ട് മാത്രം സാധ്യമാകുന്ന യാത്രകള്‍ കുറഞ്ഞ കാലംകൊണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു നാലാംക്ലാസുവരെമാത്രം പഠിച്ച മൊയ്തു കിഴിശ്ശേരി എന്ന ഈ സാഹസികസഞ്ചാരി. പലവേഷങ്ങളില്‍ ഒരു മൊയ്തുവൃക്ഷത്തലപ്പുകള്‍ മുഖം മറച്ച കൊണ്ടോട്ടി, കിഴിശ്ശേരിയിലെ ചെറിയ വീട്ടില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇടറിയ ശബ്ദവുമായി ശോഷിച്ച ഒരു രൂപം കട്ടിലില്‍ കിടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഗറില്ല, ഇറാനിലെ സൈനികന്‍, അവിടത്തെ സൈനികരുടെ ഉസ്താദ്, ഹൂറിയെപ്പോലെ സുന്ദരിയായ പാകിസ്ഥാനിപ്പെണ്ണ് ഫിദയുടെയും ഇറാനിലെ പട്ടാളക്കാരി മെഹര്‍നൂശിന്റെയും തുര്‍ക്കിക്കാരി ഗോക്ചെന്നിന്റെയും റഷ്യക്കാരി ഗലീനയുടെയും ഡമാസ്കസിലെ സൈറൂസിയുടെയും അമ്മാനിലെ അദീനയുടെയും വിശുദ്ധപ്രണയകഥയിലെ നായകന്‍. തുര്‍ക്കിയിലെ ഇസ്താംബൂളിലെയും ഇറാഖിലെ ബാഗ്ദാദിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥി, ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെയും തുര്‍ക്കിയിലെ മില്ലി ഗസത്ത പത്രത്തിന്റെയും ലേഖകന്‍, ഇറാഖിന്റെ ചാരസംഘടനയിലെ അംഗം, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റ് ഗൈഡ്, ജൂഡോ അഭ്യാസി, കാലിഗ്രാഫി കലാകാരന്‍... എല്ലാം ഒരാള്‍തന്നെ. വൃക്കകള്‍ രണ്ടും തകരാറിലായതോടെ ചിറകറ്റപോലെയായി.


ഇനിയുമൊരു യാത്രയ്ക്ക് മനസ്സ് സദാ സജ്ജമാണെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ല. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഡയാലിസിസ് ചെയ്യണം. അതിന്റെ ബലത്തിലാണ് ജീവിതം. വൃക്ക മാറ്റിവയ്ക്കല്‍ ഒരു സാധ്യതയാണ്. ചികിത്സയ്ക്കുപോലും പണം കഷ്ടിയാവുമ്പോള്‍ അതുമൊരു ആഡംബരം. അതിര്‍ന്നു നൂണു കടക്കുന്നതും കൃത്രിമമായി യാത്രാ രേഖകള്‍ ചമയ്ക്കുന്നതും പോലെ എളുപ്പമല്ല, ശരീരത്തോട് ചേരുന്ന ഒരു വൃക്ക കിട്ടാന്‍. മകന്‍ നാദിര്‍ ഷാന്റെ വൃക്കചേരുമെങ്കിലും അത് വേണ്ടെന്ന് ഉറപ്പിച്ചു. ശസ്ത്രക്രിയക്ക് മുപ്പത് ലക്ഷമെങ്കിലും വേണം. അധികമാര്‍ക്കും ലഭിക്കാത്ത അനുഭവങ്ങളുമായി ഇത്രയുമൊക്കെ ജീവിച്ചല്ലോ അതുമതി എന്ന നിര്‍മമത്വമാണ് മൊയ്‌തുവിനെ ഇനിയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. യാത്രികനല്ല, സഞ്ചാരിയുമല്ല യാത്രികന്‍ എന്ന് വിശേഷിപ്പിക്കാനാകില്ല ഈ മനുഷ്യനെ. കാരണം യാത്രകള്‍ക്ക് ഒരു ലക്ഷ്യമുണ്ടാകും. പുറപ്പെടാനും മടങ്ങിവരാനും തീരുമാനിച്ചുറപ്പിച്ച മാര്‍ഗങ്ങളും നിശ്ചയിച്ചുറപ്പിച്ച ദിവസങ്ങളുമുണ്ടാകും. സഞ്ചാരിയെന്നായാലോ? ആ വിശേഷണത്തിനും പൂര്‍ണമായി ഉള്‍ക്കൊള്ളാനാകില്ല മൊയ്‌തുവിനെ.

ദേശാടനപ്പക്ഷികള്‍ക്കുപോലുമുണ്ട് ഋതുക്കളുടെ നിയതമായ യാത്രാവൃത്തം. എന്നാല്‍,ദേശാടകനായ ദര്‍വീശിന്, സഞ്ചാരിയായ ഫക്കീറിന് സഞ്ചാരം നിയാമകമായിരുന്നില്ല. വീണിടം വിഷ്ണുലോകം. പത്താംവയസ്സില്‍ വെറും അമ്പതു രൂപ കീശയിലിട്ട് തുടങ്ങിയതാണ് ഈ ലോകസഞ്ചാരം. കള്ളവണ്ടി കയറിയും നടന്നുമാണ് യാത്രകളേറെയും. കൃത്രിമമായി പൗരത്വരേഖകളുണ്ടാക്കിയാണ് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും തുര്‍ക്കിയിലും ഈജിപ്തിലും സുഗമസഞ്ചാരം സാധ്യമാക്കിയത്. പല രാജ്യങ്ങളിലും ചാരന്‍ എന്നു മുദ്രയടിച്ച് തെരുവുകളിലൂടെ ചങ്ങലയില്‍ ബന്ധിച്ച് കൊണ്ടുപോയിട്ടുണ്ട് പട്ടാളക്കാര്‍. പട്ടാളക്യാമ്പുകളില്‍ കഴിഞ്ഞിട്ടുണ്ട്. ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ ചാടിയിട്ടുണ്ട്. പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രവേദന അറിഞ്ഞിട്ടുണ്ട് ഈ യാത്രകളില്‍. പാകിസ്ഥാനിലെ ഗുല്‍ബര്‍ഗിലെ ഫിദയോട് യാത്രപറഞ്ഞ് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് കിര്‍ഗിസ്ഥാനും താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചുറ്റിയാണ് ഇറാനിലെത്തിയത്. അവിടം വിട്ട് ഇറാഖിലേക്ക് കടക്കുമ്പോള്‍ സൈനികര്‍ പിടികൂടി. ഇസ്ഫഹാനിലെ കൊട്ടാരസദൃശമായ പട്ടാളക്യാമ്പിലായി പിന്നീട് ജിവിതം. ആദ്യമൊക്കെ തടവുകാരന്‍. ഒരു ദിവസം ഖുറാന്‍ ഉറക്കെ വായിക്കുകയായിരുന്നു വായനയില്‍ മുഴകി കുറേനേരം. അല്‍പ്പം കഴിഞ്ഞു നോക്കുമ്പോള്‍ പിന്നിലത്രയും പട്ടാളക്കാര്‍. അവര്‍ക്കാര്‍ക്കും അത്ര ഭംഗിയായി ഖുറാന്‍ വായിക്കാന്‍ അറിയില്ലത്രെ. അതോടെ അവരുടെ ഉസ്താദായി. ആ ക്യാമ്പിലെ പത്തു വനിതാ സൈനികരില്‍ ഒരാളായ മെഹര്‍നൂശ് എന്ന സുന്ദരിയുടെ സാമീപ്യം.

അവളുമായുള്ള പ്രണയകാലം. ഒടുവില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു കിടക്കുമ്പോള്‍ മെഹര്‍ നെറ്റിയില്‍ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു, മുഹ്യീ, നിനക്കെന്തിങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. രക്ഷപ്പെടാന്‍പറഞ്ഞ് വിലയേറിയ വജ്രം പതിച്ച മോതിരം ചെറുവിരലിലണിയിച്ചു അവള്‍. മെഹറിനെ വിരഹിയാക്കി ആ മോതിരവുമായി ഇറാന്‍ വിട്ടു. പിന്നീട് ഈ മോതിരം വിറ്റാണ് തുര്‍ക്കിയിലെ പഠനം മുഴുമിപ്പിച്ചത്. ഫിദയെയും മെഹറിനെയും പോലെ ഗോക്ചെന്നും ഗലീനയും അദീനയും സൈറൂസിയുമൊക്കെ പ്രണിയികളായി. പക്ഷേ, അവരുടെയൊക്കെ പ്രണയത്തെയും കാമനകളെയും തിരസ്കരിച്ച് വൈരാഗിയായതില്‍ ഒട്ടും ഖേദിക്കുന്നില്ല ഈ മനുഷ്യന്‍. ഫിദ എന്നാണ് മകള്‍ക്ക് പേരുവച്ചതെങ്കിലും പിന്നീടത് മാറ്റി. പഞ്ചാബ് യാത്രയില്‍ സഹോദരനായി ഒപ്പം കൂട്ടിയ പഞ്ചാബി പെണ്‍കുട്ടി സജ്നയുടെ പേര് ഉറപ്പിച്ചു. പിന്നീടറിഞ്ഞു, ഫിദ അവളുടെ മകന് ഇട്ട പേര്, മുഹ്യുദ്ദീന്‍.സഞ്ചാരത്തിന്റെ ആരംഭംകിഴിശ്ശേരിയിലെ പ്രമാണിയായിരുന്നു ഇല്ലിയന്‍ അഹമ്മദുകുട്ടി ഹാജി. മാളികവീട്ടില്‍ സ്വര്‍ഗീയ ജീവിതം നയിച്ചു ഹാജിയും മക്കളും.

പാകിസ്ഥാന്‍ പൗരത്വമുള്ള ഹാജിക്ക് സൗദിയില്‍ കച്ചവടമൊക്കെ ഉണ്ടായിരുന്നു. പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ട അദ്ദേഹത്തിന്റെ മരണം പെട്ടെന്നായിരുന്നു.അതോടെ മാളികവീടിനെ പട്ടിണി മൂടി. ചൂടുവെള്ളത്തില്‍ ഉപ്പിട്ടു കുടിച്ച് നേരം വെളുപ്പിച്ച ദിവസങ്ങള്‍. ബന്ധുക്കളുടെ അവഗണന. മൊയ്തുവിന്റെ മൂത്തസഹോദരി വീട്ടിലെ പട്ടിണി പുറംലോകമറിയാതിരിക്കാന്‍ ചകിരി ചുടുമായിരുന്നു. അടുപ്പെരിയുന്നുണ്ടെന്ന് നാട്ടുകാരെ അറിയിക്കാനുള്ള വിദ്യ. ബന്ധുക്കളുടെ അവഗണന തിരിച്ചറിയാനാകുന്ന പ്രായം. നിറം മങ്ങിയ കുപ്പായത്തിലും പിഞ്ഞിക്കീറിയ കള്ളിമുണ്ടിലും നഗ്നത മറച്ച കാലം. സ്ലേറ്റും പുസ്തകവും വാങ്ങാന്‍ കഴിയാതെ കൈയും വീശി സ്കൂളിലേക്ക്. അത് അധിക കാലം തുടര്‍ന്നില്ല. ദാരിദ്ര്യം കാരണം സ്കൂളിന്റെ പടിയിറങ്ങി, നാലാംക്ലാസില്‍വച്ച്. എങ്ങനെയോ കൈയില്‍ വന്ന ഇരുനൂറു രൂപയില്‍ 150 രൂപ പാവങ്ങള്‍ക്ക് ദാനംചെയ്തു. ബാക്കിയുള്ള 50 രൂപയുമായിട്ടായിരുന്നു യാത്ര തുടങ്ങിയത്. ഡല്‍ഹിയില്‍വച്ച് ഒരു സന്യാസി ഗീതാരഹസ്യം പകര്‍ന്നു. ഉത്തരേന്ത്യന്‍ യാത്രയില്‍ ഒരു പാതിരി ബൈബിള്‍ പരിചയപ്പെടുത്തി. മദ്രസയില്‍നിന്ന് പഠിച്ച അറബിയുടെ ബലത്തില്‍ ഖുറാനും ഹൃദിസ്ഥമാക്കി. പിന്നെ സന്യാസിമാരുടെയും സൂഫിവര്യന്മാരുടെയും സമ്പര്‍ക്കം ജീവിതത്തിന്റെ അനന്തമായ പാഠങ്ങള്‍ പഠിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെ തുടര്‍ന്ന യാത്ര.

ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും നാഗാലാന്‍ഡിലെയും ഉള്‍ഗ്രാമങ്ങള്‍, ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ മഖ്ബറ, അസമിലെ കാമാഖ്യ ക്ഷേത്രം, കശ്മീരിലെ ദര്‍ഗകള്‍, യുപിയിലെ അലഹാബാദും വാരാണസിയും പിന്നെ നൈിതാളും. പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അതിര്‍ത്തി കടക്കണമെന്ന് മോഹം തുടങ്ങിയത്. അട്ടാരിയില്‍വച്ച് സൈനികര്‍ പിടികൂടി മര്‍ദിച്ചു. അവിടന്ന് രക്ഷപ്പെട്ട് ഒടുവില്‍ ചെറുനാരകത്തോട്ടത്തിലൂടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. മനുഷ്യസ്രഷ്ടമായ അതിര്‍ത്തികളെ കൂസാതെയുള്ള സഞ്ചാരം അന്നു തുടങ്ങി. നല്ല മനുഷ്യരുടെ കാരുണ്യത്തില്‍ പല നാടുകള്‍ പല വേഷങ്ങള്‍. പഠിച്ചെടുത്തത് ഇരുപതോളം ഭാഷകള്‍. തിരച്ചു കിഴിശ്ശേരിയിലിറങ്ങുമ്പോള്‍ കീശയിലുണ്ടായിരുന്നത് പത്തു പൈസയുടെ നാലു തുട്ടുകള്‍. തീവ്രാനുഭവങ്ങള്‍ നിറച്ച പുസ്തകങ്ങള്‍1969ല്‍ പത്താംവയസ്സില്‍ തുടങ്ങിയ സഞ്ചാരത്തിന് അര്‍ധവിരാമമിടുന്നത് 1984 നവംബര്‍ ഒന്നിന്. തീവ്രാനുഭവങ്ങളെ മനസ്സിലൊളിപ്പിച്ച് തിരിച്ചെത്തിയ വര്‍ഷംതന്നെ സോഫിയ മൊയ്തുവിന് ഇണയായി.

തുര്‍ക്കിക്കാരി ഗോക്ചെന്നുമായുള്ള നിക്കാഹ് ഉറപ്പിച്ചതിന് കൃത്യം മൂന്നുവര്‍ഷത്തിനുശേഷം അതേ നവംബര്‍ ഒന്നിന്. നാട്ടില്‍ ചെറിയ തൊഴിലെടുത്ത് കുടുംബം പുലര്‍ത്തി. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും രണ്ടുഘട്ടങ്ങളായി സൗദിയില്‍ തൊഴിലെടുത്തു. ഈ ഘട്ടത്തിലാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി പുസ്തകങ്ങളിലേക്ക് പകര്‍ത്തുന്നത്. ഒന്നിനൊന്ന് മെച്ചമായ ഏഴു പുസ്തകങ്ങള്‍. ഖുറാനും ഗീതയും ബൈബിളും റൂമിയും ജിബ്രാനും ടാഗോറും ഒ എന്‍ വിയുമെല്ലാം വന്നുപോകുന്നുണ്ട് ഈ കൃതികളില്‍. ജീവിതാനുഭവങ്ങളുടെ കാര്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനേക്കാള്‍ മുമ്പനായ മൊയ്തുവിന്റെ ഈ മിസ്റ്റിക് രചനകള്‍ മലയാളത്തിലെ ഏത് സഞ്ചാരസാഹിത്യകൃതിയോടും കിടനില്‍ക്കും. പ്രണയിനികളുടെ ഓര്‍മകള്‍ നിറയുന്ന ദര്‍ദെ ജുദാഈ, സങ്കീര്‍ണമായ യാത്രാപഥങ്ങള്‍ വിവരിക്കുന്ന ലിവിങ് ഓണ്‍ ദ എഡ്ജ്, ദൂര്‍ കെ മുസാഫിര്‍, തുര്‍ക്കിയിലേക്കൊരു സാഹസികയാത്ര, ചരിത്രഭൂമികളിലൂടെ തുടങ്ങിയ ഏഴ് സഞ്ചാരവിവരണങ്ങള്‍ ഇനിയും നമ്മുടെ നിരൂപകരുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല. മൊയ്തുക്കയുടെ ഭാഷയില്‍ "എല്‍പി സ്കൂള്‍ ഫൈനല്‍' മാത്രം കഴിഞ്ഞ ഒരു ഏറനാട്ടുകാരന്റെ അനുഭവങ്ങളെയും രചനകളെയും ഇനി എന്നാകും നമ്മുടെ സാമ്പ്രദായിക ഭാഷാപണ്ഡിതര്‍ അംഗീകരിക്കുക.

വീട് ഒരു മ്യൂസിയംവഴിചോദിച്ച് ചെല്ലുമ്പോള്‍ "മൂപ്പര് വല്യ സഞ്ചാരിയല്ലേ?' എന്നും മറ്റുമുള്ള നിര്‍ദോഷമായ ഏറനാടന്‍ ചോദ്യങ്ങള്‍ താണ്ടിവേണം കിഴിശ്ശേരി കുഴിമണ്ണയിലെ റോസ്വില്ലയിലെത്താന്‍. അനേകം രാജ്യങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമഗ്രികള്‍ ശേഖരിച്ച ആ വീട് ഇന്ന് മനോഹരമയൊരു മ്യൂസിയം. അവയുടെ പുരാവസ്തുമൂല്യംതന്നെ കോടികള്‍ മതിക്കും. ഏത് ലേലത്തിലും വന്‍തുക കിട്ടാനിടയുള്ള ഈ അപൂര്‍വശേഖരത്തില്‍ ഒന്നാംലോകയുദ്ധത്തിലുപയോഗിച്ച ആയുധങ്ങളും 1921 കാലത്ത് ബ്രിട്ടീഷുകാരോട് നേര്‍ക്കുനേര്‍ എതിരിട്ട മാപ്പിളപ്പോരാളികളുടെ വാളും ഉറുമിയുമൊക്കെയുണ്ട്.

പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ഉപയോഗിച്ചതാണീ വാളും ഉറുമിയുമൊക്കെ. ഈ സമ്പന്നതയ്ക്കിടയിലും ചികിത്സയ്ക്ക് പണം തികയാതെ അരിഷ്ടിച്ച് ജീവിക്കുകയാണ് മഹത്തായ അനുഭവങ്ങളുടെ ഉടമയായ സഞ്ചാരി. ഈ മനുഷ്യന്റെ ജീവിതവും തീവ്രാനുഭവങ്ങളും അദ്ദേഹം ശേഖരിച്ച അമൂല്യവസ്തുക്കളും ഏഴു പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ അപൂര്‍വ സുന്ദരങ്ങളായ യാത്രാവിവരണങ്ങളും ഈ നാടിന്റെ സ്വത്താണെന്ന് തിരിച്ചറിയാന്‍ അധികാരികള്‍ക്ക് എന്നാണ് സന്മനസ്സുണ്ടാവുക?.
(എൻ എസ്‌ സജിത്‌ "ദേശാഭിമാനി' വാരാന്തത്തിൽ എഴുതിയത്‌ , 2015).


 

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive