Sunday, August 23, 2020

പൂക്കാതിരിക്കാനെനിക്കാവതില്ലേ...; അയ്യപ്പപ്പണിക്കരുടെ വേർപാടിന്‌ പതിനാലു വർഷം

 



മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പെന്ന് വിശേഷിപ്പി‌ക്കാവുന്ന യശഃശരീരനായ അയ്യപ്പപ്പണിക്കരുടെ വേർപാടിന്‌ പതിനാലു വർഷം തികയുന്നു. ജീവിച്ചിരുന്നെങ്കിൽ െസപ്‌തംബർ 12ന്‌ നവതി ആഘോഷിക്കുമായിരുന്ന കവിയുടെ നർമബോധത്തെയും ചിന്താതിളക്കത്തെയും വരച്ചിടുന്ന ഓർമക്കുറിപ്പ്


തനിയാവർത്തനങ്ങളിൽ തളംകെട്ടിനിന്ന കാവ്യനിയമങ്ങളുടെ തടവറയിൽനിന്ന്‌ കവിതയെ സ്വതന്ത്രമായി ഒഴുക്കിവിട്ട ജീവിതയാത്ര. സാഹിത്യലോകത്തെ രൂപനവീകരണത്തിന്റെ ഊടും‌ പാവും നെയ്‌ത മറ്റേതൊരു ആധുനിക കവിയേക്കാളും ആധുനികനായി ജീവിച്ചു അയ്യപ്പപ്പണിക്കർ. 1960-ൽ ആധുനികതയുടെ വരവറിയിച്ച ‘കുരുക്ഷേത്രം.’ തുടർന്ന് അസംഖ്യം കവിതകൾ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഗദ്യവിവർത്തനങ്ങൾ. സാംസ്‌കാരിക കേരളം സമ്പന്നമായ കാലം.


വിശ്വസാഹിത്യ സമ്മേളനത്തിൽ, മലയാളത്തെ പ്രതിനിധീകരിച്ചു, പലവട്ടം. ‘അധ്യാപകർക്കിടയിലെ രാജകുമാരൻ’ എന്നാണ് ടി എൻ ജയചന്ദ്രന്റെ വിശേഷണം. ശിഷ്യരുടെ ആശയങ്ങളെ ആവുംവിധം പ്രോത്സാഹിപ്പിച്ചു. ക്ലാസ്‌ കഴിഞ്ഞ് രാത്രി ഒമ്പതുവരെ സായാഹ്‌ന ക്ലാസിൽ പഠിപ്പിച്ചിരുന്നു. കേരള സർവകലാശാലയുടെ വൈസ്‌ചാൻസലർ പദവി നിരസിച്ചതും‌ അതുകൊണ്ടുതന്നെ.


ഒരിക്കൽ സാമുവൽ ബക്കറ്റിന്റെ ‘വെയ്റ്റിങ്‌ ഫോർ ഗോദോ’ മൊഴിമാറ്റാൻ കടമ്മനിട്ടയുമായി ചർച്ച. ഒരു ഇംഗ്ലീഷ് പദത്തിന്റെ അർഥംതേടി ഓക്‌സ്‌ഫഡ് നിഘണ്ടു പരതുകയാണ്‌ പണിക്കർ. അതിലൊരു അക്ഷരത്തെറ്റ്. ഉടനെഴുതി ഓക്‌‌സ്‌ഫഡ് യൂണിവേഴ്സിറ്റി പ്രസ്സിന്‌. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി പറഞ്ഞും തെറ്റിന്‌ ക്ഷമചോദിച്ചും പണിക്കർസാറിന് വൈകാതെ ഒയുപിയുടെ മറുപടി വന്നു.


ആത്മകഥനം നടത്താത്ത, അഭിമുഖങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയ കവി തന്റെ കാവ്യദർശനങ്ങളോട് ആഭിമുഖ്യവും വിപ്രതിപത്തിയുമുള്ളവരോട് സമചിത്തതയോടെ പെരുമാറി. ചിന്താവെളിച്ചമുള്ള നർമബോധവും ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയും നിരുപദ്രവമായി പ്രയോഗിക്കുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു.


കവി വല്ലതും ഉദ്ദേശിച്ചുകാണും

കടമ്മനിട്ടയും എം ഗംഗാധരനും അയ്യപ്പപ്പണിക്കരും ചേർന്ന് കേരള കവിത പ്രസിദ്ധീകരിക്കുന്ന കാലം. പ്രൂഫ് നോട്ടത്തിനിടയിൽ അക്ഷരത്തെറ്റു കണ്ടാൽ പണിക്കർസാർ ഉടൻ പറയും. ‘അതുകൊണ്ട് കവി വല്ലതും ഉദ്ദേശിച്ചു കാണും.’


വയ്യപ്പപ്പണിക്കർ

ഒരിക്കൽ കിടപ്പിലായപ്പോൾ സൗഹൃദച്ചിരിയുമായെത്തിയ പത്രഫോട്ടോഗ്രാഫർ ക്യാമറ ക്ലിക്ക് ചെയ്‌തപ്പോൾ, പണിക്കർ സാർ പറഞ്ഞു. ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് ഞാൻ പറയാം, “വയ്യപ്പപ്പണിക്കർ.”


ലോങ് ഹെയർ ഫ്ലൂട്ട്

നെടുമുടി വേണുവുമായി ഇഴയടുപ്പമുള്ള സ്‌നേഹബന്ധമായിരുന്നു കവിക്ക്‌. ആംഗലേയ മോടിക്കുവേണ്ടി മാതൃഭാഷയെ പാശ്ചാത്യവൽക്കരിക്കുന്ന പ്രവണത പരിഹസിക്കാൻ കണ്ടെത്തിയ പേര്‌ പ്രിയസുഹൃത്ത് നെടുമുടി വേണുവിന്റേത്‌. പരിഭാഷ ഇങ്ങിനെ: ‘ലോങ് ‌ഹെയർ ഫ്ലൂട്ട്.’അസാധാരണമായ ഫലിതബോധവും മുനകൂർത്ത സാമൂഹ്യവിമർശനവും അയ്യപ്പപ്പണിക്കരുടെ രചനയുടെ ഉൾക്കരുത്തായിരുന്നു. ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ’ എന്നുതുടങ്ങുന്ന കവിത പൊതുബോധത്തിന്റെ മാമൂലുകൾക്കുനേരെ തൊടുത്ത ശരങ്ങളാണ്.


വീണെബ്രഹാം-

ജോൺ എബ്രഹാമുമായി ആത്മസൗഹൃദം പുലർത്തിയിരുന്നു പണിക്കർ. ചില വേളകളിൽ അമിതമായി മദ്യപിച്ച്, വഴിയോരങ്ങളിൽ വീണുപോകുന്ന ജോണിനുമിട്ടു ഒരു സ്‌നേഹവിളിപ്പേര്, “വീണെബ്രഹാം.”


പനിക്കരല്ലേ... പനിവരും-

മരണം വന്ന് വിളിക്കുന്നതിന് കുറച്ചുനാൾ മുന്നെ അദ്ദേഹത്തെ സുഹൃത്ത് എം ഗംഗാധരൻ ഫോണിൽ വിളിച്ചു. “വയ്യ... ഗംഗാധരാ, പനിയാണ്.‌” ‘‘അയ്യോ എങ്ങിനെ പിടിപെട്ടു?’’ എന്ന അന്വേഷണത്തിന് കവിയുടെ മറുപടി: “പനിക്കരല്ലേ ഗംഗാധരാ പനിവരും.”


പുറമെ വെളുത്തിട്ട് എന്തുകാര്യം?-

ഒരു സന്ധ്യക്ക്‌ സന്യാസിമഠത്തിലെ ഒരു സംഘം, പണിക്കർസാറിന്റെ വീട്ടിലെത്തി. വീട്ടിനകത്തും പുറത്തും വെളിച്ചമില്ലാത്തതിനാൽ അവർ മടങ്ങാനൊരുങ്ങി. ഇതിനിടെ കൂട്ടത്തിലൊരാൾ കോളിങ് ബെല്ലടിച്ചു. പണിക്കർ വാതിൽ തുറന്നു. സന്യാസിമാരെ അകത്തേക്ക്‌ ക്ഷണിച്ചിരുത്തി. സന്യാസിമാരിലൊരാൾ ചോദിച്ചു ‘മുന്നിൽ ലൈറ്റിടാത്തതെന്താ?’ മന്ദഹാസത്തോടെ, തത്വചിന്താപരമായി കവി പറഞ്ഞു. “അകത്തല്ലേ സ്വാമീ വെളിച്ചം വേണ്ടത്? പുറമെ വെളുത്തിട്ട് എന്തുകാര്യം?”


കേരളീയ സാംസ്‌കാരിക ഇടങ്ങളിൽ നവഭാവുകത്വത്തിന്റെ ഉണർവും ഉറവയുമായി നിലകൊണ്ട പണിക്കർ 2006 ആഗസ്‌ത്‌ 23നാണ്‌ വിടവാങ്ങിയത്‌. പ്രകൃതിയുടെ പ്രതികൂല കാലാവസ്ഥയിലും പൂക്കുന്ന കർണികാരങ്ങളെക്കുറിച്ച് പാടിയ അതിജീവനത്തിന്റെ മനസ്സാണ് അയ്യപ്പപ്പണിക്കരുടെ കാവ്യദർശനങ്ങളിലുള്ളത്‌. ‘ഉണങ്ങിക്കരിഞ്ഞെന്നു തോന്നും മുനമ്പിൽ തെളിയുന്നു പൊന്നിൻ പതക്കങ്ങൾ’ എന്ന കാവ്യാക്ഷരങ്ങളിൽ കനലായി എരിയുന്നത് പ്രത്യാശാനിർഭരമായ നാളെകൾ.---


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive