Wednesday, April 15, 2020

കൊച്ചിയെ കടൽത്തീരത്ത് ഉറപ്പിച്ചയാൾ; ധീരനെങ്കിലും കാക്കയെ പേടിച്ച ബ്രിസ്റ്റോ



കൊച്ചി ഭാഗ്യജാതകം കുറിച്ചിട്ടു നാളേക്ക് 100 വർഷം. തുരുത്തുകളും പച്ചപ്പുമായി, കാലം നിശ്ചലമാക്കിയൊരു കായൽക്കരയിലേക്ക്  സർ റോബർട് ബ്രിസ്റ്റോ വന്നിറങ്ങിയത് 1920 ഏപ്രിൽ 13ന് ആയിരുന്നു. കായലിലും ചതുപ്പിലുമായി ആണ്ടുകിടന്ന വിശാലമായൊരു കരയെ, നൂറ്റാണ്ടുകൾ  പഴക്കമുള്ള പഴയ കൊച്ചിയുമായി  കൂട്ടിയിണക്കി പുതിയൊരു തുറമുഖം കെട്ടിയുയർത്തിയ മനുഷ്യന്റെ വരവിനാണ് നൂറ്റാണ്ടു തികയുന്നത്....

ചരിത്രം തിരുത്തിയ ആ വരവ് 

ജന്മനാടായ ഇംഗ്ലണ്ടിൽനിന്ന്, കേട്ടുകേൾവി മാത്രമുള്ള അതിവിദൂരമായൊരു നാട്ടിലേക്ക് ആവിക്കപ്പൽ സൈറൺ മുഴക്കി നീങ്ങിയപ്പോൾ കൊച്ചിയുടെ ജാതകം തെളിഞ്ഞു. മാസങ്ങൾക്കു ശേഷം മദിരാശിയിൽനിന്നു കരിയും പുകയും തുപ്പി കിതച്ചുവന്നുനിന്ന കരിവണ്ടിയിൽനിന്നു റെയിൽവേ സ്റ്റേഷനിലേക്ക് ആ യുവാവു കാലെടുത്തുവച്ചപ്പോൾ കൊച്ചി തുറമുഖത്തിന്റെ ചരിത്രം പിറന്നു.

കേരളത്തിലേക്കു പൊന്നും പണവും വന്നത്, കപ്പലുകൾ അടുത്തത്, വിമാനമിറങ്ങിയത്... ബ്രിസ്റ്റോയുടെ സ്വപ്നങ്ങളിലാണ്. അന്നു നിർമിച്ചതിനോളം വലുതായി മറ്റൊന്നും കൊച്ചിയിലുണ്ടായിട്ടില്ല. സർ റോബർട് ബ്രിസ്റ്റോ, കൊച്ചിയെ കടൽത്തീരത്തുറപ്പിച്ച, ചരിത്രത്തിൽ അത്രമേൽ ഉറച്ചുപോയൊരു പേര്.

ഒരു മഹാപ്രളയത്തിന്റെ ഓർമകളാണു കൊച്ചിയുടെ ഭൂതകാലം. 1341ലെ പ്രളയത്തിൽ പെരിയാർ ഗതിമാറിയൊഴുകി. കൊടുങ്ങല്ലൂരിലെ അതിപുരാതന മുസിരിസ് തുറമുഖം ചരിത്രത്തിൽ മറഞ്ഞു. കേരളത്തിന്റെ സമുദ്രകവാടമായിരുന്ന മുസിരിസിനെ തിരിച്ചെടുത്ത പ്രളയം പുതിയതൊന്നു സമ്മാനിച്ചു, കൊച്ചി.

1920കളിൽ എറണാകുളം കരയിൽനിന്നു നോക്കിയാൽ അങ്ങപ്പുറത്തു മട്ടാഞ്ചേരി കാണാം. ആ കാഴ്ച മറയ്ക്കാനുള്ള വരവായിരുന്നു ആ ബ്രിട്ടിഷുകാരൻ ഹാർബർ എൻജിനീയറുടേത്. കായലിൽ കപ്പൽച്ചാലുണ്ടാക്കി, ചെളികോരി പുതിയൊരു ദ്വീപുണ്ടാക്കി ബ്രിസ്റ്റോ കൊച്ചി തുറമുഖമുണ്ടാക്കി, ആധുനിക കൊച്ചി നഗരമുണ്ടാക്കി.

കൊച്ചി തീരത്തുനിന്നു 4 കിലോമീറ്റർ അപ്പുറത്തു പുറങ്കടലിൽ കപ്പലുകൾ നങ്കൂരമിടും. ചരക്കുകൾ പത്തേമാരിയിൽ കയറ്റി കപ്പലിലെത്തിക്കണം, തിരിച്ചും. ഇൗ അസൗകര്യം ഒഴിവാക്കാൻ ഉൾത്തുറമുഖം നിർമിക്കണമെന്ന് 1870ൽ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റായിരുന്ന ജെ.എച്ച്. ആസ്പിൻവാൾ നിർദേശം വച്ചു. കൊച്ചി തുറമുഖം വികസിപ്പിച്ചെടുത്താൽ ദൈർഘ്യമേറിയ ഫാർ ഇൗസ്റ്റ് റൂട്ടിൽ കപ്പലുകൾക്കു കൽക്കരി നിറയ്ക്കാനുള്ള ഇടത്താവളമായി ഉപയോഗിക്കാം എന്നതായിരുന്നു ലക്ഷ്യം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലൊരു നേർരേഖ വരച്ചാൽ അതിനോട് ഏറ്റവും ചേർന്നുവരുന്നതു കൊച്ചി തുറമുഖമാണ്.

1918ൽ ബ്രിട്ടനിലെ പത്രങ്ങളിൽ ഒരു പരസ്യം വന്നു. ഇന്ത്യയിൽ ഹാർബർ എൻജിനീയറായി ജോലിചെയ്യാൻ താൽപര്യമുള്ള 40 വയസ്സിനു താഴെയുള്ളവരെ ക്ഷണിച്ചുകൊണ്ട്. 1900 പവൻ ശമ്പളം. ലണ്ടൻ കോളജിൽനിന്നു സിവിൽ എൻജിനീയറിങ് കഴിഞ്ഞ ബ്രിസ്റ്റോയെ അതിനു തിരഞ്ഞെടുത്തു. മദ്രാസ് ആയിരുന്നു താവളം. മദ്രാസിൽ നിന്നു കൊച്ചിയിലേക്കു ട്രെയിനിൽകയറി 1920 ഏപ്രിൽ 13നു ബ്രിസ്റ്റോ കൊച്ചിയിലെത്തി.

ഇപ്പോഴത്തെ ഹൈക്കോടതിക്കു പിന്നിലാണ് അന്നു റെയിൽവേ സ്റ്റേഷൻ. അതിന്റെ അവശിഷ്ടങ്ങളും പാളങ്ങളും ഇപ്പോഴും ശേഷിക്കുന്നു. അവിടെനിന്നു തന്നെ ബ്രിസ്റ്റോ മട്ടാഞ്ചേരിയും അഴിമുഖവും കണ്ടു. ഫോർട്ടുകൊച്ചിയിലേക്കു കരമാർഗം സഞ്ചാരപാതയില്ല. ജെട്ടിയിൽനിന്നു വാസ്കോ ബോട്ടിൽ ഫോർട്ടുകൊച്ചിയിലേക്ക്.

അഴിമുഖത്തെ മൺതിട്ട നീക്കാനാവുമോ? നീക്കിയാൽത്തന്നെ ആഴം ഉറപ്പിക്കാനാവുമോ? ബ്രിസ്റ്റോ വരുംമുൻപു തന്നെ കൊച്ചി തുറമുഖത്തിന്റെ ഭാവിയെക്കുറിച്ചുള്ള രണ്ടു ചോദ്യങ്ങൾ പ്രബലമാണ്. മദ്രാസ്, കൊളംബോ തുറമുഖങ്ങൾ നിർമിച്ചവർ കുറിച്ചിട്ട വാക്കുകൾ.


ഡൊറോത്തി എന്ന സുന്ദരിബോട്ട് 

കാറും കോളും നിറഞ്ഞ കാലത്ത് അഴിമുഖത്തേക്കു നീങ്ങുന്ന പത്തേമാരികളെ നോക്കി റോബർട് ബ്രിസ്റ്റോ, ഭാവിയിൽ തുറമുഖമായേക്കാവുന്ന കൊച്ചിയുടെ അളവുകൾ മനസ്സിൽ കുറിച്ചിട്ടു. ജെട്ടിയിലെ തെങ്ങിൻകുറ്റിയിൽ കെട്ടിയിട്ടൊരു ബോട്ട് ബ്രിസ്റ്റോയെ കാത്തുകിടന്നു. 20 അടി നീളത്തിൽ തേക്കിൻകാതലിൽ പണിതെടുത്ത ബോട്ട്. പിത്തളപ്പാളികളാൽ അലകുപിടിപ്പിച്ച സുന്ദരിബോട്ടിനു ബ്രിസ്റ്റോ പേരിട്ടു, ഡൊറോത്തി. ഇംഗ്ലണ്ടിൽനിന്നു പോരുമ്പോൾ കണ്ണുനിറഞ്ഞുപോയ കുഞ്ഞുപെങ്ങളുടെ പേര്. കൊച്ചി തുറമുഖം നിർമിക്കാനുള്ള യാത്രയിൽ ബ്രിസ്റ്റോയ്ക്കു ഡൊറോത്തി കൂട്ടായി. 10 ദിവസം കായലി‍ൽ ചുറ്റിനടന്നു. അഴിമുഖത്തെ മൺതിട്ട പരിശോധിച്ചു. കടുംനിറം കലർത്തിയ അറക്കപ്പൊടികൾ നിറച്ച ബക്കറ്റുകളും കൂടെക്കരുതി. ഒഴുക്കുചാലുകളിൽ പൊടി വിതറി. അതിന്റെ ഒഴുക്കനുസരിച്ച് അഴിമുഖത്തേക്കു ചെളിയൊഴുകുന്ന ചാലുകൾ കണ്ടു. വെള്ളം നിശ്ചലമായ ചില സ്ഥലങ്ങളിൽ ചെറുതുരുത്തുകൾ നിർമിച്ചാൽ അഴിമുഖത്തേക്കുള്ള എക്കൽ ഒഴുക്ക് ഒഴിവാക്കാമെന്നു മനസ്സിലാക്കി.

കൊച്ചിക്കായലിൽ അന്നു വെണ്ടുരുത്തിയെന്നൊരു ദ്വീപുണ്ട്. പുരാതന ക്രിസ്ത്യൻ ദേവാലയവും കുഷ്ഠരോഗികളെ പാർപ്പിക്കുന്നൊരു കേന്ദ്രവും. വളരെക്കുറച്ച് ആളുകളും. ഒരു ടൺ ചെളിനീക്കാൻ 9 അണ കൂലിക്ക് മന്നാർ എന്ന ഡ്രജറുമായി തുറമുഖത്തിന്റെ നിർമാണം തുടങ്ങി. 

ആദ്യം ദ്വീപിന്റെ വടക്കേയറ്റം 10 ഏക്കർ നികത്തിയെടുത്തു. 1923 ആയപ്പോഴേക്കും 6200 അടി നീളവും 150 അടി വീതിയും 18 അടി ആഴവുമുള്ള ഒരു ബർത്ത് തയാറായി. മണ്ണുവാരിവാരി മന്നാർ പൊളിഞ്ഞപ്പോൾ ഒരു ജർമൻ ഡ്രജർ കൊണ്ടുവന്നു. കോരിയെടുത്ത ചെളി വാത്തുരുത്തിക്കു ചുറ്റും നിറച്ചുകൊണ്ടിരുന്നു. അതങ്ങനെ 900 ഏക്കർ വിസ്തൃതിയുള്ള വലിയൊരു കരയായി മാറി. നികത്തിയെടുത്ത കരയെ എറണാകുളവും ഫോർട്ടുകൊച്ചിയുമായി ബന്ധിപ്പിക്കാൻ ബ്രിസ്റ്റോ 2 പാലങ്ങൾ പണിതു. വെണ്ടുരുത്തിപ്പാലവും മട്ടാഞ്ചേരിപ്പാലവും. കപ്പലുകൾ വരുമ്പോൾ നടുഭാഗം ഉയർത്തിമാറ്റാനാവുന്നതായിരുന്നു മട്ടാഞ്ചേരിപ്പാലം. പകരക്കാർ വന്നെങ്കിലും ബ്രിസ്റ്റോ പണിത രണ്ടു പാലങ്ങളും  ഇന്നും  ആരോഗ്യത്തോടെ ശിരസ്സുയർത്തി നിൽക്കുന്നു.

ഫോർട്ടുകൊച്ചിയിലെ ബംഗ്ലാവിൽ മഴയും മഞ്ഞും നോക്കിയിരിക്കുമ്പോൾ മനസ്സിൽ വരച്ചിട്ട തുറമുഖത്തിന്റെ ചിത്രം അപ്പോഴും യാഥാർഥ്യമായിരുന്നില്ല. 1926ൽ പുതിയൊരു മണ്ണുമാന്തിക്കപ്പൽ വാങ്ങി. വില്ലിങ്ഡൻ പ്രഭുവിന്റെ ഭാര്യയുടെ പേരു നൽകി – ലേഡി വില്ലിങ്ഡൻ. 1930 ആയപ്പോഴേക്കും കപ്പൽച്ചാലിന്റെ ആഴം 30 മീറ്ററായി. 1936 ഓഗസ്റ്റ് ഒന്നിനു കൊച്ചി തുറമുഖം മേജർ പോർട്ട് ആയി പ്രഖ്യാപിച്ചു. ബ്രിട്ടിഷ് ഇന്ത്യാ സർക്കാർ തുറമുഖ നിയന്ത്രണം ഏറ്റെടുത്തു. തുറമുഖത്തിന്റെ ആദ്യ അഡ്മിനിസ്ട്രേറ്ററായി ബ്രിസ്റ്റോയെ നിയമിച്ചു.

മട്ടാഞ്ചേരി ചാനലിൽ 1939ൽ രണ്ടു കാർഗോ ബർത്തു കൂടി തുറന്ന് 1941ൽ സർ റോബർട് ബ്രിസ്റ്റോ ഇന്ത്യയിൽ നിന്നു മടങ്ങി. അതും ഒരു 13നു തന്നെയായിരുന്നു. ബ്രിട്ടിഷുകാർക്കെന്നല്ല, ഒരുവിധം യൂറോപ്യൻമാർക്കെല്ലാം പേടിയുള്ള സംഖ്യയാണ് 13. പക്ഷേ, ബ്രിസ്റ്റോയ്ക്ക് അത് ഇഷ്ടമായിരുന്നു. കൊച്ചിയിൽ വന്നത് ഏപ്രിൽ 13ന്. ജനനം 1880 ഡിസംബർ 13ന്. വില്ലിങ്ഡൻ ഐലൻഡിൽ അദ്ദേഹം പണികഴിപ്പിച്ച മലബാർ ഹോട്ടലിന്റെ (ഇന്ന് താജ് മലബാർ) 13–ാം നമ്പർ മുറിയിലായിരുന്നു ഏറെക്കാലം താമസം.

വെണ്ടുരുത്തി ദ്വീപിനെയും തൊട്ടപ്പുറത്തുകിടന്ന കാൻഡിൽ ദ്വീപിനെയും ബന്ധിപ്പിച്ചും പച്ചത്തുരുത്തുകൾ ബന്ധിപ്പിച്ചും ബ്രിസ്റ്റോ നികത്തിയെടുത്ത പ്രദേശമാണ് ഇന്നത്തെ വില്ലിങ്ഡൻ ഐലൻഡ്. പുറംകടലിൽ നിന്നു ഉള്ളിലേക്കു മാറിക്കിടക്കുന്ന ഇൗ തുറമുഖത്തേക്കു കടലിന്റെ പ്രകമ്പനങ്ങളൊന്നുമില്ല, സുരക്ഷിതം. കപ്പലുകൾ മാത്രമല്ല, വിമാനങ്ങളും ഇവിടെയിറങ്ങി. വില്ലിങ്ഡൻ ഐലൻഡിലാണു നാവികസേനാ ആസ്ഥാനം സ്ഥാപിച്ചത്. ഏറെക്കാലം കൊച്ചി വിമാനത്താവളം ഇവിടെയായിരുന്നു.


മനസ്സുകളിലേക്ക് നീണ്ട പാലം 

തുറമുഖം മാത്രമല്ല, മലബാർ ഹോട്ടലും ലോട്ടസ് ക്ലബ്ബും ബ്രിസ്റ്റോയുടെ പേരിനോടു ചേർത്തു വായിക്കാം. തുറമുഖത്തേക്കു റെയിൽവേ കൊണ്ടുവന്നതും അദ്ദേഹമാണ്. വില്ലിങ്ഡൻ ഐലൻഡിൽനിന്ന് ഇരുകരകളിലേക്കും 2 പാലങ്ങൾ മാത്രമല്ല, കൊച്ചിക്കാരുടെ മനസ്സുകളിലേക്കും പാലം പണിതാണ് ബ്രിസ്റ്റോ മടങ്ങിയത്. നാട്ടുകാർക്ക് അദ്ദേഹത്തെ അത്ര ഇഷ്ടമായിരുന്നു.

എങ്കിലും ബ്രിസ്റ്റോ പണിത പാലത്തിലൂടെ പോകാൻ നാട്ടുകാർക്കു പേടിയായിരുന്നു. വെണ്ടുരുത്തിപ്പാലത്തിന്റെ ഉദ്ഘാടനവേളയിൽ പാലത്തിൽ ആനകളെ നിരത്തി, പാലത്തിനു താഴെക്കൂടി ബോട്ടിൽ സഞ്ചരിച്ചാണു ബ്രിസ്റ്റോ നാട്ടുകാരെ പാലത്തിന്റെ ഉറപ്പു ബോധ്യപ്പെടുത്തിയത്. എന്നിട്ടും ബ്രിസ്റ്റോയും ഭാര്യയും കൂടി കാറിൽ അതുവഴി സഞ്ചരിക്കുന്നതു വരെ ജനം കാത്തുനിന്നു, പാലമൊന്നു കടക്കാൻ.

ധീരനായിരുന്നെങ്കിലും ബ്രിസ്റ്റോയ്ക്കു കാക്കകളെ പേടിയായിരുന്നു. കൊച്ചി തുറമുഖത്തു കാക്കകളെ ഓടിക്കാൻ മാത്രം അദ്ദേഹം ഒരു ജീവനക്കാരനെ നിയമിച്ചിരുന്നു. 1941 മേയ് 13നു കൊച്ചി തുറമുഖത്തിന്റെ ചുമതലയൊഴിഞ്ഞു തിരിച്ചുപോയ ബ്രിസ്റ്റോ, 1966ൽ മരിച്ചു. ബ്രിസ്റ്റോയ്ക്കു കൊച്ചിയിൽ സ്മാരകങ്ങളൊന്നുമില്ല. ഇൗ അക്ഷരങ്ങളും പഴയ മനസ്സുകളിലെ ചില ഓർമച്ചിത്രങ്ങളും മാത്രം.

manoramaonline.com | April 12, 2020 03:20 AM


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive