മന്നത്ത്‌ പത്മനാഭന്റെ അമ്പതാം ചരമവാർഷികമാണ്‌ . അദ്ദേഹം ഇന്ന്‌ ഓർമിക്കപ്പെടുന്നത്‌ എൻഎസ്‌എസ്‌ എന്ന നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനേതാവ്‌ എന്ന നിലയ്‌ക്കാണ്‌. സ്ഥാപിക്കപ്പെട്ട കാലംമുതൽ 31 വർഷം തുടർച്ചയായി അദ്ദേഹം ആയിരുന്നു അതിന്റെ സെക്രട്ടറി. തുടർന്ന്‌ മൂന്നുവർഷം പ്രസിഡന്റ്‌. ശേഷിച്ച അദ്ദേഹത്തിന്റെ ജീവിതകാലത്തെ 22 വർഷങ്ങളിലും എൻഎസ്‌എസിനെ ഏറ്റവും സ്വാധീനിക്കുകയും നിയന്ത്രിക്കുകയുംചെയ്‌ത വ്യക്തിയും മന്നംതന്നെയായിരുന്നു. സംഘടനാപരമായും സാമ്പത്തികമായും അദ്ദേഹം ഒരുക്കിയ ഉറച്ച തറയിലായിരുന്നു കഴിഞ്ഞ 50 വർഷവും എൻഎസ്‌എസ്‌ വളർന്നത്‌.
അപൂർണമായ പ്രാഥമികവിദ്യാഭ്യാസംമാത്രം നേടാനേ തന്റെ പരിമിതമായ കുഗ്രാമ ജീവിതസാഹചര്യത്തിൽ കുട്ടിക്കാലത്ത്‌ മന്നത്ത്‌ പത്മനാഭപിള്ളയ്‌ക്ക്‌ കഴിഞ്ഞുള്ളൂ. എന്നിട്ടും അദ്ദേഹത്തിന്‌ ആദ്യം ലഭിച്ച ജോലി പ്രൈമറി സ്‌കൂൾ അധ്യാപകന്റേതായിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം വക്കീൽ പരീക്ഷ പാസായി ചങ്ങനാശേരിയിൽ വക്കീലായി.
അക്കാലത്താണ്‌ ആ പ്രദേശത്തുള്ള ചിലർ നായന്മാരുടെ ഒരു കരയോഗം സ്ഥാപിക്കുന്നതിൽ മന്നത്തെ പങ്കാളിയാക്കിയത്‌. അദ്ദേഹത്തെ അവർ അതിന്റെ സെക്രട്ടറിയാക്കി. സമുദായത്തിന്റെ സമഗ്രവളർച്ചയ്‌ക്ക്‌ അനുയോജ്യം ഒരു സർവീസ്‌ സൊസൈറ്റിയാണ്‌ എന്നുകണ്ട്‌ മന്നവും അക്കാലത്ത്‌ ചങ്ങനാശേരിയിൽ സ്‌കൂൾ അധ്യാപകജോലി നോക്കിയിരുന്ന കെ കേളപ്പനും മുൻകൈയെടുത്ത്‌ എൻഎസ്‌എസ്‌ രൂപീകരിച്ചു. കേളപ്പൻ സ്ഥാപക പ്രസിഡന്റും മന്നം സെക്രട്ടറിയുമായി. എൻഎസ്‌എസിന്റെ വളർച്ചയ്‌ക്കും അതിൽ അംഗങ്ങളെ ചേർക്കുന്നതിനും അതിന്‌ സമ്പത്ത്‌ ഉണ്ടാക്കി സമുദായത്തിന്റെ അത്താണിയാക്കുന്നതിനും ആദ്യകാലത്ത്‌ മന്നം നടത്തിയ പ്രവർത്തനം സമാനതകൾ ഇല്ലാത്തതായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ കേരളീയസമൂഹത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രധാനം അദ്ദേഹം ഏർപ്പെട്ട്‌ നടത്തിയ സാമൂഹ്യപരിഷ്‌കാരങ്ങളാണ്‌. സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു തുടങ്ങിയ ആ കാലഘട്ടത്തെ സാമൂഹ്യപരിഷ്‌കർത്താക്കൾ സമൂഹ കാഴ്‌ചപ്പാടിലും ആചാരാനുഷ്‌ഠാനങ്ങളിലും വലിയ മാറ്റങ്ങൾക്കിടയാക്കി. ഇപ്പോൾ ആർഎസ്‌എസും ബിജെപിയും പുനഃപ്രതിഷ്‌ഠിക്കാൻ ശ്രമിക്കുന്ന മനുസ്‌മൃതിയുടെ ആചാരവ്യവസ്ഥകൾ കാലഹരണപ്പെട്ടവയാണ്‌ എന്ന്‌ സ്വാമിയും ഗുരുവും പറഞ്ഞതിനെ മന്നം ആവർത്തിച്ചു. അന്നത്തെ രാജാവ്‌ ശ്രീമൂലം തിരുനാളും ബ്രാഹ്‌മണരും അവയെ അടിസ്ഥാനമാക്കി അതുവരെ നിലനിന്ന ആചാരങ്ങൾ തുടരണമെന്ന്‌ കൽപ്പിച്ചപ്പോൾ മന്നത്തിന്റെ നേതൃത്വത്തിൽ എൻഎസ്‌എസ്‌ അതിനെ പരാജയപ്പെടുത്തി. ഇന്നത്തെ എൻഎസ്‌എസ്‌ നേതൃത്വം ചെയ്യുന്നത്‌ അന്ന്‌ മന്നത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ സാമൂഹ്യപരിഷ്‌കാരങ്ങളെ നിഷേധിക്കുകയാണ്‌.
അങ്ങനെ നായന്മാർക്ക്‌ പ്രത്യേകമായി നിശ്‌ചയിച്ചിരുന്ന പുല ആചരണം, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങൾ നിർത്തലാക്കുന്നതിന്‌ മന്നം പ്രേരിപ്പിച്ചു. മാത്രമല്ല, നായർ ജാതിയിലെ നിരവധി അവാന്തരവിഭാഗങ്ങൾ തമ്മിൽ പാലിച്ചുവന്ന ഭേദങ്ങൾ വർജിച്ച്‌ ഒരൊറ്റ സമുദായമായി ഐക്യപ്പെടാൻ മന്നത്തിന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങളോട്‌ എൻഎസ്‌എസ്‌ ആഹ്വാനം ചെയ്‌തു. ആചാരാനുഷ്‌ഠാനങ്ങളിൽ അക്കാലത്ത്‌ കേരളത്തിലെ ജാതികളിലാകെ വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇങ്ങനെ കാലോചിതമായ മാറ്റങ്ങൾക്കൊപ്പം അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന്‌ സമുദായത്തെക്കൊണ്ട്‌ ആവശ്യപ്പെടുന്നതിന്‌ മന്നം നേതൃത്വം നൽകി. 1924 ലെ വൈക്കം സത്യഗ്രഹം, 1931ലെ ഗുരുവായൂർ സത്യഗ്രഹം എന്നിവയിൽ മന്നം സജീവമായി പങ്കുകൊണ്ടു. ഒരുവശത്ത്‌ എസ്‌എൻഡിപി, മറുവശത്ത്‌ യോഗക്ഷേമസഭ എന്നിവയുമായി മന്നം എൻഎസ്‌എസ്‌ സെക്രട്ടറി എന്ന നിലയിൽ ഇക്കാര്യത്തിൽ കൈകോർത്തു. തന്റെ കുടുംബക്ഷേത്രം പിന്നോക്ക ജാതിക്കാർക്കായി തുറന്നുകൊടുത്ത ശേഷമാണ്‌ മന്നം മറ്റ്‌ ക്ഷേത്രങ്ങളിലും അവരെ പ്രവേശിപ്പിക്കണം എന്ന്‌ ആവശ്യപ്പെട്ടത്‌. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള സവർണജാഥ നയിച്ചത്‌ മന്നമായിരുന്നു.
അതേസമയം ഇക്കാര്യത്തിൽ അയ്യൻകാളിയുടെ സാധുജന പരിപാലനസംഘം പോലെയുള്ള സംഘടനകളോട്‌ എസ്‌എൻഡിപി യോഗം കാണിച്ച ആഭിമുഖ്യം മന്നം കാണിച്ചില്ല. കുറച്ചുകാലം ശ്രീമൂലം അസംബ്ലിയിൽ അംഗമായിരുന്നപ്പോൾ മന്നം ഇത്തരം ആവശ്യങ്ങൾക്കും നായർ സമുദായത്തെ നിയന്ത്രിച്ചിരുന്ന നിയമ ചട്ട ഭേദഗതിക്കുമായി യത്‌നിച്ചിരുന്നു.
സി പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ നയം നടപ്പാക്കാൻ ശ്രമിച്ചതിന്റെ അവസാനഘട്ടത്തിൽ മന്നം അതിനെതിരെ പരസ്യമായി രംഗത്തുവന്നു. എൻഎസ്‌എസ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചൊഴിഞ്ഞ ശേഷമായിരുന്നു അത്‌. അതിന്റെപേരിൽ മന്നം അറസ്റ്റ്‌ ചെയ്യപ്പെടുകയും കേസിൽ ശിക്ഷിക്കപ്പെട്ട്‌ പൂജപ്പുര ജയിലിൽ അടയ്‌ക്കപ്പെടുകയുംചെയ്‌തു. അതായിരുന്നു മന്നം പരസ്യമായി രാഷ്‌ട്രീയരംഗത്തുവന്ന ആദ്യ അവസരം.
നൂറ്റാണ്ടുകളായി നിലനിന്നു വന്ന ജാതികൾതമ്മിലുള്ള ബഹുതലസ്‌പർശിയായ അന്തരം അത്രവേഗം പൊലിഞ്ഞുപോകുമോ. പ്രത്യേകിച്ചും അതേ തുടർന്ന്‌ രാഷ്‌ട്രീയനേട്ടങ്ങൾ ബന്ധപ്പെട്ടവർക്ക്‌ ഉണ്ടാകാനിടയുള്ളപ്പോൾ. ഈ ചോദ്യം ഉത്തരമില്ലാതെ ഇന്നും അവശേഷിക്കുന്നു