Monday, December 02, 2019

ഇവിടെയുണ്ട്‌ അറബി പഠിപ്പിച്ച അന്തർജനം





ബനാറസ്‌ ഹിന്ദു സർവകാലാശാലയിലെ  സംസ്‌കൃതം  വിഭാഗത്തിൽ അധ്യാപകനായി ചേർന്ന ഡോ. ഫിറോസ്‌ ഖാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ക്യാന്പസിൽ ചിലർ ഹോമം നടത്തുമ്പോൾ മലപ്പുറം മേലാറ്റൂരിലെ ഒരു റിട്ടയേർഡ്‌ അധ്യാപികയുടെ മനസ്സ്‌ വിങ്ങുകയാണ്‌
 ഡോ. ഫിറോസ്‌ ഖാൻ

മലയാള സിനിമയിലെ ആദ്യ സംസ്‌കൃതഗാനം ധ്വനിയിലേതാണ്‌ജാനകീ ജാനേ എന്നു തുടങ്ങുന്ന  ഭക്തിസാന്ദ്രമായ വരികൾ എഴുതിയത്‌ ഇപ്പോൾ ചിലരൊക്കെ പറയുംപോലെഅന്യമതക്കാരനാണ്‌. യൂസഫലി കേച്ചേരി. ഗാനത്തിന്‌ ഈണം പകർന്നത്‌ നൗഷാദ്‌ അലി. പാടിയത്‌ യേശുദാസ്‌
അതേ യൂസഫലിയുടെ നാടായ കേച്ചേരിക്കടുത്ത്‌ പഴഞ്ഞിഗ്രാമത്തിലാണ് ഗോപാലിക ജനിച്ചത്‌. പത്താം ക്ലാസ്‌ പാസായശേഷം കുന്നംകുളത്തെ ട്യൂട്ടോറിയൽ  കോളേജിൽ അറബി പഠിച്ചു. പിന്നെ അറബി അധ്യാപികയായി. ചില  കേന്ദ്രങ്ങളുടെ സമ്മർദത്തിൽ ജോലി നഷ്ടമായതും പിന്നീട് കോടതി വ്യവഹാരത്തിലൂടെ തിരിച്ചുപിടിച്ചതും ഒക്കെ പഴയ കഥ.   
എൽപി സ്‌കൂളിൽ അറബി പഠിപ്പിച്ച അന്തർജനം ഇവിടെയുണ്ട്‌. മേലാറ്റൂരിലെ ചെമ്മാണിയോടിലെ പനയൂർ മനയിൽ. യുപിയിലെ ബനാറസ്‌ ഹിന്ദു സർവകലാശാലയിൽ പിഎച്ച്‌ഡിക്കാരൻ ഫിറോസ്‌ ഖാൻ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കേണ്ടതില്ലന്നുപറഞ്ഞ്‌ ചില വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം മനസ്സിനെയും വേദനിപ്പിക്കുന്നുണ്ട്‌. ‘ഫിറോസിന്റെ ഉപ്പ സംസ്‌കൃത അധ്യാപകനായിരുന്നത്രെ, എന്താണ് പ്രശ്‌നങ്ങൾക്ക്‌  പിന്നിലെന്ന്‌ മനസ്സിലാകുന്നില്ല. തമ്മിൽ സഹകരിക്കാനല്ലേ  മതങ്ങൾ പഠിപ്പിക്കുന്നത്‌. വിദ്യാഭ്യാസമുണ്ടായിട്ടും വിവേകമുണ്ടാകുന്നില്ല. അതാണ്‌ വിഷമിപ്പിക്കുന്നത്‌.’ മൂന്നു ദശാബ്ദത്തിലധികം അറബി പഠിപ്പിച്ച അധ്യാപികയ്‌ക്ക്‌  ഇന്നും ഭാഷ സ്‌നേഹംതന്നെ

കോടതി വ്യവഹാരംവരെ എത്തിയിട്ടും സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ ഭീഷണിയോ ദുരനുഭവമോ ഉണ്ടായിട്ടില്ല. സ്വസമുദായത്തിലുള്ളവരും  എതിർത്തിരുന്നില്ല. വിവാദമുണ്ടായപ്പോൾ മുസ്ലിം പണ്ഡിതരടക്കം തന്നെ പിന്തുണച്ചു. സഹ അധ്യാപകർക്കും കുട്ടികൾക്കും  വലിയ കാര്യമായിരുന്നു. ‘ഇന്നാണെങ്കിൽ എന്തു സംഭവിക്കും എന്ന്‌ ഓർക്കുമ്പോൾ ഭയമുണ്ട്‌സമൂഹം അത്രയ്‌ക്ക്‌ മാറി. പൊതു സ്ഥലങ്ങളിലൊ ബസ്‌ യാത്രയിലൊ ഒന്നും നാം പരസ്‌പരം സംസാരിക്കുന്നില്ലഎല്ലാവരും തലകുമ്പിട്ട്‌ മൊബൈൽ ഫോണിലേക്ക്‌ അവനവന്റെ സങ്കുചിത ഇടങ്ങളിലേക്ക്‌ ചുരുങ്ങിമതവും രാഷ്‌ട്രീയവും കൂട്ടിക്കുഴയ്‌ക്കുന്നതിനോടും യോജിപ്പില്ല. ഹിന്ദുമതം എല്ലാ ചിന്തകളെയും സ്വീകരിക്കുന്ന മതമാണ്‌. സ്വാതന്ത്ര്യമാണ്‌ അതിന്റെ കരുത്ത്‌. ’’ –-ടീച്ചർ പറഞ്ഞു

സ്‌ത്രീകൾ പുറത്തിറങ്ങുന്നതും ജോലിചെയ്യുന്നതും അത്ര പതിവല്ലാത്ത കാലത്താണ് ഒരു നമ്പൂതിരി പെൺകുട്ടി   അറബി ടീച്ചറാകുന്നത്‌. ചിലർ കുത്തിത്തിരുപ്പ്‌ ഉണ്ടാക്കിയെങ്കിലും രണ്ട്‌ സമുദായത്തിലെയും പണ്ഡിതരടക്കം ബഹുഭൂരിപക്ഷവും തനിക്കൊപ്പമായിരുന്നുവെന്ന്‌ ഗോപാലിക ഓർത്തുകുടുംബവും ധൈര്യം തന്നു

പഴഞ്ഞി ഭട്ടിതെക്കേടത്ത്‌ ഇല്ലത്ത്‌ നീലകണ്ഠൻ നമ്പൂതിരിയുടെയും ലീല അന്തർജനത്തിന്റെയും മകളാണ് ബി ടി എൻ ഗോപാലികഅഫ്‌സൽ ഉൽ ഉലമ അറബിക്‌ എൻട്രൻസ്‌ കോഴ്‌സിന്‌ അച്ഛൻതന്നെയാണ്‌ ചേർത്തത്‌മുസ്ലിങ്ങളും ക്രൈസ്‌തവരും ഹൈന്ദവരും ഇടപഴകി ജീവിച്ച നാടായതിനാൽ കുന്നംകുളത്ത്‌ ഒരാൾ ഒരന്യഭാഷ പഠിക്കുന്നതും പഠിപ്പിക്കുന്നതൊന്നും പ്രശ്‌നമായില്ല. മാത്രമല്ല, ഇത്തരം കാര്യങ്ങളിൽ അച്ഛനും ഉറച്ച നിലപാടുകളായിരുന്നു. 1982 പനയൂർ മനയിൽ നാരായണൻ നമ്പൂതിരിയെ വിവാഹം കഴിച്ചതോടെ ചെമ്മാണിയോടെത്തി. വർഷംതന്നെ പാണ്ടിക്കാട്‌ സിഎഎം എൽപി സ്‌കൂളിൽ അവധി ഒഴിവിൽ  അധ്യാപികയായിആറു ദിവസത്തെ അധ്യാപന ജോലിക്കിടെ ഒരു ദിവസം ഹെഡ്‌ മാസ്‌റ്റർ മാനേജരെ കണാൻ പറഞ്ഞു. ചെന്നു കണ്ടപ്പോഴാണ്‌ ചില എതിർപ്പുണ്ടെന്നും ഇനിവരേണ്ടന്നും അറിയിച്ചത്‌. അന്തർജനം അറബി പഠിപ്പിക്കണ്ടന്ന്‌  പറഞ്ഞവരുടെ വാദം എന്റെ  ഉച്ചാരണത്തിൽ പിശകുണ്ടന്നായിരുന്നു. വാസ്‌തവത്തിൽ ഞാൻ അവിടെ ഒരു ക്ലാസുപോലും പഠിപ്പിച്ചിട്ടില്ലായിരുന്നു

 ലളിതാംബിക അന്തർജനത്തിന്റെ മകൻ എൻ മോഹനൻ ആണ്‌ ഇതാദ്യം മാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത്‌സംഭവം വൻവിവാദമായി. എതിർക്കാനും അനുകൂലിക്കാനും ആളുകൾ. ഭർത്താവ്‌ ജോലിസ്ഥലത്തായതിനാൽ ആഴ്‌ചയിൽ ഒരിക്കലേ വരൂ. ഭർത്താവും അദ്ദേഹത്തിന്റെ അച്ഛൻ നീലകണ്‌ഠൻ നമ്പൂതിരിയും ശക്തമായി പിന്തുണച്ചുകാര്യങ്ങൾ അന്വേഷിക്കാൻ ഇല്ലത്തേക്ക്‌ വന്ന ഉദ്യോഗസ്ഥരോടും മറ്റും ഭർതൃപിതാവാണ്‌  കാര്യങ്ങൾ വിശദീകരിക്കുക. ഒരുവേള നിങ്ങൾക്ക്‌ ബുദ്ധിമുട്ടാണെങ്കിൽ സ്‌കൂൾ ഞാൻ വാങ്ങിക്കൊള്ളാമെന്നുവരെ അദ്ദേഹം പറഞ്ഞു. അതിനിടെ കോഴിക്കാട്ടുകാരനായ അഡ്വ. ശശിധരൻ വിവേചനത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. 1986  അനുകൂല വിധി. എന്നാൽ, അവധിക്കുപോയ  അറബി അധ്യാപകനെ തിരികെ സ്‌കൂളിൽ എത്തിച്ചിരുന്നു.

1986 ജൂണിൽ എടപ്പറ്റ ജിഎൽപിഎസിൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലൂടെ പത്തുമാസത്തേക്ക്‌ നിയമിച്ചു. 1987 പൂമുള്ളി നമ്പൂതിരിയുടെ പെരിങ്ങോട്‌ എഎൽപിഎസിൽ. അച്ഛനുമായി അടുത്ത ബന്ധമുണ്ടായിരുന്നു പൂമുള്ളി നമ്പൂതിരിക്ക്‌. 1989 പ്രത്യേക കേസായി പരിഗണിച്ച്‌ തിരുവാലി ജിഎൽപിഎസിൽ നിയമനം. സ്ഥലം മാറ്റമായി എടപ്പറ്റ ജിഎൽപിഎസിലും കുറച്ചുകാലം. 1998 ചെമ്മാണിയോട് ജിഎൽപിഎസിലെത്തി. 2016 വിരമിച്ചു. സഹകരണ ഓഡിറ്റ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ്‌ ഒന്നരവർഷംമുമ്പ്‌ മരിച്ചു. വളയപ്പുറം ജിഎൽപിഎസ്‌ അധ്യാപകനായ സനിൽ കുമാറും അനിലയും (ബംഗളൂരു) മക്കളാണ്‌. അറബി അധ്യാപനരംഗത്തെ സ്‌തുത്യർഹ സേവനത്തിന് മലപ്പുറം പാണ്ടിക്കാട് ജാമിയ നൂരിയ കോളേജ് പുരസ്‌കാരം നൽകി. യോഗക്ഷേമസഭ പാലക്കാട് ജില്ലാ കമ്മിറ്റിയും ചെമ്മാണിയോട് ഡിഎഫ്സി ക്ലബ്ബും ആദരിച്ചു. ഗോപാലികയുടെ അനുഭവം ഇതിനിടെ നാരായം എന്ന പേരിൽ സിനിമയായി. 1993 ശശിശങ്കർ സംവിധാനംചെയ്‌ത ചിത്രത്തിന്‌ സാമൂഹ്യപ്രമേയത്തിന്‌ ദേശീയ അവാർഡും ലഭിച്ചു. വിവാദകാലത്തും കുട്ടികളുടെ രക്ഷാകർത്താക്കളടക്കം ആരും എവിടെയും മാറ്റിനിർത്തിയിട്ടില്ലക്ലസ്റ്റർ പരിശീലനത്തിന്‌ പോകുമ്പോഴൊക്കെ മറ്റ്‌ അധ്യാപകർ സഹായിച്ചു. ക്ലാസ്‌ എടുക്കുന്നത്‌ കാണാൻ വന്ന എഇഒയും ഇൻസ്‌പെക്‌ഷന്‌ വന്നവരും ഒക്കെ അഭിനന്ദിച്ചു. അതൊക്കെ സിനിമയിലുമുണ്ട്‌.  



ജോബിൻസ്‌ ഐസക്‌ jobinsdbi@gmail.com
Read more: https://www.deshabhimani.com/special/news-weekendspecial-01-12-2019/837842

ജോബിൻസ്‌ ഐസക്‌ jobinsdbi@gmail.comUpdated: Sunday Dec 1, 2019
Read more: https://www.deshabhimani.com/special/news-weekendspecial-01-12-2019/837842
             


No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive