Sunday, October 13, 2019

സഹനത്തിന്റെ ഒരാൾപ്പൊക്കം; ചാരത്തിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ പൊസേന്തിയച്ചൻ എന്ന വൈദികൻ


സഹനത്തിന്റെ കാൽവരിക്കുന്നിലേക്കുള്ള നിത്യസഞ്ചാരം. ഈ ജ്ഞാനവൃദ്ധന്റെ ജീവിതത്തെ ഏറ്റവും ചുരുക്കി ഇങ്ങനെയേ വിശേഷിപ്പിക്കാനാകൂ. മറുകര കാണാത്ത വേദനയുടെ നദിയിൽ ഒറ്റയ്‌ക്ക്‌ തോണി തുഴയുകയാണ്‌ പൊസേന്തിയച്ചൻ. ശരീരം നുറുങ്ങുന്ന വേദനയും എല്ലാ വേദനയെയും അപ്രസക്തമാക്കുന്ന മരണതുല്യമായ മരവിപ്പുമെല്ലാം മൂന്നരപ്പതിറ്റാണ്ടുകൊണ്ട്‌ ശീലമായിക്കഴിഞ്ഞു. ‘മുള്ളും തീയും ചേർന്നതാണ്‌ ജീവിതം. അതു ഒരുപക്ഷേ നമ്മെ പ്രകാശിപ്പിക്കും. അല്ലെങ്കിൽ ചാരമാക്കും’ എന്ന കസാൻദ്‌സാക്കീസിന്റെ വരികൾ പൊസേന്തിയച്ചന്റെ ജീവിതത്തെക്കുറിച്ചാണെന്ന്‌ തോന്നിപ്പോകും. മുൾക്കിരീടമണിഞ്ഞും അപമാനിക്കപ്പെട്ടും കാൽവരി മലയിലേക്ക്‌ കുരിശുചുമന്ന ക്രിസ്‌തു, മുന്നിൽ ഒരു ദീപമായി ഫാദർ ഗബ്രിയേൽ പൊസേന്തിക്ക്‌ വഴികാട്ടുന്നുണ്ട്‌. മുറിവുകളിൽനിന്നും വേദനകളിൽനിന്നും ഉയിർത്ത ജീവിതമാണത്‌. മരണത്തിന്റെയും അപമാനത്തിന്റെയും ചിഹ്നമായിരുന്ന കുരിശിനെ ക്രിസ്‌തു സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടെയും ചിഹ്‌നമാക്കി മാറ്റിയപോലെ പൊസേന്തിയച്ചൻ തന്റെ വേദനകളെ അപരന്‌ പ്രചോദനസ്രോതസ്സാക്കി മാറ്റുകയാണ്‌.
വിഷാദികളും ഏകാകികളും പരാജിതരുമെല്ലാം വെറുതെയല്ല അദ്ദേഹത്തോട്‌ അതിദീർഘമായി സംസാരിക്കുന്നത്‌. സംസാരിച്ചുതീരുമ്പോൾ അവർ മടങ്ങുന്നത്‌ പുതിയൊരനുഭവത്തിലേക്കാണ്‌. ഇതിനേക്കാൾ വലിയ സഹനമൊന്നുമല്ല തങ്ങളുടേത്‌ എന്ന ആത്മഗതത്തോടെയാകും മടക്കം.


തിരുവനന്തപുരം നാലാഞ്ചിറയിലെ ബഥനി ആശ്രമത്തിലെ നേച്ചർ ക്യുയർ സെന്ററിൽ പൊസേന്തിയച്ചനെ പതിവായി കേൾക്കുന്നവരിൽ ആരുമറിയാത്തവർ തൊട്ട്‌ കേരളത്തിന്റെ വാനമ്പാടി കെ എസ്‌ ചിത്രവരെയുണ്ട്‌. എത്രപേരെയാണ്‌ പ്രസാദാത്മകമായ ജീവിതത്തിലേക്ക്‌ അച്ചൻ വഴിതിരിച്ചുവിട്ടത്‌. ഈ കിടന്ന കിടപ്പിൽ എത്രയോ നാടകങ്ങൾ സംവിധാനംചെയ്‌തു ഈ പുരോഹിതൻ. നാടകവും വായനയും എഴുത്തും സംഗീതവുമൊന്നും ഈ കിടപ്പിലും കൈവിട്ടിട്ടില്ല. വയലിനും മറ്റും വായിക്കാൻ ആഗ്രഹമുണ്ടെങ്കിലും വിരലുകൾ ചലിപ്പിക്കുന്നില്ല.
വൈദികപഠനത്തിനിടയിലും നാടകപ്രവർത്തനം
തിരുവല്ല കോട്ടൂരിലെ കുടുംബവീട്ടിൽ ഏറ്റവുമൊടുവിൽ പോയത്‌ അപകടത്തിന്‌ ഒരാണ്ട്‌ മുമ്പ്‌, 1984ൽ. അച്ഛൻ മരിച്ചപ്പോൾ. ശരീരം തകർത്ത വാഹനാപകടത്തെ തുടർന്നുള്ള ചികിത്സയിലായതിനാൽ അമ്മ മരിച്ചപ്പോൾ പോകാനായില്ല. ചെറുപ്പംമുതൽ സന്ന്യാസത്തിൽ ആകൃഷ്‌ടനായിരുന്ന അദ്ദേഹം നാടകങ്ങൾ വിടാതെ കണ്ടിരുന്നു. കേരളത്തിലും പുണെയിലും വൈദിക പഠനം. പിന്നെ മുംബൈ സെന്റ്‌ സേവ്യഴ്‌സ്‌ കോളേജിൽ മാസ്‌ കമ്യൂണിക്കേഷൻ ആൻഡ്‌ മീഡിയ കോഴ്‌സ്‌ പഠിച്ചു. ഒരു പുരോഹിതൻ മണിക്കൂറുകൾ പള്ളിയിൽ പ്രസംഗിക്കുന്നതിനേക്കാൾ ഫലപ്രദമായി കലയിലൂടെ അതേ ആശയം അവതരിപ്പിക്കാനാകുമെന്ന വിശ്വാസമാണ്‌ നാടകത്തിലേക്ക്‌ നയിച്ചത്‌. നാടകം പഠിക്കാൻ മുംബൈ നാട്യ അക്കാദമിയിൽ രണ്ടുകൊല്ലം. പുണെയിൽ വൈദിക പഠനം നടത്തുമ്പോൾ ആശ്രമത്തിൽ കെ ജി ശങ്കരപ്പിള്ളയുടെയും എൻ എൻ പിള്ളയുടെയും നാടകങ്ങൾ സംവിധാനംചെയ്‌തു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം അപ്രിസിയേഷൻ കോഴ്‌സും ചെയ്‌തിരുന്നു. നാട്ടിൽ വന്ന്‌ മൂന്നുവർഷത്തോളം യുവാക്കൾക്കിടയിൽ നാടകവും സാമൂഹ്യപ്രവർത്തനവും നടത്തുമ്പോഴായിരുന്നു അപകടം.
ആ ദുരന്തദിനം
കോഴിക്കോടുനിന്ന്‌ കെഎസ്‌ആർടിസി ബസിൽ മടങ്ങുമ്പോൾ വൈത്തിരിയിൽവച്ച്‌ മറ്റൊരു ബസ്‌ കൂട്ടിയിടിക്കുകയായിരുന്നു. 1985 മാർച്ച്‌ 30നുണ്ടായ അപകടത്തിൽ ഒമ്പത്‌ പേർ തൽക്ഷണം മരിച്ചു. അപകടം നടക്കുമ്പോൾ പൊസേന്തിയച്ചന്‌ 38 വയസ്സ്‌. ശരീരത്തിലാകെ പൊള്ളലേറ്റു. നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ 48 ദിവസം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. പിന്നീട്‌ വെല്ലൂരിൽ ആറു മാസത്തോളം ചികിത്സ. പിന്നെയുള്ള 35 കൊല്ലം കിടപ്പ്‌. ബഥനി നേച്ചർ ക്യുയർ സെന്ററിൽ 29 വർഷംമുമ്പാണ്‌ എത്തിയത്‌.
അപകടാനന്തരം
ഒരുപാട്‌ കാര്യങ്ങൾ ചെയ്യണമെന്ന്‌ കരുതി ഇറങ്ങിത്തിരിച്ചതായിരുന്നു. പക്ഷേ, അത്‌ നിർവഹിക്കാൻ കഴിഞ്ഞില്ല. അപകടം കഴിഞ്ഞ്‌ ആദ്യത്തെ രണ്ടുമാസം നല്ല വിഷമമുണ്ടായിരുന്നു. പിന്നീട്‌ ചിന്തിച്ചപ്പോൾ ആ പാട്ട്‌ ഓർമവന്നു, ‘കരഞ്ഞാലും മരിക്കും ചിരിച്ചാലും മരിക്കും’. അതുകൊണ്ട്‌ ഇനിയങ്ങോട്ട്‌ ചിരിച്ചുകൊണ്ട്‌ ജീവിക്കാമെന്ന്‌ കരുതി. നട്ടെല്ലിന്‌ പരിക്കേറ്റ്‌ മുപ്പത്തഞ്ചു കൊല്ലം ജീവിക്കുമെന്ന്‌ എന്നെ ചികിത്സിച്ച ഡോക്‌ടർക്കുപോലും ഉറപ്പുണ്ടായിരുന്നില്ല. എന്റെ അവസ്ഥയെക്കുറിച്ചോർത്ത്‌ ഞാനൊരിക്കലും വിഷമിക്കാറില്ല. കാരണം ഞാൻ താഴേക്ക്‌ നോക്കുമ്പോൾ കാണുന്നത്‌ എന്നേക്കാൾ കഷ്‌ടതയനുഭവിക്കുന്നവരെയാണ്‌. പരസഹായമില്ലാതെ ഉടുതുണി മാറാൻപോലും കഴിയാത്ത എത്രയോ പേരുണ്ട്‌. അപ്പോൾ എന്റെ ദുഃഖം എത്ര ചെറുത്‌. അവരെ ഓർത്താണ്‌ ഞാൻ വിഷമിക്കേണ്ടത്‌. അല്ലാതെ എനിക്ക്‌ നഷ്‌ടപ്പെട്ടതിനെ ഓർത്തല്ല.
വെല്ലൂരിൽ ചികിത്സിക്കാൻ വന്ന ഡോക്‌ടർ പറഞ്ഞു. ഇനി ഒരിക്കലും നടക്കാനാകില്ലെന്ന്‌. പക്ഷേ, ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ അതേ ഡോക്‌ടറുടെ മൂന്നിലൂടെ ഞാൻ നടന്നു. വെല്ലൂരിൽ ഫിസിയോതെറാപ്പി സെക്‌ഷനിലേക്ക്‌ പോകുന്നത്‌ ഒരു കയറ്റമാണ്‌. വീൽചെയർ വേഗത്തിൽ ഉരുട്ടിയാണ്‌ കയറ്റുന്നത്‌. വീൽചെയറിൽനിന്ന്‌ എന്നെ ടേബിളിൽ കിടത്തിയയുടനെ വീൽചെയർ രണ്ടായി ഒടിഞ്ഞു. ഒരു നിമിഷം തെറ്റിയിരുന്നെങ്കിൽ ദുരന്തമായേനെ. ഒരിക്കൽ കഴിക്കാൻ തന്ന ഭക്ഷണത്തിൽനിന്ന്‌ തുരുമ്പെടുത്ത സൂചി കിട്ടി.
വായനയും കലാപ്രവർത്തനവും
വായന ചെറുപ്പം മുതലേയുണ്ട്‌. ഏറ്റവും പ്രിയം ഖലീൽ ജിബ്രാനെ. എം ടി, മുകുന്ദൻ തുടങ്ങിയവരുടെ കൃതികളെല്ലാം വായിക്കും. ഒപ്പം മതഗ്രന്ഥങ്ങളും. സ്വന്തം തോന്നലുകൾ ഉൾപ്പെടുത്തി മൂന്ന്‌ പുസ്‌തകം എഴുതി. ഫീനിക്‌സ്‌ പക്ഷി, സുകൃതമീ സഹനം, മൂന്നക്ഷരം എന്നിവ. പാട്ടിനോടും താൽപ്പര്യം. പഴയ കലാഭവൻ വിദ്യാർഥി കൂടിയാണ്‌. ആബേലച്ചന്റെ കീഴിലായിരുന്നു പഠനം. സാനുമാഷ്‌, ഭരത്‌ ഗോപി തുടങ്ങിയവർ പഠിപ്പിച്ചിട്ടുണ്ട്‌. പാട്ടും വയലിനും അഭ്യസിച്ചു. പത്തുവർഷംമുമ്പ്‌ മാർ ഇവാനിയോസ്‌ കോളേജുമായി സഹകരിച്ച്‌ നാലു നാടകം സംവിധാനംചെയ്‌തു. നാട്യ അക്കാദമിയിൽ നാടകമഭ്യസിച്ചതിന്റെ ഗുണം. നാട്യ അക്കാദമിയിൽ ശങ്കരപ്പിള്ളയുടെ ഒടിഞ്ഞ കുട ഒടിയാത്ത കുട എന്ന നാടകം ചെയ്‌തപ്പോൾ ഒടിഞ്ഞ കുടയെന്ന കഥാപാത്രത്തെയാണ്‌ അഭിനയിച്ചത്‌.
നാടകത്തെ ഇപ്പോഴും ജീവനുതുല്യം സ്‌നേഹിക്കുന്നു. ഇപ്പോഴും റേഡിയോയിൽ എല്ലാ ഞായറാഴ്ചയുമുള്ള ശബ്‌ദരേഖ പരിപാടികളും ശ്രദ്ധിക്കാറുണ്ട്‌. ഇതിനുപുറമേ ഇപ്പോഴുള്ള ഒരു ആഗ്രഹം ബൈബിളിനെ അടിസ്ഥാനപ്പെടുത്തി നാടകങ്ങൾ ചിട്ടപ്പെടുത്തി അത്‌ യുട്യൂബിൽ ഇടണമെന്നതാണ്‌. പക്ഷേ, പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്തിനാൽ അതിനു പറ്റുന്നില്ല.
ചിത്രയുമായുള്ള ബന്ധം
പത്തുവർഷമായി കെ എസ്‌ ചിത്ര ആശ്രമത്തിൽ വരാറുണ്ട്‌. ചിത്രാജീ എന്നാണ്‌ ഞാൻ വിളിക്കുക. എനിക്കിഷ്‌ടമുള്ള പാട്ടുകളെപ്പറ്റി അവർ ചോദിക്കും. കൃഷ്‌ണസ്‌തുതികളാണ്‌ ചിത്രാജി പാടിയതിൽ എനിക്കേറ്റവുമിഷ്‌ടം, അത്‌ പാടിത്തരും. പാട്ടിനെക്കുറിച്ചും വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും സംസാരിക്കും. ഒരു തവണ വിഷു ആശംസ നേരാൻ വിളിച്ചപ്പോൾ വളരെ ദുഃഖിതയായി സംസാരിച്ചു. എന്തുപറ്റിയെന്ന്‌ ചോദിച്ചപ്പോൾ മകൾ മരിച്ച ദിവസമാണെന്നു പറഞ്ഞു. കൂടുതൽ സംസാരിക്കാതെ ഫോൺ വച്ചു. മകൾ മരിച്ച സമയത്ത്‌ ആശ്രമത്തിൽ വന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ഒരുപക്ഷേ ഇതൊരു നിയോഗമായിരിക്കും കൂടുതൽ കുട്ടികളെ സ്‌നേഹിക്കാനും ലാളിക്കാനും ചിത്രാജിക്ക്‌ ലഭിച്ച അവസരം. ഇന്ന്‌ എത്രയോ കുട്ടികളെ ചിത്രാജി ഏറ്റെടുത്തു വളർത്തുന്നു. അതു മഹത്തരമല്ലേ.
പൊസേന്തി അഥവാ സഹിക്കുന്നവൻ
ഇറ്റലിയിലെ വിശുദ്ധനായിരുന്നു ഗബ്രിയേൽ പൊസേന്തി. അദ്ദേഹത്തിന്റെ ജീവചരിത്രം വല്ലാതെ സ്വാധീനിച്ചു. അന്നത്തെ കാലത്ത്‌ വൈദികപട്ടം സ്വീകരിക്കുന്ന സമയത്ത്‌ പഴയ പേരിനുപകരം ഏതെങ്കിലും പുണ്യാളന്റെ പേര്‌ സ്വീകരിക്കണമായിരുന്നു. പൊസേന്തി എന്ന വാക്കിനർഥം സഹിക്കുന്നവൻ എന്നാണ്‌. 40 വർഷം മുമ്പാണ്‌ ആ പേര്‌ സ്വീകരിച്ചത്‌. അന്നിതൊന്നും ആലോചിച്ചിരുന്നില്ല. പക്ഷേ, ഇന്ന്‌ ആ പേരിന്‌ എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്‌.
അപകടമുണ്ടായിരുന്നില്ലെങ്കിൽ
അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വൈദിക ജീവിതവുമായി മുന്നോട്ടുപോയേനെ. ചിലപ്പോൾ സ്വാർഥത കടന്നുകൂടിയേനെ. ഇപ്പോൾ അതില്ലാതെ ജീവിക്കാൻ കഴിയുന്നത്‌ ഈ അപകടം കൊണ്ടാണെന്ന്‌ വിശ്വസിക്കുന്നു. ഈ അവസ്ഥയിലിരുന്ന്‌ എനിക്ക്‌ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്‌. എന്റെ ജീവിതം അവരോടു പറയുമ്പോൾ അവരുടെ സങ്കടം മാറും.
യാത്ര പറഞ്ഞിറങ്ങുമ്പോൾ അദൃശ്യമായ ഒരു ഊർജം ചുറ്റുമുള്ളതുപോലെ തോന്നി. ജീവിതം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും അതിൽനിന്ന്‌ ഫീനിക്‌സിനെപ്പോലെ ഉയിർത്തെഴുന്നേറ്റ്‌ തന്റെ സങ്കടങ്ങൾ മറന്ന്‌ മറ്റുള്ളവരെ സ്‌നേഹിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന പൊസേന്തിയച്ചൻ തന്ന ഊർജം.

Source deshabhimani

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive