Thursday, June 06, 2019

അത്ഭുതങ്ങൾ ഒളിച്ചുപാർക്കുന്ന ഗ്രന്ഥപ്പുര

Second slide


June 2nd, 2019
എത്രയോ കാലമായുള്ള ഒരു മോഹം. മോഹസാഫല്യത്തിനുള്ള സ്ഥലം കൊൽക്കത്തതന്നെ. അവിടെയാണ‌് പുസ‌്തകങ്ങളുടെ മഹാസമുദ്രം. കൊൽക്കത്തയിലെ ബാലിഗഞ്ച‌് സർക്കുലർ റോഡിൽനിന്ന‌് യാത്രപുറപ്പെടുകയാണ‌്. തനി നാടൻ ബംഗ്ല ഭാഷയല്ലാതെ മറ്റൊന്നുമറിയാത്ത യുവാവാണ‌് സാരഥി. നാഷണൽ ലൈബ്രറിയിലേക്ക‌് വണ്ടിവിടണമെന്ന‌് പറഞ്ഞൊപ്പിച്ചു.
ഹാജിറാറോഡ‌് ജങ‌്ഷൻ. പ്രസിദ്ധമായ കാളിഘട്ടിലേക്ക‌് തിരിയുന്ന ജങ‌്ഷൻ. കുറച്ചുദൂരം ചെന്നപ്പോൾ പടുകൂറ്റൻ ചുറ്റുമതിലിന‌് കാവിനിറം പൂശിയ ആലിപ്പുർ ജയിൽ! സുഭാഷ‌് ചന്ദ്രബോസ‌്, അരബിന്ദഘോഷ‌് തുടങ്ങിയ മഹാന്മാരടക്കമുള്ളവരെ തടവിലിട്ട‌് പീഡിപ്പിച്ചതിവിടെ. അപ്പുറത്ത‌് പാലത്തിന്റെ ഇരുവശങ്ങളിലും ആകർഷകമായ രീതിയിൽ വസ‌്ത്രധാരണംചെയ‌്ത സ‌്ത്രീകൾ. പതിനാല‌് വയസ്സുള്ള പെൺകുട്ടികൾ മുതൽ അറുപതുവയസ്സുള്ള വൃദ്ധകൾവരെ. ശരീര വിൽപ്പനയ‌്ക്ക‌് ഒരുങ്ങിനിൽപ്പാണവർ.
ലൈബ്രറിയുടെ മുന്നിലെത്തിയപ്പോൾ വണ്ടിയുടെ വേഗം കുറച്ച‌് ഡ്രൈവർ നോക്കി. ‘ഇതല്ലേ സ്ഥലം?’ അയാളുടെ കണ്ണിലെ ബംഗ്ലാ ചോദ്യം ഞാൻ തിരിച്ചറിഞ്ഞു. ‘വണ്ടി ഒതുക്കിവെച്ചോളൂ’ ഞാൻ ഇംഗ്ലീഷിൽ പറഞ്ഞു. മനസ്സിലായതുപോലെ അയാൾ തലയാട്ടി.
ഗേറ്റ‌്മാൻ ബാറ്റുകൊണ്ട‌് എന്റെ ശരീരമാകെ ഒന്ന‌് തഴുകി. എന്നിട്ട‌് ഒരു ഭാവഭേദവുമില്ലാതെ ഒന്നുമൂളി. മറ്റൊരാൾ എന്നെ പിന്തുടർന്നു. ‘തുമീ നാം രാജൻ’? ‘അതെ’
പിന്നെ പല ഘട്ടങ്ങൾ. പല വാതിലുകൾ... കോണിപ്പടികൾ... മുറികൾ.. ഇടനാഴികൾ... വിശാലമായ ഹാളുകൾ... വീതിയേറിയ വരാന്തകൾ. അങ്ങനെ മുപ്പതേക്കറിലോളം പരന്നുകിടക്കുന്ന ഗ്രന്ഥശേഖരത്തിന്റെ മഹാപ്രപഞ്ചം!
Image result for national library india

കൊച്ചുകോശി എന്ന മേധാവി

രണ്ടാംനിലയിലെ ഒരു മുറിക്ക‌ു മുന്നിലെത്തിയപ്പോൾ കൂടെയുള്ള ആൾ പറഞ്ഞു. ‘ഖോൽകരോ’ ഞാൻ വാതിൽ തുറന്നു. ഡോ. കെ കെ കൊച്ചുകോശി ചിരിച്ചുകൊണ്ട‌് എന്നെ സ്വാഗതം ചെയ‌്തു. നാഷണൽ ലൈബ്രറിയുടെ മേധാവി. ഇരിക്കുന്നതിനിടയിൽ ഒരു സ‌്ത്രീയെ വിളിച്ച‌് കോശി പറഞ്ഞു. ‘ദൊ ലാൽ ചായ‌്.’ എന്നെയുംകൂട്ടി നടക്കുന്നതിനിടയിൽ ഡോ. കൊച്ചുകോശി ലൈബ്രറിയുടെ ചിത്രവും ചരിത്രവും എനിക്ക‌് പകർന്നുതന്നു.
1836ൽ കൊൽക്കത്ത പബ്ലിക‌് ലൈബ്രറി സ്ഥാപിതമായതോടെയാണ‌് നാഷണൽ ലൈബ്രറിയുടെ ചരിത്രം ആരംഭിക്കുന്നത‌്. അന്ന‌് അതൊരു സർക്കാർ സ്ഥാപനമല്ല. ഒരു പ്രൊപ്രൈറ്ററി (proprietary) അടിസ്ഥാനത്തിലാണ‌ത‌് പ്രവർത്തിച്ചിരുന്നത‌്. മുന്നൂറ‌് രൂപ ഒറ്റത്തവണയായോ നൂറുരൂപവീതമുള്ള മൂന്നുതവണകളായോ പണമടയ‌്ക്കുന്നവർക്ക‌് പ്രൊപ്രൈറ്റർ സ്ഥാനം. ദരിദ്രവിദ്യാർഥികൾക്ക‌് നിശ‌്ചിത കാലയളവിലേക്ക‌് ഫീസ‌ില്ലാതെ ലൈബ്രറി ഉപയോഗിക്കാമായിരുന്നു.
പിന്നീട‌് ഗവർണർ ജനറൽ മെറ്റ‌്കാഫ‌് ഫോർട്ട‌് വില്യം കോളേജിൽനിന്ന‌് പുസ‌്തകങ്ങളുടെ ബൃഹദ‌്ശേഖരം പബ്ലിക‌് ലൈബ്രറിയിലേക്ക‌് മാറ്റി. പബ്ലിക‌് ലൈബ്രറിയുടെ ആദ്യ ഡയറക്ടർ ദ്വാരകാനാഥ‌് ടാഗോർ. ഇന്ത്യനും വിദേശീയവുമായ പുസ‌്തകങ്ങൾ ഇദ്ദേഹത്തിന്റെ ശ്രമഫലമായി വിലകൊടുത്ത‌് വാങ്ങി. ഗുജറാത്തി, മറാഠി, പാലി, പഞ്ചാബി, സിംഹള ഭാഷകളിലുള്ള പുസ‌്തകങ്ങൾ ശേഖരിച്ചാണ‌് തുടക്കം. സംഭാവനയായും അല്ലാതെയും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത്രയും നന്നായും വൃത്തിയായും നടത്തിപ്പോന്ന ഒരു ലൈബ്രറി യൂറോപ്പിൽപോലുമില്ല.

Image result for national library india

ഇംപീരിയൽ ലൈബ്രറി

1891ൽ ആണ‌് ഇംപീരിയൽ ലൈബ്രറി സ്ഥാപിതമായത‌്. വിവിധ സെക്രട്ടറിയറ്റ‌് ലൈബ്രറികളെ ഏകോപിപ്പിച്ചാണ‌് ഇംപീരിയൽ ലൈബ്രറി സ്ഥാപിച്ചത‌്. ഈ ലൈബ്രറി സർക്കാർ സർവീസിലുള്ള മേലുദ്യോഗസ്ഥന്മാർക്കു മാത്രമായി നിയന്ത്രിക്കപ്പെട്ടിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഗവർണർ ജനറലായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദേശപ്രകാരം പൊതുജനങ്ങൾക്കായി പബ്ലിക് ലൈബ്രറി കൊൽക്കത്തയിൽ സ്ഥാപിതമായി. ഇതിനായി അദ്ദേഹം കൊൽക്കത്ത പബ്ലിക് ലൈബ്രറിയും ഇംപീരിയൽ ലൈബ്രറിയും ഒന്നിച്ച് ചേർത്തു. 1903 ജനുവരി 30ന് ഇംപീരിയൽ ലൈബ്രറി എന്ന പേരിൽ തന്നെ, കൊൽക്കത്തയിലെ മെറ്റ്കാഫ് ഹാളിൽ, പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മെറ്റ്കാഫ് ഹാൾ മുൻകാലങ്ങളിൽ ഗവർണർ ജനറൽമാർ താമസിച്ചിരുന്ന വീടാണ്. വെല്ലിങ്ടൺ, കോൺവാലീസ്, വാറൻ ഹോസ്റ്റിങ്സ് തുടങ്ങിയവരെല്ലാം താമസിച്ചതിവിടെ. ‘‘ഇത് ഒരു റഫറൻസ് ലൈബ്രറിയാണ്. ഇത് വിദ്യാർഥികൾക്ക് ഉപയോഗിക്കാനുള്ളതും ഭാവി ചരിത്രകാരന്മാർക്ക് ചരിത്രപഠനത്തിന് ഉപയോഗപ്പെടുത്താനുള്ളതുമാണ്’’ എന്ന് ഗസറ്റ‌് ഓഫ് ഇന്ത്യയിൽ രേഖപ്പെടുത്തുകയും ചെയ്തു. ലണ്ടനിലെ ബ്രീട്ടിഷ് മ്യൂസിയത്തിലെ അസിസ്റ്റന്റ‌് ലൈബ്രേറിയനായിരുന്ന ജോൺ മാക്ഫർലേൻ ഇംപീരിയൽ ലൈബ്രറിയുടെ ആദ്യ ലൈബ്രേറിയനായി. അദ്ദേഹത്തിന്റെ മരണശേഷം ബഹുഭാഷാപണ്ഡിതനായിരുന്ന ഹരിനാഥ് ഡേയും പിന്നെ ജെ എ ചാപ്മാനും. ചാപ‌്മാന്റെ കാലം ലൈബ്രറി വളർന്നു.
ലൈബ്രറിയുടെ ഉൾവശം

അശുതോഷ‌് മുഖർജി എന്ന ബംഗാൾ പുലി

‘ബംഗാൾ ബാഘ്’ (The tiger of Bengal) എന്ന് അറിയപ്പെട്ടിരുന്ന അശുതോഷ് മുഖർജി 1910ൽ ഇംപീരിയൽ ലൈബ്രറിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നു. വിദ്യാഭ്യാസ വിചക്ഷണൻ, ഗണിതശാസ‌്ത്രജ‌്ഞൻ, എഴത്തുകാരൻ, സാംസ‌്കാരിക പ്രവർത്തകൻ, കൊൽക്കത്ത ഹൈക്കോടതിയിലെ ന്യായാധിപൻ, ഇരുപത്തിയാറിലേറെ ഭാഷകൾ അറിയുന്ന ജ‌്ഞാനി. മുഖർജിക്ക‌് വിശേഷണങ്ങൾ ഏറെ. പ്രസിഡന്റായതോടെ നിയമപുസ‌്‌തകങ്ങളടക്കം 87000 പുസ‌്തകങ്ങൾ അദ്ദേഹം ലൈബ്രറിക്ക് സംഭാവന ചെയ്‌തു. സ്വന്തം പുസ്തകങ്ങൾ പുറത്താരും കൊണ്ടുപോകാതിരിക്കാൻ വേണ്ടിയായിരുന്നു ഇത‌്. മുഖർജിയുടെ പുസ‌്തകങ്ങൾ ഇന്നും ലൈബ്രറിക്ക‌് പുറത്ത് പോകില്ല.
എൻസൈക്ലോപീഡിയയും സർവവേദങ്ങളും നിഘണ്ടുക്കളും അമൂല്യവും അപൂർവവുമായ സാഹിത്യഗ്രന്ഥങ്ങളും മുഖർജി നൽകിയ ശേഖരത്തിലുണ്ട്. ചില ഗ്രന്ഥങ്ങൾക്ക‌് പത്തുകിലോഗ്രാം വരെ ഭാരം. ഗുട്ടൻ ബർഗിന്റെ ഒരു പുസ‌്തകം അലമാരയിൽ നിന്ന് എടുക്കാൻ രണ്ടാൾ സഹായം വേണം. അത്രയ‌്ക്കും വലിപ്പവും ഭാരവും. അക്കാലത്ത‌് വിദേശീയ എഴുത്തുകാരും പ്രസാധകരും പുസ‌്തകം പ്രസിദ്ധീകരിച്ചാലുടൻ ഒരു കോപ്പി മുഖർജിക്ക് അയച്ചുകൊടുത്തിരുന്നത്രെ. മുഖർജിയുടെ ഗ്രന്ഥങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക മുറി തന്നെയുണ്ട്. അവയുടെ ഫോട്ടോ എടുക്കാൻ പോലും അനുവാദമില്ല. ഭവാനിപുർ സിറ്റിയിലെ അശുതോഷ് മുഖർജി റോഡിന്റെ ഓരത്തുള്ള മുഖർജിയുടെ മൂന്നുനിലവീടും മ്യൂസിയമാണിന്ന‌്. അതിനകത്തുമുണ്ട്, പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം.


വെല്ലം എന്ന അത്ഭുതം

നാഷണൽ ലൈബ്രറിയിലെ അഷുതോഷ് മുഖർജി ഗ്രന്ഥ ശേഖരത്തിനിടയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു അപൂർവ വസ്തുവാണ് വെല്ലം. പശുവിന്റെ ഗർഭസ്ഥ ശിശുവിന്റെ തൊലികൊണ്ടുണ്ടാക്കിയ ഒരു തരം കടലാസാണിത്. ചില്ലുകൂടുകളുടെ സുരക്ഷിത‌ത്വത്തിലുള്ള ഇതിൽ ബംഗാളി ഭാഷയിൽ എന്തോ എഴുതിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക‌ുശേഷമാണ‌് ഇംപീരിയൽ ലൈബ്രറി നാഷണൽ ലൈബ്രറി ആയത‌്. 1953ൽ ഫെബ്രുവരി ഒന്നിന് മൗലാനാ അബ്ദുൾ കലാം ആസാദ‌് നാഷണൽ ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ‌്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉറുദു എന്നിവയിലേയും പാലിയും പ്രാകൃതും അടക്കമുള്ള പ്രാചീന ഭാഷകളിലെയും ഗ്രന്ഥങ്ങൾ ഇവിടെയുണ്ട‌്. എല്ലാ ഭാഷകളിലുമുള്ള ദിനപത്രങ്ങളും വാരികകളും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ചൈനീസ്, ജാപ്പനീസ്, ടിബറ്റൻ, കൊറിയൻ, തായ്, നേപ്പാളി, ജർമൻ, ഡച്ച്, നോർവീജിയൻ, സ്വീഡിഷ്, ഫ്രഞ്ച്, റൊമാനിയൻ, ഇറ്റാലിയൻ, സ്പാനിഷ്, റഷ്യൻ ഹീബ്രു, അംഹാരിക‌്, പേർഷ്യൻ, അറബ് എന്നീ ഭാഷകളിലുള്ള പുസ‌്തകങ്ങളും ഈ പുസ‌്‌തകസാഗരത്തിലുണ്ട‌്.

മലയാളവിഭാഗത്തിൽ പുസ‌്തകങ്ങൾ അരലക്ഷത്തിലേറെ

നാഷണൽ ലൈബ്രറിയിലെ മലയാളവിഭാഗം 1963ൽ ആണ് തുടങ്ങിയത്. അന്ന് അയ്യായിരം പുസ്തകങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് അമ്പതിനായിരത്തിലധികം. ചില അപൂർവഗ്രന്ഥങ്ങൾ പ്രത്യേകമായിത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. 1781ൽ പ്രസീദ്ധീകരിച്ച ‘സെന്റം അഡാഗിയ മലബാറിക്ക’യാണ് അവയിലൊന്ന്. മലയാളത്തിലെ ആദ്യ പഴഞ്ചൊല്ല് സമാഹാരമായ ഇതിൽ നൂറിലേറെ മലയാളം പഴഞ്ചൊല്ലുകളും ലാറ്റിൻ പരിഭാഷയുമാണുള്ളത്. സമ്പാദകൻ പൗളിനോ ബാർത്തലോമിയോ (പൗളിനോസ് പാതിരി). 1799ൽ പ്രസിദ്ധീകരിച്ച, റോബർട്ട് ഡ്രമൻസിന്റെ Grammar of the Malayalam Language, 1872ൽ പ്രസിദ്ധീകരിച്ച ഡോ. ഗുണ്ടർട്ടിന്റെ മലയാളം, ഇംഗ്ലീഷ് ഡിക‌്ഷണറി, പാറമേക്കാവിൽ റോമാക്കത്തനാരുടെ ‘വർത്തമാനപുസ്തകം’, കുന്ദലത, ഇന്ദുലേഖ, നിരണം കൃതികൾ, കൃഷ്ണഗാഥ, വടക്കൻപാട്ടുകൾ, അധ്യാത്മരാമായണം, രാമപുരത്ത് വാര്യരുടെ കുചേല വൃത്തം, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ എന്നിവ മറ്റുചിലത‌്.
സെൻട്രൽ റഫറൻസ് ലൈബ്രറിക്ക് പതിനാല് ഭാഷാ വിഭാഗങ്ങളും ഇൻഡക്‌സ‌് ഇന്റ്യാനാ യൂണിറ്റുമുണ്ട്. ഇരുപത്തിയാറ് ലക്ഷം പുസ്തകങ്ങളാണ് മൊത്തം. 4700 മോണോഗ്രാഫുകൾ, 3200 കൈയെഴുത്ത് പ്രതികൾ 1500 മൈക്രോഫിലിംസ്, 8600 മാപ്പുകൾ, ആയിരക്കണക്കിൽ താളിയോലകൾ എന്നിവ ലൈബ്രറിയെ സമ്പന്നമാക്കുന്നു. 45 കിലോമീറ്ററിൽ പരന്നുകിടക്കുന്നു അലമാരകൾ. വായനയ്ക്കായി പ്രത്യേകമായി ഒരുക്കിയ ഭാഷാഭവൻ 550 വിദ്യാർഥികൾക്ക് ഒരേസമയം ഉപയോഗിക്കാം.
Image result for national library kolkata inside

ബുക്ക‌് ക്ലിനിക്‌

ലൈബ്രറിയിലെ ഒരു അപൂർവതയാണ‌് ബുക്ക‌് ക്ലിനിക്ക‌്. പുസ‌്തകങ്ങൾക്കും ക്ഷതമേൽക്കാനും രോഗം വരാനും നാശം വരാനും സാധ്യതയുണ്ട‌്. മനുഷ്യനെയും മൃഗത്തെയും സസ്യത്തെയും ചികിത്സിച്ച് പുനരുജ്ജീവിപ്പിക്കുന്നതുപോലെ നാശം വന്ന കടലാസിനെയും പുനരുജ്ജീവിപ്പിക്കാം എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ബുക്ക് ക്ലിനിക്ക്. മരുന്നുകളും ചികിത്സയ്ക്കാവശ്യമായ മറ്റ് വസ്തുക്കളും ഉപകരണങ്ങളും ബുക്ക് ക്ലിനിക്കിലുണ്ട്. വർഷങ്ങൾ പഴക്കമുള്ളതും മൂല്യവത്തായതുമായ ഗ്രന്ഥങ്ങളെ ചികിത്സിച്ച് രക്ഷിക്കും ഈ ക്ലിനിക്ക്. കടലാസിൽ അമ്ലാംശം കൂടുതലായതാണ് ഗ്രന്ഥനാശത്തിന് കാരണം. സൂക്ഷ‌്മാണുക്കളുടെ ആക്രമണം നിമിത്തവുമാകാം. കടലാസിന്റെ അമ്ലാംശം മാറ്റിയെടുക്കുകയാണ് ഒരു ചികിത്സാ രീതി. ഇതിന് ദ്രവരൂപത്തിലുള്ള നൈട്രജൻ പോലുള്ള രാസപദാർഥങ്ങൾ ഉപയോഗിക്കുന്നു. കീടാണുക്കളെ ഇല്ലാതാക്കാനും മരുന്നുണ്ട‌്.
15–-16 ഡിഗ്രി താപനിലയിൽ പുസ്തകങ്ങളെ അണുവിമുക്തമാക്കാനുള്ള ‘ഫ്രീസ് ഡ്രയർ’ എന്ന ഉപകരണം കടലാസിനെ പരമാവധി തണുപ്പിക്കുകയും ഉടൻ തന്നെ ഉണക്കിയെടുക്കുകയം ചെയ്യുന്നു. പിന്നീടത് ലാമിനേറ്റ് ചെയ്യും. താളിയോലകൾക്ക‌് ഇതേ ചികിത്സ. ലാമിനേഷൻ അമ്പത് വർഷത്തിലേറെ നിലനിൽക്കും. കേടുവന്ന പേജുകൾ ‘കോക്കൂണി’നകത്ത് വയ്ക്കുന്ന രീതിയുമുണ്ട്. ഈ ആശുപത്രിയിൽ ജീവനക്കാർക്ക് നമ്മുടെ സാധാരണ ആശുപത്രിയിലെതെന്നതുപോലെ എന്നും തിരക്കാണ്. രോഗികളായ പുസ്തകങ്ങളും താളിയോലകളും സദാ ചികിത്സ തേടിവന്നു കൊണ്ടേയിരിക്കും.

Third slide

പീഡനമുറിയോ നിധിപ്പുരയോ

കൊൽക്കത്ത നാഷണൽ ലൈബ്രറിയെ സംബന്ധിച്ച‌് ചില അത്ഭുതകഥകൾ അവിടുത്തെ ജനങ്ങൾക്കിടയിലുണ്ട്. ലൈബ്രറിയുടെ ഉടമസ്ഥാവകാശം ഇന്ത്യൻ സാംസ്കാരിക വകുപ്പിനാണ‌്. 2010ൽ അറ്റകുറ്റപണികൾക്കും വാസ്തുശിൽപ്പ ഗവേഷണങ്ങൾക്കുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ‌്ഐ)യുടെ സഹായം തേടി. ഗവേഷണങ്ങൾക്കിടയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മുറി കണ്ടെത്തി. ഭൂനിരപ്പിലുള്ള നിലയിലെ ഈ മുറിക്ക് വാതിലുകളോ മാർഗങ്ങളോ കണ്ടെത്താനായില്ല. ഒന്നുകിൽ പീഡനമുറി ആകാം. അല്ലെങ്കിൽ നിധി സൂക്ഷിക്കാനുപയോഗിച്ചതാവാം. ഈ മുറിയുടെ ചുമരിൽ ഒരു സുഷിരം ഉണ്ടാക്കാൻ എഎസ‌്ഐ തീരുമാനിച്ചു. അവർക്ക് തോന്നിയത് ഈ മുറി വാസ്തുശിൽപ്പപരമായ അത്ഭുതം മാത്രമാണെന്നാണ്. ഇതുവരെ രഹസ്യം ആർക്കും മനസ്സിലായിട്ടില്ല. മുറി ഇന്നും അതേ സ്ഥിതിയിൽത്തന്നെ.
പണ്ടത്തെ ഗവർണറുടെ ഭാര്യയുടെ കാലൊച്ച അർധരാത്രിയിൽ ഇപ്പോഴും കേൾക്കാമെന്ന് ചില കാവൽക്കാർ പറയുന്നു. ഇതുമാത്രമല്ല, ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കിടെ പന്ത്രണ്ടോളം തൊഴിലാളികൾ കാരണമൊന്നും കൂടാതെ മരിച്ചെന്നും ഗവേഷണ വിദ്യാർഥികൾ പുസ്തകങ്ങൾ പരതുന്നതിനിടയിൽ പെട്ടെന്ന് മരിച്ചുപോയെന്നും ഏതോ കറുത്ത നിഴലുകൾ കൺമുന്നിലൂടെ നടന്ന് മറയുന്നത് കാണാറുണ്ടെന്നും കാവൽക്കാർ. അവർക്ക‌് ഇന്നും ഭയമാണ്. ഒരു വിദ്യാർഥി അവന്റെ ഗവേഷണം തീരുന്നതിന് മുമ്പ് മരിച്ചെന്നും അവൻ പലപ്പോഴായി ഗവേഷണം പൂർത്തീകരിക്കാനായി ഇവിടെ വരാറുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.

source : kutt.it/yGL7wT
https://kutt.it/yGL7wThttps://kutt.it/yGL7wThttps://kutt.it/yGL7wT

No comments:

s e a r c h

Custom Search

JustACounter

The Hindu - Breaking News

BBC News | News Front Page | World Edition

Blog Archive