Saturday, September 21, 2024

*വേലായുധൻ പണിക്കശേരി ; എഴുതിയും
 വായിച്ചുമൊരു ജീവിതം*

 




പഠനത്തിനും എഴുത്തിനും വേണ്ടിയുള്ള തപസ്സിന്റെയും,  നിഷ്‌ഠയുടേയും പേരാണ്‌  വേലായുധൻ പണിക്കശേരി.   വി ടി ഭട്ടതിരിപ്പാടിന്റെയും ജോസഫ് മുണ്ടശ്ശേരിയുടെയും  തകഴിയുടെയും എസ് കെ പൊറ്റെക്കാടിന്റെയും അക്കിത്തത്തിന്റെയും സുഹൃത്തായിരുന്ന അദ്ദേഹത്തെ  നാട്ടുകാരറിയുന്നത്‌ ലൈബ്രറി വേലായുധേട്ടനായാണ്‌. 


പണമില്ലാത്തതിനാൽ *പഠിക്കാൻ കഴിയാതെപോയ വേലായുധന്റെ  ആദ്യകാല രചനകളായ  ‘കേരളം 600 കൊല്ലം മുമ്പ്‌,  ‘കേരളം 15 ഉം 16 ഉം നൂറ്റാണ്ടിൽ’ എന്നിവ   കോളേജ്‌ അധ്യാപകർക്ക്‌  റഫറൻസ് ഗ്രന്ഥങ്ങളായിരുന്നു.*


ചേറ്റുവ മണപ്പുറത്തെ പടയോട്ടകഥകളും നാട്ടുപുരാണങ്ങളും കുടുംബപുരാണങ്ങളും അയൽക്കാരനായ  ജ്ഞാനവൃദ്ധൻ പറഞ്ഞുകൊടുക്കുമായിരുന്നു. ആ സ്വാധീനം കേസരി ബാലകൃഷ്ണപിള്ളയിലേയ്ക്കും പിന്നീട്  പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയിലേയ്ക്കും കെ പി പത്മനാഭ മേനോനിലേയ്ക്കും തിരിഞ്ഞു.  മലബാറിലെ മുസ്ലീം നാവികർ നടത്തിയ സമരമാണ് ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്ന് വസ്തുനിഷ്ഠമായി തെളിവുകളോടെ രേഖപ്പെടുത്തിയ ചരിത്രകാരനായിരുന്നു പണിക്കശേരി.  കേരളം സന്ദർശിച്ച 52 പ്രമുഖ വിദേശ സഞ്ചാരിക ളുടെ വിവരങ്ങൾ അടങ്ങിയ *സഞ്ചാരികൾ കണ്ട കേരളം* എന്ന ഗ്രന്ഥരചനയ്‌ക്കായി  വർഷങ്ങളുടെ അലച്ചിലും അന്വേഷണവും നടത്തിയിട്ടുണ്ട്.


പണിക്കശേരി ആദ്യമെഴുതിയത്‌ തൂലികാചിത്രമാണ്. ‘പൂനാമലയാളി’ വിശേഷാൽ പ്രതിയിൽ തകഴി ശിവശങ്കര പിള്ളയുടെ തൂലികാചിത്രമാണ് ആദ്യമായി അച്ചടിച്ചുവന്നത്.  ജനയുഗത്തിൽ അദ്ദേഹം രണ്ടു പുതിയ പംക്തികൾ ആരംഭിച്ചു. ജീവിച്ചിരിക്കുന്ന പ്രമുഖ സാഹിത്യകാരൻമാരെ പരിചയപ്പെടുത്തുന്ന  ‘തൂലികാചിത്രം’, മൺമറഞ്ഞവരെ പരിചയപ്പെടുത്തുന്ന ‘പോയ തലമുറ’ .  വേലുക്കുട്ടിമാസ്റ്റർ പണിക്കശേരിക്ക്‌ ഗുരു തുല്യനായിരുന്നു. വി എസ് കേരളീയൻ പിതൃതുല്യനും. വായിച്ചും എഴുതിയും  അവസാനനാളുകളിലും അദ്ദേഹം പ്രസന്നനായിരുന്നു.


'കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍' എന്ന കൃതി പ്രത്യേകം പരാമര്‍ശിക്കേണ്ട ഒന്നാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ 1498-ലാണ് വാസ്‌കോഡഗാമ ഇവിടെ വരുന്നത്. 1580കള്‍ വരെയുള്ള പോര്‍ച്ചുഗീസ് കാലഘട്ടത്തിലെ ക്രൂരതകളും പോര്‍ച്ചുഗീസുകാരോടുള്ള പോരാട്ടവും രാഷ്ട്രീയചതികളും അനാവരണം ചെയ്യുന്ന കൃതിയാണ് ഷേക്ക് സൈനുദ്ദീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍. തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വേലായുധന്‍ പണിക്കശ്ശേരിയാണ്. അതിനുമുമ്പ് അറബിമലയാളത്തില്‍ 1930-ല്‍ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അത്ര പ്രചാരം ലഭിച്ചിരുന്നില്ല. പണിക്കശ്ശേരിയുടെ വിവര്‍ത്തനം വന്നതിനുശേഷമാണ് വാസ്തവത്തില്‍ പ്രൊഫഷണല്‍ ചരിത്രകാര്‍ തുഹ്ഫത്തുല്‍ മുജാഹിദ്ദീനെപ്പറ്റി അക്കാദമികമായിട്ടുള്ള വലിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നത്. 'കേരളോത്പത്തി'ക്ക് ഒന്നിലധികം ഭാഷ്യങ്ങളുണ്ട്. ആ പാഠഭേദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്റെ 'കേരളോത്പത്തി' എഴുതിയിട്ടുള്ളത്. സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. അയ്യങ്കാളി മുതല്‍ വി.ടി ഭട്ടതിരിപ്പാട് വരെയുള്ള മതസാമൂഹിക പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ അമരത്തുണ്ടായിരുന്ന ചരിത്രവ്യക്തിത്വങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. പഴഞ്ചൊല്ലുകളും കടംകഥകളും ബാലസാഹിത്യങ്ങളും ചരിത്രത്തോടൊപ്പം അദ്ദേഹത്തിന് ഇഷ്ടവിഷയങ്ങളായി.


അക്കാദമിക ചരിത്രത്തിന്റെ പരിമിതി എന്നത് അത് ഒരു ചെറിയ വൃത്തത്തില്‍ മാത്രം വായിക്കപ്പെടുന്നു എന്നുള്ളതാണ്. അതേസമയം ജനകീയചരിത്രം (അക്കാദമിക ചരിത്രത്തിന്റെ ചിട്ടവട്ടങ്ങള്‍ പലപ്പോഴും പാലിക്കാത്ത ചരിത്രരചനകള്‍) ജനങ്ങളില്‍ പൊതുവില്‍ ഒരു ചരിത്രാവബോധം നല്‍കുന്നതില്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. അക്കാദമിക സൂക്ഷ്മത തന്നാലാവും വിധം കൈവിടാതെ ജനകീയ ചരിത്രം എഴുതിയ ഒരു എഴുത്തുകാരന്‍ കൂടിയാണ് വേലായുധന്‍ പണിക്കശ്ശേരി.

No comments:

Post a Comment