Monday, November 01, 2021

*ക്രോസ്സ് ബെൽറ്റ് മണിയും പട്ടാളം ജാനകിയും വളർത്തമ്മയും*

 


സ്വന്തം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഏക സംവിധായകനാണ് ക്രോസ് ബെല്‍റ്റ് മണി.

അദ്ദേഹത്തിന്റെ സഹായി, സഹസംവിധായകൻ എന്നൊക്കെ ആയിത്തുടങ്ങിയാളാണ് ജോഷി. 

കൊച്ചിയിലും ബോൾഗാട്ടിയിലും പരിസരപ്രദേശങ്ങളിലും വെച്ച് പിടിച്ചപടമാണ് പട്ടാളം ജാനകി.  അതിൽ ജോഷി സഹായിയും.


ഒന്നിലധികം അമ്മമാരുടെ സ്നേഹപരിലാളനം കിട്ടുന്നവർ കുറവാണ്.  വീട്ടിലെ സാഹചര്യങ്ങൾ അതിനുള്ള വഴിയൊരുക്കി തന്നു.  വളർത്തമ്മയായി കിട്ടിയത് അമ്മയുടെ ചേച്ചിയെ, പേര് ജാനകിയമ്മാൾ.  അസാധാരണമായ ഇച്ഛാശക്തിയും, കാര്യപ്രാപ്തിയും, അതിലുപരി നിയന്ത്രണപാഠവും.  അയൽക്കാരായ വലിയനായർ തറവാടിൽ ചില വാടകക്കാർ  - ഒരു തമിഴൻ, ഒരു കണക്കുപിള്ളയുടെ ആഫീസ്, പിന്നെ ഒരു ചിത്രംവര കമ്പനിയും.  അന്നൊക്കെ പരസ്യ ചിത്രങ്ങളും, സിനിമ പോസ്റ്ററും ഭിത്തിയിലും ഉയരത്തിൽ കെട്ടിപ്പൊക്കിയ വലിയദീർഘചതുരത്തിലുള്ള പട്ടികപലകകളിലും ചായംകൂട്ടി ദിവസങ്ങളോളമെടുത്ത്‌ ചിത്രകാരന്മാർ കൈകൊണ്ടു വരക്കണമായിരിന്നു.  അയൽവാസിയായ സേവിയർ അതിൽ കേമൻ തന്നെ.  കൈയൊഴുക്കും നിറങ്ങൾ ചാലിച്ചെടുക്കുന്നതിലെ അനായാസമായ വഴക്കവും നോക്കി, അത്ഭുതപ്പെട്ട് മണിക്കൂറുകളോളും, അമ്മയുടെ ചീത്തവിളി മുഴങ്ങി കേൾക്കുന്നവരെ, കേട്ടുപഴകിയ മയന്റെ സൃഷ്ടികേമത്തങ്ങൾ ഇങ്ങനെയാണോ എന്നൂഹിച്ചു നിന്നുംഇരുന്നും പോയിട്ടുണ്ട്.


കൊച്ചി, എറണാകുളം പ്രദേശത്തെ പട്ടാളം ജാനകിയുടെ പരസ്യപണി സേവ്യറുടെ കമ്പനിക്ക് തന്നെക്കിട്ടി.  ആ ബന്ധത്തിൽ എറണാകുളത്തുനിന്ന് ബോൾഗാട്ടി ദ്വീപിലേക്ക്‌ സേവ്യറുടെയും ജേഷ്ഠസഹോദരന്റേയും കൂടെ യാത്ര തിരിച്ചു.  ഏറെക്കുറെ പൊരിവെയിലത്തു ഒരുദിവസം മുഴുവൻ ബോൾഗാട്ടി പാലസ് പുൽത്തകിടിയിൽ.  അന്നാണ് സിനിമയുടെ മായാലോകത്തെ ഇന്ദ്രജാലങ്ങൾ ആദ്യമായി നേരിട്ട് കണ്ടത്.  നന്നേ മുഷിയുകയും ചെയ്തു.  ഒരേ രംഗം തന്നെ വീണ്ടും വീണ്ടും, പിന്നെയും പിന്നെയും അഭിനയിക്കുകയും ഫിലിമിൽ പകർത്തുകയും ചെയ്യുന്നത് മഹാബോറു തന്നെ. ഉണ്ണിമേരിയും വിജയലളിതയും അരിചാക്കിൽ കപ്പകുത്തി നിറച്ചപോലെ തോന്നിപ്പിക്കുന്ന വേഷത്തിൽ.  ഉണ്ണിമേരി ഞങ്ങളുടെ അയൽവാസിയാണ്, മിക്കവാറും അവർ അമ്മയോടൊപ്പം പള്ളിയിൽപോകുന്നത് കാണാറുണ്ട് - എന്നാൽ ആ ഉണ്ണിയായ മേരിയെ അല്ലെ അവിടെ കണ്ടത്.  വളർത്തമ്മയുടെ കർശനരീതികൾക്ക് അന്നുമുതൽ ഒരു വിളിപ്പേരും കിട്ടി !


ജയൻ, സുധീർ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  സിനിമ തീയേറ്ററിൽ കണ്ടപ്പോൾ കൂടുതൽ ബോറായിരിന്നു.  എങ്കിലും അതിലഭിനയിച്ചവർ പിൽക്കാലങ്ങളിൽ മലയാള സിനിമവേദിയിൽ വെള്ളിനക്ഷത്രങ്ങളായി വിലസിയപ്പോൾ, പ്രായവും സിനിമാലോക വിവരങ്ങളുമൊക്കെ വന്നുചേർന്നപ്പോൾ, ആ രംഗത്തെ പണിയെടുത്തു ജീവിതത്തിൽ അന്നവും അപ്പവും കണ്ടത്തുന്നവരുടെ കാര്യങ്ങൾ വലിയ ചോദ്യങ്ങൾ ഉയർത്തി.  ഈപറഞ്ഞ സിനിമയിലെ പട്ടാള സങ്കല്പവും വളർത്തമ്മയുടെ പട്ടാളച്ചിട്ടയും മോരും മുതിരയും പോലെ ഒരുബന്ധവുമില്ല എന്നെടുത്തു പറയേണ്ടതില്ലല്ലോ !



No comments:

Post a Comment