Saturday, January 09, 2021

*പുസ്തകപരിചയം*

 

*പുസ്തകപരിചയം*


ഇത് നല്ലൊരു തുടക്കമാവട്ടെ ! 

പുസ്തകപരിചയം തുടങ്ങുന്നത് ഒരു അപുസ്തകവുമായിട്ടാണ് എന്നത് ക്ഷമിക്കുമല്ലോ ? ശതാബ്ധി ആഘോഷിച്ചുകഴിഞ്ഞ, പദങ്ങളുടെ വേരുകളും ചരിത്രവും പറയുന്ന, പ്രാഥമിക രചന എന്നർത്ഥത്തിൽ ഈ പുസ്തകം തെരെഞ്ഞെടുത്തു എന്നേയുള്ളു.

പുസ്തകം കിട്ടിയ വള്ളത്തോൾ ഇങ്ങനെ എഴുതി "ഏകനായി തന്നെ സമുദ്രം പിന്നിട്ടതിനാൽ കേരളീയരുടെയല്ലാം പൂർണ്ണബഹുമാനത്തിനും ശാശ്വതാഭിനന്ദനത്തിനും പാത്രീഭവിച്ചിരിക്കുന്നു".  അത് ഇന്നും തുടരുന്നു !  ശ്രീകണ്ടേശ്വരം ജീ. പദമനാഭപിള്ള എന്ന നാമവും പ്രവർത്തിഫലവും എന്നും നിലനില്കും.  "ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ കണക്കാക്കാം."


1895 ൽ ആണ് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിർമ്മാണത്തിനായി വായന തുടങ്ങിയത്. 1897ൽ എഴുത്ത് തുടങ്ങി, 1917-ൽ ‘ശബ്ദതാരാവലി’യുടെ കൈയെഴുത്ത് പ്രതി പൂർത്തിയായി. പക്ഷെ ഉള്ളടക്കത്തിന്റെ ബാഹുല്യം കാരണം അത്ര വലിയൊരു പുസ്തകം അച്ചടിക്കാൻ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാൽ ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടർച്ചയായി പ്രസിദ്ധപ്പെടുത്താൻ ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ള തീരുമാനിച്ചു. ചാലകംബോളത്തിലെ പുസ്തകവ്യാപാരിയായ ജെ.കേപ്പയുമായി ചേർന്ന് 1917 നവംബർ 13 ന് പദ്മനാഭപിള്ള ‘ശബ്ദതാരാവലി’യുടെ ആദ്യലക്കം മാസികാരൂപത്തിൽ പുറത്തിറക്കി. തുടർന്നുള്ള വർഷങ്ങളിൽ അത്ര ക്രമമല്ലാതെ ഓരോരോ ലക്കങ്ങളായി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് പുറത്ത് വന്നു കൊണ്ടിരുന്നു. ഒന്നാം പതിപ്പിന്റെ ഈ തരത്തിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂർത്തിയാവാൻ ഏതാണ്ട് 5 വർഷം എടുത്തു.  രണ്ടാം പതിപ്പിനു 2 വാല്യങ്ങൾ ആണുള്ളത്. ഓരോ വാല്യത്തിലും ആയിരത്തിലധികം താളുകൾ. അങ്ങനെ 2 വാല്യത്തിലും കൂടെ ഏകദേശം 2250 താളുകൾ. ഒന്നാം വാല്യം കൊല്ലവർഷം 1103 നും (1927/28), രണ്ടാം വാല്യം കൊല്ലവർഷം 1106നും (1930/1931) ആണു് പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഒന്നാം വാല്യത്തിന്റെ മുഖവരയിലെ തീയതി 1106 തുലാം 13 - അത് 29 ഒക്ടോബർ 1930 ആണ്. അതിനാൽ ഒന്നാം വാല്യത്തിന്റെ അച്ചടി 1927ൽ ആരംഭിച്ചിരിക്കാമെങ്കിലും രണ്ട് വാല്യവും കൂടെ ഏകദേശം 1930ൽ ആവാം റിലീസ് ചെയ്തത്.

പദങ്ങൾ, മറ്റുപലതും പോലെതന്നെ, കല്ലിൽകൊത്തിയ കല്പനകൾ അല്ല.  അവ മനുഷ്യനിർമിതിയുടെയും ഉപയോഗത്തിന്റെയും ഉപകരണങ്ങൾ തന്നെ.  ലിപികളും ഇത് നേരിടുന്നു.  നിരന്തരം മാറ്റവും, അർത്ഥവ്യത്യാസ-വിന്യാസ പാതയിൽ സചേതനമായി വളരുന്നു.  പലവാക്കുകളും പലതായി, പലരായി, മാറിക്കൊണ്ടേയിരിക്കുന്നു.  കഴിഞ്ഞ യോഗത്തിൽ വന്ന "ഗീർവാണം" തന്നെ ഉദാഹരണം.  അങ്ങനെ തന്നെ, "ഗിരിപ്രഭാഷണം", "മിടുക്കൻ", "സാധു", "തന്റേടി" എന്നിവയും.

ആയതിനാൽ ശബ്ദതാരാവലി ഒരു അടിസ്ഥാനപുസ്തകമായി കാണാമെങ്കിലും, ഒരിക്കലും അത് അവസാനവാക്കോ ചോദ്യംചെയ്യപ്പെടാത്തതോ ആവരുത്.  

കൂടുതൽ എഴുതി ഈസുന്ദരസൃഷ്ടിയെ കളങ്കപ്പെടുത്തുന്നില്ല; താഴെയുള്ള കണ്ണികളിൽ നിന്ന് കൂടുതൽ അറിയാം:-

https://ml.wikipedia.org/wiki/ശബ്ദതാരാവലി

https://shijualex.in/stv-edition2-vol1/

https://shijualex.in/stv-edition2-vol2/

വീപീഈ ഇതിന്റെ ഓൺലൈൻ പതിപ്പ് തേടിയിരുന്നു ?! എല്ലാവർക്കും വേണ്ടി തന്നെ ! അത് ഇവിടെ കിട്ടും :-

http://stv.sayahna.org/#%E0%B4%A1%E0%B5%97%E0%B5%BA%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D%20%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF%E0%B4%95%E0%B5%BE

ഇനി ഈ പരിചപ്പെടുത്തലിലെ കുറവുകളും കുഴപ്പങ്ങളൂം : സാരമാക്കണ്ട, ദൃഷ്ടിപരിഹാരക്രിയ ആയി കണക്കാക്കിയാൽ മതി.  ഇനിയങ്ങോട്ടുള്ള അംഗങ്ങളുടെ പരിചയക്കല്ലുകളാൽ തേജസ്സ് നിർമിക്കുന്ന പുസ്‌തപരിചയരമ്യഹർമത്തിന്റെ ചാരുത നിലനിർത്താനുള്ള എളിയശ്രമം.





No comments:

Post a Comment