Tuesday, June 30, 2020

കണ്ണെന്തിന്‌ പൊന്നേ ; പരിമിതിയുടെ ഇരുട്ടിനെ ആത്മധൈര്യത്തിന്റെ വെളിച്ചത്താലകറ്റി ഹാറൂൺ കരീം



മലപ്പുറം
പരിമിതിയുടെ ഇരുട്ടിനെ ആത്മധൈര്യത്തിന്റെ വെളിച്ചത്താലകറ്റി ഹാറൂൺ കരീം. സംസ്ഥാനത്ത് ആദ്യമായി സ്‌ക്രൈബിന്റെ സഹായമില്ലാതെ കംപ്യൂട്ടർ ഉപയോഗിച്ച്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ മങ്കട ഗവ. ഹൈസ്‌കൂളിലെ ഈ കാഴ്‌ചവൈകല്യമുള്ള വിദ്യാർഥി നേടിയത്‌ മുഴുവൻ എ പ്ലസ്‌.
ഇത്തരം വിദ്യാർഥികൾ സഹായിയെ ഉപയോഗിച്ചാണ്‌ പരീക്ഷയെഴുതാറുള്ളത്‌. സ്വന്തമായി പരീക്ഷ എഴുതണമെന്ന ഹാറൂണിന്റെ ആവശ്യത്തെ തുടർന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രത്യേക ഉത്തരവിറക്കി.  നിരീക്ഷകൻ വായിച്ചുനൽകിയ ചോദ്യങ്ങൾക്ക്‌ പരീക്ഷാഹാളിൽ ഒരുക്കിയ കംപ്യൂട്ടറിൽ ഉത്തരങ്ങൾ ടൈപ്പ്‌ ചെയ്തു. ഈസി റീഡർ, ഇൻഫിനിറ്റി എഡിറ്റർ, മൈക്രോസോഫ്‌റ്റ്‌ വേഡ്‌ എന്നീ സോഫ്‌റ്റ്‌വെയറുകളാണ്‌‌ ഉപയോഗിച്ചത്‌.  ഉത്തരങ്ങൾ ടൈപ്പ്‌ ചെയ്തശേഷം‌ വിദ്യാഭ്യാസ വകുപ്പിൽനിന്ന്‌ നൽകുന്ന ഉത്തരക്കടലാസിൽ പ്രിന്റെടുത്തു. എട്ടാം ക്ലാസുമുതൽ കംപ്യൂട്ടർ ഉപയോഗിച്ചാണ്‌ ടി കെ ഹാറൂൺ കരീം പരീക്ഷ എഴുതുന്നത്‌‌. എഴുത്തും വായനയും പഠനവുമെല്ലാം പൂർണമായും കംപ്യൂട്ടറിൽത്തന്നെ.
‘‘പ്ലസ്‌ വൺ‌ കംപ്യൂട്ടർ സയൻസിന്‌ ചേർന്ന്‌ അമേരിക്കയിലെ സ്‌റ്റാൻഫഡ്‌ സർവകലാശാലയിൽനിന്ന്‌ സോഫ്‌റ്റ്‌വെയർ എൻജിനിയറിങ്ങിൽ ബിരുദമെടുക്കാനാണ്‌ ആഗ്രഹം. ‌അടുത്തവർഷങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ഇത്തരത്തിൽ പരീക്ഷയെഴുതാൻ മുന്നോട്ടുവരണം ''‐ ഹാറൂൺ പറഞ്ഞു. മേലാറ്റൂർ തൊടുകുഴി കുന്നുമ്മൽ അബ്ദുൾകരീം–-സബീറ ദമ്പതികളുടെ ഇളയമകനാണ്‌.

No comments:

Post a Comment